ഒരു ഡിജിറ്റല്‍ അപാരത

ഒരു ഡിജിറ്റല്‍ അപാരത

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല ഡിജിറ്റല്‍ യുഗത്തിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ 3,74,274 ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിന്യസിച്ച് നടപ്പാക്കിയ ഹൈടെക് സ്‌കൂള്‍ ഹൈടെക് ലാബ് പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തികഴിഞ്ഞു. അതോടെ പൊതുവിദ്യാഭ്യാസ ഇടത്തില്‍ കേരളം ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായിരിക്കുകയാണെന്നാണ് അവകാശവാദം. കോടിക്കണക്കിനു രൂപ ചെലവിട്ട് ഡിജിറ്റല്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചപ്പോള്‍ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളോ അധ്യാപകരോ ഇല്ലാതെ അടഞ്ഞുകിടക്കുകയായിരുന്നു. കൊവിഡ്19ന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ പഴയപടി തുറന്നുപ്രവര്‍ത്തിക്കാന്‍ എന്നാകുമെന്ന് ആര്‍ക്കും ഉറപ്പുപറയാനാകാത്ത അവസ്ഥ. ഈ സ്ഥിതിയിലാണ് ഓണ്‍ലൈന്‍ ഉപകരണങ്ങള്‍ വാങ്ങി ക്ലാസ്മുറികള്‍ നിറച്ച് സര്‍ക്കാര്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന ഖ്യാതി നേടിയെടുത്തിരിക്കുന്നത്. ഡിജിറ്റല്‍ സംവിധാനങ്ങള്‍ പരിമിതമായ തോതിലെങ്കിലും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപയോഗിക്കാനറിയാമോ എന്ന പരിശോധനകളൊന്നും ഇവിടെ നടത്തിയിട്ടില്ല.
ഇടതുപക്ഷ അനുകൂല എന്‍ജിഒയായ കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ വിദ്യാഭ്യാസ രംഗത്തെ പഠനറിപ്പോര്‍ട്ട് ഇതേ ദിവസങ്ങളില്‍ തന്നെയാണ് പുറത്തുവന്നത്. പൊതുവിദ്യാഭ്യാസ മേഖലയിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വലിയൊരു പരാജയത്തിലേക്കാണ് നിങ്ങുന്നതെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്തുപോലും വിലപിക്കുന്നത്.

കൊവിഡിന്റെയും ഓണ്‍ലൈന്‍ ക്ലാസുകളുടെയും സാഹചര്യത്തില്‍ മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്ന കുട്ടികളെ അതില്‍ നിന്നു കരേറ്റാന്‍ അധ്യാപകരോ, മാതാപിതാക്കളോ, അധികാരികളോ ശ്രദ്ധിക്കുന്നുണ്ടോ?

വിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ ദേശീയതലത്തില്‍ തന്നെ ഒറ്റപ്പെട്ടു നില്‍ക്കുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പുതന്നെ ക്രൈസ്തവമിഷണറിമാരുടെ അശ്രാന്തപരിശ്രമത്തിലൂടെ വിദ്യാഭ്യാസം ജനകീയവത്കരിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നാളിന്നോളമുണ്ടായ ജനകീയ പോരാട്ടങ്ങളിലെല്ലാം അക്ഷരം പകര്‍ന്ന ആത്മവിശ്വാസം മലയാളി പ്രകടമാക്കിയിരുന്നു. 1991ല്‍ കോഴിക്കോട്ട് പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി മലപ്പുറം ജില്ലയിലെ കാവനൂര്‍ ഗ്രാമത്തിലെ ചേലക്കോടന്‍ ആയിഷ നടത്തിയ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം ആധുനിക കേരള ചരിത്രത്തിലെ തിളങ്ങുന്ന സംഭവമാണ്. സാക്ഷരതാ യജ്ഞത്തിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും കേരളം രാജ്യത്ത്് ഒന്നാമതെത്തുന്ന ഒരു മഹാസംഭവമായതിനാല്‍ തെറ്റുകളെല്ലാം ജനം പൊറുത്തു.
2019 ഡിസംബറില്‍ കേരളം കാണാനെത്തിയ ട്രാവല്‍ ബ്ലോഗര്‍ നിക്കോളെ ടിമോഷ്ചക് തന്റെ ഇന്‍സ്റ്റര്‍ഗ്രാമിലെ അക്ഷരങ്ങളിലൂടെ ‘പൊട്ടിത്തെറിച്ചത്’ വാര്‍ത്തയായിരുന്നു. സമ്പൂര്‍ണസാക്ഷരത നേടിയെന്ന് അഭിമാനിക്കുന്ന കേരളമേ ശരിക്കും ഈ മാലിന്യം ഇങ്ങനെ പടര്‍ന്നുകിടക്കുന്നത് പരിഹാസ്യമാണ്. ഏറ്റവും ഉയര്‍ന്ന സാക്ഷരതാ നിരക്കുണ്ടെന്ന് നിങ്ങള്‍ അഭിമാനിക്കുന്നു. എന്നാല്‍ ഞാനോരോ ദിവസവും ഇവിടെ കാണുന്നത് ഈ മാലിന്യകൂമ്പാരമാണ്. ഇത് എന്റെ മാതൃരാജ്യമല്ലെന്നും ഞാന്‍ ഇവിടെ ഒരു സന്ദര്‍ശകനാണെന്നും ഞാന്‍ മനസിലാക്കുന്നു. പക്ഷേ നിങ്ങള്‍ സ്വയം നശിപ്പിക്കുകയാണ്. ഇനിയെങ്കിലും തലച്ചോര്‍ ഉപയോഗിക്കൂ… ഇങ്ങനെ പോകുന്നു ഒരു വിദേശിയുടെ വിലാപം. സര്‍ക്കാരോ ഏതെങ്കിലും ജനപ്രതിനിധികളോ ആ വിലാപത്തിന് പ്രത്യുത്തരമേകിയോ എന്നറിയില്ല. നിക്കോളെയുടെ മനം മടുപ്പിച്ച വയനാടന്‍ ചുരത്തിന്റെ ഓരങ്ങള്‍ ഇപ്പോഴും മാലിന്യതൊട്ടിലായി തന്നെ കിടക്കുന്നു.
സമ്പൂര്‍ണസാക്ഷരതയുണ്ടെങ്കിലും വകതിരിവ് വട്ടപൂജ്യമായ ഒരു ജനതയും സര്‍ക്കാരുമാണ് നമ്മുടേതെന്നാണോ ഇതിനര്‍ത്ഥം?. പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമ്പോള്‍ 1991ലെയും 2019ലെയും ഈ സംഭവങ്ങള്‍ പ്രസക്തമാണ്.
ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ പൂര്‍ത്തീകരണം സംബന്ധിച്ച പ്രഖ്യാപനമാണ് ഒക്ടോബര്‍ 12ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. 4,752 സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലായി 45,000 ക്ലാസ് മുറികളാണ് ഹൈടെക്കായി മാറ്റിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഡിജിറ്റല്‍ വിപ്ലവം നടത്തിയതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കിഫ്ബിയുടെ സഹായത്തോടെയാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഹൈടെക് സ്മാര്‍ട്ട് ക്ലാസ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലായി 45,000 ക്ലാസ് മുറികള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറി. പ്രൈമറി, അപ്പര്‍പ്രൈമറി തലങ്ങളില്‍ 11, 275 സ്‌കൂളുകളില്‍ ഹൈടെക് ലാബും തയ്യാറാക്കി. അധ്യാപകര്‍ക്ക് വിദഗ്ധ പരിശീലനവും നല്‍കി.
സ്‌കൂളുകള്‍ സ്മാര്‍ട്ടാക്കുന്നതിനായി അതിവേഗ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് ലഭ്യമാക്കാനായി. പരാതി പരിഹാരത്തിന് വെബ് പോര്‍ട്ടലും കോള്‍ സെന്ററുമുണ്ട്. ഇത്രയും സൗകര്യങ്ങളൊരുക്കാന്‍ 730 കോടിരൂപയാണ് ഇതുവരെ ചെലവഴിച്ചത്. കിഫ്ബിയില്‍ നിന്ന് മാത്രം 595 കോടി രൂപ വിദ്യാഭ്യാസ മേഖലക്കായി മാറ്റിവച്ചു.
കേരള ശാസ്ത്രസാഹിത്യപരിഷത്ത് തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ഓണ്‍ലൈന്‍ പഠനമാരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഏകദേശം 12% കുട്ടികള്‍ക്ക് ഇപ്പോഴും ടിവി ലഭ്യമായിട്ടില്ലെന്നും വീടുകളില്‍ സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം പൂര്‍ണവിജയം കണ്ടില്ലെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ഇടതുപക്ഷ സര്‍ക്കാരിനോട് ഏറ്റവും അടുത്തുനില്‍ക്കുന്നതും 1991ലെ സമ്പൂര്‍ണസാക്ഷരതാ യജ്ഞത്തില്‍ മുഴുവന്‍ ഊര്‍ജവും ചെലവഴിച്ചതുമായ സംഘടനയാണ് ശാസ്ത്രസാഹിത്യപരിഷത്തെന്നോര്‍ക്കണം. വിദ്യാലയങ്ങള്‍ സാങ്കേതിക ഉപകരണങ്ങളുടെ കേന്ദ്രമാക്കി മാറ്റിയപ്പോള്‍ കുട്ടികള്‍ക്ക് നിലവില്‍ ആവശ്യമായ ടിവിയും സ്മാര്‍ട്ട്ഫോണും ലഭ്യമാകാത്ത സ്ഥിതിയുണ്ടായി. ഡിജിറ്റല്‍ ഉപകരണങ്ങള്‍ അവയുടെ അഭാവമുള്ള വിദ്യാര്‍ത്ഥികളിലേക്കല്ല എത്തുന്നത്, മറിച്ച് സ്‌കൂളുകളിലേക്കാണ് എന്നാണ് മനസിലാക്കേണ്ടത്.

