Breaking News

ഓശാന തിരുനാള്‍

ഓശാന തിരുനാള്‍

റോമന്‍ റീത്തില്‍ ഉപയോഗിക്കുന്ന യാമപ്രാര്‍ത്ഥനകളില്‍ ഓശാന ഞായറാഴ്ച വായിക്കുന്നതിനുവേണ്ടി നല്‍കുന്ന മനോഹരമായ ഒരു വായനയുണ്ട്. അത് എഴുതിയിരിക്കുന്നത് ക്രിറ്റിലെ വിശുദ്ധ അന്ത്രയോസാണ്. കൊറോണ പകര്‍ച്ചവ്യാധിമൂലം ഒരുമിച്ചു കൂടാനും ബലിയര്‍പ്പിക്കാനും ഓശാനപാടി കര്‍ത്താവിനെ എതിരേല്‍ക്കുനും കഴിയുമോയെന്നറിയില്ല. വിശുദ്ധ അന്ത്രയോസിന്റെ സന്ദേശം നമുക്ക് പ്രചോദനമായിരിക്കും. ആത്മീയമായ ഓശാനപാടി യേശുവിന്റെ ജറുസലേംപ്രവേശം ആഘോഷിക്കുവാന്‍ നമുക്ക് കഴിയും. ആത്മീയമായ വിളീദ്ധ കുര്‍ബാന സ്വീകരണം നടത്തുന്നതുപോലെ പ്രാര്‍ഥനാപൂര്‍വം നമുക്ക് ഓശാനത്തിരുന്നാള്‍ ആഘോഷിക്കാം. വിശുദ്ധ അന്ത്രയോസിന്റെ ഓശാനയെപ്പറ്റിയുള്ള സന്ദേശം ഞാനിവിടെ കുറിക്കുകയാണ്:
‘വരിക വരിക ഒലിവുമലയിലേക്ക് നമുക്ക് ഒരുമിച്ചുപോകാം. അതാ ക്രിസ്തു ഇന്ന് ബഥാനിയായില്‍നിന്ന് വന്ന് തന്റെ തന്നെ ഇഷ്ടത്താലും തീരുമാനത്താലും വിശുദ്ധവും അനുഗൃഹീതവുമായ പീഡാസഹനത്തിലേക്ക് രക്ഷയുടെ രഹസ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ വരുന്നു. ക്രിസ്തുവിനെ നമുക്ക് ഒരുമിച്ച് കണ്ടുമുട്ടാം. അതാ അവിടുന്ന് വരുന്നു. ജറുസലേമിലേക്കുള്ള വഴി സ്വയം തിരഞ്ഞെടുത്തുകൊണ്ട് അവന്‍ നമുക്കുവേണ്ടി ഉന്നതങ്ങളില്‍നിന്നും കടന്നുവന്നു, താഴെക്കിടക്കുന്ന നമ്മളെ ഉയര്‍ത്തുവാന്‍വേണ്ടി. ദൈവവചനം പറയന്നു: ‘അവിടുത്തെ നാമം എല്ലാ അധികാരങ്ങള്‍ക്കും ഭരണത്തിനും ശക്തിക്കുംഎല്ലാ നാമങ്ങള്‍ക്കും ഉപരിയാണ്. എന്നാല്‍അവിടുന്ന് ശാന്തനാണ്; വിനീതനാണ്. അവന്റെ ജറുസലേം പ്രവേശനവും എളിമയുടേതാണ്. അവന്‍ ഒച്ചവയ്ക്കുകയില്ല. അവന്റെശബ്ദം ആരും കേള്‍ക്കുകയുമില്ല. വരിക, അവനോടൊപ്പം നമുക്ക് കുതിക്കാം. അവന്റെ പീഢാസഹനത്തിലേക്ക് അവനെ എതിരേല്‍ക്കാന്‍ നമുക്കുമുന്‍പേ പോയവരെ നമുക്കും