ഓണ്‍ലൈന്‍ വ്യക്തിഹത്യ പൊലീസ് എന്തുചെയ്യും ?

ആശയവിനിമയ സ്വാതന്ത്ര്യം മൗലികാവകാശമാണ്. എന്നാല്‍ അപരന് ശല്യമാകുന്നതോ വ്യക്തിഹത്യയിലെത്തുന്നതോ ആയ സ്വാതന്ത്ര്യം അനുവദനീയമല്ല. ഒരുകാലത്ത് ഇത്തരം ശല്യങ്ങള് പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന ക്രിമിനല്‍ കുറ്റമായിരുന്നു. പിന്നീട് സുപ്രീംകോടതി ഇടപെട്ട് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ വകുപ്പ് 66 അ, കേരള പോലീസ് നിയമത്തിലെ വകുപ്പ് 118 (ഡി) എന്നിവ റദ്ദാക്കിയപ്പോള്‍ (ശ്രേയ സിംഗാള്‍ കേസ്) ഇത്തരം വിഷയങ്ങളില്‍ പോലീസിന് പഴയപോലെ കേസ് എടുക്കാന്‍ പറ്റാത്ത സാഹചര്യം ആയി.
എന്നിരുന്നാലും ഇന്ന് സൈബര്‍ മേഖലയില്‍ വര്‍ധിച്ചുവരുന്ന വ്യക്തിഹത്യയും സ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങളും തടയുന്നതിന് നിതാന്ത ജാഗ്രത പുലര്‍ത്തി കേരള പോലീസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് ഓര്‍ഡര്‍ (4/2019- തീയതി 7/2/19)
ഏതൊക്കെ വിഷയങ്ങളില്‍ പോലീസിന് കേസെടുക്കാം
സൈബര്‍ മേഖലയിലെ സന്ദേശങ്ങളില്‍ കുറ്റകൃത്യം നടത്താനുള്ള ഉദ്ദേശ്യം വെളിപ്പെടുക, വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിടുക, രാജ്യസുരക്ഷയ്ക്കും രാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിനും ഭംഗം വരുത്തുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക, അശ്ലീല സന്ദേശങ്ങള്‍ എന്നീ ഘട്ടങ്ങളില്‍ പൊലീസ് നേരിട്ട് കേസെടുക്കും. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കുറ്റക്കാരനെങ്കില്‍ അറസ്റ്റും ഉണ്ടാകും.
വ്യക്തിഹത്യയും മാനഹാനിയും എങ്ങനെ നേരിടും
പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ വരുന്നില്ലെങ്കിലും മറ്റൊരാളെ മാനസികമായി തകര്‍ക്കുന്നതിനും കളിയാക്കുന്നതിനും അവരുടെ വ്യക്തിജീവിതത്തില്‍ ഇടപെടുന്നതിനും സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരെ നേരിടുന്നതിന് പൊലീസ് സന്നദ്ധമാണ്. മുന്‍പ് സൂചിപ്പിച്ച ശ്രേയ സിംഗാള്‍ കേസിനുശേഷം ഇത്തരം കാര്യങ്ങളില്‍ പൊലീസിന് ക്രിമിനല്‍ കേസ് നേരിട്ട് എടുക്കാന്‍ സാധിക്കില്ല. പകരം നിയമനിര്‍മാണം ഇതുവരെ നടത്തിയിട്ടുമില്ല. മാനഹാനി കേസുകളുമായി നേരിട്ട് കോടതിയെ സമീപിക്കുക എന്നുള്ളത് എല്ലാവര്ക്കും പ്രായോഗികവുമല്ല. ഇത്തരം സാഹചര്യങ്ങളില്‍ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസ് ഇടപെടല്‍ അത്യാവശ്യമാണ് എന്നതിനാല്‍ അത്തരം പരാതികള്‍ എല്ലാ പൊലീസ് സ്റ്റേഷനിലും ‘പെറ്റീഷന്’ ആയി സ്വീകരിക്കണമെന്നും അന്വേഷണം നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുറ്റക്കാരെ കണ്ടെത്തി പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും ഭവിഷ്യത്തുകളെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യണം എന്നാണ് എല്ലാ പോലീസ് സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മാര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അത്തരം അന്വേഷണത്തിന്റെ ഭാഗമായി എന്തെങ്കിലും ക്രിമിനല്‍ കുറ്റമോ കുറ്റകൃത്യത്തിനുള്ള തയ്യാറെടുപ്പോ ശ്രദ്ധയില്‍പ്പെട്ടാല്‍ താമസം വരുത്താതെ കേസ് രജിസ്റ്റര്‍ ചെയ്യുകയും വേണം. അല്ലാത്ത സാഹചര്യങ്ങളില്‍ മേലില്‍ ശല്യം ആവര്‍ത്തിക്കാതിരിക്കുന്ന തരത്തില്‍ തീരുമാനങ്ങളില്‍ എത്തിക്കണം.
ചുരുക്കത്തില്‍ പ്രഥമദൃഷ്ട്യാ പൊലീസിന് കേസെടുക്കാന്‍ സാധിക്കാത്ത സംഭവങ്ങള്‍ ആണെങ്കില്‍ കൂടിയും സൈബര്‍ ശല്യം സംബന്ധിച്ച പരാതികള്‍ പെറ്റീഷന് ആയി കണക്കിലെടുത്ത് കക്ഷികളെ വിളിച്ചുവരുത്തി നടപടികള്‍ കൈക്കൊള്ളണമെന്നാണ് കേരള പോലീസ് മേധാവി പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
Related
Related Articles
സമ്പൂര്‍ണ ബൈബിള്‍ പാരായണം നടത്തി
കോട്ടപ്പുറം: തിരുപ്പിറവിയുടെ ഒരുക്കമായി കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ ഇടവകയുടെ സമ്പൂര്‍ണ പങ്കാളിത്തത്തോടെ വിശുദ്ധഗ്രന്ഥ പാരായണം നടത്തി. കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് ജോഷി മുട്ടിക്കല്‍ ബൈബിള്‍
ഉണര്‍വിന്റെ വിചിന്തനം ഫാ.മാര്ട്ടിന് എന്‍. ആന്റണി
ഞാന്‍ ഈ വചന വിചിന്തനം എഴുതുവാന്‍ തുടങ്ങിയത് 2010 മുതലാണ്. ഏകദേശം 10 വര്‍ഷമായിട്ടുണ്ട്. 2010ലാണ് കൊച്ചി രൂപതയിലെ റാഫി കൂട്ടുങ്കലച്ചന്‍ നിര്‍ദേശിച്ചപ്രകാരം വെര്‍ബുംദോമിനിക്കു വേണ്ടി വചനവിചിന്തനം
കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു
കുട്ടനാട് മേഖലയിലെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. ജില്ലാ തല ബാങ്കേഴ്സ് സമിതിയെ ധനവകുപ്പ് വിളിച്ചുചേര്‍ത്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന്