എഫ്. ഡി. എം സന്യാസസഭയുടെ വിശദീകരണം

എഫ്. ഡി. എം സന്യാസസഭയുടെ വിശദീകരണം

ഡോട്ടേഴ്‌സ് ഓഫ് ഔര്‍ ലേഡി ഓഫ് മേഴ്‌സി (FDM Daughters of Our Lady of Mercy) എന്ന ഞങ്ങളുടെ സന്യാസ സഭയിലെ അംഗമായിരുന്ന സിസ്റ്റര്‍ എല്‍സീന (സുധ കെ.വി) കഴിഞ്ഞ ദിവസം തന്റെ ജീവനുമേല്‍ ഭീഷണിയുണ്ട് എന്ന പേരില്‍ ഇറക്കിയ ഒരു വീഡിയോയെക്കുറിച്ച് സിസ്റ്റര്‍ എല്‍സീന അംഗമായ എഫ്. ഡി. എം സന്യാസസഭയുടെ വിശദീകരണം:

2002 ല്‍ ആദ്യവ്രത വാഗ്ദാനം നടത്തി സന്യാസവസ്ത്രം സ്വീകരിച്ച്, 2008 ല്‍ നിത്യവ്രതം ചെയ്ത് ഞങ്ങളുടെ സന്യാസസഭയുടെ അംഗമായി മാറിയ സിസ്റ്റര്‍ എല്‍സീന ഡിഗ്രി പഠനത്തിന് ശേഷം ഞങ്ങളുടെ വിവിധ സന്യാസ ഭവനങ്ങളില്‍ സേവനം അനുഷ്ഠിച്ചു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കര്‍ണ്ണാടകയിലെ ഗോണികൊപ്പ, ദേവരപുര എന്ന സ്ഥലത്തിനടുത്ത് ഐ. എം. എസ് ഫാദേഴ്‌സിന്റെ മടിക്കേരി സ്‌പെഷ്യല്‍ സ്‌കൂളില്‍ ടീച്ചറായി സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു.

അതേ സമയം 2020 ല്‍ കൊറോണ വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ആ പ്രദേശത്ത് ഹോം സ്‌റ്റേ നടത്തിയിരുന്ന ഒരു മലയാളി യുവാവ് ജോലി ഇല്ലാതെ ബുദ്ധിമുട്ടുകയും ഐ. എം. എസ് ഫാദേഴ്‌സിനെ സമീപിച്ച് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ കനിവ് തോന്നിയ സുപ്പീരിയറച്ചന്‍ ആശ്രമത്തിന്റെ കുളം മീന്‍ വളര്‍ത്താനായി ഈ യുവാവിന് പാട്ടത്തിന് കൊടുക്കുകയും ചെയ്തു. ബെഞ്ചമിന്‍ എന്ന ഈ യുവാവ് കേരളത്തില്‍ മാധ്യമരംഗത്ത് ജോലി ചെയ്തിരുന്ന വ്യക്തിയും ജോലിസംബന്ധമായി ചിലരുടെ ഭീഷണി മൂലം നാട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടതായും വന്ന സാഹര്യത്തില്‍ ആണ് കര്‍ണ്ണാടകത്തില്‍ എത്തപ്പെടുന്നത്.

സിസ്റ്റര്‍ എല്‍സീനയും ഈ യുവാവും വളരെപ്പെട്ടെന്ന് തന്നെ സൗഹൃദത്തില്‍ ആവുകയും സിസ്റ്റര്‍ എല്‍സീനയുടെ സഹോദരന്റെ പുത്രനെ ഈ യുവാവിന് ഒപ്പം കൊണ്ടുവന്ന് നിര്‍ത്തുകയും ഇവര്‍ ഒരുമിച്ച് തോട്ടം ഏറ്റെടുത്ത് ജോലി ചെയ്തുവരുകയും ആയിരുന്നു. അങ്ങനെയിരിക്കെ ആശ്രമത്തിലെ പഴയ എസ്‌റ്റേറ്റ് മാനേജര്‍ മാറി പുതിയ എസ്‌റ്റേറ്റ് മാനേജര്‍ ചുമതല ഏറ്റെടുത്തു. ബെഞ്ചമിന്‍ എന്ന യുവാവിന് പാട്ടത്തിന് കൊടുത്തിരുന്ന എഗ്രിമെന്റ് പുതുക്കാന്‍ പുതിയ മാനേജരച്ചന്‍ വിസമ്മതിച്ചതോടെ ഈ യുവാവിന് ഐ. എം. എസ് വൈദികരോട് വല്ലാത്ത വൈരാഗ്യമായി. ആ വ്യക്തിയുടെ ഭൂതകാലത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും ചില സംശയങ്ങള്‍ പലര്‍ക്കും ഉയര്‍ന്നിരുന്നതിനാലാണ് അയാളുമായുള്ള കരാര്‍ പുതുക്കാന്‍ പുതിയ മാനേജര്‍ വിസമ്മതിച്ചത് എന്നുള്ളതായിരുന്നു വാസ്തവം.

