എഫേസൂസ് സൂനഹദോസ്

നിഖ്യാ സൂനഹദോസിലായിരുന്നല്ലോ പുത്രന്റെ ദൈവത്വം വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസില്‍ പരിശുദ്ധാത്മാവിന്റെ ദൈവത്വം അംഗീകരിച്ചതോടെ ത്രിത്വത്തിലെ മൂന്നുപേര്‍ക്കും (പിതാവ്, പുത്രന്, പരിശുദ്ധാത്മാവ്) ഒരേ സത്തയും ഒരേ ദൈവത്വവുമാണുള്ളതെന്ന് സഭ ഔദ്യോഗികമായി പഠിപ്പിച്ചുതുടങ്ങി. ഇതോടെ ആരിയൂസ് ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെട്ടു. എങ്കിലും സഭയുടെ പണ്ഡിതന്മാര്ക്കിടയില് ക്രിസ്തുവിന്റെ ദൈവസ്വഭാവവും മനുഷ്യസ്വഭാവവും സംബന്ധിച്ച തര്‍ക്കം തുടര്‍ന്നുകൊണ്ടേയിരുന്നു. ഓരോ വിഭാഗവും എതിര്വാദക്കാരില് പാഷണ്ഡത ആരോപിക്കുന്നതും തുടര്‍ന്നു. ദൈവമെന്ന മഹാരഹസ്യത്തെ വ്യത്യസ്ത വീക്ഷണകോണുകളിലൂടെ കാണാന്‍ ശ്രമിച്ചതാണ് ഈ ഭിന്നതകള്‍ക്കു കാരണമെന്ന് നമുക്ക് മനസിലാക്കാനാകും.
കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസായിരുന്ന നെസ്തോറിയസ് അവതരിപ്പിച്ച പുതിയ സിദ്ധാന്തം സഭയില്‍ വീണ്ടും കലഹത്തിന് കാരണമായി. പരിശുദ്ധ മറിയത്തെ ദൈവത്തിന്റെ അമ്മ എന്ന് സംബോധന ചെയ്യേണ്ടതില്ലെന്നും ക്രിസ്തുവിന്റെ അമ്മയായി വിശേഷിപ്പിച്ചാല്‍ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന്റെ ചുരുക്കം. മറിയത്തെ ദൈവമാതാവ് എന്നു വിളിക്കുന്നതിനെ നെസ്തോറിയന്പക്ഷക്കാരായ വൈദികര്‍ എതിര്‍ക്കാന്‍ തുടങ്ങി. അലക്സാണ്ട്രിയായിലെ പാത്രിയാര്‍ക്കിസായിരുന്ന സിറിള്‍ ഈ സിദ്ധാന്തത്തെ ശക്തമായി എതിര്‍ത്തു. തന്റെ ഇടയലേഖനങ്ങളിലൂടെ നെസ്തോറിയസിന്റെ പഠനങ്ങളെ സിറിള്‍ എതിര്‍ത്തു. നെസ്തോറിയസ് തന്റെ സിദ്ധാന്തത്തില്‍ ഉറച്ചുനിന്നു. എഡി 430ല്‍ റോമില്‍ സെലസ്റ്റിന്‍ ഒന്നാമന് പാപ്പായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രാദേശിക സിനഡില്‍ സിറിളിന്റെ ആശയം ശരിവച്ചു. മറിയം ദൈവമാതാവാണെന്ന സിനഡിന്റെ തീര്‍പ്പ് 10 ദിവസത്തിനകം നെസ്തോറിയന്‍ പക്ഷക്കാര്‍ അംഗീകരിക്കണമെന്നും നിശ്ചയിച്ചു. പ്രശ്നം ഏറെ സങ്കീര്‍ണമാണെന്നും പൊതുസിനഡ് വിളിക്കണമെന്നും ആവശ്യമുയര്‍ന്നതോടെ അന്നത്തെ ചക്രവര്‍ത്തിയായിരുന്ന തെയഡോഷ്യസ് രണ്ടാമന് എഫേസൂസില്‍ സൂനഹദോസ് വിളിച്ചുകൂട്ടി. 431 ജൂണ്‍ 22ന് ആരംഭിച്ച സൂനഹദോസ് പല ഘട്ടങ്ങളായാണ് പൂര്‍ത്തിയായത്. അലക്സാണ്ട്രിയായിലെ പാത്രിയാര്‍ക്കിസായിരുന്ന സിറിളിനെ സൂനഹദോസിന്റെ അധ്യക്ഷനായി നിശ്ചയിക്കുകയും ചെയ്തു.