അനുകരിക്കാം. ഒലിവുശിഖരങ്ങളും വസ്ത്രങ്ങളും കുരുത്തോലകളും വിരിച്ചുകൊണ്ടല്ല, മറിച്ച് നമ്മളെത്തന്നെ അവന്റെ മുന്നില്‍ വിതറികൊണ്ട്, സമര്‍പ്പിച്ചുകൊണ്ട് അവന്റെ പാദങ്ങളില്‍ നമ്മളെ മുഴുവനായും വിതറാം. അവന്റെ കൃപകൊണ്ട് വസ്ത്രം ധരിപ്പിക്കപ്പെട്ടവരാണ് നാം. കാരണം ക്രിസ്തുവില്‍ മാമ്മോദീസ സ്വീകരിച്ചതുവഴി നമ്മള്‍ ക്രിസ്തുവിനെ വസ്ത്രമായി അണിഞ്ഞിരിക്കുകയാണ്. അവന്റെ പാദങ്ങളില്‍ വസ്ത്രങ്ങള്‍ വിരിക്കുന്നതുപോലെ നമ്മളെത്തന്നെ വിരിക്കാം. മരണത്തെ കീഴടക്കിയവന് വിജയത്തിന്റെ സമ്മാനം നല്‍കാം. നമ്മുടെ പാപങ്ങള്‍ കൊടുംചുവപ്പായിരുന്നു. എന്നാല്‍ രക്ഷിക്കുന്ന ജ്ഞാനസ്‌നാനത്തിന്റെ ശുദ്ധീകരണ പ്രവര്‍ത്തിവഴി നമ്മള്‍ കമ്പിളിപോലെ വെണ്മയുള്ളവരായിത്തീര്‍ന്നു. നമുക്കും ആ കുട്ടികളെപ്പോലെ വിശുദ്ധഗാനം ആലപിക്കാം: കര്‍ത്താവിന്റെ നാമത്തില്‍ വരുന്നുവന്‍ അനുഗൃഹീതന്‍. ഇസ്രയേലിന്റെ രാജാവ് അനുഗൃഹീതന്‍.’
കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ യേശുവാണ്. അവന്‍ തന്നെയാണ് കര്‍ത്താവ്. അപ്പോള്‍ കൂടാരത്തിനും പുതിയ അര്‍ത്ഥം വന്നുചേര്‍ന്നു. ദൈവം മനുഷ്യരുടെയിടയില്‍ കൂടാരമടിച്ചിരിക്കുന്നത് യേശുവിലാണ് (യോഹ 1:14). മനുഷ്യരുടെ ഇടയില്‍ വസിക്കുന്ന ദൈവം, മനുഷ്യരുടെയുള്ളില്‍ വസിക്കുന്ന ദൈവം-അത് യേശുവാണ്. മനുഷ്യരെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിക്കാനായി മരിച്ചവരില്‍നിന്നു ആദ്യജാതനായി ഉത്ഥാനംചെയ്ത യേശുഇപ്പോള്‍ നമ്മുടെയുള്ളില്‍ കൂടാരമടിച്ചിരിക്കുന്നു, നമ്മെ ദേവാലയമാക്കിയിരിക്കുന്നു. ഈ ഓശാന എന്നോടു ചോദിക്കുന്ന ചോദ്യങ്ങള്‍ഇവയാണ്: ‘ദൈവത്തിന് വസിക്കാന്‍ പറ്റിയകൂടാരമാണോ ഞാന്‍? എന്നില്‍ വസിക്കുന്നത് യേശുവോ പിശാചോ? ഞാന്‍ സ്വര്‍ഗീയകൂടാരമോ കവര്‍ച്ചക്കാരുടെ ഗുഹയോ? യേശുക്രിസ്തുവില്ലാത്ത സ്ഥാപനങ്ങളോ?’
