Breaking News
എന്റെ കർത്താവേ, എന്റെ ദൈവമേ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “എന്റെ കർത്താവേ, എന്റെ ദൈവമേ” (യോഹ 20: 24 – 29) തിരിച്ചു
...0സംശയങ്ങളുണ്ടാകട്ടെ: വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം
വി. തോമസ് അപ്പോസ്തലന്റെ തിരുനാൾ മഹോത്സവം വിചിന്തനം:- “സംശയങ്ങളുണ്ടാകട്ടെ” (യോഹ 20: 24 – 29) കേരളക്കരയില്‍ വിശുദ്ധ തോമസ് അപ്പസ്തോലനോളം
...0ഹൃദയമിടിപ്പിന്റെ താളം
ജൂലൈ 1 ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) ഡോക്ടര്‍മാരുടെ ദേശീയ ദിനമായി ആചരിക്കുന്നു. നിന്റെ ജീവന്റെ കാവലായി ഞാന്‍ നില്ക്കാം, നീ
...0സ്റ്റാന്‍ സ്വാമിക്കു കിട്ടാത്ത നീതി
ഇന്ത്യന്‍ ഭരണകൂടവും ക്രിമിനല്‍ നീതിന്യായവ്യവസ്ഥയും ദേശീയ അന്വേഷണ ഏജന്‍സിയും ചേര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിഷ്ഠുരമായി, ഇഞ്ചിഞ്ചായി കൊന്ന ഫാ. സ്റ്റാന്‍ സ്വാമിയുടെ
...0പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം 40 ശതമാനമായി ഉയര്‍ത്തണം- സംവരണ സമുദായ മുന്നണി
എറണാകുളം: മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് സംവരണ സമുദായ മുന്നണി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
...0ദേവസഹായത്തിന്റെ വിശ്വാസധീരത സൗഖ്യദായകമായ ജീവസന്ദേശം – കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്
നാഗര്‍കോവില്‍: രാജ്യത്തെ കത്തോലിക്കാ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിനു പുനഃപ്രതിഷ്ഠിച്ചു കൊണ്ടും ഭാരതസഭയുടെ പ്രഥമ അല്മായ രക്തസാക്ഷി ദേവസഹായത്തിന്റെ വിശുദ്ധനാമകരണത്തിന് ദേശീയതലത്തില്‍ നന്ദിയര്‍പ്പിച്ചുകൊണ്ടും
...0
ഒടിടി V/s കൊട്ടക

ദശാബ്ദങ്ങളായി സിനിമാപ്രദര്‍ശനവേദികളുടെ ഒറ്റവാക്കായിരുന്നു തിയേറ്റര്‍. നമ്മുടെ നാട്ടിലാകട്ടെ ക്ഷേത്രകലകള്‍ പോലും തിയേറ്ററുകളുടെ (ഓഡിറ്റോറിയം) ചട്ടക്കൂട്ടിലേക്കു മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു. നാടകത്തിനും സിനിമയ്ക്കും മറ്റു ദൃശ്യവിനോദപരിപാടികള്‍ക്കും അവയുടെ ആവിര്‍ഭാവകാലം മുതല്‍ ധാരാളം കാഴ്ചക്കാരുണ്ടായിരുന്നു. മാസത്തിലൊരിക്കലോ ആഴ്ചയിലൊരിക്കലോ സിനിമയ്ക്കു പോകുകയെന്നാല്‍ കുടുംബസമേതം ഒന്നു പുറത്തേക്കിറങ്ങാനുള്ള അവസരമാണ് ഒരുക്കിയിരുന്നത്. കാലത്തിന്റെ മാറ്റവും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും ഒടിടി പ്ലാറ്റ്ഫോമുകളുടെയും സ്ട്രീമിംഗ് ആപ്പുകളുടെയും വൈപുല്യത്തിനിടയാക്കി. ഇതുവഴി ദൃശ്യവിരുന്നുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചെങ്കിലും തിയേറ്ററുകള്‍ക്ക് അതു ഗുണമാകുമോ എന്നത് വലിയൊരു ചോദ്യമാകുകയാണ്. നിലനില്‍പ്പിനുതന്നെ വെല്ലുവിളിയാണ് ഒടിടികള്‍ സിനിമാശാലകള്‍ക്കു മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്.
കൊവിഡ് വ്യാപനകാലത്തോടെ അടച്ചിട്ടിരുന്ന കേരളത്തിലെ സിനിമാശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ഒടിടി പ്ലാറ്റ്ഫോമുകളുമായി തുറന്ന ഒരു യുദ്ധത്തിലേക്ക് നീങ്ങുകയാണ്. തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയ എണ്‍പതോളം ചിത്രങ്ങളാണ് റിലീസ് ചെയ്യാന്‍ കാത്തിരിക്കുന്നത്. സൂപ്പര്‍താരങ്ങള്‍ അഭിനയിച്ചതും കോടികളുടെ മുതല്‍മുടക്കുള്ളതുമായ സിനിമകളും അവയിലുണ്ട്. 2021 ഒരുപക്ഷേ സിനിമാശാലകളുടെ ഭാവി കൂടി നിശ്ചയിക്കുന്ന വര്‍ഷമായി മാറാനും ഇടയുണ്ട്.
