Breaking News

ഒരു മഴയും തോരാതിരുന്നിട്ടില്ല

ഒരു മഴയും തോരാതിരുന്നിട്ടില്ല

ദുരന്തമുഖത്ത് വീണ്ടും വിറങ്ങലിച്ചുനില്‍ക്കുകയാണ് കേരളം. മഹാപ്രളയത്തിന്റെ വാര്‍ഷികത്തില്‍ തീവ്രമഴയുടെ ദുരിതപ്പെയ്ത്തില്‍ വടക്കന്‍ കേരളത്തിലെ ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും കുട്ടനാട്ടിലെ മടവീഴ്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും കെടുതികളുടെ കണക്കെടുപ്പ് ഇപ്പോഴും അസാധ്യമാണ്. 2018ലെ പ്രളയകാലത്ത് ഇവിടെ നഷ്ടമായത് 493 ജീവനാണ്; കാണാതായത് നൂറിലധികം പേരെയും. ഇക്കുറി മലപിളര്‍ന്ന് മണ്ണും പാറക്കെട്ടുകളും മരങ്ങളും വെള്ളവും കുത്തിയൊലിച്ച് പൊടുന്നനേ പാടിയും വീടുകളും അമ്പലവും പള്ളിയും അങ്ങാടിയുമടക്കം ഒരു ഗ്രാമം അപ്പാടേ അപ്രത്യക്ഷമാകുന്ന ഭയാനക ദൃശ്യത്തില്‍ നിന്നു തുടങ്ങി തുടര്‍ച്ചയായി ഒന്‍പതു ജില്ലകളില്‍ അലയടിച്ചുയര്‍ന്ന ആശങ്കയുടെ റെഡ് അലര്‍ട്ടില്‍ നാലുനാള്‍ക്കകം മരണസംഖ്യയും സ്ഥിരീകരിക്കാത്ത ആള്‍നാശവും 140 കവിഞ്ഞു. 1654 ദുരിതാശ്വാസക്യാമ്പുകളിലായി 2.87 ലക്ഷം ആളുകള്‍ അഭയാര്‍ഥികളായി കഴിയുന്നു.
ജീവന്‍ രക്ഷിക്കുക, ദുരിതാശ്വാസമെത്തിക്കുക എന്ന പരമപ്രധാനമായ ദൗത്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. മലപ്പുറം ഭൂദാനം കവളപ്പാറയിലെ മുത്തപ്പന്‍ കുന്നിലുണ്ടായ ഉരുള്‍പൊട്ടലില്‍ 43 വീടുകളിലെ 63 പേര്‍ മണ്ണിനടിയില്‍ അകപ്പെട്ടുവെന്നാണ് പഞ്ചായത്തിന്റെ കണക്ക്. വയനാട് മേപ്പാടി ചൂരല്‍മലയ്ക്കടുത്ത് പുത്തുമലയില്‍ നൂറ് ഏക്കറിലേറെ സ്ഥലവും അവിടെയുണ്ടായിരുന്ന കെട്ടിടങ്ങളും കുത്തിയൊലിച്ചുപോയി. കനത്ത മഴയിലും മണ്ണിടിച്ചില്‍ ഭീഷണിയിലും വെള്ളപ്പാച്ചിലിലും രക്ഷാദൗത്യവും തിരച്ചിലും ദുഷ്‌കരമായിരിക്കെ മണ്ണില്‍ പുതഞ്ഞുപോയവരില്‍ 57 പേരെയെങ്കിലും ഇനിയും കണ്ടെത്തേണ്ടതുണ്ട്. പാലക്കാട്ടെ അട്ടപ്പാടി, ഇടുക്കി ഹൈറേഞ്ച് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ നാലു ദിവസത്തിനിടെ 83 ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ചാലിയാറും ഭാരതപ്പുഴയും പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകിയതോടെ പുഴയോരങ്ങളിലുള്ളവരെ മാറ്റിപാര്‍പ്പിക്കേണ്ടിവന്നു.
കഴിഞ്ഞ പ്രളയകാലത്ത് രക്ഷാദൗത്യത്തില്‍ ഏറ്റവും ശ്രദ്ധേയരായ കടല്‍ത്തൊഴിലാളികള്‍ ഇത്തവണയും മറ്റു സന്നദ്ധസേവകര്‍ക്കും ദുരന്തനിവാരണ സേനയ്ക്കുമൊപ്പം രക്ഷാപ്രവര്‍ത്തനത്തിനു മുന്നിട്ടിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ദുരന്തനിവാരണത്തിലെ വീഴ്ചകളും പാകപ്പിഴകളും ഒഴിവാക്കി, തക്കസമയത്ത് കാലാവസ്ഥ മുന്നറിയിപ്പു നല്‍കാനും ആപല്‍സൂചനകളുടെ തോതനുസരിച്ച് ജനങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റാനും അടിയന്തര രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ നടപടികളും ഏകീകരിക്കാനും നിതാന്ത ജാഗ്രതയ്‌ക്കൊപ്പം കരുതലിന്റെയും സമാശ്വാസത്തിന്റെയും ആത്മധൈര്യം പകരുന്ന സന്ദേശം പങ്കുവയ്ക്കാനും സംസ്ഥാന ഭരണകൂടം ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമുള്ള സംഭാവനകളെ സാരമായി ബാധിക്കുന്ന തരത്തിലുള്ള ദുഷ്പ്രചരണങ്ങളിലെ രാഷ്ട്രീയവും വര്‍ഗീയതയും മലയാളികളുടെ സംസ്‌കാരത്തിനും മനുഷ്യത്വത്തിനുതന്നെയും ചേര്‍ന്നതല്ല. നാം ഒറ്റക്കെട്ടായി നേരിടേണ്ട പ്രതിസന്ധിഘട്ടമാണിത്. ഒരു തരത്തിലുമുള്ള ചേരിതിരിവ് ജീവന്‍ രക്ഷിക്കുന്നതിലോ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും കുടിനീരും മരുന്നും വസ്ത്രങ്ങളും സോപ്പും പായയും പുതുപ്പും ബിസ്‌കറ്റും പാല്‍പ്പൊടിയും എത്തിക്കുന്നതിലോ ഉണ്ടാകരുത്. ദുരിതാശ്വാസമെത്തിക്കുന്നവരെ കുറിയടയാളങ്ങള്‍ നോക്കി ആട്ടിയോടിക്കുന്നതും ശരിയല്ല. ഇത്രമേല്‍ ദുരിതപൂര്‍ണമായ ജീവിതസാഹചര്യത്തില്‍ എല്ലാവരെയും ചേര്‍ത്തുപിടിക്കാന്‍ നമുക്കാകണം.
അട്ടപ്പാടിയിലെ പട്ടിമാളം കോണാര്‍ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ കുടുംബത്തിലെ 11 മാസം പ്രായമായ കുഞ്ഞിനെയും എട്ടുമാസം ഗര്‍ഭിണിയായ യുവതിയെയും ഇരമ്പിയാര്‍ക്കുന്ന ഭവാനിപ്പുഴയ്ക്കുകുറുകെ വടംകെട്ടി ഇക്കരെയെത്തിക്കുന്ന സാഹസിക ദൗത്യവും, തന്റെ ഉപജീവനമാര്‍ഗമായ എറണാകുളം ബ്രോഡ്‌വേയിലെ വഴിയോരകച്ചവടത്തിനായി കരുതിവച്ച തുണിക്കെട്ടുകള്‍ മുഴുവന്‍ ദുരിതബാധിതര്‍ക്കായി സമ്മാനിച്ച നൗഷാദിന്റെ നന്മനിറഞ്ഞ മനസും അതിരില്ലാത്ത അനുകമ്പയുടെയും കാരുണ്യത്തിന്റെയും കരുതലിന്റെയും പരസ്‌നേഹത്തിന്റെയും പരമശ്രേഷ്ഠമായ അനുധാവന ഗാഥയാണ്. അതേസമയം, ആധുനിക സമൂഹവും ഭരണസംവിധാനവും എന്ന നിലയില്‍ പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള തയാറെടുപ്പിലും അതിജീവനത്തിന്റെ അടിസ്ഥാന തത്വങ്ങളിലും വളരെ പരിതാപകരമായ അവസ്ഥയിലാണ് കേരളം എന്ന് ഈ ദുരന്തകാലം വീണ്ടും ഓര്‍മിപ്പിക്കുന്നു.
സംസ്ഥാന ദുരന്തനിവാരണ മാനേജ്‌മെന്റ് അതോറിറ്റി എന്നൊരു സംവിധാനം പേരിനുണ്ടെങ്കിലും ദുരന്തനിവാരണത്തിന്റെ പ്രാഥമിക സന്നാഹങ്ങള്‍ പോലും നമുക്കില്ല എന്നതാണ് വസ്തുത. കേന്ദ്ര ദുരന്തനിവാരണ സേനയെയും സൈന്യത്തെയും മെഡിക്കല്‍ റെസ്‌ക്യു കോറിനെയും എമര്‍ജന്‍സി ടാസ്‌ക്‌ഫോഴ്‌സിനെയും കോസ്റ്റ്ഗാര്‍ഡിനെയും നേവിയെയും വ്യോമസേനയെയും വിളിച്ചുവരുത്തുന്നതുകൊണ്ടുമാത്രം രക്ഷാദൗത്യം കാര്യക്ഷമമാകും എന്നതു മിഥ്യാധാരണയാണ്. പ്രകൃതിദുരന്തത്തില്‍ അകപ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഓരോ നിമിഷവും വിലപ്പെട്ടതാണ്. കടലില്‍ കാണാതായവരെയും മണ്ണിനടിയില്‍ പുതഞ്ഞുപോയവരെയും കണ്ടെത്താന്‍ അനുകൂല കാലാവസ്ഥയ്‌ക്കോ പകല്‍വെളിച്ചത്തിനോ വേണ്ടി കാത്തിരിക്കേണ്ടിവരുന്നത് ദയനീയമാണ്. മലയോരത്തും പുഴയിലും തീരത്തും കടലിലും ജീവരക്ഷയ്ക്കുള്ള വ്യത്യസ്ത മാര്‍ഗങ്ങളും ഉപാധികളും സ്വായത്തമാക്കിയ സര്‍വസജ്ജമായ സംസ്ഥാന ദുരന്തനിവാരണ സേനയ്ക്കു രൂപം നല്‍കാന്‍ ഇനിയും വൈകരുത്. യുദ്ധകാല സാഹചര്യത്തില്‍ പകല്‍ മാത്രമല്ല, രാത്രിയും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഹെലികോപ്റ്ററും ഡ്രോണും ബോട്ടും എക്‌സ്‌കവേറ്ററും തെര്‍മല്‍ ഇന്‍ഫ്രാറെഡ് സെന്‍സറും