ഒരു പിതാവിന്റെ ഹൃദയത്തോടെ…

ഒരു പിതാവിന്റെ ഹൃദയത്തോടെ…

”ഒരു പിതാവിന്റെ ഹൃദയത്തോടെ ജോസഫ് ഈശോയെ സ്നേഹിച്ചു” എന്ന മനോഹരമായ വാക്യത്തോടെയാണ് പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയുടെ പാത്രിസ് കോര്‍ദെ എന്ന ഏറ്റവും പുതിയ അപ്പസ്തോലിക ലേഖനം ആരംഭിക്കുന്നത്. നാലു സുവിശേഷങ്ങളും യൗസേപ്പിതാവിനെക്കുറിച്ച് ഒരേപോലെ പറഞ്ഞിരിക്കുന്ന വസ്തുതയാണ് ഇവിടെ ഫ്രാന്‍സിസ് പാപ്പ ആമുഖമായി എടുത്തു പറയുന്നത്. 1870 ഡിസംബര്‍ എട്ടാം തീയതി പുണ്യസ്മരണാര്‍ഹനായ ഒന്‍പതാം പീയൂസ് പാപ്പ ക്യുയേം അദ്മോദും ദേയൂസ് എന്ന കല്പന വഴി വിശുദ്ധ യൗസേപ്പിതാവിനെ ആഗോള തിരുസഭയുടെ മധ്യസ്ഥനായി പ്രഖ്യാപിച്ചു.

1870-ാമാണ്ട് പലതരം പ്രശ്നങ്ങളാലും പ്രക്ഷോഭങ്ങളാലും അടയാളപ്പെട്ട ഒരു കാലഘട്ടമായിരുന്നു സഭയ്ക്ക്. ഫ്രാങ്കോ-ജര്‍മന്‍ യുദ്ധത്തില്‍ ഫ്രാന്‍സ് ജര്‍മനിയോട് പരാജയപ്പെടുകയും അത് റോമിന്റെ തന്നെ പതനത്തിനു കാരണമാവുകയും ചെയ്തപ്പോള്‍ പാപ്പായ്ക്കും വത്തിക്കാന്‍ രാഷ്ട്രത്തിനും ഫ്രാന്‍സ് നല്‍കി വന്നിരുന്ന സൈനിക സുരക്ഷ പിന്‍വലിക്കേണ്ടതായി വന്നത് ചരിത്രം. പ്രസ്തുത യുദ്ധം മൂലം ഒന്നാം വത്തിക്കാന്‍ എക്യുമെനിക്കല്‍ കൗണ്‍സില്‍ ഇടയ്ക്കുവച്ച് ഉപേക്ഷിക്കേണ്ടതായിട്ടും വന്നു. സഭ അനുഭവിച്ചു വന്നിരുന്ന പേപ്പല്‍ സ്റ്റേറ്റ് പദവികളും രാഷ്ട്രീയ അധികാരങ്ങളും പൂര്‍ണമായും നഷ്ടപ്പെട്ടതും ഈ കാലയളവില്‍ തന്നെ. ഇങ്ങനെ, ഡിക്രിയില്‍ പറയുന്നതുപോലെ വളരെ ദു:ഖകരമായ സംഭവങ്ങളാല്‍ അടയാളപ്പെട്ട ഈ കാലഘട്ടത്തിലാണ് തിരുസഭയെ ശത്രുക്കളുടെ കരങ്ങളില്‍ നിന്ന് സംരക്ഷിക്കാനായി യൗസേപ്പിതാവിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് ഒന്‍പതാം പീയൂസ് പാപ്പ അദ്ദേഹത്തെ ആഗോള തിരുസഭയുടെ മധ്യസ്ഥനായി പ്രഖ്യാപിക്കുന്നത്.

