Breaking News

എല്‍പിജി ടെര്‍മിനല്‍: സമരം ചെയ്തവരെ അറസ്റ്റ് ചെയ്തു നീക്കി

എല്‍പിജി ടെര്‍മിനല്‍: സമരം ചെയ്തവരെ അറസ്റ്റ് ചെയ്തു നീക്കി

എറണാകുളം: വൈപ്പിന്‍ പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതിയ എല്‍പിജി ടെര്‍മിനലിനെതിരെ സമരം ചെയ്തവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകളടക്കമുള്ളവരെ ബലപ്രയോഗത്തിലൂടെയാണ് നീക്കിയത്. നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ജനങ്ങള്‍ മാര്‍ച്ച് നടത്തിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളെ നിരോധനാജ്ഞകൊണ്ട് നേരിടുന്നതിനെതിനെ വിമര്‍ശിക്കുന്ന പിണറായി വിജയന്‍ അതേ നിയമത്തിലൂടെ സ്വന്തം ജനങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. നിരോധനാജ്ഞ പ്രഖ്യാപനംകൊണ്ട് എല്‍പിജി സംഭരണ കേന്ദ്രത്തിന്റെ നിര്‍മാണം സുഗമമായി നടത്താനനുവദിക്കില്ലെന്ന സന്ദേശമാണ് പുതുവൈപ്പ് നിവാസികള്‍ സര്‍ക്കാരിന് നല്‍കുന്നത്. കുട്ടികളെയും കൂട്ടി സമരത്തിനിറങ്ങിയ നാട്ടുകാരുടെ പ്രതിഷേധം സമാധാനപരമായിരുന്നു. പുതുവൈപ്പ് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയങ്കണത്തില്‍നിന്ന് ആരംഭിച്ച പ്രതിഷേധ സമരം പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ബാരിക്കേഡിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഫാ. സിജോ ജോര്‍ജ് കുരിശുംമൂട്ടില്‍, സിസ്റ്റര്‍ റെന്‍സിറ്റ, സിസ്റ്റര്‍ ജെമ്മ എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
അതേസമയം, പുതുവൈപ്പില്‍ രാത്രിയുടെ മറവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്‌രാജ് നടപ്പാക്കുന്നുവെന്നാരോപിച്ച് എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതി അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു.
എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് സമരം പ്രഖ്യാപിച്ചിരുന്നത്. നിരോധനാജ്ഞ നിലനില്ക്കുന്നതിനാല്‍ പഞ്ചായത്ത് ഓഫീസിനു എതിര്‍ഭാഗത്ത് സംസ്ഥാനപാതയ്ക്ക് കിഴക്ക് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അത് റവന്യൂ സ്ഥലമായതിനാല്‍ അവിടെയും സത്യഗ്രഹം നടത്താന്‍ അനുമതി നല്കിയില്ല. ഇതേത്തുടര്‍ന്ന് മാലിപ്പുറം കര്‍ത്തേടം സെന്റ് ജോര്‍ജ് പള്ളിയുടെ സ്ഥലത്ത് സമരപ്പന്തല്‍ ഉയര്‍ന്നു.
ദേശീയപാത സംരക്ഷണ സമിതി ചെയര്‍മാന്‍ ഹാഷിം ചേന്നാമ്പിള്ളി സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. സമരസമിതി കണ്‍വീനര്‍ കെ.എസ്, മുരളി അധ്യക്ഷനായ ചടങ്ങില്‍ സി.ആര്‍.നീലകണ്ഠന്‍, മാഗ്ലിന്‍ ഫിലോമിന, മുജീബ് റഹ്മാന്‍, കെ.ജി. ഡോണോ, ചാള്‍സ് ജോര്‍ജ്, എന്‍.കെ.ബാബു, ടി.ആര്‍.കൈലാസന്‍, ഫിലോമിന ലിങ്കണ്‍, ബേസില്‍ മുക്കത്ത്, രഞ്ജിത്ത്, എന്‍.എ.ജെയിന്‍, മദര്‍ റെന്‍സീറ്റ, സമരസമിതി ചെയര്‍മാന്‍ കെ.ബി.ജയഘോഷ് എന്നിവര്‍ സംസാരിച്ചു.
സത്യഗ്രഹത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ ജമാല്‍, രസികല പ്രിയരാജ്, നളിനി സുഗതന്‍, ശ്രീദേവി രാജു, ആലീസ് സെബാസ്റ്റ്യന്‍, ടി.ആര്‍.കൈലാസന്‍, ഷീജ, സി.ജി.ബിജു തുടങ്ങിയ പഞ്ചായത്തംഗങ്ങള്‍ പങ്കെടുത്തു.


Related Articles

കണ്ണൂരിന്റെ ക്രൈസ്തവ പാരമ്പര്യത്തിന്റെ ഓർമ്മയാചരിച്ചു

കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ  കണ്ണൂർ രൂപതാസമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ബിഷപ്പ്സ് ഹൌസിൽ വച്ച് നടന്ന ചടങ്ങിൽ കണ്ണൂർ രൂപതയുടെ 22 ആം സ്ഥാപനദിനത്തിന്റെ പൊതു

ലത്തീൻ കത്തോലിക്കാ സമുദായാംഗങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന 4% തൊഴിൽ സംവരണം നിർത്തലാക്കണോ ?

ഈ ചർച്ച പോകുന്നത് സാമുദായിക സംവരണം എന്നതിനു പകരം സാമ്പത്തിക സംവരണം വേണം എന്ന NSS / ബ്രാഹ്മണ സമാജം തുടങ്ങിയ ഉന്നതകുലജാതരുടെ നിലപാടിനെ ന്യായീകരിക്കുന്ന വിധത്തിലാണ്

ജോസഫ് മാര്‍തോമാ മെത്രാപ്പോലീത്ത സംവാദത്തിന്റെയും സമന്വയത്തിന്റെയും പ്രയോക്താവ്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: മലങ്കര മാര്‍തോമാ സുറിയാനിസഭയുടെ പരമാധ്യക്ഷന്‍ കാലം ചെയ്ത ജോസഫ് മാര്‍തോമാ മെത്രാപ്പോലീത്ത സംവാദത്തിന്റെയും സമന്വയത്തിന്റെയും പ്രയോക്താവായിരുന്നുവെന്നു കെസിബിസി പ്രസിഡണ്ടും സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പും ഇന്റര്‍ ചര്‍ച്ച്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*