ഒടിടി പ്ലാറ്റ്ഫോമെന്നാല്‍
കൊവിഡ്-19 മഹാമാരിക്കു മുമ്പേ ഒടിടി (Over the Top) പ്ലാറ്റ് ഫോമുകള്‍ വിദേശത്ത് സജീവമായിരുന്നു. കൊവിഡ് പടര്‍ന്നുപിടിച്ചതോടെ തിയേറ്ററുകള്‍ അടച്ചിട്ടേണ്ട സാഹചര്യമുണ്ടായപ്പോഴാണ് ഇന്ത്യയില്‍ ഒടിടി പ്രിയങ്കരമായതെന്നു മാത്രം. ടിവി പരിപാടികളും വീഡിയോകളും സ്ട്രീം ചെയ്യുകയായിരുന്നു ഒടിടികളുടെ പ്രഥമ ദൗത്യം. ഇന്ന് വിനോദപരിപാടികളില്‍ സിനിമ മാത്രമായി ഒതുങ്ങുന്നില്ല ഒടിടിയുടെ പ്രഭാവം. സീരിയലുകളും ഡോക്യുമെന്ററികളും ടെലിഫിലിമുകളുമെല്ലാം വലിയ തോതില്‍ തന്നെ ജനങ്ങളിലേക്കെത്തുന്നു. സന്ദേശങ്ങള്‍ കൈമാറാനും ഒടിടി സംവിധാനം ഉപയോഗിച്ചുതുടങ്ങി. മള്‍ട്ടിമീഡിയ പ്രൊവൈഡര്‍ എന്ന നിലയില്‍ തിയേറ്ററുകളെ അവ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു. ഒരു റോബോട്ട് മനുഷ്യനെ നിത്യജീവിതത്തില്‍ പിന്തള്ളിയാല്‍ എങ്ങനെയിരിക്കും! അതുപോലൊന്ന് തിയേറ്ററുകള്‍ക്കും ഒടിടികള്ക്കുമിടയില് സംഭവിച്ചുകൊണ്ടിരിക്കുന്നു.
ഇന്റര്‍നെറ്റ് സഹായത്തോടെ മാധ്യമങ്ങളിലേക്കും അതുവഴി കാഴ്ചക്കാരിലേക്കും നേരിട്ട് സ്ട്രീം ചെയ്യുന്നതുകൊണ്ടാണ് ഓവര്‍-ദ-ടോപ് – അതുക്കും മീതെ – എന്ന പേര് ഈ പ്ലാറ്റ്ഫോമിനു സിദ്ധിച്ചത്. കേബിള്‍ കണക്ഷനുകളും ബ്രോഡ്ബാന്‍ഡ് സേവനങ്ങളും അവിടെ അപ്രസക്തമായി. തടസമില്ലാത്ത ഇന്റര്‍നെറ്റ് കണക്ഷനും സ്മാര്‍ട്ട് ടിവിയോ സ്മാര്‍ട്ട് ഫോണോ പോലുള്ള ഉപകരണങ്ങളും മാത്രമാണ് ഇതിനാവശ്യം. ഇന്റര്‍നെറ്റ് ഡാറ്റാ പാക്കേജും ആമസോണ്‍ പോലുള്ള ഏജന്‍സികളുടെ വരിസംഖ്യയുമാണ് ഇത് ഉപയോഗിക്കാനുള്ള അനുമതിപത്രം. ടിവി ചാനലുകള്‍ ഈ പ്ലാറ്റ്ഫോം വഴി സംപ്രേഷണം ചെയ്യാനാരംഭിച്ചാല്‍ മൊത്തത്തില്‍ കാഴ്ചക്കെത്തുന്ന വിഭവങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ഇപ്പോഴത്തെ കേബിള്‍ ടിവി വരിസംഖ്യയെക്കാളും വളരെ കുറവായിരിക്കും.
