Breaking News

കടലെടുക്കുന്നു, തീരവും ജീവിതങ്ങളും

കടലെടുക്കുന്നു, തീരവും ജീവിതങ്ങളും

ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട തീവ്രന്യൂനമര്‍ദം ഫോനി ചുഴലിക്കാറ്റായി മാറുന്നതിനു മുന്‍പുതന്നെ കേരളത്തിന്റെ തെക്കന്‍ തീരത്ത് കടല്‍ക്ഷോഭം അതിരൂക്ഷമായിരുന്നു. ഇനി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവോടെ സംസ്ഥാനത്തെ ഒന്‍പതു തീരദേശ ജില്ലകളില്‍ അതിശക്തമായ കാറ്റും വമ്പന്‍ തിരകളും പ്രവചനാതീതമായ ദുരിതങ്ങളുടെ പേമാരിയില്‍ നൂറുകണക്കിനു നിരാലംബരായ മനുഷ്യരെ വീണ്ടും അനിശ്ചിതത്വത്തിലേക്ക് കുടിയിറക്കും. ഒന്നര വര്‍ഷം മുന്‍പ് തീരത്തും പുറംകടലിലും ഒഴിവാക്കപ്പെടാമായിരുന്ന ആള്‍നാശത്തിന്റെ ദുരന്തവ്യാപ്തി പെരുപ്പിച്ച ഓഖി ചുഴലിക്കാറ്റിന്റെയും എട്ടുമാസം മുന്‍പ് നഗരങ്ങളിലും ഉള്‍നാടുകളിലും വരെ പ്രകൃതിക്ഷോഭത്തിന്റെ ആഴമറ്റ ആഘാതങ്ങളുടെ ആക്കം കൂട്ടിയ ഉപേക്ഷകളുടെയും വീഴ്ചകളുടെയും നീര്‍ച്ചുഴി തീര്‍ത്ത മഹാപ്രളയത്തിന്റെയും പേരില്‍ പറഞ്ഞുകൂട്ടിയ പാഴ്‌വാക്കുകള്‍ വോട്ടര്‍മാര്‍ ഇനിയും വെറുതെ വിഴുങ്ങുകില്ലെന്നു ബോധ്യപ്പെട്ടതിനാലാകാം കള്ളക്കടല്‍ തിരയിളക്കം മുന്‍നിര്‍ത്തി സംസ്ഥാന മന്ത്രിസഭ പഞ്ഞമാസത്തിന് ഒരുമ്പാടായി തീരമേഖലയില്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം നോക്കാതെ സകലരും നിരുപാധികം സ്വാഗതം ചെയ്യേണ്ട സല്‍കൃത്യം. വാസ്തവത്തില്‍, ഓഖിക്കുശേഷം കടല്‍പ്പണിക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന പ്രത്യേക കാലാവസ്ഥ മുന്നറിയിപ്പു മൂലം നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങള്‍ കണക്കിലെടുത്താല്‍ ഈ സൗജന്യ റേഷന്‍ എന്നേ നല്‍കേണ്ടതായിരുന്നു!
കടല്‍ക്ഷോഭത്തില്‍ തിരയെടുക്കുന്ന കിടപ്പാടങ്ങളില്‍ നിന്ന് ഉടുതുണിക്ക് മറുതുണിയില്ലാതെ താത്കാലിക അഭയസങ്കേതങ്ങളിലേക്ക് ഓടുന്ന തീരദേശ അഭയാര്‍ഥികളുടെ ദൈന്യചിത്രത്തെക്കാള്‍ സങ്കടകരമാണ് നാലും അഞ്ചും വര്‍ഷമായി സര്‍ക്കാര്‍ ഫിഷറീസ് സ്‌കൂളിലെ ക്ലാസ്മുറികളില്‍ തിങ്ങിഞെരുങ്ങി അന്തിയുറങ്ങുന്ന കുടുംബങ്ങളുടെ തീരാദുഃഖം. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുന്ന പുനരധിവാസ പദ്ധതികളും സ്‌പെഷല്‍ പാക്കേജും ക്ഷേമ നടപടികളും തീരമേഖലയിലെ അതിരുകളില്‍ ഉപേക്ഷിക്കപ്പെട്ട ഈ അഭയാര്‍ഥികളുടെ തകര്‍ന്നടിഞ്ഞ ജീവിതത്തിന് ഒരു പ്രത്യാശയും നല്‍കുന്നില്ല.
