Breaking News

എതിര്‍ശബ്ദങ്ങളെ ചോരയില്‍ മുക്കുമ്പോള്‍

എതിര്‍ശബ്ദങ്ങളെ ചോരയില്‍ മുക്കുമ്പോള്‍

പ്രത്യയശാസ്ത്രപരമായ ഭിന്നാഭിപ്രായങ്ങളെ മൃഗീയശക്തികൊണ്ട് അടിച്ചൊതുക്കുന്ന കിരാതവാഴ്ചയുടെ ഭയാനക ദൃശ്യങ്ങളാണ് ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഞായറാഴ്ച സന്ധ്യയ്ക്ക് അരങ്ങേറിയത്. മുഖംമൂടിയണിഞ്ഞ വലിയൊരു അക്രമിസംഘം ഇരുമ്പുദണ്ഡുകളും കൂടങ്ങളും ഹോക്കിസ്റ്റിക്കും മറ്റുമായെത്തി ക്യാമ്പസിലെ അധ്യാപക സംഘടനയുടെ യോഗം കല്ലെറിഞ്ഞു കലക്കി, ചില ഫാക്കല്‍റ്റി അംഗങ്ങളെയും വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായ യുവതിയെയും മറ്റുനേതാക്കളെയും വളഞ്ഞിട്ട് തലതല്ലിപ്പൊളിക്കുകയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകളിലും ഡോര്‍മിറ്ററിയിലും കയറി കണ്ണില്‍കണ്ടതെല്ലാം തകര്‍ക്കുകയും ചില വിദ്യാര്‍ഥികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും മൂന്നു മണിക്കൂറോളം കൊലവിളി നടത്തി അഴിഞ്ഞാടുകയും ചെയ്തത് കേന്ദ്ര മാനവശേഷി മന്ത്രാലയത്തില്‍ പിടിപാടുള്ള യൂണിവേഴ്‌സിറ്റി അധികാരികളുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസിന്റെയും ഒത്താശയോടെയാണെന്നത് നമ്മുടെ ജനാധിപത്യ സമൂഹത്തിന് അപമാനകരമാണ്.
ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുന്ന പൗരത്വനിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് സമാധാനപരമായി പ്രകടനം നടത്തിയ യുവാക്കള്‍ ഒരു പ്രത്യേക ന്യൂനപക്ഷ സമുദായത്തിന്റെ പ്രതിനിധികളെന്ന നിലയില്‍ രാജ്യദ്രോഹികളായ കലാപകാരികളാണെന്നു വരുത്തിതീര്‍ക്കാനും ഭൂരിപക്ഷ വര്‍ഗീയവാദികളുടെ വിദ്വേഷം കത്തിജ്വലിപ്പിക്കാനും പാകത്തില്‍ ക്യാമ്പസിനുള്ളില്‍ കയറി നേരിട്ട് അതിക്രമങ്ങള്‍ നടത്തിയ ഡല്‍ഹി പൊലീസ് ഇക്കുറി സാമൂഹിക മാധ്യമങ്ങളിലൂടെ ദേശീയവാദി പരിവേഷമുള്ളവര്‍ ആസൂത്രണം ചെയ്ത വിശദമായ ഭീകരാക്രമണ പദ്ധതിയും റൂട്ട്മാപ്പുമൊക്കെയായി സംഘടിച്ചെത്തിയവര്‍ക്ക് ജെഎന്‍യു ക്യാമ്പസിനകത്തും പുറത്തും ആവശ്യമായ പരിരക്ഷ നല്‍കുകയാണുണ്ടായത്. തലസ്ഥാനനഗരിയില്‍ ഇടതുചായ്‌വുള്ള പുരോഗമന പ്രസ്ഥാനങ്ങളോട് അഭിമുഖ്യമുള്ളവരുടെ താവളം എന്നു ചിത്രീകരിക്കപ്പെടുന്ന ജെഎന്‍യുവിലെ വിദ്യാര്‍ഥികളെയും ഒരു വിഭാഗം അധ്യാപകരെയും നഗര നക്‌സലുകളും മാവോയിസ്റ്റുകളുമെന്നാക്ഷേപിച്ചുകൊണ്ട് മുദ്രാവാക്യം വിളിച്ച ഒരുപറ്റം തീവ്രവലതുപക്ഷക്കാരോടൊപ്പം പ്രധാന കവാടത്തില്‍ നിലയുറപ്പിച്ച പൊലീസ് ക്യാമ്പസിനുള്ളില്‍ നിന്നുയര്‍ന്ന കൂട്ടനിലവിളിയൊന്നും കേട്ടില്ല. ഗുരുതരമായി പരിക്കേറ്റവരെ പരിചരിക്കാന്‍ ആംബുലന്‍സുമായെത്തിയ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തെ പോലും അവര്‍ തടഞ്ഞു. യൂണിവേഴ്‌സിറ്റിക്കു മുന്‍പിലെ ബാബ രംഗനാഥ് മാര്‍ഗില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയും അരുണ അസിഫ് അലി മാര്‍ഗ്, ബാബ ഗംഗ് നാഥ് മാര്‍ഗ്, നെല്‍സണ്‍ മണ്ടേല റോഡ് എന്നിവയില്‍ പ്രതിബന്ധം തീര്‍ത്തുമായിരുന്നു ആക്രമണം. അക്രമികള്‍ക്ക് കടന്നുവരാനും തിരിച്ചുപോകാനും പാതയൊരുക്കി, മാധ്യമങ്ങളെയും രാഷ്ട്രീയ നേതാക്കളെയും പൊതുപ്രവര്‍ത്തകരെയും തടഞ്ഞുവച്ച് അതിക്രമം തീരുവോളം പൊലീസ് കാവല്‍ നിന്നു. എല്ലാം കഴിഞ്ഞായിരുന്നു അവരുടെ ഫഌഗ് മാര്‍ച്ച്.