പാരമ്പര്യ മാധ്യമസങ്കല്പങ്ങളെ മറികടന്ന് കാഴ്ചക്കാരുടെ സ്വകാര്യതയിലേക്ക് അവര്‍ ആഗ്രഹിക്കുന്ന വിനോദപരിപാടികള്‍ കടന്നുവന്നു. അതു കാണുവാന്‍ പ്രത്യേക സമയമില്ല. വേണമെങ്കില്‍ സൗകര്യമനുസരിച്ച് പലപ്പോഴായും കാണാം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യഅകലം പാലിക്കേണ്ടിയിരുന്ന സന്ദര്‍ഭത്തിലാണ് ഒടിടികള്‍ പൂത്തുലഞ്ഞതെങ്കിലും ഇന്നത് ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെ മാറിയിരിക്കുന്നു. ആമസോണും നെറ്റ്ഫഌക്സും ഹുലുവും ഹോട്ട്സ്റ്റാറും ഇന്ന് കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും പോലും പരിചിതമായ പേരുകളാണ്. ഫസ്റ്റ്ഷോ, മാറ്റിനി, നീസ്ട്രീം തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകള് മലയാളിയുടെ സ്വന്തമാണ്. ഇവ മലയാളത്തിനു പുറമേ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി സിനിമകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
കേബിള്‍ നെറ്റ് വര്‍ക്കുകള്‍ക്ക് തങ്ങള്‍ സംപ്രേഷണം ചെയ്യുന്ന വിഭവങ്ങളില്‍ പരിമിതികളുണ്ട്. സീരിയലുകള്‍, വാര്‍ത്തകള്‍, സിനിമകള്‍, കുട്ടികളുടെ പരിപാടികള്‍, ലൈവ്ഷോകള്‍ എന്നിവയില്‍ കേബിളുകള്‍ ഒതുങ്ങുമ്പോള്‍ വിശാലമായ ഒരു ലോകമാണ് കാഴ്ചക്കാരുടെ മുന്നിലേക്ക് ഒടിടി എത്തിക്കുന്നത്. പരിധിയില്ലാത്ത കാഴ്ചകളാണതെന്ന് ഒറ്റവാക്കില്‍ പറയാം. കാണുന്ന വിഭവങ്ങളിലേതിനെകുറിച്ചെങ്കിലും പരാതിയുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ പോലും ഇടപെടുകയുള്ളൂ. ഓണ്‍ലൈന്‍ പരിപാടികളുടെ സ്വാധീനം പരിധിവിടുന്നുവെന്നു തോന്നിയപ്പോഴാണ് നിയന്ത്രണത്തിന് ഇന്ത്യയില്‍ പ്രത്യേക ഐടി ചട്ടത്തിന് സര്‍ക്കാര്‍ രൂപം നല്‍കിയത്. സമൂഹമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടലുകള്‍, ഒടിടി കമ്പനികള്‍ എന്നിവയെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും കൊണ്ടുവന്ന പുതിയ ഐടി ചട്ടം (ഗൈഡ്ലൈന്‍സ് ഫോര്‍ ഇന്റര്‍മീഡിയറീസ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ്) പ്രകാരം രൂപീകരിച്ച ഡിജിറ്റല്‍ മീഡിയ കണ്ടന്റ് റഗുലേറ്ററി കൗണ്‍സില്‍ (ഡിഎംസിആര്സി) ആണ് നിലവില്‍ ഒടിടി പ്ലാറ്റ്ഫോമുകളിലെ പരിപാടികള്‍ സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നത്. ഒടിടികളുടെ റജിസ്ട്രേഷന് നടത്തേണ്ടതും ഡിഎംസിആര്സി തന്നെയാണ്. പരാതി ലഭിച്ച് പരിശോധനയില്‍ അത് ബോധ്യപ്പെട്ടാല്‍ മാത്രമേ നടപടികളുണ്ടാകൂ എന്നു സാരം.
ഒടിടി മേന്മകള്
ടിവി പരിപാടികള്‍ക്കിടയിലെ പരസ്യങ്ങളുടെ വ്യൂവര്‍ഷിപ്പ് (കാഴ്ചക്കാരുടെ എണ്ണം) ഒരു സാങ്കല്പിക അളവുകോലുപയോഗിച്ചാണ് ഇപ്പോള്‍ നിര്‍ണയിക്കുന്നതെന്നു പറയാം. ടിവി വീക്ഷിക്കുന്ന ഒരു ലക്ഷം പേരില്‍ നൂറോ ഇരുന്നൂറോ പേരില്‍ സര്‍വേ നടത്തിയാണ് മൊത്തം കാഴ്ചക്കാരുടെ എണ്ണം കണക്കാക്കുന്നത്. സര്‍വേ നടത്തുന്നവരുടെ ഔചിത്യം പോലിരിക്കും എണ്ണം കൂടുന്നതും കുറയുന്നതും. അതേസമയം ഒടിടികളില്‍ കാഴ്ചക്കാര്‍ക്ക് കൃത്യമായ എണ്ണമുണ്ട്. ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത് ഏതെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കൃത്യമായി അറിയാന്‍ സാധിക്കും. പരിപാടികള്‍ക്കിടയിലെ പരസ്യം എത്രപേര്‍ കണ്ടെന്നും അറിയാനാകും. സ്ട്രീമിംഗ് ചെയ്യുന്ന കമ്പനികള്‍ക്ക് ജനങ്ങള്‍ക്കിഷ്ടപ്പെടുന്ന പരിപാടികള്‍ എളുപ്പത്തില്‍ കണ്ടെത്താനാകും. ഗുണമേന്മ (കാഴ്ചക്കാരുടെ എണ്ണത്തില്‍) ഉള്ള പരിപാടികള്‍ ഭാവിയിലേക്ക് നിര്‍ണയിക്കാനും ഇത് എളുപ്പമാക്കും.
