ഒരു തൈ നടുമ്പോള്‍ തണല്‍ നടുന്നു

ഒരു തൈ നടുമ്പോള്‍ തണല്‍ നടുന്നു

‘നൊ വണ്‍ ഈസ് ടൂ സ്‌മോള്‍ ടു മെയ്ക്ക് എ ചെയ്ഞ്ച്’ കഴിഞ്ഞ മാസം പുറത്തിറങ്ങിയ പുസ്തകമാണ്. പെന്‍ഗ്വിന്‍ പ്രസിദ്ധീകരണം. ചെറിയ കുറിപ്പുകളും പ്രഭാഷണങ്ങളുമാണ് ഉള്ളടക്കം. ഗ്രന്ഥകര്‍തൃ പതിനാറുകാരിയായ ഒരു പെണ്‍കുട്ടിയാണ്. സ്വീഡന്‍കാരി ഗ്രീറ്റാ ന്യൂബെന്‍ഗ് എന്നു പേര്. ആരുടെയും മുഖത്തു നോക്കി തന്റെ നിലപാടുകള്‍ വിളിച്ചുപറയാന്‍ തന്റേടമുള്ള ഈ പെണ്‍കുട്ടി ലോകത്തിന്റെ ശ്രദ്ധനേടുന്നത് പരിസ്ഥിതിയെപ്പറ്റിയുള്ള അവളുടെ കാഴ്ചപ്പാടുകള്‍ മൂലമാണ്. തന്റെ പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ അവള്‍ പറയും: ഞാന്‍ പതിനാറുകാരിയായിരിക്കാം. നിങ്ങളുടെ പ്രായമോ പക്വതയോ എനിക്കില്ല. പക്ഷേ, ഭാവി ഞങ്ങളുടേതുകൂടിയായിരിക്കേ, നിങ്ങളുടെ അലംഭാവം കണ്ട് മിണ്ടാതിരിക്കാന്‍ എനിക്കാവില്ല. ഈ ശകാരം കേട്ടു കൊണ്ടിരിക്കുന്നത് ലോക നേതാക്കളാണെന്നറിയണം. യുഎന്‍ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന പഠന വകുപ്പിന്റെ ലോകരാഷ്ട്ര സമ്മേളനത്തില്‍ ഗ്രീറ്റാ നടത്തിയ പ്രഭാഷണം ലോകം ചര്‍ച്ച ചെയ്തു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിയേറസ് ട്വിറ്ററില്‍ എഴുതി; സത്യാനന്തര ലോകത്ത് ഇവള്‍ സത്യം വിളിച്ചുപറയുന്നു.
ജൂണ്‍ അഞ്ച് കടന്നുപോകവേ, ലോകം പരിസ്ഥിതിയെപ്പറ്റി ഗൗരവതരമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടവേ, നമ്മള്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്തിലേക്ക് ചുവടുവയ്ക്കുകയാണ്. മഴമേഘങ്ങള്‍ ആകാശത്ത് മുരണ്ടുതുടങ്ങുന്നു. ആശങ്കകളുണ്ട്, വെള്ളപ്പൊക്കത്തിന്റെ പേടി നമ്മളെ വിട്ടൊഴിഞ്ഞിട്ടില്ല. നവകേരള നിര്‍മ്മാണത്തിന്റെ പണികള്‍ ഏന്തിയും വലിഞ്ഞും നീങ്ങുന്നതേയുള്ളൂ. ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. ദുരന്ത നിവാരണത്തിനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള പ്രയത്‌നങ്ങളെ ഏകോപിപ്പിക്കാനുള്ള ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തെച്ചൊല്ലി നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ തര്‍ക്കങ്ങളുണ്ടായി. കൂടുതല്‍ പണം പുനരുദ്ധാരണത്തിന് സമാഹരിക്കേണ്ട സര്‍ക്കാര്‍ അനാവശ്യമായ ധൂര്‍ത്തുകളിലൂടെ കാര്യപ്രാപ്തിയില്ലായ്മ കാണിക്കുന്നെന്നാണ് പ്രതിപക്ഷ ആരോപണം. ധൂര്‍ത്തിന്റെ കാര്യത്തിലും സാമ്പത്തിക അച്ചടക്കരാഹിത്യത്തിലും ഒരു സര്‍ക്കാരും