ഐക്യത്തിന്റെ നാളുകളിലേക്ക് വിരല്‍ചൂണ്ടി കര്‍ണാടക തിരഞ്ഞെടുപ്പ്

ഐക്യത്തിന്റെ നാളുകളിലേക്ക് വിരല്‍ചൂണ്ടി കര്‍ണാടക തിരഞ്ഞെടുപ്പ്
മാരത്തോണില്‍ ലോക റിക്കാര്‍ഡിനുടമയായ കെനിയയുടെ ഡെന്നീസ് കിര്‍പ്പുറ്റോ കിമോറ്റുവിന്റെ ശൈലിയിലാണ് ബിജെപി ഇത്തവണ കര്‍ണാടക തിരഞ്ഞെടുപ്പിനെ നേരിട്ടത്. പതിഞ്ഞ താളത്തില്‍ തുടക്കം. പിന്നീട് ഓരോ കടമ്പയും ഭേദിച്ച് മുന്നേറ്റം. അവസാന ലാപ്പുകളില്‍ കിതപ്പില്ലാത്ത കുതിപ്പ്. ഡെന്നീസ് കിമുറ്റോയ്ക്ക് ഫിനിഷിംഗില്‍ താളം തെറ്റാറില്ലെന്നു മാത്രം. കപ്പിനും ചുണ്ടിനുമിടയില്‍ ബിജെപിക്ക് കര്‍ണാടകത്തില്‍ കേവല ഭൂരിപക്ഷം നഷ്ടമായെങ്കിലും ദക്ഷിണേന്ത്യയിലേക്കുള്ള മോദിയുടെയും അമിത്ഷായുടെയും അശ്വമേധം പരാജയമാണെന്നു പറയാന്‍ കഴിയില്ല. രാഷ്ട്രീയമായും സംഘടനാപരമായും ബിജെപിയുടെ മുന്നേറ്റത്തിനൊപ്പം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിര ഉയരുന്നതും കര്‍ണാടകത്തില്‍ ദൃശ്യമാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ എന്തു തീരുമാനമെടുത്താലും ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരുടെ സഖ്യം ആവശ്യമാണെന്ന് ബുദ്ധിയുള്ള ഇടതുപക്ഷക്കാരനും മനസിലാകും. 
കഴിഞ്ഞ നാലുവര്‍ഷവും കേന്ദ്രം ഭരിച്ച ബിജെപി സര്‍ക്കാര്‍ സംഭാവന ചെയ്ത പ്രധാന കാര്യങ്ങള്‍ വര്‍ഗീയ, വംശീയ വിദ്വേഷവും, സാമ്പത്തിക തകര്‍ച്ചയുമാണ്. ബിജെപി സംസ്ഥാന നേതാക്കള്‍ക്കെതിരെയുള്ള അഴിമതിയാരോപണവും തിരഞ്ഞെടുപ്പില്‍ അവര്‍ക്കു നേരിടേണ്ടി വന്നു. മഹാഭാരത യുദ്ധക്കാലത്ത് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്നുവെന്നും രാമായണകാലത്ത് ഇന്ത്യയ്ക്ക് അണുവായുധവും വിമാനവുമൊക്കെ ഉണ്ടായിരുന്നുവെന്നും വീമ്പും വിഡ്ഡിത്തവും ദിവസേന വിളമ്പുന്ന ബിജെപി നേതാക്കള്‍ക്കോ, ദളിതരെയും ന്യൂനപക്ഷക്കാരെയും അവഹേളിക്കുകയും തച്ചുകൊല്ലുകയും ചെയ്യുന്ന അനുയായികള്‍ക്കോ മോദിയുടെ മുന്നേറ്റത്തെ കാര്യമായി ദുര്‍ബലപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നത് വലിയ ആശങ്കയോടെ മാത്രമെ കാണാനാകൂ. കര്‍ണാടകയില്‍ ഒറ്റയടിക്ക് ഭരണം നേടാനായില്ലെങ്കിലും ഒരു വമ്പന്‍ രാഷ്ട്രീയപാര്‍ട്ടിയായി ബിജെപി മാറിയിരിക്കുകയാണ്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ ഭരണം വീണ്ടും ബിജെപി കൈപ്പിടിയിലൊതുക്കുമെന്ന് തീര്‍ച്ചയാണ്.
ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തെത്തിക്കഴിഞ്ഞു. അവിടങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും നേരിട്ടുള്ള പോരാട്ടത്തിലാണ്. ബിഎസ്പി പോലുള്ള കക്ഷികള്‍ക്ക് കാര്യമായ സ്വാധീനമില്ല. കര്‍ണാടകത്തിലേതു പോലെ ജനതാദള്‍ എസ് എന്ന ഒരു മൂന്നാംശക്തിയില്ലാത്തതു കൊണ്ട് കോണ്‍ഗ്രസിന് മാനം രക്ഷിക്കണമെങ്കില്‍ നന്നായി വിയര്‍ക്കേണ്ടിവരും.
കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ആദ്യ ഘട്ടങ്ങളില്‍ ബിജെപി പ്രതിരോധത്തിലായിരുന്നു. യദ്യൂരപ്പയ്ക്കും ബെല്ലാരി സഹോദരന്മാര്‍ക്കുമെതിരേയുള്ള അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് കളംനിറഞ്ഞപ്പോള്‍ ഭരണം വീണ്ടും കോണ്‍ഗ്രസിനു ലഭിക്കുമെന്ന് പ്രതീക്ഷയുണര്‍ന്നു. എന്നാല്‍ കര്‍ണാടകം കേന്ദ്രീകരിച്ച് തന്ത്രങ്ങളുമായി അമിത് ഷാ കളം നിറയാന്‍ അധികസമയം വേണ്ടിവന്നില്ല. മോദിയുടേത് ഉള്‍പ്പടെ 21 റാലികളാണ് ബിജെപി സംഘടിപ്പിച്ചത്. റാലികളില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ വിശദീകരിച്ചതിനൊപ്പം സിദ്ധരാമയ്യ സര്‍ക്കാരിന്റെ പ്രവര്‍ത്തനവീഴ്ചകളും കൂടി വിശദീകരിച്ചായിരുന്നു ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് മേല്‍ക്കൈ നേടിയത്. 
