ഒരു സൂഫി ഗുരുവിന്റെ കഥ

ഒരു സൂഫി ഗുരുവിന്റെ കഥ

ഒരിക്കല്‍ ഒരു സൂഫി ഗുരുവിന്റെ ശിഷ്യന്മാരിലൊരാള്‍ ഗുരുവിനോട്‌ ചോദിച്ചു: “പ്രഭോ, ഞങ്ങളുടെ ഗുരുവാണല്ലോ അങ്ങ്‌. അങ്ങയുടെ ജ്ഞാനത്തെയും വിവേകത്തെയും വിശുദ്ധിയെയും ഞങ്ങള്‍ അത്യധികം ആദരിക്കുന്നു. അങ്ങയുടെ വ്യക്തിജീവിതത്തെക്കുറിച്ച്‌ പല കാര്യങ്ങളും അങ്ങ്‌ ഞങ്ങളോട്‌ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഒരു കാര്യം മാത്രം അങ്ങ്‌ ഞങ്ങള്‍ക്ക്‌ വെളിപ്പെടുത്തിയിട്ടില്ല.”

“അതെന്താണ്‌?” ഗുരു ആകാംക്ഷയോടെ ചോദിച്ചു: “അങ്ങയുടെ ഗുരു ആരായിരുന്നു എന്ന്‌ അങ്ങ്‌ ഇതുവരെ പറഞ്ഞിട്ടില്ല.” അല്‌പം ആലോചനാമൃതനായതിനുശേഷം ഗുരു പറഞ്ഞു: “എന്റെ ഗുരു ഈ പ്രപഞ്ചം മുഴുവനുമാണ്‌. പ്രകൃതിയില്‍ നിന്നും ജീവജാലങ്ങളില്‍ നിന്നും മറ്റു മനുഷ്യരില്‍ നിന്നും ഞാന്‍ പലതും പഠിച്ചു.”

“അങ്ങ്‌ എങ്ങനെയാണ്‌ പ്രകൃതിയില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും പഠിച്ചത്‌ എന്നത്‌ കുറച്ചുകൂടി വ്യക്തമാക്കാമോ?”

വീണ്ടും കുറച്ചുനേരം ധ്യാനനിമഗ്നനായിരുന്നതിനുശേഷം ഗുരു പറഞ്ഞു: “ഒരിക്കല്‍ എനിക്ക്‌ വല്ലാതെ ദാഹിച്ചു. ഞാന്‍ വെള്ളമെടുക്കാന്‍ നദിതീരത്തേക്ക്‌ എന്റെ ഭിക്ഷാപാത്രവുമായി പോവുകയായിരുന്നു. പെട്ടെന്ന്‌ ഒരു നായ വെള്ളത്തിലേക്ക്‌ ചാടി തന്റെ നാവുകൊണ്ട്‌ വെള്ളം നക്കിക്കുടിക്കാന്‍ തുടങ്ങി. കൈയില്‍ ഒരു പാത്രമില്ലാതെ ഒരു മൃഗത്തിന്‌ വെള്ളം കുടിക്കാന്‍ സാധിക്കുമെങ്കില്‍ എനിക്കും കഴിയില്ലേ എന്ന്‌ ഞാന്‍ ചിന്തിച്ചു. ഞാന്‍ എന്റെ പാത്രം കരയില്‍ വച്ചിട്ട്‌ നദിയിലിറങ്ങി. അപ്പോള്‍ എന്റെ ദാഹം മാത്രമല്ല മാറിയത്‌-എന്റെ ശരീരം മുഴുവന്‍ തണുത്ത്‌ മനസ്‌ ശാന്തമായി.

