എന്റെ എത്രയും പ്രിയപ്പെട്ട മോനെ

ഒരിക്കല്‍ ഒരു പാതിരി പൊലീസ് സ്റ്റേഷനില്‍ ചെന്ന് ഇന്‍സ്പെക്ടറെ കണ്ട് പറഞ്ഞു: “എന്റെ നായീന്റെ മോനെ എന്റെ മക്കള്‍ പാവങ്ങളാണ്. അവരെ വെറുതെ വിടണം.” ഇന്‍സ്പെക്ടര്‍ അന്തംവിട്ട് പാതിരിയെ നോക്കി. പൊലീസ്സ്റ്റേഷനില്‍ വന്ന് തന്റെ മുഖത്ത് നോക്കി `നായീന്റെ മോനെ’ എന്നു വിളിക്കുവാന്‍ ധൈര്യമുള്ള ഈ പാതിരി ആരാണ്? മറ്റാരെങ്കിലുമായിരുന്നെങ്കില് ഉടനെ ചെകിട്ടത്ത് രണ്ടു പൊട്ടിച്ചേനെ. പക്ഷേ, പാതിരിയുടെ മട്ടും ഭാവവും കണ്ടപ്പോള്‍ ഇന്‍സ്പെക്ടര്‍ക്ക് ഒന്നും ചെയ്യാനായില്ല.
ആ പാതിരി മലയാളിയോ ഇന്ത്യക്കാരനോ അല്ലായിരുന്നു, പിന്നെയോ, ഇറ്റലിയില്‍ നിന്നുള്ള ഒരു മിഷണറി വൈദികനായിരുന്നു. വര്‍ഷങ്ങളായി കണ്ണൂര്‍ ജില്ലയിലെ ചിറക്കല്‍ പ്രദേശത്ത് സുവിശേഷപ്രവര്ത്തനത്തിലേര്പ്പെട്ടിരുന്ന ഫാ. പീറ്റര്‍ കയ്റോണിയായിരുന്നു ആ വൈദികന്.
അച്ചന്റെ ഇടവകയിലെ കുറച്ചു ചെറുപ്പക്കാര്‍ തമ്മില്‍ എന്തോ അടിപിടി ഉണ്ടായപ്പോള്‍ പൊലീസ് കുറച്ചുപേരെ പിടിച്ചുകൊണ്ടുപോയി. അവരെ മോചിപ്പിക്കുവാനാണ് അച്ചന് പൊലീസ് സ്റ്റേഷനില്‍ ചെന്നത്. എന്തുകൊണ്ടാണ് ഇന്‍സ്പെക്ടറെ നായീന്റെ മോനെ എന്നുവിളിച്ചത്? ആരോ അച്ചനെ തെറ്റായി പഠിപ്പിച്ചതാണ്- “നായീന്റെ – മോനെ” എന്നു പറഞ്ഞാല്‍ `എന്റെ എത്രയും പ്രിയപ്പെട്ട മോനെ’ എന്നാണെന്ന്. അച്ചന് സ്നേഹപൂര്‍വം മറ്റുള്ളവരെ അഭിസംബോധന ചെയ്യുമ്പോള്‍ `നായീന്റെ മോനെ’ എന്നു പറയാന്‍ കാരണമതാണ്. കാര്യം പിടികിട്ടിയ ഇന്‍സ്പെക്ടര്‍ മന്ദഹസിച്ച് അച്ചന്റെ ആവശ്യം അനുതാപപൂര്‍വം പരിഗണിക്കാമെന്ന് പറഞ്ഞ് തിരിച്ചയച്ചു.
കയ്റോണിയച്ചനെക്കുറിച്ച് ഇതുപോലുള്ള പല രസകരമായ സംഭവങ്ങളും ഈയിടെ ഞാന്‍ കണ്ണൂരിലെ പയ്യാമ്പലം ഉര്‍സുലൈന്‍ കോണ്‍വെന്റില്‍ ഒരു ക്ലാസെടുക്കുവാന്‍ പോയപ്പോള്‍ സിസ്റ്റേഴ്സ് പങ്കുവച്ചു. മറ്റൊന്ന് അച്ചന്റെ `കല്യാണം വിളിച്ചു ചൊല്ലുന്ന’തിനെക്കുറിച്ചാണ് നല്ല ഗ്രാമീണ ശൈലിയില്‍ അച്ചന് പറയും: “പോത്തന് പൗലോസിന്റെ മകന് തുപ്പി ജോസഫും മഠത്തിലെ പെണ്ണ് കത്രീനയും തമ്മില്‍ (മഠത്തിലെ ഓര്‍ഫനേജില്‍ വളര്‍ന്ന പെണ്‍കുട്ടിയാണ് വധു) കല്യാണം നിശ്ചയിച്ചിരിക്കുന്നു. ആര്‍ക്കെങ്കിലും ഇതിനെക്കുറിച്ച് കച്ചറയുണ്ടെങ്കില് കപ്ളോനച്ചനെ അറിയിക്കേണ്ടതാണ്.”
അച്ചന്റെ മറ്റൊരു പ്രയോഗം “എടീ പൊക്കച്ചി” എന്നതായിരുന്നു. അച്ചന് ഇഷ്ടമില്ലാത്ത കാര്യം എന്തെങ്കിലും ആരെങ്കിലും പറയുകയാണെങ്കില്‍, അല്ലെങ്കില്‍ ഇഷ്ടപ്പെടാത്ത ഒരു ഡ്രസ് ആരെങ്കിലും ധരിച്ചാല്‍ അത് കന്യാസ്ത്രി ആയാലും തുറന്നടിച്ചു പറയും-“എടീ പൊക്കച്ചി” എന്ന്.
പട്ടിണിയിലും മാറാരോഗത്തോടും പടപൊരുതി ഒരു ജനതയെ മുഴുവന്‍ ഉന്നമനത്തിലേക്ക് നയിച്ച ഫാ. കയ്റോണി 1966 മേയ് 26ന് ദൈവത്തില്‍ നിദ്രപ്രാപിച്ചു.
മലബാര്‍ മിഷനിലെ മറക്കാനാവാത്ത മറ്റൊരു നാമമാണ് ഈശോസഭാ വൈദികനായിരുന്ന ഫാ. ലീനസ് മരിയ സുക്കോള്‍. പാവങ്ങളോടുള്ള കരുണയും വിശ്വാസ തീക്ഷ്ണതയും ലളിത ജീവിതവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമന്ത്രം. 1937ല്‍ ഫാ. കയ്റോണി തുടങ്ങിവച്ച ചിറക്കല്‍ മിഷന് അഭിവ്യദ്ധി പ്രാപിക്കാന്‍ ഇടയായതിന്റെ ഒരു പ്രധാന സൂത്രധാരന്‍ ഫാ. സുക്കോളാണ്.
ഇറ്റലിയിലെ ട്രെന്റോ അതിരൂപതയിലെ ഒരു ചെറിയ പട്ടണത്തില്‍ ജനിച്ച ലീനസ് മരിയ സുക്കോള്‍ ഈശോസഭയില്‍ ചേര്‍ന്ന് മിഷന് പ്രവര്‍ത്തനത്തിനായി ഇന്ത്യയിലെത്തി. 1948ല്‍ വയനാട്ടിലെ ചൂണ്ടേല് ഇടവക വികാരിയായി സേവനം ആരംഭിച്ചു. പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും പാര്‍പ്പിടവും ഒരുക്കുന്നതില്‍ അദ്ദേഹം ദത്തശ്രദ്ധനായിരുന്നു. ഫാ. ജോണ്‍ സെക്വേര, ജോസഫ് ടഫറേല്‍, ജയിംസ് മോന്തനാരി, അലോഷ്യസ് ഡെല്‍ സോട്ടോ, മൈക്കിള്‍ വെണ്ടാറമിന് എന്നീ വൈദികരുടെയും കനോഷ്യന്‍ സിസ്റ്റേഴ്സ്, ഉര്‍സുലൈന്‍ സിസ്റ്റേഴ്സ്, ദീനസേവന സഭാ സിസ്റ്റേഴ്സ് എന്നിവരുടേയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ഇന്ന് മലബാര്‍ മിഷന് പുരോഗതിയുടെ നെറുകയിലാണ്.
മലബാറിലെ മറ്റൊരു പ്രധാന മിഷന് കേന്ദ്രമാണ് പട്ടുവം. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ ശുശ്രൂഷിക്കാനായി ദൈവം തന്നെ വിളിക്കുന്നു എന്ന അവബോധത്താല്‍ ജര്‍മനിയിലെ ഉര്‍സുലൈന്‍ സഭാംഗമായിരുന്ന സിസ്റ്റര്‍ പേത്രാ മോണിംഗ്മാന് കേരളത്തിലെത്തി. വാഗമണിലെ കുരിശുമലയിലെ ആചാര്യന്മാരായിരുന്ന ഫ്രാന്‍സിസും ബീഡ് ഗ്രിഫിത്തും സിസ്റ്ററിനെ കാര്യമായി സ്വാധീനിച്ചു.