ഓശാനത്തിരുന്നാളിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസിലേക്ക് ഓടിവരുന്ന ഒരു കഥയുണ്ട്. ധ്യാനഗുരുക്കന്മാരും വൈദികരും പലപ്പോഴും പ്രസംഗത്തില്‍ ഉപയോഗിക്കുന്ന കഥയാണ്. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനം കഴുതപ്പറത്ത് കയറിയായിരുന്നു. ജറുസലേമിലേക്ക് വന്ന യേശുവിനെ അവര്‍ ജയഘോഷത്തേടെയാണ് എതിരേറ്റത്. കഴുതയ്ക്ക് ഇതൊക്കെ കണ്ടപ്പോള്‍വളരെ സന്തോഷം തോന്നി. ജയ് വിളികളെല്ലാം തനിക്ക് നല്‍കുന്നതാണെന്ന് ആ പാവംകഴുത കരുതി. കഴുത പിറ്റേദിവസം വീണ്ടും ജറുസലേമിലേക്ക് വന്നു. അപ്പോള്‍ കഴുതയുടെ പുറത്ത് യേശുവുണ്ടായിരുന്നില്ല. കുട്ടികള്‍ കഴുതയെ കല്ലെറിഞ്ഞു, കൂവിവിളിച്ചു. മറ്റുള്ളവരും കഴുതയ്ക്ക് ഒരു ആദരവും നല്‍കിയില്ല. കഴുതയ്ക്ക് ഇവയെല്ലാം കണ്ടപ്പോള്‍ അമ്പരപ്പായിരുന്നു. ഇന്നലെ വലിയ സ്വീകരണം. ഇന്നോ അടിയും ഇടിയും കൂവലുമെല്ലാം. കഴുതയ്ക്ക് കാര്യം മനസിലായില്ല. തലേദിവസം സ്വീകരണം കിട്ടിയത് തനിക്കല്ല യേശുവിനാണെന്നകാര്യം കഴുത മനസിലാക്കിയില്ല.
ഈ ഓശാന ഞായറില്‍ ക്രിസ്ത്യാനികളായ നമ്മളൊക്കെ ചിന്തിക്കേണ്ട ഒന്നാണ് കഴുതയുടെ അനുഭവം. ഈശോ ഇല്ലാതെ കഴുത യാത്രചെയ്തപ്പോള്‍ ഇളിഭ്യനാകുകയാണുണ്ടായത്. യേശുവില്ലാത്ത സഭയും സ്ഥാപനങ്ങളും കുടുംബങ്ങളും എല്ലാം നശിച്ചുപോകും. കഴുതയുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നത് യേശുവിനെ കൂടാതെയുള്ള യാത്ര നമ്മളെ അപഹാസ്യരാക്കും എന്നതാണ്. ഈശോയെ നമ്മള്‍ കൈവിട്ടാല്‍ നമ്മള്‍ എല്ലായിടത്തും പരാജയമായിരിക്കും. നമ്മുടെ സഭകളും സ്ഥാപനങ്ങളും കുടുംബങ്ങളും വ്യക്തികളുമെല്ലാം യേശുകിസ്തുവിനെ ചുമക്കുന്നവരാകണം. ക്രിസ്തുവില്ലാതെ നമ്മുടെ വഴിയില്‍ നമ്മള്‍ സഞ്ചരിച്ചാല്‍ ശൂന്യത മാത്രമേ സൃഷ്ടിക്കൂ. നമ്മുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്താനുള്ള സമയമാക്കിത്തീര്‍ക്കണം ഈ ഓശാന ഞായര്‍.

