Breaking News

ഐഎസ് ജിഹാദികള്‍ അയല്പക്കത്ത്

ഐഎസ് ജിഹാദികള്‍ അയല്പക്കത്ത്

കൊളംബോ: സിറിയ, ഇറാഖ് മേഖലയില്‍ അഞ്ചുവര്‍ഷത്തോളം കൊടുംക്രൂരതകളുടെ ഭീകരവാഴ്ച നടത്തിയ ഇസ്‌ലാമിക സ്‌റ്റേറ്റ് (ഐഎസ്) നാമാവശേഷമായതോടെ അവശേഷിച്ച ജിഹാദി തീവ്രവാദികള്‍ സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍ ഭീകരാക്രമണ ഭീഷണി വര്‍ധിക്കുകയാണെന്നതിന്റെ സൂചനയാണ് ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണങ്ങള്‍. കൊളംബോയിലും നെഗംബോയിലും ബട്ടിക്കലോവയിലുമായി ആറിടങ്ങളില്‍ ചോരപ്പുഴയൊഴുക്കിയ നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന തീവ്രവാദി സംഘടനയുടെ നേതാവ് മുഹമ്മദ് സഹ്‌റാന്‍ ഹാഷിം കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരവാദ ആശയപ്രചരണത്തിനും ജിഹാദി തീവ്രവാദി ശൃംഖലയുടെ പരിപോഷണത്തിനുമായി പലവട്ടം എത്തിയിരുന്നു എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ തീവ്രവാദി വിരുദ്ധ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കാസര്‍ഗോഡും പാലക്കാട്ടും ചില വീടുകളില്‍ ഞായറാഴ്ച തിരച്ചില്‍ നടത്തുകയുണ്ടായി.
ശ്രീലങ്കയില്‍ പ്രമുഖ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും ഇന്ത്യന്‍ ഹൈക്കമ്മീഷനും നേരെ ഭീകരാക്രമണമുണ്ടായേക്കുമെന്ന് ഇന്ത്യയിലെ കൊടുംതീവ്രവാദി സംഘങ്ങളുമായി ബന്ധപ്പെട്ട ചില രഹസ്യ മോഡ്യൂളുകളില്‍ നിന്നു ലഭിച്ച സൂചനകള്‍ ഇന്ത്യ കൊളംബോയ്ക്ക് കൈമാറിയിരുന്നു. ഏപ്രില്‍ ഒന്‍പതിന് ശ്രീലങ്കയിലെ ദേശീയ ഇന്റലിജന്‍സ് ഏജന്‍സി മേധാവിക്കു ലഭിച്ച റിപ്പോര്‍ട്ടില്‍ ആക്രമണം നടത്താനൊരുങ്ങുന്ന സംഘടനയുടെയും വ്യക്തികളുടെയും പേരുകള്‍ വരെ കൃത്യമായി പറഞ്ഞിരുന്നുവത്രെ. എന്നിട്ടും കൊളംബോയിലെ ഭരണകൂടം ഭീകരാക്രമണം തടയുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നാണ് ആരോപണം. ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അധ്യക്ഷനും പ്രതിരോധ വിഭാഗങ്ങളുടെ സര്‍വാധികാരിയുമായ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുമാണ് രാജ്യത്തെ നടുക്കിയ ഈ ചാവേറാക്രമണങ്ങള്‍ക്ക് ഉത്തരവാദികളെന്ന് തമിഴ് ഈഴത്തിനുവേണ്ടി വിടുതലൈ പുലികള്‍ എന്ന പേരില്‍ 26 വര്‍ഷം നീണ്ട ആഭ്യന്തര വംശീയ കലാപം നയിച്ച എല്‍ടിടിഇ തീവ്രവാദികളുടെ നേതാവ് വേലുപ്പിള്ള പ്രഭാകരനെയും കൂട്ടരെയും ഉന്മൂലനം ചെയ്ത് 2009ല്‍ സിംഹള ദേശീയതയുടെ വിജയം ആഘോഷിച്ച മഹിന്ദ രാജപക്‌സെ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ഒക്‌ടോബറില്‍ പ്രസിഡന്റ് സിരിസേന പ്രധാനമന്ത്രി വിക്രമസിംഗെയെ പുറത്താക്കി പ്രതിപക്ഷ നേതാവ് മഹിന്ദ രാജപക്‌സെയെ പകരം അവരോധിക്കാന്‍ നടത്തിയ ശ്രമം സൃഷ്ടിച്ച ഭരണഘടനാ പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതത്വവുമാണ് രാജ്യരക്ഷയ്ക്കും ആഭ്യന്തര സുരക്ഷയ്ക്കും കനത്ത ആഘാതമേല്പിക്കാനുള്ള തീവ്രവാദികളുടെ ആക്രമണപദ്ധതികള്‍ക്ക് വഴിമരുന്നിട്ടത്. ജനകീയ പ്രക്ഷോഭവും സുപ്രീം കോടതിയുടെ ഇടപെടലും പാര്‍ലമെന്റില്‍ ഭരിപക്ഷം തെളിയിക്കാന്‍ രാജപക്‌സെയ്ക്കു കഴിയാതെ വന്ന സാഹചര്യവും വിക്രമസിംഗെയ്ക്കു തുണയായി.
ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ തന്നെയോ തന്റെ മന്ത്രിസഭാംഗങ്ങളെയോ പ്രസിഡന്റ് ക്ഷണിക്കാറില്ല എന്നാണ് പ്രധാനമന്ത്രി പറയുന്നത്. തീവ്രവാദി ആക്രമണം സംബന്ധിച്ച പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ 10 നാള്‍ മുന്‍പുണ്ടായ മുന്നറിയിപ്പിന്റെ വിവരം തങ്ങള്‍ക്കു കൈമാറിയിരുന്നില്ലെന്നാണ് വിക്രമസിംഗെ രാഷ്ട്രത്തോടുള്ള സന്ദേശത്തില്‍ വെളിപ്പെടുത്തിയത്. ഇന്റലിജന്‍സ് വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്ന പ്രസിഡന്റിന്റെ കല്പന പ്രതിരോധ വകുപ്പ് സെക്രട്ടറി ഹേമസിരി ഫെര്‍ണാന്‍ഡോ മാനിച്ചെങ്കിലും പൊലീസ് മേധാവി പുജിത് ജയസുന്ദര ഇതുവരെ അതിനു വഴങ്ങിയിട്ടില്ല.
ഭീകരാക്രമണം തടയുന്നതില്‍ കൊടിയ വീഴ്ച വരുത്തിയതിനു പുറമെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ശരിയായ കണക്കു ശേഖരിക്കുന്നതില്‍ പോലും ഗവണ്‍മെന്റ് പരാജയപ്പെട്ടതും വിമര്‍ശനത്തിന് ഇടയാക്കി. വ്യാഴാഴ്ച ഒറ്റയടിക്ക് മരണസംഖ്യയില്‍ 30 ശതമാനം (ഏതാണ്ട് നൂറോളം പേര്‍) വെട്ടിക്കുറച്ചത് കണക്കുകളിലെ വിശ്വാസ്യതയുടെ പ്രശ്‌നം മാത്രമല്ല, അടിസ്ഥാനപരമായ പിടിപ്പുകേടിന്റെ നിദര്‍ശനം കൂടിയാണ്. പിടികിട്ടാനുള്ള തീവ്രവാദികളുടെ പട്ടികയില്‍ അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയായ ശ്രീലങ്കന്‍ വംശജ അമാര മജീദിന്റെ ചിത്രവും പേരും കടന്നുകൂടിയത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ നോട്ടപ്പിശകായാണ് വിശദീകരിക്കപ്പെട്ടത്. ഫാത്തിമ ഖാദിയ എന്ന നോട്ടപ്പുള്ളിക്കു പകരമാണ് അമാരയുടെ ചിത്രം ശ്രീലങ്കന്‍ ഗവണ്‍മെന്റ് പരസ്യപ്പെടുത്തിയത്.
രാജ്യത്തെ ഇസ്‌ലാമിക തീവ്രവാദികളുടെ ഭീകരശൃംഖലയെ തകര്‍ക്കാന്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് തമിഴ് പുലികള്‍ക്കെതിരായ അന്തിമ പോരാട്ടം നയിച്ച പ്രതിരോധ മന്ത്രിയും മഹിന്ദ രാജപക്‌സെയുടെ സഹോദരനുമായ ഗൊട്ടഭയ രാജപക്‌സെ പ്രഖ്യാപിച്ചുകഴിഞ്ഞു. ശ്രീലങ്കയില്‍ എല്‍ടിടിഇക്കെതിരെയുള്ള അന്തിമ പോരാട്ടത്തില്‍ ചുരുങ്ങിയത് 40,000 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്ക്.
