കടലോരത്തെ കാലാവസ്ഥാ അഭയാര്‍ഥികളെ മറക്കരുത്

കടലോരത്തെ കാലാവസ്ഥാ  അഭയാര്‍ഥികളെ മറക്കരുത്

പ്രളയദുരന്തത്തെ നവകേരളസൃഷ്ടിക്കുള്ള അവസരമാക്കി മാറ്റുകയെന്നത് ശുഭചിന്തയാണ്, ദുര്‍ദ്ദശയില്‍ നിന്ന് പ്രത്യാശയിലേക്കുള്ള പരിവര്‍ത്തനം. കേരളത്തിലെ ജനങ്ങളില്‍ ആറിലൊന്നുപേരെ – 981 വില്ലേജുകളിലായി 55 ലക്ഷം ആളുകളെ – നേരിട്ടു ബാധിച്ച പ്രളയദുരന്തത്തിന്റെ ആഴവും വ്യാപ്തിയും, ദുരിതങ്ങളുടെ ആഘാത പ്രകമ്പനങ്ങളും തുടര്‍ചലനങ്ങളും കൃത്യമായി ഗണിക്കാനോ വിലയിരുത്താനോ വിശകലനം ചെയ്യാനോ കേരള നിയമസഭയുടെ ഒരു അടിയന്തര സമ്മേളനത്തിനു കഴിയുമെന്ന് ആരും കരുതുന്നില്ല. എങ്കിലും കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ കേരളത്തെ പുനര്‍നിര്‍മിക്കുമെന്ന് പ്രഖ്യാപിക്കാനും അതിനായി രാജ്യാന്തര സഹകരണവും സഹായവും തേടാനും, കേന്ദ്രം ‘ലെവല്‍ 3’ നിര്‍വചനംകൊണ്ടു വിവക്ഷിക്കുന്ന അതിഗുരുതരമായ പ്രതിസന്ധി തരണം ചെയ്യുന്നതിന് ദേശീയ തലത്തില്‍ വേണ്ടതെല്ലാം ചെയ്യണമെന്ന് വീണ്ടും ഓര്‍മിപ്പിക്കാനും ഭരണകക്ഷി-പ്രതിപക്ഷ ഭേദമില്ലാതെ നിയമസഭാംഗങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നത് ജനായത്ത ഐകമത്യത്തിന്റെ, മഹാബലത്തിന്റെ ഉല്‍കൃഷ്ട സന്ദേശമാണ്.
രക്ഷാദൗത്യത്തിന്റെ പ്രാഥമികഘട്ടം പൂര്‍ത്തിയായ മുറയ്ക്ക് ദുരന്ത മേഖലയില്‍ ദുരിതാശ്വാസത്തിന്റെയും പുനരധിവാസത്തിന്റെയും കൂടുതല്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും ഭരണസംവിധാനത്തിന്റെ മികവ് നിലനില്‍ക്കുന്നത് ജനകീയ പങ്കാളിത്തത്തിന്റെ ചടുലവും ക്രിയാത്മകവുമായ ഇടപെടലിലാണ്. ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് മുന്തിയ മുന്‍ഗണന നല്‍കി, വെള്ളം കയറിയ വീടുകള്‍ വീണ്ടും വാസയോഗ്യമാക്കാനും, കുടിവെള്ളവും വൈദ്യുതിയും ഭക്ഷ്യവസ്തുക്കളും ഉറപ്പാക്കാനും, എലിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ വ്യാപകമായി മുന്‍കരുതലെടുക്കാനും, പുരയിടങ്ങളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കാനും, ചത്തൊടുങ്ങിയ മൃഗങ്ങളുടെയും മറ്റും ജഡങ്ങളും അവശിഷ്ടങ്ങളും മറവുചെയ്യാനും, വെള്ളപ്പൊക്ക കെടുതികളെ അതിജീവിച്ച കന്നുകാലികളുടെ രക്ഷയ്ക്ക് അടിയന്തര സഹായമെത്തിക്കാനുമൊക്കെ ചട്ടങ്ങളും നടപടിക്രമങ്ങളും ജില്ലാ ആസൂത്രണ സമിതി അനുമതിയും മറ്റു നിയന്ത്രണങ്ങളുമൊന്നും നോക്കാതെ തനതു ഫണ്ടും വികസന ഫണ്ടും മറ്റു വിഭവസമാഹരണ മാര്‍ഗങ്ങളും ഉപയോഗിക്കാന്‍ തദ്ദേശഭരണ സമിതികള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നാട്ടുകാരുടെ ജീവിതപ്രശ്‌നങ്ങള്‍ നേരിട്ടറിയാവുന്ന വാര്‍ഡ് മെംബര്‍ തൊട്ടുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയും.
