ഓഖി ദുരിതാശ്വാസം ഇനിയും വൈകരുത്

ഓഖി ദുരിതാശ്വാസം ഇനിയും വൈകരുത്

ആധുനിക കേരളചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായ തൊണ്ണൂറ്റൊമ്പതിലെ (കൊല്ലവര്‍ഷം 1099, ക്രിസ്ത്വബ്ദം 1924) വെള്ളപ്പൊക്കത്തില്‍ അന്നത്തെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ എന്തെല്ലാം അടിയന്തര നടപടികളാണ് സ്വീകരിച്ചത്, എങ്ങനെയാണ് ദീര്‍ഘകാല നയങ്ങള്‍ക്കു രൂപം നല്‍കിയത് എന്ന ചരിത്രപഠനം സ്പര്‍ശിച്ചുകൊണ്ടാണ് തീരദേശത്തിന്റെ പ്രതിനിധി കൂടിയായ ധനമന്ത്രി തോമസ് ഐസക് 2018-19ലെ സംസ്ഥാന ബജറ്റില്‍ തീരദേശത്തിനായി 2,000 കോടി രൂപയുടെ ഓഖി പാക്കേജ് പ്രഖ്യാപിച്ചത്. 2017 നവംബര്‍ 29-30 തീയതികളിലായി കേരളത്തെയാകെ വിറപ്പിച്ച് അറബിക്കടലില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരിതങ്ങളുടെ മധ്യേ സംസ്ഥാനം സ്വീകരിച്ച അടിയന്തര നടപടികളും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും രാജ്യവ്യാപകമായ അംഗീകാരം നേടിയെന്നും ഇതരസംസ്ഥാനങ്ങള്‍ക്കുപോലും അനുകരിക്കാവുന്ന മാതൃകതന്നെയാണ് നാം സൃഷ്ടിച്ചതെന്നും അവകാശപ്പെട്ടുകൊണ്ടാണ് ‘അതിന്റെ തുടര്‍ച്ചയായി ദീര്‍ഘകാല തീരദേശ ദുരന്തനിവാരണ വികസന പദ്ധതിയുടെ’ കരടുരൂപത്തിലേക്ക് ധനമന്ത്രി പോകുന്നത്.

ഓഖി ചുഴലിക്കാറ്റ് കേരളത്തിന്റെ തെക്കന്‍ തീരത്ത് ‘സമാനതകളില്ലാത്ത ദുരന്തമായി’ രൂപാന്തരപ്പെട്ടപ്പോഴും തുടര്‍ന്ന് കഴിഞ്ഞ നാലു മാസത്തിനിടയിലും കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നല്ല മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ അത് സര്‍വാത്മനാ അംഗീകരിക്കേണ്ടതുണ്ട്. രാഷ്ട്രീയ അനുഭാവത്തിനും സാമുദായിക വേര്‍തിരിവിനും അതീതമായ സമീപനമാണ് ഇത്തരം മഹാദുരന്തങ്ങളുടെ പ്രതിസന്ധിഘട്ടങ്ങളില്‍ സ്വീകരിക്കേണ്ടത്. ഓഖി ദുരന്തത്തിന്റെ കെടുതികള്‍ കടലോരത്തെ ഒരു പ്രത്യേക ജനവിഭാഗത്തിന്റെ മാത്രം പ്രശ്‌നമായി പരിമിതപ്പെടുത്തുന്ന രാഷ്ട്രീയം ജനാധിപത്യ മൂല്യങ്ങള്‍ക്കും സാമൂഹിക നീതിക്കും എതിരാണ്. കേരള ജനത ഒറ്റക്കെട്ടായി നേരിടേണ്ട വെല്ലുവിളിയാണിത്. കേരള സമൂഹത്തിന്റെ അതിജീവനത്തിന്റെ പ്രശ്‌നം.