സിസ്റ്റര്‍ എല്‍സീനയോടും ഇവരുടെ സഹോദര പുത്രനോടും അടുപ്പത്തിലായ ആ യുവാവ് സിസ്റ്റര്‍ എല്‍സീനയുടെ അപ്പച്ചനോടും സഹോദരനോടും വളരെ വേഗം സൗഹൃദം സ്ഥാപിക്കുകയും അവരുടെ ഭവനത്തിലെ നിത്യ സന്ദര്‍ശകന്‍ ആകുകയും ചെയ്തതിനാല്‍ സിസ്റ്റര്‍ എല്‍സീനയുടെ അമ്മയും സന്യാസിനിയായ മൂത്ത സഹോദരിയും ഒഴിച്ച് ആ കുടുംബത്തിലെ ബാക്കിയെല്ലാവരും ഈ യുവാവിന്റെ നിയന്ത്രണത്തിലായി. തുടര്‍ന്നുള്ള നാളുകളില്‍ തനിക്ക് വൈദികരോടുള്ള വിരോധം തീര്‍ക്കാന്‍ ബെഞ്ചമിന്‍ സി. എല്‍സീനയെ കരുവാക്കുകയായിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

2022 ജനുവരി മുതല്‍ സിസ്റ്റര്‍ എല്‍സീനയുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നിന്ന് അധികാരികള്‍ നേരിട്ട് അവരുടെ മഠത്തില്‍ എത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ പരിശ്രമിച്ചു. പക്ഷെ പലപ്പോഴും സിസ്റ്റര്‍ എല്‍സീന വികാര വിക്ഷോഭത്തോടെ പ്രവര്‍ത്തിക്കുകയും ആക്രമണോത്സുകയായി പെരുമാറുകയും ചെയ്തു. സഹസന്യാസിനിമാരെ അധിക്ഷേപിച്ച് സംസാരിക്കുകയും താന്‍ ആത്മഹത്യ ചെയ്യുമെന്നും കുറ്റം മുഴുവന്‍ സന്യാസ സഭയിലെ അംഗങ്ങളുടെ തലയില്‍ പഴിചാരും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മദര്‍ പ്രൊവിന്‍ഷ്യാളും കൗണ്‍സിലേഴ്‌സും പല പ്രാവശ്യം സിസ്റ്റര്‍ എല്‍സീനയുടെ മഠത്തില്‍ നേരിട്ട് എത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരിശ്രമിച്ചപ്പോഴും എല്ലാം സിസ്റ്റര്‍ എല്‍സീന സുഹൃത്തായ യുവാവുമായി ഫോണ്‍ വഴി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ആ യുവാവ് പറയുന്നതുപോലെ എല്ലാം എഫ്. ഡി. എം സിസ്‌റ്റേഴ്‌സും ഐ. എം. എസ് ഫാദേഴ്‌സും ചെയ്യണം എന്ന് ശാഠ്യം പിടിക്കുകയും ചെയ്തു.

പുറത്തുനിന്നുള്ള ഒരു വ്യക്തിയുടെ നിര്‍ദ്ദേശം അനുസരിച്ച് പെരുമാറുന്ന സിസ്റ്റര്‍ എല്‍സീന അനുദിനവും വല്ലാതെ അഗ്രസീവ് ആകാന്‍ തുടങ്ങിയതോടെ, മറ്റൊരു സന്യാസസഭയിലെ കന്യാസ്ത്രീ കൂടിയായ സിസ്റ്റര്‍ എല്‍സീനയുടെ മൂത്ത സഹോദരിയെ പ്രശ്‌നങ്ങളുടെ ഗൗരവം പറഞ്ഞ് മനസ്സിലാക്കാന്‍ ഞങ്ങള്‍ അധികാരികള്‍ തീരുമാനിച്ചു. അതനുസരിച്ച് സിസ്റ്റര്‍ എല്‍സീനയുടെ മൂത്ത സഹോദരിയായ കന്യാസ്ത്രീയെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ കാര്യത്തിന്റെ ഗൗരവം മനസിലായ സഹോദരി സ്വന്തം അമ്മയോട് ഈ വിഷയം സംസാരിച്ച് സമ്മതം വാങ്ങിയതിന് ശേഷം സിസ്റ്റര്‍ എല്‍സീനയെ എത്രയും വേഗം ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ മുന്‍കൈയെടുത്തു. ചികിത്സയ്ക്ക് പോകാന്‍ സഹോദരിയായ സന്യാസിനി പല പ്രാവശ്യം സിസ്റ്റര്‍ എല്‍സീനയെ ഉപദേശിച്ചുവെങ്കിലും അവള്‍ ആ ഉപദേശങ്ങള്‍ ഒന്നും മുഖവിലയ്ക്ക് എടുത്തില്ല. മാര്‍ച്ച് മാസം പകുതിയോടെ 10 ദിവസത്തെ അവധിക്ക് വീട്ടില്‍ പോവുകയാണ് എന്ന് പറഞ്ഞ് മഠത്തില്‍ നിന്നും ഇറങ്ങിയ സിസ്റ്റര്‍ എല്‍സീന മാതാപിതാക്കളെ കാണാന്‍ സ്വന്തം ഭവനത്തില്‍ പോലും പോകാതെ ആ യുവാവിന്റെ കൂടെ തങ്ങുകയാണ് ചെയ്തത് എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ തെളിഞ്ഞു.

ഞങ്ങളുടെ സഭയില്‍ തുടര്‍ന്ന് താമസിച്ചാല്‍ തന്റെ ജീവന്‍ അപകടത്തിലാകുമെന്നും തന്റെ മരണത്തിന് കാരണം എഫ്. ഡി. എം സന്യാസ സഭയിലെ അംഗങ്ങള്‍ ആയിരിക്കും എന്നീ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ ക്ലിപ്പ് സിസ്റ്റര്‍ എല്‍സീന മുന്‍കൂട്ടി തയ്യാറാക്കി സുഹൃത്തായ യുവാവിനും സഹോദര പുത്രനും ഏതാനും ദിവസങ്ങള്‍ മുമ്പ് അയച്ച് കൊടുത്തിരുന്നു. ആദ്യം കന്നഡയില്‍ പറയുന്ന വീഡിയോ വാട്ട്‌സ്ആപ്പ് വഴിയും ഫെയ്‌സ്ബുക്ക് വഴിയും കര്‍ണ്ണാടകത്തില്‍ പടര്‍ന്നപ്പോള്‍ സിസ്റ്റര്‍ എല്‍സീനയുടെ സ്വന്തം സഹോദരി തന്നെ രംഗത്ത് വന്ന് സത്യാവസ്ഥ വ്യക്തമാക്കുകയും സത്യം മനസ്സിലാക്കിയ കര്‍ണ്ണാടകത്തിലെ മാധ്യമങ്ങള്‍ നിശബ്ദത പാലിച്ചപ്പോള്‍, ബെഞ്ചമിന്റെ നേതൃത്വത്തില്‍ സിസ്റ്റര്‍ എല്‍സീനയെ കൊണ്ട് സത്യവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് പുതിയ ഒരു വീഡിയോ ക്ലിപ്പ് മലയാളത്തില്‍ ജൂണ്‍ 6 ആം തീയതി ഇറക്കി. ആ വീഡിയോ ക്ലിപ്പ് കേരളത്തിലെ മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയവഴിയും പരസ്യപ്പെടുത്തി ഞങ്ങളുടെ സന്യാസസഭയുടെ സല്‍പ്പേര് നശിപ്പിക്കാന്‍ ഇവര്‍ പരിശ്രമിക്കുകയും ചെയ്യുന്നത് തീര്‍ത്തും വേദനാജനകമാണ്. സഭയോട് എന്നതിനേക്കാള്‍, സി എല്‍സീനയോട് തന്നെയാണ് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ കൂടുതല്‍ വലിയ പാതകം ചെയ്തുകൊണ്ടിരിക്കുന്നത്. ചികിത്സ ആവശ്യമായിരിക്കുന്ന ഈ സാഹചര്യത്തില്‍ അവര്‍ക്ക് അത് ലഭ്യമാക്കി തിരികെ വരാനുള്ള സാഹചര്യം ഒരുക്കി നല്‍കുകയാണ് ആവശ്യം. ഇക്കാര്യം കര്‍ണാടക പൊലീസിന് വ്യക്തമായിട്ടുള്ളതാണ്.

