Breaking News

ഒഡിഷയില്‍ നിന്നു കേരളം പഠിക്കേണ്ടത്

ഒഡിഷയില്‍ നിന്നു കേരളം പഠിക്കേണ്ടത്

പ്രചണ്ഡ സംഹാരശക്തിയില്‍ നാലാം കാറ്റഗറിയില്‍ പെട്ട ഫോനി എന്ന അതിതീവ്ര ചുഴലിക്കാറ്റ് ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് കൊടിയ നാശനഷ്ടങ്ങളുടെ ഇരുണ്ട ഇടനാഴി തീര്‍ത്ത് കഴിഞ്ഞ വെള്ളിയാഴ്ച കടന്നുപോയപ്പോള്‍ ഒഡിഷ എന്ന ദരിദ്ര സംസ്ഥാനം ലോകത്തിനു മുന്‍പില്‍ അതിജീവനത്തിന്റെ പുതിയൊരു ഇതിഹാസമായി മാറുകയായിരുന്നു. മണിക്കൂറില്‍ 240 കിലോമീറ്റര്‍ വരെ വേഗമേറിയ കാറ്റും അഞ്ചടിയിലേറെ ഉയര്‍ന്ന കടല്‍ത്തിരതള്ളലുമായി ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് 30 കിലോമീറ്ററോളം വ്യാസമുള്ള ഫോനിയുടെ ചുഴലിക്കണ്ണ് 858 വര്‍ഷം പഴക്കമുള്ള ജഗന്നാഥക്ഷേത്രം നിലകൊള്ളുന്ന പുരിയില്‍ കരതൊട്ട് 14 ജില്ലകളെ വിനാശകെടുതികളുടെ ചാവുനിലമാക്കിയ പകലറുതിയില്‍, സകല ഭൗതിക അടിസ്ഥാനസൗകര്യങ്ങളും തകര്‍ന്നുതരിപ്പണമായ ആ പ്രേതഭൂമിയില്‍, ഒഡിഷ ദൃഢനിശ്ചയത്തോടെ ഒറ്റക്കെട്ടായി കാത്തുരക്ഷിച്ച മനുഷ്യജീവനുകളുടെ ഉല്‍ക്കല ഉല്‍ക്കര്‍ഷ ചൈതന്യം മഹാദുരന്തത്തിന്റെ നടുക്കത്തിനും തീവ്രദുഃഖത്തിന്റെ മരവിപ്പിനും അതീതമായി ജ്വലിച്ചുനിന്നു.
ഓരോ ജീവനും വിലപ്പെട്ടതാകയാല്‍ പ്രകൃതിദുരന്തത്തിന് ഇരയാകാന്‍ ഒരാളെയും ഇനി വിട്ടുകൊടുക്കില്ല എന്ന പ്രതിജ്ഞയോടെ നവീന്‍ പട്‌നായിക്കിന്റെ ഗവണ്‍മെന്റും ഒഡിഷ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും സ്‌പെഷല്‍ റിലീഫ് കമ്മീഷണറും ഒഡിഷ ഡിസാസ്റ്റര്‍ റാപിഡ് ആക്ഷന്‍ ഫോഴ്‌സും സംസ്ഥാന പൊലീസും അഗ്നിശമനസേനയും ജില്ലാ ഭരണാധികാരികളും ഒരു ലക്ഷം സര്‍ക്കാര്‍ ജീവനക്കാരും റെഡ്‌ക്രോസ് ഇന്റര്‍നാഷണല്‍, യൂനിസെഫ്, ഓക്‌സ്ഫാം തുടങ്ങിയ രാജ്യാന്തര ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന എന്‍ജിഒ ഇന്റര്‍ ഏജന്‍സി ഗ്രൂപ്പും, പ്രാദേശിക തലത്തില്‍ രൂപവത്കരിച്ചിട്ടുള്ള 45,000 വോളന്റിയര്‍മാരും തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും പ്രത്യേക പരിശീലനം നേടിയിട്ടുള്ള 2,000 എമര്‍ജന്‍സി വര്‍ക്കേഴ്‌സും, 11 തീരദേശ ജില്ലകളില്‍ ജനങ്ങള്‍ക്ക് അഭയം നല്‍കുന്ന 879 മള്‍ട്ടിപര്‍പ്പസ് സൈക്ലോണ്‍ ഷെല്‍ട്ടറുകളുടെ നടത്തിപ്പുകാരായ തീരദേശ സമൂഹത്തിലെ സമിതി അംഗങ്ങളും യൂത്ത് ക്ലബുകളും തൊഴിലാളി പ്രസ്ഥാനങ്ങളുമടക്കം ഒഡിയ ജനത ഒന്നടങ്കം ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ അടിയന്തര മാറ്റിപാര്‍പ്പിക്കല്‍ യജ്ഞത്തില്‍ പങ്കാളികളായി. പതിനായിരം ഗ്രാമങ്ങളിലെയും 52 നഗരമേഖലകളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നായി 12 ലക്ഷം പേരെയാണ് 24 മണിക്കൂര്‍ കൊണ്ട് 9,000 അഭയകേന്ദ്രങ്ങളിലേക്കു മാറ്റിയത്.
