കടലോരത്തെ ആന്റിയസ്

ചാൾസ് ജോർജ്
അങ്ങനെ അവനും പോയി. ടി. പീറ്ററിനെ കൊവിഡ് കൊണ്ടുപോയി. എന്നെക്കാള്‍ മൂന്നു വയസ്സ് മൂപ്പുണ്ടെങ്കിലും വാടാ, പോടാ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. മത്സ്യമേഖലയില്‍ അങ്ങനെയാണ്. അവിടെ കേരളത്തിലെ നേതാക്കള്‍ തമ്മില്‍ ഒരു ‘ഗോത്ര’ത്തിലെന്നപോലെ ബന്ധമാണ്. പീറ്ററാണെങ്കില്‍ വലിയ വേളിയിലെ കടപ്പുറത്ത് ഒതുങ്ങുന്ന ആളല്ല. കേരളത്തിലെവിടേയുമുള്ള കടലോരങ്ങളിലുമായി നിറഞ്ഞുനിന്നയാളാണ്. 25 വര്‍ഷമായി എല്ലാ സമരങ്ങളിലും ഞങ്ങളോടൊപ്പവും മുന്നിലും പീറ്ററാണ്. പത്തു വര്‍ഷമായി നാഷണല്‍ ഫിഷ് വര്‍ക്കേഴ്സ് ഫോറത്തിന്റെ ജനറല്‍ സെക്രട്ടറി. മിനിഞ്ഞാന്ന് ഡല്‍ഹിയില്‍, ഇന്നലെ ചെന്നൈയില്‍, ഇന്നു വൈകീട്ട് വേളിയില്‍ അല്ലെങ്കില്‍ വലിയതുറയില്‍ എന്ന മട്ട്. കടപ്പുറത്ത് ഉയര്‍ന്ന രാഷ്ട്രീയ നേതാവിനെക്കാളും തിരക്ക്. എല്ലാവരോടും നിറഞ്ഞ സ്നേഹം. അടുപ്പം. ആര്‍ക്കും പരാതിയില്ല. തിരുവനന്തപുരത്തെ രാഷ്ട്രീയവും അതിന്റെ കൗശലങ്ങളും നന്നായറിയുന്ന, എന്നാല്‍ അതില്‍ വീണുപോകാത്ത ഒരാള്‍. എല്ലാ ചര്‍ച്ചകളിലും, ‘പീറ്ററാദ്യം പറയൂ’ എന്ന് മന്ത്രി പറയുന്ന ഒരു ആധികാരികന്‍.
1970കളില്‍ തിരുവനന്തപുരത്ത് സ്പെന്‍സര്‍ ജംഗ്ഷനിലുള്ള പി.സി.ഒ. എന്ന സ്ഥാപനമാണ് മത്സ്യമേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയൊരു പാത തുറന്നത്. യൂണിവേഴ്സിറ്റിയും, പ്ലാനിംഗ് ബോര്‍ഡും, സി.ഡി.എസ്സും പോലുള്ള സ്ഥാപനങ്ങളുള്ളപ്പോള്‍ എന്തിനു പി.സി.ഒ. എന്നു ഞങ്ങള്‍ ശങ്കിച്ചു. നളിനി നായിക്കിനെപ്പോലുള്ള ഗവേഷകരെ അവരവിടെക്കൂട്ടി. ഫിഷറീസ് വകുപ്പില്‍ നിന്നു റിട്ടയര്‍ ചെയ്ത തങ്കപ്പനാ
ചാരിയെപ്പോലുള്ളവരെ ഗവേഷണ തലവനുമാക്കിയ ഒരു എന്‍.ജി.ഒ. സ്ഥാപനം. ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്ന സായിപ്പിന്റെ കെണിയാണ് വോളന്ററി സ്ഥാപനങ്ങളെന്ന നിലയില്‍ ഞങ്ങളവരോട് പ്രതിഷേധിച്ചും നടന്നു. 1970കളുടെ ഒടുവില്‍ അവരാണ് തോമസ് കോച്ചേരി എന്ന ജസ്വിറ്റ് പാതിരിയെ കണ്ടെത്തി സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷന് രൂപീകരിച്ചത്. സമര്‍ത്ഥനായ സംഘാടകനായിരുന്നു കോച്ചേരി. പ്രക്ഷോഭകാരിയായ ലാല്‍ കോയില്പ്പറമ്പിലിനെയും ബുദ്ധിജീവിയായ ഏ.ജെ. വിജയനെയും ഇടത്തും വലത്തും നിര്‍ത്തി അദ്ദേഹം കേരളതീരത്ത് തെക്കുവടക്ക് സംഘടന കെട്ടിപ്പടുത്തു.