റഡാറും പ്രോബ് മൈക്രോഫോണും സാറ്റലൈറ്റ് ഫോണും സ്‌നിഫര്‍, ട്രാക്കര്‍ ഡോഗ്‌സ്‌ക്വാഡും മാത്രമല്ല, സാധാരണ സാമൂഹിക സന്നദ്ധപ്രവര്‍ത്തനത്തിന് ആവശ്യമായ ലാഡര്‍, റോപ്പ്, ഷവല്‍, പികാക്‌സ്, ക്രോബാര്‍, ബക്കിള്‍സ്, പവര്‍ ആക്‌സ്, പുള്ളി, ഹോസ്‌പൈപ്പ്, മുള, തടി പ്ലാങ്ക്, ടോര്‍ച്ച്, ഹെവിഗ്ലൗസ്, കട്ടിത്തുണി, ബ്ലാങ്കറ്റ്, ലൈഫ്ജാക്കറ്റ്, ലൈഫ്‌ബോയ് തുടങ്ങിയവയും വേണ്ടത്ര കരുതിവയ്‌ക്കേണ്ടതുണ്ട്. ജനവാസകേന്ദ്രങ്ങള്‍, വഴികള്‍, പാലങ്ങള്‍, ജലസ്രോതസ്, വൈദ്യുതിലൈന്‍ തുടങ്ങി ഓരോ പ്രദേശത്തിന്റെയും അടിസ്ഥാന രൂപരേഖയും സ്ഥലവര്‍ണനയും ലഭ്യമായാല്‍ രക്ഷാപ്രവര്‍ത്തനം കൃത്യമായി നടത്താനാകും. സൈന്യമിറങ്ങിയിട്ടും മണ്ണിടിച്ചിലുണ്ടായിടത്തേക്ക് അടുക്കാന്‍ പോലും കഴിയാതെ, പ്രത്യേക സജ്ജീകരണമൊന്നുമില്ലാതെ മണ്ണുമാന്തിയന്ത്രത്തിനും പകല്‍വെളിച്ചത്തിനുമായി കാത്തിരിക്കേണ്ടിവരുന്നത് എത്ര ഖേദകരമാണ്.
പ്രകൃതിദുരന്തത്തെ ചെറുക്കാന്‍ കെല്പുള്ള, സുസ്ഥിര സംവിധാനമുള്ള (റൂം ഫോര്‍ റിവര്‍ എന്ന് മുഖ്യമന്ത്രിയുടെ ഡച്ച് ഭാഷ്യം) നവകേരളം സൃഷ്ടിക്കാനായിരുന്നു 2018ലെ പ്രളയാനന്തര റീബില്‍ഡ് കേരള ഇനീഷ്യറ്റീവ്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ വനനശീകരണവും മനുഷ്യരുടെ അനിയന്ത്രിതമായ കൈയേറ്റങ്ങളും മലയാളക്കരയുടെ നിലനില്പിനുതന്നെ ഭീഷണിയാണെന്ന മാധവ ഗാഡ്ഗില്‍ കമ്മിറ്റിയുടെ 2011 ഓഗസ്റ്റിലെ റിപ്പോര്‍ട്ടാണ് അതിജീവനത്തിന്റെ ആദ്യ ഗൃഹപാഠം എന്ന് ഇനിയെങ്കിലും നമ്മുടെ സമൂഹവും ഭരണനേതൃത്വവും തിരിച്ചറിയണം. ഇത്തവണയുണ്ടായ 11 വലിയ ഉരുള്‍പൊട്ടലുകളില്‍ പത്തെണ്ണവും ഗാഡ്ഗില്‍ കമ്മിറ്റി അടയാളപ്പെടുത്തിയ പരിസ്ഥിതിലോല പ്രദേശത്താണ് സംഭവിച്ചത്. അവയുടെ ചുറ്റുവട്ടത്തായി 91 കരിങ്കല്‍ഖനന ക്വാറികളുമുണ്ട്. മുത്തപ്പന്‍കുന്നിനെ പിളര്‍ത്തിയ ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ കവളപ്പാറയില്‍ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ 27 ക്വാറികളാണുള്ളത്. വയനാട്ടിലെ മേപ്പാടിയില്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയുടെ എതിര്‍ഭാഗത്ത് ഒരു ക്വാറിയുണ്ട്. വയനാട്ടില്‍ മാത്രം ക്വാറികള്‍ 1086 ചതുരശ്ര കിലോമീറ്റര്‍ വനനശീകരണത്തിന് ഇടവരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 5924 ക്വാറികളില്‍ 3332 എണ്ണവും പരിസ്ഥിതിലോല പ്രദേശത്താണ്. മലയും വനവും നദിയും ഇവയു
ടെ പ്രകമ്പന പ്രത്യാഘാതങ്ങളില്‍ തകര്‍ന്നടിയുമ്പോള്‍ പാടേ ഉലയുന്നത് നമ്മുടെ ജീവനും സംസ്‌കൃതിയും നിലനിര്‍ത്തുന്ന പ്രകൃതിതന്നെയാണ്.
തോരാമഴയും കടല്‍ക്ഷോഭവും ഇരുണ്ട ദിനങ്ങളും ആപല്‍സൂചനകളുടെ കരിനിഴലും നമ്മെ തളര്‍ത്താന്‍ ഇടവരുത്തരുത്. ഈ ദുരന്തപര്‍വവും നാം അതിജീവിക്കുകതന്നെചെയ്യും. പ്രത്യാശയുടെ ആ ശീലുകള്‍ നമുക്ക് കരുത്തുപകരട്ടെ: ഒരു മഴയും തോരാതിരുന്നിട്ടില്ല; ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല. ഒരു രാവും പുലരാതിരുന്നിട്ടില്ല; ഒരു നോവും കുറയാതിരുന്നിട്ടില്ല.