ജൂണ്‍ ആദ്യ ദിനങ്ങളില്‍ സിസ്റ്റര്‍ എല്‍സീനയുടെ സ്വന്തം സഹോദരിയുടെ നേതൃത്വത്തില്‍ മൈസൂര്‍ സൗത്തിലെ സെന്റ് മേരീസ് ഹോസ്പിറ്റലില്‍ അവളെ കൗണ്‍സിലിങ്ങിനായി അഡ്മിറ്റ് ചെയ്തിരുന്നു. എന്നാല്‍ സിസ്റ്റര്‍ എല്‍സീനയെ കാണ്‍മാനില്ല എന്നു പറഞ്ഞ് സുഹൃത്തായ യുവാവിന്റെ കൂടെ താമസിക്കുന്ന സഹോദര പുത്രന്‍ പോലീസില്‍ പരാതി കൊടുത്തു. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തുകയും സ്വന്തം സഹോദരി തന്നെ ആണ് ചികിത്സയ്ക്കു വേണ്ടി സിസ്റ്റര്‍ എല്‍സീനയെ കൊണ്ടു പോയിരിക്കുന്നത് എന്ന് പോലീസിന് വ്യക്തമാകുകയും ചെയ്തു.

സിസ്റ്റര്‍ എല്‍സീന ഹോസ്പ്പിറ്റലില്‍ ഉണ്ടെന്നറിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ഉള്ളില്‍ അച്ഛനും രണ്ട് സഹോദര പുത്രന്‍മാരും സുഹൃത്തായ യുവാവിന്റെ കൂടെ വന്ന് ഡോക്ടറുടെ ഉപദേശത്തിന് വിരുദ്ധമായി അവളെ ഡിസ്ചാര്‍ജ് ചെയ്തു കൊണ്ട് പോകാന്‍ പരിശ്രമിച്ചപ്പോള്‍ ആശുപത്രിയിയില്‍ ഉണ്ടായിരുന്ന പോലീസ് ഓഫീസര്‍ സിസ്റ്റര്‍ എല്‍സീനയോട് സ്വന്തം ഇഷ്ടപ്രകാരമാണ് ഡിസ്ചാര്‍ജ് വാങ്ങുന്നതെന്ന് രേഖാമൂലം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥനില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു വിഫലശ്രമം നടത്തിയെങ്കിലും അവര്‍ സിസ്റ്റര്‍ എല്‍സീനയെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ ഡിസ്ചാര്‍ജ് വാങ്ങുന്നതെന്ന് എഴുതി വാങ്ങിച്ചതിന് ശേഷം പിതാവിനും കൂട്ടര്‍ക്കും ഒപ്പം പറഞ്ഞ് അയയ്ക്കുകയും ചെയ്തു.