യേശുവിനെ ചുമക്കുന്ന കഴുതയാവുക വിജയിക്കും

കര്‍ദ്ദിനാള്‍ ആഞ്ചലൊ കൊമാസ്ത്തരി എഴുതിയിരിക്കുന്ന മനോഹരമായ ഒരു പുസ്തകമുണ്ട്: ‘ദൈവം സ്‌നേഹമാണ്’ എന്നാണ് അതിന്റെ തലക്കെട്ട്. ഈ പുസ്തകത്തിന്റെ ആരംഭത്തില്‍ തന്റെ ജീവിതാനുഭവം അദ്ദേഹം വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ തിരുപ്പട്ട സ്വീകരണത്തിന്റെ തലേന്ന് അദ്ദേഹം മുറിയില്‍ ഇരിക്കുകയാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് തീര്‍ന്ന അവസരമായിരുന്നത്. ധാരാളം വൈദികരും സന്ന്യസ്തരും സഭ വിട്ടുപോയി. അദ്ദേഹത്തിന്റെകൂടെ പഠിച്ച നിരവധി സെമിനാരി വിദ്യാര്‍ത്ഥികളും അദ്ദേഹത്തെ പഠിപ്പിച്ച വൈദികരും സഭ വിട്ടുപോയി. ഇതൊക്കെയോര്‍ത്ത് സങ്കടപ്പെട്ട് അദ്ദേഹംഇരിക്കുകയാണ്. തനിക്ക് ഒരു പുരോഹിതനായി ജീവിക്കാന്‍ സാധിക്കുമൊയെന്ന ചിന്തയായിരുന്നുഅദ്ദേഹത്തിന്റെയുള്ളില്‍. ഇങ്ങനെ ചിത്തിച്ചിരിക്കുന്ന സമയം അദ്ദേഹത്തിന്റെ അമ്മ പെട്ടെന്ന് മുറിയിലേക്ക് കടന്നുവന്നു. സങ്കടപ്പെട്ടിരിക്കുന്ന മകനെക്കണ്ട അമ്മ ചോദിച്ചു: ‘മോനെ നീ എന്താണ് വിഷമിച്ചിരിക്കുന്നത്? നാളെ നിന്റെ പട്ടമല്ലേ?’ അദ്ദേഹണ്ടം പറഞ്ഞു: ‘അമ്മേ എനിക്കു വളരെ വിഷമം തോന്നുന്നു. എന്റെ സഹപാഠികള്‍ പലരും സഭ വിട്ടുപ്പോയി. എന്നെ പഠിപ്പിച്ച പല വൈദികരും പൗരോഹിത്യം ഉപേക്ഷിച്ചു പോയി. അമ്മേ, എനിക്ക് ഈ പൗരോഹിത്യജീവിതം തുടര്‍ന്നുകൊണ്ടുപോകുവാന്‍ കഴിയുമോ എന്ന ആശങ്ക എന്നെ വല്ലാതെ അലട്ടുന്നു. ഇതുകേട്ട അമ്മ കുറച്ചുനേരം നിശബ്ദയായിരുന്നു. അതിനുശേഷം തലയുയര്‍ത്തി മകനോടു പറഞ്ഞു: ‘മോനേ, നിനക്കറിയാമല്ലോ യേശുക്രിസ്തു ജറുസലേം നഗരത്തിലേക്ക് പ്രവേശിച്ചത് ഒരു കഴുതപ്പുറത്താണ്. നീ നിന്റെജീവിതം മുഴുവനും യേശുവിനെ ചുമക്കുന്ന ഒരു കഴുതയായി ജീവിച്ചാല്‍മതി. നീ വിജയിക്കും.’ അമ്മ പറഞ്ഞ ഈ ഉപദേശം അദ്ദേഹം പാലിക്കുകയും കര്‍ദ്ദിനാള്‍ പദവിവരെ എത്തുകയും ചെയ്തു. ഈ ഓശാന ഞായറാഴ്ച നമുക്ക് ഈശോയെ ചുമക്കുന്ന ഒരു കഴുതയായി ജീവിക്കാന്‍ പഠിക്കാം. മറ്റെല്ലാം ഈശോ നോക്കിക്കൊള്ളും.

