ഓഖി: ദുരന്തപാഠങ്ങളിലെ ഇരകളും പിഴയാളികളും

വിലാപത്തിന്റെ മണികള്‍ മുഴങ്ങുന്ന തുറകളില്‍ മഹാദുരന്തസ്മൃതിയുടെ ഒരാണ്ടുവട്ടത്തില് സങ്കടക്കടല്‍ ആര്‍ത്തിരമ്പുകയാണ്. ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ സംഹാരമുദ്ര പതിഞ്ഞ തീരഭൂമിയില്‍ ആത്മശാന്തിയുടെ അനുസ്മരണശുശ്രൂഷകള്ക്കൊപ്പം ആര്‍ത്തരുടെയും അശരണരുടെയും ഇടയിലേക്കിറങ്ങി ദൈവിക കാരുണ്യത്തിന്റെയും മാനവസാഹോദര്യത്തിന്റെയും പ്രകാശം പരത്തിയ നല്ല അയല്‍ക്കാരെയും അടിസ്ഥാന വിശ്വാസസമൂഹ കൂട്ടായ്മകളെയും ഗ്രാമസഖ്യങ്ങളെയും തദ്ദേശ ജനപ്രതിനിധികളെയും തൊഴില്‍ സംഘടനകളെയും ഉദ്യോഗസ്ഥരെയും സന്നദ്ധസേവകരെയും അര്‍പ്പിതരെയും രാഷ്ട്രീയപ്രസ്ഥാനങ്ങളെയും ഭരണകര്‍ത്താക്കളെയും ആധ്യാത്മിക ആചാര്യന്മാരെയും അജ്ഞാതരായ ഉപകര്ത്താക്കളെയും രക്ഷാദൂതരെയും ദുരിതനിവാരണ സേനാംഗങ്ങളെയും നന്ദിയോടെ ഓര്‍ക്കുന്ന നാളുകള്‍.
കാലത്തിനും തിരകള്‍ക്കും മായ്ക്കാനാവാത്ത മുറിവുകളും ആഘാതങ്ങളും ബാക്കിവയ്ക്കുന്ന ചില ദുരന്തങ്ങളുണ്ട്. ഒരു ജനസമൂഹത്തിന്റെ ഉള്‍ക്കരുത്തും പ്രത്യുത്ഥാനവും അടയാളപ്പെടുത്തുന്ന ചില വന്പ്രതിസന്ധികളുമുണ്ട്. ആധുനിക കേരളത്തിന്റെ ചരിത്രഗതിയെതന്നെ മാറ്റിമറിച്ച ഓഖിയും മഹാപ്രളയവും പോലുള്ള പ്രകൃതിക്ഷോഭങ്ങളെ അതിജീവിച്ച ഒരാണ്ടിന്റെ വീരേതിഹാസം മാത്രം പേരേ ഈ കൊച്ചുസംസ്ഥാനത്തിന്റെ മഹിമ ലോകമെങ്ങും ഘോഷിക്കാന്‍! എന്നാല്‍ പ്രകൃതിക്ഷോഭങ്ങളുടെയും ദുരന്തക്കെടുതികളുടെയും അനുപാതം അളക്കുന്ന മാപിനികളിലും സൂചികകളിലും തെളിഞ്ഞുകാണാത്ത ആകുലതകളെക്കുറിച്ചും സാമൂഹിക അനീതിയെക്കുറിച്ചും ഈ ചരിത്രമൂഹൂര്ത്തത്തില് രാഷ്ട്രീയ പ്രതിഛായ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ക്കുന്നത് നന്ന്.