ഒരുകാലത്തും ഈ നാട്ടില്‍ പിന്നിലായിരുന്നില്ലല്ലോ! സാമ്പത്തിക ക്ലേശം, ഞെരുക്കം എന്നിങ്ങനെ സര്‍ക്കാര്‍ ഖജാനാവിനോട് ചേര്‍ത്ത് നിരവധി പദങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. പറഞ്ഞുവന്നത് എന്തെല്ലാമാണ് നമ്മുടെ പാരിസ്ഥിതിക കരുതല്‍ എന്ന് ആരായാനാണ്. സുഗതകുമാരി ടീച്ചറിന്റെ കവിതയില്‍ പറയുന്നതുപോലെയുള്ള ചില കാര്യങ്ങള്‍ ഈ പരിസ്ഥിതി ദിനത്തില്‍ മറക്കാതിരുന്നാല്‍ നന്ന്. ടീച്ചര്‍ എഴുതുന്നു:
ഒരു വനത്തിന്റെ പിടഞ്ഞുചാകലിന്‍ വിലയെന്ത്
ഒരു മരത്തിന്റെ മരണത്തിനെന്തുവില?
പ്രകൃതിയാക്കണക്കുനോക്കുന്നു.
ഒരു കിളിയുടെ നിലവിളിക്കെന്തു വില?
പ്രകൃതിയാക്കണക്കുനോക്കുന്നു
അതെ, പ്രകൃതിയുടെ പുസ്തകത്തില്‍ എല്ലാക്കണക്കും കൃത്യമായി എഴുതപ്പെടുന്നുണ്ട്. സമയമാകുമ്പോള്‍ അത് തിരികെ ചോദിക്കുകയും ചെയ്യും. ഗ്രീറ്റ തന്റെ രാജ്യത്തിന്റെ ഭരണാധികാരികളോടും ഇതിനെക്കുറിച്ചുതന്നെയാണ് ചോദിച്ചത്. ഞങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍ പ്രകൃതിയുടെ കണക്കുപുസ്തകത്തിലെ താളുകളില്‍ കുറിക്കപ്പെട്ടത് മായ്ച്ചുകളയാന്‍ നിങ്ങള്‍ എന്തുനടപടികളാണ് സ്വീകരിച്ചിട്ടുള്ളത്? ഗ്രീറ്റ എന്ന സ്വീഡിഷുകാരിപ്പെണ്‍കുട്ടി ഇത് ചോദിക്കുമ്പോള്‍, ഓര്‍മ്മിക്കണം, ലോകത്തിലെ ഏറ്റവും സത്യസന്ധരും സന്തോഷവുമുള്ള ജനതയെ നയിക്കുന്ന ഒരു ഗവണ്‍മെന്റ് 2048 ആകുമ്പോഴേയ്ക്ക് സീറോകാര്‍ബണ്‍ എമിഷന്‍ എന്ന ലക്ഷ്യത്തിലേയ്ക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കാര്യം. അത് സ്വീഡിഷ് ഗവണ്‍മെന്റാണ്. അത്തരമൊരു ലക്ഷ്യത്തിലേയ്ക്ക് നീങ്ങുന്ന ഗവണ്‍മെന്റിനോടുപോലും നിങ്ങള്‍ വേണ്ടത്ര കരുതലോടെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നില്ലായെന്ന് ഗ്രീറ്റയെപ്പോലൊരു പെണ്‍കുട്ടി പറയുമ്പോള്‍ ഭൂമി നേരിടുന്ന പാരിസ്ഥിതിക ആഘാതത്തിന്റെ ഗൗരവം എത്ര വലുതായിരിക്കുമെന്ന് ഊഹിക്കണം. പരിസ്ഥിതിക്കു വേണ്ടി വിദ്യാലയം ബഹിഷ്‌ക്കരിക്കുക എന്ന ഗ്രീറ്റയുടെ പരിസ്ഥിതിപ്പോരാട്ടം ആഗോളതലത്തില്‍ വിദ്യാര്‍ഥി സമൂഹം തങ്ങളുടേതായി ഏറ്റെടുത്തിരിക്കുന്നു.
ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ഔദ്യോഗിക ആതിഥേയ രാജ്യം ചൈനയാണ്. വിചിന്തനത്തിനായി നല്‍കിയിരിക്കുന്ന ആപ്തവാക്യം ‘വായുമിലിനീകരണത്തെ ചെറുക്കുക’ എന്നതും. ഏറ്റവും വലിയ ജനസമൂഹം പാര്‍ക്കുന്ന ഒരു രാഷ്ട്രം ലോകത്തോട് പറയുന്നു, ശ്വസിക്കുന്ന ശുദ്ധവായു മലിനമാക്കാന്‍ ഇനിയും നമുക്ക് അവകാശമില്ലെന്ന്. ഈ കുറിപ്പെഴുതുമ്പോള്‍ ട്രംപ് ഭരിക്കുന്ന അമേരിക്കന്‍ ഭരണക്കൂടവുമായി ചൈന വ്യാപാരയുദ്ധത്തിലാണ്. പരസ്പരം ചുമത്തുന്ന തീരുവയുടെ വര്‍ദ്ധനവിലൂടെ ആഭ്യന്തര ഉല്പാദനത്തോത് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇരു രാഷ്ട്രങ്ങളും. വ്യാപാരയുദ്ധമെന്നാല്‍ ഉല്പാദന വര്‍ധനവിനുള്ള വ്യവസായ മുന്നേറ്റ ശ്രമമെന്നുതന്നെയര്‍ത്ഥം.
പരിസ്ഥിതിയുടെമേല്‍ പതിക്കാനിരിക്കുന്ന ആഘാതം ഇനിയും കൂടുമെന്നാണ് മനസ്സിലാക്കേണ്ടത്. ചൈനയോടുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ പല നിലപാടുകളോടും പ്രകോപനപരമായി തന്നെയാണ്. ചൈനയുടെ പ്രതികരണം. പ്രത്യേകിച്ച് തായ്‌വാന്റെ മേല്‍ ചൈനയ്ക്കുള്ള അധികാര പ്രമത്തതയോടെയുള്ള നിലപാടിനോട് അമേരിക്ക നടത്തുന്ന മറുപ്രതികരണങ്ങള്‍ ആശങ്കയോടെ ലോകം കാണുന്നു. വ്യാപാരയുദ്ധം ഭീതിദമായ യുദ്ധം തന്നെയായി പരിണമിക്കുമോയെന്ന് ലോകം ഉറ്റുനോക്കുകയാണ്. വ്യാപാര കാര്യങ്ങളില്‍ ആയുധത്തിനും വലിയ പങ്കുണ്ടല്ലോ. അമേരിക്കയുടെ പ്രത്യേക സാമ്പത്തിക പങ്കാളിയെന്ന പദവി ഇന്ത്യക്ക് നഷ്ടപ്പെട്ടതും വാര്‍ത്തയായി. തൊഴില്‍മാന്ദ്യം നിലനില്‍ക്കുന്ന ഒരു രാജ്യത്തിന് കയറ്റുമതി അവസരത്തില്‍ വരുന്ന ഏതൊരു നിയന്ത്രണവും വലിയ തിരിച്ചടിയാണ്. ആഭ്യന്തര വിപണിയെ ഉയര്‍ത്താനും തൊഴില്‍ നഷ്ടം വരാതിരിക്കാനും രാഷ്ട്രം സ്വീകരിക്കുന്ന നടപടികള്‍ പരിസ്ഥിതിയെ ബാധിക്കാതെ വരുമോ? വ്യവസായ നയത്തിന്റെ മീതെ ഹരിത ചട്ടം നടപ്പാക്കാന്‍ പരിസ്ഥിതി മന്ത്രാലയം ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.
പുതിയ ഭരണകൂടം ഇന്ത്യയില്‍ അധികാരമേറ്റശേഷം പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു, ഭൂമി, വായു, വെള്ളം, ആകാശം, അഗ്നി എന്നിങ്ങനെ പഞ്ചഭൂതങ്ങളെ സംരക്ഷിക്കുന്ന നടപടികള്‍ ഈ മന്ത്രാലയത്തിന്റെ മുന്‍ഗണനാ വിഷയമാണ്. ദാര്‍ശനിക വാക്‌ധോരണിക്കപ്പുറം ഒരു ചെറുമരമെങ്കിലും നട്ടുപിടിപ്പിക്കാന്‍ ഈ ഭരണസംവിധാനം പ്രചോദനമാകുമെങ്കില്‍ അത്രയും നന്ന്. പരിസ്ഥിതി ദിനത്തില്‍ ഒരു പാട് കാര്യങ്ങള്‍ പറയപ്പെടുന്നുണ്ട്. ലോകരാഷ്ട്രങ്ങള്‍ ഉല്‍ക്കണ്ഠകള്‍ പങ്കുവയ്ക്കുന്നുണ്ട്. ഒരു വൃക്ഷത്തൈയെങ്കിലും നടാന്‍ ആകേണ്ടതാണ്. ഒഎന്‍വിയുടെ കവിതാശകലം ഈ ദിനത്തെ ലളിതമായി അടയാളപ്പെടുത്തുന്നുമുണ്ട്.
ഒരു തൈനടുമ്പോള്‍
ഒരു തണല്‍ നടന്നു.
ഒരു തൈനടുമ്പോള്‍
പല തൈ നടന്നു.
പല തണല്‍ നടന്നു
തണല്‍ എന്തുമാകാം; ഭാവിയെ പ്രതിയുള്ള കരുതലും.