ദുരന്ത നിവാരണ അതോറിറ്റി, റവന്യു വകുപ്പ് (മന്ത്രി, റവന്യു സെക്രട്ടറി തൊട്ട് ജില്ലാ കളക്ടര്‍, തഹസില്‍ദാര്‍, വില്ലേജ്മാന്‍ വരെ), ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, തീരദേശ പൊലീസ്, തീരരക്ഷാ സേന, ഇന്ത്യന്‍ നേവി, കാലാവസ്ഥ വകുപ്പ്, തദ്ദേശ സ്വയംഭരണ സംവിധാനം, സര്‍ക്കാര്‍ ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയും ഇതര തീരസംസ്ഥാനങ്ങള്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, രാജ്യരക്ഷാവകുപ്പ്, കൃഷിമന്ത്രാലയം, ഷിപ്പിംഗ്-നാവിഗേഷന്‍ വകുപ്പ്, തുറമുഖങ്ങള്‍, രാജ്യാന്തര കപ്പലോട്ട സംഘടന, സമുദ്രതീര രാജ്യങ്ങളുമായുള്ള നയതന്ത്ര ശൃംഖല തുടങ്ങിയവയും വരെ വ്യത്യസ്ത തലങ്ങളില്‍ വിപുലമായ തോതില്‍ ഒട്ടേറെ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ട നിര്‍ണായക ഘട്ടത്തില്‍ പരസ്പരം പഴിചാരിയും സ്വയം ന്യായീകരിച്ചും ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ശരിയല്ല. ഭരണകൂടത്തിന്റെ ശക്തിയും കാര്യശേഷിയും മികവും ഏറ്റവും പ്രകടമായി കാണേണ്ടത് ഇത്തരം ആപല്‍സന്ധികളിലാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താനും ദുരിതക്കെടുതികളെ പ്രതിരോധിക്കാനുമുള്ള അടിയന്തര നടപടികളുടെ ഏകോപനം, സൂക്ഷ്മവും സമഗ്രവുമായ തന്ത്രം, ആസൂത്രണം, നിര്‍വഹണം, ധനവിനിയോഗം, സാമൂഹിക ക്ഷേമവും നീതിയും നടപ്പാക്കല്‍ തുടങ്ങി സര്‍ക്കാരിനു മാത്രം ചെയ്യാവുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തതയുണ്ട്. ഇതില്‍ എന്തെങ്കിലും വീഴ്ച പറ്റിയാല്‍ അതു പരിശോധിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ഭരണാധികാരികളുടെ പ്രാഥമിക ചുമതലയാണ്.

ഓഖി ചുഴലിക്കാറ്റിന്റെ ആഘാതം ഏറ്റവും തീവ്രമായി അനുഭവപ്പെട്ട മേഖല കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെയും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെയും തീരപ്രദേശമാണ്. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ  അതിരുകള്‍ക്കുള്ളിലാണ് ഏറെ ജീവഹാനിയും വ്യാപകമായ നാശനഷ്ടവുമുണ്ടായത്. ദുരിതബാധിതരോടൊപ്പം നില്‍ക്കുന്ന കത്തോലിക്കാ സഭയുടെ അജപാലകരും പ്രതിനിധികളും അവരുടെ ജീവന്മരണപ്രശ്‌നങ്ങളില്‍ ഇടപെടുന്നത് സ്വാഭാവികമാണ്. കേട്ടുകേള്‍വിപോലുമില്ലാത്ത വണ്ണം കടല്‍ പ്രക്ഷുബ്ധമാകുന്നത് അറിഞ്ഞതു മുതല്‍ ഇന്നുവരെ തീരമേഖലയിലെ പാവപ്പെട്ടവരുടെ നിലയ്ക്കാത്ത നിലവിളി കേള്‍ക്കുകയും കണ്ണീരു കാണുകയും ചെയ്യുന്നവര്‍ എല്ലാം നഷ്ടപ്പെട്ടവരുടെ പക്ഷത്തുനിന്ന് സംസാരിക്കുമ്പോള്‍ അതില്‍ സങ്കടവും രോഷവും നിരാശയുമൊക്കെ പ്രതിഫലിക്കാതിരിക്കില്ല. തീരദേശ ജനതയുടെ അവകാശങ്ങളും ആവശ്യങ്ങളും ഉയര്‍ത്തിക്കാട്ടുന്നവരോട് അസഹിഷ്ണുത പുലര്‍ത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ജനവികാരം തീരെ മനസിലാകുന്നില്ലെന്നുണ്ടോ!

