ഒമിക്രോണ്‍ ഭയാശങ്കകള്‍ക്കിടയില്‍ പ്രത്യാശയുടെ ചിത്രശലഭ പ്രഭാവം

ഒമിക്രോണ്‍ ഭയാശങ്കകള്‍ക്കിടയില്‍ പ്രത്യാശയുടെ ചിത്രശലഭ പ്രഭാവം

ജെക്കോബി

വൈറല്‍ കൂട്ടക്കുരുതിയുടെ രണ്ടാം ആണ്ടറുതിയിലും യുദ്ധമുഖത്ത് വീണ്ടും പ്രതിരോധ കവചങ്ങള്‍ തിരയുകയാണു നാം. ഒമിക്രോണ്‍ (ബി.1.1.529) എന്നു ലോകാരോഗ്യസംഘടന പേരിട്ട ”ആശങ്കയുണര്‍ത്തുന്ന ജനിതകവ്യതിയാനങ്ങളോടെ” കൊറോണവൈറസ് അതിതീവ്ര വ്യാപനത്തിന്റെ മൂന്നാം തരംഗ ഭീഷണിയുമായി ഭൂഖണ്ഡങ്ങള്‍ താണ്ടുമ്പോള്‍, വ്യോമ-സമുദ്രാതിര്‍ത്തി കവാടങ്ങളില്‍ നിരീക്ഷണ ജാഗ്രതാ മാനദണ്ഡങ്ങളുടെ തോത് ഉയര്‍ത്തി കേരളം അടുത്ത അങ്കത്തിന് കച്ചകെട്ടുകയാണ്.

ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും പ്രഹരശേഷിയേറിയ ഡെല്‍റ്റ വകഭേദത്തിനു പിന്നാലെ എത്തുന്ന ഒമിക്രോണ്‍ കൂടുതല്‍ ഗുരുതരമായ സ്ഥിതിവിശേഷം സൃഷ്ടിച്ചേക്കും എന്ന ഭയാശങ്കയിലാണു ലോകരാഷ്ട്രങ്ങള്‍. ഡെല്‍റ്റ വകഭേദം ആദ്യം കണ്ടെത്തിയ ഇന്ത്യയില്‍ ഇപ്പോഴും ദിനംപ്രതി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന കൊവിഡ് കേസുകളില്‍ 56-60 ശതമാനവും കേരളത്തിലാണ്. സംസ്ഥാനത്ത് പരിശോധനയ്ക്കു വിധേയരാകുന്നവരില്‍ രോഗനിര്‍ണയനിരക്ക് 7.93% ആണ്. എങ്കിലും കേരളത്തില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവരുടെ നിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയോളം വരും. പതിനെട്ടു വയസു കഴിഞ്ഞവരില്‍ 96.1% (2.56 കോടി പേര്‍) ആദ്യ ഡോസും, 64.8% (1.73 കോടി പേര്‍) രണ്ടു ഡോസും സ്വീകരിച്ചുകഴിഞ്ഞു. രണ്ടാം തരംഗത്തിന്റെ തീവ്രത തെല്ലു ശമിച്ചപ്പോള്‍ സാമൂഹിക നിയന്ത്രണങ്ങളില്‍ അയവുവരുത്തിയതോടെ മന്ദഗതിയിലായ വാക്‌സിനേഷന്‍ യജ്ഞം ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ വീണ്ടും ഊര്‍ജിതമാകുന്നുണ്ട്.

കൊറോണവൈറസ് മനുഷ്യകോശങ്ങളിലേക്കു കടക്കാന്‍ ഉപയോഗിക്കുന്ന സ്‌പൈക് പ്രൊട്ടീനില്‍ തന്നെ 32 വ്യതിയാനങ്ങള്‍ അടക്കം അന്‍പതോളം മാറ്റങ്ങളുമായെത്തുന്ന ഒമിക്രോണിന്, വാക്‌സിന്‍ എടുത്തവരിലും നേരത്തെ രോഗം ബാധിച്ചവരിലുമുള്ള ആന്റിബോഡി സാന്നിധ്യത്തിന്റെ രോഗപ്രതിരോധശക്തിയെ മറികടക്കാനാകുമോ എന്ന് ഇനിയും വ്യക്തമായിട്ടില്ല. ഒരു ബൂസ്റ്റര്‍ ഡോസ് കൂടി എടുത്ത് പ്രതിരോധശക്തി വര്‍ധിപ്പിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും ജനങ്ങളോടു നിര്‍ദേശിക്കുന്നുണ്ട്.