കേരളത്തിന്റെ 587.8 കിലോമീറ്റര്‍ വരുന്ന കടലോരത്തിന്റെ 63.02 ശതമാനവും തീരശോഷണ ഭീഷണിയിലാണെന്ന് സുസ്ഥിര തീര മാനേജ്‌മെന്റിനായുള്ള ദേശീയ കേന്ദ്രം നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. കടല്‍ക്ഷോഭം മൂലമുള്ള മണ്ണൊലിപ്പും കടലെടുത്തുപോകുന്ന തീരത്ത് തിരകള്‍ തല്ലിത്തകര്‍ക്കുന്ന വീടുകളുടെ നാശനഷ്ടവും ഏറ്റവും രൂക്ഷമാകുന്നത് തിരുവനന്തപുരത്താണ്. ഈ ജില്ലയിലെ തീരരേഖയുടെ 23 ശതമാനവും അപ്രത്യക്ഷമാവുകയാണ്. വലിയതുറയില്‍ അടുത്തകാലത്തായി 110 കുടുംബങ്ങള്‍ക്ക് കടല്‍ക്ഷോഭവും മണ്ണൊലിപ്പും മൂലം വീടുകള്‍ നഷ്ടപ്പെട്ടു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ഭൗമശാസ്ത്ര പഠനത്തിനായുള്ള ദേശീയ പഠനകേന്ദ്ര കാര്യാലയം പോലും കഴിഞ്ഞ ജൂലൈയില്‍ കടലെടുത്തു. പത്തുകൊല്ലം മുന്‍പ് തീരരേഖയില്‍ നിന്ന് 550 മീറ്റര്‍ മാറി നിര്‍മിച്ച വീടിന്റെ മൂന്നു മീറ്റര്‍ അരികെയുണ്ട് ഇപ്പോള്‍ കടല്‍. ആ തീരത്ത് മൂന്നു നിരകളായുണ്ടായിരുന്ന വീടുകളൊക്കെ കടല്‍ വിഴുങ്ങി. ഇനിയും അവശേഷിക്കുന്ന മൂന്നു നിരകളിലായി നൂറോളം വീടുകളിലേക്ക് കടല്‍ തള്ളിക്കയറാന്‍ അടുത്ത ചുഴലിക്കാറ്റുവരെയൊന്നും കാത്തിരിക്കേണ്ടിവരില്ല. പൂന്തുറ, പനത്തുറ, ബീമാപള്ളി എന്നിവിടങ്ങളിലായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ നൂറു വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇരുന്നൂറോളം മത്സ്യത്തൊഴിലാളികള്‍ കുടുംബസമേതം അഞ്ചുവര്‍ഷമായി ഇവിടെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് താമസം.
സംസ്ഥാനത്ത് കടല്‍ഭിത്തി കെട്ടി സംരക്ഷിച്ചിട്ടുള്ളത് 309.7 കിലോമീറ്റര്‍ തീരമാണ്. കടല്‍ക്ഷോഭത്തെ നേരിടാന്‍ സൃഷ്ടിക്കുന്ന കൃത്രിമ തീരം എന്ന നിലയില്‍ തീരശോഷണത്തിന്റെ കണക്കില്‍ ഈ ഭാഗവും ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് ഇത്തരം കടല്‍ഭിത്തിയുടെ സംരക്ഷണം താരതമ്യേന കൂടുതലായുള്ള (80 ശതമാനം) ജില്ലകള്‍ കൊല്ലവും എറണാകുളവുമാണ്. എന്നാല്‍ പലയിടത്തും മൂന്നു മീറ്റര്‍ ഉയരത്തില്‍ ഇട്ടിരുന്ന കടല്‍ഭിത്തിയുടെ കരിങ്കല്ലുകള്‍ ഇടിഞ്ഞ് തിരയിളക്കത്തില്‍ കടല്‍വെള്ളം വീടുകളിലേക്ക് ഇരച്ചുകയറുന്ന സ്ഥിതിയാണ്. എറണാകുളം ജില്ലയിലെ ചെല്ലാനത്ത് ഓഖി ചുഴലിക്കാറ്റില്‍ കടലിളകിയപ്പോള്‍ തീരത്തെ ആയിരം വീടുകളില്‍ നിന്നായി 13,000 പേരെ ഷെല്‍ട്ടറുകളിലേക്കു മാറ്റിപാര്‍പ്പിക്കേണ്ടിവന്നു. എട്ടുമാസം കഴിഞ്ഞ്, 2018 ജൂലൈ രണ്ടാം വാരത്തില്‍ വീണ്ടും കടല്‍ക്ഷോഭത്തില്‍ നിന്ന് രക്ഷതേടി 700 കുടുംബങ്ങള്‍ അഭയകേന്ദ്രത്തിലെത്തി. ഓരോ തവണ കടലിളകുമ്പോഴും കാലാവസ്ഥാ അഭയാര്‍ഥികളായി പള്ളിസ്‌കൂളുകളിലും മറ്റും കഴിയേണ്ടിവരുന്ന ഈ മേഖലയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രക്ഷോഭത്തിനിറങ്ങുകയും രാഷ്ട്രീയ നേതൃത്വത്തിനും ഭരണകര്‍ത്താക്കള്‍ക്കും അന്ത്യശാസനം നല്‍കുകയും ചെയ്തതിന്റെ ഫലമായി കരിങ്കല്‍ഭിത്തിക്കു പകരം മണല്‍ നിറച്ച ഭൗമാവരണ ട്യൂബുകൊണ്ട് കടല്‍ക്ഷോഭത്തെ ഉപരോധിക്കാനുള്ള പുതിയ സാങ്കേതിക സംവിധാനം ഇവിടെ പരീക്ഷിക്കാന്‍ തീരുമാനമായി. കാലവര്‍ഷത്തിനു മുന്‍പ് ജിയോ ട്യൂബ് ഉറപ്പിക്കുമെന്ന കരാര്‍ മണല്‍ ദൗര്‍ലഭ്യത്തിന്റെ പേരില്‍ മുടങ്ങിയിരിക്കയാണ്. സംസ്ഥാനത്ത് അതിരൂക്ഷമായ കടല്‍ക്ഷോഭ ഭീഷണി നേരിടുന്ന ചെല്ലാനത്തെ ജനങ്ങള്‍ വീണ്ടും ജീവന്മരണ പോരാട്ടത്തിലാണ്.
കൊല്ലം, ആലപ്പുഴ ജില്ലകളിലെ കരിമണല്‍ ഖനന പ്രദേശങ്ങളിലെ തീരശോഷണത്തിന്റെ പിന്നിലുള്ള ശാസ്ത്രീയ വശങ്ങളും സാമ്പത്തിക ചൂഷണത്തന്റെയും രാഷ്ട്രീയ താല്പര്യങ്ങളുടെയും പിന്നാമ്പുറ ഇടപാടുകളും എന്തൊക്കെയായാലും തീരം ഇല്ലാതാകുന്നു എന്നത് തര്‍ക്കമറ്റ കാര്യമാണ്. ഒരു സീസണില്‍ ഒരിടത്തു നിന്ന് മണലെടുത്ത് മറ്റൊരിടത്ത് തിട്ടയുണ്ടാക്കുകയും അടുത്ത സീസണില്‍ മണല്‍പരപ്പ് പുനഃസൃഷ്ടിക്കുകയും ചെയ്യുന്ന സ്വാഭാവികമായ ചാക്രിക പ്രതിഭാസമല്ല കേരളതീരത്ത് പലയിടത്തും സംഭവിക്കുന്നത്. കടല്‍ക്കര ചിലയിടങ്ങളില്‍ അനുക്രമം മാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കയാണ്, ഒരു നാളും തിരിച്ചുവരാത്തവണ്ണം. അപ്പോഴും സംസ്ഥാനത്ത് തീരഭൂമിയില്‍ 23.92 ശതമാനം പുതുവയ്പ്പായി പ്രത്യക്ഷപ്പെടുന്നുവെന്നാണ് കണക്ക്. മാറ്റമില്ലാത്ത സുസ്ഥിര തീരം കേവലം 7.87 ശതമാനം മാത്രം. സ്വാഭാവിക പാറക്കെട്ടുകള്‍ നിറഞ്ഞ തീരരേഖ 30.5 കിലോമീറ്റര്‍ വരും. കടല്‍ഭിത്തിക്കു പുറമെ ചെറുതും വലുതുമായ 17 തുറമുഖങ്ങളും 11 ഫിഷറീസ് ഹാര്‍ബറുകളും 90 ഫിഷ്‌ലാന്‍ഡിങ് സെന്ററുകളും 106 പുലിമുട്ടുകളും തിരമാലകളുടെ ശക്തി തല്ലിത്തകരാന്‍ തീരക്കടലില്‍ കെട്ടിയ 25 അലതാങ്ങികളും (ബ്രേക്‌വാട്ടര്‍) ഉള്ള കേരള തീരത്തിന്റെ 37 ശതമാനം മാത്രമാണ് സ്വാഭാവിക രൂപത്തില്‍ മണല്‍പരപ്പായി നിലനില്‍ക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ തോതില്‍ (1.5 ശതമാനം) തീരശോഷണം സംഭവിക്കുന്ന തീരജില്ല തൃശൂരാണ്.
