Breaking News
എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം
ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്കതിര്കണക്കെ എളിമയോടെ നില്ക്കാന് കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല
...0വിശുദ്ധ ദേവസഹായത്തിന്റെ ആദ്യ കുരിശടി കട്ടക്കോട്
നെയ്യാറ്റിന്‍കര: കട്ടക്കോട് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ ദേവസഹായത്തിന്റെ നാമധേയത്തിലുള്ള ആദ്യ കുരിശടിയുടെ ആശീര്‍വാദം നടന്നു. ഭക്തിസാന്ദ്രമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
...0ചാവല്ലൂര്‍ പൊറ്റയില്‍ ദേവസഹായത്തിന്റെ വിശുദ്ധപദ ആഘോഷം
നെയ്യാറ്റിന്‍കര: വിശുദ്ധ ദേവസഹായത്തിന്റെ പേരിലുള്ള ആദ്യ ദേവാലയമായ നെയ്യാറ്റിന്‍കര രൂപതയിലെ ചാവല്ലൂര്‍പൊറ്റയില്‍ ദേവസഹായത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയതിന്റെ ആഘോഷം നടന്നു. നെയ്യാറ്റിന്‍കര
...0പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍
തിരുവനന്തപുരം: ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്തിയ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് തിരുവനന്തപുരം അതിരൂപതയിലെ പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു.
...0വിശുദ്ധപദം ആഘോഷമാക്കി കമുകിന്‍കോട് ദേവാലയം
നെയ്യാറ്റിന്‍കര: ദേവസഹായത്തിന്റെ വിശുദ്ധപദ പ്രഖ്യാപനത്തോട് അനുബന്ധിച്ച് കമുകിന്‍കോട് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിസാന്ദ്രമായി ആഘോഷങ്ങള്‍ നടന്നു. മേയ് 15ന് രാവിലെ അര്‍പ്പിച്ച
...0റവ ഡോ. ചാള്‍സ് ലിയോണ്‍ സിസിബിഐ വോക്കേഷന് കമ്മീഷന് സെക്രട്ടറി
ബംഗളുരു: ഭാരതത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയുടെ (സിസിബിഐ) വോക്കേഷന് കമ്മീഷന് സെക്രട്ടറിയായി റവ. ഡോ. ചാള്‍സ് ലിയോണ്‍ നിയമിതനായി.
...0
എല്ലാവര്ക്കും എല്ലാമായി അനുപമനായ ഒരാള്‍

എല്ലാവര്ക്കും എല്ലാമായിത്തീര്‍ന്ന ഒരാള്‍ക്ക് സാര്‍വത്രിക സ്വീകാര്യത കൈവരിക തീര്‍ത്തും സ്വാഭാവികം. ജാതി, മതഭേദങ്ങളെപ്പോലും ഉല്ലംഖിച്ച ആ സ്വീകാര്യതയായിരുന്നു പുണ്യശ്ലോകനായ ജോസഫ് അട്ടിപ്പേറ്റി പിതാവിന്റെ മഹിതജീവിതത്തിന്റെ മുഖമുദ്രകളിലൊന്ന്. ജീവിതകാലത്ത് പൊതുസമൂഹത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്ര സ്വീകാര്യതയും ആദരണീയതയും മറ്റേതെങ്കിലും ക്രൈസ്തവ ആത്മീയ ആചാര്യന് ഉണ്ടായിരുന്നുവോ എന്നു സംശയം. സമസ്ത കേരള സാഹിത്യ പരിഷത്ത് പോലുള്ള വേദികളിലേക്ക് അട്ടിപ്പേറ്റി പിതാവ് പലകുറി ക്ഷണിക്കപ്പെട്ടത് അതുകൊണ്ടത്രേ. റോബിന് ജെഫ്രിയെപ്പോലുള്ള പണ്ഡിതശ്രേഷ്ഠരുടെ ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന്റെ ആത്മീയ, സാമൂഹ്യ, സാമുദായിക ആധികാരികത്വം അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളതിന്റെ കാരണവും മറ്റൊന്നല്ല.
എല്ലാവര്ക്കും എല്ലാമാവുക എന്നുവച്ചാല്‍ പൂര്‍ണഹൃദയത്തോടും പൂര്ണആത്മാവോടുംകൂടി ദൈവത്തെ സ്നേഹിക്കുകയെന്നും, അതോടൊപ്പം അതേപ്രാധാന്യത്തില് അപരനെയും തന്നെപ്പോലെ സ്നേഹിക്കുക എന്നും അര്‍ത്ഥം. വിശേഷിച്ചും അരികുവല്‍ക്കരണത്തിന് ഇരയായിപ്പോയ ഹതഭാഗ്യരെ. അട്ടിപ്പേറ്റി പിതാവ് അത്തരത്തില്‍ ദൈവപ്രമാണങ്ങള്‍ ശിരസാവഹിച്ചതിന്റെ സാക്ഷ്യങ്ങള്‍ കാലാതിവര്‍ത്തികളായി എമ്പാടുമുണ്ടല്ലോ. പുണ്യപൂരിതവും സേവനവ്യഗ്രവുമായ ആ കര്‍മകാണ്ഡത്തിനു സാക്ഷികളായി മുതിര്‍ന്ന തലമുറയില്‍പ്പെട്ട കുറേപ്പേരെങ്കിലും ശേഷിക്കുന്നുമുണ്ട്.
