ഓര്‍ഡിനറി

ഓര്‍ഡിനറി

ഡൊമിനിക് പഴമ്പാശ്ശേരി

മാതൃഭൂമി ബുക്സ് 2017ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ഓര്‍ഡിനറി. അതേ വര്‍ഷം തന്നെ മൂന്നു പ്രാവശ്യം ഈ ഗ്രന്ഥം റീപ്രിന്റ് ചെയ്തു. ഇതെഴുതുമ്പോള്‍ ‘ഓര്‍ഡിനറി’ മാതൃഭൂമി ബുക്സില്‍ നിന്നും
ലഭ്യമല്ല. പ്രിന്റ് ചെയ്തുകൊണ്ടിരിക്കുന്നു എന്നാണ് അറിയിപ്പ്. റീപ്രിന്റ് ചെയ്യപ്പെടുന്നതാണോ ഒരു ഗ്രന്ഥത്തിന്റെ മൂല്യനിര്‍ണ്ണയം നടത്തുവാനുള്ള അളവുകോല്‍ എന്ന ചോദ്യം സ്വാഭാവികമാണ്. അല്ല. എന്നാല്‍ നല്ലഗ്രന്ഥങ്ങള്‍ തേടിപ്പിടിച്ചു വായിക്കുന്ന ശീലം ഒരുപറ്റം വായനക്കാര്‍ക്കുണ്ട് എന്ന് സൂചിപ്പിക്കാനാണ് അപ്രകാരം പറയുന്നത്. ഇരുന്നൂറു പേജില്‍ താഴെയുള്ള ഓര്‍ഡിനറിയില്‍ ഇരുപത്തിനാല് ചെറിയ ലേഖനമാണുള്ളത്. ഫാ. ബോബി കട്ടിക്കാടിന്റെ ഈ ഗ്രന്ഥം 2019ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നതിനു മുമ്പു തന്നെ മലയാളത്തിലെ വിവേകശാലികളായ വായനക്കാര്‍ വായിച്ചു കഴിഞ്ഞു എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്.

‘ഇന്ന് ഭാഷയതപൂര്‍ണ്ണമിങ്ങഹോ’ എന്ന് പാടിയത് മഹാകവി കുമാരനാശാനാണ.് ഉണരുന്ന സര്‍ഗ്ഗാത്മകഭാവങ്ങളെ ആഗ്രഹത്തിനൊത്ത് ആവിഷ്‌ക്കരിക്കാന്‍ ആകുന്നില്ലല്ലൊ എന്ന വിലാപമുണ്ടതില്‍. എഴുത്തുകാര്‍ പുതിയ പദസൃഷ്ടിക്കും പദയോജനങ്ങള്‍ക്കും ശ്രമിക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഭാഷയുടെ ഈ അപൂര്‍ണ്ണതാബോധമാണ്. എഴുത്തില്‍ എഴുത്തുകാരനുണ്ട്. ബോബിയച്ചന്റെ ഈ ലേഖനസമഹാരം വായിച്ചപ്പോള്‍ എനിക്ക് ആദ്യം തോന്നിയതതാണ്. ഒരിക്കല്‍ വൈക്കം മുഹമ്മദ് ബഷീര്‍ പറഞ്ഞതോര്‍ക്കുന്നു ‘കയറി’നെക്കുറിച്ചായിരുന്നു ആ പ്രസ്താവം. ‘ഞാന്‍ കയറിന്റെ ആദ്യപുറങ്ങള്‍ കുറച്ചു വായിച്ചു…. പിന്നെ അവസാന പുറങ്ങളും… ഞാന്‍ വിചാരിച്ചതുപോലെയാണ് തകഴി ചെയ്തുവച്ചിരിക്കുന്നത്’. നമ്മളൊക്കെ പറയാറില്ലെ എഴുത്തച്ചനെ വായിച്ചു ഞാന്‍ ബഷീറിനെ വായിച്ചു സി. ജെ. യെ വായിച്ചു എന്നൊക്കെ. എഴുത്തും എഴുത്തുകാരനും ഒന്നു തന്നെ എന്നതിന് തെളിവല്ലെയത്. ഓര്‍ഡിനറി എന്ന ഗ്രന്ഥം വായിക്കുമ്പോഴും അനുഭവം അതു തന്നെയാണ്. നമ്മള്‍ വിരാഗിയായ, ആത്മീയ ഔന്നത്യമുള്ള ബോബിയച്ചനെ വായിച്ചെടുക്കുകയാണ്.