തെക്കേ ആഫ്രിക്കയില്‍ ആദ്യം സ്ഥിരീകരിച്ച ഒമിക്രോണ്‍ രോഗത്തിന്റെ അതിതീവ്ര വ്യാപനസാധ്യത കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രതാ മാനദണ്ഡങ്ങള്‍ അനുസരിച്ച് സംസ്ഥാന ഗവണ്‍മെന്റ് വിമാനത്താവളങ്ങളില്‍ ‘കൂടുതല്‍ സൂക്ഷിക്കേണ്ട’ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കെല്ലാം ആര്‍ടി-പിസിആര്‍ പരിശോധന കര്‍ശനമാക്കുകയും, 14 ദിവസം വരെ ക്വാറന്റൈന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിലെ കര്‍ശന നിരീക്ഷണവും വാക്‌സിനേഷനിലെ മുന്നേറ്റവും ഒമിക്രോണ്‍ പ്രതിരോധത്തിന്റെ പ്രാഥമിക തലങ്ങള്‍ മാത്രമായി വേണം കരുതാന്‍. കൊറോണ വ്യാപനത്തിന്റെ അതിഭീഷണമായ രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് ആരോഗ്യരക്ഷാസംവിധാനം പാടേ തകര്‍ന്നില്ലെങ്കിലും വീടുകളിലെ ക്വാറന്റൈനും നിരീക്ഷണവും പലയിടങ്ങളിലും രോഗ ക്ലസ്റ്ററുകള്‍ വര്‍ധിക്കാന്‍ ഇടയാക്കിയ അനുഭവങ്ങള്‍ ഏറെയുണ്ടായി. ഓക്‌സിജന്‍ കിടക്കകളും ഐസിയു സൗകര്യവും അതിതീവ്ര പരിചരണത്തിനുള്ള സംവിധാനങ്ങളും ഒരുക്കുന്നതില്‍ ഉണ്ടായ ആസൂത്രണ പാളിച്ചകളും പ്രതിസന്ധി സൃഷ്ടിച്ചു. കൊവിഡ് ബ്രിഗേഡ് പിരിച്ചുവിടുകയും വൊളന്റിയര്‍മാരെ ഒഴിവാക്കുകയും ചെയ്ത സാഹചര്യത്തില്‍ വീണ്ടും വാര്‍ഡുതലം തൊട്ട് നിരീക്ഷണത്തിനും പ്രാഥമിക ചികിത്സയ്ക്കും അടിയന്തര സഹായത്തിനും മറ്റുമുള്ള സംവിധാനം പുനഃസംഘടിപ്പിക്കേണ്ടതുണ്ട്.

ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടുന്നതിനുള്ള സുദൃഢ സംവിധാനം സംസ്ഥാനത്ത് ഉണ്ടെങ്കിലും പ്രാദേശിക തലത്തിലുള്ള ഏകോപനവും അടിയന്തര തീരുമാനങ്ങളും സത്വരനടപടികളും മഹാമാരിക്കാലത്ത് ഏറെ നിര്‍ണായകമാണ്. മഹാമാരിക്കൊപ്പം പ്രകൃതിക്ഷോഭത്തിന്റെയും ദുരിതക്കെടുതികള്‍ നേരിടുന്ന പാവപ്പെട്ടവരുടെ ദൈന്യാവസ്ഥ കൂടി പരിഗണിച്ചുവേണം സാമൂഹിക നിയന്ത്രങ്ങള്‍ പ്രഖ്യാപിക്കാനും നടപ്പാക്കാനും. സമ്പൂര്‍ണ അടച്ചുപൂട്ടലിനു പകരം ശാസ്ത്രീയമായ രീതിയില്‍ നിയന്ത്രിത തോതിലുള്ള പ്രാദേശിക കണ്ടെയ്ന്‍മെന്റ് മേഖല വേര്‍തിരിക്കലും കര്‍ശന നിരീക്ഷണവുമാണ് കൂടുതല്‍ അഭികാമ്യവും ഫലപ്രദവും എന്നു തെളിഞ്ഞിട്ടുണ്ട്. പൊലീസിന്റെ അമിതാധികാരപ്രയോഗം അടക്കമുള്ള കാര്യങ്ങള്‍ ജനജീവിതം ദുസ്സഹമാക്കിയ സാഹചര്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കാന്‍ ഇടവരരുത്. ദുരിതാശ്വാസത്തിനും ക്ഷേമപ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ ആവശ്യമായതെല്ലാം തക്കസമയത്ത് ചെയ്യും എന്നുതന്നെയാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഭക്ഷ്യസുരക്ഷയ്ക്കും സൗജന്യ ചികിത്സാസൗകര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കിവേണം സര്‍ക്കാര്‍ കരുതലിന്റെ മികച്ച മാതൃകയൊരുക്കാന്‍.