ആ പ്രഖ്യാപനത്തിന്റെ 150 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്ന വേളയിലാണ് ഫ്രാന്‍സിസ് പാപ്പ 2021നെ വിശുദ്ധ യൗസേപ്പിന്റെ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നത്. യൗസേപ്പിതാവിന് സമര്‍പ്പിതമായിരിക്കുന്ന ഈ വര്‍ഷത്തിന്റെ കാലയളവ് 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ ആയിരിക്കും. വിശുദ്ധ യൗസേപ്പിന്റെ വര്‍ഷം ആചരിക്കുന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ പ്രസ്തുത അപ്പസ്തോലിക ലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പ വിവരിക്കുന്നുണ്ട്. മഹാനായ വിശുദ്ധ ജോസഫിനോടുള്ള നമ്മുടെ സ്നേഹം വര്‍ദ്ധിപ്പിക്കുക, യൗസേപ്പിതാവിന്റെ മധ്യസ്ഥത അഭ്യര്‍ത്ഥിക്കുക, യൗസേപ്പിതാവിന്റെ സദ്ഗുണങ്ങളും തീക്ഷ്ണതയും എല്ലാവരും അനുകരിക്കുക എന്നിവയാണവ.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സിസ് പാപ്പ ഈ അപ്പസ്തോലിക ലേഖനമെഴുതുന്നത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് മനസിലാകുന്നത്, പൊതുസമൂഹത്തിന്റെ ശ്രദ്ധാകേന്ദ്രത്തില്‍ നിന്നകലെയായിരിക്കുന്ന, എന്നാല്‍ പ്രത്യാശയോടെ ക്ഷമാപൂര്‍വം പ്രവര്‍ത്തിക്കുന്ന ”സാധാരണ” ജനങ്ങളുടെ പ്രാധാന്യം വളരെ വ്യക്തമായി തിരിച്ചറിയാന്‍ കാരണമായി ഈ മഹാമാരിക്കാലം. ദൈനംദിന കാര്യങ്ങള്‍ നിശബ്ദതയില്‍, അതേസമയം വിവേകപൂര്‍വം പ്രവര്‍ത്തിക്കുന്ന, രക്ഷാകരചരിത്രത്തില്‍ താരതമ്യപ്പെടുത്താനാവാത്ത സ്ഥാനമുള്ള യൗസേപ്പിതാവിനോട് സാമ്യം പുലര്‍ത്തുന്നുണ്ട് ഈ ”സാധാരണക്കാര്‍”. ഇതുപോലെ ചെറുതും ലളിതവുമായ പ്രവര്‍ത്തനങ്ങളിലൂടെ രക്ഷാകരചരിത്രത്തിലെ സഹായികളാകാന്‍ ഫ്രാന്‍സിസ് പാപ്പ നമ്മളെ ക്ഷണിക്കുകയാണ്.

നസ്രത്തില്‍ നിന്നുള്ള എളിയ മരപ്പണിക്കാരന് മറിയത്തില്‍ നിന്ന് ജനിച്ച ഇശോയുടെ നിയമപ്രകാരമുള്ള പിതാവാകാന്‍ അസാമാന്യ ധൈര്യമുണ്ടായി. നാല് സ്വപ്നങ്ങളിലൂടെ വെളിപ്പെടുത്തി കിട്ടിയ ദൈവികഹിതങ്ങള്‍ ഉണ്ണീശോയുടെയും മറിയത്തിന്റെയും സംരക്ഷണാര്‍ത്ഥം എന്തു ത്യാഗം സഹിച്ചും വിശ്വസ്തതയോടെ നിര്‍വഹിക്കത്തക്കവിധം നീതിമാനായിരുന്നു വിശുദ്ധ യൗസേപ്പിതാവ്. ഈ വത്സല പിതാവിന്റെ ത്യാഗോജ്ജ്വല ജീവിതത്തെ ധ്യാനിച്ചുകൊണ്ട് അദ്ദേഹത്തിന്റെ 7 സ്വഭാവ പ്രത്യേകതകളെയാണ് ഫ്രാന്‍സിസ് പാപ്പായുടെ പാത്രിസ് കോര്‍ദെ നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്നത്.