സുക്കോളച്ചന് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാകുന്നതരത്തിലുള്ള ഒരു സിസ്റ്ററിനെ അന്വേഷിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. 1969ല്‍ കോഴിക്കോട് രൂപത മെത്രാനായിരുന്ന പത്രോണി പിതാവിന്റെ അനുഗ്രഹത്താലും സുക്കോളച്ചന്റെ സഹായത്താലും മദര്‍ പേത്ര ദീനസേവന സഭ (Servant of the Poor) സ്ഥാപിച്ചു. സുക്കോളച്ചന് പട്ടുവത്ത് നല്കിയ 13 ഏക്കര്‍ സ്ഥലത്താണ് ആദ്യത്തെ മഠം തുടങ്ങിയത്.
വിശക്കുന്നവന്റെ മുമ്പില്‍ ദൈവം അപ്പത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടും എന്ന തിരിച്ചറിവില്‍ പാവപ്പെട്ടവര്‍ക്ക് സ്വന്തമായി സ്ഥലവും വീടും ഉണ്ടാകുവാന്‍ അച്ചന് തന്റെ എല്ലാ കഴിവുകളും സമ്പത്തും വിനിയോഗിച്ചു. ആയിരത്തോളം ഭവനങ്ങളാണ് അദ്ദേഹം പാവപ്പെട്ടവര്‍ക്കായി നിര്‍മിച്ചു നല്‍കിയത്.
കേരളത്തെ തന്റെ പറുദീസയായിക്കണ്ട സുക്കോളച്ചന് ഏറ്റവും ലളിതമായ ജീവിതമാണ് നയിച്ചിരുന്നത്. മിഷണറിമാരുടെയെല്ലാം ജീവിതം ഇതുപോലെയായിരുന്നു. യൂറോപ്പിലെ സുഖസൗകര്യങ്ങള്‍ ത്യജിച്ച് അവര്‍ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായി ജീവിച്ചു. സുക്കോളച്ചന്റെ മുറിയില്‍ ഒരു ഫാന്‍ പോലും ഇല്ലായിരുന്നു. പലകത്തടിയില് രണ്ടു പുതപ്പും വിരിച്ചാണ് അദ്ദേഹം കിടന്നുറങ്ങിയിരുന്നത്. ലാളിത്യത്തിന്റെ മറ്റൊരു മകുടോദാഹരണമായിരുന്നു മദര്‍ പേത്ര. 1976ല്‍ ഒരു മോട്ടോര്‍ വാഹനാപകടത്തില്‍ മദര്‍ പേത്ര ഈ ലോകത്തോടു വിടപറഞ്ഞു. സുക്കോളച്ചന്റെ മരണം 2014ലായിരുന്നു.
വിശുദ്ധ ജീവിതം നയിച്ച ഈ വൈദികരുടെയും സിസ്റ്റേഴ്സിന്റെയും മാതൃക അനുവര്‍ത്തിക്കാന്‍ നമുക്കും ഈ നോമ്പുകാലത്ത് പരിശ്രമിക്കാം.
Related
Related Articles
മോഡേണ്‍ കപ്പ്ള്‍സ്
മാതൃകാദമ്പതികള്‍ എന്ന് അവരെ പലരും വിശേഷിപ്പിക്കുമായിരുന്നു. ഒരു ദിവസം ഭാര്യ ഷോപ്പിംഗിനു പോയപ്പോള്‍ യാദൃഛികമായി ക്യാഷ് കൗണ്ടറിലിരിക്കുന്ന സ്ത്രീ അവരുടെ ബാഗില്‍ ഒരു ടിവി റിമോട്ട് കണ്ടു.
എത്രമാത്രം ക്ഷമിക്കാം…
കഴിഞ്ഞവര്‍ഷം കെനിയയിലാണ് ഈ സംഭവം നടക്കുന്നത്. പ്രേമിച്ച് വിവാഹം കഴിച്ചവരായിരുന്നു അവര്‍. പക്ഷേ മൂന്നു കുട്ടികളായപ്പോഴേയ്ക്കും സ്നേഹം വിദ്വേഷത്തിന് വഴിമാറി. തെറ്റായ കൂട്ടുകെട്ടുകളില്‍പ്പെട്ട് പെനിയയുടെ ഭര്‍ത്താവ് സാമുവല്‍
രാജാവിന്റെ മോചനദ്രവ്യം
പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ട് ഭരിച്ചിരുന്ന രാജാവായിരുന്നു റിച്ചാര്‍ഡ് ഒന്നാമന്. യുദ്ധതന്ത്രങ്ങള്‍ മെനയുന്നതില്‍ മിടുക്കനാണ്. അതേസമയം നല്ല ഒരു ഭരണകര്‍ത്താവുമായിരുന്നു അദ്ദേഹം. ക്രിസ്ത്യാനിയായിരുന്ന അദ്ദേഹം ‘റിച്ചാര്‍ഡ് ദ ലയണ്‍ഹാര്‍ട്ട്’