1980കളുടെ ആരംഭത്തില്‍ കാലവര്‍ഷം ആരംഭിക്കുമ്പോള്‍ കോഴിക്കോട് സിസ്റ്റര്‍ ആലീസും സെക്രട്ടേറിയറ്റിനു മുന്നില്‍ ലാലും നിരാഹാരം തുടങ്ങും. എന്‍.ജി.ഒകള്‍ എന്ന് ഞങ്ങള്‍ അവമതിപ്പോടെ വിളിച്ചുവെങ്കിലും വര്‍ഷകാലത്തെ ട്രോളിംഗ് നിരോധനത്തിലേക്ക് സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയ പ്രധാന ഘടകം ആ സമരങ്ങളായിരുന്നുവെന്നതില്‍ സംശയമില്ല. തൊണ്ണൂറുകളുടെ ആദ്യം ആ സംഘടനയുടെ തിരുവനന്തപുരത്തെ ഓഫീസ് സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായാണ് പീറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഒരു തനി മത്സ്യത്തൊഴിലാളി! ആ പരുക്കന്‍ അവസ്ഥയില്‍ നിന്നു വര്‍ഷങ്ങളിലെ പ്രക്ഷോഭങ്ങളിലൂടെ ചിന്തേരിട്ടു മിനുക്കിയപോലെ പീറ്റര്‍ എന്ന നേതാവ് വളര്‍ന്നുവന്നു. 1990കളില്‍ ആഴക്കടല്‍ കപ്പലുകള്‍ക്കെതിരായ സമരത്തിലൂടെ കോച്ചേരി അഖിലേന്ത്യാ സംഘാടകനും സാര്‍വ്വദേശീയ നേതാവുമായി സ്ഥാപിക്കപ്പെട്ടു. 2004ലെ സുനാമി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ സംഘടനാ നേതാക്കള്‍ പലവഴിക്കായി; പീറ്റര്‍ സംഘടനാ പ്രസിഡന്റായി. മേഖലയിലെ പ്രക്ഷോഭ വേദിയായി ഫിഷറീസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകൃതമായി. രൂപീകരണം മുതലിങ്ങോട്ട് കേരളത്തിലെ നിസ്വവിഭാഗങ്ങളുടെ സംയുക്ത പ്രക്ഷോഭങ്ങളിലെ മുന്നണി സ്ഥാനീയനായിരുന്നു പീറ്റര്‍. ഈ സംഘടനകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ‘സിമന്റിംഗ് ഫാക്ടര്‍’ അദ്ദേഹമായിരുന്നു. ഗവേഷകനോ ബുദ്ധിജീവിയോ അല്ലാതിരുന്നിട്ടുകൂടി ഈ ദൗത്യങ്ങളും ഏറ്റെടുത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. നിരന്തരമായി ഗവേഷകരോടും ഗവേഷണ സ്ഥാപനങ്ങളോടും ഇടപഴകി; തര്‍ക്കിച്ചു; സാധാരണക്കാരുടെ ജീവിതത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടുവന്നു. കേരള ഫിഷറീസ് സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗമായി. പത്തു വര്‍ഷമായി ഈ രംഗത്തെ ഏക മാസികയായ ‘അലകള്‍’ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുവന്നു.