ഓണ്‍ലൈന്‍ പഠനവും പരിഷത്ത് റിപ്പോര്‍ട്ടും
ക്ലാസുകളുടെ പ്രാപ്യത, പ്രയോജനക്ഷമത, ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍, സാധാരണ ക്ലാസുകള്‍ പുനരാരംഭിക്കുന്ന സാഹചര്യത്തിലും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തല്‍ എന്നീ കാര്യങ്ങളെ കുറിച്ചാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിശദമായ പഠനം നടത്തിയത്.
സ്‌കൂള്‍ അടച്ചിടുന്നത് കുട്ടികളിലും അധ്യാപകരിലും രക്ഷിതാക്കളിലും അമിത സമ്മര്‍ദം ഉയര്‍ത്തുന്നുണ്ടെന്നും വിദ്യാലയാന്തരീക്ഷം നഷ്ടപ്പെടുന്നത് കുട്ടികളുടെ വൈകാരികാവസ്ഥകളെ ബാധിക്കുന്നുണ്ടെന്നുമുള്ള നിരീക്ഷണങ്ങള്‍ പഠനം നടത്തിയ വിദഗ്ധരുടെ ഭാഗത്തുനിന്ന് ഉണ്ടായിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഡിജിറ്റല്‍ ക്ലാസുകള്‍ രണ്ടു മാസം പിന്നിട്ട ഘട്ടത്തില്‍ ക്ലാസിന്റെ പ്രയോജനക്ഷമത, പ്രാപ്യത, സ്വീകാര്യത, മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ എന്നിവയെ കുറിച്ച് ഗൗരവമായ അന്വേഷണം അനിവാര്യമാണ് എന്ന അഭിപ്രായം ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് പരിഷത്ത് ഡിജിറ്റല്‍ ക്ലാസുകളെ കുറിച്ച് പഠനം നടത്തിയത്. വിദ്യാഭ്യാസ മേഖലയുടെ പ്രത്യക്ഷ ഗുണഭോക്താക്കളായ കുട്ടികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവരുടെ പ്രതികരണങ്ങളാണ് പഠനത്തിന് ആധാരമായി സ്വീകരിച്ചത്.
ജൂണ്‍ ഒന്നിനാണ് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചത്. ഈ ഘട്ടത്തില്‍ ടിവി ലഭ്യമല്ലാത്ത കുട്ടികള്‍ ഉണ്ടായിരുന്നു. അവരുടെ കണക്ക് സമഗ്ര ശിക്ഷ വഴി സര്‍ക്കാര്‍ എടുത്തു. അവരില്‍ പലര്‍ക്കും ടിവി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആഹ്വാനപ്രകാരം സംഘടനകളും വ്യക്തികളും മുന്നോട്ടുവന്നു. എങ്കിലും ഇപ്പോഴും വീട്ടില്‍ സ്വന്തമായി ടിവി ഇല്ലാത്ത കുറേ കുട്ടികളുണ്ടെന്ന് സര്‍വ്വേയില്‍ വ്യക്തമായി. നേരത്തെ സൗകര്യം ലഭിക്കാത്ത പലരും ഇപ്പോള്‍ അയല്‍വീട്, വായനശാല, സാംസ്‌കാരിക നിലയം, പഠനവീട്, മറ്റ് സൗകര്യങ്ങള്‍ എന്നിവ വഴി ക്ലാസ് കാണുന്നുണ്ട്. എന്നാല്‍ ഇപ്പോഴും ഒരു സൗകര്യവും ലഭ്യമായിട്ടില്ലാത്തവരുമുണ്ട്.
ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ സൗകര്യമുള്ളവര്‍ക്ക് പോലും പലവിധ കാരണങ്ങളാല്‍ എല്ലാ ക്ലാസും മുടക്കമില്ലാതെ കാണാന്‍ കഴിഞ്ഞിട്ടില്ല. ജൂണ്‍ ഒന്നിന് ആരംഭിച്ച ക്ലാസുകള്‍ മുടക്കം കൂടാതെ കണ്ടവര്‍ 67 ശതമാനം മാത്രമാണ്. ബാക്കിയുള്ളവര്‍ ഭാഗികമായേ കണ്ടിട്ടുള്ളൂ. ഓണ്‍ലൈന്‍ ക്ലാസിനെ കേന്ദ്രീകരിച്ചാണ് പഠനം മിക്കവാറും നടക്കുന്നത് എന്നതിനാല്‍ ഈ വിടവ് പ്രധാനമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്റര്‍നെറ്റിന്റെ വേഗതക്കുറവാണ് ഏറ്റവുമേറെപ്പേരെ (39.5ശതമാനം) ബുദ്ധിമുട്ടിച്ചത്. ഇത് മലയോര പ്രദേശത്തെയും ഗോത്രവര്‍ഗ മേഖലകളെയുമാണ് മുഖ്യമായും ബാധിക്കുന്നതെങ്കിലും ഇതരപ്രദേശങ്ങളിലും പലയിടത്തും കണക്റ്റിവിറ്റി പ്രശ്‌നമുണ്ട്.
ഇന്റര്‍നെറ്റിന്റെ അഭാവം (17ശതമാനം), സ്മാര്‍ട്ട് ഫോണിന്റെ അഭാവം (14.5 ശതമാനം) എന്നിവയാണ് മറ്റ് പ്രധാന പ്രശ്‌നങ്ങള്‍. ഫോണ്‍ മെമ്മറിയുടെ പ്രശ്‌നങ്ങള്‍, പകല്‍ രക്ഷിതാവ് വീട്ടിലില്ലാത്തത്, വീട്ടില്‍ മറ്റു ജോലികള്‍ ചെയ്യേണ്ടി വരുന്നത്, ഉപകരണം ഉപയോഗിക്കുന്നതിലെ പരിജ്ഞാനക്കുറവ് തുടങ്ങിയ മറ്റ് കാരണങ്ങളും ഏറെ ബാധിക്കുന്നത് ദരിദ്രരെയും പിന്നാക്ക വിഭാഗങ്ങളെയുമാണ്. ജനറല്‍, ഒഇസി, ഒബിസി, പട്ടികജാതി, പട്ടികവര്‍ഗം എന്നീ ക്രമത്തിലാണ് ക്ലാസ് കാണുന്നത് കുറഞ്ഞുവരുന്നത് എന്ന കണക്കുകള്‍ ഈ നിരീക്ഷണം ശരിവെക്കുന്നു.

