Breaking News

എത്രമാത്രം ക്ഷമിക്കാം…

എത്രമാത്രം ക്ഷമിക്കാം…

കഴിഞ്ഞവര്‍ഷം കെനിയയിലാണ് ഈ സംഭവം നടക്കുന്നത്. പ്രേമിച്ച് വിവാഹം കഴിച്ചവരായിരുന്നു അവര്‍. പക്ഷേ മൂന്നു കുട്ടികളായപ്പോഴേയ്ക്കും സ്‌നേഹം വിദ്വേഷത്തിന് വഴിമാറി. തെറ്റായ കൂട്ടുകെട്ടുകളില്‍പ്പെട്ട് പെനിയയുടെ ഭര്‍ത്താവ് സാമുവല്‍ മദ്യപാനത്തിന്റെ അടിമയായിത്തീര്‍ന്നു. വീട്ടില്‍ വന്നാല്‍ ഭാര്യയുമായി വഴക്കിടാത്ത ഒരു ദിവസവുമില്ലാതായി.
ആദ്യമൊക്കെ വെറുംവാക്കുകളാലുള്ള ശകാരങ്ങളായിരുന്നെങ്കിലും പിന്നീട് അത് ദേഹോപദ്രവവും അക്രമവുമായി മാറി. പലപ്പോഴും അയാളുടെ അടിയേറ്റ് അവര്‍ ബോധം കെട്ടു വീണു. മക്കളെയും അയാള്‍ വെറുതെ വിട്ടില്ല. ബഹളവും കരച്ചിലും ആ വീട്ടില്‍ നിത്യസംഭവമായിത്തീര്‍ന്നു.
ഒരു ദിവസം കണക്കറ്റ് മദ്യപിച്ച് വന്ന സാമുവല്‍ കണ്ടത് ഭാര്യയും മക്കളും കിടന്നുറങ്ങുന്നതാണ്. കലിപൂണ്ട അയാള്‍ അടുക്കളയില്‍ച്ചെന്ന് നല്ല മൂര്‍ച്ചയുള്ള ഒരു കത്തിയെടുത്ത് ഭാര്യയുടെ അടുത്തുവന്ന് തലങ്ങും വിലങ്ങും അവളെ വെട്ടാനും കുത്താനും തുടങ്ങി. ഞെട്ടിയുണര്‍ന്ന് പെനിയയ്ക്ക് ഓടിയൊളിക്കാന്‍ ഒട്ടും ഇടമില്ലാത്ത ഒരു മുറിയിലായിരുന്നു അത്. അയാള്‍ അവളുടെ പുറകെ നടന്ന് ആക്രോശിച്ചുകൊണ്ട് വീണ്ടും വീണ്ടും കുത്തി. പേടിച്ചരണ്ട കുട്ടികള്‍ വാവിട്ടു നിലവിളിച്ചു. അവസാനം അവള്‍ മരിച്ചെന്നു തോന്നിയപ്പോഴാണ് ആ ആക്രമണം അവസാനിച്ചത്.
ബഹളംകേട്ട് അയല്‍ക്കാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെനിയയെയാണ്. എന്തോ ഭാഗ്യത്താല്‍ അവള്‍ മരിച്ചിട്ടില്ലായിരുന്നു. മൊത്തം 17 കുത്തുകള്‍ അവളുടെ ശരീരത്തിലുണ്ടായിരുന്നു. മുഖത്തും നെഞ്ചിലും മുതുകത്തും ഒക്കെ മുറിവേറ്റിരുന്നു. സാമുവല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അയാളുടെ പേരില്‍ കൊലപാതകശ്രമത്തിന് കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, കേസ് കോടതിയില്‍ എത്തുന്നതിനുമുമ്പ്, പെനിയ തന്റെ ഭര്‍ത്താവിന്റെ പേരിലുള്ള കേസ് പിന്‍വലിക്കണമെന്ന് പൊലീസ് മേലധികാരികളോട് ആവശ്യപ്പെട്ടു. അവളുടെ വീട്ടുകാര്‍ എല്ലാവരും ആ തീരുമാനത്തെ എതിര്‍ത്തു. പക്ഷേ അവള്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. അവള്‍ പറഞ്ഞ ന്യായീകരണം ഇതാണ്: ഈ മനുഷ്യന്‍ എന്റെ മക്കളുടെ പിതാവാണ്. അയാള്‍ ഒരു നല്ല മനുഷ്യനായിരുന്നു. ചില കൂട്ടുകെട്ടുകളില്‍പ്പെട്ടാണ് ഇങ്ങനെയായത്. മാത്രമല്ല, എന്റെ തന്നെ മനഃസമാധാനത്തിന് ഞാന്‍ ക്ഷമിച്ചേ മതിയാവൂ. അയാളെ ജയിലിലടച്ചതുകൊണ്ട് എനിക്കുണ്ടായ മുറിവുകള്‍ ഇല്ലാതാവുകയില്ല. എന്നാല്‍ ക്ഷമിക്കുമ്പോള്‍ ഈ മുറിവുകള്‍ വേഗം കരിയും. ഞാനൊരു ക്രിസ്ത്യാനിയാണ്. കുരിശില്‍ കിടക്കുമ്പോഴും തന്റെ ശത്രുക്കളോട് ക്ഷമിച്ച യേശുക്രിസ്തുവാണ് എന്റെ മാതൃക.
ഈ നോമ്പുകാലത്ത് ശത്രുക്കളോട് ക്ഷമിക്കുക എന്നതിനേക്കാള്‍ ഉപരിയായ ഒരു പുണ്യപ്രവൃത്തിയുണ്ടോ? നമ്മുടെ പാപങ്ങളെയോര്‍ത്ത് പശ്ചാത്തപിച്ച് ദൈവത്തിന്റെ കാരുണ്യം തേടുന്ന ഈ വേളയില്‍ മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കാന്‍ നമ്മളും ബാധ്യസ്ഥരല്ലേ?