ഓഖി കടന്നുപോയിട്ട് ഒരാണ്ടു തികയുംമുന്പ്, തമിഴ്നാട്ടിലെ നാഗപട്ടണം-വേദാരണ്യം തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വന്നുപതിച്ച ഗജ ചുഴലിക്കാറ്റിന്റെ കാര്യത്തില്‍ സ്വീകരിച്ച മുന്നൊരുക്കങ്ങളുടെയും ജാഗ്രതാനിര്ദേശങ്ങളുടെ തോതും ഫലപ്രാപ്തിയും നാം ഈയിടെ കണ്ടതാണ്. ചുഴലിക്കാറ്റിന്റെ സാധ്യത മുന്നില്‍കണ്ടുകൊണ്ടുള്ള അംഗീകൃത നടപടിക്രമങ്ങളുടെ ഭാഗമായി 72 മണിക്കൂര്‍ മുന്നോടിയായി ചുഴലിക്കുമുന്പേയുള്ള നിരീക്ഷണം, 48 മണിക്കൂറിനു മുന്‍പേ ചുഴലി ജാഗ്രത, 24 മണിക്കൂറിനു മുന്‍പായി ചുഴലി മുന്നറിയിപ്പ്, ചുഴലിക്കാറ്റ് തീരത്ത് എത്തുന്നിതിന് 12 മണിക്കൂര്‍ മുന്‍പായി, കരയില്‍ പതിച്ചതിനുശേഷം സംഭവിക്കാനിടയുള്ള കാര്യങ്ങള്‍ എന്നിങ്ങനെ നാലു ഘട്ടങ്ങളായുള്ള കാലാവസ്ഥ മുന്നറിയിപ്പിനുള്ള കൃത്യമായ വ്യവസ്ഥകള്‍ ഓഖിയുടെ കാര്യത്തില്‍ പാലിക്കാന്‍ കഴിഞ്ഞില്ല എന്ന് കേന്ദ്രഗവണ്മെന്റ് സമ്മതിക്കുകയുണ്ടായി.
2017 നവംബര്‍ 30ന് പുലര്‍ച്ചെ 2.30ന് അതിന്യൂനമര്ദത്തില് നിന്ന് കേവലം ആറുമണിക്കൂറിനകം രാവിലെ 8.30ന് ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുകയും ശ്രീലങ്കയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത് കോമറിന് മേഖലയില്‍ നിന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്കു നീങ്ങുകയും ചെയ്ത് കന്യാകുമാരി ജില്ലയിലും കേരളത്തില്‍ തിരുവനന്തപുരത്തും ഏഴു തീരദേശ ജില്ലകളിലും നാശം വിതച്ച് ഡിസംബര്‍ ഒന്നിന് ലക്ഷദ്വീപിലെത്തി അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറുകയും തെക്കുകിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗം കൈവരിച്ച് വീണ്ടും ഗതിതിരിഞ്ഞ് ഇന്ത്യയുടെ പശ്ചിമതീരത്തേക്കു നീങ്ങുകയും ഏഴുനാള്‍ കൊണ്ട് 2,538 കിലോമീറ്റര്‍ നീണ്ട സംഹാരയാത്രയ്ക്കൊടുവില് ഡിസംബര്‍ ആറിന് ഗുജറാത്തിന്റെ തെക്കന്‍ തീരത്ത് സൂറത്തിനും ദഹനുമിടയ്ക്ക് കരയിലെത്തി നിര്‍വീര്യമാവുകയും ചെയ്ത ഓഖി പല തരത്തിലും അത്യപൂര്‍വമായ ഒരു പ്രതിഭാസംതന്നെയായിരുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ന്യൂനമര്‍ദം അതിവേഗം ചുഴലിക്കാറ്റായി രൂപാന്തരപ്പെടുന്നതിന് ഇടയാക്കിയ സമുദ്രോപരിതല താപവര്‍ധനയുടെ തോത് പഠിക്കാനുള്ള സംവിധാനത്തിലെ തങ്ങളുടെ അപര്യാപ്തത ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഏറ്റുപറയുകയുണ്ടായി. രേഖപ്പെടുത്തിയ കാലാവസ്ഥാ ചരിത്രത്തില്‍ അറബിക്കടല്‍ മേഖലയില്‍ അഞ്ചു പതിറ്റാണ്ടിനടയില്‍ ഉണ്ടാകുന്ന അതിശക്തമായ ചുഴലിക്കാറ്റാണ് ഓഖി. വടക്കുപടിഞ്ഞാറു ദിശയിലേക്കു നീങ്ങിയ ചുഴലികള്‍ ഇതിനു മുന്‍പ് മൂന്നെണ്ണം മാത്രം, ഏറ്റവും ഒടുവില്‍ ഈ പാതയിലൂടെ ചലിച്ചത് 1925ല്‍. ലക്ഷദ്വീപില്‍ വച്ച് വീണ്ടും വടക്കുപടിഞ്ഞാറു ദിശയിലേക്കു പോകാതെ ഇന്ത്യന്‍ തീരത്തേക്ക് ഓഖിയെ പോലെ ഒരു ചുഴലിക്കാറ്റ് തിരിഞ്ഞിട്ടുള്ളത് ഒരു നൂറ്റാണ്ടുമുന്‍പാണ്. 1912-ല്‍ ശ്രീലങ്കയില്‍ നിന്നു തുടങ്ങി മഹാരാഷ്ട്രയില്‍ ഒടുങ്ങിയ ഒരു ചുഴലിക്കാറ്റ് ഇതിനു സമാനമായിരുന്നു.