ഭാഗ്യം ചെയ്ത ആ തലമുറയിലെ ഒരു ”കുട്ടി”യാണു ഞാന്‍. അട്ടിപ്പേറ്റി പിതാവിന്റെ കബറടക്ക ശുശ്രൂഷകളില്‍ പങ്കുചേരുമ്പോള്‍ എനിക്കു കഷ്ടിച്ചു 15 വയസാണ്. പത്താംക്ലാസില്‍ പഠിക്കുന്നു. കൗമാരകൗതുകത്തോടെയാണു മഹച്ചരമവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വായിച്ചത്. അതിനു കണ്ണീരിന്റെ അകമ്പടിയുണ്ടായി. എല്ലാവര്ക്കും എല്ലാമായവനാണല്ലോ കടന്നുപോകുന്നത് എന്ന തിരിച്ചറിവായിരുന്നു അതിനു കാരണം.
പല കാര്യങ്ങളിലും അട്ടിപ്പേറ്റി പിതാവിന് ഒരു അനുപമത്വമുണ്ട്. അദ്ദേഹത്തിനു സമം അദ്ദേഹം മാത്രം. അവയില്‍ ചിലതിനെ അന്നത്തെ പതിനഞ്ചുകാരന് കുട്ടി ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെ മഹച്ചരമവും കബറടക്കശുശ്രൂഷയും പോലും ഒരപൂര്‍വതയായിരുന്നു. ഇന്നും ബ്രേക്ക് ചെയ്യപ്പെടാത്ത ഒരു റെക്കോഡ്. അഖിലേന്ത്യാ മെത്രാന്‍സമിതിയുടെ സമ്പൂര്‍ണ സമ്മേളനം എറണാകുളത്ത് നടക്കുന്നു.
മുഖ്യസംഘാടകനും മുഖ്യആതിഥേയനുമായ ആള് അതിന്റെ പരിസമാപ്തിയില്‍ അന്ത്യയാത്രയാവുക! എന്തൊരപൂര്വതയാണത്! ഇന്ത്യയിലെ ഏതാണ്ട് എല്ലാ മെത്രാന്മാരും മെത്രാപ്പോലീത്തമാരും പങ്കെടുത്ത ഒരു കബറടക്കശുശ്രൂഷ അതിനുമുമ്പോ അതിനുശേഷമോ ഉണ്ടായിട്ടുമില്ല!
അട്ടിപ്പേറ്റി പിതാവിന്റെ ആത്മസുഹൃത്തും ബോംബെ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായിരുന്ന കര്‍ദിനാള്‍ ഡോ. വലേറിയന്‍ ഗ്രേഷ്യസ് ആയിരുന്നു ദിവ്യബലിയിലും കബറടക്ക ശുശ്രൂഷകളിലെയും മുഖ്യകാര്മികന്. ദിവ്യബലിക്കിടെ അന്ത്യോപചാരപ്രഭാഷണം നടത്തിയതും അദ്ദേഹമായിരുന്നു. മഹച്ചരമത്തിന്റെ മൂന്നാംനാള്‍ ആയിരുന്നു കബറടക്കം എന്നാണ് ഓര്മ. എറണാകുളം നഗരം ആ ദിനങ്ങളില്‍ തീവ്രദുഃഖത്തിന്റെ കരിമ്പടം പുതച്ചു. എല്ലാ വഴികളും ആ പൂജ്യശരീരം പൊതുദര്‍ശനത്തിനു കിടത്തിയിരുന്ന സെന്റ് ആല്‍ബര്‍ട്സ് ഗ്രൗണ്ടിലേക്ക് എന്നതായിരുന്നു നില. വിങ്ങിയും വിതുമ്പിയും പതിനായിരങ്ങള്‍ അണിമുറിയാതെ അന്ത്യാഞ്ജലിയര്‍പ്പിച്ചു നീങ്ങി. എറണാകുളത്തു മാത്രമല്ല, പശ്ചിമകൊച്ചിയിലും ആലുവയില്പോലും പുഷ്പചക്രങ്ങള്‍ കിട്ടാനില്ലായിരുന്നു. എല്ലാം വിറ്റു തീര്‍ന്നിരുന്നു. പുഷ്പാഞ്ജലിക്കു പകരം പലര്‍ക്കും ബാഷ്പാഞ്ജലികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. മാധ്യമപ്രവര്ത്തകന് എന്ന നിലയില്‍ പിന്‍ക്കാലത്ത് നിരവധി ക്രൈസ്തവ ആചാര്യശ്രേഷ്ഠന്മാരുടെ ദേഹവിയോഗങ്ങളും സംസ്കാര ശുശ്രൂഷകളും റിപ്പോര്‍ട്ട് ചെയ്യാന്‍ ഞാന്‍ നിയുക്തനായിട്ടുണ്ട്. എന്റെ ഓര്‍മകളില്‍ പക്ഷേ അട്ടിപ്പേറ്റി പിതാവിന്റെ കബറടക്ക ശുശ്രൂഷ അനുപമമായി ഇന്നും നിലകൊള്ളുന്നു!