ക്ഷമ എന്ന പുണ്യം എല്ലാവര്‍ക്കും അത്ര സ്വീകാര്യമായി തോന്നാത്ത ഒരു ലോകത്താണ് നമ്മള്‍. എന്നെ ഉപദ്രവിച്ചൊരാളെ, അല്ലെങ്കില്‍ എന്റെ കുടുംബത്തെ നശിപ്പിക്കാനൊരുങ്ങിയ ഒരാളെ ന്യായമായും ശിക്ഷിക്കണം എന്നാണ് പലരും വാദിക്കുക. ‘നിര്‍ഭയ’ കേസില്‍ പ്രതികളായിരിക്കുന്നവരെ കഴിയുന്നതും വേഗം തൂക്കിലേറ്റണമെന്നാണ് അവളുടെ അമ്മയുടെ നിരന്തര അപേക്ഷ. എങ്കിലേ തന്റെ മക്കള്‍ക്ക് നീതി ലഭിക്കൂ. അവളുടെ ആത്മാവിന് മോക്ഷം ലഭിക്കൂ എന്നാണ് അവള്‍ ചിന്തിക്കുന്നത്. പ്രതികളെ തൂക്കിലേറ്റിയതുകൊണ്ട് അവളുടെ ആത്മാവിന് മോക്ഷം ലഭിക്കുമോ? ശത്രുക്കളെ കൊന്നതുകൊണ്ട് ലഭിക്കുന്ന ആത്മസംതൃപ്തി ഒരുതരം അന്ധകാര സംതൃപ്തിയല്ലേ?
ക്ഷമയുടെ എത്രയെത്ര ഉദാഹരണങ്ങളാണ് നമുക്കുള്ളത്. തന്റെ ഭര്‍ത്താവിനെയും രണ്ടു മക്കളെയും ചുട്ടുകൊന്ന ഘാതകരോട് ക്ഷമിച്ച ഗ്ലാഡിസ് സ്റ്റെയിന്‍ എത്ര വലിയ ക്രിസ്തീയസാക്ഷ്യമാണ് ലോകം മുഴുവനും നല്‍കിയത്. ഒഡീഷയിലെ പാവപ്പെട്ട കുഷ്ഠരോഗികളുടെ ഇടയില്‍ 30 വര്‍ഷത്തോളം സേവനം ചെയ്ത ഓസ്‌ട്രേലിയന്‍ വംശജനായ, ക്രിസ്ത്യാനിയായ ഗ്രഹാം സ്റ്റെയിനെയും രണ്ടു മക്കളെയുമാണ് മതതീവ്രവാദികള്‍ വാനിലിട്ട് 1999ല്‍ ചുട്ടുകൊന്നത്.
ഇന്‍ഡോറിലെ ഉദയ്‌നഗറില്‍ പാവങ്ങളുടെ ഇടയില്‍ സേവനം ചെയ്തിരുന്ന പുല്ലുവഴി സ്വദേശിയായ സിസ്റ്റര്‍ റാണി മരിയയെ കുത്തിക്കൊലപ്പെടുത്തിയ സമന്തര്‍ സിംഗിനോട് സിസ്റ്ററിന്റെ അമ്മയും സഹോദരങ്ങളും ക്ഷമിച്ചതും അയാളെ തങ്ങളുടെ ഭവനത്തില്‍ സ്വീകരിച്ചതും എങ്ങനെ മറക്കാനാകും? തന്റെ മകളുടെ കൈകള്‍ വിശുദ്ധമാണ് എന്നാണ്.
വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 1981ല്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ വധിക്കാനായി പല പ്രാവശ്യം വെടിയുയര്‍ത്ത മുഹമ്മദ് അലി അഗ്കയോട് ക്ഷമിച്ച ചരിത്രവും നമുക്കറിയാം. മരണത്തില്‍ നിന്നു രക്ഷപ്പെട്ട പാപ്പാ തന്നെ കൊല്ലാന്‍ശ്രമിച്ച വ്യക്തിയോട് ഹൃദയപൂര്‍വം ക്ഷമിക്കുകയും അയാള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്ന് എല്ലാ വിശ്വാസികളോടും അഭ്യര്‍ഥിക്കുകയും ചെയ്തു.
എത്രമാത്രം നമുക്ക് ശത്രുക്കളോട് ക്ഷമിക്കുവാന്‍ സാധിക്കും? എന്നോട് തെറ്റുചെയ്യുന്ന എന്റെ സഹോദരനോട് ഞാന്‍ എത്ര പ്രാവശ്യം ക്ഷണിക്കണം? ഏഴു പ്രാവശ്യം എന്നു യോശുവിന്‍ ശിഷ്യനായ പത്രോസ് യേശുനാഥനോട് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞത്, ‘ഏഴെന്നല്ല, ഏഴ് എഴുപതുപ്രാവശ്യം എന്നു ഞാന്‍ നിങ്ങളോട് പറയുന്നു’ എന്നാണ്. ക്ഷമയ്ക്ക് കണക്കും അതിരും ഇല്ല എന്നര്‍ഥം. ഒരു ക്രിസ്ത്യാനിക്കുണ്ടായിരിക്കേ
ണ്ട ഏറ്റവും വലിയ ക്രിസ്തീയ ഗുണം ശത്രുക്കളോട് ക്ഷമിക്കുക എന്നതാണ്. ”ഒരാള്‍ക്ക് മറ്റൊരാളോട് പരിഭവം ഉണ്ടായാല്‍ പരസ്പരം ക്ഷമിച്ചു സഹിഷ്ണതയോടെ വര്‍ത്തിക്കുവിന്‍. കര്‍ത്താവ് നിങ്ങളോട് ക്ഷമിച്ചതുപോലെ തന്നെ നിങ്ങളും ക്ഷമിക്കണം.” കൊളോ 3:13.


