Breaking News

കടലും കാടും മേടും താണ്ടി കുടിയേറ്റ തൊഴിലാളികളുടെ പലായനം

കടലും കാടും മേടും താണ്ടി കുടിയേറ്റ തൊഴിലാളികളുടെ പലായനം

ബ്രഹ്മപുര്‍:  കൊറോണവൈറസ് വ്യാപനം തടയാനുള്ള രാജ്യവ്യാപകമായ അടച്ചുപൂട്ടലിന്റെ ഭാഗമായി ട്രെയിനും വിമാനവും ബസും ടാക്‌സിയും ഉള്‍പ്പെടെയുള്ള ഗതാഗത മാര്‍ഗങ്ങളെല്ലാം അടഞ്ഞിരിക്കെ തമിഴ്‌നാട്ടിലെ ചെന്നൈയില്‍നിന്ന് 1.60 ലക്ഷം രൂപയ്ക്ക് ഫിഷിംഗ് ബോട്ട് വാങ്ങി ബംഗാള്‍ ഉള്‍ക്കടലിലൂടെ സ്വന്തം തീരമണയാന്‍ പുറപ്പെട്ട ഒഡീഷയിലും ആന്ധ്രാപ്രദേശിലുംനിന്നുള്ള 27 കുടിയേറ്റ തൊഴിലാളികള്‍ ആന്ധ്രയില്‍ ക്വാറന്റൈനിലായി.
ചെന്നൈയില്‍ വിവിധ ഫാക്ടറികളില്‍ ജോലി ചെയ്തുവന്നവരാണ് തൊഴില്‍ശാലകള്‍ ലോക്ഡൗണില്‍ അടച്ചതിനെ തുടര്‍ന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങാനുള്ള ശ്രമത്തില്‍ കൈയിലുണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ സാഹസികമായ കടല്‍യാത്രയ്ക്കായി നിക്ഷേപിച്ചത്. മത്സ്യമേഖലയുമായി ബന്ധമുള്ളവരാണ് ഒഡീഷക്കാരായ 10 പേരും ആന്ധ്രപ്രദേശില്‍നിന്നുള്ള മറ്റു 17 പേരും.
അഞ്ചുദിവസം കടലില്‍ സഞ്ചരിച്ച് ഒഡീഷ തീരത്തെ ബ്രഹ്മപുറിന് സമീപം ഡോങ്കുരിയില്‍ എത്തിയപാടേ അവരെ ദുരന്തനിവാരണ നിയമപ്രകാരം കസ്റ്റഡിയിലെടുത്ത് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി ശ്രീകാകുളം ജില്ലാ പൊലീസ് അറിയിച്ചു. ഒഡിഷയിലെ ഗഞ്ചം ജില്ലാ അധികാരികള്‍ക്ക് ഈ കടല്‍യാത്രികരെക്കുറിച്ച് വിവരം ലഭിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച തെലങ്കാനയില്‍ കൃഷ്ണ നദിയിലൂടെ ബോട്ടില്‍ യാത്രചെയ്ത 191 കുടിയേറ്റ തൊഴിലാളികള്‍ ഗുണ്ടൂര്‍ ജില്ലയില്‍ പിടിയിലായിരുന്നു. തങ്ങളെ സ്വന്തം ഗ്രാമങ്ങളില്‍ എത്തിക്കാമെന്നു വാഗ്ദാനം നല്കി ബോട്ടുടമ ഓരോരുത്തരില്‍നിന്നും 500 രൂപ വീതം വാങ്ങിയിരുന്നു.
തെലങ്കാനയിലെ മുള്ഗു മേഖലയിലെ മുളകുപാടത്തു ജോലി ചെയ്തിരുന്ന കുടിയേറ്റ തൊഴിലാളികളുടെ ഒരു സംഘം കാട്ടിലൂടെ നടന്ന് ഛത്തീസ്ഗഢിലെ ബിജാപുറിലെത്താനുള്ള ശ്രമത്തിനിടെ പന്ത്രണ്ടുവയസുള്ള പെണ്‍കുട്ടി തളര്‍ന്നുവീണു മരിച്ചു. മാവോയിസ്റ്റ് ഭീഷണിയുള്ള ബസ്തര്‍ മേഖലയിലെ കാട്ടിലൂടെ തെലങ്കാനയിലും ഒഡീഷയിലും മഹാരാഷ്ട്രയിലുംനിന്നുള്ള നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികള്‍ സ്വദേശത്തേക്ക് യാത്രചെയ്യുന്നുണ്ട്. തെലങ്കാനയിലെ പേരൂരില്‍നിന്ന് ഏപ്രില്‍ 15ന് നടക്കാന്‍ തുടങ്ങിയ 13 പേരോടൊപ്പമുണ്ടായിരുന്ന ജംലോ മഡ്കാമി എന്ന പെണ്‍കുട്ടിയാണ് മൂന്നുദിവസത്തെ യാത്ര പൂര്‍ത്തിയാകുംമുന്‍പേ തളര്‍ന്നുവീണത്. മറ്റു 12 പേരെയും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്.
ഗുജറാത്തിലെ വാപിയില്‍നിന്ന് 25 ദിവസം ഹൈവേകളിലൂടെ നടന്നും ഇടയ്ക്ക് ചരക്കുവണ്ടികളില്‍ കയറിപ്പറ്റിയും 2,800 കിലോമീറ്റര്‍ സഞ്ചരിച്ച് അസമിലെ നഗാവ് ജില്ലയിലെ ഗാന്ധാരിയ ഗ്രാമത്തിനടുത്തുള്ള ടോള്‍ഗേറ്റ് വരെയെത്തി തളര്‍ന്നുവീണ ജാദവ് ഗൊഗോയ് എന്ന 45കാരനെ നഗാവിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയില്‍ കരുതിയിരുന്ന 4,000 രൂപയും മൊബൈല്‍ ഫോണും യാത്രയ്ക്കിടെ കൊള്ളയടിക്കപ്പെട്ടുവെങ്കിലും ജാദവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ബീഹാറില്‍നിന്ന് അവസാനത്തെ 1,000 കിലോമീറ്റര്‍ വിശ്രമമില്ലാതെ നടന്ന ജാദവ് ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.
മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍നിന്ന് 1,700 കിലോമീറ്റര്‍ സൈക്കിള്‍ ചവുട്ടി ഒഡീഷയിലെ ജയ്പൂരിലുള്ള തന്റെ വീട്ടിലെത്തിയ കുടിയേറ്റ തൊഴിലാളി മഹേഷ് ജനയുടെ സാഹസികയജ്ഞം ഏപ്രില്‍ ഒന്നിന് ആരംഭിച്ച് എട്ടാം തീയതി പൂര്‍ത്തിയായി. അഞ്ചുമാസത്തേക്ക് ഫാക്ടറികള്‍ തുറക്കില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന ചിന്തയില്‍ സൈക്കിളില്‍ ജന പുറപ്പെട്ടത്.
മുംബൈയില്‍നിന്ന് സൈക്കിളില്‍ ജമ്മുവിലേക്കു പുറപ്പെട്ട ആരിഫ് എന്ന തൊഴിലാളിക്ക് മദദ്ഗഢിലെ സിആര്‍പിഎഫ് ഹെല്‍പ് ലൈന്‍ സഹായിച്ചതോടെ എട്ടുദിവസംകൊണ്ട് വീട്ടിലെത്താനായി. പക്ഷാഘാതം ബാധിച്ച് തളര്‍ന്നുപോയ പിതാവിനെ കാണാനാണ് ആരിഫ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും ജമ്മുവിലേക്ക് യാത്രതിരിച്ചത്.
ഗുജറാത്തിലെ അഹമ്മദാബാദില്‍നിന്ന് രാജസ്ഥാനിലെ ദുംഗാര്‍പുരിലേക്ക് 150 കിലോമീറ്റര്‍ സൈക്കിളില്‍ യാത്രചെയ്ത തൊഴിലാളികളുടെ വലിയ കൂട്ടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടുണ്ടായിരുന്നു.
പാല്‍ കൊണ്ടുപോകുന്ന ടാങ്കറില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ച 10 കുടിയേറ്റ തൊഴിലാളികള്‍ മഹാരാഷ്ട്ര-ഗുജറാത്ത് അതിര്‍ത്തിയിലെ പല്‍ഗഢ് തലസരിയില്‍ പിടിയിലായി. രാജസ്ഥാനിലെ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാനുള്ള ശ്രമത്തിലായിരുന്നു അവര്‍.
ഉത്തര്‍പ്രദേശിലെ ബാരബാങ്കി ജില്ലക്കാരായ 32 കുടിയേറ്റ തൊഴിലാളികളെ-കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ-ടര്‍പൊളിനിട്ടു മൂടിയ ട്രക്കില്‍നിന്ന് ലക്‌നൗ ഗോമതി നഗറില്‍വച്ച് പൊലീസ് പിടികൂടി. ഡല്‍ഹിയില്‍നിന്നു പുറപ്പെട്ടവരാണ് സംഘത്തിലുണ്ടായിരുന്നത്.
തമിഴ്‌നാട്ടിലെ ചെന്നൈയില്‍നിന്ന് ത്രിപുരയിലേക്ക് 3,213 കിലോമീറ്റര്‍ ആംബുലന്‍സില്‍ സഞ്ചരിച്ച ചഞ്ചല്‍മജുംദാറിന്റെയും ഭാര്യയുടെയും കഥ മറ്റൊന്നാണ്. മസ്തിഷ്‌കത്തിലെ ട്യൂമറിന് ചികിത്സ തേടിയാണ് അഗര്‍ത്തലയില്‍നിന്ന് മാര്‍ച്ച് 20ന് അവര്‍ ചെന്നൈയിലെത്തിയത്. ലോക്ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് 1.4 ലക്ഷം രൂപ ചെലവില്‍ ആംബുലന്‍സില്‍ ഏഴു സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്താണ് ദമ്പതിമാര്‍ അഗര്‍ത്തലയിലെ വീട്ടില്‍ തിരിച്ചെത്തിയത്. ത്രിപുരയിലെ ഉദയ്പുരില്‍ ഇപ്പോള്‍ ക്വാറന്റൈനിലാണവര്‍.Related Articles

ഉടയ്ക്കപ്പെട്ടവന്റെ വാഴ്വ്

ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍ പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതാ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ പോണ്ടിച്ചേരി-കടലൂര്‍ അതിരൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ച സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. അന്തോണിസാമി

വാക്‌സിൻ ആദ്യ വിതരണം ഇന്ത്യയിൽ; കുട്ടികൾക്കും വയോജനങ്ങൾക്കും ആദ്യഘട്ടത്തിൽ നൽകില്ല.

  ന്യൂഡൽഹി :സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന വാക്‌സിൻ ആദ്യം ഇന്ത്യക്കാർക്ക് ലഭ്യമാകുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ  ആദാർ പുനാവാല അറിയിച്ചു. അതേസമയം, കോവിഡ് വാക്‌സിൻ കുട്ടികൾക്കും

ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം

ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുതത്തില്‍ അഞ്ച് രോഗികള്‍ മരിച്ചു. രാജ്‌കോട്ടില്‍ ഉദയാ ശിവാനന്ത് ആശുപത്രിയിലെ ഐസിയുവിലാണ് തീപിടുത്തം ഉണ്ടായത്. 22 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*