ഈസ്റ്റര്‍ കൂട്ടക്കുരുതി ആസൂത്രണം ചെയ്ത സഹ്‌റാന്‍ ഹാഷിം മുസ്‌ലിം ഭൂരിപക്ഷ മേഖലയായ കട്ടാന്‍കുടിയില്‍ വര്‍ഷങ്ങളായി വഹാബി ഇസ്‌ലാമിന്റെ തീവ്രവാദ വിശ്വാസപ്രചാരണം നടത്തിവരുകയായിരുന്നു. കേവലം 45,000 ജനസംഖ്യയുള്ള കട്ടാന്‍കുടിയില്‍ സൗദി അറേബ്യയില്‍ നിന്നും മറ്റുമുള്ള ഉദാരമായ ധനസഹായം കൊണ്ട് 60 മുസ്‌ലിം പള്ളികളും മദ്രസകളുമാണ് പണിതുയര്‍ത്തിയിട്ടുള്ളത്. ജറൂസലേമിലെ അല്‍ അക്‌സാ പള്ളിയുടെ മാതൃകയിലാണ് കട്ടാന്‍കുടിയിലെ ഗ്രാന്‍ഡ് ജുമാ മസ്ജിദിന്റെ രൂപകല്പന. കാന്‍ഡിയിലും മറ്റും തീവ്രവാദി ബുദ്ധമതക്കാരുടെ ബോധു ബല സേന (ബുദ്ധിസ്റ്റ് പവര്‍ ഫോഴ്‌സ്) ആധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് കലാപത്തിനിറങ്ങിയ മുസ്‌ലിം ന്യൂനപക്ഷങ്ങളെ പ്രചോദിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ച നാഷണല്‍ തൗഹീദ് ജമാഅത്ത് ബുദ്ധ പ്രതിമകള്‍ തകര്‍ക്കുന്നതിനു മാത്രമല്ല സൂഫി മുസ്ലിംകളെ ആക്രമിക്കുന്നതിനും നേതൃത്വം നല്‍കിയിരുന്നു.
സിറിയയില്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഇസ്‌ലാമിക കാലിഫേറ്റ് വാഴ്ച ഉറപ്പിക്കുന്നതിന് ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയാറായി ഇന്തൊനേഷ്യ, മലേഷ്യ, മാലദ്വീപ്, ഇന്ത്യ, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കൊപ്പം യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയവരുടെ കൂട്ടത്തില്‍ ശ്രീലങ്കയില്‍ നിന്ന് 40 ജിഹാദികളുമുണ്ടായിരുന്നു. ഇവരില്‍ ഏറ്റവും കുപ്രസിദ്ധനായ ഐഎസ് പോരാളി ശറഫ് സുരൈയ്യ മൊഹ്‌സിന്‍ 2015ല്‍ സിറിയയില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.
തമിഴ് വംശീയ കലാപം അടിച്ചമര്‍ത്തപ്പെട്ടതിനുശേഷം പത്തു കൊല്ലമായി സമാധാനവും ജനാധിപത്യ രീതികളും വീണ്ടെടുത്തുവരികയായിരുന്ന ശ്രീലങ്ക ടൂറിസത്തില്‍ വലിയ മുന്നേറ്റം നടത്തി. കഴിഞ്ഞ കൊല്ലം 20 ലക്ഷം ടൂറിസ്റ്റുകളാണ് അവിടേക്കു പ്രവഹിച്ചത്. 2019ലെ ലോകത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ശ്രീലങ്കയെ ലോണ്‍ലി പ്ലാനറ്റ് പ്രഖ്യാപിച്ചിരിക്കയായിരുന്നു. ടൂറിസം വികസനത്തിന്റെ പേരിലും മറ്റും വിസ നിയന്ത്രണങ്ങളില്‍ അയവുവരുത്തിയതോടെ ലഹരിമരുന്നുകടത്തുകാരുടെ വലിയ സങ്കേതമായി രാജ്യം മാറി. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ അപകടത്തിലാക്കുംവണ്ണം തീവ്രവാദി ശൃംഖകള്‍ വളരാനും അത് വഴിതെളിച്ചു.
ഫിലിപ്പീന്‍സിന്റെ തെക്കന്‍ പ്രവിശ്യയായ മിന്‍ഡനാവോയിലും ആച്ചേയിലും, തായ്‌ലന്‍ഡിന്റെ തെക്കന്‍ മേഖലയിലും അല്‍ ഖയിദാ ബന്ധമുള്ള വിമത തീവ്രവാദികള്‍ ഒരു ദശകത്തിലേറെയായി ഭരണകൂടത്തിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. മിന്‍ഡനാവോയിലെ ജോലോ ദ്വീപിലെ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ തീവ്രവാദികള്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ഏറ്റവുമൊടുവില്‍ നടത്തിയ ആക്രമണത്തില്‍ 20 വിശ്വാസികളാണ് കൊല്ലപ്പെട്ടത്. ഫിലിപ്പീന്‍സിലെ അബു സയ്യാഫ് വിമതര്‍ക്ക് അല്‍ഖയ്ദാ പിന്തുണയ്ക്കു പുറമെ ഐഎസ് സഹായവും ലഭിക്കുന്നുണ്ട്. ഇന്തൊനേഷ്യയില്‍ ജുമാ ഇസ്‌ലാമിയ തീവ്രവാദികള്‍ വര്‍ഷങ്ങളായി മുഖ്യധാര രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുകയാണ്. ജക്കാര്‍ത്തയിലെ ക്രൈസ്തവനായ മുന്‍ ഗവര്‍ണര്‍ ബസുക്കി ജഹജെ പൂര്‍ണമയെ മതനിന്ദയുടെ പേരില്‍ 20 മാസം തടവിലടയ്ക്കപ്പെട്ടു.