മാറിമാറി വന്ന സര്‍ക്കാരുകളോടും സ്ഥാപനങ്ങളോടും നിരന്തരമായി ഇടപഴകാനും, സമ്മര്‍ദ്ദത്തിലാക്കി ആനുകൂല്യങ്ങള്‍ നേടാനുമുള്ള പ്രത്യേക കഴിവ് പീറ്ററിനുണ്ടായിരുന്നു. അധികാരകേന്ദ്രങ്ങളുമായി നിരന്തരമാ
യ സഹവാസത്തിലേര്പ്പെടുമ്പോഴും ജനിച്ച മണ്ണില്‍ കാലുപൂഴ്ത്തി നില്ക്കാന് അദ്ദേഹത്തിനായി. ഈ പ്രതിബദ്ധതയാണ് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്. വികസന കുത്തൊഴുക്കില്‍ വിഴിഞ്ഞം തുറമുഖം വരുകയും തിരുവനന്തപുരത്തെ കടപ്പുറങ്ങള്‍ കടലെടുക്കുകയും ചെയ്യുമ്പോഴും, ഓരോ കാലവര്‍ഷത്തിലും തീരവാസികള്‍ കൂട്ടത്തോടെ പലായനം ചെയ്യുമ്പോഴും അവരോടൊപ്പം പീറ്ററുണ്ട്. ചര്‍ച്ചകള്‍ക്ക് മറ്റേതു നേതാവിനെക്കാളും മുന്‍പന്തിയിലും. ഗ്രീക്കു പുരാണത്തിലെ ആന്റിയസ് എന്നൊരു ധീരകഥാപാത്രത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഭൂമിദേവിയുടെ മകനായ ആന്റിയസ്സിനെ തോല്പിക്കാന് ആര്‍ക്കുമായിരുന്നില്ല. യുദ്ധം ചെയ്ത് ക്ഷീണിക്കുന്ന ആന്റിയസ്സ് നിലത്ത് കാലുചവിട്ടി നില്ക്കും. അമ്മയായ ഭൂമി അയാള്‍ക്ക് ആവോളം മുലചുരത്തി നല്‍കും. നിലത്തു ചവിട്ടുന്നോളം ആര്‍ക്കും ആന്റിയസ്സിനെ തോല്പിക്കാനാവില്ല എന്നു മനസ്സിലാക്കിയ ഹെര്‍ക്കുലീസ് യുദ്ധത്തില്‍ ആന്റിയസ്സിനെ പൊക്കിപ്പിടിച്ചാണ് പോരടിച്ചത്. ‘നിലംതൊടീക്കാതെ’ എന്ന പ്രയോഗം ഇതില്‍ നിന്നും വന്നതാകാം. ക്ഷീണിതനായ ആന്റിയസ് കൊല്ലപ്പെട്ടു. ടി. പീറ്റര്‍ കമ്യൂണിസ്റ്റു പാര്ട്ടിക്കാരനല്ല. പാര്‍ട്ടി നേതാവുമല്ല. പക്ഷേ മണ്ണില്‍ കാലുറപ്പിച്ചുനിന്ന ഒരു നേതാവാണ്. കേരളത്തിലെ മത്സ്യബന്ധന മേഖല പ്രശ്നസങ്കീര്‍ണവും കലുഷിതവുമായ നാളുകളെ നേരിടുകയാണ്. കടലില്‍ മീന്‍ കുറയുന്നു. മീനുള്ളപ്പോഴാണെങ്കില്‍ വിലയും കിട്ടുന്നില്ല. വിലകിട്ടുമ്പോള്‍ മീനുമില്ല! ആദം സ്മിത്തിന്റെ കാലം മുതലുള്ള സാമ്പത്തികശാസ്ത്രത്തിന്റെ ദുരന്തമുഖത്താണവര്‍. വിപണിയില്‍ സര്‍ക്കാരും സഹകരണ പ്രസ്ഥാനവും ശക്തമായി ഇടപെടണമെന്ന് വാദിക്കാന്‍ പീറ്ററാണ് മുന്നിലുണ്ടായിരുന്നത്. നൈറ്റ്ഫിഷിംഗ് പാടില്ല, ലൈറ്റിട്ട് മീന്‍പിടിക്കരുത്, കുഞ്ഞുമീനുകളെപിടിക്കരുത്, അധികം തള്ളമീനുകളെയും പിടിക്കരുത് എന്ന സ്വയംനിയന്ത്രണ ചട്ടം പറയാന്‍ പീറ്റര്‍മാര്‍ ഇനിയും വേണ്ടതുണ്ട്. ട്രേഡ് യൂണിയന് പ്രവര്‍ത്തനവും പരിസ്ഥിതിസംരക്ഷണവും പരസ്പര ദ്വന്ദ്വങ്ങളായി പോരടിക്കുന്ന കാലമാണിത്. പരിസ്ഥിതി നന്നല്ലെങ്കില്‍ മീനില്ല, മീനില്ലെങ്കില്‍ മീന്കാരില്ല, മത്സ്യതൊഴിലാളി സംഘടനയുമില്ല എന്ന യുക്തി ലളിതമാക്കി മനസിലാക്കിയ നേതാവാണ് അദ്ദേഹം. ഇതുവഴി കേവലമൊരു എന്‍.ജി.ഒ. സംഘടനയുടെ അതിരുകളെ ഭേദിക്കാനും അദ്ദേഹത്തിനായി.
