ഓണ്‍ലൈന്‍’ വിദ്യാഭ്യാസം 25 കോടി കുട്ടികള്‍ പിന്തള്ളപ്പെട്ടു വിദ്യാഭ്യാസം പ്രത്യാശയുടെ പ്രക്രിയയാകണം-ഫ്രാന്‍സിസ് പാപ്പാ

ഓണ്‍ലൈന്‍’ വിദ്യാഭ്യാസം 25 കോടി കുട്ടികള്‍ പിന്തള്ളപ്പെട്ടു വിദ്യാഭ്യാസം പ്രത്യാശയുടെ പ്രക്രിയയാകണം-ഫ്രാന്‍സിസ് പാപ്പാ
 
ഫാ. വില്യം നെല്ലിക്കല്‍
 
വത്തിക്കാന്‍ സിറ്റി: ആഗോളതലത്തില്‍ വിദ്യാഭ്യാസ സംവിധാനങ്ങളുടെ എല്ലാ മേഖലകളെയും കൊവിഡ്-19 നിഷേധാത്മകമായി ബാധിച്ചിട്ടുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. ഒക്ടോബര്‍ 15ന് റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയുടെ വേദിയില്‍ ചേര്‍ന്ന വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ പ്രതിനിധിസംഘത്തെയും, മറ്റു രാജ്യങ്ങളിലെ പ്രതിനിധികളെയും അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കാന്‍ ലോകത്ത് എവിടെയും ധൃതഗതിയില്‍ നടത്തിയ പ്രതിവിധി ‘ഓണ്‍ലൈന്‍’ വിദ്യാഭ്യാസമായിരുന്നെങ്കിലും, സാങ്കേതിക സൗകര്യങ്ങളില്‍ ഓരോ രാജ്യത്തും സമൂഹങ്ങളിലുമുള്ള വലിയ അന്തരങ്ങളും അസമത്വങ്ങളും ഈ സംരംഭം വെളിപ്പെടുത്തുകയുണ്ടായി. ഇതുവഴി കുട്ടികളും  കൗമാരപ്രായക്കാരുമായി വന്‍കൂട്ടങ്ങളാണ് നിരവധിരാജ്യങ്ങളില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചുപോകേണ്ടി വന്നിരിക്കുന്നത്. രാജ്യാന്തര വിദ്യാഭ്യാസ ഏജന്‍സികളുടെ അഭിപ്രായത്തില്‍ മഹാമാരി ഈ മേഖലയില്‍  ‘വിദ്യാഭ്യാസത്തിന്റെ ഒരു മഹാദുരന്ത’ത്തിനാണ് കാരണമാക്കിയിരിക്കുന്നത്. അതായത് രാജ്യാന്തര ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം 25 കോടിയോളം കുട്ടികളാണ് മഹാമാരിയുടെ കാലത്ത് വിദ്യാഭ്യാസത്തില്‍നിന്നു പുറന്തള്ളപ്പെട്ടിരിക്കുന്നത്.

നൂതനമായൊരു വിദ്യാഭ്യാസ മാതൃകയുടെ ആവശ്യം
വൈറസ്ബാധയുടെ വിപത്ത് ആരോഗ്യത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മാത്രമല്ല മനുഷ്യജീവിതത്തിന്റെ എല്ലാമേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ട്. അതിനാല്‍ സാമൂഹ്യ ജീവിതത്തിന്റെ എല്ലാതലങ്ങളും  ഉള്‍ക്കൊള്ളുന്ന നവമായൊരു വിദ്യാഭ്യാസസാംസ്‌ക്കാരിക മാതൃക സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് പാപ്പാ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

മാനവികതയ്ക്ക് പ്രത്യാശ പകരേണ്ട വിദ്യാഭ്യാസം
സമൂഹത്തെ രൂപാന്തരപ്പെടുത്തുന്നതും ജീവിതത്തിന് പ്രത്യാശ പകരുന്നതുമാവണം എന്നും വിദ്യാഭ്യാസം.  ഇച്ഛാശക്തിയുടെ നിഷേധം, വിധിയെ പഴിച്ചുള്ള ജീവിതം, സ്വാര്‍ത്ഥത, മിഥ്യാധാരണകളിലെ ജീവിതം എന്നിവ പാടെ തട്ടിമാറ്റി പ്രത്യാശയുടെ ബോധ്യങ്ങളില്‍ വളരാന്‍ സഹായിക്കുന്ന വിദ്യാഭ്യാസ സംവിധാനം അനിവാര്യമാണ്. വിദ്യാഭ്യാസം പ്രത്യാശയുടെ പ്രക്രിയയാണ്. നിസംഗത കൈവെടിഞ്ഞ് പരസ്പരാശ്രിതത്ത്വത്തോടെ സമൂഹം ഐക്യദാര്‍ഢ്യത്തില്‍ വളരുന്ന ഒരു അവസ്ഥാവിശേഷം വിദ്യാഭ്യാസ മേഖലയിലൂടെ വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണ്.