അമേരിക്ക കണ്ട ഏറ്റവും വിനാശകമായ പ്രകൃതിദുരന്തമെന്നു വിശേഷിപ്പിക്കപ്പെടുന്ന കത്രീന ചുഴലിക്കാറ്റിനോളം പ്രഹരശേഷിയുണ്ടാകുമെന്ന് പലരും ഭയന്ന ഫോനി ഒഡിഷ തീരമാകെ ഇളക്കിമറിച്ചെങ്കിലും മരണസംഖ്യ ആദ്യദിനത്തില്‍ പത്തില്‍ താഴെയായിരുന്നു. ഫോനി ദുരന്തത്തില്‍ സംസ്ഥാനത്ത് മരിച്ചത് 34 പേരാണെന്ന് ഏറ്റവും ഒടുവില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്; 160 പേര്‍ക്ക് പരിക്കേറ്റു. ഫോനി ചുഴലിക്കാറ്റില്‍ ജീവഹാനി ഇല്ലാതിരിക്കാന്‍ ഇന്ത്യ കൈക്കൊണ്ട കരുതല്‍ നടപടികളെ ആഗോളതലത്തില്‍ ദുരന്ത അപായം കുറയ്ക്കാനുള്ള ഐക്യരാഷ്ട്ര കാര്യാലയത്തിന്റെ മേധാവി മാമി മിസുതോറി ശ്ലാഘിച്ചു. പ്രകൃതിദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കാനായി 2015 മാര്‍ച്ചില്‍ ജപ്പാനിലെ സെന്‍ഡായ് നഗരത്തില്‍ ഒപ്പുവച്ച 15 വര്‍ഷത്തേക്കുള്ള മാര്‍ഗരേഖ (സെന്‍ഡായ് ഫ്രെയിംവര്‍ക്ക്) ഒഡിഷ മാതൃകാപരമായി നടപ്പാക്കിയെന്ന് യുഎന്‍ കാര്യാലയം വിലയിരുത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം ഒഡിഷയില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നതിനിടെയാണ് വേനല്‍ക്കാലത്തെ ഈ അത്യപൂര്‍വ ചുഴലിയുടെ വരവ്. ഭൂമധ്യരേഖയില്‍ സുമാത്രയ്ക്കടുത്ത് ന്യൂനമര്‍ദമായി രൂപംകൊണ്ട് ശ്രീലങ്കയ്ക്കു കിഴക്കുകൂടി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് 1,500 കിലോമീറ്ററിലേറെ സഞ്ചരിച്ച് കടല്‍വെള്ളത്തിന്റെ ഉപരിതല താപവും ഈര്‍പ്പവുമത്രയും ഉള്‍ക്കൊണ്ട് അതിതീവ്ര ചുഴലിയായി രൂപാന്തരപ്പെടാന്‍ പത്തു ദിവസമെടുത്തു. ഇന്ത്യയുടെ അഞ്ച് ഉപഗ്രഹങ്ങളില്‍ നിന്നുള്ള ഡേറ്റയും പുതിയ ന്യൂമെറിക്കല്‍ മോഡലുകളും ഒഡിഷയിലെ പാരദീപിലും ഗോപാല്‍പുരിലുമുള്ള ഡോപഌ റഡാറുകളും വച്ച് ‘സൂചിമുനയോളം സൂക്ഷ്മമായും കൃത്യമായും’ ചുഴലിക്കാറ്റിന്റെ സഞ്ചാരദിശയും ആഘാതശേഷിയും നിര്‍ണയിക്കാനും ഏറെ മുന്‍പേ തന്നെ ജാഗ്രതാ മുന്നറിയിപ്പ് നല്‍കാനും ഇന്ത്യന്‍ കാലാവസ്ഥ വകുപ്പിന് കഴിഞ്ഞു.
രണ്ടു പതിറ്റാണ്ടു മുന്‍പ്, 1999 ഒക്‌ടോബര്‍ 29ന്, മണിക്കൂറില്‍ 260 കിലോമീറ്റര്‍ വേഗമുള്ള സൂപ്പര്‍ സൈക്ലോണ്‍ ആറു മീറ്റര്‍ ഉയരത്തില്‍ കരയില്‍ 35 കിലോമീറ്റര്‍ വരെ ഉള്ളിലേക്കു തള്ളിക്കയറിയ രാക്ഷസത്തിരയിളക്കി 30 മണിക്കൂര്‍ സംഹാരതാണ്ഡവമാടിയതിനു രണ്ടു ദിവസം മുന്‍പാണ് മുന്നറിയിപ്പുണ്ടായത്. കാലാവസ്ഥ വകുപ്പിന്റെ കണക്കും പ്രവചനവുമെല്ലാം പിഴച്ചു. അന്നത്തെ മരണസംഖ്യ 9,887 ആയിരുന്നു. 