Breaking News

എന്‍ഡോസള്‍ഫാന്‍ പറയുന്ന ദുരിത പാഠങ്ങള്‍

എന്‍ഡോസള്‍ഫാന്‍ പറയുന്ന ദുരിത പാഠങ്ങള്‍

സെക്രട്ടേറിയേറ്റിനുമുന്നില്‍ അഞ്ചുദിവസങ്ങളിലായി തുടര്‍ന്ന നിരാഹാര സമരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. സാമൂഹ്യ പ്രവര്‍ത്തക ദയാബായിയുടെ സാന്നിദ്ധ്യം സമരക്കാര്‍ക്ക് കൂടുതല്‍ കരുത്തുപകര്‍ന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതവുമായി കാസര്‍ഗോട്ടെ ജനങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ എത്തുന്നത് ഇതാദ്യമായിട്ടല്ല. എത്രയോ വര്‍ഷങ്ങളായി കേരളത്തിന്റെ സമൂഹമനസ്സാക്ഷിയിലെ വേദനയായി ഇവര്‍ നമുക്ക് മുന്നിലുണ്ട്. മാറിമാറിവന്ന സര്‍ക്കാരുകള്‍ നല്‍കിയ ഉറപ്പുകള്‍ പാറമേല്‍ വീണ വിത്തുപോലെ കരിഞ്ഞുപോയി. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഭരണത്തെ വിമര്‍ശിക്കാനുള്ള ആയുധമായി എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ ഉപയോഗിച്ചവര്‍, ഭരണമേറുമ്പോള്‍ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്തതും കേരള സമൂഹം കണ്ടുകൊണ്ടിരിക്കുന്നു.
ബോവിക്കാനത്തെ സുജിത്, സമീറ, ഷേണിയിലെ ഫ്രാന്‍സിസ് ക്രസ്റ്റ, ബദിരം പാലയിലെ ഫക്രുദ്ദീന്‍, എന്‍മകജെയിലെ ഫാസി, പുല്ലൂരിലെ അല്‍വിഷ, മുണ്ടക്കൈയിലെ അതുല്യ, മുറിയനാവിയിലെ സാഹിയ തുടങ്ങിയ പേരുകള്‍ കേള്‍ക്കുമ്പോള്‍ ഏതെങ്കിലും വോട്ടേഴ്‌സ് ലിസ്റ്റിലെ പേരുകളാണെന്ന് തെറ്റിദ്ധരിക്കരുത്. ഇവര്‍ക്ക് വോട്ടില്ല; ദുരിതം മാത്രമേയുള്ളൂ. ദുരിതബാധിതരുടെ ലിസ്റ്റില്‍ പോലും ഇടം പിടിക്കാനാകാത്ത സാധുക്കള്‍. പല പല സമരമുഖങ്ങള്‍ തുറന്ന് നേടിയെടുക്കേണ്ടിവന്ന സാമൂഹ്യബലപ്പെടുത്തലുകളില്‍ പലതും എന്‍ഡോ സള്‍ഫാന്‍ ദുരിതബാധികര്‍ക്ക് ഇനിയും കൈവശമായിട്ടില്ല. ഓരോ തവണയും എന്‍ഡോസള്‍ഫാന്‍ ദുരിതം പേറിയവര്‍ സമരവുമായി എത്തുമ്പോള്‍ പൊതുസമൂഹത്തിലെ ഒരുവിഭാഗമെങ്കിലും ചോദിക്കുന്നുണ്ട്- ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതല്ലേ എന്ന്. അല്ലായെന്ന് സമരമുഖത്തുള്ളവര്‍ പറയുമ്പോള്‍ അത് അവിശ്വസനീയമായി തോന്നുന്നവര്‍ക്ക് നല്ല നമസ്‌ക്കാരം പറഞ്ഞ് മറ്റുള്ളവര്‍ മാറിനിന്നാല്‍ പോരാ. പൊതുസമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കപ്പെടുന്ന പല കാര്യങ്ങളും അര്‍ധസത്യങ്ങള്‍ മാത്രമേയാകുന്നുള്ളുവെന്ന് തിരിച്ചറിയേണ്ടതുണ്ട്.
എന്‍ഡോസള്‍ഫാന്‍ ദുരന്തം ഒരു പാഠപുസ്തകം പോലെ കേരളസമൂഹം വായിക്കണം.