ഓഖി കണക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതും യാഥാര്‍ഥ്യത്തിന് നിരക്കാത്തതും – ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: ഓഖി ഫണ്ടില്‍ നിന്നു വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നു എന്ന രീതിയില്‍ പുറത്തുവന്ന കണക്കുകള്‍ ഞെട്ടിക്കുന്നതും യാഥാര്‍ഥ്യങ്ങള്‍ക്കു വിരുദ്ധവും നീതീകരിക്കാന്‍ കഴിയാത്തതുമാണെന്ന് കെആര്‍എല്‍സിസി-കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം പറഞ്ഞു. ശംഖുമുഖത്ത് ലത്തീന്‍ കത്തോലിക്കാ സമുദായ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രളയക്കെടുതിയില്‍ ആയിരങ്ങളെ കൈപിടിച്ച് ഉയര്‍ത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് അനുമോദനങ്ങളും വരവേല്പും നല്കിയതുകൊണ്ടു മാത്രം കാര്യമില്ല. സമഗ്ര പുനരധിവാസം വേണം. ഇതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിശുദ്ധ തോമസ് അപ്പസ്തോലനോടൊപ്പം ഭാരതസഭയുടെ മാത്രമല്ല, ഏറെ പ്രത്യേകിച്ച് കേരള ലത്തീന്‍ സഭയുടെ അപ്പസ്തോലനാണ് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍. അദ്ദേഹത്തിന്റെ തിരുനാളിനോടനുബന്ധിച്ചുള്ള ഞായറാഴ്ച സമുദായദിനമായി നാം ആഘോഷിച്ചുവരികയാണല്ലോ. കെആര്‍എല്‍സിസി. എന്ന് പരക്കെ അറിയപ്പെടുന്ന ലത്തീന്‍ കത്തോലിക്കാ ഏകോപനസമിതിയുടെ വാര്‍ഷിക ആഘോഷമാണിത്. ജാതി-വര്‍ഗ-വര്‍ണ വ്യത്യാസങ്ങള്‍ക്കതീതമായി ഒരു നിശ്ചിത ചരിത്രവും പാരമ്പര്യവുമുള്ള ഈ വിഭാഗത്തിന് ഒരിക്കലും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുകയില്ലല്ലോ. ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും കെട്ടിടനിര്മാണത്തൊഴിലാളികളും തോട്ടംതൊഴിലാളികളുമായ ഈ വിഭാഗം നേട്ടങ്ങള്‍ പരിപോഷിപ്പിച്ചുകൊണ്ടും കോട്ടങ്ങള്‍ നികത്തിക്കൊണ്ടും ഒന്നിച്ചു മുന്നോട്ടുപോകുന്ന ഒരു സമീപനരീതിയാണ് സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ഇത്തവണ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് പ്രധാനമായും അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാനായി തീരദേശരൂപതയായ തിരുവനന്തപുരം തിരഞ്ഞെടുത്തത്. കാരണം ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണല്ലോ കൂടുതലും ഓഖി ദുരന്തത്തിന് ഇരയായതും പ്രളയസമയത്ത് മറ്റുള്ളവരോടൊപ്പം സന്നദ്ധ സേവകരായി മുന്നോട്ടുവന്നതും. ഓഖിയുടെയും പ്രളയത്തിന്റെയും പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന അവശതകളിലേയ്ക്കും സമൂഹത്തിന് അവര്‍ നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകളിലേക്കും ജനശ്രദ്ധ ആകര്‍ഷിക്കുകയാണ് ഈ സമുദായദിനാഘോഷങ്ങളുടെ ലക്ഷ്യം.