മലയാളം മീഡിയം പഴയ പത്താം ക്ലാസിന്റെ ഇംഗ്ലീഷ് പരിജ്ഞാനത്തിനു പരിമിതികള്‍ തീര്‍ച്ചയാണെങ്കിലും എനിക്ക് കര്‍ദിനാള്‍ വലേറിയന്‍ ഗ്രേഷ്യസിന്റെ പ്രൗഢഗംഭീരമായ പ്രഭാഷണത്തിന്റെ അന്തസത്ത പിടികിട്ടി എന്നതാണ് വസ്തുത! എന്റെ ആംഗലഭാഷാ വ്യുത്പത്തിയേക്കാള് അതിനു സഹായമായത് ആജാനബാഹുവായ കര്‍ദിനാളിന്റെ ഭാവഹാദികളും ആംഗ്യവിക്ഷേപങ്ങളും സ്വരനിയന്ത്രണത്തിലെ ചടുലതയുമത്രെ. ഇദ്ദേഹം ആരാണെന്നും പറഞ്ഞത് എന്തൊക്കെയാണെന്നും ഞാന്‍ പലരോടും ചോദിച്ചു മനസിലാക്കുകയുണ്ടായെന്നതും വാസ്തവം.
ഇന്ത്യയില്‍ അക്കാലത്ത് ജീവിച്ചിരുന്ന ഏറ്റവും പ്രഗത്ഭരായ രണ്ടു പ്രസംഗകരില്‍ ഒരാളാണ് കര്‍ദിനാള്‍ വലേറിയന്‍ ഗ്രേഷ്യസ് എന്ന് അങ്ങനെ എനിക്കു മനസിലാക്കാനായി. രണ്ടാമത്തെയാള്‍ ആരെന്നറിയണ്ടേ? ലോകോത്തര താത്വികനും നമ്മുടെ രാഷ്ട്രപതിയുമായിരുന്ന ഡോ. സര്‍വേപ്പിള്ളി രാധാകൃഷ്ണന്! വിലാപത്തിന്റെ പുസ്തകത്തില്‍ നിന്നുള്ള ഉദ്ധരണിയോടെ പതിഞ്ഞ ശബ്ദത്തില്‍ പതിയേ ആയിരുന്നു പ്രസംഗത്തിന്റെ തുടക്കം. ”ജറുസലേം പുത്രീ, നിനക്കുവേണ്ടി ഞാന്‍ എന്തു പറയും? നിന്നെ ഞാന്‍ എന്തിനോടുപമിക്കും? കന്യകയായ സീയോന് പുത്രീ നിന്നെ ആശ്വസിപ്പിക്കാന്‍ ഞാന്‍ നിന്നെ എന്തിനോടു താരതമ്യപ്പെടുത്തും?” കേരളത്തിലെ സഭയെ, വിശേഷിച്ചു വരാപ്പുഴ അതിരൂപതയെ ആണ് ഹതഭാഗ്യയായ ജറുസലേം പുത്രിയായി കര്‍ദിനാള്‍ വിവക്ഷിച്ചതെന്നു വ്യക്തമാണല്ലോ. ക്രമേണ കത്തിക്കയറി അദ്ദേഹം മാര്‍ക്ക് ആന്റണി സ്പീച്ചിലെത്തി. ”ഞാന്‍ എന്റെ ഉറ്റ സുഹൃത്തിനെ കബറടക്കാന്‍ വന്നിരിക്കുന്നു.”
പല പുരുഷായുസുകള് കൊണ്ടുപോലും ചെയ്തുതീര്ക്കാന് ആകാത്തത്ര കാര്യങ്ങളാണ് 76 വര്‍ഷത്തെ ഇഹലോക ജീവിതത്തിനിടയില്‍ അട്ടിപ്പേറ്റി പിതാവ് യാഥാര്‍ഥ്യമാക്കിയത്. സമുദായ-സമൂഹ നിര്‍മിതിയില്‍ മഹാത്ഭുതം തന്നെ സൃഷ്ടിച്ച ആ മഹാരഥന്റെ ജീവിതത്തെ ഇങ്ങനെ സംഗ്രഹിക്കാം. 1894 ജൂണ്‍ 25ന് തിങ്കളാഴ്ച ജനനം. കര്‍ത്താവിന്റെ പുരോഹിതനായി 43 വര്‍ഷം. മഹാപുരോഹിത ശുശ്രൂഷയില്‍ മുപ്പത്താറരക്കൊല്ലം. ഇതിനിടെ ”എല്ലാവര്ക്കും എല്ലാമായി”ത്തീര്‍ന്ന് 1970 ജനുവരി 21ന് ബുധനാഴ്ച മഹച്ചരമം. മനുഷ്യവിഭവശേഷിയുടെ മേഖലയില്‍ അതിന്റെ ആത്മീയതലത്തിലും ഭൗതികതലങ്ങളിലും അട്ടിപ്പേറ്റി പിതാവ് നടത്തിയ നന്മയുടെ നിക്ഷേപങ്ങളുടെ ഗുണഭോക്താക്കള്‍ ക്രൈസ്തവര്‍ മാത്രമല്ല എന്നോര്‍ക്കുക. ഇന്നും ഏവരും അതിന്റെ സത്ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു-വിശദീകരിക്കണമെങ്കില്‍ ഒരു ഗ്രന്ഥം തന്നെ രചിക്കേണ്ടിവരും. അതുകൊണ്ട് എന്റെ പരിമിതമായ അറിവിന്റെ മേഖലയില്പ്പെട്ടിടത്തോളമുള്ള അനുപമത്വത്തിലേക്കു മാത്രം സാമാന്യമായി ടോര്ച്ചടിക്കാനേ ഉദ്യമിക്കുന്നുള്ളൂ.