യുദ്ധഭൂമിയിലെ ആശുപത്രി പോലെയാണ് സഭയെന്നും മുറിവേറ്റവരെയും വേദനിക്കുന്നവരെയും കാരുണ്യത്തോടെ ശുശ്രൂഷിക്കുകയാണ് സഭയുടെ പ്രേഷിതദൗത്യമെന്നും ഫ്രാന്‍സിസ് പാപ്പാ നമ്മെ എന്നും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നതാണ്. കൊടിയ ദുരിതങ്ങളുടെയും അനിശ്ചിതത്വത്തിന്റെയും ഈ നാളുകളില്‍ നാമെല്ലാം ഒരേ വള്ളത്തിലാണെന്നും, ഒരാള്‍ക്കും ഒറ്റയ്ക്കു രക്ഷപ്പെടാനാവില്ലെന്നും പരിശുദ്ധ പിതാവ് പറയുന്നു. കൊവിഡ് വാക്‌സിന്‍ വിതരണത്തിലെ കൊടിയ വിവേചനത്തിന്റെ അനന്തരഫലമാണ് തെക്കേ ആഫ്രിക്കയില്‍നിന്നുള്ള കൂടുതല്‍ സങ്കീര്‍ണവും ഗുരുതരവുമായ വൈറസ് വകഭേദത്തിന്റെ ഉത്ഭവം എന്ന് ഇനിയെങ്കിലും മാനവലോകം തിരിച്ചറിയണം. ദരിദ്രന്റെ നിലവിളി, അടിച്ചമര്‍ത്തപ്പെട്ടവന്റെ നിലവിളി, ശ്വാസംമുട്ടുന്നവന്റെ നിലവിളി നാം കേള്‍ക്കണം. ലോകത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പ്രതിസന്ധിയുടെ ആഴം ഇനിയും കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കുമാകില്ല. ഈ മഹാദുരിതത്തില്‍ എല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ആതുരശുശ്രൂഷ, സാമൂഹികശുശ്രൂഷാ മേഖലയില്‍ കേരളസഭ കൊവിഡ് കാലത്ത് നടത്തിയ വിപുലവും ആസൂത്രിതവും സുസംഘടിതവുമായ പ്രവര്‍ത്തനങ്ങളുടെ സമഗ്രചിത്രം പൊതുസമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്കു താല്പര്യമുണ്ടാകാനിടയില്ല. അവരുടെ രാഷ്ട്രീയ മുന്‍ഗണനകള്‍ക്കിടയില്‍ മാനവസാഹോദര്യത്തിന്റെ മൂല്യങ്ങളും കാരുണ്യത്തിന്റെ അസാധാരണ സാക്ഷ്യങ്ങളും അത്രകണ്ട് വാര്‍ത്താപ്രാധാന്യമുള്ളതല്ലല്ലോ. എന്തായാലും, സഭാ സംവിധാനങ്ങള്‍ കൂറെക്കൂടി യാഥാര്‍ത്ഥ്യബോധത്തോടെ, വിമര്‍ശനാത്മകമായി തങ്ങളുടെ സാമൂഹികശുശ്രൂഷാ ദൗത്യനിര്‍വഹണത്തിലെ പോരായ്മകളും സാധ്യതകളും വിലയിരുത്തുന്നത് ഏറ്റവും അര്‍ഹരായവര്‍ക്ക് കൂടുതല്‍ ഗുണമേന്മയുള്ള സഹായപാക്കേജുകള്‍ കൃത്യമായി എത്തിക്കുന്നതിനുള്ള ഏകോപിതവും കാര്യക്ഷമവുമായ പദ്ധതി ആസൂത്രണങ്ങള്‍ക്ക് ഊര്‍ജം പകരും. മാനവികതയുടെയും സമൂഹനിര്‍മിതിയുടെയും കൂട്ടായ്മകള്‍ക്കു ശക്തിപകരാന്‍ സമൂഹമാധ്യമങ്ങളും നവമാധ്യമശൃംഖലകളും വ്യാപകമായി പ്രയോജനപ്പെടുത്താനും കഴിയണം.