‘സാധാരണക്കാരനായി നിലനിന്ന് അവരോട് സംവദിച്ച് കൊടുത്തും കൊണ്ടും കടന്നുപോയതുകൊണ്ടാണ് നസ്രത്തിലെ ആ മരപ്പണിക്കാരന് ഇത്രയും അഴകെന്ന്’ ബോബിയച്ചന്‍ വിചാരിക്കുന്നു. എന്നും സാധാരണക്കാരോടൊപ്പം നിലകൊണ്ട, അവരോടൊപ്പം ജീവിച്ച യേശുവിനെ ആരൊക്കെയൊ ചേര്‍ന്ന് അപഹരിച്ചിരിക്കുന്നു. അവരില്‍ നിന്ന് യേശുവിനെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. അതാണ് സുവിശേഷത്തിന്റെ കാലികപ്രസക്തി. മഗ്ദലനാമറിയത്തില്‍ ആരംഭിച്ച ‘ഈ നിലവിളി’ ഇന്നും അവസാനിച്ചിട്ടില്ല. ഓര്‍ഡിനറി എന്ന ലേഖനത്തില്‍ ബോബിയച്ചന്‍ കൈക്കൊള്ളുന്ന ഈ സമീപനം നമ്മുടെ മൂല്യബോധത്തില്‍ പ്രതിധ്വനിക്കാതിരിക്കില്ല. ‘ഞങ്ങളുടെ കണ്ണനെയും അപഹരിച്ചു നിങ്ങള്‍ ഞങ്ങളുടെ സര്‍വ്വസ്വവും അപഹരിച്ചു’ എന്ന് മലയാളത്തിന്റെ പ്രിയങ്കരനായ കവി പാടിയതും നമ്മള്‍ക്കിവിടെ ഓര്‍ത്തെടുക്കാം. ഇണങ്ങാത്തതൊന്നും ധരിച്ച് ഭാരം വര്‍ദ്ധിപ്പിക്കരുതെന്നും ആവശ്യമില്ലാത്തവ ഊരിയെറിയണമെന്നും തിരിച്ചറിഞ്ഞവരെയാണ് ലോകം തിരിച്ചറിഞ്ഞത്. ഇപ്രകാരം വിശുദ്ധ ഗ്രന്ഥത്തെ കാലിക സാമൂഹ്യപ്രതിസന്ധികളുടെ വെട്ടത്തില്‍ നോക്കിക്കണ്ടതിന്റെ ഒരു സുഖം ബോബിയച്ചന്റെ ഓര്‍ഡിനറി പകരുന്നുണ്ട്. എന്നു മാത്രമല്ല വിശുദ്ധ ഗ്രന്ഥത്തിന്റെ ആഴമുള്ള വായനയില്‍ കണ്ടെത്തിയ സാമൂഹ്യവിഷയങ്ങള്‍ ഒരു തലമുറയെ ശ്വാസം മുട്ടിക്കുന്നതിന്റെ നിസ്വനം പ്രചോദിത കമ്പനം തീര്‍ത്ത് വായനക്കാരുടെ ഉള്ളിനെ ഉണര്‍ത്തുന്നുമുണ്ട്.

സമീപനരീതികൊണ്ട് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ലേഖനമാണ് ‘രാമായണം’. മനുഷ്യന്റെ സന്ദേഹങ്ങളും പരീക്ഷണങ്ങളും ആശങ്കകളും ആകുലതകളും നിറയുന്ന ഗ്രന്ഥം എന്ന നിലയില്‍ രാമായണം പുണ്യഗ്രന്ഥമാണ്. എഴുത്തച്ഛന്റെ പതിഞ്ഞ താളത്തിലൂടെയല്ല ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മുഴങ്ങുന്ന ശബ്ദത്തിലൂടെയുള്ള രാമായണ വായനയാണ് (യാത്രാമൊഴി) ബോബിയച്ചന്‍ കൂടുതല്‍ കേട്ടത്. മലയാളത്തില്‍ മറ്റാരും ഈ നിലയില്‍ രാമായണത്തെ നോക്കിക്കണ്ടതായറിയില്ല. മനുഷ്യഭാവങ്ങളുടെ അതിസങ്കീര്‍ണ്ണത രാമായണത്തെ ജീവിതത്തിന്റെ തുറന്നെഴുത്തായി വിലയിരുത്തപ്പെടുന്നുണ്ട്. രാമായണം അലച്ചിലിന്റേയും കണ്ടെത്തലുകളുടേയും കൂട്ടുപോകലിന്റേയും തിരിച്ചുവരവിന്റേയും മാഞ്ഞുപോകലിന്റേയും പുസ്തകമാണ്, ബോബിയച്ചന്. ‘രാമായണം നല്ല ഭംഗിയുള്ള കൂട്ടിന്റെ പുസ്തകമാണ്’, അദ്ദേഹത്തിന്. ലോകത്തിലെ ഏറ്റവും ഭംഗിയുള്ള പദം ‘കൂട്ടാ’ണെന്നും ആര്‍ക്കും അങ്ങനെ ഒറ്റയ്ക്കു സഞ്ചരിക്കാനാകില്ല, അഥവാ അപ്രകാരമുള്ള സഞ്ചാരം വ്യര്‍ത്ഥമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.

ആലോചിക്കുന്തോറും വല്ലാത്ത അനുഭവമായി മാറുന്നു, കഥകളെക്കുറിച്ച് ബോബിയച്ചന്‍ പറയുന്നത്- ”കഥക
ള്‍ വര്‍ത്തമാനകാലത്തെ മുറികളില്‍ വാടകയില്ലാതെ താമസിക്കുന്നു” ബൈബിള്‍ കഥകളിലൂടെ ഒന്നു സഞ്ച
രിച്ചാല്‍ മാത്രം മതി കഥകളുടെ വെളിപ്പെടുത്തലുകളുടെ വര്‍ത്തമാനകാല സങ്കീര്‍ണ്ണതകള്‍ മനസിലാകും.

യേശു തനിക്കു പറയാനുള്ളത് മുഴുവന്‍ പറഞ്ഞത് കഥകളിലൂടെയാണ്. ആദ്യമൊക്കെ ചെറിയ ഉപമകളിലും രൂപകങ്ങളിലും ഒതുങ്ങി നിന്ന കഥപറച്ചില്‍ ”പിന്നീട് പള്ളിയില്‍ നിന്നും പൂര്‍ണ്ണമായും തള്ളപ്പെട്ടതിനുശേഷം” വര്‍ദ്ധമാനമാക്കുന്നതു കാണാം. കഥകളുടെ ജനകീയതയും സുതാര്യതയും സ്വീകാര്യതയും സ്വയം ഒരാളെ കണ്ടെത്തുന്നതിന് ഉപകരിക്കുന്നു.” ദൈവത്തെപ്പോലെ ത്രികാലങ്ങളിലേക്കു തള്ളിയിട്ട വാതായനങ്ങളാണ് കഥകള്‍ എന്നു പറയുന്നതോടൊപ്പം നല്ല കഥകളുടെ പുസ്തകങ്ങള്‍ നല്ല ചരിത്ര പുസ്തകങ്ങളാണെന്ന വിലയിരുത്തലുകളും ചരിത്രാന്വേഷികള്‍ കാണാതെ പോകരുത്. ഇസോപ്പുകഥകളും വിക്രമാദിത്യ കഥകളും മറ്റും വെറും കഥകളല്ലെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു. അവ അതെഴുതപ്പെട്ടകാലത്തെ ജനങ്ങളുടെ ചരിത്രം പറയുന്നുണ്ട് എന്ന തിരിച്ചറിവുകളാണ് വേണ്ടത്.