വൈദികപട്ടവും മെത്രാന്‍പട്ടവും റോമില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍വച്ച് സ്വീകരിക്കാന്‍ ഭാഗ്യമുണ്ടായ ആളാണ് അട്ടിപ്പേറ്റി പിതാവ്. അതൊരു അപൂര്വതയാണെന്നു ഞാന്‍ കരുതുന്നു. റോമാ അതിരൂപതയില്‍ അന്നു പാപ്പായുടെ വികാരിയായിരുന്ന കര്‍ദിനാള്‍ ഡോ. പൊസീലിയയില്നിന്ന് 1926 ഡിസംബര്‍ 18നാണ് അദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്. ഗബൂളായുടെ സ്ഥാനിക മെത്രാനായും വരാപ്പുഴ അതിരൂപതയുടെ കോ-അജുത്തോര് (പിന്തുടര്ച്ചാവകാശമുള്ള മെത്രാന്) ആയും അട്ടിപ്പേറ്റി പിതാവിനെ വാഴിച്ചത് ഭാഗ്യസ്മരണാര്‍ഹനായ പതിനൊന്നാം പീയൂസ് പാപ്പായാണ്. 1933 ജൂണ്‍ 11നായിരുന്നു അത്. ആര്‍ച്ച്ബിഷപ് ഡോ. ചെല്‍സോ ബെനീഞ്ഞോ ലൂയിജി കോണ്സ്റ്റന്റീനിയും ആര്‍ച്ച്ബിഷപ് ഡോ. കാര്‍ലോ സലോത്തിയും ആയിരുന്നു പരിശുദ്ധ പിതാവിന്റെ മുഖ്യസഹകാര്മികര്.
പട്ടാഭിഷേകത്തിനുശേഷം റോമില്‍നിന്നു തിരിച്ചെത്തിയ അട്ടിപ്പേറ്റി പിതാവിനെ അതിമെത്രാസന മന്ദിരത്തിലേക്കു കൊണ്ടുപോകാന്‍ കൊച്ചി മഹാരാജാവിന്റെ സ്റ്റേറ്റ് കോച്ച് നമ്മുടെ ഓള്‍ഡ് റെയില്‍വേസ്റ്റേഷനുമുന്നില്‍ കാത്തുകിടപ്പുണ്ടായിരുന്നു. സ്റ്റേറ്റ് കോച്ച് എന്നാല്‍ വെള്ളക്കുതിരകള് വലിക്കുന്ന രഥം. ഒരര്‍ഥത്തില്‍ അതും ഒരപൂര്‍വത തന്നെ! കര്‍മലീത്ത സന്ന്യാസിയായ ഡോ. ഏയ്ഞ്ചല്‍ മേരി മെത്രാപ്പോലിത്തയുടെ സ്ഥാനത്യാഗത്തെ തുടര്‍ന്ന് 1934 നവംബര്‍ 15ന് അട്ടിപ്പേറ്റി പിതാവ് വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്തയായി പൂര്ണചുമതലയേറ്റു.
ആടുകളുടെ മണമുള്ള ഇടയന് എന്നത് ഫ്രാന്‍സിസ് പാപ്പായുടെ സവിശേഷമായൊരു പ്രയോഗമാണ്. പക്ഷേ ഫ്രാന്‍സിസ് പാപ്പാ വിശുദ്ധ പത്രോസിന്റെ പടവില്‍ അമരക്കാരനാകുന്നതിനും ഏതാണ്ട് ഏഴു പതിറ്റാണ്ടുമുന്‍പേ അത്തരത്തില്‍ തന്റെ അജഗണത്തെ അടുത്തറിയാനും, അതനുസരിച്ച് അവര്‍ക്കായുള്ള തന്റെ ആത്മസമര്‍പ്പണത്തെ ആവിഷ്കരിക്കാനും ദൂരക്കാഴ്ച കാട്ടിയ ഇടയനാണ് ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റി. തന്റെ ഭരണസീമയിലുള്ള ഓരോ കുടുംബവും സന്ദര്‍ശിക്കാന്‍ അദ്ദേഹം തുനിഞ്ഞിറങ്ങിയത് 1950 മാര്‍ച്ച് 28നാണ്. ഗതാഗത സൗകര്യങ്ങള്‍ മാത്രല്ല, ടോയ്ലറ്റ് സൗകര്യങ്ങളും തുലോം തുച്ഛമായിരുന്ന ആ കാലഘട്ടത്തില്‍ അവിഭക്ത വരാപ്പുഴ അതിരൂപതയിലെ മുപ്പതിനായിരത്തില്‍പ്പരം ഭവനങ്ങളും അദ്ദേഹം കയറിയിറങ്ങി8. ഏതാനും വര്‍ഷങ്ങളെടുത്തു ആ യജ്ഞം പൂര്‍ത്തിയാക്കാന്‍. അട്ടിപ്പേറ്റി പിതാവിനുമുന്പോ അദ്ദേഹത്തിനുശേഷമോ അങ്ങനെയൊരു സാഹസത്തിനു ആരും മുതിര്‍ന്നിട്ടില്ല. ഒരു പക്ഷേ ഇന്നത്തെ നിലയ്ക്ക് അത് പ്രായോഗികവുമല്ല.