കേരളത്തിലും തമിഴ്നാട്ടിലുമായി ഓഖി ദുരന്തം അപഹരിച്ചത് 355 ജീവിതങ്ങളാണ്. ഇതില്‍ മരണമടഞ്ഞതും കാണാതായവരുമായ 297പേരും തിരുവനന്തപുരം അതിരൂപതയിലെ അംഗങ്ങളായിരുന്നു. കേരളത്തില്‍നിന്നും മരണമടഞ്ഞ 143പേരില്‍ 93പേരുടെ മൃതദേഹങ്ങള്‍
കണ്ടെത്താനായില്ല. തമിഴ്നാട്ടില്‍നിന്നുള്ള 14 മൃതശരീരങ്ങളേ കണ്ടെത്താനായുള്ളൂ. കടലില്‍ മരിച്ചവരുടെ കുടുംബത്തിന് നല്‍കാറുള്ള 10 ലക്ഷംരൂപ 20 ലക്ഷമായി വര്‍ദ്ധിപ്പിക്കുകയും
അത്രയും തുക കാണാതായവര്ക്കുകൂടി നല്കാന് തീരുമാനിക്കുകയും ചെയ്ത കേരളസര്‍ക്കാരിന്റെ അനുഭാവപൂര്‍ണമായ സമീപനത്തെ നന്ദിയോടെ സ്മരിക്കുന്നു. ആദ്യമൊക്കെ അറച്ചുനിന്ന തമിഴ്നാടു സര്‍ക്കാരും കേരളസര്‍ക്കാരിന്റെ മാതൃക പിന്തുടര്ന്ന് മരിച്ചവര്‍ക്കും കാ
ണാതായവര്ക്കും 20 ലക്ഷം രൂപവീതം നല്കുകയുണ്ടായി. ട്രഷറിയില്‍ നിക്ഷേപിച്ചിരിക്കുന്ന തുക ആവശ്യാനുസരണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ല എന്ന ഒരു പരാതി ഉപഭോക്താക്കള്‍ക്കുണ്ട്. ഇവിടെ സന്നിഹിതനായിരിക്കുന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പരിശ്രമഫല മായി പ്രധാനമന്ത്രി ഞങ്ങളെ ആശ്വസിപ്പിക്കാന്‍ വന്നതില്‍ നന്ദിയുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സമീപനം ആശാവഹമായിരുന്നില്ല. മരിച്ചവര്‍ക്ക് വാഗ്ദാനം ചെയ്ത രണ്ടുലക്ഷം രൂപപോലും മൃതദേഹം ലഭിച്ച ഏതാനും പേര്‍ക്കേ ലഭിച്ചിട്ടുള്ളൂ. തീരദേശത്തിന്റെ സമ
ഗ്രവികസനത്തിനായുള്ള കേന്ദ്ര സഹായം ഞങ്ങള്‍ ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
ഓഖി ദുരന്തനിവാരണത്തിനായി സമാഹരിച്ച തുകകളെയും പുനരധിവാസ പ്രവര്‍ത്തനങ്ങളെയും ചൊല്ലി സഭയ്ക്കെതിരായും സര്‍ക്കാരിനെതിരായും ധാരാളം വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നുണ്ട്. എത്രതന്നെ വിമര്ശനങ്ങളുണ്ടായാലും ഇതിനായി സമാഹരിച്ച തുക ബന്ധപ്പെട്ട എല്ലാവര്ക്കും ഒരുപോലെ വീതിച്ചുകൊടുക്കാതെ ആവശ്യാനുസരണം അടുത്ത അഞ്ചുകൊല്ലം എല്ലാവരെയും കഴിയുന്ന വിധത്തില്‍ സഹായിക്കുന്ന ഒരു ഉറച്ചതീരുമാനമാണ് സഭ സ്വീകരിച്ചിരിക്കുന്നത്. സമാഹരിച്ച തുകയുടെ കണക്കുകളെല്ലാം പ്രസിദ്ധീകരിക്കുകയും പരിശോധനയ്ക്കായി ഉത്തരവാദിത്വപ്പെട്ടവരെ ഏല്പിക്കുകയും ചെയ്തിട്ടുണ്ട്. സഭയുടെ സാമൂഹ്യശുശ്രൂഷാ വിഭാഗവും കുടുംബ ശുശ്രൂഷാ വിഭാഗവും മറ്റു ശുശ്രൂഷകളോടുചേര്ന്ന് ഓഖി ദുരന്തത്തിനിരയായവരുടെയും സമാനസാഹചര്യങ്ങളില്‍ ജീവിക്കുന്നവരുടെയും പുനഃരധിവാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. വിമര്‍ശനങ്ങളെ അതിജീവിച്ച് പുനഃരധിവാസപ്രവര്ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത് ആയാസകരമായ അനുഭവമാണ്. സര്‍ക്കാരിന്റെയും സ്ഥിതി ഇതുതന്നെയായിരിക്കാം.
