ഒന്നും മന:പൂര്‍വമായിരുന്നില്ലേയ്‌!

സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും നല്ലതിനെന്ന്‌ മഹാകാവ്യം. ഇതുപോലെ മഹത്തായ കാവ്യപാരമ്പര്യത്തില്‍ നിന്നുമെന്നപോലെ നാട്ടില്‍ പലതും നടക്കുമ്പോള്‍ നാട്ടുകാര്‍ക്ക്‌ ദു:ഖിക്കാനും ദു:ഖനിവാരണത്തിനുമായി, ബുദ്ധന്‍ നിര്‍ദേശിച്ചതുപോലെ സത്‌ചിന്തകളില്‍ അഭയം പ്രാപിക്കാനേ തരമുള്ളൂ.

അഷ്‌ടാംഗമാര്‍ഗമെന്നാണ്‌ ബുദ്ധ പാരമ്പര്യം. എട്ടുനിലകളുള്ള ദു:ഖനിവാരണമാര്‍ഗം. “കാണരുത്‌, കേള്‍ക്കരുത്‌, മിണ്ടരുത്‌” എന്ന്‌ ഗാന്ധിമാര്‍ഗത്തിലുമാകാം ജനങ്ങള്‍ക്ക്‌ അഭയം. നാടകത്തിലെ അവസാന രംഗമെന്നപോലെ മടങ്ങിവരുന്നവര്‍ പറയുകയാണ്‌: “ഒന്നും മന:പൂര്‍വമായിരുന്നില്ല.” കാണികള്‍ കയ്യടിച്ചു പിരിയുന്നു. ശ്ശൊ! വെറുതെ തെറ്റിദ്ധരിച്ചു. പാവം! ഒന്നും മന:പൂര്‍വമല്ലല്ലോ, പറ്റിപ്പോകുന്നതല്ലേ? അങ്ങനെയാണ്‌ ആശ്വസിക്കേണ്ടതെന്ന്‌ ജനം സ്വയം പറഞ്ഞ്‌ വിശ്വസിപ്പിക്കുകയാണ്‌. അങ്ങനെ ആശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാരും ഭാഗ്യവതികളും തന്നെ.