വെള്ളം കയറി നശിച്ച വീടുകളിലും സ്ഥാപനങ്ങളിലും നിന്നു പുറംതള്ളുന്ന അജൈവ മാലിന്യങ്ങള്‍ റോഡരുകിലും പുഴയോരത്തും വയലോരത്തും മറ്റും തള്ളി, കൂമ്പാരം കൂട്ടി തീയിടുന്നത് കര്‍ശനമായി തടയണം. ഇത്തരം മാലിന്യങ്ങള്‍ ശേഖരിക്കാന്‍ പഞ്ചായത്ത് തലത്തില്‍ സുരക്ഷിതമായ യാര്‍ഡുകള്‍ കണ്ടെത്തുകയാണ് മാലിന്യസംസ്‌കരണത്തിനും ശുചീകരണത്തിനുമുള്ള പ്രാഥമിക നടപടി. തോടുകളിലും പുഴയിലും പാടത്തും മറ്റും കിടക്കകളും പഴന്തുണികളും പാഴ്‌വസ്തുക്കളും പ്ലാസ്റ്റിക്കും കേടായ വീട്ടുപകരണങ്ങളും ഉള്‍പ്പെടെയുള്ളവ ലോഡുകണക്കിന് തള്ളുന്നത് വിവേകശൂന്യമാണ്, ജനദ്രോഹമാണ്, പ്രകൃതിവിരുദ്ധമാണ്. ഇത്തരം ക്രിമിനല്‍ കുറ്റങ്ങള്‍ ഇനിയും വച്ചുപൊറുപ്പിക്കരുത്.
സമഗ്രവും വിശദവും ശാസ്ത്രീയവുമായ ആസൂത്രണവും സാങ്കേതിക വൈദഗ്ധ്യവും പ്രകൃതിസംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും ഊന്നല്‍ നല്‍കുന്ന കാഴ്ചപ്പാടും ഉള്‍ച്ചേര്‍ന്ന ഒരു മാസ്റ്റര്‍ പ്ലാനോ വ്യക്തമായ പദ്ധതി രൂപരേഖയോ ഇല്ലാതെയാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വം പുനര്‍നിര്‍മാണത്തിനായുള്ള വിഭവസമാഹരണ യജ്ഞത്തില്‍ മുഴുകുന്നത്. രാജ്യാന്തര ഉപദേഷ്ടാക്കളെ പുനര്‍നിര്‍മാണ പദ്ധതി ആസൂത്രണത്തിനായി ഏകപക്ഷീയമായി നിശ്ചയിച്ചുകൊണ്ട്, പദ്ധതികളുടെ രൂപരേഖ പോലുമില്ലാതെയാണോ ആഗോള തലത്തില്‍ വിഭവസമാഹരണത്തിന് തിടുക്കം കൂട്ടുന്നത്?
പ്രളയാനന്തര കേരളത്തിന്റെ പുനഃസൃഷ്ടി പശ്ചിമഘട്ടത്തിലെ ലോല മേഖലകളെയും ഇടനാട്ടിലെ ജലസന്തുലനത്തിന്റെ തണ്ണീര്‍തടങ്ങളെയും കടലോരത്തെ ജലാശയങ്ങളെയും ഭൂപ്രകൃതിയുടെ തനതു സവിശേഷതകളെയും സംരക്ഷിക്കുന്നതാവണം എന്ന കാര്യം ആദ്യം ഓര്‍ക്കണം. കാടുവെട്ടിത്തെളിച്ചതിനും മലയിടിച്ചതിനും ജലഗതി തടഞ്ഞതിനും കൈയുംകണക്കുമില്ലാത്ത മറ്റനേകം അതിക്രമങ്ങള്‍ കാട്ടിക്കൂട്ടിയതിനും പ്രകൃതി നല്‍കുന്ന ശിക്ഷ ഇത്തരം മഹാദുരന്തങ്ങളാകുമെന്ന് മറക്കരുത്. ഏതെങ്കിലും നിയമവിരുദ്ധ കൈയേറ്റങ്ങളെയും വീഴ്ചകളെയും പാളിച്ചകളെയും ഭരണനിര്‍വഹണത്തിലെ പോരായ്മകളെയും കുറിച്ച് ചോദ്യം ഉന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന ജനാധിപത്യവിരുദ്ധ ശൈലി ഇനിയെങ്കിലും മാറണം.
ദുരിതാശ്വാസ നിധി മറ്റു വകുപ്പുകളിലേക്ക് വകമാറുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ സുതാര്യത ആവശ്യമാണ്. ഓഖി ചുഴലികൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തെ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച തുകയുടെയും അനുവദിച്ച ഫണ്ടുകളുടെയും കാര്യത്തില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങളുടെ തോത് സംസ്ഥാനത്തിന്റെ 2018-19 പദ്ധതി ചെലവായി കണക്കാക്കിയിരുന്ന 30,000 കോടി രൂപയ്ക്കും മേലെയാകുമെന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍. പുനര്‍നിര്‍മിതിയുടെ വലുപ്പം ഇത്രത്തോളമാകുമ്പോള്‍ വിഭവസമാഹരണത്തിന്റെയും പദ്ധതി വിഹിതത്തിന്റെയും ധനവിനിയോഗത്തിന്റെയും മറ്റും കണക്കുകള്‍ തീര്‍ച്ചയായും സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകണം. ഇക്കാര്യത്തില്‍ രാഷ്ട്രീയം നോക്കാതെയുള്ള ജനകീയ ജാഗ്രത ഒഴിച്ചുകൂടാനാവാത്തതാണ്.