ബിജെപി നേതാക്കള്‍ക്കെതിരേയുള്ള അഴിമതി ആരോപണത്തെ നേരിടാന്‍ പൊടിപിടിച്ചു കിടന്ന നാഷണല്‍ ഹെറാള്‍ഡ് കേസ് പൊക്കിയെടുത്തു. സോണിയയും രാഹുലും ഉള്‍പ്പെട്ട കേസായതുകൊണ്ട് കോണ്‍ഗ്രസ് പ്രതിരോധത്തിലായി. അഴിമതി ചര്‍ച്ച തന്നെ അതോടെ ഇല്ലാതായി. പട്ടികജാതി വര്‍ഗ നിയമത്തില്‍ വെള്ളം ചേര്‍ത്തെന്ന ആരോപണം കത്തിക്കാളുന്നതിനിടയിലായിരുന്നു തിരഞ്ഞെടുപ്പ്. 16 ശതമാനം വരും കര്‍ണാടകയില്‍ ദളിതരുടെ സംഖ്യ. തീര്‍ച്ചയായും പിന്നാക്ക വിഭാഗങ്ങളുടെ വോട്ടും കോണ്‍ഗ്രസ് പ്രതീക്ഷിച്ചു. പക്ഷേ ഈ വിഷയം തിരഞ്ഞെടുപ്പില്‍ ഉയര്‍ത്താന്‍ ശ്രമിച്ചില്ല. മറിച്ച് ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക ന്യൂനപക്ഷ പദവി നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ഹിന്ദുവിരുദ്ധരാണെന്ന വാദമുയത്തി ഹൈന്ദവ വോട്ടുകള്‍ നേടാന്‍ ഈ നീക്കം ബിജെപിയെ സഹായിച്ചു. ഗൗരി ലങ്കേഷ് വധത്തിലെ പ്രതികളെ പിടികൂടാന്‍ സാധിക്കാതിരുന്നത് ബിജെപി കോണ്‍ഗ്രസിനെതിരേ ആയുധമാക്കി. കൊലപാതക സംഭവത്തില്‍ സംഘ്പരിവാര്‍ സംശയത്തിന്റെ നിഴലിലായിട്ടും തിരഞ്ഞെടുപ്പില്‍ ബിജെപി അതില്‍ നിന്നു മുതലെടുത്തുവെന്നത് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തിന്റെ ദൗര്‍ബല്യം എടുത്തുകാട്ടുന്നതായി. ഗൗരി ലങ്കേഷിന്റെ സഹോദരനെ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറക്കിയതും ബിജെപി തന്നെ.
തിരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്നും കോണ്‍ഗ്രസ് ഉടനടി ഉയിര്‍ത്തെഴുന്നേറ്റു എന്നതാണ് ജനതാദള്‍ എസുമായി സഖ്യമുണ്ടാക്കാനുള്ള നീക്കം സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ജനതാദള്‍-എസ് ബിജെപിയുടെ ബി ടീമാണെന്നു വരെ സിദ്ധരാമയ്യ ആരോപിച്ചിരുന്നു. ഗോവയിലും മേഘാലയയിലും മണിപ്പുരിലും ബിജെപി നടത്തിയ ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നു അകറ്റാന്‍ കാരണമായിരുന്നു. അമിത് ഷായെ പോലുള്ള ഒരു ചാണക്യതന്ത്രശാലി കോണ്‍ഗ്രസിനില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ നടന്ന അട്ടിമറികള്‍ അവരുടെ കണ്ണു തുറപ്പിക്കാന്‍ കാരണമായി. മാത്രമല്ല 2019ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു പാലം നിര്‍മിച്ച് ബിജെപിയെന്ന വന്‍നദി കടക്കാന്‍ കര്‍ണാടക ഉപകരിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. യുപി നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബിഎസ്പിയിലും സമാജ്‌വാദി പാര്‍ട്ടിയിലുമുണ്ടായ പുനര്‍ചിന്തകളാണ് പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള സങ്കല്പത്തിന് ജീവന്‍ വപ്പിച്ചത്. ഗോരഖ്പുര്‍, ഫൂല്‍പുര്‍ ലോക്‌സഭാ സീറ്റുകളില്‍ ബിജെപിക്കു തിരിച്ചടി നല്‍കാന്‍ ഇരുപാര്‍ട്ടികളുടെയും കൂട്ടുകെട്ടിനായി. കോണ്‍ഗ്രസിന്റെ സഹായമില്ലാതെ ബിജെപിയെ നേരിടാന്‍ സാധിക്കില്ലെന്ന ചിന്ത പ്രാദേശിക കക്ഷികളില്‍ വ്യാപകമാണ്. തിരിച്ച് പ്രാദേശി കകക്ഷികളുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കാതെ തിരിച്ചുവരാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിനും ബോധ്യമുണ്ട്. യുപിയിലെതന്നെ കൈരാന ലോക്‌സഭാ സീറ്റിലും നൂര്‍പുര്‍ നിയമസഭാ സീറ്റിലും 28ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടായാണ് ബിജെപിയെ നേരിടുന്നത്. അതേ കൂട്ടുകെട്ട് 2019ലെ തിരഞ്ഞെടുപ്പിലും ഉണ്ടാക്കാനായാല്‍ ബിജെപിക്ക് അത് കനത്ത വെല്ലുവിളിയാവും ഉയര്‍ത്തുക.