മന്ത്രിസ്ഥാനം തെറിച്ച്‌ പരുവത്തിലായ പഴയ ട്രാന്‍സ്‌പോര്‍ട്ട്‌ മന്ത്രിക്ക്‌ തിരികെയെത്താന്‍ വഴി തെളിഞ്ഞിരിക്കുന്നു. ചുറ്റിലും കെണികളല്ലേ? അങ്ങനെയൊരു കെണിയില്‍ കുരുങ്ങിയതാണ്‌. ദാ, ശ്രദ്ധാപൂര്‍വം, കുരുക്കഴിഞ്ഞ്‌ മുക്തനായി വരികയാണ്‌. മുക്തി, ഭാരതീയ പാരമ്പര്യത്തില്‍ പലതരമാണ്‌. ജീവന്‍മുക്തി, വിദേഹമുക്തി, ക്രമമുക്തി എന്നിങ്ങനെ നീളുന്നു പട്ടിക. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുക്തനാകുന്നതാണ്‌ ജീവന്‍മുക്തി. അത്രയെളുപ്പമല്ല നേടിയെടുക്കാന്‍. ദേഹം വെടിഞ്ഞ്‌ മുക്തമാകുന്ന വിദേഹമുക്തിയാണ്‌ പലരും കാംക്ഷിക്കുന്നത്‌. ചിലര്‍ ക്രമമായി മോക്ഷത്തിലേക്ക്‌ നീങ്ങുകയാണ്‌. തുടക്കത്തിലേ ആയതു കൊണ്ടാണ്‌ ജയരാജന്‍ തുടങ്ങിയവര്‍ക്ക്‌ മുക്തിയുടെ ഈ ആശയമൊന്നും കിട്ടാതെ പോയത്‌. ക്രമമായി മുക്തി പ്രാപിച്ചുവരുന്നതേയുള്ളൂ. രാഷ്‌ട്രീയജീവന്‍ പിടിച്ചെടുക്കാന്‍ സമയമെടുക്കും. വിദേഹമുക്തര്‍ ഒട്ടനവധിയുണ്ട്‌. ചരമഗതി പ്രാപിച്ച ശേഷം മാത്രം രാഷ്‌ട്രീയത്തിലെ പുലികളാകുന്നവര്‍. ജീവിച്ചിരിക്കുന്ന കാലമത്രയും വേട്ടയാടപ്പെടുന്നവര്‍. മരിച്ചവരെക്കുറിച്ച്‌ ദോഷം പറയരുതല്ലോ. ആയതിനാല്‍ രാഷ്‌ട്രീയത്തിലെ ഏറ്റവും പുതിയ ജീവന്‍മുക്തരെപ്പറ്റി മാത്രം പറയുന്നതാണ്‌ കരണീയം. എന്‍സിപിയുടെ രാഷ്‌ട്രീയമുക്തര്‍ രണ്ടുപേരാണ്‌. ഉടനടി മുക്തി പ്രാപിക്കാന്‍ ഒരുങ്ങിയിരിക്കുന്ന കേരള സംസ്ഥാന കരമാര്‍ഗ സഞ്ചാര കോര്‍പ്പറേഷന്റെ പഴയ സാരഥികളാണ്‌ രണ്ടുപേരും. മന:പൂര്‍വമല്ലാതെ ഫോണിലും കായലിലും കുടുങ്ങിയവര്‍. അഗ്നിശുദ്ധിയാല്‍ സ്‌ഫുടം ചെയ്യപ്പെട്ട്‌ വരാനൊരുങ്ങുന്നതില്‍ മത്സരിക്കുന്നവര്‍. ഗാണ്ഡീവം ഉയര്‍ത്തി മത്സരത്തില്‍ ജയിക്കുന്നവരെ വരിക്കാന്‍ അധികാരത്തിന്റെ കസേര സ്വയംവര കന്യകയെപ്പോലെ വരണമാല്യവുമായി നില്‍ക്കുകയാണ്‌. മുക്തിപ്രാപിച്ചുവരാന്‍ അധികം സമയമെടുത്താല്‍ കസേരയുമായി മണ്ണും ചാരി നിന്ന കോവൂര്‍ കുഞ്ഞുമോന്‍ പോയാലോ എന്ന വര്‍ണ്യത്തില്‍ ആശങ്കകൊണ്ടു തന്നെയാകണം കാര്യങ്ങള്‍ ധൃതഗതിയില്‍ നീങ്ങിയത്‌. പ്രതികളില്ലാത്ത പരാതികള്‍ ആകാശത്തില്‍ വിലയം പ്രാപിച്ചു. വാദികളും പിരിഞ്ഞുപോയി. അപ്പോള്‍ പിന്നെ നാട്ടുകാര്‍ മുഴുവന്‍ കേട്ട മണിപ്രവാളം ആരുടേതായിരുന്നു? ചാനലുകള്‍ക്ക്‌ ചര്‍ച്ച ചെയ്യാന്‍ നേരമില്ല. `കൊണ്ടു പോയതും നീയേ കൂട്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ’ എന്നിങ്ങനെ ചാനലുകള്‍ തകിടം മറിഞ്ഞ്‌ പലപല വിഷയങ്ങള്‍ കൈകാര്യം ചെയ്യുകയല്ലേ? കായലുകളൊക്കെ താനേ നികര്‍ന്നുവരുന്നതിന്‌ വേദനിക്കുന്ന പാവം കോടീശ്വരന്മാര്‍ എന്തുചെയ്യാനാണ്‌. ചെലവന്നൂരിലെ ഫ്‌ളാറ്റിന്റെ കാര്യം തന്നെയെടുക്ക്‌. ശതകോടികളുടെ കച്ചവടമല്ലേ? കെട്ടിപ്പൊക്കി. ആള്‍പ്പാര്‍പ്പും തുടങ്ങി. ഇനി ഇടിച്ചുപൊളിക്കാന്‍ നിന്നാല്‍ ദേശീയ വെയ്‌സ്റ്റ്‌ ആകില്ലേ? ആയതിനാല്‍ ഒരു കോടി മുടക്കി നൂറുകോടി നിലനിര്‍ത്തുന്നതല്ലേ ബുദ്ധി? അപ്പോള്‍ കായലോ? അപ്പോള്‍ നിയമമോ? ശ്ശോ! ഓരോരോ തമാശകളേയ്‌! വാദം കേള്‍ക്കുന്നതില്‍ നിന്ന്‌ ജഡ്‌ജിമാര്‍ ശറപറാന്ന്‌ പിന്മാറുന്നതായാണ്‌ വാര്‍ത്ത.  കായലുകള്‍ താനേ നികര്‍ന്ന്‌ വരുന്ന
താണ്‌ കൗതുകം. ഒന്നും മന:പൂര്‍വമല്ല.