ഓശാനയും കാല്‍വരിയും ഉത്ഥാനവും

എല്ലാ ഓശാനകള്‍ക്കും ഒരു കാല്‍വരിയുണ്ട് എന്നു നമ്മെ ഓര്‍മിപ്പിക്കുന്ന ദിവസമാണ് ഓശാന ഞായര്‍. എല്ലാ കാല്‍വരികള്‍ക്കും ഒരു ഉയിര്‍പ്പ്ദിനമുണ്ടെന്നും ഓര്‍മിപ്പിക്കുന്നു. ഓശാനയും പെസഹാവ്യാഴവും ദുഃഖവെള്ളിയും ദുഃഖശനിയും ഉയിര്‍പ്പ് ഞായറും മനുഷ്യജീവിതത്തിലുണ്ട് എന്ന് ഒരിക്കല്‍ക്കൂടി നമ്മെ ഓര്‍മപ്പെടുത്തുന്ന ദിവസം. ചുരുക്കത്തില്‍ ഓശാനയും പീഢാനുഭവവും മരണവും ഉയിര്‍പ്പും മനുഷ്യജീവിതത്തിന്റെഅവിഭാജ്യഘടകങ്ങളാണ്. പീഢാനുഭവത്തെയും മരണത്തെയും ദൈവം കാണുന്നതുപോലെ കാണുന്നതാണ് യഥാര്‍ഥ വിജ്ഞാനം. ജീവിതയാഥാര്‍ഥ്യങ്ങളെ ദൈവം കാണുന്നതുപോലെകാണുക. അതാണ് വിജ്ഞാനത്തിന്റെ നിര്‍വചനം തന്നെ. ദൈവം എങ്ങനെയാണ് പീഢാനുഭവത്തെയും മരണത്തെയും കാണുന്നത്? ഉയിര്‍പ്പിലേക്കുള്ള, ജീവനിലേക്കുള്ളവഴിയായിട്ടാണ്. കാല്‍വരിയിലെ ദുരന്തത്തിനു ശേഷം എല്ലാം അവസാനിച്ചില്ല. ദൈവം ക്രിസ്തുവിനെ മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു. മരണം ജീവനായി. കാലം നിത്യതയായി. ചരിത്രം യുഗാന്ത്യോന്മുഖമായി. ദൈവം പഠിപ്പിക്കുന്നതൊന്നും പഠിക്കാതെ, പീഢാനുഭവവും മരണവും നിരര്‍ഥകമായി തള്ളുന്നതാണ് അജ്ഞത. ഗോതമ്പുമണി നിലത്തുവിണ് അഴിയാതെ പുതിയൊരു ഗോതമ്പുചെടി മുളച്ചുവരില്ലെന്ന് ക്രിസ്തു പഠിപ്പിച്ചു. എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവന്‍ തന്റെ കുരിശുമെടുത്ത് എന്റെ പിന്നാലെവരട്ടെയെന്നാണ് യേശു പറഞ്ഞത്. കുരിശില്ലാതെ ഉയിര്‍പ്പില്ല, കാല്‍വരിയില്ലാതെ നിത്യതയില്ല. കുറുക്കുവഴികളെ നേര്‍വഴികളാക്കുന്നവനാണ് ദൈവം. ആയിരം മൈലുകളുടെ ഒരു യാത്ര ആരംഭിക്കുന്നത് ആദ്യത്തെ ചുവടുവയ്‌പ്പോടുകൂടിയാണല്ലൊ. പുനരുത്ഥാനത്തിലേക്കുള്ള യാത്രയുടെ ആരംഭം പീഢാനുഭവമാണ്. മനുഷ്യന്റെ ഏറ്റവും വലിയ ആഗ്രഹം എല്ലാ വേദനകളെയും മാറ്റിനിര്‍ത്തി ഉയിര്‍പ്പിലെത്തുക എന്നതാണ്. അത് അസാധ്യമാണെന്ന് യേശു തന്റെ ജീവിതംവഴി നമ്മെ പഠിപ്പിക്കുന്നു. നിന്റെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നുവെന്ന്ു പറഞ്ഞുകൊണ്ടാണ് ക്രിസ്തു മരണംവരിച്ചത്. ദൈവത്തിന്റെ ആത്മാവ് എന്നും യേശുവിനോടുകൂടെയുണ്ടായിരുന്നു. മരണത്തില്‍ പോലും അത് അവനെ വിട്ടുപോയില്ല. പിതാവായ ദൈവം തന്റെ ആത്മാവിനെ യേശുവില്‍ നിക്ഷേപിച്ചു. മരിച്ചവന്‍ ജീവനിലേക്ക്തിരിച്ചുവരുന്നു. ശവക്കല്ലറ തുറക്കപ്പെട്ടു. കാരണം ഉത്ഥിതനായ ക്രിസ്തുവിനെ ഉള്‍ക്കൊള്ളാന്‍ ആ കല്ലറയ്ക്കായില്ല. പിതാവായ ദൈവത്തിന്റെ ഏറ്റവും വലിയ എഫാത്താ-തുറക്കപ്പെടട്ടെ-എന്ന ശബ്ദത്തില്‍ ശവക്കല്ലറ വിറച്ചുപോയിട്ടുണ്ടാകും. പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ് ക്രിസ്തുവിന്റെ പീഢാസഹനവും മരണവും ഉയിര്‍പ്പും. ‘എന്റെ ജനമേ, ഞാന്‍ കല്ലറകള്‍ തുറന്ന് നിങ്ങളെ ഉയര്‍ത്തും… എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും. നിങ്ങള്‍ ജീവിക്കും’ (എസക്കിയേല്‍ 37:12-14).