ഉപകരണങ്ങളില്ല;
പഠിപ്പിക്കല്‍ ശാസ്ത്രീയമല്ല
സര്‍വേയില്‍ പങ്കെടുത്ത 76 ശതമാനം രക്ഷിതാക്കള്‍ക്ക് സ്‌കൂളില്‍ പഠിക്കുന്ന ഒന്നിലധികം കുട്ടികളുണ്ട്. ഒരു വീട്ടില്‍ ഒന്നിലധികം കുട്ടികള്‍ ഉണ്ടാകുമ്പോള്‍ ഉപകരണലഭ്യതയില്‍ പരിമിതികളുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. (ഇതേസമയത്താണ് അടച്ചുപൂട്ടിയ സ്‌കൂളുകളില്‍ കോടിക്കണക്കിനു രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുള്ളതും). സര്‍വേയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ 23 ശതമാനമാണ് ക്ലാസ് കണ്ട് മനസ്സിലാക്കുന്നതില്‍ ഒരു വിഷയത്തിലും പ്രയാസമില്ലെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ബാക്കി 77 ശതമാനത്തിന് ക്ലാസുകള്‍ മനസ്സിലാക്കുന്നതില്‍ ഒന്നോ അതിലധികമോ വിഷയങ്ങളില്‍ പ്രയാസമുണ്ട്.
നിലവിലുള്ള ഉള്ളടക്കം മുഖാമുഖ ക്ലാസില്‍ കൂടുതല്‍ സമയമെടുത്ത് കൈകാര്യം ചെയ്യാനായി ആസൂത്രണം ചെയ്തതാണ്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ ഒരാഴ്ചയില്‍ ഒരു വിഷയത്തിന് കിട്ടുന്ന സമയം പരിമിത
മാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ ഉള്ളടക്കത്തില്‍ കുറവുവരുത്താതെ പഠിപ്പിച്ചു തീര്‍ക്കാനുള്ള ശ്രമം മുകളില്‍ സൂചിപ്പിച്ച പ്രശ്‌നത്തിന് കാരണമാവുന്നുണ്ട്.
വ്യത്യസ്ത ക്ലാസുകളില്‍ വ്യത്യസ്ത വിഷയങ്ങള്‍ക്ക് ഒരേ സമീപനം തന്നെ സ്വീകരിക്കുന്നതിന്റെ പ്രശ്‌നമുണ്ട്. ഒന്ന്, രണ്ട് ക്ലാസുകളില്‍ എഴുത്ത് മെച്ചപ്പെടുത്തുന്നതിന് നിലവിലുള്ള ക്ലാസുകള്‍ വേണ്ടത്ര പര്യാപ്തമാകുന്നില്ല. പൊതുപരീക്ഷയുള്ള ക്ലാസുകളില്‍ ഉള്ളടക്കത്തിലൂടെ പൂര്‍ണമായും കടന്നുപോകണമെന്ന ആവശ്യമുണ്ട്.
അവതരണരീതി, അധ്യാപകന്റെ ഭാഷ, അധ്യയനമാധ്യമം, ഉദാഹരണങ്ങളുടെ കുറവ്, ചില ക്ലാസുകളിലെ ഓഡിയോ- വീഡിയോ സാമഗ്രികളുടെ കുറവ്, നിത്യജീവിതവുമായി ബന്ധിപ്പിക്കായ്ക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുമുണ്ട്.
ആശയങ്ങള്‍ ഗ്രഹിക്കുന്നതിന് ബോധനഭാഷ 38 ശതമാനം കുട്ടികള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നു. തീരദേശത്ത് അത് 53 ശതമാനം കുട്ടികള്‍ക്ക് പ്രശ്‌നമാകുന്നുണ്ട് എന്ന് അധ്യാപകര്‍ അഭിപ്രായപ്പെടുന്നു. ഡിജിറ്റല്‍ ക്ലാസുകള്‍ കൂടുതല്‍ കുട്ടിസൗഹൃദമാകണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
ഡിജിറ്റല്‍ സങ്കേതം മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്നതിനോട് 80 ശതമാനത്തിനടുത്ത് അധ്യാപകര്‍ യോജിക്കുന്നില്ല. ഡിജിറ്റല്‍ ക്ലാസുകളോട് കുട്ടികള്‍ക്ക് താല്പര്യം കുറഞ്ഞുവരുന്നുണ്ട്. ക്ലാസ് കൂടുതല്‍ വൈവിധ്യമുള്ളതാക്കി മാറ്റുകയും കൂടുതല്‍ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തി മെച്ചപ്പെടുത്തുകയും ചെയ്യണം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സംപ്രേഷണ ക്ലാസുകള്‍ കാര്യമായി പ്രയോജനം ചെയ്യുന്നില്ല. സമഗ്രശിക്ഷ ആരംഭിച്ച ‘വൈറ്റ്‌ബോര്‍ഡ്’ പദ്ധതി ആശ്വാസകരമാണ്. എങ്കിലും ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.