Related Articles

കയ്യടിനേടി കലാസന്ധ്യ

കൊല്ലം: കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിയുടെ ആദ്യദിവസം ക്രിസ്തുജ്യോതിസ് ആനിമേഷന്‍ സെന്ററില്‍ അരങ്ങേറിയ കലാസന്ധ്യ ഏവരുടെയും മനംകുളിര്‍പ്പിച്ചു. കെസിവൈഎമ്മിന്റെയും മാധ്യമ കമ്മീഷന്റെയും തോപ്പ് സെന്റ് സ്റ്റീഫന്‍സ് ഇടവകയുടെയും വിമലഹൃദയ

ലത്തീന്‍ സമുദായദിനാഘോഷം ഡിസംബര്‍ 9ന് തിരുവനന്തപുരത്ത്

ആലുവ:  2018ലെ ലത്തീന്‍ സമുദായദിനാഘോഷങ്ങള്‍ക്ക് തിരുവനന്തപുരം അതിരൂപത ആതിഥേയത്വം വഹിക്കുമെന്ന് സമുദായവക്താവും കെആര്‍എല്‍സിസി വൈസ്പ്രസിഡന്റുമായ ഷാജി ജോര്‍ജ് അറിയിച്ചു. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുന്നാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയാണ്

സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവുണ്ടായേക്കും മദ്യവില്പനശാലകള്‍ തുറക്കാന്‍ സാധ്യത

കൊച്ചി: കേരളത്തില്‍ കൊവിഡ്-19ന്റെ ഭാഗമായ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്കാന്‍ സാധ്യത. ഇന്ന് രാവിലെ 10 മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനു ശേഷമായിരിക്കും സര്‍ക്കാര്‍ നിലപാടുകള്‍ വെളിപ്പെടുത്തുക.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*