തൊഴിലാളിവര്‍ഗ പാര്‍ട്ടിയുടെ സംസ്ഥാന അമരക്കാരന്റെ മകന്‌ മുതലാളിത്ത രീതിയില്‍ കച്ചവടം ചെയ്യാന്‍ അനുവാദമില്ലായെന്ന്‌ ഒരു മാനിഫെസ്റ്റോയിലും പറഞ്ഞിട്ടില്ല. ഏതാനും കോടികളുടെ ചെക്കുകേസില്‍ മകനുനേരേ നിയമം വാളോങ്ങുന്നതിന്‌, അതും അന്താരാഷ്‌ട്രതലത്തില്‍, സംസ്ഥാന സെക്രട്ടറി എന്ത്‌ പിഴച്ചു? സാക്ഷാല്‍ ദേശീയ സെക്രട്ടറി ബൂര്‍ഷ്വാപാര്‍ട്ടിയുമായി കൈകോര്‍ത്ത,്‌ അധികാരത്തിലിരിക്കുന്ന ഭീഷണിയെ താഴെയിറക്കാന്‍ ശ്രമപ്പെടുമ്പോള്‍, സംസ്ഥാന സെക്രട്ടറിയടക്കമുള്ളവരാണ്‌ അതിന്‌ തടയിട്ടത്‌. കാര്യങ്ങള്‍ അങ്ങനെയിരിക്കെ, മകന്റെ പേരില്‍ സെക്രട്ടറിയെയും പാര്‍ട്ടിയെയും ഭത്സിക്കുന്നത്‌ അക്ഷന്തവ്യമായ തെറ്റേല്ലേ? ചോദിക്കുന്നത്‌ പാര്‍ട്ടിക്കുവേണ്ടി ചാവേറുകളാകുന്ന സാക്ഷാല്‍ ചാനല്‍ ചര്‍ച്ചാ വിദഗ്‌ദ്ധരാണ്‌. മിനി കൂപ്പറും ഓഡിക്കാറുമൊക്കെ ഐഫോണിനു മുന്നില്‍ ഒന്നുമല്ലായെന്നാണ്‌ മുഖ്യമന്ത്രി പറഞ്ഞ നിയമസഭാ മറുപടിയിലുള്ളത്‌. പാര്‍ട്ടിയിലെ ബംഗാള്‍ ഘടകത്തിലെ നേതാവ്‌ തെറിച്ചത്‌ ഐഫോണ്‍ തുടങ്ങിയ ബൂര്‍ഷ്വാ ഉത്‌പന്നങ്ങള്‍ ഉപയോഗിച്ചതിന്റെ പേരിലായിരുന്നല്ലോ? നവീന സാങ്കേതികവിദ്യകളുടെ ഉപയോഗം തകൃതിയായി നടക്കുന്ന പാര്‍ട്ടിയില്‍ ബൂര്‍ഷ്വാ-മുതലാളിത്ത സങ്കല്‌പങ്ങള്‍ പല പല ആകൃതിയിലും രൂപത്തിലും പ്രത്യക്ഷപ്പെടും, അപ്രത്യക്ഷമാകും. ഒന്നും മന:പൂര്‍വമല്ല.
വീരന്റെ പാര്‍ട്ടി യുഡിഎഫ്‌ വിട്ട്‌ എല്‍ഡിഎഫില്‍ ചേക്കേറിയത്‌ മന:പൂര്‍വമല്ല. പറ്റിപ്പോകുന്നതാണ്‌. രാഷ്‌ട്രീയ ഭിക്ഷാംദേഹികളെല്ലാം കൂടുവിട്ട്‌ കൂടുമാറി ജീവന്‍മുക്തി പ്രാപിക്കാന്‍ തത്രപ്പാടിലാണ്‌. കേരളാ കോണ്‍ഗ്രസിനെ പൂവിട്ട്‌ പൂജിച്ച്‌ ആനയിക്കണമെന്ന്‌ വല്യേട്ടന്‍ പാര്‍ട്ടി. അടിച്ചതിന്റകത്ത്‌ കയറ്റില്ലായെന്ന്‌ കൊച്ചേട്ടന്‍ പാര്‍ട്ടി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ കേരളാ കോണ്‍ഗ്രസ്‌ നേതാവുമായി ഏറ്റുമുട്ടിയ പാര്‍ട്ടിയാണ്‌ ഇപ്പോള്‍ ഘടകകക്ഷിയാക്കാമെന്ന മോഹന വാഗ്‌ദാനവുമായി നിറഞ്ഞാടുന്നത്‌. എന്തൊക്കെയായിരുന്നു പുകില്‌. ജനാധിപത്യത്തിന്റെ ശ്രീകോവിലിനുള്ളില്‍ മുണ്ടും മാടിക്കുത്തി, സ്‌പീക്കറുടെ കസേര തള്ളിമറിച്ചിടുന്ന ശിവന്‍കുട്ടി എംഎല്‍എ ഇപ്പോള്‍ പറയുന്നു: മാപ്പാക്കണം! ഒന്നും മന:പൂര്‍വമായിരുന്നില്ല! പറ്റിപ്പോയതാണ്‌.