ഓര്‍ക്കാപ്പുറത്ത് കാറും കോളുമായി കടല്ക്ഷോഭിച്ചിളകിയപ്പോള്, പ്രതികൂല കാലാവസ്ഥയെക്കുറിച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ വിഴിഞ്ഞം, പൂന്തുറ, വലിയതുറ, അടിമലത്തുറ, കൊല്ലം, കൊച്ചി, മുനമ്പം, ബേപ്പൂര്‍ തുടങ്ങി വിവിധ ഹാര്‍ബറുകളില്‍ നിന്ന് കടലിലേക്കു പോയ ഉടപ്പിറപ്പുകളെയോര്ത്ത് തീരത്തെങ്ങും ജനങ്ങള്‍ മുറവിളി കൂട്ടിയിട്ടും അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും അവശ്യ വിവരങ്ങള്‍ കൈമാറാനും സാങ്കേതിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും പ്രാഥമിക ദുരിതാശ്വാസത്തിനു സംവിധാനമൊരുക്കാനും ഭരണതലത്തില്‍ സത്വര നടപടിയുമുണ്ടായില്ലെന്ന് തീരദേശ സമൂഹത്തില്‍ നിന്നു പരാതികള്‍ ഉയര്‍ന്നു. നവംബര്‍ 30ന് വൈകുന്നേരം 3.30നാണ് കൊച്ചി നാവികസേനാകേന്ദ്രത്തില് ആദ്യത്തെ സഹായാഭ്യര്‍ഥന എത്തുന്നത്. നേവിയുടെയും തീരരക്ഷാസേനയുടെയും കപ്പലുകളും വിമാനങ്ങളും ഹെലികോപ്റ്ററുകളും തിരച്ചിലിനും രക്ഷാദൗത്യത്തിനുമിറങ്ങിയിട്ടും ജീവന്മരണ പ്രധാനമായ ഘട്ടത്തില്‍ തങ്ങളുടെ സഹോദരങ്ങളെ രക്ഷിക്കാന്‍ തങ്ങള്‍ മാത്രമേയുള്ളൂ എന്ന ബോധ്യത്തോടെ പ്രതികൂല കാലാവസ്ഥയിലും മത്സ്യത്തൊഴിലാളികള്‍ സംഘം ചേര്‍ന്ന് തങ്ങളുടെ യാനങ്ങളുമായി തിരച്ചിലിന് ഇറങ്ങി.
