ഒരു വിപ്ലവകാരിയുടെ പതനം

ഒരു വിപ്ലവകാരിയുടെ പതനം

”Man is nothing other than what he makes himself be.”
മനുഷ്യന്‍ – അവന്‍ സ്വയം ഉണ്ടാക്കുന്നതല്ലാതെ മറ്റൊന്നുമല്ല എന്നു പറഞ്ഞത് ഴാന്‍ പോള്‍ സാര്‍ത്താണ്. നമ്മുടെ ഭാവി നമ്മള്‍ തന്നെ സൃഷ്ടിക്കേണ്ടതാണ്. ദൈവത്തിന് അവിടെ ഒരു സ്ഥാനവുമില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ദൈവമില്ലാത്ത ഒരു ചരിത്രം സൃഷ്ടിക്കാന്‍ എളുപ്പമാണ്. സഹാനുഭൂതിയുടെ മറപിടിച്ച് രക്തച്ചൊരിച്ചിലിന്റെ പാത സ്വീകരിച്ചാല്‍ മാത്രം മതി. ചരിത്രം അതിനു വിപ്ലവം എന്നു പേരിടും. അപ്പോഴും ഓര്‍ക്കണം, ദൈവം കൂടെയില്ലാതിരുന്ന വിപ്ലവകാരികളെല്ലാവരും അനിര്‍വചനീയമായ ഏതോ ഭയത്തിന് അടിമകളായിരുന്നു എന്നതും.

ഒരാളെ വധിച്ചുകൊണ്ടാണ് മോശ തന്റെ പരസ്യജീവിതം ആരംഭിക്കുന്നത്: ”പ്രായപൂര്‍ത്തിയായതിനുശേഷം മോശ ഒരിക്കല്‍ തന്റെ സഹോദരരെ സന്ദര്‍ശിക്കാന്‍ പോയി. അവന്‍ അവരുടെ കഠിനാധ്വാനം നേരില്‍ക്കണ്ടു. തത്സമയം സ്വജനത്തില്‍പെട്ട ഒരു ഹെബ്രായനെ ഒരു ഈജിപ്തുകാരന്‍ പ്രഹരിക്കുന്നതു കണ്ടു. അവന്‍ ചുറ്റുംനോക്കി. ആരുമില്ലെന്നു കണ്ടപ്പോള്‍ ആ ഈജിപ്തുകാരനെ കൊന്ന് മണലില്‍ മറവുചെയ്തു” (പുറ 2: 11-12). പക്വതയില്ലാത്ത ഒരു വ്യക്തിയെക്കുറിച്ചല്ല വിശുദ്ധഗ്രന്ഥം പ്രതിപാദിക്കുന്നത്. മോശയുടെ നാല്‍പതാമത്തെ വയസ്സില്‍ സംഭവിച്ച കാര്യമാണു പറയുന്നത്. നാല്‍പതു വയസ്സുവരെ അവന്‍ ഫറവോന്റെ കൊട്ടാരത്തിലാണു താമസിച്ചതെന്ന് അപ്പോസ്തലന്മാരുടെ നടപടി പുസ്തകം 7:23ല്‍ പറയുന്നുണ്ട്. ഈ കാലയളവില്‍ അവന്‍ ഈജിപ്തിലെ എല്ലാ വിജ്ഞാനവും നേടിയിരുന്നു. അതുപോലെതന്നെ അവന്‍ വാക്കിലും പ്രവൃത്തിയിലും കരുത്തനുമായിരുന്നു (അപ്പ. 7:22).

ആ കാലഘട്ടത്തിലെ ഉന്നത വിദ്യാഭ്യാസം ലഭിച്ചവനായിരുന്നു മോശ. ഈജിപ്തുകാരുടെ സകല വിജ്ഞാനവും എന്നുപ
റയുന്നത് നിസ്സാരമായ ഒരു കാര്യമല്ല, പ്രത്യേകിച്ചു നാലു മേഖലകളിലുള്ള അവരുടെ പ്രാവീണ്യം. ഏതൊക്കെയാണവ?

1. രാഷ്ട്രതന്ത്രം: ലോകത്തിലെതന്നെ മികച്ച സംഘടിത സാമ്രാജ്യത്തിന്റെ രാഷ്ട്രീയജ്ഞാനം. 2. ധനശാസ്ത്രം: മഹത്തായ സാമൂഹികവും വാണിജ്യപരവുമായ ഘടനയുടെ സാമ്പത്തികജ്ഞാനം. 3. തച്ചുശാസ്ത്രം: പിരമിഡുകളുടെ സാങ്കേതികജ്ഞാനവും വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനുള്ള കലാമികവും. 4. സംസ്‌കാരസമ്പത്ത്: മറ്റു ജനതകളില്‍ നിന്നു വ്യത്യസ്തമായി പരിഷ്‌കരിച്ച ജീവിതരീതിയുടെ സാംസ്‌കാരിക ജ്ഞാനം.