വിഴിഞ്ഞം രാജ്യാന്തര ആഴക്കടല്‍ തുറമുഖ പദ്ധതി, വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍, പുതുവൈപ്പിലെ പെട്രോളിയം, എല്‍എന്‍ജി ടെര്‍മിനലുകള്‍ തുടങ്ങിയ വന്‍കിട വികസന പദ്ധതികള്‍ക്കു പുറമെ ഒരു ആഘാതപഠനവും നടത്താതെ ചില താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി നിര്‍മിച്ചുകൂട്ടുന്ന ഹാര്‍ബറുകളും പുലിമുട്ടുകളും തീരശോഷണത്തിന്റെ ആക്കം കൂട്ടുന്ന വന്‍ വിപത്തുകളാണ്. ഫിഷറീസ് ഹാര്‍ബറിനായി നിര്‍മിക്കുന്ന ഓരോ പുലിമുട്ടും പത്തു കിലോമീറ്ററോളം വരുന്ന സ്വാഭാവിക കടല്‍ത്തീരം നശിപ്പിക്കുന്നുണ്ട്. പല ഹാര്‍ബറുകളും പ്രവര്‍ത്തനരഹിതമാണുതാനും. മുതലപ്പൊഴിയിലെ മത്സ്യബന്ധന തുറമുഖത്തിനായി കെട്ടിയ പുലിമുട്ട് അഞ്ചുതെങ്ങുവരെയുള്ള തീരത്തെ നശിപ്പിച്ചു കഴിഞ്ഞു; മുന്നൂറോളം വീടുകളുടെ നാശത്തിനും അതു വഴിവച്ചു. സ്വാഭാവികമായ പൊഴിമുറിയലിനെയും വേലിയേറ്റമിറക്കത്തെയും തിരയടിക്കലിനെയും മണലൊഴുക്കിനെയും ബാധിക്കുന്ന നിര്‍മിതികള്‍ ആത്യന്തികമായി പരിസ്ഥിതിയുടെ താളം തെറ്റിക്കും. ജിയോ സിന്തറ്റിക് ട്യൂബ് ടെക്‌നോളജി ഉപയോഗിച്ച് പൂന്തുറയില്‍ പരീക്ഷിക്കുന്ന ഓഫ്‌ഷോര്‍ ബ്രേക്‌വാട്ടര്‍ പദ്ധതിയുടെ ഗുണവും ദോഷഫലങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടുവേണം ശംഖുമുഖത്ത് അത് അവതരിപ്പിക്കാന്‍.
കടല്‍ഭിത്തി യഥാര്‍ഥത്തില്‍ തീരം സംരക്ഷിക്കുന്നില്ല എന്നാണ് ഭൗമശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. മണല്‍ത്തീര കവചം, ചാക്രികമായ കരയെടുപ്പും പുതുവയ്പും, മണല്‍സമ്പന്നത എന്നിവയ്ക്കു തടസം സൃഷ്ടിക്കുന്ന കടല്‍ഭിത്തിയെക്കാള്‍ ഫലപ്രദം കണ്ടല്‍ക്കാടുകളും കടല്‍ച്ചെടികളും മണല്‍മെത്തയും മറ്റും ഉള്‍പ്പെടുന്ന ജൈവ ബഫര്‍ മേഖലയാണ്. കടല്‍ഭിത്തിക്കു വേണ്ടി പശ്ചിമഘട്ടത്തിലെ മലകളിടിച്ചുനിരത്തി കരിങ്കല്ലു ശേഖരിക്കുന്നതിന്റെ പാരിസ്ഥിതിക പ്രത്യാഘാതം കടല്‍ക്ഷോഭത്തെക്കാള്‍ ഭയാനകമാകും. ഒരു കിലോമീറ്റര്‍ കടല്‍ഭിത്തി നിര്‍മിക്കാന്‍ ഏതാണ്ട് ഒന്നര കോടി രൂപ ചെലവു വരും. കടല്‍ഭിത്തിക്കുവേണ്ടി ചെലവാക്കുന്ന പണത്തിന്റെ പത്തിലൊന്നു മതി തീരദേശത്തെ കുടുംബങ്ങളെ കടല്‍ക്ഷോഭ ഭീതിയില്‍ നിന്ന് സുരക്ഷിതമായി മാറ്റിപാര്‍പ്പിക്കാന്‍.