‘മഴവില്ല്’ എന്ന ലേഖനത്തില്‍ നമ്മുടെ ആരാധനാലയങ്ങള്‍ക്ക് എന്തുപറ്റിയെന്നൊരു ചോദ്യം ബോബിയച്ചന്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. പകയുടേയും വിദ്വേഷത്തിന്റേയും ആഭിചാരങ്ങളുടേയും ഇടങ്ങളായി അവമാറ്റപ്പെട്ടു എന്ന പ്രസ്താവം ഒരു സാമൂഹ്യപ്രശ്നമായി ഉയര്‍ന്നുവരുന്നു. ‘ഒരാള്‍ ധനികനാകുന്നത് മടിശ്ശീലയ്ക്ക് കനം വര്‍ദ്ധിക്കുമ്പോഴല്ല, പുതിയൊരു വിചാരത്തിനൊ വ്യക്തിക്കൊ തന്റെ ഹൃദയത്തില്‍ ഇടം കൊടുക്കുമ്പോഴാണ്’. അപരനെ സ്നേഹിക്കാനും അവനോടൊത്ത് ആയിരിക്കുവാനും കഴിയാതെ പോയാല്‍ അവിടെ നമ്മള്‍ എത്രമാത്രം ചുരുങ്ങിപ്പോകുന്നു എന്നെങ്കിലും തിരിച്ചറിയണം. വിജാതിയരെന്നുള്ള വിലയിരുത്തലുകള്‍ നമ്മുടെ നിസ്സാരതയെയാണ് വെളിവാക്കുന്നത്. നല്ല സമരിയാക്കാരന്‍ എന്നൊരു ശൈലി തന്നെ ഈ സമൂഹത്തിലെ കുറച്ചുപേരെങ്കിലും ഉരുവിടുന്നുണ്ട് എന്ന തിരിച്ചറിവ് നല്ലതാണ്. ”രണ്ട് മഹായുദ്ധങ്ങളില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ മനുഷ്യര്‍ അടര്‍ന്നു പോയത് ദൈവനാമത്തിനുവേണ്ടിയായിരുന്നു”. എന്ന വിലയിരുത്തല്‍ നമ്മുടെ നാടിന്റെ മുഖത്തെഴുതിവച്ച കുറിപ്പുകളായി മാറുമ്പോള്‍ വര്‍ത്തമാനകാലം അതിഭീകരമായ ഏതോ ഒരു ജീവിയായി പ്രത്യക്ഷപ്പെട്ട് നമ്മുടെ ഉറക്കം കെടുത്തുന്നുണ്ട്.

‘കുഞ്ഞുങ്ങളല്ല ഒരു യുദ്ധവും ആരംഭിച്ചത്. എന്നിട്ടും എല്ലായുദ്ധങ്ങളിലും അവരാണ് കണക്കുകൊടുക്കുന്നത്. എന്ന് പറയുന്ന ‘കത്തുന്നപുര’ എന്ന ലേഖനം ഏറെ കാലിക പ്രസക്തമാണ്. നമ്മുടെ വിധികളെല്ലാം നടത്തപ്പെടുന്നത് കുട്ടികളിലാണ്. ‘പൂവ്പോയ് പൂക്കാലംപോയ് പക്കിപോയ് പറവപോയ് എന്ന് നമ്മുടെ ഒരു കവി വിഷമിച്ചത് ഓര്‍ത്തുപോകുന്നു’. കുട്ടികളില്‍ ചിരി മാഞ്ഞുപോകുന്നു. അവരില്‍ കുടിപ്പകയാണ് വളരുന്നത്. നമ്മള്‍ അവരില്‍ ഏല്‍പ്പിക്കുന്ന പ്രഹരം ചെറുതല്ല. അവരുടെപിന്നാലെ നിരന്തരം വേട്ടക്കാരനുണ്ട് എന്ന ബോധം കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയ്ക്കുമേല്‍ കത്തിക്കാന്‍വച്ചിരിക്കുന്ന വെടിമരുന്നാണ്.