ഓശാന-ഞങ്ങളെ രക്ഷിക്കണമേ

ഓശാന തിരുന്നാളോടുകൂടി നാം വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുകയാണ്. ജീവിതത്തെ വിശുദ്ധമാക്കാന്‍ കൃപയും ശക്തിയും സ്വീകരിക്കേണ്ട കാലമാണിത്. രക്ഷാകരചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളുടെ ഓര്‍മ പുതുക്കുന്ന ദിനങ്ങള്‍. യഹൂദന്മാരുടെ ആത്മീയതയുടെയും ദേശീയതയുടെയും സാംസ്‌കാരികതയുടെയും കേന്ദ്രമായിരുന്ന ജറുസലേം നഗരത്തിലേക്കുള്ള ക്രിസ്തുവിന്റെ പ്രവേശനത്തിലൂടെയാണ് ഈ വിശുദ്ധവാരം ആരംഭിക്കുന്നത്. ‘ഹോസാന’ എന്ന വാക്കിന്റെഅര്‍ഥം ‘ഞങ്ങളെ രക്ഷിക്കണമേ’ എന്നാണ്. ഈ മന്ത്രം മുഴക്കിക്കൊണ്ടാണ് ക്രിസ്തുവിനെ ജറുസലേം ജനത വരവേല്‍ക്കുന്നത്. ഇതൊരു വിലാപഗാനമായിരുന്നു. ആപത്തില്‍പ്പെട്ടവര്‍ ദൈവത്തോടും രാജാവിനോടും ഉയര്‍ത്തുന്ന അപേക്ഷ. അടിച്ചമര്‍ത്തപ്പെട്ടവന്റെകണ്ണീരില്‍കുതിര്‍ന്ന വിലാപം. ഇന്നും ഇത്തരം വിലാപസങ്കീര്‍ത്തനങ്ങള്‍ നമുക്കുചുറ്റും മുഴങ്ങുന്നുണ്ട്. ആരാണ് നമ്മളെ രക്ഷിക്കാന്‍വരുക? മനുഷ്യനെ രക്ഷിക്കുവാന്‍ കഴിയുന്ന ഒരു ശക്തി മാത്രമേയുള്ളൂ. അത് ദൈവമാണ്. ആ ദൈവം ആവിഷ്‌കൃതനാകുന്നത് ക്രിസ്തുവിലൂടെയാണ്. അതുകൊണ്ട് നമുക്കും പ്രാര്‍ഥിക്കാം: ‘ഹോസാന, ഹോസാന, ഹോസാന-ഞങ്ങളെ രക്ഷിക്കണമേ.’
ഓശാന പാടുന്നത് കേള്‍ക്കാന്‍ ഇമ്പമാണ്. ഓശാന പാടിയവര്‍ തന്നെ ക്രിസ്തുവിനെ ക്രൂശിച്ചു എന്ന കാര്യം മറക്കരുത്. ഓശാനയുടെ വിപ്ലവഗാനം ഉതിര്‍ന്ന നാവുകളില്‍ നിന്നും കൊലവിളികളുടെ ആക്രോശങ്ങള്‍ ഉയര്‍ന്നു. പൂക്കള്‍ വിതറിയ കരങ്ങള്‍ അവന്റെ പാതകളില്‍ മുള്ളുകള്‍ വിതറി. വെള്ളവസ്ത്രം വിരിച്ചുവര്‍ അവന്റെ വസ്ത്രം പങ്കിട്ടെടുത്തു. ആശ്വാസവാക്കുകള്‍ ചൊല്ലിയവര്‍, ശാസനാവചനങ്ങള്‍ ഉരുവിട്ടു. മനുഷ്യന്റെ ഓശാനകള്‍ക്ക് മാറ്റമുണ്ടാകുമെന്ന് ക്രിസ്തുവിനറിയാമായിരുന്നു. അതുകൊണ്ട് അവരെവിട്ട് അവരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാതെ യേശു നടന്നുപോയി, തന്നെ കാത്തിരിക്കുന്നത് കാല്‍വരിയും പുനരുത്ഥാനവുമാണെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട്.