1. വത്സല പിതാവ്
മറിയത്തിന്റെ ഭര്‍ത്താവും ഈശോയുടെ പിതാവുമായിരിക്കുന്നതില്‍ യൗസേപ്പിന്റെ മഹാത്മ്യം അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ, വിശുദ്ധ ജോണ്‍ ക്രിസോസ്റ്റത്തിന്റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് പാപ്പ പറയുകയാണ്: വിശുദ്ധ യൗസേപ്പ് മുഴുവന്‍ രക്ഷാപദ്ധതിയുടെയും ശുശ്രൂഷകനായി ലോകരക്ഷയ്ക്കായുള്ള ദൈവത്തിന്റെ മനുഷ്യാവതാര പ്രക്രിയയില്‍ സജീവമായി സഹകരിച്ച് തന്റെ ജീവിതത്തെ ത്യാഗപരമായ സേവനമാക്കി മാറ്റിയതിലൂടെയാണ് തന്റെ പിതൃത്വം കാഴ്ച വച്ചത്. നസ്രത്തിലെ ഭവനത്തില്‍ ജീവിച്ചുകൊണ്ട് യേശു മിശിഹാ മാനുഷികമായ പക്വതയിലേക്ക് വളര്‍ന്നുവന്നത് യൗസേപ്പിതാവിന്റെ ത്യാഗോജ്ജ്വലമായ സമര്‍പ്പണം കണ്ടുകൊണ്ടും ആ ഹൃദയത്തിന്റെ വത്സലസ്നേഹം അനുഭവിച്ചുകൊണ്ടുമാണ.് അതിനാലാണ് വിശുദ്ധ ജോസഫിനെ ഒരു വത്സല പിതാവായി എല്ലാകാലത്തമുള്ള ക്രിസ്ത്യാനികള്‍ സ്വീകരിച്ചിരിക്കുന്നതും വണങ്ങുന്നതും.

2. ആര്‍ദ്രതയും
സ്നേഹവുമുള്ള പിതാവ് ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടേയും പ്രീതിയിലും ഈശോ ജോസഫിന്റെ കണ്‍മുന്നില്‍ വളര്‍ന്നുവന്നു. ദൈവപിതാവിന്റെ ആര്‍ദ്രമായ സ്നേഹം തന്റെ വളര്‍ത്തുപിതാവായ ജോസഫില്‍ കണ്ടു. ജോസഫ് എങ്ങനെയായിരിക്കും കനിവിന്റെയും സാന്ത്വന സ്നേഹത്തിന്റെയും നിറകുടമായി തീര്‍ന്നത്? അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന ജീവിതചര്യയില്‍ നിന്നു തന്നെ. സിനഗോഗില്‍ ദൈവപിതാവിന്റെ സ്നേഹത്തെക്കുറിച്ച് സങ്കീര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേട്ട് ധ്യാനിച്ചിരിക്കുന്ന ജോസഫ് ആര്‍ദ്രഹൃദയത്തിന്റെ ഉടയവനായില്ലെങ്കിലേ അത്ഭുതപ്പെടെണ്ടു. നമ്മുടെ ഉള്ളിലെ ദുര്‍ബലതയെ സ്പര്‍ശിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗം ആര്‍ദ്രതയാണ്. ദൈവത്തിന്റെ സ്നേഹം ഒരിക്കലും നമ്മെ നിന്ദിക്കുകയോ തള്ളിക്കളയുകയോ ചെയ്യുന്നില്ല. മറിച്ച് സ്വീകരിക്കുകയും ആലിംഗനം ചെയ്യുകയും പാലിക്കുകയും നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുകയും ചെയ്യുന്ന സ്നേഹമാണ് ദൈവം. എന്ന സത്യം നാം യൗസേപ്പിതാവില്‍ നിന്ന് മനസിലാക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ആഗ്രഹിക്കുന്നു.