അതിശൈത്യത്തില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോഴും ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തെരുവില്‍ ആളിപ്പടരുന്ന ജനരോഷം ഭരണകൂട ഭീകരതയിലൂടെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യുവജനങ്ങള്‍ ശക്തമായി ചെറുത്തുതോല്പിക്കുന്ന കാഴ്ച പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. സാമൂഹിക നീതി, മതനിരപേക്ഷത, ദേശീയോദ്ഗ്രഥനം, ജനാധിപത്യ രീതിയിലുള്ള ജീവിതം, സാര്‍വദേശീയ ധാരണ, സമൂഹം നേരിടുന്ന പ്രശ്‌നങ്ങളോട് ശാസ്ത്രീയമായ സമീപനം എന്നിവയ്ക്കുവേണ്ടി നിലകൊള്ളും എന്ന് 1966ലെ പ്രതിഷ്ഠാപന നിയമനിര്‍മാണത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള, രാഷ്ട്രപതി വിസിറ്ററായ ജെഎന്‍യുവിലാകട്ടെ ഏതാനും വര്‍ഷമായി സ്വതന്ത്രചിന്തയും സാമൂഹികബോധവും ജനാധിപത്യമൂല്യങ്ങളും വച്ചുപുലര്‍ത്തുന്നവരെ രാഷ്ട്രത്തിന്റെ ശത്രുക്കളായി ചിത്രീകരിക്കാന്‍ ഹിന്ദുത്വദേശീയതയുടെ പ്രബലശക്തികള്‍ സര്‍വതന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്. ജവാഹര്‍ലാല്‍ നെഹ്‌റു എന്ന പേരുതന്നെ അവരെ അസ്വസ്ഥരാക്കുന്നു. മൂന്നു കൊല്ലം മുന്‍പ് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെയും രണ്ടു കൂട്ടാളികളെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റുചെയ്തിരുന്നു. ആ കേസില്‍ ഇതേവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ക്യാമ്പസിലെ ജനാധിപത്യവേദികള്‍ ഒന്നൊന്നായി നിര്‍ജീവമാക്കാനാണ് യൂണിവേഴ്‌സിറ്റി അധികാരികളുടെ നീക്കം.
മലയാളികള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷണ വിദ്യാര്‍ഥികളും മറ്റും പഠിക്കുന്ന ജെഎന്‍യുവിലെ ഹോസ്റ്റല്‍ ഫീസുകള്‍ ഒറ്റയടിക്ക് ഏകപക്ഷീയമായി കൂട്ടിയതിനെതിരെ 70 ദിവത്തിലേറെയായി വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലാണ്. 2017-18 വര്‍ഷത്തെ യൂണിവേഴ്‌സിറ്റി റിപ്പോര്‍ട്ടുപ്രകാരം അക്കൊല്ലം പ്രവേശനം നേടിയവരില്‍ 40 ശതമാനം വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളുടെ മാസവരുമാനം 12,000 രൂപയില്‍ താഴെയാണ്. പുതുക്കിയ ഹോസ്റ്റല്‍ മാനുവല്‍ പ്രകാരം മാസം 7,000 രൂപ ഹോസ്റ്റല്‍ ചെലവു വരും. സമരം ചെയ്യുന്ന വിദ്യാര്‍ഥികളുമായി ചര്‍ച്ച ചെയ്യാന്‍ മാനവശേഷി മന്ത്രാലയം പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചതിനെ തുടര്‍ന്ന് വര്‍ധിപ്പിച്ച നിരക്കുകളില്‍ ഭാഗികമായ ഇളവു പ്രഖ്യാപിക്കുകയുണ്ടായി. അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടാകാത്ത സാഹചര്യത്തില്‍ സമരം