നിരവധി ചോദ്യങ്ങള്‍, നിരവധി സന്ദേശങ്ങള്‍, നിരവധി വിമര്‍ശനങ്ങള്‍, തിരുത്തപ്പെടേണ്ട വികസനനയങ്ങള്‍ ഇങ്ങനെ തുടങ്ങി എണ്ണിയെണ്ണിപ്പറയേണ്ട അനവധി കാര്യങ്ങളിലേക്ക് തുറന്നിട്ട ഒരു പാഠപുസ്തകം. സര്‍ക്കാരും സമൂഹവും ഇവരെ ഇനിയും ബലപ്പെടുത്തി എടുക്കേണ്ടതുണ്ടെന്ന വാക്കുകള്‍ സാമൂഹ്യമായ ഉത്തരവാദിത്തത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വികസനമെന്ന പേരില്‍ നടപ്പിലാക്കപ്പെടുന്ന കാര്യങ്ങള്‍ വേരറുത്തു മാറ്റുന്ന ജീവിതങ്ങളുടെ ഉത്തരവാദിത്തം പൊതുസമൂഹത്തിന്റേതുകൂടിയാകുന്നില്ലേ? സര്‍ക്കാരുകള്‍ നടപ്പിലാക്കേണ്ട ആശ്വാസ നടപടികളില്‍ നിരവധിയായ കാരണങ്ങളാല്‍ അവര്‍ പിന്‍മാറുമ്പോള്‍, ജാഗ്രതയാകേണ്ട മനഃസാക്ഷിയുടെ പേരാണ് പൊതുസമൂഹം. ദയാബായിയോട്, മധ്യപ്രദേശില്‍ നിന്ന് നിങ്ങള്‍ ഇവിടെ വന്ന് സമരത്തില്‍ പങ്കുചേരുന്നത് ആര്‍ക്കുവേണ്ടിയാണെന്ന വിധത്തില്‍ മാധ്യമക്കാരടക്കം ചോദിക്കുന്ന വങ്കത്തരങ്ങള്‍ക്കിടയിലും, പൊതുസമൂഹമെന്ന ജാഗ്രത മനുഷ്യാവകാശപ്പോരാട്ടങ്ങളില്‍ അനിവാര്യമാണ്. കാര്‍ഷിക മേഖലയുടെ പുരോഗതിക്കെന്നവിധം, നാണ്യവിളകളുടെ സമൃദ്ധിക്കായി നടത്തിയ കീടനാശിനി പ്രയോഗം ഒരുദേശത്തെ മുച്ചൂടും മുടിക്കുംവിധം അപകടകരമായി മാറിയെങ്കില്‍ അതിന്റെ രാഷ്ട്രീയ-ധാര്‍മ്മിക ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഭരണകൂടങ്ങള്‍ക്കും പൊതുസമൂഹത്തിനും കഴിയില്ല. കാരണം, ഭരണസംവിധാനങ്ങള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ പൊതുസമൂഹത്തിന്റെ ഉന്നതിക്കുവേണ്ടിത്തന്നെയാണല്ലോ നടപ്പാക്കപ്പെടുന്നത്. പ്രതിപക്ഷമായും ഭരണപക്ഷമായും മാറിമാറി വേഷം ധരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളോടുള്ള ചോദ്യങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ട്. അധികാരത്തിന്റെ സൗകര്യങ്ങള്‍ കൈയാളുമ്പോള്‍, സ്വീകരിക്കേണ്ടിയിരുന്ന ധാര്‍മ്മികനിലപാടുകള്‍ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ ഇവര്‍ കൈയൊഴിയുന്നത് എങ്ങനെയാണ്. മനുഷ്യാവകാശക്കമ്മീഷന്‍ ദുരിതബാധിതരുടെ പ്രശ്‌നത്തില്‍ ഇടപെട്ട് നേടിക്കൊടുത്ത അവകാശങ്ങള്‍ പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തി വിധി നേടിയെടുത്ത യുവജന സംഘടനയുടെ പാര്‍ട്ടിയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. പ്രസ്തുത വിധി നടപ്പിലാക്കാന്‍ തങ്ങളുടെ പാര്‍ട്ടിക്ക് മുന്‍കൈയുള്ള സര്‍ക്കാരിനെ നിര്‍ബന്ധിക്കാന്‍ അവര്‍ക്ക് ധാര്‍മ്മിക ഉത്തരവാദിത്വമില്ലേ? നീതി നടപ്പിലാക്കാനല്ലെങ്കില്‍, പിന്നെന്തിനാണ് സംഘടനകള്‍ സമൂഹത്തില്‍ നില്‍ക്കുന്നത്? ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്, ഭരണനാളുകളുടെ അവസാനത്തില്‍ കേരളസര്‍ക്കാര്‍ നടപ്പിലാക്കാനുറച്ച് എടുത്ത തീരുമാനങ്ങളില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്‍മാറുന്നെന്ന ഭീതിയിലാണ് പുതിയസമരം, അമ്മമാരുടെ സമരം നടന്നത്. ദുരിതബാധിതരായി മാറിയവരുടെ പേരുകള്‍ അടങ്ങിയ ലിസ്റ്റ് പെട്ടെന്ന് അട്ടിമറിക്കപ്പെട്ടതായി ദുരിതത്തിലായവര്‍ കാണുന്നു. പലപ്പോഴായി നടന്ന സമരങ്ങള്‍ക്കൊടുവില്‍ എത്തിച്ചേര്‍ന്ന ഒത്തുതീര്‍പ്പ് നിബന്ധനകള്‍ ലംഘിക്കപ്പെടുന്നതായി