3. അനുസരണയുള്ള പിതാവ്
വിവാഹത്തിനു മുന്‍പുള്ള മറിയത്തിന്റെ ഗര്‍ഭധാരണം ജോസഫിനെ വല്ലാതെ വിഷമിപ്പിച്ചു. എന്നാല്‍ മറിയത്തെ പരസ്യമായി അപമാനിക്കാന്‍ ജോസഫ് ആഗ്രഹിച്ചില്ല. പക്ഷെ രഹസ്യത്തില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഈ ഘട്ടത്തില്‍ ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടാവുകയും മറിയം ഗര്‍ഭിണിയായിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണെന്നും ലോകൈക രക്ഷകനെയാണ് ജന്മം നല്‍കാന്‍ പോകുന്നതെന്നും മനസിലാക്കുന്ന ജോസഫ് തുടര്‍ന്ന് ക്രിയാത്മകമായിട്ടാണ് ഓരോ അവസരത്തിലും പ്രവര്‍ത്തിക്കുന്നത്. നാല് സ്വപ്നങ്ങളിലൂടെയാണ് ജോസഫിന് ദൈവഹിതം വെളിപ്പെടുത്തിക്കിട്ടിയത്. മറിയത്തെ ഭാര്യയായി സ്വീകരിക്കുന്നതും അമ്മയേയും കുഞ്ഞിനേയും കൊലയാളികളുടെ കരങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുവേണ്ടി രാത്രിക്കു രാത്രിയിലുള്ള പലായനവും വിദേശത്തെ താമസവും ഈജിപ്തില്‍ നിന്ന് ഇസ്രായേല്‍ രാജ്യത്തേക്കുള്ള അമ്മയും കുഞ്ഞുമായിട്ടുള്ള മടക്കയാത്ര, നസ്രത്തിലെ സ്ഥിരമായ കുടുംബജീവിതം ഈ അവസരങ്ങളിലെല്ലാം ദൈവീക വെളിപാടുകളോടുള്ള യൗസേപ്പിതാവിന്റെ അനുസരണം എല്ലാ ബുദ്ധിമുട്ടുകളും മറികടക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. ദൈവത്തെ മാത്രമല്ല രാഷ്ട്രനിയമങ്ങളും മതനിയമങ്ങളും ഈശോയുടെ മാതാപിതാക്കന്മാര്‍ അനുസരിച്ചിരുന്നു. അനുസരണയുള്ള ഒരു പിതാവിന്റെ മകനെന്ന നിലയില്‍ ഈശോയും അനുസരണയുള്ള ഒരു മകനായിട്ട് വളര്‍ന്നുവന്നു. ദൈവഹിതം നിറവേറ്റലായിരുന്നു ഈശോയുടെ അനുദിന ഭക്ഷണം. ദൈവപിതാവിന്റെ ഹിതം അനുസരിക്കാന്‍ ഈശോപഠിച്ചത് നസ്രത്തിലെ ജോസഫിന്റെ സ്‌കൂളില്‍ നിന്നാണെന്ന് പാപ്പ വ്യക്തമാക്കുന്നു. മംഗള വാര്‍ത്തയില്‍ മറിയവും ഗത്സേമന്‍ തോട്ടത്തില്‍ ഈശോയും നല്‍കിയതുപോലെ ജീവിത്തിന്റെ സര്‍വസന്ദര്‍ഭങ്ങളിലും ജോസഫ് പ്രഖ്യാപിച്ച ‘ഫിയാത്’ അദ്ദേഹത്തെ സ്നേഹിക്കുന്ന നമ്മളും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതായിട്ടുണ്ട്.