കുറഞ്ഞ സമയം കൊണ്ട് ഉള്ളടക്കം മുഴുവനും ‘കവര്‍’ ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ വഴി കുട്ടികള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ പരിമിതിയുണ്ട്. അതിനാല്‍ സ്വന്തം അധ്യാപകന്റെ വകയായി അന്നന്നത്തെ ഉള്ളടക്കത്തില്‍ വ്യക്തത വരുത്തുന്ന ഇടപെടല്‍ ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍ 23 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് വ്യക്തത വരുത്താന്‍ അധ്യാപക സഹായം ലഭിക്കുന്നത്. അല്ലാത്തവര്‍ ക്ലാസ് വീണ്ടും കണ്ടും പാഠപുസ്തകം വായിച്ചും വീട്ടുകാരുടെ സഹായത്തോടെയും ഇന്റര്‍നെറ്റില്‍ തിരഞ്ഞുമാണ് വ്യക്തതയുണ്ടാക്കാന്‍ ശ്രമിക്കുന്നത്. അധ്യാപകരുടെ പിന്തുണാക്ലാസ് എല്ലാവര്‍ക്കും കിട്ടാന്‍ നടപടികളുണ്ടാവണം.
ഓരോ ദിവസത്തെ ക്ലാസിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ (ഹോംവര്‍ക്ക്) നല്‍കുന്നുണ്ട്. എന്നാല്‍ ഇവയുടെ അനുയോജ്യത പ്രശ്‌നമാവുന്നുണ്ട്. അത് പരിഹരിക്കാന്‍ പല അധ്യാപകരും സ്വന്തമായി തുടര്‍പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയോ മറ്റു പലരും അയച്ചുതരുന്നത് നല്‍കുകയോ ചെയ്യുന്നു.
തുടര്‍പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ പല കുട്ടികള്‍ക്കും വേറെയും പ്രയാസങ്ങളുണ്ട്. 32 ശതമാനത്തിനും പ്രശ്‌നം ഇന്റര്‍നെറ്റ് കണക്ഷന്‍ തന്നെയാണ്. ക്ലാസില്‍ അവതരിപ്പിക്കപ്പെട്ട ആശയങ്ങളിലുള്ള അവ്യക്തതയും റഫറന്‍സ് പുസ്തകങ്ങളുടെ അഭാവവുമൊക്കെയാണ് മറ്റു പ്രശ്‌നങ്ങള്‍. പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് അഭിപ്രായം പറയാന്‍ അധ്യാപകരില്ല എന്ന കാര്യവും (14ശതമാനം) ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അധ്യാപകരുടെ ഒഴിവുകള്‍ നികത്താത്തത് പ്രശ്‌നമാണ്. ഫീഡ്ബാക്ക് നല്‍കുന്നതിലുള്ള പ്രശ്‌നങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. 79 ശതമാനത്തിന് മാത്രമാണ് അധ്യാപകരില്‍ നിന്നും ഫീഡ്ബാക്ക് കിട്ടുന്നത്. മറ്റുള്ളവര്‍ രക്ഷിതാക്കളെ ആശ്രയിക്കുകയോ കൂട്ടുകാരുടെ സഹായം തേടുകയോ ചെയ്യുന്നു.
ഹൈസ്‌കൂള്‍ ക്ലാസുകളെ സംബന്ധിച്ച് ഒരധ്യാപകനു തന്നെ നൂറുകണക്കിന് കുട്ടികള്‍ക്ക് ഫീഡ്ബാക്ക് നല്‍കേണ്ടുന്ന സ്ഥിതിയുമുണ്ട്. 32 ശതമാനം അധ്യാപകര്‍ക്ക് ഭാഗികമായേ ഫീഡ്ബാക്ക് നല്‍കാനാവുന്നുള്ളൂ.
ക്ലാസുകള്‍ കാണുക, പിന്തുണാക്ലാസ് നല്‍കുക, ഹോംവര്‍ക്ക് നല്‍കുക, അവ നോക്കുക, ഫീഡ്ബാക്ക് നല്‍കുക എന്നിങ്ങനെ ഭാരിച്ച ഉത്തരവാദിത്തമാണ് അധ്യാപകര്‍ക്ക് ഉള്ളത്. ഇതും മറ്റു കാര്യങ്ങളും കാരണം അധ്യാപകരും വലിയ സമ്മര്‍ദമാണ് അനുഭവിക്കുന്നത്.
79 ശതമാനം രക്ഷിതാക്കളാണ് തങ്ങളുടെ കുട്ടികളുടെ പഠനകാര്യങ്ങളില്‍ പിന്തുണയ്ക്കുന്നത്. ഹയര്‍സെക്കണ്ടറിയിലേക്ക് പോകുംതോറും സഹായിക്കുന്നവരുടെ ശതമാനം കുറഞ്ഞു വരുന്നു. രക്ഷിതാക്കളില്‍ കുറച്ചുപേര്‍ മാത്രമേ ഓണ്‍ലൈന്‍ ക്ലാസ് കാണുന്നുള്ളൂ. കുട്ടികളുടെ പ്രയാസം കാരണം പല ഹോംവര്‍ക്കും ചില രക്ഷിതാക്കള്‍ ചെയ്ത് കൊടുക്കുന്നു. മൊബൈല്‍ സാങ്കേതിക കാര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് പരിചയക്കുറവുണ്ട്. സാമ്പത്തികമായി പിറകില്‍ നില്‍ക്കുന്ന പല രക്ഷിതാക്കള്‍ക്കും (35ശതമാനം) ഇന്റര്‍നെറ്റ് ചാര്‍ജ് വഹിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
കോളനികളിലുള്ള പഠനകേന്ദ്രങ്ങളില്‍ ടിവി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവിടെ എത്തിച്ചേരുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. സഹായിക്കാന്‍ ആളില്ലാത്തതിനാലും അധ്യാപകര്‍ക്ക് എത്തിച്ചേരാന്‍ പ്രയാസമുള്ളതിനാലും സമഗ്രശിക്ഷ ഏര്‍പ്പാടാക്കിയ മെന്റര്‍മാരുടെ സേവനം മെച്ചപ്പെടുത്തണം.

