എന്തുകൊണ്ട് അങ്ങനെ ചെയ്തു? ഫിറോസ് കുന്നുംപറമ്പിലിന്റെ വിശദീകരണം

എന്തുകൊണ്ട് അങ്ങനെ ചെയ്തു? ഫിറോസ് കുന്നുംപറമ്പിലിന്റെ വിശദീകരണം

ചികില്‍സയ്ക്കായി രൂപീകരിച്ച അക്കൗണ്ടില്‍ എത്തിയ അധിക തുക സംബന്ധിച്ച ആരോപണങ്ങളില്‍ മറുപടിയുമായി സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ സോഷ്യല്‍ മീഡിയല്‍ താരമായ ഫിറോസ് കുന്നുംപറമ്പില്‍. ബാങ്ക് ഓഫ് ഇന്ത്യയുടെ ഒറ്റപ്പാലം ശാഖയില്‍ രൂപീകരിച്ച ചികില്‍സ ധന സമാഹരണത്തിനായുള്ള അക്കൗണ്ടിലെത്തിയ തുകയെ കുറിച്ചുണ്ടായ തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞ് വാക്‌പോരിന് സാഹചര്യം ഒരുക്കിയതിന് പിന്നാലെയാണ് ഫിറോസ് വിശദീകരണവുമായി രംഗത്തെത്തിയത്.

ബാങ്ക് ഓഫ് ഇന്ത്യയുടെ ഒറ്റപ്പാലം ശാഖയില്‍ ആരംഭിച്ച ചികില്‍സാ ധന സഹായത്തിന് തുടങ്ങിയ അക്കൗണ്ടിലേക്ക് ആവശ്യത്തില്‍ കൂടുതല്‍ പണം എത്തിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന കുട്ടിക്ക് അടിയന്തിരമായി 10 ലക്ഷം രൂപ പിന്‍വലിക്കണമെന്ന് അറിയിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തടസം നില്‍ക്കുകയായിരുന്നു. ഈ സമയത്ത് തന്നെ അക്കൗണ്ടില്‍ ഏകദേശം ഒരു കോടി 15 ലക്ഷം പിന്നിട്ടിരുന്നു. ഇതോടെ അക്കൗണ്ടിലേക്ക് പണം എത്തുന്നത് ബ്ലോക്ക് ചെയ്യാന്‍ അധികൃതരോട് ആവശ്യപ്പെട്ടുകയും ചെയ്തു.
എന്നാല്‍, പണം പിന്‍വലിക്കുന്നതിന് ചികില്‍സിക്കുന്ന ആശുപത്രിയുടെ ചിലവ് സംബന്ധിച്ച കത്ത് വേണമെന്നായിരുന്നു ബാങ്കിന്റെ വാദം. ഇത് നല്‍കിയാണ് പലതവണയായി പണം പിന്‍വലിച്ചത്. ഇതിന് പുറമെ അക്കൗണ്ടിലെത്തിയ പണത്തിലെ കൂടുതലുള്ള തുക തന്റെ പേരിലുള്ള ചാരിറ്റി അക്കൗണ്ടിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം സമ്മതിച്ചെങ്കിലും ഹെഡ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ചൂണ്ടിക്കാട്ടി നടപടികള്‍ നീട്ടുകയായിരുന്നെന്നും ഫിറോസ് പറയുന്നു. എന്നാല്‍ ഹെഡ്ഓഫീസില്‍ നിന്നുള്ളവര്‍ തങ്ങളുടെ പരാതിയില്‍ നേരിട്ടെത്തി പ്രശ്‌നം പരിഹരിക്കുയും ചെയ്തു.
താന്‍ ഉപയോഗിക്കുന്ന കാര്‍, ഫോണ്‍, താമസിക്കുന്ന വീട് തുടങ്ങിയവയെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്കും ഫിറോസ് മറുപടി പറയുന്നുണ്ട്. ഇതെല്ലാം അഭ്യുദയകാംക്ഷികള്‍ സംഭാവനയായി നല്കിയതാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഫിറോസിന്റെ സാമ്പത്തിക ഇടപാടുകള്‍ പലതും നിയമാനുസൃതമായിരുന്നില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഏതെങ്കിലും ചാരിറ്റി സംഘടനയുടെ അക്കൗണ്ടിലേക്കല്ല ഫിറോസിനു പണം വന്നിരുന്നത്. സ്വന്തം അക്കൗണ്ടിലേക്കാണ്. ഫിറോസ് സത്യസന്ധമായി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പോലും ഇടപാടുകളില്‍ സുതാര്യതപുലര്‍ത്തണമായിരുന്നുവെന്നാണ് അവര്‍ പറയുന്നത്.

BEJO SILVERY

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*