എഡിറ്റോറിയൽ

എഡിറ്റോറിയൽ


തീരദേശ ജനസമൂഹം തങ്ങള്‍ക്ക് പൈതൃകാവകാശമുള്ള തീരഭൂമിയിലെ അധിവാസകേന്ദ്രങ്ങളില്‍ പാരിസ്ഥിതിക അഭയാര്‍ഥികളായി ഒരു ഓണക്കാലം കൂടി കൊടിയ ദുരിതത്തില്‍ കഴിച്ചുകൂട്ടുകയാണ്. തങ്ങളുടെ ജീവിതസ്വപ്‌നങ്ങളും ആവാസവ്യവസ്ഥയും, പാര്‍പ്പിടങ്ങളും ജീവനോപാധികളും, തനതു സ്വത്വവും സാമൂഹിക-സാംസ്‌കാരിക പാരമ്പര്യത്തിന്റെ അടയാളങ്ങളുമെല്ലാം കടലെടുത്തുപോകുന്നതിന്റെ തീരാവ്യഥയില്‍ അവര്‍ ഇടനെഞ്ചുപൊട്ടി ആര്‍ത്തുനിലവിളിക്കുന്നു: ‘ഞങ്ങള്‍ക്കു ശ്വാസംമുട്ടുന്നു!’ വര്‍ണവിവേചനത്തിനും സാമൂഹിക അനീതിക്കുമെതിരെ അമേരിക്കയിലെ കറുത്തവര്‍ഗക്കാരില്‍ നിന്നു തുടങ്ങി ലോകമെങ്ങും സാമ്പത്തിക ശക്തികളുടെയും അധികാരിവര്‍ഗത്തിന്റെയും ചൂഷണത്തിന് ഇരകളായ, അടിച്ചമര്‍ത്തപ്പെട്ട, പാര്‍ശ്വവല്‍കരിക്കപ്പെട്ട മനുഷ്യരുടെ രോദനം ഇവിടെയും മാറ്റൊലിക്കൊള്ളുന്നു. പതിറ്റാണ്ടുകളായി പശ്ചിമ കൊച്ചിയിലെ ചെല്ലാനം തീരപ്രദേശത്തെ ജനങ്ങള്‍ അനുഭവിച്ചുവരുന്ന കടലേറ്റ കെടുതികള്‍ ഇക്കുറി കൊറോണവൈറസ് മഹാമാരിയുടെ രൗദ്രഭാവം കൂടിയായപ്പോള്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉപരോധത്തില്‍ ദുരന്തപാരമ്യത്തിലെത്തുമ്പോഴാണ് കേരളത്തിലെ ലത്തീന്‍ സഭയുടെ കൊച്ചി, ആലപ്പുഴ രൂപതകള്‍ ഫോര്‍ട്ടുകൊച്ചി-ചെല്ലാനം തീരസംരക്ഷണത്തിനായുള്ള ജനകീയ മുന്നേറ്റത്തിന്, സംഘടിത പ്രതിരോധ നടപടികളും പ്രത്യക്ഷ പ്രക്ഷോഭ പരിപാടികളും ഏകോപിപ്പിക്കുന്നതിന്, ഒന്നുചേര്‍ന്ന് ചെല്ലാനം മറുവക്കാട് ഒരു സംയുക്ത കേന്ദ്രകാര്യാലയം തുറക്കുന്നത്.  
ഗ്രാമപഞ്ചായത്തിലെ രണ്ടു വാര്‍ഡുകളില്‍ മാത്രം കൊറോണബാധ സ്ഥിരീകരിച്ചപ്പോള്‍ മേഖല ഒന്നടങ്കം അടച്ചുപൂട്ടിയതിനാല്‍ ഭരണസംവിധാനത്തിന്റെ വീഴ്ചകളാലും ഉപേക്ഷയാലും അക്ഷന്തവ്യമായ കൈക്കുറ്റപ്പാടുകളാലും തീരദേശവാസികള്‍ സഹിക്കേണ്ടിവരുന്ന യാതനകളുടെ ഹൃദയഭേദകമായ നേര്‍ക്കാഴ്ചകള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ പോലും ഇടംപിടിക്കാത്ത സാഹചര്യത്തില്‍, കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലും കോസ്റ്റല്‍ ഏരിയ ഡെവലപ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) ചേര്‍ന്നു സംഘടിപ്പിച്ച വെബിനാറില്‍ ചെല്ലാനം-ഫോര്‍ട്ടുകൊച്ചി തീരസംരക്ഷണത്തിനായി അവതരിപ്പിച്ച ജനകീയ രേഖ ഈ തീരപ്രകൃതിയുടെ സവിശേഷതകളിലൂന്നുന്ന നാട്ടറിവിന്റെയും ശാസ്ത്രീയ വിശകലനത്തിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ കര്‍മപദ്ധതി എന്ന നിലയില്‍ അടിയന്തര പ്രാധാന്യമര്‍ഹിക്കുന്നു.
