Breaking News

ഒരു ലക്ഷത്തിലേറെ മാസ്‌ക്കുകള്‍; കൊവിഡില്‍ ചരിത്രമെഴുതി പൊറ്റക്കുഴി പള്ളി

ഒരു ലക്ഷത്തിലേറെ മാസ്‌ക്കുകള്‍; കൊവിഡില്‍ ചരിത്രമെഴുതി പൊറ്റക്കുഴി പള്ളി

കൊച്ചി: സഹജീവികളോടുള്ള കരുണയുടെയും ഇടവകജനത്തിന്റെ കൂട്ടായ്മയുടെയും പുതുചരിത്രമെഴുതി വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള പൊറ്റക്കുഴി ലിറ്റില്‍ഫ്‌ളവര്‍ ചര്‍ച്ച്. ചൈനയില്‍ കൊവിഡ്-19 രോഗം വ്യാപിക്കുകയും ലോകാരോഗ്യസംഘടന മറ്റു രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെയാണ് ദീര്‍ഘവീക്ഷണത്തോടെ മുഖാവരണനിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളി ഇടവകജനത്തോട് ആഹ്വാനം ചെയ്തത്. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍(കെഎല്‍സിഎ) പൊറ്റക്കുഴി ഘടകവും കുടുംബകൂട്ടായ്മ കേന്ദ്രസമിതിയും പൂര്‍ണപിന്തുണ പ്രഖ്യാപിച്ചതോടെ ശാസ്ത്രീയമായ മാസ്‌ക് നിര്‍മാണം പള്ളിക്ക് സമീപത്തെ പാരിഷ് ഹാളില്‍  ആരംഭിച്ചു.
ഇടവകാംഗങ്ങള്‍ അവരുടെ വീടുകളില്‍നിന്നു കൊണ്ടുവന്ന തയ്യല്‍ യന്ത്രങ്ങളും കെ.സി. പാപ്പു ആന്‍ഡ് സണ്‍സ് സംഭാവന ചെയ്ത 10 തയ്യല്‍ യന്ത്രങ്ങളും ഉപയോഗിച്ച് നിര്‍മാണം ആരംഭിച്ചു. ആരോഗ്യസാധനസാമഗ്രികള്‍ നിര്‍മിക്കുന്നവരുടെ വിദഗ്ധാഭിപ്രായത്തിലും മേല്‍നോട്ടത്തിലുമായിരുന്നു സര്‍ജിക്കല്‍ മാസ്‌ക്കുകളുടെ ഗുണനിലവാരമുള്ള മാസ്‌ക്കുകള്‍ നിര്‍മിച്ചത്.
ആദ്യഘട്ടത്തില്‍ അരലക്ഷം മുഖാവരണങ്ങള്‍ സൗജന്യമായി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്തു. ഇത്രയും മാസ്‌ക്കുകള്‍ നിര്‍മിക്കുവാനുള്ള സാധനസാമഗ്രികള്‍ വിവിധ രൂപതകളിലേക്കും ഇടവകകളിലേക്കും രൂപതകളുമായി ബന്ധപ്പെട്ട സാമൂഹ്യസേവന ഘടകങ്ങളിലേക്കും നല്‍കി. വിപുലമായി മാസ്‌ക് നിര്‍മിച്ച് സൗജന്യമായി വിതരണം ചെയ്ത ഇന്ത്യയിലെതന്നെ ആദ്യസംഭവമായിരുന്നു അത്.
ആദ്യഘട്ടം പിന്നിടുമ്പോഴേക്കും രാജ്യത്ത് കൊവിഡ് വ്യാപിക്കുകയും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതോടെ മാസ്‌ക് നിര്‍മാണം ഇടവകകളിലെ വീടുകളിലേക്ക് മാറ്റി. അത്തരത്തില്‍ 60,000 മാസ്‌ക്കുകളാണ് ഇതുവരെ നിര്‍മിച്ചത്. മാസ്‌ക് തയ്ക്കുന്നവര്‍ക്ക് ചെറിയ തുക പ്രതിഫലമായി നല്‍കാനും കഴിഞ്ഞു. കെഎല്‍സിഎയുടെ നേതൃത്വത്തില്‍ ഈ മാസ്‌ക്കുകള്‍ വിലക്കുറവില്‍ വിപണിയിലെത്തിച്ചതോടെ മുഖാവരണത്തിന്റെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി. 1,60,000 മാസ്‌കുകളാണ് ചുരുങ്ങിയ സമയംകൊണ്ട് പൊറ്റക്കുഴി ഇടവകയില്‍നിന്നു പൊതുജനങ്ങളിലേക്കെത്തിയത്. 20,000 തുണി മാസ്‌കുകളുടെ നിര്‍മാണം പുരോഗമിക്കുന്നു.
മാസ്‌ക് നിര്‍മാണത്തില്‍ മാത്രം ഒതുങ്ങാതെ തുണിസഞ്ചി നിര്‍മാണത്തിലേക്കും ഇടവകജനങ്ങള്‍ പ്രവേശിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് നിരോധനംമൂലമുണ്ടായ വെല്ലുവിളി നേരിടാനാണ് തുണിസഞ്ചികള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളി വ്യക്തമാക്കി. ഇടവകാംഗങ്ങള്‍ക്ക് ലോക്ഡൗണ്‍ കാലഘട്ടത്തില്‍ സ്വയംതൊഴില്‍ കണ്ടെത്താനും സാധിച്ചു.
ഈസ്റ്ററിനോടനുബന്ധിച്ച് ഇടവകാംഗങ്ങള്‍ക്ക് 2,45,000 രൂപ സഹായധനമായി വിതരണം ചെയ്തു. കെഎല്‍സിഎയുടെയും ഇടവകയുടെയുമായി ഭക്ഷ്യധാന്യ കിറ്റുകളും രണ്ടുതവണയായി വിതരണം ചെയ്തു. എല്ലാ ഇടവകാംഗങ്ങള്‍ക്കും സൗജന്യമായി മാസ്‌കുകളും നല്‍കി. കെഎല്‍സിഎയുടെയും കേന്ദ്രസമിതിയുടെയും ഇടവകാംഗങ്ങളുടെയും അസിസ്റ്റന്റ് വികാരി ഫാ. ആല്‍വിന്‍ പോളിന്റെയും അകമഴിഞ്ഞ പിന്തുണയാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ വിജയമാകാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറയുന്നു.മഹാമാരി കാലത്തെ ആരോഗ്യപരിപാലന-പരിസ്ഥിതി സംരക്ഷണത്തിന്റെ ഉദാത്തമാതൃകയാവുകയാണ് പൊറ്റക്കുഴി ലിറ്റില്‍ഫ്‌ളവര്‍ പള്ളിRelated Articles