മിശിഹായുടെ ദൈവമനുഷ്യപ്രകൃതികളെ വികലമായി ചിത്രീകരിക്കുന്നതാണ് നെസ്തോറിയസിന്റെ വാദങ്ങളെന്ന് സൂനഹദോസ് തീര്പ്പുകല്പിച്ചു. നെസ്തോറിയസിന്റെ വാദങ്ങള്‍ പാഷണ്ഡതയാണെന്നും വിധിച്ചു. നെസ്തോറിയസിന്റെ പട്ടം എടുത്തുകളയുകയും സാധാരണ വിശ്വാസിയുടെ തലത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. സൂനഹദോസില്‍ പങ്കെടുത്ത 198 മെത്രാന്മാരും തീരുമാനം അംഗീകരിച്ചു. എന്നാല്‍ സൂനഹദോസില്‍ വൈകിയെത്തിയ 43 മെത്രാന്മാര് ഈ തീരുമാനത്തെ എതിര്‍ത്തു. ഇവരുമായി ചര്‍ച്ച നടത്താന്‍ ചക്രവര്‍ത്തി സിറിളിനെ ചുമതലപ്പെടുത്തി. രണ്ടു വര്‍ഷത്തിനു ശേഷം ഉരുത്തിരിഞ്ഞ ഐക്യഫോര്‍മുല പ്രകാരം ഈ മെത്രാന്മാരും എഫേസൂസ് സൂനഹദോസിലെ തീരുമാനങ്ങള്‍ അംഗീകരിച്ചു. നെസ്തോറിയസിനെ ഈജിപ്തിലെ ഖാര്‍ഗെ മരുഭൂമിയിലേക്ക് നാടുകടത്തി. ഈ സൂനഹദോസിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായാണ് സിക്സ്റ്റസ് മൂന്നാമന് പാപ്പാ (432-440) റോമിലെ മരിയ മജോരെ ബസിലിക്കയുടെ കവാടത്തില്‍ മാതാവിനെ മൊസെയ്ക് കൊണ്ട് അലങ്കരിച്ചത്.
Related
Related Articles
മറിയത്തിന്റെ സ്വര്‍ഗാരോപണത്തിന്റെ ദൈവശാസ്ത്രം
ഡോ. ഗ്രിംബാള്‍ഡ് ലന്തപ്പറമ്പില്‍ പരിധിയും പരിമിതിയുമുള്ള മനുഷ്യന്റെ എക്കാലത്തേയും ആന്തരീകദാഹമാണ്, അപരിമേയനും, അനിര്‍വചനീയനും, അപാരതയും, സമ്പൂര്‍ണ്ണനുമായ ദൈവത്തില്‍ എത്തിച്ചേര്‍ന്ന് ജീവിതം ശാശ്വതവും, സുന്ദരവും പരിപൂര്ണ്ണവുമാക്കണം എന്ന
വിധവയുടെ കാണിക്ക: ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ First Reading: 1 Kings 17:10-16 Responsorial Psalm: Psalm 146:7, 8-9, 9-10 Second Reading: Hebrews 9:24-28 Gospel Reading: Mark 12:38-44 വിചിന്തനം:- വിധവയുടെ
യൂത്ത് സെന്‍സസ് ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ ഉദ്ഘാടനം ചെയ്തു
എറണാകുളം: കെആര്‍എല്‍സിബിസി യുവജന കമ്മീഷന്റെയും എല്‍സിവൈഎം സംസ്ഥാന സമിതിയുടെയും നേതൃത്വത്തില്‍ നടക്കുന്ന യൂത്ത് സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം കെആര്‍എല്‍സിസി ഓഫീസില്‍ ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ നിര്‍വഹിച്ചു.