നിരവധി സ്ട്രീമിംഗ് ആപ്പുകള്‍ സ്വന്തമായ പരിപാടികള്‍ നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിനായി സ്റ്റുഡിയോകളും സ്ഥാപിച്ചുകഴിഞ്ഞു. ഡിസ്നി പ്ലസ് ഹോട്സ്റ്റാര്, ആമസോണ്‍ പ്രൈം വീഡിയോ, സോണി, വൂറ്റ്, സീ 5, ഇറോസ്നൗ, അല്‍ ടി ബജാജ് തുടങ്ങിയ കമ്പനികളാണ് സ്വന്തം സ്റ്റുഡിയോകള്‍ നിര്‍മിക്കുന്നത്. ആമസോണ്‍, സീ 5 എന്നിവ നിരവധി സിനിമകള്‍ നിര്‍മിച്ച് സ്ട്രീമിംഗ് നടത്തികഴിഞ്ഞു. വിവിധ പ്രായത്തിലുള്ളവര്‍ക്കായി വെബ് സീരീയലുകളും മത്സരങ്ങളും സംഘടിപ്പിക്കാനാരംഭിച്ചു. വിവിധ ഭാഷകളിലുള്ള ചിത്രങ്ങള്‍ പ്രാദേശിക സബ്ടൈറ്റിലുകളോടെ നല്‍കുന്നത് ഒടിടികളോടുള്ള പ്രിയം വര്‍ദ്ധിപ്പിക്കുമെന്ന് സിനിമാ സാങ്കേതികവിദഗ്ധനായ റെനീസ് കല്ലൂപ്പാടം പറയുന്നു.
തിയേറ്ററുകളില്‍ ഒരു ഹോളിവുഡ് ചിത്രം വന്നാല്‍ കാഴ്ചയിലെ സുഖം മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ചിത്രത്തിന്റെ കഥയോ സംഭാഷണങ്ങളോ സാധാരണക്കാരനു മനസിലാക്കാന്‍ എളുപ്പമായിരുന്നില്ല. ഡബിംഗ് വളരെ അരോചകവുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇംഗ്ലീഷിനു പുറമേ കൊറിയന്‍, ജാപ്പനീസ്, ചൈനീസ്, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകളിലുള്ള ചിത്രങ്ങള്‍ക്ക് മലയാളം അടക്കമുള്ള പ്രാദേശികഭാഷകളില്‍ സബ്ടൈറ്റിലുകള്‍ നല്കാന് ആരംഭിച്ചിട്ടുള്ളത്. ഭാഷകള്‍ പഠിക്കുന്നവര്‍ക്കു പോലും ഇതു വളരെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഫലത്തില്‍ ഒടിടികളുടെ പ്രിയം കൂടുതല്‍ വര്‍ദ്ധിക്കുവാനാണ് സാധ്യത ഒരുങ്ങുന്നത്. ഭാവിയില്‍ ഒരു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോള്‍ കാണാനെത്തുന്നവരുടെ എണ്ണം വളരെ കുറയും. ഇതേ സിനിമ എന്നാണ് ഒടിടിയില്‍ വരുന്നതെന്ന് അറിയാനായിരിക്കും കാണികളുടെ ആകാംക്ഷ. മോഹന്‍ലാല്‍-പൃഥ്വിരാജ് ടീമിന്റെ ‘ലൂസിഫര്‍’ തിയേറ്റര്‍ റിലീസിംഗിനു ശേഷം ഒടിടിയില്‍ പ്രദര്‍ശിച്ചപ്പോഴും വലിയ ഹിറ്റായിരുന്നു. അതേസമയം ഒടിടി റിലീസ് ചെയ്ത സിനിമകള്‍ ആരെങ്കിലും പിന്നീട് തിയേറ്ററില്‍ പോയി കാണാന്‍ ആഗ്രഹിക്കുമോ എന്നത് പ്രസക്തമാണ്. തിയേറ്ററില്‍ കുടുംബസമേതം പോകാനും അതിനുവേണ്ടി രണ്ടും മൂന്നും മണിക്കൂറുകള്‍ ചെലവഴിക്കാനും കുടുംബങ്ങള്‍ തല്ക്കാലം തയ്യാറാവുകയുമില്ല – അദ്ദേഹം പറയുന്നു.