സമൂഹത്തെ അഭിവൃദ്ധിപ്പെടുത്തേണ്ട വിദ്യാഭ്യാസമേഖല
ജീവിതത്തില്‍ നൂതന മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ട് ഇന്നത്തെ വെല്ലുവിളികളെ മറികടക്കുവാനും സമൂഹജീവിതം മെച്ചപ്പെടുത്തുവാനും നവമായൊരു വിദ്യാഭ്യാസരീതി ആവശ്യമാണ്. ചരിത്രത്തെ കൂടുതല്‍ മാനവികമാക്കുവാന്‍ ഫലവത്തായ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കേണ്ടിയിരിക്കുന്നു.  വ്യക്തിമാഹാത്മ്യവാദത്തിന്റെ സംസ്‌കാരം പാടേ ഉപേക്ഷിച്ച്, പരസ്പരധാരണയും, ഭാവനയും ചിന്തയും, അപരനായുള്ള കരുതലും, സംവാദവും, സാഹോദര്യവും വളര്‍ത്തുന്ന രീതികള്‍ വളര്‍ത്തിയെടുക്കണം.

എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന രീതി
ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന തരത്തിലുള്ള നവമായ സമര്‍പ്പണം വിദ്യാഭ്യാസ രംഗത്ത് അനിവാര്യമാണെന്ന് പാപ്പാ സന്ദേശത്തില്‍ വ്യക്തമാക്കി. സാമൂഹിക അനീതി, അവകാശ ലംഘനം, ദാരിദ്ര്യം, പാഴാക്കപ്പെടുന്ന മനുഷ്യജീവിതങ്ങള്‍ എന്നീ തിന്മകളെ അവഗണിക്കാത്തതും, എന്നാല്‍ അവയെ കീഴടക്കുന്നതുമാവണം നൂതനമായ വിദ്യാഭ്യാസ സംവിധാനം. അതിക്രമങ്ങളോടും സാമൂഹ്യ അനീതിയോടും നിസംഗത പുലര്‍ത്താത്ത സമഗ്രവും സംയോജിതവുമായൊരു സംവിധാനമാണ് നമുക്ക് ആവശ്യമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. അതിനായി സവിശേഷമായ ഈ ചരിത്രസന്ധിയില്‍ നമുക്കുവേണ്ടി മാത്രമല്ല, ഭാവിതലമുറയ്ക്കും ഉപകാരപ്രദമാകുന്ന വിധത്തില്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ നവീകരിക്കണം. പക്വതയുള്ള സ്ത്രീ പുരുഷന്മാരെ സമൂഹത്തില്‍ രൂപപ്പെടുത്തുന്നതിന് കുടുംബങ്ങളെയും സമൂഹങ്ങളെയും, സ്‌കൂളുകളെയും, യൂണിവേഴ്സിറ്റികളെയും, സ്ഥാപനങ്ങളെയും, മതങ്ങളെയും, സര്‍ക്കാരുകളെയും, മാനവകുടുംബത്തെ ആകമാനവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിദ്യാഭ്യാസരീതി ചിട്ടപ്പെടുത്തി എടുക്കണം.
നവമായ രീതി ഒരു കൂട്ടുത്തരവാദിത്ത്വം

കലങ്ങിമറിഞ്ഞ സമൂഹത്തെ സമാധാനം, നീതി, നന്മ, സൗന്ദര്യം, പാരസ്പരികത, സാഹോദര്യം എന്നീ തലങ്ങളില്‍ ബലപ്പെടുത്തുവാന്‍ സംസ്‌കാരം, ശാസ്ത്രം, കായികം, കല, മാധ്യമം എന്നീ മേഖലകളിലുള്ളവരുടെ സഹായവും സഹകരണവും ആവശ്യമാണ്. സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതും അതിനായി നവമായ രീതികള്‍ സൃഷ്ടിക്കേണ്ടതും ഒരു കൂട്ടുത്തരവാദിത്ത്വമാണ്. സമൂഹത്തില്‍ വെറുപ്പും വൈരാഗ്യവും വളര്‍ത്തുന്നതിനു പകരം, നമ്മില്‍ കുടികൊള്ളുന്ന ലോലമായ സാഹോദര്യത്തിന്റെ ആന്തരിക സ്വരം ഉള്‍ക്കൊണ്ട്, അപരന്റെ വേദനയില്‍ സ്പന്ദിക്കുന്ന നല്ല സമരിയക്കാരന്റെ നിലപാടു സ്വീകരിക്കാമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