ഇതൊക്കെക്കണ്ട്‌ മൂക്കത്ത്‌ വിരല്‍വയ്‌ക്കുന്ന പൊതുജനം സമ്മതിദാന വിനിയോഗ അവകാശത്തെയോര്‍ത്ത്‌, തിരഞ്ഞെടുത്ത്‌ അയച്ചവരെയോര്‍ത്ത്‌ പറയുന്നു; പറ്റിപ്പോയതാണ്‌, മന:പൂര്‍വമായിരുന്നില്ല!


Related Articles

സംവരണവിഷയം സാമ്പത്തിക പ്രശ്‌നത്തെക്കുറിച്ചുള്ളത് മാത്രമാണോ?

ഡോ. ഗാസ്പര്‍ സന്യാസി സംവരണത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളില്‍ ഭരണഘടന നിര്‍മാണകാലം മുതല്‍ തന്നെ സാമ്പത്തിക സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാല്‍ മതിയെന്ന് വാദിക്കുന്നവരുണ്ടായിരുന്നല്ലോ. സാമ്പത്തികസംവരണത്തിനുള്ള ജയ് വിളികള്‍ അന്തരീക്ഷത്തെ പലവിധേനേ

ക്രിസ്ത്യന്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ടുമെന്റ് ആവശ്യപ്പെടേണ്ട നേരമായില്ലേ?

പൊതുവായ ചര്‍ച്ചയ്ക്കായി എല്ലാവരുടെയും ശ്രദ്ധയിലേയ്ക്ക് ഈ കുറിപ്പ് എഴുതുകയാണ്. ഇന്ത്യയുടെ മഹത്തായ പഠനപാരമ്പര്യങ്ങളുടെയും സ്വാതന്ത്ര്യസമരകാലത്തെ മാനവികതയിലൂന്നിയ ദര്‍ശനങ്ങളുടെയും ഭരണഘടനാശില്പികള്‍ വിഭാവനം ചെയ്ത മതേതരസങ്കല്പങ്ങളുടെയും വെളിച്ചത്തില്‍ ഇന്ത്യയിലെ വിവിധങ്ങളായ

ജനസംഖ്യാ ഭീതിക്ക് രാഷ്ട്രീയമുണ്ട്

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞത് മൂന്നു കാര്യങ്ങളായിരുന്നല്ലോ. ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ജലനിധി പദ്ധതി, പരിസ്ഥിതി സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ പ്ലാസ്റ്റിക്ക് നിരോധനം, ജനസംഖ്യാ വര്‍ധനയ്‌ക്കെതിരെയുള്ള നിലപാടെടുക്കല്‍.