കോണ്‍ഗ്രസ് ലത്തീന്‍ സമുദായത്തോടൊപ്പം നില്ക്കും -രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നും ലത്തീന്‍ സമുദായത്തോടൊപ്പം നില്ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമുദായസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പുരോഗതിക്കുവേണ്ടി ലത്തീന്‍

തപസുകാലത്തിലൂടെ പെസഹാജാഗരണത്തിലേക്ക്‌

ക്രൈസ്തവ സ്വത്വത്തിന്റെ കാതല്‍ യേശുക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവുമാണ് ക്രൈസ്തവ സ്വത്വത്തിന്റെയും ദൗത്യത്തിന്റെയും കാതല്‍. അടിമത്തത്തില്‍ നിന്നു സ്വാതന്ത്ര്യത്തിലേക്കും മരണത്തില്‍ നിന്നു ജീവനിലേക്കുമുള്ള ഒരു പുതിയ ഉടമ്പടിയാണത്. പെസഹാരഹസ്യത്തിന്

പഞ്ചഭയങ്ങളുടെ പിടിയില്‍ ദൈവമക്കള്‍!

ഏറെ അന്വേഷണങ്ങള്‍ കഴിഞ്ഞ് ഒടുവില്‍ കൈയിലൊതുങ്ങുന്ന ഒരു വാടകവീട് കണ്ടെത്തി. എല്ലാം കൊണ്ടും പറ്റിയത്. എന്നാല്‍, ഒരേയൊരു പ്രശ്‌നം. അവിടെ സ്വീകരണമുറിയില്‍ത്തന്നെ മതിലില്‍ ഒരു ശിവലിംഗവിഗ്രഹം പതിപ്പിച്ചുവച്ചിരിക്കുന്നു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*