തിയേറ്റര്‍ തന്നെ അഭികാമ്യം
പക്ഷേ സിനിമകളുടെ തിയേറ്റര്‍ അനുഭവം മൊബൈല്‍ഫോണോ പേഴ്സണല്‍ കംപ്യൂട്ടറോ ടിവിയോ പോലുള്ള ചെറിയ ഡിവൈസുകള്‍ക്ക് നല്‍കാനാവില്ലെന്ന അഭിപ്രായക്കാരനാണ് സംവിധായകനും സിനിമാനിരൂപകനുമായ സുനില്‍ സരയു. ഇപ്പോഴത്തേത് താല്ക്കാലികമായ, ഒരു കൊവിഡ്കാല പ്രതിഭാസമാണ്. പ്രേക്ഷകര്‍ തീര്‍ച്ചയായും തിയേറ്ററുകളില്‍ തന്നെ തിരിച്ചെത്തുമെന്നാണ് അദ്ദേഹം പറയുന്നത്. ‘ബാഹുബലി’ പോലെയോ റിലീസാകാനിരിക്കുന്ന ‘കുഞ്ഞാലിമരയ്ക്കാര്‍’ പോലുള്ള സിനിമകളിലോ ഒരിക്കലും അതിന്റെ യഥാര്‍ത്ഥ ഇഫക്ട് വീട്ടിലോ ഹോട്ടലിലോ ഓഫീസിലോ ഇരുന്ന് അനുഭവിക്കാനാവില്ല. പതിറ്റാണ്ടുകള്‍ക്കു മുമ്പു വന്നതാണെങ്കിലും ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്,’ അല്ലെങ്കില്‍ ‘സ്റ്റാര്‍വാര്‍സ്’ പോലുള്ള സിനിമകള്‍ ഒടിടിയില്‍ എന്തു ചലനം സൃഷ്ടിക്കാനാണ്? പുതിയ സിനിമകള്‍ എപ്പോഴും തിയേറ്ററില്‍ പോയി കാണാന്‍ തന്നെയായിരിക്കും യുവാക്കള്‍ക്ക് താല്പര്യം. തിയേറ്ററുകളിലെ കൂടിച്ചേരലും സാമൂഹ്യാന്തരീക്ഷവും ഒരിക്കലും വീടുകളില്‍ ലഭിക്കില്ലല്ലോ! ശബ്ദം, പിക്ചര്‍ ക്വാളിറ്റി എന്നിവയിലും തിയേറ്ററുകളെ വെല്ലാന്‍ കഴിയില്ല. ഇന്റര്‍നെറ്റ് എല്ലായിടത്തും വ്യാപകമാണെങ്കിലും തടസമില്ലാതെ ലഭിക്കുന്ന സ്ഥലങ്ങള്‍ പരിമിതമാണ്. മെട്രോ നഗരങ്ങളില്‍ മാത്രമാണ് ഒടിടി പ്ലാറ്റുഫോമുകള്‍ക്ക് 50 ശതമാനത്തില്‍ കൂടുതല്‍ വരിക്കാരുള്ളത്. ഒരു സിനിമ കണ്ടുതീര്ക്കുന്നതിനിടയില് പലവട്ടം ബ്രേക്ക് വന്നാല്‍ പ്രേക്ഷകര്‍ക്കു മടുക്കും. തിയേറ്ററിലാണെങ്കില്‍ ഇത്തരമൊരു പ്രശ്നമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
നിര്‍മാണം രണ്ടു വിധത്തില്‍
തിയേറ്റര്‍ റിലീസിനും ഒടിടി റിലീസിനും എന്ന പേരില്‍ രണ്ടു തരത്തിലാണ് ഇപ്പോള്‍ സിനിമാ നിര്‍മാണം നടക്കുന്നത്. ഒടിടിക്ക് ഉപയോഗിക്കുന്ന സാങ്കേതികസംവിധാനങ്ങളല്ല തിയേറ്റര്‍ റിലീസ് മുന്‍കൂട്ടി കാണുന്ന സിനിമകള്‍ക്കു വേണ്ടതെന്ന് ‘ഹോം’ ഉള്‍പ്പെടെ ഒടിടിയില്‍ വലിയ ഹിറ്റായ ചിത്രത്തിന്റെ ഛായാഗ്രാഹകനായ നീല്‍ ഡികുഞ്ഞ പറയുന്നു. വലിയ സ്ക്രീനില്‍ തന്നെ സിനിമകള്‍ കാണണമെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം. ‘ഹോം’ പോലുള്ള ചെറിയ സിനിമകള്‍ ഒരുപക്ഷേ സാങ്കേതികമായ പരിമിതികളെ മറച്ചുവയ്ക്കുന്നുണ്ടെങ്കിലും കാന്‍വാസ് വലുതാകുമ്പോള്‍ പ്രേക്ഷകന് അത് വെളിവാക്കപ്പെടുമെന്നും ഡികുഞ്ഞ പറയുന്നു. സിനിമ നിര്‍മിക്കാന്‍ ആഗ്രഹമുള്ള എന്നാല്‍ ബജറ്റ് പരിമിതികളുള്ളവര്‍ക്ക് ഒടിടി വലിയൊരു പ്രചോദനമാണ്. ‘ഹോമി’ല്‍ ഒരു സൂപ്പര്‍താരവും അഭിനിയിച്ചിട്ടില്ല. ഒരു സൂപ്പര്‍താരത്തിനും പ്രമുഖ താരങ്ങള്‍ക്കും നല്കുന്ന പ്രതിഫലമുണ്ടെങ്കില്‍ ഒരു ചെറിയ ഒടിടി പ്ലാറ്റ്ഫോം സിനിമ നിര്‍മിക്കാന്‍ കഴിയുമെന്നത് വലിയ കാര്യമാണെന്ന് നീല്‍ വ്യക്തമാക്കുന്നു.