4. എല്ലാം സ്വീകരിക്കുന്ന പിതാവ്
മാലാഖയുടെ വാക്കുകള്‍ ജോസഫ് വിശ്വസിക്കുകയും മറിയത്തെ നിരുപാധികമായി സ്വീകരിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കെതിരെ സകല അക്രമങ്ങളും അഴിച്ചുവിടുന്ന ഈ കാലഘട്ടത്തില്‍ മാന്യനും സംവേദനക്ഷമനുമായ ഒരു മനുഷ്യനായി ജോസഫ് പ്രത്യക്ഷപ്പെടുന്നു. അങ്ങനെ മറിയത്തിന്റെ സദ്പേരും അന്തസും ജോസഫ് കാത്തുസൂക്ഷിക്കുന്നു. ജോസഫ് നമുക്കായി കണ്ടെത്തുന്ന ആത്മീയ പാത വിശദീകരണത്തിന്റേതല്ല, മറിച്ച് സ്വീകരണത്തിന്റേതാണ്. സമാധാനത്തെയും സന്തോഷത്തെയുംകാള്‍ കൂടുതലായി ദു:ഖവും വൈരുദ്ധ്യങ്ങളും നിരാശകളും നിറഞ്ഞിരിക്കുന്ന നമ്മുടെ ജീവിതത്തെ സ്വീകരിക്കുന്നതിന് ആവശ്യമായ ശക്തി നല്‍കാന്‍ കര്‍ത്താവിന് മാത്രമേ കഴിയൂ. അതാണ് യൗസേപ്പിതാവിന്റെ ജീവിതത്തില്‍ നിന്ന് നമ്മള്‍ പഠിക്കുന്നത്. ജീവിതത്തിന്റെ സന്നിഗ്ദാവസ്ഥകളില്‍ എന്താണ് ചെയ്യേണ്ടതെന്നറിയാതെ പകച്ചുനില്‍ക്കുന്ന നമ്മോട് ജോസഫിനോടെന്നതുപോലെ ദൈവം പറയും ”ഭയപ്പെടേണ്ട”. എല്ലാം നമ്മള്‍ ആഗ്രഹിക്കുന്നതുപോലെ തന്നെ ശരിയായിക്കൊള്ളണമെന്നര്‍ത്ഥമല്ല ഇതിനുള്ളത്. മറിച്ച് പ്രതിബന്ധങ്ങളില്‍ തട്ടിവീണു തകര്‍ന്നു പോകാതെ അവയെ അതിജീവനത്തിന്റെ മാര്‍ഗങ്ങളും ജീവിതനന്മകളുമാക്കി തീര്‍ക്കാന്‍ ദൈവം നമ്മെ സഹായിക്കും എന്നാണ്. പ്രത്യാശയുടെയും ധൈര്യത്തിന്റെയും മാതൃകയായ വിശുദ്ധ ജോസഫിനെപ്പോലെ വിശ്വാസത്തോടെയും പ്രത്യാശയോടെയും ജീവിതത്തെ സ്വീകരിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്.

5. ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ ധൈര്യപ്പെടുന്ന പിതാവ്
വിശുദ്ധ ജോസഫിന്റെ ക്രിയാത്മകമായ ധൈര്യം പാത്രിസ് കോര്‍ദെ ഉയര്‍ത്തിക്കാട്ടുന്നു. ദൈവിക കരുതലില്‍ ആശ്രയിക്കുന്നതിലൂടെ ഒരു പ്രശ്നത്തെ സാധ്യതയാക്കി മാറ്റാന്‍ നസ്രത്തിലെ തച്ചനു സാധിച്ചു. പൂര്‍ണഗര്‍ഭിണിയായ മറിയത്തിനു പ്രസവിക്കാന്‍ സ്ഥലം കിട്ടാത്ത അവസരത്തിലും അമ്മയേയും കുഞ്ഞിനേയും കൊണ്ട് ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടിവന്നപ്പോഴും, വിദേശ രാജ്യത്ത് വസിക്കാന്‍ ആവശ്യമായ ഭവനവും ജോലിയും കണ്ടത്തേണ്ട സമയത്തും ക്രിയാത്മകമായ ധൈര്യത്തോടുകൂടി തന്നെയാണ് ജോസഫ് പ്രവര്‍ത്തിച്ചത്. ലോകത്തിലെ മറ്റ് കുടുംബങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, പ്രത്യേകിച്ച് കുടിയേറ്റക്കാരുടെ പ്രശ്നങ്ങള്‍ തന്നെയാണ് ജോസഫിന് കൈകാര്യം ചെയ്യേണ്ടി വന്നത്. ഈ അര്‍ത്ഥത്തില്‍, യുദ്ധം, വിദ്വേഷം, പീഡനം, ദാരിദ്ര്യം എന്നിവ കാരണം ജന്മദേശം വിട്ടുപോകാന്‍ നിര്‍ബന്ധിതരായ എല്ലാവരുടെയും പ്രത്യേക സംരക്ഷകനാണ് വിശുദ്ധ ജോസഫ്. ഈശോയുടെയും മറിയത്തിന്റെയും പാലകന്‍ എന്ന നിലയില്‍ വിശ്വാസികളുടെ അമ്മയും യേശുവിന്റെ മൗതീക ശരീരവുമായ തിരുസഭയുടെ സംരക്ഷകനുമാണ് യൗസേപ്പിതാവ്. തന്മൂലം എല്ലാ നിര്‍ദ്ധനരും, കഷ്ടപ്പെടുന്നവരും, തടവുകാരും അപരിചിതരും, ബലഹീനരും മരണാസന്നരും വിശുദ്ധ ജോസഫിന്റെ സംരക്ഷണയിലുള്ളവരാണ്. യൗസേപ്പിതാവില്‍ നിന്ന് സഭയെയും ദരിദ്രരെയും സ്നേഹിക്കാന്‍ നാം പഠിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ എഴുതുന്നു.