വീണ്ടും ഞാന്‍ ചിന്തിച്ചു: ഞാന്‍ എന്റെ എല്ലാ സമ്പത്തും ഉപേക്ഷിച്ചെങ്കിലും ഒന്നുമാത്രം ഉപേക്ഷിച്ചില്ല-എന്റെ ഭിക്ഷാപാത്രം. അത്‌ തലമുറകളായി കൈമാറ്റം ചെയ്‌തു കിട്ടിയതാണ്‌. വളരെ മനോഹരമായ ആ പാത്രം ആര്‍ക്കും കൈമാറാന്‍ എനിക്കിഷ്‌ടമില്ലായിരുന്നു. അത്‌ ആരെങ്കിലും മോഷ്‌ടിക്കുമോ എന്നുപോലും ഞാന്‍ ഭയപ്പെട്ടു. അതുകൊണ്ട്‌ കിടക്കുമ്പോള്‍ അത്‌ എന്റെ തലയണയുടെ അടിയില്‍ വച്ചാണ്‌ ഞാന്‍ ഉറങ്ങിയിരുന്നത്‌. എല്ലാം ഉപേക്ഷിച്ചിട്ടും ഇതുപേക്ഷിക്കുവാന്‍ എനിക്കു സാധിക്കുന്നില്ലല്ലോ എന്നോര്‍ത്തു ഞാന്‍ ലജ്ജിതനായി. ഇങ്ങനെ ചിന്തിക്കുവാന്‍ നിമിത്തമായത്‌ ആ നായ പാത്രമൊന്നുമില്ലാതെ വെള്ളം കുടിക്കുന്നതു കണ്ടപ്പോഴാണ്‌. അങ്ങനെ അപ്പോള്‍ നായ എന്റെ ഗുരുവായി.

മറ്റൊരിക്കന്‍ ഞാന്‍ വനത്തിലൂടെ ധ്യാനിച്ചുകൊണ്ടു നടക്കുമ്പോള്‍ ഇടയ്‌ക്കു വച്ച്‌ വഴിതെറ്റി. അവസാനം കാട്ടില്‍ നിന്നു പുറത്തുവന്നപ്പോള്‍ ഏതാണ്ട്‌ പാതിരാത്രിയായി. ഒരു ഗ്രാമത്തിലാണ്‌ ഞാന്‍ എത്തിച്ചേര്‍ന്നത്‌. അപ്പോള്‍ എല്ലാവരും തന്നെ ഉറക്കമായിരുന്നു. എന്നാല്‍ ഒരു കുടിലില്‍ മാത്രം വെളിച്ചം കണ്ടു. ആ കുടിലില്‍ച്ചെന്ന്‌ വാതില്‍ക്കല്‍ മുട്ടി വിളിച്ചപ്പോള്‍ ഒരാള്‍ പുറത്തേക്കു വന്നു. എനിക്ക്‌ അന്ന്‌ രാത്രി അവിടെ അഭയം തരണമെന്ന്‌ അഭ്യര്‍ത്ഥിച്ചപ്പോള്‍ അയാള്‍ എന്നെ സൂക്ഷിച്ചു നോക്കിയിട്ടു പറഞ്ഞു: താങ്കള്‍ ഒരു സൂഫി ഗുരുവാണെന്നു തോന്നുന്നു. വിശുദ്ധജീവിതം നയിക്കുന്ന താങ്കള്‍ ഒരു പാപിയുടെ വീട്ടിലാണ്‌ വന്നിരിക്കുന്നത്‌. ഞാന്‍ ഒരു തസ്‌ക്കരനാണ്‌. ഒരു കള്ളന്റെ വീട്ടില്‍ തങ്ങാന്‍ താങ്കള്‍ക്ക്‌ ഇഷ്‌ടപ്പെടുമോ?
ഞാന്‍ ഒരു നിമിഷം ശങ്കിച്ചു നിന്നപ്പോള്‍ അയാള്‍ പറഞ്ഞു: താങ്കള്‍ക്ക്‌ എന്റെ വീട്ടീല്‍ തങ്ങാന്‍ പ്രയാസമായിരിക്കും എന്നെനിക്കറിയം. ഒരു കള്ളനായ എനിക്ക്‌ താങ്കളെ വിരുന്നുകാരനായി സ്വീകരിക്കുവാന്‍ പ്രയാസമൊന്നുമില്ല. എന്നാല്‍ ഒരു താപസനായ അങ്ങേയ്‌ക്ക്‌ എന്റെ ആതിഥ്യം സ്വീകരിക്കുവാന്‍ വിഷമമുള്ളതുപോലെ തോന്നുന്നു. വാസ്‌തവത്തില്‍ ഞാനല്ലേ കൂടുതല്‍ ഭയപ്പെടേണ്ടത്‌? അങ്ങയെ അപേക്ഷിച്ച്‌ ഞാന്‍ എത്രയോ താഴ്‌ന്നവനാണ്‌. എന്നിട്ടും എനിക്കുള്ളത്ര ധൈര്യം താങ്കള്‍ക്കില്ലായെന്നു തോന്നുന്നു. എന്തായാലും എന്റെ വീട്ടില്‍ വന്ന സ്ഥിതിക്ക്‌ അകത്തേയ്‌ക്കു വരാം. മേലു കഴുകി ഭക്ഷണം കഴിക്കാം.
ഞാന്‍ രാത്രി പുറത്തായിരിക്കും. എന്റെ തൊഴില്‍ അതാണല്ലോ. താങ്കള്‍ക്ക്‌ ഇവിടെ കിടന്നുറങ്ങാം.