ഈ ജ്ഞാനമെല്ലാം ആര്‍ജിച്ചതിനുശേഷമാണ് മോശ കൊലപാതകത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്നത്. തന്റെ ജനതയ്ക്ക് മോചനം വേണമെന്നുതന്നെയാണ് അവന്‍ ആഗ്രഹിക്കുന്നത്. പക്ഷേ അവന്‍ സ്വീകരിക്കുന്ന മാര്‍ഗം അവനുതന്നെ ഭയം ഉളവാക്കുന്ന ഇരുളിലേക്കുള്ള വഴിയായി മാറുന്നു. ഒരു വിപ്ലവത്തിലൂടെ പരസ്യജീവിതം ആരംഭിക്കാന്‍ ശ്രമിക്കുകയാണവന്‍. ”ദൈവം അവരെ താന്‍ മുഖാന്തരം മോചിപ്പിക്കുമെന്നു സഹോദരര്‍ മനസ്സിലാക്കുമെന്നാണ് അവന്‍ വിചാരിച്ചത്. എന്നാല്‍, അവര്‍ അതു മനസ്സിലാക്കിയില്ല” (അപ്പ. 7: 25).

”കൊല്ലരുത്” എന്ന നിയമം കൊണ്ടുവരേണ്ടവന്‍ ഒരു കൊലപാതകത്തിലൂടെ പരസ്യജീവിതം തുടങ്ങുന്നു. ചിന്തിക്കേണ്ട കാര്യമാണിത്. വാക്കിലും പ്രവൃത്തിയിലും കരുത്തനായവന് എങ്ങനെ തിന്മയുടെ പാത സ്വീകരിക്കാന്‍ സാധിക്കും? ഏടുകളില്‍ നിന്നു ലഭിക്കുന്ന പല വിജ്ഞാനങ്ങളും ജീവിതത്തെ അതിന്റെ തനിമയില്‍ കാണുന്നതിനു സഹായിക്കണമെന്നില്ല. നമ്മള്‍ പഠിച്ച പലതും നമ്മുടെ ജീവിതയാഥാര്‍ത്ഥ്യത്തോടും പരിസരത്തോടും സമ്പര്‍ക്കം പുലര്‍ത്താതെ വരുമ്പോള്‍ ആന്തരികമായ സംഘര്‍ഷത്തിലൂടെ നമ്മള്‍ കടന്നുപോകും. അതു പിന്നീട് നമ്മളെ ദൈവമില്ലാത്ത വിപ്ലവത്തിന്റെ പ്രവാചകന്മാരാക്കി മാറ്റും. പക്ഷേ, ചരിത്രം ഒരു കാര്യം പഠിപ്പിക്കുന്നുണ്ട്. അങ്ങനെയുള്ള വിപ്ലവങ്ങള്‍ ഒന്നും തന്നെ വിജയിച്ചിട്ടില്ല.

മാനുഷിക ഇച്ഛാശക്തിയുടെ പരിമിതികളില്‍ ആത്മീയ അന്ധനായി മാറുന്ന മോശ സമുദായസ്നേഹത്തെ പ്രതി സഹജ വിദ്വേഷം പ്രതിഷ്ഠിക്കുന്നവരുടെ ഒരു പ്രതീകമാണ്. മോശയുടെ പ്രവൃത്തിയെ സഹോദരരോടുള്ള തീക്ഷ്ണമായ സ്നേഹമായി കരുതുവാന്‍ സാധിക്കില്ല. സ്നേഹം എന്ന സങ്കല്‍പ്പത്തില്‍ വര്‍ഗീയതയോ കൊലപാതകമോ ഇല്ല. എന്റെ കൂടെയുള്ളവരോടുള്ള എന്റെ സ്നേഹം സഹജരുടെ മരണം ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ സ്നേഹം എന്നു വിളിക്കാന്‍ പറ്റില്ല. അത് ആത്മരതിയുടെ ഒരു ബൃഹത്രൂപം മാത്രമാണ്.

സകല വിജ്ഞാനവും ആര്‍ജിക്കാന്‍ സാധിക്കുകയെന്നത് അല്ലെങ്കില്‍ നല്ല വിദ്യാഭ്യാസം ലഭിക്കുകയെന്നത് ദൈവപരി
പാലനയുടെ പ്രത്യേക ഇടപെടല്‍ തന്നെയാണ്. എല്ലാവര്‍ക്കും ലഭിക്കുന്ന ദാനമല്ല അത്. ഓരോ വിദ്യയും ഓരോ ജ്ഞാനവും നമ്മള്‍ ആര്‍ജിക്കുമ്പോള്‍ വാക്കിലും പ്രവൃത്തിയിലും കരുത്താകുന്ന പുണ്യങ്ങളിലേക്കാണു നമ്മള്‍ നടന്നടുക്കുന്നത്. വാക്കിലും പ്രവൃത്തികളിലുമുള്ള നന്മയാണ് ഉള്ളിലുള്ള ജ്ഞാനത്തിന്റെ അടയാളം. അറിവ് അഹങ്കാരമാകുമ്പോള്‍ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികളുണ്ടാകും. അറിവിന്റെ അടയാളങ്ങളല്ല വിദ്വേഷവും കൊലപാതകവും. നന്മയുടെ ലക്ഷ്യത്തിലേക്ക് എത്തുന്നതിനു വേണ്ടിയാണെങ്കില്‍ പോലും തിടുക്കവും അഹങ്കാരവും ശാഠ്യവും ഒരിക്കലും മാര്‍ഗമാകരുത്. അത് ഭയത്തിന്റെ വിത്തുകള്‍ വിതയ്ക്കുക മാത്രമല്ല ചെയ്യുക, നമ്മുടെ തന്നെ പതനത്തിനും കാരണമാകും. മരണം വിതയക്കുന്ന ഒരു വിപ്ലവത്തിലും ദൈവമില്ല എന്ന കാര്യം നമ്മള്‍ ഓര്‍ക്കണം.