6. അധ്വാനശീലമുള്ള കര്‍മവ്യാപൃതനായ പിതാവ്
തന്റെ കുടുംബത്തിനുവേണ്ടി സത്യസന്ധമായ രീതിയില്‍ അധ്വാനിച്ച് ജീവിതം നയിച്ച ഒരു തച്ചനായിരുന്നു ജോസഫ്. സ്വന്തം അധ്വാനത്തിന്റെ ഫലത്തില്‍ നിന്ന് ഭക്ഷിക്കണം എന്നതിന്റെ അര്‍ത്ഥവും അന്തസും സന്തോഷവും യേശു പഠിച്ചത് തന്റെ വളര്‍ത്തു പിതാവില്‍ നിന്നാണ്. ജോലി ചെയ്യുന്നവര്‍ രക്ഷാകരപ്രവൃത്തിയില്‍ ദൈവവുമായി സഹകരിക്കുന്നു. ഈ വിധത്തില്‍ തങ്ങള്‍ക്കു ചുറ്റുമുള്ള ലോകത്തിന്റെ സ്രഷ്ടാക്കളാകുന്നു. എന്നാല്‍ ജോലിയില്ലാത്ത ഒരു കുടുംബം പലവിധ ബുദ്ധിമുട്ടുകള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും ചിലപ്പോള്‍ വേര്‍പിരിയലിനു പോലും ഇരയാകുന്നുവെന്ന കാര്യം പാപ്പ ചൂണ്ടിക്കാണിക്കുന്നു. വികസിത രാജ്യങ്ങളില്‍പ്പോലും തൊഴിലില്ലായ്മ നീറുന്ന ഒരു സാമൂഹിക പ്രശ്നമായിത്തീര്‍ന്നിരിക്കുന്ന നമ്മുടെ കാലഘട്ടത്തില്‍ മാന്യമായ ജോലിയുടെ പ്രാധാന്യത്തെ വിലമതിച്ചു കാണേണ്ട ആവശ്യകതയെക്കുറിച്ച് ലോകസമൂഹത്തോട് തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ ജോസഫിന്റെ നാമത്തില്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്യുന്നു.