ഓഖി ദുരന്തത്തില്‍ കേരളത്തില്‍ മരിച്ചവര്‍ 52, കടലില്‍ കാണാതായവര്‍ 102, വള്ളമോ ബോട്ടോ മത്സ്യബന്ധന ഉപകരണങ്ങളോ നഷ്ടപ്പെട്ടവര്‍ 354 പേര്‍ എന്നിങ്ങനെയുള്ള കണക്കുകളാണ് ഫിഷറീസ് മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത്. മത്സ്യഗ്രാമങ്ങളിലെ ഓരോ വീട്ടിലും നിന്നു ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മരിച്ചവരുടെയും കാണാതായവരുടെയും പരിക്കേറ്റവരുടെയും വ്യക്തമായ പട്ടികയും, നാശനഷ്ടങ്ങളുടെ വിശദമായ കണക്കും തിരുവനന്തപുരം അതിരൂപത ആദ്യമേ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. കണക്കിലെ പൊരുത്തക്കേടുകളെക്കുറിച്ച് തര്‍ക്കിക്കുന്നതിനു പകരം ദുരിതാശ്വാസത്തിന്റെ നിര്‍വചിക്കപ്പെട്ട മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹരായവര്‍ക്കെല്ലാം മുന്‍ഗണനാക്രമത്തില്‍ സമയബന്ധിതമായി സഹായം എത്തിക്കാനാണ് ശ്രമിക്കേണ്ടത്. ഇത്രയും ഭയാനകമായ ഒരാഘാതം ജീവിതത്തിലുണ്ടാകുമ്പോള്‍, കണ്‍മുന്‍പില്‍ എല്ലാം തകര്‍ന്നുവീഴുമ്പോള്‍, ഒരിക്കലും മോചനമില്ലാത്തവണ്ണം ഭീമമായ കടബാധ്യതകളില്‍പെട്ട് വലയുമ്പോള്‍ ഈ പാവങ്ങളോടൊപ്പം നില്‍ക്കുക എന്ന പ്രാഥമിക ധര്‍മ്മം നിറവേറ്റുന്നതിന്റെ ഭാഗമായാണ് സമുദായ നേതൃത്വം സര്‍ക്കാരിനു മുന്‍പില്‍ നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നത്. അതിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് ഗൗരവതരമായ രീതിയില്‍ ഇടപെടാനുള്ള ആര്‍ജവമാണ് സര്‍ക്കാരില്‍ നിന്നു പ്രതീക്ഷിക്കേണ്ടത്.

ഓഖി ദുരിതാശ്വാസത്തിന് 7340 കോടി രൂപയുടെ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു മുന്‍പാകെ സമര്‍പ്പിച്ചത്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 24 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉയര്‍ന്നിരുന്നത്. കടലില്‍ കാണാതായവരുടെ ആശ്രിതര്‍ക്കും സമാനമായ തോതില്‍ സഹായധനം കിട്ടുമെന്നും ഉറപ്പുനല്‍കിയിരുന്നു. തൊഴില്‍ ചെയ്യാനാവാത്തവണ്ണം പരിക്കേറ്റവര്‍ക്കും ആശ്രയമറ്റ കുടുംബങ്ങള്‍ക്കും ബദല്‍ ജീവനോപാധികളും സര്‍ക്കാര്‍ ജോലിയും കടബാധ്യതകളില്‍ നിന്നുള്ള മുക്തിയും ഉള്‍പ്പെടെ സമഗ്രമായ ദുരിതാശ്വാസ നടപടികളും പദ്ധതികളും പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്നുള്ള സഹായം കാത്തിരിക്കുകയായിരുന്നു. ദേശീയ ദുരന്തം എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ല എന്ന വാദം ഉന്നയിച്ചുകൊണ്ടിരുന്ന കേന്ദ്ര സര്‍ക്കാര്‍ എന്തായാലും ഓഖിയുടെ പേരില്‍ കേരളത്തിന് വിശേഷിച്ചൊരു പാക്കേജ് അനുവദിക്കാന്‍ താല്പര്യം കാണിച്ചില്ല എന്നതോ പോകട്ടെ, നാമമാത്രമായ സഹായമാണ് പ്രഖ്യാപിച്ചത്. കേന്ദ്രത്തിന്റെ നിലപാടില്‍ ആദ്യമൊക്കെ സന്തുഷ്ടി പ്രകടിപ്പിച്ചുകണ്ട സംസ്ഥാന ഭരണനേതൃത്വത്തിന് ഒടുവില്‍ പ്രധാന്‍മന്ത്രി സുരക്ഷാ ബീമാ യോജനയില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതമെങ്കിലും കിട്ടിയാല്‍ മതി എന്നായി. കേന്ദ്രത്തില്‍ എത്രകണ്ടു സമ്മര്‍ദം ചെലുത്തിയാലും വലിയ പാക്കേജൊന്നും വരാന്‍ പോകുന്നില്ല എന്നു സാരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് സംഭാവന ലഭിച്ചു എന്ന് തെല്ല് ആശ്വസിക്കാം.

ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം ട്രഷറിയിലെ സ്ഥിരം നിക്ഷേപത്തിന്റെ പലിശ എന്ന നിലയില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ താരതമ്യേന വേഗത്തില്‍ നടപടി സ്വീകരിച്ചു. മാതാപിതാക്കള്‍, ഭാര്യ, മക്കള്‍, ആശ്രിതരായ സഹോദരങ്ങള്‍ എന്നിങ്ങനെ ഓരോ അവകാശിക്കും തര്‍ക്കമറ്റ രീതിയില്‍ നിശ്ചിത തുക ഉറപ്പാക്കുന്ന ട്രഷറി അക്കൗണ്ടിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പലതാണ്. ഓഖി ദുരന്തവും ദുരിതാശ്വാസ നടപടികളും കൈകാര്യം ചെയ്യുന്നതില്‍ നമ്മളെക്കാള്‍ മോശമെന്നു നാം കരുതിയ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഓരോ കുടുംബത്തിനും പത്തു ലക്ഷം രൂപ കൈയോടെ നല്‍കുകയും ബാക്കി 10 ലക്ഷം സ്ഥിരം നിക്ഷേപമാക്കുകയും ചെയ്തു. കന്യാകുമാരി ജില്ലയിലെ തൂത്തൂരില്‍ നിന്ന് നഷ്ടപ്പെട്ട 144 പേരുടെ ആശ്രിതര്‍ക്കും അവര്‍ പ്രഖ്യാപിച്ച സഹായധനം നല്‍കിക്കഴിഞ്ഞു. കടലില്‍ കാണാതായവരുടെ പേരുവിവരങ്ങള്‍ ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ അവിടെ ഒരു നിയമതടസവും ഉണ്ടായില്ല. കേരളത്തിലാകട്ടെ, കടലില്‍ കാണാതായവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള സാങ്കേതിക തടസങ്ങള്‍ ബാക്കിനില്‍ക്കുന്നു. ചെക്കുകള്‍ എഴുതിക്കഴിഞ്ഞുവെന്നും പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ സഹായവിതരണമുണ്ടാകുമെന്നും ഔദ്യോഗിക പക്ഷത്തു നിന്നു സൂചനകളുണ്ട്. ദുരന്തത്തിന്റെ ആഘാതത്തില്‍ ക്ഷതമേറ്റും മാനസികമായി തളര്‍ന്നും മീന്‍പിടിക്കാനുള്ള വള്ളവും വലകളും മറ്റ് ഉപാധികളും നഷ്ടപ്പെട്ടും തൊഴില്‍ ചെയ്യാനാവാതെ കഴിയുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള സഹായധനത്തിന്റെ കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. വീടുകള്‍ നഷ്ടപ്പെട്ടവരും ഉറ്റവരെ നഷ്ടപ്പെട്ടവരും കുട്ടികളെ പോറ്റാനും പഠിപ്പിക്കാനും വഴികാണാതെ വിഷമിക്കുന്നവരും സര്‍ക്കാരിന്റെ സഹായം കാത്തിരിപ്പാണ്.