പ്രളയദുരന്തത്തിന് ഇരയായവരുടെ ജീവന്‍ രക്ഷിക്കാന്‍ സൈനിക, അര്‍ധ-സൈനിക വിഭാഗങ്ങളോടൊപ്പം പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികളെ സംസ്ഥാന ഗവണ്‍മെന്റും പൊതുസമൂഹവും സമുചിതമായി ആദരിക്കുകയുണ്ടായി. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയവരെ, ഏതാണ്ട് എണ്‍പതിനായിരം ആളുകളെ, അത്യന്തം അപകടകരമായ സാഹചര്യത്തില്‍ ജീവന്‍ പോലും പണയപ്പെടുത്തിയാണ് കടല്‍വള്ളങ്ങളുമായി ചെന്ന് അവര്‍ സുരക്ഷാകേന്ദ്രങ്ങളിലെത്തിക്കാനും ഭക്ഷണവും വെള്ളവും മരുന്നും ഉറപ്പാക്കാനും സഹായിച്ചത്. അവരുടെ നിസ്വാര്‍ഥ സേവനത്തെയും ത്യാഗസന്നദ്ധതയെയും മുന്‍നിര്‍ത്തി മുഖ്യമന്ത്രി കേരളത്തിന്റെ ബിഗ് സല്യൂട്ട് അവര്‍ക്ക് അര്‍പ്പിച്ചു. രക്ഷാദൗത്യത്തില്‍ പങ്കുകാരായ 4,567 വള്ളങ്ങളില്‍ ഏഴെണ്ണം പൂര്‍ണമായും 452 എണ്ണം ഭാഗികമായും തര്‍ന്നുവെന്നാണ് മത്സ്യബന്ധന വകുപ്പിന്റെ കണക്ക്. വള്ളങ്ങളുടെ ഉടമകള്‍ക്കുണ്ടായ നഷ്ടത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രളയദുരന്തം കടലോരത്തെ കാര്യമായി ബാധിച്ചില്ല എന്നത് ആശ്വാസകരമാണ്. സാധാരണ ഗതിയില്‍ കാലാവസ്ഥയിലെ മാറ്റം ഏറ്റവുമധികം ബാധിക്കുന്നത് തീരപ്രദേശത്താണ്. തീരദേശവാസികളാണ് യഥാര്‍ഥത്തില്‍ കേരളത്തില്‍ പ്രഥമ കാലാവസ്ഥാ അഭയാര്‍ഥികള്‍. സുനാമിയുടെയും ചുഴലിക്കാറ്റുകളുടെയും കടല്‍ക്ഷോഭത്തിന്റെയും നിതാന്ത ഭീഷണിക്ക് പാത്രമാകുന്നവര്‍. തീരദേശവാസികളുടെ പുനരധിവാസത്തിന് സ്ഥിരമായ സംവിധാനം നവകേരള സൃഷ്ടിയില്‍ മുന്‍ഗണന അര്‍ഹിക്കുന്നു. പ്രകൃതിക്ഷോഭത്തെ അതിജീവിക്കാന്‍ ശാസ്ത്രീയമായി രൂപകല്പന ചെയ്ത സുശക്തമായ രക്ഷാസങ്കേതങ്ങള്‍ തീരപ്രദേശത്ത് കൂടിയേ തീരൂ. ഇത്തരം ഷെല്‍ട്ടറുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി മാത്രമല്ല, സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു പൊതു ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികളുടെ ഏകോപിത പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി പ്രയോജനപ്പെടുത്താവുന്നതാണ്. ഓഖി പുനരധിവാസ പദ്ധതികളും തീരദേശത്തിന്റെ മറ്റ് അടിയന്തര ആവശ്യങ്ങളും പുതിയ ദുരന്ത പശ്ചാത്തലത്തില്‍ മുന്‍ഗണനാപട്ടികയ്ക്കു പുറത്താകരുത്. കാരണം, ബംഗാള്‍ ഉള്‍ക്കടലിലെന്നപോലെ കാലാവസ്ഥ വ്യതിയാനങ്ങളുടെ ഏറ്റവും ഭീഷണമായ പ്രത്യാഘാതങ്ങളാണ് കേരളത്തിന്റെ അറബിക്കടലോരത്തെ കാത്തിരിക്കുന്നത്.