ഓഖി ചുഴലിക്കാറ്റിനുശേഷം പുനരധിവാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 128 കോടി ചെലവാക്കിയതിന്റെ കണക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പറഞ്ഞുകേള്‍ക്കുന്നു. കണക്കുകള്‍ പരിശോധിച്ചശേഷം ശക്തമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവരുണ്ട്. ഇതിനായി സമാഹരിക്കുന്ന തുകമുഴുവനും ഒരുവിധത്തിലും വകമാറ്റാതെ തീരദേശവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാന്‍ ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രിയും ഫിഷറീസ് വകുപ്പുമന്ത്രിയും പലവട്ടം ഉറപ്പുതന്നിട്ടുണ്ട്. എപ്പോഴും ഞങ്ങളോട് അനുഭാവപൂര്‍ണ്ണമായ സമീപനം സ്വീകരിച്ചുവരുന്ന ഇവരുടെ ആത്മാര്‍ത്ഥതയെ ഒരുവിധത്തിലും ചോദ്യംചെയ്യാന്‍ മുതിരുന്നില്ല. എന്നാല്‍ ആക്ഷേപിക്കുന്നവര്‍ നിരത്തുന്ന രേഖകള്‍ പരിശോധിക്കുമ്പോള്‍ എവിടയോ പാളിച്ചകള്‍ പറ്റുന്നതായി തോന്നിപ്പോകുന്നു. അത്യാവശ്യങ്ങളും ആവശ്യങ്ങളും അവഗണിച്ച് യാഥാര്ത്ഥ്യങ്ങള്ക്കുനിരക്കുന്ന തുകയല്ല അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കാനായി വകകൊള്ളിച്ചിരിക്കുന്നത്. സംശയങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ. തെറ്റുകള്‍ തിരുത്താനും തയ്യാറാണ്. തിരുവനന്തപുരം ജില്ലയില്‍മാത്രം ഓഖി ദുരന്തത്തിന്റെ ഫലമായി 18,61,90,000 രൂപ വിലവരുന്ന വള്ളങ്ങളും ബോട്ടുകളും വലകളും എഞ്ചിനുകളും ഇതര മത്സ്യബന്ധനോപകരണങ്ങളും നഷ്ടമായപ്പോള്‍ തത്തുല്യമായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് വെറും 3,20,63,396 രൂപയാണ്. 176 വിദ്യാര്‍ഥികളുടെ തുടര്‍പഠനം അനിശ്ചിതത്തിലായപ്പോള്‍ ഏതാനും ആഴ്ചകള്‍ക്കുമുമ്പ് അവരെ സഹായിക്കുവാനായി സംസ്ഥാനസര്‍ക്കാര്‍ നല്‍കിയത് 56,95,000 രൂപയാണ്. അഭ്യസ്തവിദ്യരും അല്ലാത്തവരുമായി 144ഓളം ആശ്രിത നിയമനം ലഭ്യമാകേണ്ട ഉദ്യോഗാര്‍ഥികള്‍ ഉള്ളപ്പോള്‍ വെറും 40 പേര്‍ക്ക് മാത്രമാണ് മുട്ടത്തറിയിലെ വലനെയ്ത്തു ഫാക്ടറിയില്‍ താത്ക്കാലിക ജോലി നല്‍കിയത്. മാത്രവുമല്ല, ഈ അടുത്തകാലത്ത് ഓഖി ഫണ്ടില്‍നിന്നും വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നു എന്ന രീതിയില്‍ പുറത്തുവന്ന കണക്കുകള്‍ ഞെട്ടിക്കുന്നതും യാഥാര്‍ഥ്യങ്ങള്‍ക്കു വിരുദ്ധവും നീതീകരിക്കാന്‍ കഴിയാത്തതുമാണ്.
അടിയന്തര സഹായമായി സംസ്ഥാന സര്‍ക്കാര്‍ ഓഖി ദുരന്തബാധിതരുടെപേരില് 1,14,032 പേര്‍ക്കാണ് സഹായ വിതരണം നടത്താന്‍ 22കോടി 80 ലക്ഷംരൂപ നീക്കിവച്ചത്. ഇതില്‍ ഓഖി ബാധിത പ്രദേശമായ ഞങ്ങള്‍ക്കു ലഭിച്ചത് 45 ലക്ഷം രൂപ മാത്രമാണ്. അതേസമയം ഏകദേശം മൂന്നുകോടി രൂപയില്‍താഴെ മാത്രം സംസ്ഥാന സ്ഥാപനങ്ങളില്‍ നിന്നും ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍നിന്നും മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങുവാന്‍ കടമെടുത്ത മത്സ്യത്തൊഴിലാളികള്‍ ഈ യാനങ്ങള്‍ നഷ്ടമായതിന്റെ കടബാധ്യതകള്‍മൂലം ജപ്തിഭീഷണി നേരിടുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഈ കടങ്ങള്‍ എഴുതിതള്ളുന്നതിനുപകരം ഓഖി ദുരന്തബാധിതരെ സഹായിക്കാന്‍ ശേഖരിച്ച ഫണ്ടില്‍നിന്നും 38 കോടി 80 ലക്ഷം രൂപ കേരള സംസ്ഥാനം ഒന്നാകെ സുരക്ഷാ ജാക്കറ്റുകള്‍ക്കും നാവിക് ഉപകരണങ്ങള്‍ക്കും സാറ്റലൈറ്റ് ഫോണുകള്‍ക്കും പരിശീലന പരിപാടികള്‍ക്കുമായി മാറ്റിവച്ചിരിക്കുന്നു. കേരള സംസ്ഥാനത്തിന്റെ അവിഭാജ്യഘടകമായ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും സുരക്ഷാ ഉപകരണങ്ങള്‍ക്കും പരിശീലനത്തിനും വേണ്ടിയുള്ള തുക ചെലവഴിക്കേണ്ടത് സംസ്ഥാനസര്‍ക്കാരിന്റെ പൊതു ഖജനാവില്‍നിന്നാണ്. മറിച്ച്, ദുരന്ത ബാധിതരായ ഒരു ജനസമൂഹത്തെ സഹായിക്കുവാനായി സമാഹരിച്ച തുകയുടെ നല്ലൊരുഭാഗവും അത്യാവശ്യങ്ങളും ആവശ്യങ്ങളും നിലനില്ക്കുമ്പോള് ആ ലക്ഷ്യത്തിനു ഉപയോഗിക്കുന്നതിനുപകരം സാവകാശം ചെയ്യാവുന്ന മറ്റു കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്നത് ഒരുവിധത്തിലും നീതീകരിക്കാനാവില്ല.
Related
Related Articles
നെയ്യാറ്റിന്‍കര രൂപത സില്‍വര്‍ ജൂബിലിക്ക് കാഹളം മുഴങ്ങി
റവ.ഡോ. ഗ്രിഗറി ആര്‍ബി നെയ്യാറ്റിന്‍കര രൂപതാസ്ഥാപനത്തിന്റെ 24-ാം വാര്‍ഷികവും രൂപതാധ്യക്ഷനായ ഡോ. വിന്‍സെന്റ് സാമുവേലിന്റെ മെത്രാഭിഷേകത്തിന്റെ 24-ാം വാര്‍ഷികവും സമുചിതം ആഘോഷിച്ചു. രൂപതാ സ്ഥാപന ദിനമായ നവംബര്‍
വികല വീക്ഷണങ്ങള്‍ യുവജനങ്ങള്‍ പൊളിച്ചെഴുതണം- ഫ്രാന്‍സിസ് പാപ്പാ
സിസ്റ്റര്‍ റൂബിനി സിറ്റിസി പാനമ: ആര്‍ത്തിയില്‍ നിന്നും പിറവി കൊള്ളുന്ന വികലവും ശുഷ്കിച്ചതുമായ വീക്ഷണങ്ങളും, സാങ്കേതിക വൈദഗ്ധ്യം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മാത്സര്യ- ഊഹക്കച്ചവട നിയമങ്ങളും, ശക്തന്മാര്‍ക്കു മാത്രം
നീ സ്നേഹിക്കണം: ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ വിചിന്തനം :- “നീ സ്നേഹിക്കണം” (ലൂക്കാ 10: 25 – 37) “ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു” (v.30). “ഒരുവൻ” (Ἄνθρωπός τις