ഏതാണ്ട് 593 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള മലയാളക്കരയില്‍ 1890ല്‍ ആരംഭിച്ച തീരസംരക്ഷണ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ചരിത്രം ഇന്ന് 263 കിലോമീറ്റര്‍ (45 ശതമാനം) പ്രദേശത്തെ തീരശോഷണത്തിന്റെയും 5.30 കിലോമീറ്റര്‍ അതിതീവ്രശോഷണത്തിന്റെയും വസ്തുതകളില്‍ അലതല്ലുമ്പോള്‍ ഫോര്‍ട്ടുകൊച്ചി മുതല്‍ തെക്കേ ചെല്ലാനം വരെയുള്ള 17 കിലോമീറ്റര്‍ തീരത്ത് തകര്‍ന്നടിഞ്ഞ നമ്പര്‍ സ്റ്റോണ്‍ കടല്‍ഭിത്തികളുടെ പേരില്‍ മുക്കിയ ലക്ഷങ്ങളുടെ പാഴ്കണക്കുകള്‍ പോരാഞ്ഞ് ഏറ്റവുമൊടുവില്‍ കടലില്‍ കലക്കിയ എട്ടു കോടിയുടെ ജിയോട്യൂബ് മണല്‍വാര്‍ച്ചയുമുണ്ട്.
ഓഖി ചുഴലികൊടുങ്കാറ്റില്‍ നിന്നു തുടങ്ങി മൂന്നു വര്‍ഷമായി തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിലെ കടല്‍ക്ഷോഭമെന്നോ കാലവര്‍ഷേതരക്കാലത്തെ കള്ളക്കടലെന്നോ അതിവര്‍ഷമെന്നോ വ്യത്യാസമില്ലാതെ ചെല്ലാനം തീരത്തെ അന്‍പതിനായിരം മനുഷ്യര്‍ കടല്‍കയറ്റത്തിന്റെ വര്‍ധിത രൂക്ഷതയ്ക്കു മുന്‍പില്‍ പകച്ചുനില്പാണ്. ജീവനും സ്വത്തിനും കിടപ്പാടത്തിനുമായുള്ള മൗലികാവകാശത്തിനും സുസ്ഥിര ഉപജീവനമെന്ന സാമൂഹിക അവകാശത്തിനും വേണ്ടിയുള്ള അവരുടെ പോരാട്ടം ഒരു നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുന്നു.  
പഞ്ചായത്തിന്റെ കണക്കില്‍ ചെല്ലാനത്ത് 1.07 കിലോമീറ്റര്‍ വീതിയില്‍ തീരം നഷ്ടപ്പെട്ടുകഴിഞ്ഞു. ഇവിടെ ഉണ്ടായിരുന്ന 17.9 കിലോമീറ്റര്‍ കടല്‍ഭിത്തി 12 ഇടങ്ങളില്‍ തകര്‍ന്നുപോയി. തീരക്കടലിന്റെ ആഴം വര്‍ധിച്ചതോടെ ഉയരമേറിയ വന്‍തിരകള്‍ അടിച്ച് കടല്‍ഭിത്തിയെ മറികടന്ന് കടല്‍വെള്ളം വീടുകളിലെത്തുന്നു. കാലവര്‍ഷം കനക്കുമ്പോള്‍ മണല്‍ച്ചാക്കുകള്‍ നിരത്തി കടല്‍കയറ്റം തടയാന്‍ വിഫലശ്രമം നടത്തുന്നതിനു പകരം അടിയന്തരമായി നിലവിലുള്ള കടല്‍ഭിത്തിയുടെ അറ്റകുറ്റപണി തീര്‍ക്കണം. തെക്കേ ചെല്ലാനം മുതല്‍ കണ്ടക്കടവ് സെന്റ് റീത്താസ് വരെയുള്ള 10.5 കിലോമീറ്റര്‍ നീളമുള്ള വിജയന്‍ കനാലും തോടുകളും ചാലുകളും പൊഴിയും അടക്കമുള്ള ജലനിര്‍ഗമനമാര്‍ഗങ്ങള്‍ പലയിടത്തും ചളിയടിഞ്ഞും നികത്തപ്പെട്ടും പോയതിനാല്‍ കടല്‍വെള്ളവും മലവെള്ളവും മഴവെള്ളവും കയറിയാല്‍ ഒലിച്ചുപോകാന്‍ വഴിയില്ല. കനാലുകളും തോടുകളും ആഴം കൂട്ടി ചിറകെട്ടി സംരക്ഷിക്കണം.