ചെറിയ ബജറ്റില്‍ സിനിമകള്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്ന നിര്‍മാതാക്കളുടെ എണ്ണം കൂടി വരികയാണെന്നാണ് ഇതില്‍ നിന്നു മനസിലാക്കേണ്ടത്. കുറഞ്ഞ ബജറ്റില്‍ നിര്‍മിക്കുന്ന സിനിമകള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനും അതു വിജയിക്കാനും വലിയ ബുദ്ധിമുട്ടാണ്. താരമൂല്യമില്ലാത്ത ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പോയി കാണുന്ന സംസ്കാരം ഇന്ത്യയില്‍ വളരെ കുറവാണ്. മലയാളത്തില്‍ കൈവിരലിലെണ്ണാവുന്ന അത്തരം ചില സിനിമകളേ വിജയിച്ചിട്ടുള്ളൂ. തിയേറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധിക്കാനുള്ള സാധ്യത ഏറെയാണ്. സിനിമാ സംഘടനകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സര്‍ക്കാര്‍ വിനോദനികുതി താല്‍ക്കാലികമായെങ്കിലും എടുത്തുകളഞ്ഞാല്‍ പോലും സാധാരണക്കാര്‍ക്ക് തിയേറ്ററില്‍ പോയി സിനിമ കാണുക എന്നത് എളുപ്പമല്ല. കുടുംബമായി സിനിമ കാണാന്‍ പോകുകയാണെങ്കില്‍ നല്ലൊരു തുക ഇതിനായി മാറ്റിവയ്ക്കേണ്ടിവരും. തിയേറ്ററില്‍ ഒരാള്‍ക്ക് മുടക്കുന്ന ടിക്കറ്റ് ചാര്‍ജ് മതി ഒടിടി പ്ലാറ്റ്ഫോമില്‍ ഒരു കുടുംബത്തിനു മുഴുവന്‍ സിനിമ കാണാന്‍. മാത്രമല്ല വരിസംഖ്യ മാസത്തില്‍ അടച്ചാല്‍ മതിയാകും. വരിസംഖ്യയില്ലാതെ ഇഷ്ടപ്പെട്ട സിനിമകള്‍ക്കോ പരിപാടികള്‍ക്കോ മാത്രം നിശ്ചിത തുക കൊടുത്താലും മതിയാകും (സബ്സ്ക്രിപ്ഷന് ഇല്ലാതെ, കാണേണ്ട സിനിമ മാത്രം പണം കൊടുത്തു കാണുന്ന പേ പെര് വ്യൂ). വന്‍ ബജറ്റ് ചിത്രങ്ങളുടെ റിലീസിന് മാത്രമായിരിക്കും അപ്പോള്‍ തിയേറ്ററുകള്‍ വേണ്ടിവരിക. മലയാളത്തില്‍ ഒരു വര്‍ഷം നിര്‍മിക്കുന്ന നൂറോളം സിനിമകളില്‍ 25 എണ്ണം മാത്രമായിരിക്കും താരമൂല്യമുള്ളത്. ഈ സിനിമകള്‍ ഹിറ്റായാല്‍ തന്നെ പഴയ കാലത്തേതുപോലെ 50-100 ദിവസങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ല. പരമാവധി ഒരു മാസത്തിനുള്ളില്‍ സിനിമ ഒടിടിക്കോ ചാനലുകള്‍ക്കോ നല്‍കാനായിരിക്കും നിര്‍മാതാക്കള്‍ക്കും താല്പര്യം.
കൊവിഡ് ആദ്യതരംഗത്തിനുശേഷമാണ് മലയാളത്തിലെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസ് ഉണ്ടാകുന്നത്. അന്തരിച്ച സംവിധായകന് നരണിപ്പുഴ ഷാനവാസിന്റെ ‘സൂഫിയും സുജാതയും’ ആയിരുന്നു ചിത്രം. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഒടിടി ഹിറ്റുകളിലൊന്നായിരുന്നു ‘ദൃശ്യം 2.’ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ആയിരുന്നു മലയാളത്തിന്റെ സന്ദേശം വിവിധ ഭാഷകളിലേക്ക് പകര്‍ത്തിയത്. വന്‍കിട പ്ലാറ്റ്ഫോമുകള് നിരസിച്ച ഈ ചിത്രം നീസ്ട്രീം എന്ന പുതിയ പ്രാദേശിക ഒടിടി വഴിയാണ് റിലീസ് ചെയ്തത്. ‘സി യു സൂണ്‍,’ ‘ആര്‍ക്കറിയാം,’ ‘ചതുര്‍മുഖം,’ ‘ജോജി,’ ‘മാലിക്, ‘നായാട്ട്’ എന്നിങ്ങനെ ഗുണമേന്മയുള്ള നിരവധി ചിത്രങ്ങള്‍ ഒടിടി വഴി എത്തിയിരുന്നു.