നമ്മുടെ ‘യോംകിപ്പൂര്‍’-ദുഃഖവെള്ളി

വിശുദ്ധവാരത്തെ, മനുഷ്യന്റെ വീണ്ടെടുപ്പിന്റെ സ്മരണ ഉയര്‍ത്തുന്ന ഈ ദിനങ്ങളെ വിശുദ്ധമാക്കുവാന്‍ നമുക്ക് ശ്രമിക്കാം. യഹൂദവര്‍ഷത്തിലെ ഏറ്റവും വിശുദ്ധ ദിനമാണ് ‘യോംകിപ്പൂര്‍’. വീണ്ടെടുപ്പിന്റെ ദിനം. അന്ന് മഹാപുരോഹിതന്‍ ബലിയര്‍പ്പിക്കപ്പെടാനുള്ളരക്തവുമായി ദേവാലയ തിരശീലകള്‍ക്കകത്ത്കയറുന്നു. ക്രൈസ്തവര്‍ക്കുമുണ്ട് അവരുടെ’യോംകിപ്പൂര്‍’-വീണ്ടെടുപ്പിന്റെ ദിനം. ശ്രീകോവിലില്‍ പ്രവേശിച്ച മഹാപുരോഹിതന്‍ ക്രിസ്തുവാണ്. ക്രിസ്തു എന്നന്നേക്കുമായി ശ്രീകോവിലില്‍ പ്രവേശിച്ചു. അവന്‍ കൈകളിലെടുത്തത് കോലാടുകളുടെയോ കാളക്കുട്ടികളുടെയോരക്തമല്ല, സ്വന്തം രക്തമാണ് (ഹെബ്രാ 9:12). ദുഃഖവെള്ളി നമ്മുടെ വീണ്ടെടുപ്പിന്റെ ദിനമാണ്. ഒരു ജനതയുടെ മാത്രം വീണ്ടുപ്പിന്റെ കാര്യമല്ല, മാനവകുലത്തിന്റെയാകെ വീണ്ടെടുപ്പിന്റെ ദിനമാണത്. ‘ക്രിസ്തു മരണംവരെ അനുസരണയുള്ളവനായി, കുരിശിലെ മരണംവരെ. അതുകൊണ്ട് ദൈവംഅവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയുംചെയ്തു'(ഫിലി. 2:9).
ക്രൂശിതനും ഉത്ഥിതനമായ യേശുക്രിസ്തുവില്‍ നമുക്ക് വിശ്വസിക്കാം. വീണ്ടെടുപ്പിന്റെ ഈ ദിനങ്ങളെ പുണ്യമാക്കാന്‍ ശ്രമിക്കാം. വിശുദ്ധവാരം വിശുദ്ധമായി ആചരിക്കുവാനുംആത്മാവിനെയും മനസിനെയും ഹൃദയത്തെയും ദൈവത്തിലേക്ക്ഉ യര്‍ത്തുവാനും നിങ്ങള്‍ക്ക് ദൈവം കൃപനല്‍കട്ടെ.


Tags assigned to this article:
jeeva newsjeevanaadampalm sunday

Related Articles

മരുഭൂമിയിലെ പുതിയ പാതകള്‍

അറേബ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ആരാധനയും വിശ്വാസപ്രഘോഷണവുമായിരുന്നു അത്. ഐക്യ അറബ് എമിറേറ്റ്‌സിന്റെ (യുഎഇ) തലസ്ഥാനമായ അബുദാബിയിലെ സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ ഒരുക്കിയ ബലിവേദിയില്‍ ‘സമാധാനവും

വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി സ്ഥാപക ദിനാചാരണം നടത്തി.

  കോട്ടയം : വിജയപുരം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വി.എസ്.എസ്.എസ്- ന്റെ അറുപതാം വാർഷിക ദിനാചാരണം ഒക്ടോബർ രണ്ടിന്   സൊസൈറ്റിയുടെ കേന്ദ്ര കാര്യാലയമായ കോട്ടയം കീഴ്ക്കുന്ന് 

മരുഭൂമിയിലും നടുക്കടലിലും ഉപേക്ഷിക്കപ്പെട്ടവര്‍ക്കായി

പേര്‍ഷ്യന്‍ ഗള്‍ഫിലെ അറബ് രാജ്യങ്ങളില്‍ കഴിയുന്ന 32 ലക്ഷം പ്രവാസി മലയാളികള്‍ ഉള്‍പ്പെടെ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം 175 ലക്ഷം വരുന്ന ഇന്ത്യക്കാരാണ്. കൊറോണവൈറസ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*