Related Articles

തിരികെ വരുക (Come back): തപസ്സുകാലം നാലാം ഞായര്‍

ഒന്നാം വായന ജോഷ്വയുടെ പുസ്തകത്തില്‍നിന്ന് (5 : 9a, 10-12) (ദൈവത്തിന്റെ ജനം വാഗ്ദത്തഭൂമിയില്‍ എത്തിയപ്പോള്‍ പെസഹാ ആഘോഷിച്ചു) അക്കാലത്ത്, കര്‍ത്താവ് ജോഷ്വയോട് അരുളിച്ചെയ്തു: ഈജിപ്തിന്റെ അപകീര്‍ത്തി

ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം നിലനിര്‍ത്തണം

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും പട്ടികജാതി, വര്‍ഗ സംവരണം പത്തു കൊല്ലം കൂടി തുടരുന്നതിനുള്ള ഭരണഘടനയുടെ 126-ാം ഭേദഗതി ബില്‍ ഒരു എതിര്‍പ്പുമില്ലാതെ 352 അംഗങ്ങള്‍ ഏകകണമ്ഠമായി ലോക്‌സഭയില്‍

കാവലാകാന്‍ പരിശീലിപ്പിക്കാം

പറവൂര്‍ പൂയ്യപ്പള്ളി ഗ്രാമത്തിലെ മാമ്പിള്ളി വീട്ടില്‍ മേരിയമ്മച്ചി താരമായ ടിക്‌ടോക് ഇപ്പോള്‍ നവീന മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. മേരിയമ്മൂമ്മയും കൊച്ചുമോന്‍ ജിന്‍സണും ചേര്‍ന്നൊരുക്കുന്ന രസകരമായ നിമിഷങ്ങള്‍ ജീവിതത്തെ മനോഹരമാക്കാനുതകുന്ന

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*