Related Articles

ദൈവാനുഭവത്തില്‍ കുട്ടികളെ വളര്‍ത്തുക മതബോധനത്തിന്റെ മുഖ്യലക്ഷ്യം: ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തിരുവനന്തപുരം: ബൗദ്ധിക തലത്തിലുള്ള അറിവ് പകരുകയല്ല ദൈവാനുഭവത്തിലേക്ക് കുട്ടികളെ വളര്‍ത്തുകയാണ് മതബോധനത്തിന്റെ മുഖ്യലക്ഷ്യമെന്നു ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം. വെള്ളയമ്പലം ലിറ്റില്‍ ഫഌവര്‍ പാരിഷ് ഹാളില്‍ അതിരൂപതാ

കരിക്കുറി മായ്ച്ചതിന് സ്‌കൂള്‍ മാപ്പു ചോദിച്ചു

ബൗണ്ടിഫുള്‍: നോമ്പ് ആചരണത്തിന്റെ തുടക്കം കുറിക്കുന്ന വിഭൂതി ബുധനാഴ്ച നെറ്റിയില്‍ ചാരം കൊണ്ട് കുരിശടയാളം വരച്ച് സ്‌കൂളിലെത്തിയ നാലാം ക്ലാസുകാരന്റെ കരിക്കുറി മായ്ച്ചുകളയാന്‍ അധ്യാപിക നിര്‍ബന്ധിച്ചു എന്നതിന്

കൊറോണ വൈറസിന്റെ ഉറവിടം വ്യക്തമാക്കണം; ചൈനക്കെതിരെ ജര്‍മനിയും

കൊവിഡിന്റെ ഉറവിടം സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ അമേരിക്കയ്ക്കു പിന്നാലെ ചൈനയ്‌ക്കെതിരെ ആരോപണങ്ങളുമായി ജര്‍മനിയും. കോവിഡിന്റെ ഉത്ഭവം എവിടെയാണ് എന്നതുസംബന്ധിച്ച് ചൈന മറുപടി പറയണമെന്നും ഇക്കാര്യത്തില്‍ തുറന്ന സമീപനം

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*