കാണുന്നു. ആകാശത്തുനിന്ന് ഹെലികോപ്ടര്‍ വഴി കോരിയൊഴിച്ച കീടനാശിനി എവിടെയെല്ലാം പതിച്ചുവെന്നതിന് അതിര്‍ത്തി നിര്‍ണ്ണയിച്ച് കൃത്യമായി ഭൂപ്രദേശങ്ങള്‍ അടയാളപ്പെടുത്തുക സാധ്യമല്ല. എന്നിട്ടും ആരുടെയൊക്കെയോ നിര്‍ബന്ധപ്രകാരമെന്നപോല്‍ ഭൂപ്രദേശങ്ങളുടെ എണ്ണം പറയുന്നു. പറയപ്പെട്ട അതിര്‍ത്തികള്‍ക്ക് പുറത്തായ ദുരിതബാധിതര്‍, സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റാനുള്ള കാര്യങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്താകുന്നു.
എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ തന്നെ വൈരുദ്ധ്യങ്ങളോടെയാണ് ഇന്ത്യന്‍ പൊതുസമൂഹത്തില്‍ പ്രചരിപ്പിച്ചിട്ടുള്ളത്. ആര്‍ക്കും അനുകൂലമോ പ്രതികൂലമോ ആകാവുന്ന വിധത്തില്‍ പഠനങ്ങള്‍ നിരവധിയാണ്. സത്യങ്ങള്‍ നിര്‍മ്മിക്കപ്പെടുന്ന കാലത്ത് എന്തും സാധ്യവുമാണ്. സമരപ്പന്തലില്‍ ദയാബായി കൈവശം വച്ചിരുന്ന അന്തരാഷ്ട്ര ഗവേഷണ പഠനങ്ങള്‍ എന്‍ഡോസള്‍ഫാന് എതിരായുള്ളതാണ്. കാര്‍ഷിക സര്‍വ്വകലാശാലയിലെ ചില ശാസ്ത്രജ്ഞര്‍ കീടനാശിനിക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ട്. കാര്യങ്ങള്‍ക്ക് കൃത്യതവരിക എളുപ്പമല്ല. പ്രത്യേകിച്ച് എതിര്‍മുഖത്തുള്ളവര്‍ വമ്പന്‍ കോര്‍പ്പറേറ്റ് ശക്തികളാകുമ്പോള്‍. ദുരന്തം പേറുന്ന മനുഷ്യരുടെ സഹനങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതു തന്നെ കരണീയമായത്. കാസര്‍ഗോഡ് കേരളത്തിന്റെ ഭൂപടത്തിലേക്ക് ചേര്‍ക്കപ്പെട്ടത്തിന്റെ രാഷ്ട്രീയ ചരിത്രം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ചരിത്രം മറന്നാലും ഒരു ജനസമൂഹത്തെ മറന്നുകളയാന്‍ കേരളത്തിന്റെ രാഷ്ട്രീയത്തിനോ പൊതുസമൂഹത്തിനോ അനുവാദമില്ല. വികസനമെന്ന പേരില്‍ എവിടെ, എന്തെല്ലാം ചെയ്യുന്നുവെന്നത്, മുന്‍ഗണനാക്രമം എങ്ങനെയെല്ലാം ആര്‍ക്കെല്ലാം വേണ്ടി നിര്‍ണ്ണയിക്കപ്പെടുന്നുവെന്നത് തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ പ്രധാനാപ്പെട്ടതുതന്നെ.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ -സാമൂഹ്യ-സാംസ്‌കാരിക മേഖലകളുടെ അപചയത്തെ സൂചിപ്പിക്കുന്ന അടയാളം കൂടിയാണ്. രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്നവരുടെ മേലുള്ള അദൃശ്യമായ ചരടുകള്‍ ആരുടെയെല്ലാം കൈയിലാണെന്ന് ഇനിയും വ്യക്തമാകാനുണ്ട്. രാഷ്ട്രീയ യാത്രകള്‍ പലതും ദുരന്ത ഭൂമിയില്‍ നിന്നാണ് തുടങ്ങുന്നത്. ദുരന്തം പിന്നെയും ചോദ്യമായി തുടരുന്നു. സെക്രേട്ടറിയറ്റ് പടിക്കല്‍, ദുരിതബാധിതരായ കുട്ടികളെ കിടത്തിയതിനെ വിമര്‍ശിച്ച ആരോഗ്യ മന്ത്രിക്ക് ദയാബായി നല്‍കിയ മറുപടിയില്‍ എല്ലാമുണ്ട്. അവരുടെ വീട്ടില്‍ കാര്യങ്ങള്‍, ദുരിതങ്ങള്‍ ഇതിലും കഷ്ടമാണ് ടീച്ചറേ! നിയമങ്ങളെ കടന്നുപോകുന്ന നീതിക്കായുള്ള സമരസ്വരങ്ങള്‍ ജനാധിപത്യപരമായ നീതിബോധത്തെ അടയാളപ്പെടുത്തുന്നു.