മൂന്നു വര്‍ഷം മുന്‍പ് പാക്കിസ്ഥാനിലെ ലാഹോറില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 70 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരുന്നു. ബംഗ്ലാദേശില്‍ മതനിരപേക്ഷ ചായ്‌വുള്ള ഭരണകക്ഷിയായ അവാമി ലീഗ് യാഥാസ്ഥിതിക ഇസ്ലാം പക്ഷക്കാരായ മതപണ്ഡതന്മാരുടെ അനുഗ്രഹാശിസുകളോടെയാണ് ഭരണം തുടരുന്നത്. മ്യാന്‍മറിലാകട്ടെ പൗരത്വം നിഷേധിക്കപ്പെട്ട രോഹിംഗ്യ മുസ്‌ലിംകളെ വംശഹത്യയിലൂടെ ഉന്മൂലനം ചെയ്യുന്ന ബുദ്ധമതക്കാരായ സൈനിക ജനറല്‍മാരുടെ അടുത്ത ഇര ക്രൈസ്തവ ന്യൂനപക്ഷമായിരിക്കുമെന്നാണ് ആശങ്ക.
ശ്രീലങ്കയിലെ 2.20 കോടി ജനങ്ങളില്‍ 70 ശതമാനവും ബുദ്ധമതക്കാരാണ്. ഹൈന്ദവര്‍ 12.6 ശതമാനവും മുസ്‌ലിംകള്‍ 9.7 ശതമാനവും ക്രൈസ്തവര്‍ 7.6 ശതമാനവും വരും. ഇതില്‍ കത്തോലിക്കരുടെ സംഖ്യ 15 ലക്ഷമാണ്. പോര്‍ച്ചുഗീസ് ഭരണത്തിന്‍ കീഴില്‍ വളര്‍ന്നു വികസിച്ച സഭയ്ക്ക് ഡച്ച് ആധിപത്യത്തില്‍ പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. ഗോവയില്‍ നിന്ന് 1687ല്‍ സുവിശേഷവേലയ്ക്കായി ശ്രീലങ്കയിലെത്തിയ വിശുദ്ധ ജോസഫ് വാസ് നിരവധി അത്ഭുതപ്രവൃത്തികളിലൂടെയും പുണ്യജീവിതത്തിലൂടെയും വിശ്വാസദീപ്തി പരത്തി.
വിദ്യാഭ്യാസ മേഖലയിലും ആതുരസേവനത്തിലും മികച്ച സംഭാവനകള്‍ നല്‍കിയ കത്തോലിക്കാ സഭ തമിഴ് പുലികളുടെ കലാപത്തിന്റെ ഇരുണ്ട ദശകങ്ങളില്‍ സിംഹള-തമിഴ് സ്വത്വരാഷ്ട്രീയത്തിന്റെ ഭിന്നിപ്പുകളെയും തരണം ചെയ്തു. തമിഴ് വംശജരായ വിശ്വാസികളുടെയും സിംഹള വംശജരായ കത്തോലിക്കാ സൈനിക ഓഫിസര്‍മാരുടെയും അടിസ്ഥാന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മധ്യമാര്‍ഗം സ്വീകരിക്കുക അത്ര എളുപ്പമായിരുന്നില്ല. പലപ്പോഴും ബൗദ്ധ തീവ്രവാദികളുടെ ആക്രമണത്തെ നേരിടാന്‍ മറ്റു ന്യൂനപക്ഷങ്ങളോടൊപ്പം കൈകോര്‍ക്കാനും സഭ മുന്‍പന്തിയിലുണ്ടായിരുന്നു. എന്നാല്‍ ഈസ്റ്റര്‍ ദിനത്തിലെ പൈശാചിക ആക്രമണം ഏഷ്യയിലെ മതേതര ഭരണകൂടങ്ങളെയും ന്യൂനപക്ഷ സമൂഹങ്ങളെയും മാത്രമല്ല ഭൂരിപക്ഷ മത-സാംസ്‌കാരിക വര്‍ഗീയതയുടെയും ദേശീയതയുടെയും പേരില്‍ ഉന്മത്തരാകുന്നവരെയും വീണ്ടുവിചാരത്തിലേക്കു നയിക്കേണ്ടതാണ്. ഐഎസിന്റെ കരാളഹസ്തം നീണ്ടുവരുകയാണ്. ശ്രീലങ്കയിലെ ആക്രമണങ്ങള്‍ക്കു മുന്‍പ് ഐഎസ് 29 രാജ്യങ്ങളിലായി 143 ആക്രമണങ്ങള്‍ക്ക് പ്രചോദനമായി നിലകൊണ്ടിട്ടുണ്ട്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ ആക്രമിച്ച് ഭീതിയും സംത്രാസവും സൃഷ്ടിക്കുകയാണ് അവരുടെ ശൈലി. വിദ്വേഷത്തിന്റെയും വിഭാഗീതയുടെയും മതഭ്രാന്തിന്റെയും ചാവേറുകള്‍ക്കെതിരെ നിതാന്ത ജാഗ്രതയാണ് അതിജീവനത്തിന്റെ രാഷ്ട്രീയതന്ത്രം.