മത്സരം ഒടിടികള്‍ തമ്മില്‍
അതേസമയം തിയേറ്ററുകളല്ല ഒടിടി പ്ലാറ്റ്ഫോമുകളുടെ എതിരാളികളെന്ന് നെറ്റ്ഫഌക്സിന്റെ കേരള റീജ്യണ്‍ മാനേജര്‍ അരുണ്‍ ബാബു മേനോന് പറയുന്നു. മത്സരം ഇപ്പോള്‍തന്നെ വിവിധ ആപ്പ് പ്രൊവൈഡര്‍മാര്‍ തമ്മിലായിട്ടുണ്ട്. സ്റ്റുഡിയോ നിര്‍മാണവും മറ്റും ഇതിന്റ ഭാഗമാണ്. വിവിധ പ്ലാറ്റ്ഫോമുകളില്‍ നിന്ന് പ്രേക്ഷകര്‍ക്ക് തിരഞ്ഞെടുക്കാന്‍ നിരവധി വിഭവങ്ങളുണ്ട്. തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പരിപാടികള്‍ ഉള്ളിടത്തേക്ക് സ്ഥിരമായി പോകുവാനായിരിക്കും അവര്‍ ഇഷ്ടപ്പെടുക. കാരണം, കൊവിഡ് കാലം കഴിഞ്ഞാല്‍ ഭാവിയില്‍ ദിവസത്തില്‍ വളരെ കുറച്ചു സമയം മാത്രമായിരിക്കും അവര്‍ മൊബൈല്‍ ഫോണുകള്‍ക്കു മുന്നിലോ കംപ്യൂട്ടറുകള്‍ക്കു മുന്നിലോ ഒടിടി പരിപാടികള്‍ക്കായി ചെലവഴിക്കുക. ആ സമയം പ്ലാറ്റ്ഫോമുകള് തിരഞ്ഞുനടക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. മത്സരത്തിന്റെ ഭാഗമായി അധികം താമസിയാതെ വരിസംഖ്യ ഗണ്യമായി കുറയ്ക്കാന്‍ സാധ്യതയുണ്ട്. വന്‍കിട ചാനലുകള്‍ വരിസംഖ്യ തന്നെ വേണ്ടെന്നുവച്ചേക്കും. ഒരു മലയാള സിനിമ 250ല്‍ ഏറെ രാജ്യങ്ങളില്‍ സ്ട്രീം ചെയ്യുമ്പോള്‍ ലക്ഷക്കണക്കിനു പേരാണ് ഇതിന്റെ കാഴ്ചക്കാരാകുന്നത്. ഇതില്‍ നിന്നു ലഭിക്കുന്ന പരസ്യവരുമാനം മാത്രം കോടികള്‍ വരും. അപ്പോള്‍ പിന്നെ വരിസംഖ്യയില്‍ കുറവുവരുത്തുന്നത് പരിഗണിക്കാവുന്ന കാര്യമേയുള്ളൂ.
വന്‍ മുതല്‍മുടക്കുള്ള മേഖലയാണ് ഒടിടി രംഗം. മികച്ച സോഫ്റ്റ് വെയര്‍, സെര്‍വര്‍, പരിപാടികളുടെ ശേഖരം, സാങ്കേതിക നിലവാരം, കുറഞ്ഞ നിരക്ക് എന്നിവയെല്ലാം പ്രധാനപ്പെട്ടതാണ്. കോര്‍പറേറ്റ് ഭീമന്മാരുടെ ഒടിടികളോട് മത്സരിച്ച് പ്രാദേശിക ഒടിടി സംരംഭങ്ങള്‍ക്ക് പിടിച്ചുനില്ക്കാന് ബുദ്ധിമുട്ടാണ്. കടുത്ത മത്സരം നേരിടാന്‍ ഒരു സിനിമ ഒന്നിലധികം പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്ന മള്‍ട്ടിപ്പിള്‍ സ്ട്രീമിങ്, ഒന്നിലധികം ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്ന നോണ്‍ എക്സ്ക്ലൂസീവ് റിലീസ്, കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുമായി സഹകരിച്ചുള്ള സിനിമ സ്ട്രീമിങ് എന്നിങ്ങനെ പല വഴികള്‍ തേടുകയാണ് ഒടിടി രംഗമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
കണക്കുകള്‍ ഒടിടിക്ക് അനുകൂലം
കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ പ്രധാനപ്പെട്ട 30 ഒടിടി പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നവരില്‍ 89 ശതമാനവും യുവാക്കളാണ്. എന്നാല്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും വേണ്ടിയുള്ള വിഭവങ്ങളും ലഭ്യമാണ്. താമസിയാതെ 35 വയസിനു മുകളില്‍ പ്രായമുള്ളവരും ഒടിടിയുടെ സ്ഥിരം പ്രേക്ഷകരാകും. 2023 ആകുമ്പോഴേക്കും 500 കോടി വരിക്കാര്‍ ഇന്ത്യയിലുണ്ടാകുമെന്നാണ് കണക്കുകള്‍ പറയുന്നത്. കേരളത്തില്‍ പഠനാവശ്യത്തിനായി സംസ്ഥാനത്തിന്റെ മിക്കവാറും എല്ലായിടത്തും ഇന്റര്‍നെറ്റ് ഉള്ളതിനാല്‍ അധികം താമസിയാതെ ഒടിടി പ്ലാറ്റ്ഫോം ഉപയോഗത്തില്‍ കേരളം ഒന്നാമതെത്താന്‍ സാധ്യതയുണ്ട്. 2024ഓടെ ഇന്ത്യ ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ ഒടിടി മാര്ക്കറ്റാകുമെന്നാണ് പ്രവചനങ്ങള്‍ (ഇക്കണോമിക് ടൈംസ് ആന്‍ഡ് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ്, ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി).
വ്യാജ പതിപ്പുകളുടെ കൈമാറ്റമാണ് പ്രാദേശിക ഒടിടികള്‍ നേരിടുന്ന പ്രധാന ഭീഷണി. ഒരു സിനിമ ഒടിടിയില്‍ റിലീസ് ആകുന്ന നിമിഷം തന്നെ വ്യാജ പതിപ്പുകള്‍ വിവിധ ആപ്പുകള്‍ വഴി കൈമാറ്റം ചെയ്യപ്പെടുകയാണ്. സിനിമകള്‍ ഒരു തവണ പണമുപയോഗിച്ച് കണ്ടശേഷം ഡൗണ്‍ലോഡ് ചെയ്ത് പ്രചരിപ്പിക്കുന്നവരും ധാരാളം.