അതിമാനുഷികമായ കഴിവുകളുള്ള വിശുദ്ധരുടെ കഥ പറയുന്ന പുസ്തകമല്ല വിശുദ്ധ ഗ്രന്ഥം, പച്ചമനുഷ്യരുടെ വികാരവിചാരങ്ങളെ സ്വര്‍ഗനൂലുകൊണ്ടു കോര്‍ത്തിണക്കി വച്ചിരിക്കുന്ന ചിത്രവേലയാണത്. ഇസ്രായേല്‍ ജനതയുടെ ജീവിതത്തിലേക്ക് ഹീറോയായി കടന്നുവരേണ്ട ഒരുവന്റെ ദൗര്‍ബല്യങ്ങളെ മറച്ചുപിടിച്ച് ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമായി മോശയെ ബൈബിള്‍ ചിത്രീകരിക്കുന്നില്ല. ജനനത്തിലും വിദ്യാഭ്യാസത്തിലും ദൈവപരിപാലന അനുഭവിച്ചവന്‍ നമ്മുടെ തന്നെ തനിപ്പകര്‍പ്പാണ്. ഇതുതന്നെയാണ് വിശുദ്ധഗ്രന്ഥത്തിന്റെ സൗന്ദര്യവും. മാനുഷികത ഈ ഗ്രന്ഥം അവഗണിച്ചിരുന്നെങ്കില്‍ കായേന്റെ കൊലപാതകത്തെക്കുറിച്ചും ഈ ഗ്രന്ഥം നിശബ്ദമാകുമായിരുന്നു.

പച്ചമനുഷ്യരുടെ അപക്വവും അധാര്‍മികവുമായ അനുഭവത്തില്‍ നിന്നാണ് ചരിത്രത്തില്‍ അപാരമായ ദൈവവിളികളുണ്ടായിട്ടുള്ളത്. അത് മഹത്തായ ആത്മീയാനുഭവത്തിന്റെ ആരംഭവും മാനുഷിക ദൗര്‍ബല്യത്തിന്റെ അവസാനവുമായിരുന്നു. അവരുടെ മാനുഷികതയെ മാത്രമെടുത്ത് ഒന്നു വിശകലനം ചെയ്താല്‍ നമുക്കു മനസ്സിലാവും അവരിലൂടെ നിറവേറിയ രക്ഷയുടെ ചരിത്രം നമ്മുടേതുമാണെന്ന്. അവരുടെ പ്രത്യാശയും അവര്‍ ആഗ്രഹിച്ച മോചനവും നമ്മുടേതുമാണെന്ന്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ആനി മസ്‌ക്രീന്‍ സ്‌ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി

തിരുവനന്തപുരം: സ്വാതന്ത്ര്യസമരസേനാനി ആനി മസ്‌ക്രീന്റെ ചരമദിനാചരണത്തോടനുബന്ധിച്ച് കെഎല്‍സിഎ തിരുവനന്തപുരം അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ വഴുതക്കാടുള്ള ആനി മസ്‌ക്രീന്‍ സ്‌ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തി. അതിരൂപത ശുശ്രൂഷ സമിതി കോ-ഓര്‍ഡിനേറ്റര്‍

റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ചൈനയില്‍നിന്ന് വാങ്ങിയത് കൂടിയ വിലയ്‌ക്കെന്ന് ആരോപണം

ന്യൂഡല്‍ഹി: തെറ്റായ പരിശോധനാഫലം നല്‍കുന്നതിന്റെ പേരില്‍ ഉപയോഗിക്കാനാവാതെവന്ന കൊവിഡ്-19 റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ചൈനയില്‍നിന്ന് ഇന്ത്യ വാങ്ങിയത് ഇരട്ടി വിലയ്‌ക്കെന്ന് റിപ്പോര്‍ട്ട്. കിറ്റുകള്‍ ഇറക്കുമതി ചെയ്ത കമ്പനിയും

കടൽക്ഷോഭത്തിന് ഒരു ശാശ്വത പരിഹാരം  

ചെല്ലാനം എന്ന ഗ്രാമം കേരളത്തിലെ എറണാകുളം ജില്ലയിലെ ചെല്ലാനം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ കനത്ത ജനസംഖ്യയുള്ള മത്സ്യബന്ധന ഗ്രാമമാണ് ചെല്ലാനം. 50,000-ത്തിലധികം ആളുകളാണ് ചെല്ലാനം ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നത്. പടിഞ്ഞാറ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*