ജീവിതകാലത്ത് കേരളത്തിലെ സഭയുടെ നേതാവും കാരണവരുമായിരുന്നു അട്ടിപ്പേറ്റി പിതാവ്. അതിനു അടിവരയിടുന്ന ചില സംഭവങ്ങള്‍ പറയാം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും ഇന്ത്യയുടെ ഭരണഘടനാ രൂപീകരണസമിതി അംഗവും പില്ക്കാലത്ത് കേരള നിയമസഭയുടെ സ്പീക്കറുമൊക്കെയായിരുന്ന ആര്.വി.തോമസുമായി ബന്ധപ്പെട്ടതാണ് ആദ്യ സംഭവം. സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സഭാനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരത്തുനിന്നും നേരെ കുതിച്ചത് എറണാകുളത്ത് വരാപ്പുഴ അതിമെത്രാസന മന്ദിരത്തിലേക്കാണ്. കാറില്‍ അദ്ദേഹത്തോടൊപ്പം ആര്.ശങ്കറും അലക്സാണ്ടര്‍ പറമ്പിത്തറയും ഉണ്ടായിരുന്നു14. അട്ടിപ്പേറ്റി പിതാവിന്റെ അനുഗ്രഹാശിസുകള്‍ തേടുകയായിരുന്നു ഉദ്ദേശ്യം.
ഈ സംഭവം എന്നോടു പറഞ്ഞത് ആര്. വി.തോസിന്റെ പുത്രനും ദേശീയ ന്യൂനപക്ഷ കമ്മീഷന് അംഗവും മഹാത്മഗാന്ധി സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലറുമായ ഡോ. സിറിയക് തോമസാണ്. ങഅടഇഛങ (മനോരമ സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍) ഞാന്‍ പ്രൊഫസറും കോഴ്സ് കോ-ഓര്ഡിനേറ്ററുമായിരിക്കേ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയുടെ വര്‍ത്തമാനകാല രാഷ്ട്രീയത്തെക്കുറിച്ചു ക്ലാസെടുക്കാന്‍ വന്നതായിരുന്നു അദ്ദേഹം. ക്ലാസ് കഴിഞ്ഞുള്ള സ്വകാര്യ സംഭാഷണത്തിനിടയ്ക്ക് അദ്ദേഹത്തിന്റെ പിതാവിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ഞാന്‍ ചോദിച്ചറിയുകയായിരുന്നു. അപ്പോഴാണ് സ്പീക്കറുടെ ആ അരമനസന്ദര്ശനത്തെക്കുറിച്ച് പറഞ്ഞത്. ”എന്തുകൊണ്ട് അട്ടിപ്പേറ്റി പിതാവ്” എന്നൊരു ചോദ്യം എന്നിലെ പത്രക്കാരനു ചോദിക്കാതിരിക്കാനാകുമായിരുന്നില്ല. അതിനുള്ള മറുപടി പക്ഷേ സന്തോഷിപ്പിച്ചത് എന്നിലെ വരാപ്പുഴക്കാരനെയത്രേ! ”ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയായിരുന്നവല്ലോ അക്കാലഘട്ടത്തില്‍ കേരളസഭയുടെ കാരണവര്‍” എന്നാണ് ഡോ. സിറിയക്ക് തോമസ് പറഞ്ഞത്.
തന്റെ പിതാവും അട്ടിപ്പേറ്റി പിതാവും ട്രിച്ചിയില്‍ ഈശോസഭക്കാരുടെ സെന്റ് ജോസഫ്സ് കോളജില്‍ സഹപാഠികളായിരുന്നുവെന്നും ഡോ. സിറിയക് തോമസ് അനുസ്മരിച്ചു. മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാം ഉള്‍പ്പെടെ അനേകം ശാസ്ത്രപ്രതിഭകളെയും വാര്‍ത്തെടുത്ത കലാലയമാണത്. അട്ടിപ്പേറ്റി പിതാവിനോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആര്.വി.തോമസ് പറഞ്ഞു: ”എനിക്ക് ഒരിക്കല്‍ക്കൂടി അങ്ങയുടെ മോതിരം ചുംബിക്കണം. വിശുദ്ധമായ ആ അഭിഷിക്തകരം നീട്ടിയാലും.”