Related Articles

കടല്‍ കടന്നെത്തിയ ‘ദിവ്യ’കാരുണ്യം

  ആവശ്യത്തിലും അവശതയിലും കഴിയുന്നവര്‍ക്കു നേരെ സഹായഹസ്തം നീട്ടുന്നതാണല്ലോ യഥാര്‍ത്ഥ ക്രൈസ്തവ അരൂപി. വിദേശത്ത് സേവനം ചെയ്യുന്ന കോട്ടപ്പുറം രൂപതാംഗങ്ങളായ ഫാ. ആന്റണി കല്ലറക്കലും ഫാ. നോബി

ഒഡിഷയില്‍ നിന്നു കേരളം പഠിക്കേണ്ടത്

പ്രചണ്ഡ സംഹാരശക്തിയില്‍ നാലാം കാറ്റഗറിയില്‍ പെട്ട ഫോനി എന്ന അതിതീവ്ര ചുഴലിക്കാറ്റ് ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് കൊടിയ നാശനഷ്ടങ്ങളുടെ ഇരുണ്ട ഇടനാഴി തീര്‍ത്ത് കഴിഞ്ഞ വെള്ളിയാഴ്ച കടന്നുപോയപ്പോള്‍

കാവല്‍ക്കാരന്‍ കള്ളനും കൊലപാതകിയുമാകുമ്പോള്‍

നിയമത്തിന്റെയും നീതിനിര്‍വഹണത്തിന്റെയും കാവല്‍ക്കാരായ നിയമപാലകര്‍ നീചവും നിഷ്ഠുരവുമായ കൊലപാതകത്തിന് ഉത്തരവാദികളാകുമ്പോള്‍ നാട്ടിലെ നിയമവാഴ്ചയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നു. 2019 ജൂണ്‍ 25. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 44-ാം വാര്‍ഷികം.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*