ക്രൈസ്തവ സമൂഹം എന്ന നിലയില്‍ നമ്മുടെ വിശ്വാസജീവിതത്തിനും ക്രൈസ്തവസാക്ഷ്യത്തിനും പ്രേഷിതത്വത്തിനും കൊവിഡ് മഹാമാരിയുടെ അതിജീവന ആകുലതകള്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന് വിലയിരുത്താന്‍ നമുക്ക് സമാശ്വാസത്തിന്റെ ഈ ചെറിയൊരു ഇടവേള പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞുവോ? നമ്മുടെ സാമൂഹിക ജീവിതസാക്ഷ്യം എത്രമേല്‍ ക്രൈസ്തവചൈതന്യം നിറഞ്ഞതും പ്രത്യാശാഭരിതവുമായിരുന്നു?

ഈ മഹാമാരിക്കുശേഷവും നമ്മള്‍ പഴയ അജപാലന മാതൃകകളിലേക്കു തിരിച്ചുപോകുന്നത് ആത്മഹത്യാപരമായിരിക്കും എന്ന് മെത്രാന്മാരുടെ സിനഡിന്റെ റോമിലെ കാര്യാലയത്തിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെക് ഓര്‍മിപ്പിക്കുന്നുണ്ട്. അജപാലനപരമായ പരിവര്‍ത്തനം, നവീകരണം എന്നിവയ്ക്ക് ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനഘടകമായ ഗാര്‍ഹിക സഭയ്ക്കാണ് ഊന്നല്‍ നല്‍കേണ്ടത്. കുടുംബത്തിലാണ് വിശ്വാസം ആഘോഷിക്കപ്പെടേണ്ടതും ധ്യാനിക്കേണ്ടതും ജീവിക്കേണ്ടതും.

അഭിഷിക്തരും അര്‍പ്പിതരും മാത്രമല്ല, സഭയില്‍ എല്ലാവരും ശ്രവിക്കപ്പെടണമെന്നും, ക്രൈസ്തവജീവിതസാക്ഷ്യം എന്ന പ്രേഷിതത്വത്തില്‍ ദൈവജനത്തിനും തുല്യഅവകാശവും ചുമതലയുമുണ്ടെന്നുമുള്ള മൗലികതത്വമാണ് ഇക്കുറി കേരള ലത്തീന്‍ കത്തോലിക്കാദിനത്തില്‍, കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്ന സിനഡാത്മക പ്രതിജ്ഞാവാക്യത്തില്‍ നാം ഉദ്‌ഘോഷിക്കുന്നത്. ദൈവജനം ഒന്നടങ്കം ക്രൈസ്തവ വിശ്വാസപ്രഘോഷണത്തിലും ജീവല്‍സാക്ഷ്യത്തിലും ഒരുപോലെ പങ്കാളികളാകുന്നു എന്നത് ഫ്രാന്‍സിസ് പാപ്പായുടെ സഭാദര്‍ശനത്തിന്റെ കാതലാണ്. അതാണ് സിനഡാലിറ്റിയുടെ മുഖ്യപ്രേരണയും. സുവിശേഷത്തിന്റെ ആനന്ദം, ഏവരെയും കണ്ടെത്തുന്ന പ്രേഷിതപങ്കാളിത്ത സ്വപ്‌നമാണ്. സമൂഹത്തിന്റെ പൊതുനന്മയ്ക്കും പൊതുഭവനത്തിന്റെ പരിപാലനത്തിനും വേണ്ടി ശുശ്രൂഷ ചെയ്യുന്ന സാഹോദര്യത്തിന്റെ പ്രേഷിതസമൂഹം രൂപപ്പെടുത്തുകയാണ് സിനഡാത്മകതയുടെ ലക്ഷ്യം. മൂന്നാം സഹസ്രാബ്ദത്തിലെ സഭയില്‍ നിന്ന് ദൈവം പ്രതീക്ഷിക്കുന്നത് സിനഡാത്മകതയുടെ പാതയാണ്.