Related Articles

പ്രത്യക്ഷവത്കരണത്തിരുനാള്‍

പ്രത്യക്ഷവത്കരണത്തിരുനാള്‍: നക്ഷത്രവഴിയേ ഇന്ന് തിരുസഭ പ്രത്യക്ഷവത്കരണത്തിരുനാള്‍ ((feast of epiphany)) ആഘോഷിക്കുന്ന ദിനമാണ്. പൗരസ്ത്യ ദേശത്തു നിന്നുള്ള ജ്ഞാനികള്‍ നക്ഷത്രം അടയാളമായി കണ്ട് അതിന്റെ വഴിയേ സഞ്ചരിച്ച്

റവ. ഡോ. സുനില്‍ കല്ലറക്കല്‍ പെറു പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍; ഫാ. പോള്‍ തോട്ടത്തുശേരി ഇന്ത്യന്‍ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍

കൊടുങ്ങല്ലൂര്‍: ഒബ്ലേറ്റ്‌സ് ഓഫ് സെന്റ് ജോസഫ് (ഒഎസ്‌ജെ) സന്യാസസഭയുടെ ഇന്ത്യന്‍ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പരിയര്‍ റവ. ഡോ. സുനില്‍ കല്ലറക്കല്‍ ഒഎസ്‌ജെ സൗത്ത് അമേരിക്കയിലെ പെറു ഒഎസ്‌ജെ

കേരള സൈന്യത്തിന് നന്ദി പറഞ്ഞ് തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി

തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. കെ. വാസുകി പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ എല്ലാവർക്കും നന്ദി പറയുന്നു. സേവന സന്നദ്ധരായി മുന്നോട്ട് എത്തിയ മത്സ്യബന്ധന തൊഴിലാളികൾക്കും, അവരെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*