അധ്യാപക-വിദ്യാര്‍ത്ഥി ബന്ധം
സ്‌കൂള്‍ തുറക്കാത്തതിനാല്‍ കൂട്ടുകാര്‍, അധ്യാപകര്‍ എന്നിവരുടെ സാമീപ്യവും അവരുമായുള്ള നേരിട്ടുള്ള ആശയവിനിമയവും നഷ്ടപ്പെട്ടതായി ഭൂരിപക്ഷം കുട്ടികളും കരുതുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമൂഹ്യ അകലവും ശുചിത്വസംവിധാനങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ട് ഉയര്‍ന്ന ക്ലാസുകള്‍ തുടങ്ങണം.
അധ്യാപകരില്‍ നിന്ന് കിട്ടുന്ന പിന്തുണ വ്യത്യസ്തതോതിലായതിനു കാരണം സ്‌കൂള്‍ തലത്തിലെ ഏകോപനക്കുറവാണ്. മേലുദ്യോഗസ്ഥരുടെ അന്വേഷണം ശക്തമല്ല. സ്‌കൂളില്‍ നടക്കേണ്ട കൂട്ടായ ആസൂത്രണത്തിന് കൊവിഡ് സാഹചര്യം തടസ്സമായിട്ടുണ്ട്. എങ്കിലും ഓണ്‍ലൈന്‍ രീതിയിലുള്ള പ്രവര്‍ത്തനാസൂത്രണം മിക്കയിടത്തും നടക്കുന്നുണ്ട്. ഇതിലും വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്.
പ്രധാനാധ്യാപകരുടെ മോണിറ്ററിങ്ങ് ഫലപ്രദമായ ഇടങ്ങളില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
സ്‌കൂളുകളുടെ നേതൃത്വത്തില്‍ രക്ഷാകര്‍ത്തൃ ബോധവല്‍ക്കരണം മതിയായ തോതില്‍ നടന്നിട്ടില്ല. ഇതിലും ഏകോപിത പദ്ധതിയുടെ അഭാവം ഉണ്ട്. പിടിഎ യുടെ നേതൃത്വത്തില്‍ ടിവികള്‍ എത്തിക്കുന്ന പ്രവര്‍ത്തനം വ്യാപകമായി നടന്നിട്ടുണ്ട്. എന്നാല്‍ ഗൃഹസന്ദര്‍ശനം പോലുള്ള തുടര്‍പരിപാടികള്‍ കാര്യമായി ഉണ്ടായിട്ടില്ല. കുട്ടികളെ പഠനവഴിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ എന്ന പേരില്‍ തുടങ്ങിയ ക്ലാസ് നീണ്ടുപോകുന്ന സാഹചര്യമുണ്ടായി. വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി നല്‍കിയ വിശദ മാര്‍ഗരേഖ പ്രകാരം പ്രവര്‍ത്തിക്കുന്നതില്‍ പല മേലുദ്യോഗസ്ഥരും നിഷ്‌കര്‍ഷ പുലര്‍ത്തുന്നില്ല. ഏകോപനത്തിന്റെ കുറവ് പലതട്ടുകളിലും ഉണ്ടായിട്ടുണ്ട്. സംസ്ഥാന തലത്തില്‍ എസ്.സി.ഇ.ആര്‍.ടി, എസ്.ഐ.ഇ.ടി, കൈറ്റ്, സമഗ്രശിക്ഷ കേരളം എന്നിവ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തേണ്ടതുണ്ട്. കുട്ടികള്‍ പൊതുവേ രണ്ടു മണിക്കൂറിലേറെ ക്ലാസ്സുകള്‍ക്കും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി വിനിയോഗിക്കുന്നുണ്ട്. പല കുട്ടികള്‍ക്കും പ്രവര്‍ത്തനാധിക്യം, ക്ലാസിന്റെ വേഗത, ഉള്ളടക്കക്കൂടുതല്‍, ക്ലേശകരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ സമ്മര്‍ദത്തിന് കാരണമാവുന്നുണ്ട്. സമ്മര്‍ദം ഉണ്ടാക്കുന്ന ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാനോ കൗണ്‍സിലര്‍ സൗകര്യം വേണ്ടത്ര ലഭ്യമാക്കാനോ കഴിഞ്ഞിട്ടില്ല.
സര്‍ക്കാര്‍ നിര്‍ദേശമില്ലാതെ തന്നെ പലേടത്തും പരീക്ഷകള്‍ നടക്കുന്നുണ്ട്. സ്‌കൂള്‍ എപ്പോള്‍ തുറക്കുമെന്നതും പൊതുപരീക്ഷകളുള്ള ക്ലാസില്‍ അത് എപ്പോള്‍, എങ്ങനെ നടക്കുമെന്നതും കുട്ടികളെയും രക്ഷിതാക്കളെയും ആശങ്കപ്പെടുത്തുന്നുണ്ട്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയ്ക്ക് ഉള്ളടക്കം എത്രമാത്രം ഉണ്ടാവുമെന്ന് നേരത്തെ പറയേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

കൊവിഡ് അനിവാര്യമാക്കിയ ഡിജിറ്റല്‍ അപാരത
കൊവിഡ് കാലത്ത് ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിദ്യാഭ്യാസത്തിന് അനിവാര്യമായി എന്നതില്‍ ഒരു സംശയവുമില്ല. ഡിജിറ്റല്‍ സാങ്കേതിക വിദ്യ അടക്കം എല്ലാ സാങ്കേതിക വിദ്യകള്‍ക്കും ആരോഗ്യകരമായ പ്രയോജനങ്ങള്‍ കൂടി ഉണ്ടെന്നതിന് തെളിവുകൂടിയായി അത്. വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും സര്‍ക്കാരിനു മുന്നിലുണ്ടായിരുന്നുമില്ല. അതുകൊണ്ടുതന്നെ അധ്യാപകരും രക്ഷാകര്‍ത്താക്കളും മാധ്യമങ്ങളും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ ഇടവിടാതെ നടത്തി.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ കോട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയവരെ സാങ്കേതികജ്ഞാനം ഇല്ലാത്തവരായും പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കാന്‍ ശ്രമിക്കുന്നവരായും മുദ്രകുത്തിയെന്നതാണ് ചര്‍ച്ചകളുടെ ഫലം. അതോടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് വഴിതിരിഞ്ഞുപോയി. ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള ഒരു സംഘടന ഓണ്‍ലൈന്‍ ക്ലാസുകളെ കുറിച്ച് പഠനം നടത്തി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെയായിരുന്നു മുന്നറിയിപ്പായി നേരത്തെ തന്നെ ഉന്നയിക്കപ്പെട്ടത്. പഠനപ്രക്രിയ എന്നത് അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള സാമൂഹ്യബന്ധത്തിലൂടെയും അവര്‍ പരസ്പരം വിനിമയം ചെയ്യുന്ന രീതികളിലൂടെയും രൂപപ്പെട്ടുവരേണ്ടതാണെന്നും സാങ്കേതികവിദ്യകള്‍ അതിനെ സഹായിക്കാനായി ഉപയോഗിക്കണമെന്നുമുള്ള മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ അവഗണിച്ചുവെന്നു തന്നെയാണ് പരിഷത്തിന്റെ റിപ്പോര്‍ട്ട് ബോധ്യപ്പെടുത്തുന്നത്.
ഗോത്രമേഖലകളില്‍ അടക്കം വലിയ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ടിവി അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍, ഇന്റര്‍നെറ്റ്, മറ്റ് ഉപകരണങ്ങള്‍ എന്നിവ കൃത്യമായി ഉപയോഗിക്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം,  വിദൂര പഠന സാഹചര്യങ്ങള്‍ക്കനിവാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഈ അടിസ്ഥാന ഘടകങ്ങളെ അഭിസംബോധന ചെയ്യാതെയാണ് സര്‍ക്കാര്‍ കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് ഇറങ്ങിയത്. ക്ലാസ് മുറികള്‍ പ്രൊജക്ടറുകളും ലാപ്ടോപുകളും അവ സൂക്ഷിക്കാനാവശ്യമായ അനുബന്ധ ഉപകരണങ്ങളും കൊണ്ട് നിറയ്ക്കുമ്പോള്‍ അതിന്റെ പ്രയോജനം ആര്‍ക്കായിരിക്കുമെന്ന് സ്വാഭാവികമായും ചിന്തിക്കണം.
സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പരിമിതമായ പഠനസമയപരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഈ സാങ്കേതിക വിദ്യകള്‍ എത്രമാത്രം പ്രയോജനപ്പെടുത്താന്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും സാധിക്കുമെന്നതും സംശയമാണ്. കോടികളുടെ വന്‍ പദ്ധതികള്‍ വരുന്നതിനു മുമ്പുതന്നെ വിദ്യാലയങ്ങളില്‍ ഐടി ലാബുകള്‍ ഉണ്ടായിരുന്നു. പല സ്‌കൂളുകളിലും ഐടി ലാബുകളിലെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ നശിച്ചുപോയിട്ടുണ്ട്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ കാലാകാലങ്ങളില്‍ അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ വാങ്ങിക്കൂട്ടിയിരിക്കുന്ന കോടിക്കണക്കിനു രൂപയുടെ ഉപകരണങ്ങള്‍ ആരുടെ ചെലവില്‍ അപ്ഗ്രേഡ് ചെയ്യും? പ്രവര്‍ത്തനരഹിതമായവയെ മാറ്റി പുതിയവയെ സ്ഥാപിക്കും ? തുടങ്ങിയ കാര്യങ്ങളിലൊന്നും ഒരു തീര്‍ച്ചയുമില്ല.
1991ലെ സമ്പൂര്‍ണസാക്ഷരതാ പ്രസ്ഥാനം അടുത്തസര്‍ക്കാര്‍ വന്നപ്പോള്‍ ഒരു പിന്തുടര്‍ച്ചാസംവിധാനം പോലുമില്ലാതെ തകര്‍ന്നടിയുകയായിരുന്നുവെന്ന വലിയ ഉദാഹരണം നമുക്കുമുന്നിലുണ്ടായിട്ടും കാലാവധി തീരാറായ സര്‍ക്കാര്‍ പൂട്ടിയിട്ട വിദ്യാലയങ്ങളില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങിനിറച്ചതിന്റെ പൊള്ളത്തരം തുറന്നുപറയാന്‍ നിക്കോളെമാര്‍ വിദേശത്തു നിന്നു വീണ്ടും അവതരിക്കേണ്ടിയിരിക്കുന്നു.