നീതി, ഐകദാര്‍ഢ്യം, സമാധാനം എന്നിവയുടെ കൊടിക്കൂറയില്‍ സകല മനുഷ്യരുടെയും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ജീവിതം മെച്ചപ്പെടുത്താനുള്ള ഡയകോനിയ ആയാണ് സഭയുടെ സിനഡാത്മക ജീവിതത്തിന്റെ അവതാരണം. ദരിദ്രരുടെയും ഭൂമിയുടെയും നിലവിളി കേള്‍ക്കുക എന്നത് ദൈവജനത്തിന്റെ സാമൂഹികപ്രവര്‍ത്തനത്തിന്റെ സുപ്രധാന മാനദണ്ഡവും ബാധ്യതയുമാണ്. ഒരുമിച്ചു നടക്കുക എന്നതാണ് സഭയുടെ ഘടനാരൂപം. ദൈവത്തിന്റെ കണ്ണും ഹൃദയവും കൊണ്ട് യാഥാര്‍ത്ഥ്യങ്ങളെ വ്യാഖ്യാനിക്കാനും, മുറിവേറ്റ ഈ കാലഘട്ടത്തില്‍ ജീവന്റെ സേവകരായി യേശുവിനെ പിഞ്ചെല്ലുവാനുമുള്ള ഉപാധിയും അതുതന്നെയാണ്.

ജനാധിപത്യത്തിന്റെ അപകടം അത് ഭൂരിപക്ഷാധിപത്യത്തിലേക്കു വഴുതിവീഴുകയും ന്യൂനപക്ഷങ്ങളുടെ ശബ്ദം മുങ്ങിപ്പോകുകയും ചെയ്യുന്നു എന്നതാണ്. അതിനാല്‍ സഭയുടെ സിനഡാത്മകതയെ ജനാധിപത്യവുമായി താരതമ്യം ചെയ്യാനാവില്ല. ഏറ്റവും ചെറിയവന്റെ ശബ്ദം പോലും സഭയില്‍ ഉയര്‍ന്നുകേള്‍ക്കാനാകണം.

സഭയോടൊത്തു ചിന്തിക്കുന്ന ഓരോ അല്മായന്റെയും എളിയ പ്രേഷിതത്വ പങ്കാളിത്തം ചുഴലിക്കാറ്റിന്റെ ഗതിമാറ്റാന്‍ പോലും കെല്പുള്ള പൂമ്പാറ്റകളുടെ ചിറകനക്കം പോലെയാകും. സഭയുടെ അടിസ്ഥാന സാമൂഹിക ചലനവ്യൂഹത്തിലെ കൊച്ചുവ്യതിയാനം പോലും വലിയ മാറ്റങ്ങള്‍ക്കു നാന്ദിയാകും. ഈ സിനഡാത്മകയാത്രയില്‍ പുതിയ പാതകള്‍ തെളിഞ്ഞുവരും. കവി പാടുന്നുണ്ട്, പഥികാ, പാത അവിടെയില്ല, നീ നടന്ന് പാത തെളിക്കുക.


Related Articles

ദുരിതബാധിതര്‍ക്ക് ആശ്വാസം പകരാന്‍ കൊച്ചിന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

കൊവിഡിന്റെ ദ്രുതഗതിയിലുള്ള വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലും ജനപങ്കാളിത്തത്തോടെ നടപ്പിലാക്കിവരുന്ന സാഹചര്യത്തില്‍ കൊച്ചി രൂപതയിലെ കൊച്ചിന്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും തനതായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു

കൊല്ലരുതേ!

  സഹായരായ ശിശുക്കളെ അമ്മയുടെ ഉദരത്തില്‍ തന്നെ വധിക്കുന്നതിനുള്ള നിയമം കൂടുതല്‍ ഉദാരമാക്കാനുള്ള ഭേദഗതിക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് നീക്കം. ഗര്‍ഭഛിദ്രം

കടല്‍ഭിത്തി കേടുപാടുകള്‍ തീര്‍ക്കാന്‍ 15 കോടിരൂപയുടെ ടെണ്ടര്‍ ക്ഷണിച്ചു: കെയര്‍ ചെല്ലാനം അഭിനന്ദിച്ചു

  കൊച്ചി: ചെല്ലാനം-ഫോര്‍ട്ടുകൊച്ചി കടല്‍ഭിത്തിയിലെ അറ്റകുറ്റപണികള്‍ക്കായി 15 കോടിരൂപയുടെ ഭരണാനുമതി നല്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. തെക്കേ ചെല്ലാനം, ഗുണ്ടുപറമ്പ്, മാലാഖപ്പടി, ബസാര്‍, വേളാങ്കണ്ണി, ചാളക്കടവ്,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*