തുടര്‍ന്നുവന്ന വിദ്യാര്‍ഥികള്‍ ശൈത്യകാല സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ തടസപ്പെടുത്തി എന്നാരോപിച്ച് ആര്‍എസ്എസിന്റെ വിദ്യാര്‍ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് രംഗത്തിറങ്ങിയതോടെ ഏതാനും ദിവസമായി ക്യാമ്പസില്‍ സംഘര്‍ഷം മൂര്‍ഛിച്ചിരുന്നു. യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷനുള്ള കമ്യൂണിക്കേഷന്‍ സര്‍വറുകള്‍ സമരക്കാര്‍ തകരാറിലാക്കിയെന്ന് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ നൂറുവാര പരിധിയില്‍ പ്രകടനം നടത്തരുതെന്ന 2017ലെ കോടതി ഉത്തരവു ലംഘിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്ത കക്ഷിയാണ് ഈ വിസി. തത്സമയ വീഡിയോ ദൃശ്യങ്ങളിലൂടെ ലോകം മുഴുവന്‍ കണ്ട ഞായറാഴ്ചത്തെ അക്രമസംഭവങ്ങളെ രണ്ടു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മിലുള്ള കശപിശയായാണ് യൂണിവേഴ്‌സിറ്റി അധികാരികള്‍ ചിത്രീകരിച്ചത്.
ജെഎന്‍യുവിലെ മുന്‍ വിദ്യാര്‍ഥികളായ ചില കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്യാമ്പസിലെ അതിക്രമങ്ങളെ അപലപിച്ചപ്പോഴും മോദി ഗവണ്‍മെന്റ് പഴിക്കുന്നത് കോണ്‍ഗ്രസിനെയും ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയെയുമാണ്. പൗരത്വ നിയമഭേദഗതി, ദേശീയ പൗര രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ പട്ടിക എന്നിവയെ സംബന്ധിച്ച് ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ അകറ്റാന്‍ ലക്ഷ്യമിട്ട് ബിജെപി വ്യാപകമായ പ്രചാരണപരിപാടി നടത്തുന്നതിനിടെയാണ് എതിര്‍ശബ്ദങ്ങളെ എപ്രകാരം ചോരയില്‍ മുക്കും എന്ന മുന്നറിയിപ്പുപോലെ ജെഎന്‍യുവിലെ ആസൂത്രിത ആക്രമണം. ഡല്‍ഹി നിയമസഭയിലേക്ക് ഫെബ്രുവരി എട്ടിന് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കെ ന്യൂനപക്ഷ വിഭാഗങ്ങളുടെ അരക്ഷിതാവസ്ഥയും അങ്കലാപ്പും കൊണ്ട് ഭൂരിപക്ഷ വര്‍ഗീയവികാരം ഉജ്വലിപ്പിക്കാനുള്ള കുടില നീക്കങ്ങള്‍ ഇനിയുമുണ്ടാകും. ഡല്‍ഹയിലെ 70 നിയമസഭാ സീറ്റുകളില്‍ 67 എണ്ണവും തൂത്തുവാരിയ അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഡിടിസി ബസില്‍ വനിതകള്‍ക്ക് സൗജന്യയാത്രയും പാവപ്പെട്ടവര്‍ക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയും പോലുള്ള ജനകീയ പദ്ധതികളിലൂടെ ജനഹൃദയം കവര്‍ന്നിട്ടും കഴിഞ്ഞ മേയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഡല്‍ഹിയിലെ ഏഴു സീറ്റുകളും പിടിച്ചെടുക്കുകയുണ്ടായി. വോട്ടര്‍ സ്ലിപ്പില്‍ ക്യുആര്‍ കോഡും പോളിംഗ് ബൂത്തില്‍ അതു സ്‌കാന്‍ ചെയ്യാനുള്ള ആപ്പുമൊക്കെയായി ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് അപ്പുറം ഒരുപടി കൂടി കടന്ന് സ്മാര്‍ട്‌ഫോണുമായി വോട്ടര്‍ പോളിംഗിനെത്തുന്ന ഡിജിറ്റല്‍ മുന്നേറ്റം ബൂത്തുപിടുത്തത്തിന്റെ കൈക്കരുത്തിന് ശക്തിപകരാതിരിക്കട്ടെ എന്നാവും ജനാധിപത്യവിശ്വാസികളുടെ ഇനിയുള്ള പ്രാര്‍ഥന.


