എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം

എളിമയുടെയും ലാളിത്യത്തിന്റെയും ആള്‍രൂപം

ജീവിതത്തില്‍ ഔന്നത്യത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറിപോകുമ്പോഴും കനമുള്ള നെല്‍കതിര്‍കണക്കെ എളിമയോടെ നില്ക്കാന്‍ കഴിയുന്നതാണ് ഒരാളുടെ മഹത്ത്വമെങ്കില്‍ അങ്ങനെയൊരാളായിരുന്നു കേരള കാര്‍ഷിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ സ്പൈസസ് ഗവേഷണവിഭാഗം ഡയറക്ടറുമായിരുന്ന അന്തരിച്ച പ്രഫ. ഡോ. കെ.വി പീറ്റര്‍ (74). മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍മുഖ്യമന്ത്രിമാരായ എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി, കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍, കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, വരാപ്പുഴ ആര്‍ച്ച്ബിഷപ്എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ തുടങ്ങി നിരവധി പേര്‍ ഡോ. കെ.വി പീറ്ററിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

സഭയെയും സമുദായത്തെയും സ്നേഹിക്കുകയും എന്നും സഭയൊടൊപ്പം നിലകൊള്ളുകയും ചെയ്ത വ്യക്തിയായിരുന്നു ഡോ. പീറ്റര്‍. കെആര്‍എല്‍സിസി സമ്മേളനങ്ങളിലും കോട്ടപ്പുറം രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ യോഗങ്ങളിലുമെല്ലാം സജീവമായിരുന്നു അദ്ദേഹം. സ്വന്തം ഇടവകയായ തൃശൂര്‍ തിരുഹൃദയപള്ളിയോടും കാലാകാലങ്ങളിലെ വികാരിമാരോടുമെല്ലാം ഊഷ്മളമായ ബന്ധം നിലനിര്‍ത്തുകയും ഇടവകയുടെ ആത്മീയ-ഭൗതിക വളര്‍ച്ചയില്‍ സന്തോഷിക്കുകയും സഹകാരിയാവുകയും ചെയ്ത സഭാസ്നേഹിയായും അദ്ദേഹം നിലകൊണ്ടു. നാട്ടിലുണ്ടെങ്കില്‍ കുടുംബ യൂണിറ്റ് സമ്മേളനങ്ങളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകും. വിവേചനത്തിന്റെ യാതൊരു മതില്‍കെട്ടുകളില്ലാതെ സകല മനുഷ്യരോടും ഉള്ളുതുറന്നു സംസാരിക്കാനും സൗമ്യമായി ഇടപഴകാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും എന്തിനേറെ നടത്തത്തില്‍ പോലും കുലീനതയും ആഢ്യത്വവും കാത്തുസൂക്ഷിച്ചു.

ജീവിതത്തിന്റെ ഉയര്‍ച്ചകളിലെല്ലാം ദൈവകരമുണ്ടെന്ന് ഏറ്റുപറഞ്ഞ വ്യക്തിയായിരുന്നു ഡോ. പീറ്റര്‍. തന്റെ വിശ്വാസത്തിന് എല്ലായിടത്തും സാക്ഷ്യം നല്കിയ വ്യക്തി. ദൈവത്തോടും മനുഷ്യരോടും എപ്പോഴും കൃതജ്ഞതയോടെ വ്യാപരിച്ചയാള്‍. ആത്മീയകാര്യങ്ങളില്‍ ദത്തശ്രദ്ധനായിരുന്നു. ശാന്തസുന്ദരമായൊഴുകുന്ന ഒരു പുഴപോലെയായിരുന്നു ഡോ. പീറ്ററിന്റെ ജീവിതം. സൗമ്യമായ ഇടപെടലുകള്‍, ശാന്തമായ പ്രകൃതം. എല്ലാവരോടും ഒരുപാടു സ്നേഹമായിരുന്നു. ജീവിതാവസാനം വരെ അവിരാമ കര്‍മ്മിയായി ജീവിച്ചു. ഒരു വിദ്യാര്‍ഥിയുടെ മനസ്സോടെ പഠനങ്ങളിലും ഗവേഷണങ്ങളിലും എഴുത്തിലും അദ്ദേഹം മുഴുകി.

കൊച്ചി രൂപതയിലെ കുമ്പളങ്ങി കുറുപ്പാശ്ശേരില്‍ പരേതരായ ദേവസി-റോസ ദമ്പതികളുടെ മകനായി 1948-ലായിരുന്നു ജനനം. പ്രവര്‍ത്തനമണ്ഡലം തൃശൂരില്‍ കേന്ദ്രീകരിച്ചതു മുതല്‍ കോട്ടപ്പുറം രൂപതയിലെ തൃശൂര്‍ തിരുഹൃദയ ലത്തീന്‍ പള്ളി ഇടവകാംഗമായി. മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ് സഹോദരനാണ്.

നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം രാജ്യാന്തര ശ്രദ്ധ നേടിയ നൂറോളം ശാസ്ത്രഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ജി.ബി പന്ത് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രഫസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. വൈസ് ചാന്‍സലറായിരുന്ന എന്‍. കാളീശ്വരനാണ് പച്ചക്കറി പ്രജനനത്തിലെ മികവ് കണക്കിലെടുത്ത് ഡോ. പീറ്ററെ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ എത്തിച്ചത്. പച്ചക്കറിശാസ്ത്ര വിഭാഗത്തെ ഇന്ത്യയിലെ മികച്ച വകുപ്പുകളിലൊന്നാക്കി മാറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൗണ്‍സില്‍ അംഗമായിരുന്നു ഡോ. പീറ്റര്‍. ചെന്നൈ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ നോനി സയന്‍സ് സെകട്ടറിയായും പ്രവര്‍ത്തിച്ചു. സ്പൈസസ് ബോര്‍ഡ് മെംബര്‍, സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മെംബര്‍ സെക്രട്ടറി, ഇന്ത്യന്‍ സൊസൈറ്റി ഓഫ് വെജിറ്റബിള്‍ സയന്‍സ് ഫെലോ, അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് റിക്രൂട്ട്മെന്റ് ബോര്‍ഡ് അംഗം, നിരവധി ശാസ്ത്ര ജേണലുകളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം എന്നിങ്ങനെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള ലത്തീന്‍ സഭയുടെ നയരൂപീകരണ സമിതിയായ കെആര്‍എല്‍സിസിയുടെ ആരംഭകാലം മുതല്‍ അദ്ദേഹം പ്രത്യേകം ക്ഷണിക്കപ്പെട്ട അംഗമായിരുന്നു. കോട്ടപ്പുറം രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായും കോട്ടപ്പുറം രൂപതയുടെ സമൂഹ്യസേവന വിഭാഗമായ കിഡ്സിന്റെ ബോര്‍ഡ് മെംബറായും പ്രവര്‍ത്തിച്ചു. റാഫി അഹമ്മദ് കിദ്വായ് അവാര്‍ഡ്, ഡോ. എം.എച്ച് മാരിഗൗഢ അവാര്‍ഡ്, ഇന്ത്യന്‍ സൊസൈറ്റി ഓഫ് സ്പൈസസ് സുഗന്ധഭാരതി അവാര്‍ഡ്, ഡോ. കെ. രാമയ്യ മെമ്മോറിയല്‍ അവാര്‍ഡ്, കെസിബിസി ഗുരുശ്രേഷ്ഠ പുരസ്‌കാരം, കെആര്‍എല്‍സിബിസിയുടെ പുരസ്‌കാരം എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. ഭാര്യ: വിമല. മക്കള്‍: അന്‍വര്‍, അജയ്. മരുമക്കള്‍: അനു, സിനാറ.

അദ്ദേഹത്തിന്റെ മൃതദേഹസംസ്‌കാരം കോട്ടപ്പുറം രൂപത വികാര്‍ ജനറല്‍ മോണ്‍. ആന്റണി കുരിശിങ്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ മേയ് 16-ന് തൃശൂര്‍ തിരുഹൃദയ ലത്തീന്‍ പള്ളിയുടെ മിഷന്‍ ക്വാര്‍ട്ടേഴ്സിലുള്ള സെമിത്തേരിയില്‍ നടന്നു.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

കടൽക്ഷോഭത്തിന് ഒരു ശാശ്വത പരിഹാരം  

ചെല്ലാനം എന്ന ഗ്രാമം കേരളത്തിലെ എറണാകുളം ജില്ലയിലെ ചെല്ലാനം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ കനത്ത ജനസംഖ്യയുള്ള മത്സ്യബന്ധന ഗ്രാമമാണ് ചെല്ലാനം. 50,000-ത്തിലധികം ആളുകളാണ് ചെല്ലാനം ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നത്. പടിഞ്ഞാറ്

കേരളത്തിന് അഭിമാനനിമിഷം: കൊവിഡ് മുക്തരായ റാന്നിയിലെ വയോധിക ദമ്പതിമാര്‍ ആശുപത്രി വിട്ടു

  കോട്ടയം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റാന്നി സ്വദേശികളായ വയോധിക ദമ്പതിമാര്‍ ആശുപത്രിവിട്ടു. 93 വയസുകാരനായ തോമസ്, 88കാരിയായ

ദൈവാനുഭവത്തില്‍ കുട്ടികളെ വളര്‍ത്തുക മതബോധനത്തിന്റെ മുഖ്യലക്ഷ്യം: ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: ബൗദ്ധിക തലത്തിലുള്ള അറിവ് പകരുകയല്ല ദൈവാനുഭവത്തിലേക്ക് കുട്ടികളെ വളര്‍ത്തുകയാണ് മതബോധനത്തിന്റെ മുഖ്യലക്ഷ്യമെന്നു ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം. വെള്ളയമ്പലം ലിറ്റില്‍ ഫഌവര്‍ പാരിഷ് ഹാളില്‍ അതിരൂപതാ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*