മറ്റൊരു മാര്‍ഗവുമില്ലാതിരുന്നതുകൊണ്ട്‌ ഞാനവിടെ തങ്ങി. അന്ന്‌ രാത്രി മാത്രമല്ല, ഏതാണ്ട്‌ ഒരു മാസത്തോളം തന്നെ ഞാന്‍ ആ വീട്ടില്‍ തങ്ങി. അപ്പോള്‍ ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. ചില രാവുകളില്‍ കള്ളമുതലൊന്നും ഇല്ലാതെയാണ്‌ അയാള്‍ തിരിച്ചു വന്നത്‌. അന്ന്‌ മോഷ്‌ടിക്കുവാന്‍ തരപ്പെട്ടില്ലത്രെ. എങ്കിലും അയാള്‍ക്കതില്‍ പരാതിയില്ലായിരുന്നു. അയാള്‍ പറഞ്ഞു: “സാരമില്ല. ഇന്ന്‌ ഒന്നും കിട്ടിയില്ലെന്നു കരുതി നാളെ അങ്ങനെ ആകണമെന്നില്ലല്ലോ. ഞാന്‍ ഏറ്റവും നന്നായി പരിശ്രമിക്കും. പ്രതിഫലം തരുന്നത്‌ ഈശ്വരനാണല്ലോ.”
ആ കള്ളന്‍ വലിയൊരു സത്യമാണ്‌ എന്നെ പഠിപ്പിച്ചത്‌. ചിലപ്പോഴൊക്കെ ചില പദ്ധതികള്‍ പരാജയപ്പെടുമ്പോള്‍ ഞാന്‍ അവ വേണ്ടെന്നു വയ്‌ക്കുമായിരുന്നു. എന്നാല്‍ ആ തസ്‌ക്കരന്റെ കൂടെ ഒരുമാസം ചെലവഴിച്ചപ്പോള്‍ എന്റെ മനോഭാവത്തിന്‌ മാറ്റം വന്നു. “ഇന്ന്‌ ഒന്നും ശരിയായില്ലെങ്കില്‍ നാളെ അങ്ങനെ ആകണമെന്നില്ലല്ലോ” എന്ന വാക്കുകള്‍ എനിക്ക്‌ ധൈര്യവും പ്രത്യാശയും തന്നു. അങ്ങനെ ആ കള്ളന്‍ എന്റെ ഗുരുവായി.
സൂഫി ഗുരു തുടര്‍ന്നു: മറ്റൊരവസരത്തില്‍ ഒരു കൊച്ചു കുട്ടി ഒരു മെഴുകുതിരി കത്തിച്ച്‌ പോകുന്നത്‌ ഞാന്‍ കണ്ടു. അവനെ ഒന്ന്‌ ചിന്താക്കുഴപ്പത്തിലാക്കാമെന്ന്‌ കരുതി ഞാന്‍ അവനോട്‌ ചോദിച്ചു: “നിനക്കറിയാമോ ഈ വെളിച്ചം എവിടെ നിന്നാണ്‌ വരുന്നതെന്ന്‌? എവിടെയാണിതിന്റെ ഉറവിടം?”