തിരച്ചിലിന്റെയും രക്ഷാപ്രവര്‍ത്തനങ്ങളുടെയും ആദ്യഘട്ടത്തിലുണ്ടായ വീഴ്ചകളും പോരായ്മകളും ചൂണ്ടിക്കാട്ടിയ സമുദായ നേതാക്കളെയും മാധ്യമങ്ങളെയും രാഷ്ട്രീയത്തിന്റെ പേരില്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ ദുരന്തനിവാരണത്തിലും അടിയന്തര ദുരിതാശ്വാസത്തിലും കാണിച്ച അലംഭാവം പതിവ് പഴിചാരല്‍ രാഷ്ട്രീയത്തില്‍ ചെന്നെത്തി. നേവിയും കോസ്റ്റ്ഗാര്‍ഡും വ്യോമസേനയും ദ്രുതകര്‍മസേനയും ദേശീയ ദുരന്തപ്രതികരണ സേനയും പഞ്ഞമാസ റേഷന്‍ ക്വാട്ട വര്‍ധനയുമൊക്കെയായി കേന്ദ്ര ഗവണ്മെന്റ് തങ്ങളുടെ പങ്ക് നിറവേറ്റുന്നതായി ഭാവിക്കുകയും മലയാളിയായ കേന്ദ്ര ടൂറിസം സഹമന്ത്രിയും തമിഴ്നാട്ടില്‍ നിന്നുള്ള കേന്ദ്ര പ്രതിരോധമന്ത്രിയും ഒടുവില്‍ സാക്ഷാല്‍ പ്രധാനമന്ത്രിതന്നെയും നേരിട്ടെത്തി ദുരിതബാധിതരെ ആശ്വസിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ 7,340 കോടി രൂപയുടെ ദുരിതാശ്വാസ-പുനരധിവാസ പാക്കേജാണ് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ചത്. കേന്ദ്ര ദുരിതനിവാരണ ചുമതല വഹിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധ സമിതിയും ഉള്‍പ്പെടെയുള്ള പഠനസംഘങ്ങളും കാര്യങ്ങളെല്ലാം വിശദമായി പഠിച്ചുപോയിട്ടും കേന്ദ്രം അനുവദിച്ചത് 600 കോടി മാത്രമാണെന്നും അതില്‍ നിന്ന് റേഷന്‍ അരിയുടെയും മണ്ണെണ്ണയുടെയും പണം തിരിച്ചുപിടിക്കുമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്.
2004ലെ സുനാമിക്കുശേഷം ഇന്ത്യന്‍ നേവി നടത്തിയ ഏറ്റവും വലിയ തിരച്ചില്‍-രക്ഷാദൗത്യത്തില്‍ 16 കപ്പലുകളും വിമാനങ്ങളും 20 ദിവസം 4.5 ലക്ഷം ചതുരശ്ര മൈല്‍ കടലില്‍ അരിച്ചുപെറുക്കി 136 പേരെ രക്ഷിച്ചുവെന്ന് പ്രതിരോധ വകുപ്പ് അവകാശപ്പെട്ടു.
ഓഖി ദുരന്തത്തില്‍ മരിച്ചവരുടെയും കടലില്‍ കാണാതായവരുടെയും എണ്ണത്തിന്റെ കാര്യത്തില്‍ ആദ്യമേ വ്യത്യസ്ത കണക്കുകളാണ് അവതരിപ്പിക്കപ്പെട്ടത്. കേരള നിയമസഭയിലും ഇന്ത്യന്‍ പാര്‍ലമെന്റിലും ഇത്തരം അടിസ്ഥാനവിവരങ്ങളിലെ അന്തരം പ്രകടമായിരുന്നു. ഓഖി ദുരന്തത്തിന്റെ നാശനഷ്ടങ്ങളെക്കുറിച്ച് പഠിച്ച പാര്‍ലമെന്ററി സമിതി 2018 ഏപ്രില്‍ നാലിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, 2018 ജനുവരി നാലിലെ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഓഖിയില്‍ കേരളത്തിലെ മരണസംഖ്യ 75, തമിഴ്നാട്ടിലെ മരണസംഖ്യ 30; കാണാതായവര്‍ തമിഴ്നാട്ടില്‍ 203, കേരളത്തില്‍ 141. കേരളത്തില്‍ 384 ഫിഷിംഗ് ബോട്ടുകള്‍ പൂര്‍ണമായി നശിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നും, 