എല്ലാ ലേഖനത്തെക്കുറിച്ചും പറയാതെ പോകുന്നത് ഉചിതമല്ലെന്നറിയാം. പക്ഷെ അതിന് ഇവിടെ ഇടമില്ല. തന്റെ ബാല്യ കൗമാരങ്ങളിലെ ചൂടും ചൂരും നിരന്തരവായനയിലൂടെ നേടിയ ബോധവും പിന്നെ ധ്യാനവും കൂട്ടിച്ചേര്‍ന്ന് രൂപപ്പെട്ട ഓര്‍ഡിനറി ഒരു ആനന്ദ വിസ്മയമാണ്. യേശുവിനെ വേണ്ടവിധം കണ്ടെത്തിയ ഒരു സന്ന്യാസിയുടെ തീവ്രാനുഭവം ഒരു കഥപറച്ചിലിന്റെ ചാരുതയോടെ ബോബിയച്ചന്‍ പറഞ്ഞുപോകുന്നു. ഒരു ലേഖനസമാഹാരമാണ് താന്‍ വായിക്കുന്നതെന്ന് തോന്നല്‍ ഇവിടെ നഷ്ടപ്പെടുന്നു. ഈ ഗ്രന്ഥത്തിലെ അവസാന ലേഖനം കൂടി പരിചയപ്പെടുത്തിക്കൊണ്ട് ആസ്വാദനത്തിന് വിരാമമിടാം എന്ന് കരുതുന്നു.

‘അക്കല്‍ദാമ’ ഒരു ചെറിയ ലേഖനമാണ്. പെരുകുന്ന അക്കല്‍ദാമകളെ നോക്കി നെടുവീര്‍പ്പിടുന്ന ഒരു മനുഷ്യസ്നേഹിയുടെ നൊമ്പരപ്പൂവിന്റെ ഗന്ധമുണ്ടതിന്. ചോരവീഴ്ത്തിയാലും ചൊരിഞ്ഞാലും വാഴ്ത്തപ്പെടുന്ന ഒരു സമൂഹത്തിന്റെ കരുണയില്ലാത്ത ചെയ്തികള്‍ സൃഷ്ടിക്കുന്ന ചോരനിലങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നതിലെ ആകുലത ഈ ലേഖനത്തിലുടനീളമുണ്ട്. ‘ചോര ചരിത്രത്തിന്റെ ചക്രം തിരിക്കാനായി ഒഴിച്ചുകൊടുക്കേണ്ട ലൂബ്രിക്കേന്റാ’ ണെന്നവിശ്വാസത്തെ എങ്ങനെ ക്രിസ്ത്യാനിറ്റിക്ക് നിരാകരിക്കാനാകുമെന്ന് ലേഖകന്‍ ആകുന്നത്ര ഉച്ചത്തില്‍ ഈ ലേഖനത്തിലൂടെ ചോദിക്കുന്നുണ്ട്. ഒരു കരണത്തടിക്കുമ്പോള്‍ കുലീനതയോടെ മറുകരണം കാണിച്ചുകൊടുക്കണമെന്നും, വാള്‍ ഉറയിലിടുക വാളെടുക്കുന്നവന്‍ വാളാലെന്നും പഠിപ്പിച്ച ഗുരുവാക്യം ഉള്‍ക്കൊള്ളുന്നവര്‍ക്ക് അങ്ങിനെ കൊല്ലാനും ചാകാനും കഴിയില്ലല്ലൊ. നല്ല നാളേയ്ക്കുവേണ്ടിയാണ് നിങ്ങള്‍ ചോരകൊടുക്കേണ്ടതെന്ന ചിന്തയ്ക്ക് യാതൊരു പ്രസക്തിയുമില്ല. കൊല്ലപ്പെടുന്നവനില്ലാത്ത സുന്ദരലോകം ആര്‍ക്കുവേണ്ടിയാണെന്ന് രാഷ്ട്രീയ-മത വൈരം മൂത്ത് കൊല്ലാനും ചാകാനും നടക്കുന്നവന്‍ ഓര്‍മ്മിക്കണമെന്ന് ഈ വന്ദ്യഗുരുവചനം ആവശ്യപ്പെടുന്നു.