ഒരു പൊട്ടിച്ചിരിയോടെയാണത്രേ അട്ടിപ്പേറ്റി പിതാവ് തന്റെ വലതുകരം സുഹൃത്തിനുനേര്ക്കു നീട്ടിയത്. പിതാവു പറഞ്ഞു: ”മിസ്റ്റര്‍ തോമസ്, നിങ്ങളറിയുന്നുണ്ടോ ഇതു വിശുദ്ധമായി സൂക്ഷിക്കാന്‍ ഞങ്ങളെപ്പോലുള്ളവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍. നിങ്ങളുടെയൊക്കെ പ്രാര്‍ഥനകളാണു ഞങ്ങളുടെ ശാരീരിക ശുദ്ധതയ്ക്കും ആത്മീയ വിശുദ്ധിക്കും ആധാരം.” തുടര്‍ന്ന് അദ്ദേഹം തോമസിന്റെയും കുടുംബത്തിന്റേയും പ്രാര്‍ഥനാസഹായം തനിക്കുണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചു.
അട്ടിപ്പേറ്റി പിതാവിന് ഉണ്ടായിരുന്ന സാര്‍വത്രിക സ്വീകാര്യതയെക്കുറിച്ചാണല്ലോ പറഞ്ഞു തുടങ്ങിയത്. ‘ഒരു ചിത്രം’ മനസിലേക്കു ഓടിവരുന്നു. പീച്ചി അണക്കെട്ടിന്റെ നിര്‍മാണത്തിലെ ഏതോ നിര്‍ണായകഘട്ടത്തില്‍, അതോ ഉദ്ഘാടനാവസരത്തിലോ, അട്ടിപ്പേറ്റി പിതാവ് അണക്കെട്ടിനെയും ജലാശയത്തെയും ആശീര്‍വദിക്കുന്ന ഒരു ഫോട്ടോ ഞാന്‍ വളരെ വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പ് അതിമെത്രാസന മന്ദിരത്തില്‍ കണ്ടിട്ടുണ്ട്. ആ ചിത്രത്തിന്റെ പ്രാധാന്യം മനസിലാക്കാന്‍ കഴിഞ്ഞത് പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ്. അപ്പോഴേക്ക് ആ ചിത്രം അപ്രത്യക്ഷമായിരുന്നു. മാറ്റപ്പെട്ട് ഒടുവില്‍ അപ്രത്യക്ഷമായതാകാം. ചിതലരിച്ചോ ഇരട്ടവാലന് കടിച്ചോ നശിച്ചതുമാകാം.
പല കാര്യങ്ങളിലും മുന്നേപറന്ന പക്ഷിയായിരുന്നു അട്ടിപ്പേറ്റി പിതാവ്. വാര്‍ധക്യത്തില്‍ അഭയരഹിതരാകുന്നവര്ക്കായി അദ്ദേഹം ഹൗസ് ഓഫ് പ്രൊവിഡന്‍സ് ആരംഭിക്കുമ്പോള്‍ കേരളത്തില്‍ അത്തരമൊരു സ്ഥാപനം ഉണ്ടായിരുന്നില്ല. കേരളത്തില്‍ സഭവക ഒരു ഫസ്റ്റ് ഗ്രേഡ് കോളജില്‍ ആദ്യമായി ഒരു അല്മായനെ പ്രിന്‍സിപ്പലാക്കുന്നത് അദ്ദേഹമാണ്. ഇവിടെ വിവക്ഷിക്കുന്നതു പ്രൊഫ. ഗ്രാന്‍ഡ് ഷെവലിയര്‍ എല്‍.എം.പൈലിയേയും സെന്റ് ആല്‍ബര്‍ട്സ് കോളജിനെയും ആണെന്ന് വ്യക്തമാണല്ലോ9. ഇന്ത്യയില്‍ റോമന്‍ സഭയിലെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ആയാണ് അട്ടിപ്പേറ്റി പിതാവ് സ്മരിക്കപ്പെടുന്നതെങ്കിലും ഇത്തരത്തില്‍ ഏഷ്യയിലെ തന്നെ ആദ്യമെത്രാപ്പോലീത്തയാണ് അദ്ദേഹമെന്ന് ഏതോ രേഖയില്‍ കണ്ടതായി ഓര്‍ക്കുന്നു.
അദ്ദേഹത്തിന്റെ ദിവ്യകാരുണ്യഭക്തിയും മരിയഭക്തിയും പ്രസിദ്ധമാണ്. ആത്മാവിന്റെ ഇരുണ്ട രാത്രി എന്നു തന്നെ വിശേഷിപ്പിക്കാവുന്നത്ര ഗണ്യമായ സഹനങ്ങളിലൂടെ അട്ടിപ്പേറ്റി പിതാവ് കടന്നുപോയിട്ടുണ്ടെന്നും, ഭാരങ്ങളൊക്കെയും അദ്ദേഹം ഇറക്കിവച്ചിരുന്നത് ദിവ്യകാരുണ്യസന്നിധിയിലും പരിശുദ്ധ കന്യകാമാതാവിന്റെ തൃപ്പാദങ്ങളിലുമാണെന്നും ദിവംഗതനായ ആര്‍ച്ച്ബിഷപ് ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍ സാക്ഷ്യപ്പെടുത്തുന്നു10. വിദേശയാത്രകള്‍ക്ക് പുറപ്പെടുംമുമ്പ് അട്ടിപ്പേറ്റി പിതാവ് ദൈവമാതാവിന്റെ കാരുണ്യം തേടി വല്ലാര്പാടത്തമ്മയുടെയും പള്ളിപ്പുറത്ത് മഞ്ഞുമാതാവിന്റെയും തിരുസന്നിധിയില്‍ എത്തും. തിരിച്ചെത്തുമ്പോഴും രണ്ടിടത്തും വരും നന്ദിപറയാന്‍. അദ്ദേഹത്തിന്റെ അമ്മവീട് പള്ളിപ്പുറത്താണെന്നതും പ്രസ്താവ്യമത്രേ. പള്ളിപ്പുറം പടമാട്ടുമ്മല്‍ വറീതിന്റെ മകള്‍ റോസയാണ് പിതാവിന്റെ അമ്മ. പള്ളിപ്പുറവുമായി അദ്ദേഹത്തിന് ഇരട്ടബന്ധമാണെന്നര്ഥം.
ഇതുമായി ബന്ധപ്പെട്ടാണ് അട്ടിപ്പേറ്റി പിതാവുമായുള്ള എന്റെ ആദ്യ ഓര്‍മകള്‍. നാലു പതിറ്റാണ്ടിലേറെയായി എറണാകുളത്തു സ്ഥിരതാമസമെങ്കിലും, ജനനം കൊണ്ടു ഞാനൊരു പള്ളിപ്പുറത്തുകാരനാണ്. പള്ളിക്കു സമീപമായിരുന്നു എന്റെ തറവാടു ഭവനം. പിതാവിന്റെ കാര്‍ പള്ളിമുറ്റത്ത് എത്തും മുമ്പേ ഉത്തുംഗമായ മണിമാളികയില് നിന്ന് ആ വരവ് അറിയിച്ചുകൊണ്ട് കൂറ്റന്‍ ഓട്ടുമണികള്‍ മുഴങ്ങിത്തുടങ്ങിയിരിക്കും. അതു കേള്‍ക്കേണ്ട താമസം ചുറ്റുപാടുമുള്ള ജനം വീടുകളില്‍നിന്ന് പള്ളിമുറ്റത്തേക്കു പായും. ഞങ്ങള്‍ കുട്ടികള്‍ പിതാവിനെ ചുറ്റിവളയും, മോതിരംമുത്തും. അപ്പോള്‍ പിതാവ് ഞങ്ങളെ തലോടുകയും ആശീര്വദിക്കുകയുമൊക്കെ ചെയ്യും. ഞങ്ങള്‍ തിക്കും തിരക്കുമുണ്ടാക്കിയാല്‍ വികാരിയച്ചന്റെ (മോണ്‍. ഫ്രാന്‍സിസ് കുറ്റിക്കല്‍) മുഖം വീര്‍ക്കും. കണ്ണുകള്‍ ചുവക്കും. അപ്പോഴും സുസ്മേരവദനനായിരിക്കും അട്ടിപ്പേറ്റി പിതാവ്. സമയക്കുറവുണ്ടെങ്കില്‍ കാര്യങ്ങള്‍ കൂട്ട ആശീര്വാദത്തിലൊതുങ്ങും. ഒട്ടേറെ നിരാശയോടെയാവും അപ്പോള്‍ ഞങ്ങള്‍ മടങ്ങുക. അട്ടിപ്പേറ്റി പിതാവില്‍നിന്നു സ്ഥൈര്യലേപനം സ്വീകരിക്കാനും, നാലിലോ മറ്റോ പഠിക്കുമ്പോള്‍ വേദോപദേശത്തിന് അതിരൂപതാതലത്തില്‍ ഒന്നാമനായതിന് അദ്ദേഹത്തില്‍നിന്ന് സമ്മാനം ഏറ്റുവാങ്ങാനും എനിക്കു ഭാഗ്യമുണ്ടായി.
ദൈവദാസന് ബിഷപ് ഡോ. ജെറോം ഫെര്‍ണാണ്ടസിനെ കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായി അഭിഷേകം ചെയ്തത് അട്ടിപ്പേറ്റി പിതാവാണ്. 1937 ഡിസംബര്‍ 12ന് വരാപ്പുഴ അതിരൂപതയുടെ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന ആ തിരുക്കര്‍മത്തില്‍ മുഖ്യസഹകാര്മികരായിരുന്ന രണ്ടുപേരില്‍ ഒരാള്‍ ഇന്നു ദൈവദാസനാണ്. തിരുവനന്തപുരം സീറോ മലങ്കര അതിരൂപതയുടെ പ്രഥമ ആര്‍ച്ച്ബിഷപ് മാര്‍ ഈവാനിയോസ്. അന്നു വിജയപുരം ബിഷപ്പായിരുന്ന ഡോ. വിന്‍സന്റ് അരാനാപിതാവായിരുന്നു രണ്ടാമത്തെ മുഖ്യസഹകാര്മികന്. കപ്പൂച്ചിന്‍ സഭാംഗമായ ദൈവദാസന് തിയോഫിനച്ചന് തന്റെ വിളി ഫ്രാന്‍സിസ്കന്‍ ചൈതന്യമനുസരിച്ചുള്ള സന്ന്യാസ ജീവിതത്തിലേക്കാണെന്നു തിരിച്ചറിഞ്ഞത് അക്കാലം വരാപ്പുഴ അതിതരൂപതയുടെ പെറ്റി സെമിനാരിയില്‍ അദ്ദേഹത്തിന്റെ ആത്മീയപിതാവായിരുന്ന ഫാ. ജോസഫ് അട്ടിപ്പേറ്റിയുടെ സഹായത്താലാണ്. തിയോഫിനച്ചന്റെ കബറടക്ക ദിവ്യബലിയിലും അന്ത്യോപചാര ശുശ്രൂഷകളിലും മുഖ്യകാര്‍മികത്വം വഹിക്കുമ്പോള്‍ അദ്ദേഹം ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയായിരുന്നു. ദൈവദാസനായ ജോര്‍ജ് വാകയിലച്ചന്റെ സംസ്കാര ശുശ്രൂഷയ്ക്ക് മുഖ്യകാര്‍മികനാകാന്‍ നിയുക്തനായത് അന്ന് ചാന്സലറായിരിന്ന ഫാ. ജോസഫ് അട്ടിപ്പേറ്റിയായിരുന്നു. ഏതാനും മാസങ്ങള്‍ക്കുശേഷം അദ്ദേഹം മേല്‍പ്പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. വാഴ്ത്തപ്പെട്ടവര്‍ എന്ന പദവിയിലൂടെ പടിവാതില്ക്കല് എത്തിനില്‍ക്കുന്ന ധന്യരായ സഖറിയാസച്ചന്, ഔറേലിയനച്ചന്‍ എന്നിവര്‍ അട്ടിപ്പേറ്റി പിതാവിന്റെ ഉറ്റചങ്ങാതിമാരും അദ്ദേഹത്തിന്റെ ശുശ്രൂഷാസീമയില് ഉള്പ്പെട്ടവരുമായിരുന്നു. ദൈവദാസനും ചങ്ങനാശേരി അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്തയുമായ മാര്‍ മാത്യു കാവുക്കാട്ടും അദ്ദേഹവും തമ്മിലുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് മുതിര്‍ന്ന തലമുറയ്ക്ക് തീര്‍ച്ചയായും അറിവുണ്ടാകും. പുണ്യശ്ലോകനായ മോണ്‍. ഇമ്മാനുവല്‍ ലോപ്പസിനെപ്പോലുള്ളവരുടെ ജീവിതത്തെയും അട്ടിപ്പേറ്റി പിതാവ് ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ അടുപ്പക്കാരും അജഗണത്തില്‍ ഉള്‍പ്പെട്ടവരുമായ പലരും ഔപചാരിക വിശുദ്ധപദവിയുടെ പാതയില്‍ പണ്ടേ എത്തി. പലതിലും മുന്നേ പറക്കുകയും മുന്നിലെത്താന്‍ പലര്‍ക്കും പ്രചോദനമോ ചാലകശക്തിയോ രാസത്വരകമോ ആവുകയും ചെയ്ത അട്ടിപ്പേറ്റി പിതാവെന്ന പക്ഷി പക്ഷേ ഇക്കാര്യത്തില്‍ പിന്നിലായി. മഹച്ചരമത്തിന്റെ അന്‍പതാം വാര്ഷികത്തികവിലാണല്ലോ അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ സമാരംഭിക്കുന്നത്. ഒരുപക്ഷേ ഇതാകാം കാലത്തിന്റെ തികവ്. അതായത് ദൈവത്തിന്റെ സമയം. കാലത്തിന്റെ തികവിലാണല്ലോ നന്മകള് സംഭവിക്കുക.
Related
Related Articles
ജാതിവിവേചനത്തിനെതിരെ ബിഷപ് സ്തബിലീനിയുടെ ഇടയലേഖനം: 190-ാം വാര്‍ഷിക അനുസ്മരണം
കൊല്ലം: മനുഷ്യരെല്ലാം ഒരേ ജാതിയില്‍പ്പെട്ടവരാണെന്നും ജാതിവിവേചനം ദൈവനിശ്ചയമല്ലെന്നും അത് അധാര്‍മികവും ശിക്ഷാര്‍ഹമായ തെറ്റുമാണെന്നും വ്യക്തമാക്കി 1829 ജൂലൈ 14ന് മലയാളക്കരയില്‍ ഇടയലേഖനം ഇറക്കിയ വരാപ്പുഴ വികാരിയത്തിന്റെയും കൊച്ചി
ഹിജാബില്‍ നിന്ന് വര്‍ഗീയധ്രുവീകരണ കോഡിലേക്ക്
തട്ടമിട്ടതിന്റെ പേരില്‍ ഒരു മാസത്തിലേറെയായി കര്‍ണാടകയിലെ ഉഡുപ്പിയില്‍ സര്‍ക്കാര്‍ വക പ്രീയൂണിവേഴ്സിറ്റി കോളജില്‍ എട്ടു മുസ്ലിം വിദ്യാര്‍ഥിനികളെ ക്ലാസ്സില്‍ കയറ്റാത്തതിനെചൊല്ലി ഉടലെടുത്ത പ്രശ്നങ്ങള്‍ ദേശീയതലവും കടന്ന് രാജ്യാന്തര
സംവരണ അട്ടിമറിക്കെതിരെ താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം
സംവരണ അട്ടിമറിക്കെതിരെ താലൂക്ക് കേന്ദ്രങ്ങളില്‍ നില്‍പ്പ് സമര നവംമ്പര്‍ 5 രാവിലെ 11ന് മുന്നാക്ക സംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ എല്‍