ചുരിദാര്‍ ധരിച്ച് പിതാവിനോടും കൂട്ടരോടും ഒപ്പം പോയ സിസ്റ്റര്‍ എല്‍സീന ബാഹ്യശക്തികളുടെ പ്രേരണയാല്‍ വീണ്ടും ഇന്നലെ (ജൂണ്‍ ആറാം തീയതി) സന്യാസ വസ്ത്രം തിരികെ വേണമെന്ന് പറഞ്ഞ് മഠത്തിലേയ്ക്ക് തിരികെ വന്നു. എങ്കിലും ഞങ്ങളുടെ സന്യാസ സഭയുടെ നിയമം അനുസരിച്ച് അധികാരികളുടെ അനുവാദം കൂടാതെ സിസ്റ്റര്‍ എല്‍സീന സന്യാസ സമൂഹത്തിന് പുറത്ത് പോയതിനാല്‍ സമൂഹത്തിലേയ്ക്ക് തിരികെ വരാത്തിടത്തോളം കാലം ഞങ്ങളുടെ സഭാവസ്ത്രം നല്‍കാന്‍ സാധിക്കില്ല. പ്രത്യേകിച്ച് െ്രെകസ്തവ സന്യാസത്തെയും കത്തോലിക്കാ സഭയെയും താറടിച്ചു കാണിക്കാന്‍ പലരും സന്യാസവസ്ത്രം ഒരു അലങ്കാരമായി ഉപയോഗിക്കുന്ന പ്രവണത കൂടി വരുന്ന ഒരു സാഹചര്യമാണ് ഇന്ന് നമ്മുടെ ചുറ്റിലും ഉള്ളത്.

ഈ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളെല്ലാം ഇറ്റലിയിലുള്ള ഞങ്ങളുടെ സന്യാസ സഭയുടെ ഉന്നതാധികാരികളെ ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. സിസ്റ്റര്‍ എല്‍സീന മാതാപിതാക്കളോടൊപ്പം താമസിക്കുന്നുവെന്നാണ് ഇപ്പോള്‍ ഞങ്ങളോട് പറഞ്ഞിരിക്കുന്നത്. ഈ സംഭവവികാസങ്ങള്‍ ഗൗരവ സ്വഭാവമുള്ളതാകയാല്‍, ഞങ്ങളുടെ ഉന്നതാധികാരികളില്‍ നിന്ന് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. അതിനുശേഷം തുടര്‍നടപടികളുമായി മുന്നോട്ട് പോകുന്ന കാര്യത്തില്‍ ഞങ്ങള്‍ തീരുമാനം എടുക്കുന്നതാണ്.

ഈ ദിവസങ്ങളില്‍ സത്യാവസ്ഥ അറിയുവാനും പ്രതിസന്ധി ഘട്ടങ്ങളില്‍ തളരാതെ ദൈവത്തില്‍ ആശ്രയിച്ച് പിടിച്ചു നില്‍ക്കുവാന്‍ ഞങ്ങളെ ശക്തിപ്പെടുത്തുകയും ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ഞങ്ങളെ പലതരത്തില്‍ സഹായിക്കുകയും ചെയ്ത ഓരോരുത്തരോടും നന്ദി നിറഞ്ഞ ഹൃദയത്തോടെ…

Sr. Margaret
Mother Provincial

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

നിപ്പയും കൊറോണയും പഠിപ്പിക്കുന്നത്

നിപ്പയും കൊറോണയും പഠിപ്പിക്കുന്നത് മനുഷ്യന്റെ നിസാരതയെപ്പറ്റി തന്നെ. എന്തൊക്കെ നേടിയിട്ടുണ്ടെന്ന് വീമ്പിളക്കിയാലും പ്രകൃതിയുടെ കടന്നാക്രമണത്തിനുമുന്നില്‍ മനുഷ്യന്‍ എത്ര നിസാരനും ചെറിയവനുമാണ്. അവനെക്കാള്‍ വളരെ ചെറുതായ സൂക്ഷ്മ ദര്‍ശിനികൊണ്ടുമാത്രം

സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട 2019- 20 അധ്യയന വര്‍ഷത്തില്‍

കര്‍ഷക സമരത്തിന് പിന്തുണയുമായി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങള്‍

കൊച്ചി:കര്‍ഷക സമരത്തിന് പിന്തുണയുമായി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങള്‍ മനുഷ്യ വലയം തീര്‍ത്തു. എറണാകുളം മറൈന്‍ മറൈന്‍ ഡ്രൈവില്‍ കെ ആര്‍ എല്‍ സി സി വൈസ് പ്രസിഡന്റ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*