വിദ്യാഭ്യാസ മേഖലയിലെ പൊതുവായ സമര്‍പ്പണത്തിനുള്ള കാരണങ്ങള്‍
എല്ലാത്തരം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രസ്ഥാനത്ത് മനുഷ്യനായിരിക്കണം. ഓരോ വ്യക്തിയുടെയും അന്തസ്സും നീതിയും സമാധാനവും മാനിക്കുവാന്‍ കുട്ടികളുടെയും യുവജനങ്ങളുടെയും ശബ്ദം നാം ശ്രവിക്കണം. പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും വിദ്യാഭ്യാസത്തിലുള്ള പൂര്‍ണ്ണപങ്കാളിത്തം ഉറപ്പുവരുത്തണം. കുടുംബങ്ങളില്‍ വിദ്യാഭ്യാസത്തിന് പ്രത്യേക സ്ഥാനമുണ്ടാവണം. വ്രണിതാക്കളെയും പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും അംഗീകരിക്കുന്ന രീതിയില്‍ വിദ്യാഭ്യാസം നല്കുവാനും, അതു നേടിയെടുക്കുവാനും സാധിക്കണം.
ഒരു സംയോജിത പരിസ്ഥിതിയുടെ പശ്ചാത്തലത്തില്‍ സമ്പത്ത്, രാഷ്ട്രീയം, വളര്‍ച്ച, വികസനം എന്നിവ മനുഷ്യന്റെ നന്മയ്ക്കും സേവനത്തിനും, മാനവകുടുംബത്തിന്റെ ശ്രേയസിനും എന്നുള്ള നൂതനമായ ധാരണ വിദ്യാഭ്യാസത്തിലൂടെ വികസിപ്പിച്ചെടുക്കണം.
നമ്മുടെ പൊതുഭവനമായ ഭൂമി ഇന്നിന്റെ മാത്രമല്ല ഭാവി തലമുറയുടെയും നന്മയ്ക്കായി പരിരക്ഷിക്കപ്പെടണം എന്ന കാഴ്ചപ്പാടും മിതമായ ജീവിതശൈലിയും വിദ്യാഭ്യാസത്തിലൂടെ പകര്‍ന്നുനല്കണം.
എല്ലാ ഊര്‍ജ്ജവും കഴിവുകളും ഉപയോഗപ്പെടുത്തിക്കൊണ്ട് പൗരസമൂഹത്തോടു കൈകോര്‍ത്ത് ക്രിയാത്മകവും രൂപാന്തരീകരണ സ്വഭാവവുമുള്ള നൂതനമായ വിദ്യാഭ്യാസ രീതിക്കായി പരിശ്രമിക്കാം. സഭയുടെ സാമൂഹിക പ്രബോധനങ്ങളും, സുവിശേഷവും ക്രൈസ്തവ മാനവികതയും ഈ ഉദ്യമത്തില്‍ മാര്‍ഗ്ഗരേഖയാവട്ടെയെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.


Related Articles

മദ്യത്തിന് കോടതിയുടെ ലോക്ക്

കൊച്ചി: മദ്യാസക്തിയുള്ളവര്‍ക്ക് ലോക്ഡൗണ്‍ കാലത്ത് മദ്യം വീട്ടില്‍ കൊണ്ടുചെന്നു നല്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്‌റ്റേ ചെയ്തു. ടി.എന്‍.പ്രതാപന്‍ എംപിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി തീരുമാനം. മൂന്നാഴ്ചത്തേയ്ക്കാണ്

നവമാധ്യമങ്ങളിൽ  നിഷ്കളങ്കരുടെ നിസ്സംഗത ആപൽകരം : ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്

  നല്ല മനുഷ്യരുടെ നിശബ്ദതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നവമാധ്യമ പ്രവർത്തകർ അവരുടെ നിശബ്ദതയെ പിന്തുണയ്ക്കാതെ, അവരുടെ വക്താക്കളായി മാറണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത

വല്ലാര്‍പാടത്തിനുശേഷം എങ്ങോട്ട്?

വല്ലാര്‍പാടം മിഷന്‍ കോണ്‍ഗ്രസ് വിജയകരമായി സമാപിച്ചിട്ട് ആറു മാസങ്ങള്‍ കടന്നു പോയിരിക്കുന്നു. കേരള ലത്തീന്‍ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട ഒരു മഹാസംഭവമായിരുന്നു 2017

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*