7. സ്വര്‍ഗീയ പിതാവിന്റെ നിഴല്‍
ഈശോയുമായുള്ള പിതൃ-പുത്രബന്ധത്തില്‍ ജോസഫ് സ്വര്‍ഗത്തിലെ പിതാവിന്റെ ഭൂമിയിലെ നിഴലായിരുന്നുവെന്ന് പോളിഷ് എഴുത്തുകാരനായ യാന്‍ ഡോബ്രാസിസ്‌കിയുടെ ”പിതാവിന്റെ നിഴല്‍” (ഠവല വെമറീം ീള വേല ളമവേലൃ) എന്ന പുസ്തകത്തെ അടിസ്ഥാനപ്പെടുത്തി അവതരിപ്പിക്കുന്നുണ്ട് ഫ്രാന്‍സിസ് പാപ്പ. ഒരു മനുഷ്യന്‍ പിതാവാകുന്നത് കേവലം ഒരു കുട്ടിക്ക് ജന്മം നല്‍കുന്നതിലൂടെയല്ല, മറിച്ച് ആ കുട്ടിയെ പരിപാലിക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിലൂടെയാണ്. നിര്‍ഭാഗ്യവശാല്‍, ഇന്നത്തെ സമൂഹത്തില്‍ കുട്ടികള്‍ പലപ്പോഴും അനാഥരായി കാണപ്പെടുന്നു. ജീവിതത്തിലേക്കും യാഥാര്‍ത്ഥ്യത്തിലേക്കും അവരെ കൈപിടിച്ചു നടത്തുവാന്‍ പിതാക്കന്മാരില്ല. കുട്ടികള്‍ക്കും അവരുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കാത്ത പിതാക്കന്മാരെ ആവശ്യമുണ്ട്. അവരെ സ്വയം തീരുമാനിക്കാനും സ്വാതന്ത്ര്യം ആസ്വദിക്കുവാനും പുതിയ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാനും കഴിവുള്ളവരായി വളര്‍ത്തിയെടുക്കാന്‍ കഴിവുള്ള പിതാക്കന്മാര്‍. ഈയൊരര്‍ത്ഥത്തിലാണ് ആരുടെ മുകളിലും ആധിപത്യം പ്രകടിപ്പിക്കാതിരുന്ന ജോസഫിനെ ‘ഏറ്റവും നിര്‍മലനായ’ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത്. അസാധാരണമായ സ്വാതന്ത്ര്യത്തോടെ എങ്ങനെ സ്നേഹിക്കണമെന്ന് ജോസഫിന് അറിയമായിരുന്നു. അദ്ദേഹം ഒരിക്കലും സ്വയം കേന്ദ്രീകൃതനായിരുന്നില്ല. തന്നെക്കുറിച്ച് ചിന്തിച്ചില്ല. പകരം മറിയത്തിന്റെയും യേശുവിന്റെയും ജീവിതത്തില്‍ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചു.

ജോസഫിനെ സംബന്ധിച്ചിടത്തോളം സന്തോഷം എന്നു പറയുന്നത് കേവലം ആത്മത്യാഗം മാത്രമല്ല. അത് സ്വയം ദാനവും കൂടെയായിരുന്നു. അതിനാല്‍ നിരാശയുടെ ഒരു മുഖമല്ല ജോസഫ് അണിഞ്ഞിരുന്നത്. മറിച്ച് വിശ്വാസം പ്രതിഫലിപ്പിക്കുന്ന മുഖത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ജോസഫിന്റെ നിശബ്ദത വിശ്വാസത്തിന്റെ ഉറച്ച പ്രകടനങ്ങളുടെ മുന്നോടിയായിരുന്നു. നമ്മുടെ ലോകത്തിന് ഇന്ന് പിതാക്കന്മാര്‍ ആവശ്യമാണ്. എന്നാല്‍ സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള മാര്‍ഗമായി മറ്റുള്ളവരുടെമേല്‍ ആധിപത്യം പുലര്‍ത്തുന്നവര്‍, അധികാരത്തെ സ്വേച്ഛാധിപത്യവുമായി ആശയക്കുഴപ്പത്തിലാക്കുന്നവര്‍, അടിമത്തത്തോടുകൂടി സേവനം നടത്തുന്നര്‍, ചര്‍ച്ചയുടെ പേരില്‍ അടിച്ചമര്‍ത്തുന്നവര്‍, ദാനധര്‍മത്തെ സ്വന്തം ക്ഷേമത്തിനായി ഉപയോഗിക്കുന്നവര്‍, വിനാശത്തിനായി അധികാരം ഉപയോഗിക്കുന്നവര്‍ എന്നിവരെ ഈ ലോകത്തിന് ആവശ്യമില്ലെന്ന് ഫ്രാന്‍സിസ് പാപ്പ അടിവരയിട്ട് വ്യക്തമാക്കുന്നു.