ഓഖി ചുഴലിക്കാറ്റിനെ മുന്നറിയിപ്പായി കാണണമെന്നും, കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിനുള്ള മുന്‍കരുതലുകളുടെ കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും വിദഗ്ധര്‍ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. മത്സ്യഗ്രാമങ്ങളിലും മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും യഥാസമയം കാലാവസ്ഥ മുന്നറിയിപ്പുകള്‍ എത്തിക്കുന്നതിനും അടിയന്തര രക്ഷാനടപടികള്‍ ഉറപ്പാക്കുന്നതിനുമുള്ള സംവിധാനം സൃഷ്ടിക്കുന്നതിന് സാറ്റലൈറ്റ് വിവര വിനിമയ ശൃംഖലയ്ക്കു രൂപം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ, കേരള തീരത്തേക്കു നീങ്ങാന്‍ സാധ്യതയുള്ള അതിന്യൂനമര്‍ദത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് അറിയിപ്പുണ്ടായതോടെ വീണ്ടും ഈ വിഷയം ചര്‍ച്ചയ്ക്കുവന്നു എന്നതൊഴിച്ചാല്‍ ഇക്കാര്യത്തില്‍ പ്രായോഗിക തലത്തില്‍ നടപടിയൊന്നും കണ്ടില്ല.

ഓഖിയുടെ പശ്ചാത്തലത്തില്‍ തീരദേശ വികസന പാക്കേജിന്റെ വിശദ പദ്ധതി രേഖ ആഗോള അംഗീകാരമുള്ള ഏജന്‍സിയെക്കൊണ്ട് തയാറാക്കുന്നതിന് 10 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം ഒരുപക്ഷെ ഏതെങ്കിലും ഒരു ഇന്റര്‍നാഷണല്‍ ഏജന്‍സിയെ ഇതിനായി കണ്ടെത്തിയെന്നിരിക്കാം. എന്നാല്‍ പദ്ധതികളുടെ കാര്യം വരുമ്പോള്‍ ധനമന്ത്രി പ്രിയങ്കരിയായ കവയിത്രി സുഗതകുമാരിയുടെ വരികള്‍ തീരദേശവാസികളെ ചൊല്ലികേള്‍പ്പിക്കും: ‘കടലമ്മ തന്‍ മാറില്‍ കളിച്ചുവളര്‍ന്നവര്‍, കരുത്തര്‍/ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു വീണ്ടും ഞങ്ങള്‍.’


Related Articles

പരമോന്നത നീതിപീഠത്തിനും ഭീഷണി

മാനവചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ജനാധിപത്യ പ്രക്രിയ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പാതിവഴിയെത്തും മുന്‍പാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം രാജ്യത്തെ ഓര്‍ക്കാപ്പുറത്ത് ഞെട്ടിച്ചത്. ജുഡീഷ്യറിയുടെ സ്വതന്ത്ര സ്വഭാവം

അരുമക്കിടാങ്ങളുടെ നിലയ്ക്കാത്ത രോദനം

നിഷ്‌കളങ്ക ബാല്യങ്ങളുടെ നൈര്‍മല്യവും നാടിന്റെ നന്മയും ചവിട്ടിമെതിക്കപ്പെടുന്നു. പവിത്രവും അലംഘനീയവുമായ ധാര്‍മിക മൂല്യങ്ങള്‍ക്കും സന്മാര്‍ഗപാഠങ്ങള്‍ക്കും ചോരച്ചാര്‍ച്ചയ്ക്കും ഒരു വിലയും കല്പിക്കാത്ത, സ്‌നേഹത്തിന്റെയും കരുതലിന്റെയും അലിവിന്റെയും മനുഷ്യത്വത്തിന്റെയും അര്‍ഥമെന്തെന്ന്

പാളിപ്പോയ കുതന്ത്രങ്ങളും പ്രത്യാശയുടെ ദൃഷ്ടാന്തങ്ങളും

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിദൗര്‍ബല്യങ്ങളുടെ ദൂഷിതവും സമ്മോഹനവുമായ ദൃഷ്ടാന്തങ്ങളാണ് കര്‍ണാടക വിധാന്‍ സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ അരങ്ങേറിയ ഉദ്വേഗഭരിതമായ രാഷ്ട്രീയ നാടകത്തിലെ ഓരോ രംഗത്തും മാറിമാറി തെളിഞ്ഞുവന്നത്. ത്രികോണ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*