ടെലിവിഷന്റെ വരവോടെ കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ തിയേറ്ററുകള്‍ വ്യാപകമായി അടച്ചുപൂട്ടിയിരുന്നു. നഗരങ്ങളിലെ തിയേറ്ററുകള്‍ നിലനില്‍പ്പിനായി ആധുനികവത്കരിക്കുകയും സിംഗിള്‍ സ്ക്രീനില്‍ നിന്ന് മള്ട്ടിസ്ക്രീനുകളിലേക്ക് മാറുകയും ചെയ്തു. 4ഡി സ്ക്രീനുകളും മികച്ച ശബ്ദവിന്യാസവും ഇരിപ്പിടങ്ങളും തയ്യാറാക്കുകയും ചെയ്തു. ഒടിടി പ്ലാറ്റ്ഫോമുകളുമായി മത്സരിക്കണമെങ്കില്‍ ഐമാക്സ്, 4ഡിഎക്സ് തുടങ്ങിയ സ്പെഷല്‍ ഇഫക്ടുകളടക്കം കൂടുതല്‍ സൗകര്യങ്ങള്‍ ഇനിയും തിയേറ്ററുകളില്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഫുഡ് കോര്‍ട്ടു കള്‍ കൂടുതല്‍ മെച്ചപ്പെടുത്തണം. സിനിമ കാണലിനോടൊപ്പമുള്ള ഒരു ആകര്‍ഷണമായി ആഹാരശാലകളും മാറണം. ടിക്കറ്റ് നിരക്കില്‍ ചെറിയ കുറവെങ്കിലും വരുത്താതെ സാധാരണക്കാരായ കാണികളെ പ്രതീക്ഷിക്കാന്‍ കഴിയില്ല. കൊവിഡ് വ്യാപനം കാര്യമായി കുറയാതെ ജനം തിയേറ്ററില്‍ എത്തുമെന്ന് കരുതാന്‍ കഴിയില്ല. ആ കാലയളവ് വളരെ പ്രധാനപ്പെട്ടതാണ്. അത്രയും കാലം പിടിച്ചുനില്ക്കണമെങ്കില് കൂടുതല്‍ മൂലധനം കരുതണം.
കൊവിഡ്-19 വിനോദവ്യവസായത്തെ തളര്‍ത്തുകയും വളര്‍ത്തുകയും ചെയ്തു എന്നതാണ് വാസ്തവം. തിയേറ്ററുകളെ അത് ദോഷകരമായി ബാധിച്ചപ്പോള്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത മേഖലയെ കാര്യമായി വളര്‍ത്തി. കോടിക്കണക്കിനു വരിക്കാരുള്ള ഒടിടി പ്ലാറ്റ്ഫോമുകള് മഹാമാരി മാറിയാലും നിലനില്‍ക്കുമെന്നാണ് കരുതേണ്ടത്. എന്നാല്‍ കനത്ത ആഘാതമേറ്റ തിയേറ്ററുകള്‍ക്ക് പഴയ പ്രതാപത്തിലേക്കുള്ള മടങ്ങിവരവ് ഏറെ ബുദ്ധിമുട്ടുമായിരിക്കും.
Click to join Jeevanaadam Whatsapp Group
ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Related
Related Articles
വിദ്യാലയങ്ങളെ കലാപഭൂമിയാക്കരുത് – ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
എറണാകുളം: കോളജുകളിലും സ്കൂളുകളിലും വിദ്യാര്‍ഥി യൂണിയന് പ്രവര്‍ത്തനത്തിന് നിയമസാധുത നല്‍കാനുള്ള തീരുമാനത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറണന്നെും വിദ്യാലയങ്ങളെ കലാപഭൂമിയാക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറും ഫാ. അദെയോദാത്തൂസുംസുവിശേഷ അരൂപി പകര്‍ന്നു നല്കിയവര്- ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം
തിരുവനന്തപുരം: ആര്‍ച്ച്ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറും ഫാ. അദെയോദാത്തൂസും ഒരു ജനതയ്ക്ക് സുവിശേഷ അരൂപി പകര്‍ന്നു നല്കിയ പുണ്യശ്രേഷ്ഠരായിരുന്നുവെന്നു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. എം.
സുകൃതങ്ങളുടെ പുണ്യധാമം
വിശുദ്ധി സഭയുടെ ഏറ്റവും ആകര്‍ഷകമായ മുഖമാണെന്ന് ഫ്രാന്‍സിസ് പാപ്പാ ‘ആഹ്ലാദിച്ച് ആനന്ദിക്കുവിന്‍’ (ഗൗദേത്തേ എത് എക്സുല്‍താത്തേ) എന്ന അപ്പസ്തോലിക പ്രബോധനത്തില്‍ പറയുന്നുണ്ട്. ഓരോ വിശുദ്ധനും ഒരു മിഷനാണ്.