തീരത്തെമ്പാടും വന്‍ പദ്ധതികള്‍ വരികയാണ്.സാഗര്‍മാല, ഭാരത് മാല പദ്ധതികളുടെ ഭാഗമായി ആറു തുറമുഖങ്ങള്‍, 550 കൂറ്റന്‍ കെട്ടിടങ്ങള്‍, 12 തീരദേശ വികസന സോണുകള്‍, 11 തീരദേശ സര്‍ക്യൂട്ടുകള്‍, 2,000 കിലോമീറ്റര്‍ റോഡ്, കണ്ടല്‍ക്കാടുകളുടെ വിനാശം, തീരക്കടലിന്റെ പരിപാലനം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കടലിന്റെ മക്കള്‍ അന്യാധീനപ്പെടുകയും നിഷ്കാസിതരാകുകയും ചെയ്യുന്ന കാലം വരുന്നേയുള്ളൂ. ഈ ഘട്ടത്തില്‍ പീറ്ററെന്ന ആന്റിയസ്സിന്റെ അഭാവം കടലോരത്തെ അനാഥമാക്കുന്നു. നാഷണല്‍ ഫിഷര്‍ ഫോറത്തെ അനാഥമാക്കുന്നു. കൊവിഡ് എത്രമാത്രം ഭീകരനായ ഒരു സത്വമാണെന്ന് ദുഃഖത്തോടെ കേരളീയര്‍ അറിയുന്നു!
(കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടിയുസിഐ) പ്രസിഡന്റാണ് ലേഖകന്‍)
Related
Related Articles
നോബല്‍ സമ്മാനജേതാവ് വത്തിക്കാന്റെ അക്കാഡമി അംഗമായി നിയമിച്ചു
നോബല്‍ സമ്മാനജേതാവ് പ്രഫസര്‍ സ്റ്റീവന്‍ ച്യൂവിനെ പാപ്പാ ഫ്രാന്‍സിസ് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാഡമിയുടെ (Pontifical Academy for Life) അംഗമായി നിയോഗിച്ചു. – ഫാദര്‍ വില്യം നെല്ലിക്കല്‍
അക്ഷരശുദ്ധിയും ആത്മവിശുദ്ധിയും
അന്ധകാരത്തില്‍ നിന്നും വെളിച്ചത്തിലേക്ക് ഒരുവന് സ്വയവും മറ്റൊരുവനാലും നയിക്കപ്പെട്ടാല് അത് വിദ്യാഭ്യാസമാണ്. നമ്മിലുള്ള അന്ധകാരത്തെ പൂര്‍ണമായും ഇല്ലാതാക്കി നന്മയുടെ വെള്ളി വെളിച്ചം ഉള്‍ക്കൊള്ളുവാന്‍ ഏതാണോ, ഏതൊന്നാണോ നമ്മെ
ഐക്യത്തിന്റെ നാളുകളിലേക്ക് വിരല്‍ചൂണ്ടി കര്‍ണാടക തിരഞ്ഞെടുപ്പ്
മാരത്തോണില്‍ ലോക റിക്കാര്‍ഡിനുടമയായ കെനിയയുടെ ഡെന്നീസ് കിര്പ്പുറ്റോ കിമോറ്റുവിന്റെ ശൈലിയിലാണ് ബിജെപി ഇത്തവണ കര്‍ണാടക തിരഞ്ഞെടുപ്പിനെ നേരിട്ടത്. പതിഞ്ഞ താളത്തില്‍ തുടക്കം. പിന്നീട് ഓരോ കടമ്പയും ഭേദിച്ച്