നമ്മുടെ മാതൃഭാഷ എത്ര സുന്ദരമാണ് എന്ന് തിരിച്ചറിയുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങളിലൊന്നാണ് ‘ഓര്‍ഡിനറി’യുടെ വായനാനുഭവം. ചില പദങ്ങളുടെ യോജനയിലൂടെ ലഭിക്കുന്ന പരമാനന്ദം അനുഭവിക്കണമെങ്കില്‍ പ്രിയ വായനക്കാരാ, ഈ പുസ്തകം ഒന്നു വായിക്കുക തന്നെ വേണം. എം.ടി.യുടെ മഞ്ഞ് ഒരു സംഗീതമാണെന്ന് പറയാറുണ്ട്. ബോബിയച്ചന്റെ ഭാഷയ്ക്ക് സംഗീതമുണ്ട് ശക്തിയുണ്ട്. അതിന് ഏതു ഹൃദയത്തിലേക്കും തുളച്ചുകയറാനുള്ള പെനിട്രേറ്റിംഗ് പവറുണ്ട്. ഈ ഗ്രന്ഥത്തിന് അവതാരികയെഴുതിയ സുഭാഷ് ചന്ദ്രന്‍ പറഞ്ഞതുപോലെ ”നമ്മുടെ സാഹിത്യത്തിലെ ഹൃദയസ്പര്‍ശിയായ വരികള്‍ എഴുതപ്പെട്ടിരിക്കുന്നത് സര്‍ഗ്ഗാത്മക സാഹിത്യത്തിലല്ല ഈ അച്ചന്റെ പുസ്തകത്തിലാണ്” അതെ ഒരു ധ്യാനഗുരുവിന് സ്രഷ്ടാവ് നല്‍കിയ വരദാനത്തിന്റെ സുഗന്ധമാണ് ഈ പുസ്തത്താളുകളില്‍ നിന്ന് ഒരാസ്വാദകന്‍ നിരന്തരം അനുഭവിക്കുന്നത്.

 

ഓര്‍ഡിനറി പുസ്തകനിരൂപണം കേള്‍ക്കാനായി ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്യുക

 

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 


Tags assigned to this article:
bobby jose kattikatnew bookordinary

Related Articles

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍

ഒരു തുമ്പപ്പൂവുകൊണ്ട് വിരുന്നൊരുക്കാനും ഒരുനല്ല മാങ്കനിക്കായ് കാത്തുനില്ക്കാനും ഒരു കാറ്റിന്‍ കനിവിനായ് പാട്ടുപാടാനും’ മലയാളി കൊതിക്കുന്ന ചിങ്ങമാസത്തിലെ ആദ്യദിനത്തിലാണ് ജേസി ജനിച്ചത്. കൃത്യമായി പറഞ്ഞാല്‍ 1938 ആഗസ്റ്റ്

ഭരണഘടനയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് പുതിയ നിയമങ്ങളെന്ന് ബിഷപ് ഡോ. ജോസഫ് കരിയില്‍

കൊച്ചി: രാജ്യത്തെ പുതിയ നിയമങ്ങള്‍ ഭരണഘടനയുടെ കടയ്ക്കല്‍ തന്നെ കത്തിവയ്ക്കുന്നവയാണെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു.

അതിര്‍ത്തി മേഖലയില്‍ കരുതലിന്റെ കോട്ടയായി എസ്.എം.എസ്.എസ്.എസ്

കൊറോണക്കാലത്തെ സുരക്ഷാ പ്രവര്‍ത്തനങ്ങളിലും ആരോഗ്യപ്രവര്‍ത്തനങ്ങളിലും സുല്‍ത്താന്‍പേട്ട് മള്‍ട്ടിപര്‍പ്പസ് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി (എസ്.എം.എസ്.എസ്.എസ്) നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. കേരളത്തില്‍ കൊറോണയുടെ പ്രരംഭഘട്ടത്തില്‍തന്നെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതിനാല്‍

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*