221 വീടുകള്‍ പൂര്‍ണമായി തകര്‍ന്നെന്നും 3,253 വീടുകള്‍ ഭാഗികമായി കേടുപറ്റിയെന്നും 7,817.43 ഹെക്ടര്‍ കൃഷിനശിച്ചുവെന്നും ആ റിപ്പോര്‍ട്ടിലുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ ദുരന്തത്തില്‍ മരിച്ച 49 പേരുടെ ആശ്രിതര്‍ക്ക് സ്ഥിരനിക്ഷേപ ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്ര വിഹിതമായ രണ്ടു ലക്ഷം ഉള്‍പ്പെടെ 22 ലക്ഷം രൂപയുടെ എക്സ്ഗ്രേഷ്യ സഹായം നിക്ഷേപമായി നല്കിയ സംസ്ഥാന ഗവണ്മെന്റ് അഞ്ചുമാസത്തിനകം ദുരന്തത്തില്‍ കാണാതായ 91 പേരുടെ ആശ്രിതര്‍ക്കും തത്തുല്യമായ സഹായധനം അനുവദിച്ചു. നിരാലംബരായ കുടുംബങ്ങളിലെ 42 വനിതകള്‍ക്ക് മത്സ്യഫെഡ് വലനിര്‍മാണ ഫാക്ടറികളില്‍ ജോലി നല്‍കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അഞ്ചുലക്ഷം രൂപ സഹായം, ബോട്ടുകളും ജീവനോപാധികളും നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം, കുടുംബനാഥനെ നഷ്ടപ്പെട്ട വീടുകളിലെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, ബദല്‍ ജീവനപരിശീലനം, വീടുനഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം, സൗജന്യ റേഷന്‍ തുടങ്ങി നിരവധി ദുരിതാശ്വാസ-പുനരധിവാസ പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഓഖി ദുരിതാശ്വാസത്തിനായുള്ള ഫണ്ട് ശേഖരണം നല്ല രീതിയില്‍ പുരോഗമിക്കുമ്പോഴാണ് ഫണ്ട് വഴിമാറി ചെലവഴിക്കുന്നു, സുതാര്യതയില്ല തുടങ്ങിയ വിവാദങ്ങള്‍ ഉടലെടുക്കുന്നത്. ഓഖി പുനരധിവാസ പദ്ധതികളുടെ കാര്യത്തില്‍ സംസ്ഥാനം കഴിയുന്നതൊക്കെ ചെയ്തുവെന്ന് അവകാശപ്പെടുമ്പോഴും ദുരന്തനിവാരണത്തിനും അപായലഘൂകരണത്തിനുമുള്ള ചില അടിസ്ഥാന പ്രശ്നങ്ങളുടെ കാര്യത്തില്‍ അമാന്തവും അലംഭാവവും തുടരുന്നു എന്ന ആക്ഷേപം ബാക്കിയാവുന്നു.
ലോക ബാങ്ക് സഹായത്തോടെ തീരദേശ സംസ്ഥാനങ്ങള്‍ നടപ്പാക്കുന്ന ചുഴലിക്കാറ്റ് ദുരന്ത ലഘൂകരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കേരളത്തില്‍ 27 മള്‍ട്ടിപര്‍പ്പസ് ഷെല്‍റ്ററുകള്‍ നിര്‍മിക്കാനും, പ്രകൃതിക്ഷോഭം, കാലാവസ്ഥ വ്യതിയാനം എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ തീരപ്രദേശത്തും മത്സ്യത്തൊഴിലാളി സമൂഹത്തിലും യാനങ്ങളിലും സര്‍ക്കാര്‍ തലങ്ങളിലും പൊതുസമൂഹത്തിലും മറ്റും എത്തിക്കാനുള്ള ഏര്‍ളി വാണിംഗ് ഡിസെമിനേഷന്‍ സിസ്റ്റംസ് (ഇഡബ്ല്യുഡിഎസ്) ഏര്‍പ്പെടുത്താനുമുള്ള നിര്‍ദേശം- ആലപ്പുഴ മാരാരിക്കുളത്ത് ആദ്യ അഭയകേന്ദ്രത്തിന്റെ പണിനടക്കുന്നു എന്നതൊഴിച്ചാല്‍ – എങ്ങുമെത്തിയിട്ടില്ല.