തീരത്തിന്റെ സ്വാഭാവിക സംരക്ഷണം മണല്‍ത്തീരത്തിന്റെ സുസ്ഥിര പരിപോഷണമാണ്. തീരക്കടലില്‍ കൃത്രിമ പാരുകളും, തീരമണല്‍ വിന്യാസത്തെ സ്വാധീനിക്കുന്ന ചെറുതും വലുതുമായ പുലിമുട്ടുകളുടെ വ്യൂഹവും (ഗ്രോയിന്‍ ഫീല്‍ഡ്) കടലോര മണല്‍ക്കൂനകളും ജൈവവേലികളുമൊക്കെ മണല്‍തീരം പുഷ്ടിപ്പെടുത്താന്‍ ഉപകരിക്കും. വല്ലാര്‍പാടത്തെ ദുബായ് പോര്‍ട്ട് കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിനും പുതുവൈപ്പിലെ മള്‍ട്ടി യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍, പെട്രോനെറ്റ് എല്‍എന്‍ജി, ഐഒസി എല്‍പിജി ടെര്‍മിനലുകള്‍ക്കുമായി കടലില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും കൊച്ചി കപ്പല്‍ച്ചാലിന്റെ ആഴം 17 മീറ്റര്‍ വരെ വര്‍ധിപ്പിച്ചതുമൊക്കെ ചെല്ലാനം തീരശോഷണത്തിന് ആക്കം കൂട്ടിയ ഘടകങ്ങളാണ്. കൊച്ചിന്‍ പോര്‍ട്ട് കപ്പല്‍ച്ചാലില്‍ മെയിന്റനന്‍സ് ഡ്രെജിംഗില്‍ ഒരു വര്‍ഷം 21 ദശലക്ഷം ഘനമീറ്റര്‍ എക്കല്‍ നീക്കം ചെയ്ത് അത് തീരത്തു നിന്ന് 20 കിലോമീറ്റര്‍ പടിഞ്ഞാറ് പുറംകടലില്‍ തള്ളുകയാണ് പതിവ്. ഈ സ്ലഡ്ജ് ചെല്ലാനം തീരപരിപോഷണത്തിനായി മണല്‍ മറികടത്തല്‍ (സാന്‍ഡ് ബൈപാസിങ്) രീതിയില്‍ പമ്പുചെയ്യണമെന്നാണ് ജനകീയ രേഖയില്‍ നിര്‍ദേശിക്കുന്നത്. പതിനേഴു കിലോമീറ്റര്‍ നീളത്തില്‍ 50 മീറ്റര്‍ വീതിയില്‍ അഞ്ചു മീറ്റര്‍ ഘനത്തില്‍ തീരം പുനഃസൃഷ്ടിക്കാന്‍ 42,50,000 ഘനമീറ്റര്‍ മണല്‍ മതി. 212 ഏക്കര്‍ തീരം ഇങ്ങനെ വീണ്ടെടുക്കാനാകും.