ഈ ഭൂമിയിലെ പിതൃത്വം സ്വര്‍ഗത്തിലെ പിതൃത്വത്തെ ചൂണ്ടിക്കാണിക്കന്ന അടയാളമായിരിക്കട്ടെയെന്ന് പാത്രിസ് കോര്‍ദെ ഓര്‍മപ്പെടുത്തുന്നു. ഒരു തരത്തില്‍ നാമെല്ലാവരും യൗസേപ്പിതാവിനെപ്പോലെ സ്വര്‍ഗീയ പിതാവിന്റെ നിഴലാണെന്നാണ് പാപ്പ പറഞ്ഞുവയ്ക്കുന്നത്. ശിഷ്ടരുടെയും ദുഷ്ടരുടെയും മേല്‍ സൂര്യന്‍ ഉദിപ്പിക്കുകയും നീതിമാന്മാരെയും നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്ന സ്വര്‍ഗീയ പിതാവിന്റെ നിഴല്‍-അതോടൊപ്പം അവന്റെ പത്രനെ അനുഗമിക്കുന്ന നിഴലും

ഉപസംഹാരം
വിശുദ്ധരോടുള്ള സ്നേഹവും വണക്കവും ധാരാളം കൃപയും അനുഗ്രഹങ്ങളും നമുക്ക് വാങ്ങിത്തരുന്നതോടൊപ്പം കൂടുതല്‍ വിശുദ്ധിയില്‍ വളരുവാനും ഓരോരുത്തരുടേയും ജീവിതാന്തസ് അതിന്റെ പൂര്‍ണതയില്‍ ജീവിക്കുവാനും നമ്മെ സഹായിക്കുന്നു. സുവിശേഷം പ്രയോഗത്തില്‍ വരുത്താന്‍ കഴിയുമെന്നതിന്റെ വ്യക്തമായ തെളിവാണ് വിശുദ്ധരുടെ ജീവിതം. അവരുടെ ജീവിതം അനുകരിക്കേണ്ട ഉദാഹരണങ്ങളാണ്. നമ്മുടെ മനപരിവര്‍ത്തനത്തിന് ആവശ്യമായ കൃപയ്ക്കായി വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥനയോടെയാണ് ഫ്രാന്‍സിസ് പാപ്പ തന്റെ അപ്പസ്തോലിക ലേഖനം ഉപസംഹരിക്കുന്നത്.

യൗസേപ്പിതാവിന്റെ വര്‍ഷാചരണം നമ്മളെല്ലാവരെയും സ്വര്‍ഗീയ പിതാവിന്റെ നിഴലായി ഈ ഭൂമിയില്‍ ജീവിക്കാന്‍ അനുഗ്രഹിക്കട്ടെ.

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 Related Articles

വീഡിയോ പ്രഭാഷണങ്ങള്‍ പ്രകാശനം ചെയ്തു

എറണാകുളം: ലോകഹൃദയ ദിനത്തിന്റെ ഭാഗമായി ‘ഹൃദയപൂര്‍വ്വം’ എന്ന പേരില്‍ പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് ഡോ. ജോര്‍ജ് തയ്യില്‍ തയ്യാറാക്കിയ വീഡിയോ പ്രഭാഷണങ്ങള്‍ റിലീസ് ചെയ്തു. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ്

മനുഷ്യന്റെ കടന്നുകയറ്റങ്ങള്‍ തീരപരിസ്ഥിതിയെ തകിടം മറിച്ചു: തീരശോഷണത്തെക്കുറിച്ച് ശില്പശാല

എറണാകുളം: ദയാരഹിതമായി മനുഷ്യന്‍ പ്രകൃതിക്കുമേല്‍ നടത്തിയ കടന്നുകയറ്റത്തിന്റെ പ്രതിഫലനങ്ങള്‍ കേരളത്തിന്റെ തീരപരിസ്ഥിതിയെ തകിടംമറിച്ചതായി തീരശോഷണം: പ്രതിരോധവും ബദല്‍ സാധ്യതകളും എന്ന വിഷയത്തില്‍ കുസാറ്റ് മറൈന്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍

ചെല്ലാനത്തെ ദുരിധബാധിതര്‍ക്ക് ധനസഹായം നല്‍കി

കൊച്ചി: കൊച്ചി രൂപതയുടെയും കെആര്‍എല്‍സിസിയുടെയും നേതൃത്വത്തില്‍ ചെല്ലാനത്തെ ദുരിതബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ധനസഹായ വിതരണം നടത്തി. ധനസഹായ വിതരണം കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍ ഉദ്ഘാടനം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*