കടലില്‍ പോകുന്ന എല്ലാ യാനങ്ങള്‍ക്കും ജിപിഎസ് ട്രാക്കിംഗ് സംവിധാനം ഒരുക്കി മത്സ്യത്തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കും എന്ന പ്രഖ്യാപനം നടപ്പാക്കുന്നതിന്റെ ആദ്യ നടപടിയാവണം ഏതാനും ദിവസം മുന്‍പ് സംസ്ഥാന മന്ത്രിസഭയുടേതായി വന്ന തീരുമാനം. ചുഴലിക്കാറ്റ്, സുനാമി, ഭൂചലനം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളെക്കുറിച്ചും കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും കടലില്‍ പോയിരിക്കുന്ന മത്സ്യബന്ധനയാനങ്ങള്‍ക്ക് മുന്നറിയിപ്പുനല്കുന്നതിനുള്ള ഉപഗ്രഹ ഫോണുകളും ‘നാവിക്’ നാവിഗേഷന്‍ ഉപകരണങ്ങളും 1,500 ബോട്ടുകള്‍ക്കു നല്‍കുന്നതിന് 25.36 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഐഎസ്ആര്‍ഒയുടെ സാങ്കേതിക സഹായത്തോടെ കെല്‍ട്രോണ്‍ വികസിപ്പിച്ചെടുത്ത നാവിക് സിസ്റ്റം 12 നോട്ടിക്കല്‍ മൈല്‍ പരിധിക്കു പുറത്ത് മീന്‍പിടിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ളതാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തിനുപോകുന്ന 1,000 തൊഴിലാളികള്‍ക്കാണ് സാറ്റലൈറ്റ് ഫോണ്‍ നല്‍കുന്നത്. 40,000 മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് വിതരണം ചെയ്യുന്നതിന് 610 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജാക്കറ്റിന് ഓരോ തൊഴിലാളിയും 250 രൂപ നല്‍കണം. ഓഖി ദുരിതാശ്വാസഫണ്ടില്‍ വേണ്ടത്ര കരുതലുണ്ടായിട്ടും ഈ സുരക്ഷാജാക്കറ്റുകള്‍ പോലും തീര്‍പ്പാക്കാന്‍ ഒരു കൊല്ലമെടുത്തു!
കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണമെന്നും ദക്ഷിണ മേഖലയിലെ സമുദ്രവിഭവ സമ്പത്തിന്റെ സുസ്ഥിര വികസനത്തിന് ഏകോപിത നടപടികള്‍ വേണമെന്നും നിര്‍ദേശിച്ചുകൊണ്ട് കേരളം ഏതാനും ആഴ്ച മുന്‍പ് കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനത്തില്‍ തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, ഗോവ ഫിഷറീസ് മന്ത്രിമാരില്ലായിരുന്നു. മഹാരാഷ്ട്ര, പോണ്ടിച്ചേരി മന്ത്രിമാര്‍ കേരളത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെത്തി.
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര തലത്തിലെന്നപോലെ മേഖലാ തലത്തില്‍ വളര്‍ത്തിയെടുക്കേണ്ട സൗഹൃദക്കൂട്ടായ്മ ദുരിതലഘൂകരണത്തിനായുള്ള വിശാലസഖ്യത്തിന് മുതല്‍ക്കൂട്ടാകുമെന്ന് ഓര്‍ക്കുക. ആഗോള താപനത്തില്‍ അറബിക്കടലില്‍ ഇനിയും വീശിയടിക്കും അതിശക്തമായ ചുഴലികള്‍!
Related
Related Articles
സിനഡ് ത്രിഘട്ട പ്രയാണത്തിന് തുടക്കമായി
വത്തിക്കാന്‍ സിറ്റി: ”സിനഡാത്മക സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം” എന്ന മുഖ്യ പരിചിന്തനാവിഷയത്തെ ആധാരമാക്കി നടത്തുന്ന സിനഡ് ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളെയും ഉള്‍ക്കൊള്ളാനും, പ്രത്യേകിച്ച് സാധാരണക്കാരെ
ഫോബ്സ് മാസികയില്‍ വിരാട് കോഹ്ലിയും
ലണ്ടന്‍: ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ഒന്നാമത്. ഫോബ്സ് മാസിക തയ്യാറാക്കിയ പട്ടികപ്രകാരം 803 കോടി രൂപയാണ് ഫെഡററുടെ
അവഗണനയുടെ അവതരണമായി കേന്ദ്ര ബജറ്റ്
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പൂര്‍ണ ചുമതലയുള്ള ഒരു വനിത ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ, വിശേഷിച്ച് കേരളത്തിലെ വനിതകളും കുടുംബിനികളും മോദി സര്‍ക്കാരിന്റെ രണ്ടാം ഇന്നിങ്സില്‍