Related Articles

ലോക്ഡൗണ്‍ ഇളവിലും ജാഗ്രത തുടരണം -കെ.കെ.ശൈലജ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവ് വരുത്തിയ സാഹചര്യത്തിലും എല്ലാവരും കൊവിഡ്-19നെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. എല്ലാവരും ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.

സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ – ചായം പുരട്ടാത്ത ഓര്‍മ്മകള്‍

കേരളകാളിദാസന്‍ എന്ന വിശേഷണമുള്ള കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനാണ് ‘കാളിദാസ ശാകുന്തളം’ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. കേരളവര്‍മ്മത്തമ്പുരാന്റെ ‘ഭാഷാശാകുന്തളം’ മലയാളത്തിലുള്ള ആദ്യ പൂര്‍ണനാടകമായി പരിഗണിക്കുന്നു. സംസ്‌കൃത ഭാഷയാണ് മലയാളത്തിന്

ഫ്രഞ്ച് ബൈബിള്‍

സുവിശേഷം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുക എന്നത് ജ്ഞാനസ്‌നാനം സ്വീകരിച്ച ഏതൊരു വ്യക്തിയുടെയും കടമയാണ്. തന്റെ ഈ കടമയെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്ന ഒരു സ്ത്രീയായിരുന്നു മിസിസ് മാര്‍ഗരറ്റ്. പക്ഷേ, ചെറുപ്പത്തില്‍ തന്നെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*