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌, അവന്‍ ആ തിരി ഊതിക്കെടുത്തിയതിനു ശേഷം എന്നോട്‌ ഒരു മറു ചോദ്യം ചോദിച്ചു: “വെളിച്ചമിപ്പോള്‍ എവിടെപ്പോയി എന്ന്‌ താങ്കള്‍ക്ക്‌ പറയാമോ? അത്‌ എവിടെപ്പോയി എന്നു പറഞ്ഞാല്‍ അത്‌ എവിടെ നിന്ന്‌ വന്നു എന്ന്‌ ഞാന്‍ പറയാം.” അപ്പോള്‍ അവന്‍ എന്നേക്കാള്‍ വലിയ ജ്ഞാനിയാണെന്നെനിക്ക്‌ മനസിലായി. അവന്റെ വാക്കുകള്‍ എന്നെ ഇങ്ങനെ ചിന്തിപ്പിച്ചു. എല്ലാം തിരിച്ചുപോകുന്നത്‌ അതാതിന്റെ ഉറവിടത്തിലേക്കാണ്‌. ഈലോകജീവിതത്തിനുശേഷം നമ്മളോരോരുത്തരും തിരിച്ചു പോകുന്നത്‌ നമ്മുടെ ഉടവിടങ്ങളിലേക്കായിരിക്കും. ഈശ്വരന്റെ അടുക്കല്‍ നിന്നാണ്‌ നാം വന്നതെങ്കില്‍ ഈശ്വരന്റെ അടുക്കലേയ്‌ക്കു തന്നെ നമ്മള്‍ തിരിച്ചു പോകും.
ഗുരു വീണ്ടും തുടര്‍ന്നു: ഇപ്പോള്‍ നിങ്ങള്‍ക്കു മനസിലായില്ലേ- ഈ പ്രപഞ്ചം മുഴുവന്‍ നമ്മുടെ ഗുരുക്കന്മാരാണെന്ന്‌. നായയും, കള്ളനും, കൊച്ചു കുട്ടിയും എന്റെ ഗുരുക്കളായതുപോലെ അനുഭവങ്ങളെല്ലാം നമ്മെ ഓരോന്നു പഠിപ്പിക്കും. ഒന്നിനെയും നിസാരമായി കരുതേണ്ട.


Related Articles

വിധവയുടെ കാണിക്ക: ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ First Reading: 1 Kings 17:10-16 Responsorial Psalm: Psalm 146:7, 8-9, 9-10 Second Reading: Hebrews 9:24-28 Gospel Reading: Mark 12:38-44 വിചിന്തനം:- വിധവയുടെ

ഗലീലിയ കടലുപോലെ

ഹീബ്രു ഭാഷയില്‍ ‘യാം ഹ മെല’ എന്ന പേരിലറിയപ്പെടുന്ന ഉപ്പു കടലാണ് ചാവുകടല്‍ അഥവാ ‘ഡെഡ് സീ’. സമുദ്രനിരപ്പില്‍ നിന്ന് 1400 അടിയോളം താഴെയാണ് ഈ ചാവുകടല്‍

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായര്‍

Daily Reading for Sunday February 7, 2021 Reading 1, Job 7:1-4, 6-7 Responsorial Psalm, Psalms 147:1-2, 3-4, 5-6 Reading 2, First Corinthians 9:16-19,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*