സാഗര്‍മാല പദ്ധതിയുടെ ഭാഗമായ കൊച്ചിന്‍ പോര്‍ട്ടിന്റെ ഔട്ടര്‍ ഹാര്‍ബര്‍ പ്രോജക്റ്റില്‍ തെക്കും വടക്കുമായി നിര്‍ദേശിക്കുന്ന 6,625 മീറ്ററും 4,250 മീറ്ററും നീളമുള്ള നെടുങ്കന്‍ ബ്രേക്ക് വാട്ടര്‍ കടലിലേക്കു നീട്ടിപ്പണിയുകയും അതില്‍ നിന്ന് ചെല്ലാനത്ത് 600 ഏക്കറും വൈപ്പിനില്‍ 2,650 ഏക്കറും കര ഉടലെടുക്കുകയും ചെയ്താലുള്ള സ്ഥിതി മറ്റൊന്നാണ്.  
പതിനേഴു കിലോമീറ്റര്‍ പരിധിയില്‍ 136 ചെറിയ പുലിമുട്ടുകളും 34 വലിയ പുലിമുട്ടുകളും ഉള്‍പ്പെടുന്ന ഗ്രോയിന്‍ ഫീല്‍ഡ് ആണ് ജനകീയ രേഖയിലെ മറ്റൊരു സുപ്രധാന നിര്‍ദേശം. ഇതിന് മൊത്തം ചെലവ് 408 കോടി രൂപയാകും. പുലിമുട്ടുകളുടെ കള്ളികളില്‍ മണല്‍ വന്നു നിറയുന്നത് തീരപരിപോഷണത്തിന് സഹായകമാണ്. തിരകളുടെ ശക്തി വിഘടിപ്പിക്കാനും പുലിമുട്ടുകള്‍ക്കാകും. സംസ്ഥാനത്ത് കോസ്റ്റല്‍ എന്‍ജിനിയറിംഗ് വിഭാഗമില്ലാത്തതിനാല്‍ തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ പോലുള്ള പ്രത്യേക സംവിധാനം രൂപപ്പെടുത്തണമെന്നും ‘കടല്‍’ രേഖയില്‍ നിര്‍ദേശിക്കുന്നു.
തീരഭൂമിയുടെ നേരവകാശികള്‍ക്ക് വീടുവയ്ക്കാനും ഉപജീവനത്തിനുമുള്ള സ്ഥലം ചുരുങ്ങിവരികയും ടൂറിസം, റിയല്‍ എസ്റ്റേറ്റ്, വ്യവസായം, ധാതുമണല്‍ ഖനനം, സാഗര്‍മാലയിലെ ഹാര്‍ബറുകള്‍ തുടങ്ങി വന്‍ കൊര്‍പറേറ്റുകള്‍ തീരദേശങ്ങളില്‍ വ്യാപകമായ കടന്നാക്രമണം നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍, 10 ലക്ഷം രൂപ നല്‍കി കടലോരത്ത് 50 മീറ്റര്‍ പരിധിയില്‍ നിന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ പദ്ധതി ചെല്ലാനത്ത് എന്തായാലും പ്രായോഗികമല്ല. പത്തു ലക്ഷത്തിന് രണ്ടു സെന്റ് ഭൂമി പോലും ഈ നഗരപ്രാന്തത്തില്‍ കിട്ടുകയില്ല. തൊഴിലിടത്തു നിന്ന് ഏറെ അകലെയല്ലാതെ സുരക്ഷിതമായ അധിവാസ മേഖലയില്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള പാര്‍പ്പിട സമുച്ചയങ്ങള്‍ പണിതീര്‍ത്തിട്ടുമതി കുടിയിറക്കിനെക്കുറിച്ച് ആലോചിക്കാന്‍.
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയില്‍ ചെല്ലാനം തീരസംരക്ഷണത്തിനുള്ള വിഹിതം കണ്ടെത്തണം. കൊച്ചിന്‍ പോര്‍ട്ടും കൊച്ചിയിലെ ദക്ഷിണ നാവികസേനാ കമാന്‍ഡും മാത്രമല്ല കേന്ദ്ര ഗവണ്‍മെന്റും പശ്ചിമ കൊച്ചി തീരസംരക്ഷണത്തിന്റെ സാമ്പത്തിക ബാധ്യതയില്‍ പങ്കുവഹിക്കേണ്ടതാണ്. കടലോരം രാജ്യത്തിന്റെ അതിര്‍ത്തിയാണ്. അതു സംരക്ഷിക്കേണ്ട ബാധ്യതയില്‍ നിന്ന് കേന്ദ്ര ഗവണ്‍മെന്റിന് ഒഴിഞ്ഞുമാറാനാവില്ല.


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*