Related Articles

സാമൂഹ്യഅടുക്കള: അനാവശ്യ ഇടപെടല്‍ വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യ അടുക്കളകളുടെ പ്രവര്‍ത്തനം ഔചിത്യപൂര്‍വം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. പ്രത്യേകം താല്‍പര്യംവച്ച് ആര്‍ക്കെങ്കിലും ഭക്ഷണം കൊടുക്കേണ്ട കാര്യമില്ല. അര്‍ഹരായവര്‍ക്കാണ് ഭക്ഷണം നല്‍കേണ്ടത്. പാവപ്പെട്ടവര്‍ക്കും

കാവല്‍മാലാഖമാരുണ്ടോ?

      മുക്കാടന്‍ ശാര്‍മ്മണ്യദേശത്തെ കൊടുംശൈത്യത്തില്‍ നിന്നു രക്ഷനേടാനായിരുന്നു വേണാട്ടിലെ എന്റെ പ്രകൃതിരമണീയമായ ഗ്രാമത്തിലേക്ക് ഡിസംബര്‍ മാസാദ്യം എത്തിയത്. ബന്ധുമിത്രാദികളുടെ സന്ദര്‍ശനങ്ങളായിരുന്നു ആദ്യത്തെ കുറെ ദിനങ്ങള്‍.

ക്രിസ്തുമസ് വിചാരങ്ങള്‍: തിരുപ്പിറവി

മറിയം ആസന്നപ്രസവയായിരിക്കേയാണ് ആദ്യമായൊരു ജനസംഖ്യാ കണക്കെടുപ്പു നടത്താന്‍ രാജകല്പന പുറപ്പെടുവിക്കുന്നത്. സിറിയയില്‍ ക്വിരിനിയോസ് ദേശാധിപതിയായിരിക്കുമ്പോഴാണ് ഈ പേരെഴുത്തു നടന്നത്. എവിടെ താമസിച്ചാലും ഓരോരുത്തരും തന്താങ്ങളുടെ സ്വന്തം പ്രദേശങ്ങളിലേക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*