Related Articles

വത്തിക്കാന്‍ വനിതാ ഫുട്‌ബോള്‍ ടീം രാജ്യാന്തര അരങ്ങേറ്റക്കളി റദ്ദാക്കി

വിയന്ന: വത്തിക്കാന്‍ വനിതാ ഫുട്‌ബോള്‍ ടീമിന്റെ ആദ്യ രാജ്യാന്തര മത്സരം ഗര്‍ഭഛിദ്രത്തെയും സ്വവര്‍ഗ ലൈംഗികതയെയും അനുകൂലിച്ചുകൊണ്ടുള്ള എതിര്‍ ടീം അംഗങ്ങളുടെ പരസ്യപ്രകടനത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഓസ്ട്രിയയിലെ മരിയഹില്‍ഫ്

ഐസാറ്റ് കോളജില്‍ രക്തദാന ക്യാമ്പ്

എറണാകുളം: കളമശേരി ഐസാറ്റ് (ആല്‍ബര്‍ട്ടിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി) യില്‍രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ സ്റ്റാഫും കോളേജിലെ എന്‍എസ്എസ്

വേണം, പൗരോഹിത്യത്തിന്റെ ആഴങ്ങളിലേക്കൊരു തീര്‍ത്ഥാടനം

മനുഷ്യനായി തീര്‍ന്ന തമ്പുരാന്‍ അപ്പമാകാന്‍ കൊതിച്ചപ്പോള്‍ ദിവ്യകാരുണ്യം ജനിച്ചു. മഹാകാരുണ്യവും ദിവ്യമായ സ്‌നേഹവും വിളിച്ചോതുന്ന പരിശുദ്ധ ബലിയുടെ സ്ഥാപനം ഓര്‍മിക്കുന്ന പുണ്യദിനമാണ് വിശുദ്ധവാരത്തിലെ പെസഹാവ്യാഴം. സ്‌നേഹത്തിന്റെ ആ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*