Related Articles

കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എ​ത്ര​മാ​ത്രം വാ​ക്സി​ന്‍ കേ​ര​ള​ത്തി​നു ല​ഭ്യ​മാ​കു​മെ​ന്ന് ഉ​റ​പ്പി​ല്ല. എന്നാല്‍ കേരളത്തില്‍ നല്‍കുന്ന വാക്‌സിന്‍ സൗജന്യമായിട്ടായിരിക്കും.

പരീക്ഷണങ്ങൾ: തപസ്സുകാലം ഒന്നാം ഞായർ

തപസ്സുകാലം ഒന്നാം ഞായർ വിചിന്തനം :- പരീക്ഷണങ്ങൾ (ലൂക്ക 4:1-13) തന്‍റെ ജീവിതത്തിലേക്ക് കടന്നുവന്ന പൈശാചികമായ പ്രലോഭനങ്ങളെ വചനത്തിന്റെ ശക്തിയാൽ യേശു അതിജീവിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷ

കൊവിഡ് പ്രതിരോധമരുന്ന്: ഓസ്‌ട്രേലിയയില്‍ മുന്നേറ്റം

കാന്‍ബറ: ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണഘട്ടത്തിലെത്തിയതായി ഓസ്‌ട്രേലിയയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ കോമണ്‍വെ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (സിഎസ്‌ഐആര്‍ഒ) വികസിപ്പിച്ചെടുത്ത പ്രതിരോധമരുന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*