Related Articles

ഫാ. ഡെന്നിസ് പനിപിച്ചൈ മ്യാവൂ രൂപത സഹായമെത്രാൻ

ഫാ ഡെന്നിസ് പനിപിച്ചൈയ മ്യാവൂ രൂപതയുടെ സഹായമെത്രാനായി പരിശുദ്ധ സിംഹാസനം നിയമിച്ചു. നിയമന ഉത്തരവ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനാർഥിപതി പ്രസിദ്ധപ്പെടുത്തി. ഫാ ഡെന്നിസ് പനിപിച്ചൈ തമിഴ്നാട് കൊളച്ചൽ

അരൂകുറ്റി പാദുവാപുരം പള്ളിയിൽ തിരുനാൾ സമ്മാനമായി വാട്ടർ പ്യൂരിഫയർ

വി അന്തോണീസിൻറെ സുപ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ അരൂകുറ്റി പാദുവാപുരം, സെൻറ് ആൻറണീസ് ദേവാലയത്തിൽ 2019 വർഷത്തെ തിരുനാളിന് കൊടിയേറി. വിശുദ്ധ അന്തോനീസിൻറെ രൂപം വഹിച്ചുകൊണ്ടുള്ള കായൽ പ്രദക്ഷിണം പ്രസിദ്ധമാണ്.

300 മത്സ്യത്തൊഴിലാളികളെ കോട്ടപ്പുറം രൂപത ആദരിച്ചു

കോട്ടപ്പുറം: എറണാകുളം-തൃശൂര്‍ ജില്ലയില്‍പ്പെട്ട കോട്ടപ്പുറം രൂപതയുടെ പരിധിയിലുള്ള സ്ഥലങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ യോഗം സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അവരെ ശക്തരാക്കുന്നതിനും വേണ്ടി ബോധവല്‍ക്കരണക്ലാസ് നടത്തി. ജലപ്രളയത്തിന്റെ അവസരത്തില്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*