25 ലക്ഷം ആളുകള്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടു; 3.5 ലക്ഷം വീടുകള്‍ തകര്‍ന്നു; രണ്ടു ലക്ഷത്തിലേറെ കന്നുകാലികള്‍ ചത്തൊടുങ്ങി. പ്രകൃതിക്ഷോഭത്തില്‍ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ സംസ്ഥാനത്ത് അന്ന് 21 ഷെല്‍ട്ടറുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചുഴലിക്കാറ്റല്ലെങ്കില്‍ വെള്ളപ്പൊക്കമായി വര്‍ഷത്തില്‍ രണ്ടും മൂന്നും പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്ന ഒഡിഷയ്ക്ക് ദുരന്താഘാത ലഘൂകരണ പദ്ധതി അത്യന്താപേക്ഷിതമായിരുന്നു. ചുഴലിക്കാറ്റ്, സുനാമി, വെള്ളപ്പൊക്കം, ഭൂകമ്പം, ഉഷ്ണതരംഗം, മണ്ണിടിച്ചില്‍, ഇടിമിന്നല്‍ തുടങ്ങിയ ആപത്തുകളെ നേരിടുന്നതിന് 1999ല്‍ തന്നെ ഒഡിഷ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി രൂപവത്കരിച്ചു. 2004ലെ സുനാമിക്കുശേഷമാണ് ഇന്ത്യയില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുണ്ടാകുന്നത്. ദേശീയ ദുരന്ത പ്രതികരണ സേന രൂപംകൊള്ളുന്നതിനു മുന്‍പുതന്നെ ഒഡിഷ സ്വന്തം റാപിഡ് ആക്ഷന്‍ ഫോഴ്‌സിനെ രംഗത്തിറക്കിയിരുന്നു.
പ്രകൃതിക്ഷോഭത്തില്‍ അകപ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതിന് അഭയസങ്കേതങ്ങള്‍ ഒരുക്കാനുള്ള പദ്ധതിക്ക് ലോകബാങ്കും റെഡ്‌ക്രോസും സഹായം വാഗ്ദാനം ചെയ്തു. അങ്ങനെയാണ് 485 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള ഒഡീഷയില്‍ 879 സ്ഥിരം ഷെല്‍ട്ടറുകളുടെ ബൃഹദ്പദ്ധതി ആരംഭിക്കുന്നത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗമുള്ള കാറ്റിനെയും ഇടത്തരം ഭൂചലനങ്ങളെയും ഒരു നില പൊക്കത്തില്‍ വരെ ഇരച്ചുകയറുന്ന കടല്‍ത്തിരകളെയും അതിജീവിക്കാന്‍ ശേഷിയുള്ള, അടിയന്തര ഘട്ടങ്ങള്‍ കഴിഞ്ഞാല്‍ വിദ്യാലയമോ സാമൂഹിക സേവന സമുച്ചയമോ തീരവുമായി ബന്ധപ്പെട്ട ക്ഷേമവകുപ്പുകളുടെ പ്രാദേശിക കാര്യാലയമോ ആയി ഉപയോഗിക്കാവുന്ന രണ്ടു നിലയുള്ള സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ ഖഡഗ്പുര്‍ ഐഐടിയാണ് രൂപകല്പന ചെയ്തത്. തീരപ്രദേശത്ത് ആര്‍ക്കും ഒരു അഭയകേന്ദ്രത്തിലെത്താന്‍ രണ്ടേകാല്‍ കിലോമീറ്ററിലേറെ യാത്ര ചെയ്യേണ്ടിവരരുത്, ഇതിനിടയില്‍ ഒരു മാര്‍ഗതടസവും ഉണ്ടാകരുത് എന്ന നിഷ്‌കര്‍ഷയോടെയാണ് തീരദേശത്ത് ഉടനീളം ഷെല്‍ട്ടറുകളുടെ ശൃംഖല നിര്‍മിച്ചത്. ഓരോ ഷെല്‍ട്ടറിന്റെയും മേല്‍നോട്ടവും നടത്തിപ്പും പ്രദേശവാസികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സമിതിയുടെ ചുമതലയിലാണ്. തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും പരിശീലനം നേടിയവര്‍ ഉള്‍പ്പെടെ 25 വോളന്റിയര്‍മാര്‍ ഓരോ കേന്ദ്രത്തിലുമുണ്ടായിരിക്കും. കരുത്തേറിയ യന്ത്രഅറക്കവാള്‍, അപായസൂചന നല്‍കാനുള്ള സൈറണ്‍, അടുക്കളസാമഗ്രികള്‍, ഫ്‌ളെക്‌സി വാട്ടര്‍ടാങ്ക്, സൗരോര്‍ജവിളക്ക്, സ്‌ട്രെച്ചര്‍, ലൈഫ്‌ബോയ്, ലൈഫ് ജാക്കറ്റ്, വീര്‍പ്പിക്കാവുന്ന ടവര്‍ ലൈറ്റ്, ജനറേറ്റര്‍ തുടങ്ങി 35 ഇനം ഉപകരണങ്ങള്‍ ഓരോ കേന്ദ്രത്തിലും ഉണ്ടായിരിക്കും. ഓരോ പ്രാദേശിക സമൂഹത്തിലും 400 ആപ്തമിത്ര സന്നദ്ധസേവകരുണ്ട്. എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും സാറ്റലൈറ്റ് ഫോണും ഡിജിറ്റല്‍ മൊബൈല്‍ കണക്റ്റിവിറ്റി സൗകര്യവുമുണ്ട്. ഏതു പ്രതികൂല കാലാവസ്ഥയിലും വാര്‍ത്താവിനിമയബന്ധം നിലനിര്‍ത്താന്‍ കഴിയും. ആളുകളെ എളുപ്പത്തില്‍ മാറ്റിപാര്‍പ്പിക്കുന്നതിന് 1,000 കിലോമീറ്റര്‍ റോഡും 23 പാലങ്ങളും പണിതീര്‍ത്തിരുന്നു. കടലില്‍ നിന്ന് ഓരുവെള്ളം കയറുന്നതു തടയാനായി 200 കിലോമീറ്റര്‍ വരുന്ന ബണ്ടുകളും ഉറപ്പിച്ചിരുന്നു.
പതിനാലു ജില്ലകളിലായി ഒരു കോടി കുട്ടികള്‍ അടക്കം 2.8 കോടി ആളുകളെ നേരിട്ടു ബാധിക്കുന്ന ചുഴലിയാണ് വരുന്നതെന്നു വ്യക്തമായതോടെ സാധാരണ നിലയില്‍ തങ്ങളുടെ കൂരയും വളര്‍ത്തുമൃഗങ്ങളെയും പണിയായുധങ്ങളും വിട്ടുപോകാന്‍ മടിക്കുന്നവരെയും വയോധികരെയും രോഗികളെയും ഭിന്നശേഷിക്കാരെയും കുട്ടികളെയും ഗര്‍ഭിണികളെയുമെല്ലാം ഷെല്‍ട്ടറുകളിലെത്തിക്കാനുള്ള യുദ്ധകാല നടപടികള്‍ക്ക് ജില്ലാ തലത്തിലും സര്‍ക്കാര്‍ വകുപ്പു തലത്തിലും പഞ്ചായത്തു തലത്തിലും സമൂഹ യൂണിറ്റ് തലത്തിലും ചെയ്യേണ്ട കാര്യങ്ങള്‍ അക്കമിട്ടു വിശദമാക്കുന്ന അഞ്ചു പേജുള്ള മാര്‍ഗരേഖ ഏവര്‍ക്കും നല്‍കി. കാലാവസ്ഥ മുന്നറിയിപ്പും ആപല്‍സാധ്യതയുടെയും ആഘാതത്തിന്റെയും വ്യക്തമായ രൂപവും തോതും ജനങ്ങളെ കൃത്യമായി അറിയിക്കുന്നതിനുള്ള സംവിധാനവും കുറ്റമറ്റതായിരുന്നു. തീരദേശത്തെ അപായസൂചനയുടെ സൈറണ്‍, പരസ്യവിളംബരത്തിനുള്ള ഉച്ചഭാഷിണി, റേഡിയോയിലും ടിവിയിലും തുടരെ തുടരെയുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ എന്നിവയ്‌ക്കൊപ്പം 26 ലക്ഷം ടെക്‌സ്റ്റ് മെസേജുകളും സമൂഹമാധ്യമങ്ങളുടെ പിന്തുണയുമെല്ലാം പോരാഞ്ഞ് ഓരോ ഷെല്‍ട്ടറും കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നാനൂറോളം സന്നദ്ധസേവകര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടൊപ്പം വീടുകള്‍ കയറിയിറങ്ങി ചുഴലിയെത്തുന്നതിന്റെ തലേന്നു സന്ധ്യയോടെ എല്ലാവരെയും സുരക്ഷിത സങ്കേതത്തിലെത്തിച്ചു. ആളുകളെ രക്ഷാകേന്ദ്രത്തിലെത്തിക്കാന്‍ 1,500 ബസുകളും രക്ഷാദൗത്യത്തിനായി 4,000 പവര്‍ബോട്ടുകളും രണ്ടു ഹെലികോപ്റ്ററും ഒരുക്കിനിര്‍ത്തിയിരുന്നു. ചൂടോടെ ഭക്ഷണം വിളമ്പാനായി 7,000 സമൂഹ പാചകശാലകളും തുറന്നിരുന്നു.
ഭക്ഷ്യസാധനങ്ങളും മരുന്നും കുടിവെള്ളവും ആവശ്യത്തിന് സ്റ്റോക്കു ചെയ്തിരുന്നു. മേയ് രണ്ടിനു മുന്‍പുതന്നെ കലിംഗാ സ്റ്റേഡിയത്തില്‍ അവല്‍, ശര്‍ക്കര, ഉപ്പ്, മെഴുകുതിരി, തീപ്പെട്ടി എന്നിവ അടക്കമുള്ളവയുടെ ലക്ഷകണക്കിനു പാക്കറ്റുകള്‍ വിതരണത്തിനായി ഒരുക്കിവച്ചിരുന്നു. ഒഡിഷ ഡിസാസ്റ്റര്‍ റാപിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ 20 യൂണിറ്റുകളും നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ 12 യൂണിറ്റുകളും അഗ്നിശമന സേനയുടെ 335 യൂണിറ്റുകളും വിന്യസിക്കപ്പെട്ടു.
ഒഡീഷയിലെ 4.60 കോടി ജനങ്ങളില്‍ 33 ശതമാനവും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളില്‍ വീടും ജീവനോപാധികളുമെല്ലാം നഷ്ടപ്പെടുന്ന ഏഴകളുടെ ഈ നാട് പ്രാണരക്ഷയ്ക്കായി എത്ര കരുതലോടെയാണ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതെന്ന് നാം കണ്ടുപഠിക്കണം. ഓഖി ചുഴലിക്കാറ്റിനെയും മഹാപ്രളയത്തെയും അതിജീവിച്ചതിന്റെയും നവകേരളസൃഷ്ടിയുടെയും പെരുമ ഉദ്‌ഘോഷിക്കാന്‍ ജനീവയിലേക്കു പോകുന്ന നമ്മുടെ മുഖ്യമന്ത്രി അവിടത്തെ യുഎന്‍ കാര്യാലയത്തില്‍ നിന്ന് ദുരന്താഘാത ലഘൂകരണത്തിന്റെ സെന്‍ഡായ് മാര്‍ഗരേഖയുടെ ഒരു പ്രതി താന്‍ അധ്യക്ഷനായ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റഫറന്‍സിനായി കൊണ്ടുവരുമെന്ന് ആശിക്കാം.


Related Articles

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ വീണ്ടും ഇളവ് പ്രഖ്യാപിച്ചു. തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍ എന്നിവയ്ക്ക് ഇനി നിയന്ത്രണങ്ങളോടെ

കെഎഎസ് നിയമനങ്ങളില്‍ സംവരണാവകാശം അട്ടിമറിക്കാനുള്ള നീക്കം ലത്തീന്‍ സമദായം പ്രക്ഷോഭത്തിലേക്ക്‌

എറണാകുളം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ (കെഎഎസ്) സംവരണാവകാശം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭ നടപടികള്‍ സ്വീകരിക്കാന്‍ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി)

പങ്കായം പറയുന്ന വീരകഥകള്‍

ആലുവ കാര്‍മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയിലെ വൈദിക വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ”പങ്കായം പറയുന്ന വീരകഥകള്‍-മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ രക്ഷാസൈന്യം” എന്ന പുസ്തകം കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*