Breaking News

കടല്‍ കടന്നെത്തിയ ‘ദിവ്യ’കാരുണ്യം

കടല്‍ കടന്നെത്തിയ ‘ദിവ്യ’കാരുണ്യം

 

ആവശ്യത്തിലും അവശതയിലും കഴിയുന്നവര്‍ക്കു നേരെ സഹായഹസ്തം നീട്ടുന്നതാണല്ലോ യഥാര്‍ത്ഥ ക്രൈസ്തവ അരൂപി. വിദേശത്ത് സേവനം ചെയ്യുന്ന കോട്ടപ്പുറം രൂപതാംഗങ്ങളായ ഫാ. ആന്റണി കല്ലറക്കലും ഫാ. നോബി അച്ചാരുപറമ്പിലും കൊവിഡ് പ്രതിസന്ധിയില്‍ നല്ല സമറിയക്കാരന്റെ ചൈതന്യത്തോടെ പ്രവര്‍ത്തിച്ചപ്പോള്‍ നടന്നത് വലിയ അത്ഭുതമായിരുന്നു. ജീവരക്ഷോപകരണമായ വെന്റിലേറ്ററുകളുടെ കുറവു കൊണ്ട് വടക്കന്‍ പറവൂരില്‍ നിന്ന് കൊച്ചിയിലെ ആശുപത്രികളിലേക്ക് ദീര്‍ഘ ദൂരം യാത്ര ചെയ്യേണ്ടി വരുന്ന ഗുരുതരാവസ്ഥയിലായ രോഗികളുടെ കഥയറിഞ്ഞ് അവര്‍ നടത്തിയ വെന്റിലേറ്റര്‍ ചലഞ്ച് അത്ഭുതങ്ങളുടെ കാരുണ്യ സ്പര്‍ശമായി. പറവൂര്‍ ഡോണ്‍ ബോസ്‌കോ ആശുപത്രിക്ക് ഓരോ വെന്റിലേറ്റര്‍ വാങ്ങി നല്കുക എന്ന അവരുടെ സ്വപ്‌നത്തിന് ജര്‍മനിയിലും ഓസ്ട്രിയയിലും അവര്‍ സേവനം ചെയ്യുന്ന നാട്ടിലെ ജനങ്ങള്‍ സ്വര്‍ണ്ണചിറകുകള്‍ സമ്മാനിച്ചപ്പോള്‍ രണ്ട് വെന്റിലേറ്ററുകള്‍ മാത്രമല്ല അതിന്റെ നാലിരട്ടി ചെലവു വരുന്ന ഓക്‌സിജന്‍ ജനറേറ്റര്‍ സിസ്റ്റം കൂടെ സ്ഥാപിക്കുന്നതിലേക്ക് ക്രിസ്തീയ സനേഹം കാരുണ്യമായി ഒഴുകി. വെന്റിലേറ്റര്‍ ചലഞ്ച് എന്ന ആശയം അവരുടെ സ്വയം പ്രേരിത സുകൃതമായിരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.

കൊവിഡ്-19 രണ്ടാം തരംഗത്തില്‍ മറ്റിടങ്ങളിലേതുപോലെ പറവൂര്‍ ഡോണ്‍ ബോസ്‌കോ ആശുപത്രിയിലും ചികിത്സിക്കാവുന്നതിന്റെ പരിധിക്കപ്പുറമായിരുന്നു രോഗികളുടെ എണ്ണം. സ്ഥല പരിമിതി കൊണ്ടും ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവത്താലും ഓക്‌സിജന്‍ ബെഡ് തികയാതെ വന്നതുകൊണ്ടും കൂടുതല്‍ വെന്റിലേറ്ററുകള്‍ ഇല്ലാത്തതിനാലും രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയാതെ വന്നത് വേദനിപ്പിക്കുന്ന അനുഭമായിരുന്നു. കൊവിഡ് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികളുടെ എണ്ണം ഏറിയപ്പോള്‍ ഓക്‌സിജന്‍ ഉപഭോഗം വര്‍ദ്ധിക്കുകയും ഓക്‌സിജനു കടുത്ത ക്ഷാമം നേരിടുകയും ചെയ്തു.

പ്രതിസന്ധികളും ബുദ്ധിമുട്ടുകളും അടുത്ത സുഹൃത്തായ ജര്‍മനിയിലെ ഓസ്‌നാബ്രുക്ക് രൂപതയില്‍ സേവനം ചെയ്യുന്ന കോട്ടപ്പുറം രൂപതാംഗമായ ഫാ.ആന്റണി കല്ലറക്കലുമായി ഫോണിലൂടെ പങ്കുവയ്ക്കുമായിരുന്നു. ഗുരുതരാവസ്ഥയിലായ രോഗികളുടെ എണ്ണം ഏറിയപ്പോള്‍ ആവശ്യത്തിന് വെന്റിലേറ്ററില്ലാത്തതിനാല്‍ ജീവന്‍ അപകടത്തിലായ രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹത്തെ വല്ലാതെ സങ്കടപ്പെടുത്തി. എത്രയും പെട്ടെന്ന് ഒരു വെന്റിലേറ്ററിനുള്ള പണം സമാഹരിച്ച് തരാം എന്നറിയിക്കുകയും അതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

താന്‍ വികാരിയായി സേവനം ചെയ്യുന്ന ലിങ്കനിലെ ക്യൂന്‍ മേരീസ്പള്ളിയില്‍ ഞായറാഴ്ച ദിവ്യബലി മധ്യേ കൊവിഡ് മഹാമാരി ഉയര്‍ത്തുന്ന പ്രതിസന്ധി സംബന്ധിച്ചും കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള ഡോണ്‍ ബോസ്‌കോ ആശുപത്രിയെക്കുറിച്ചും അവിടുത്തെ സാഹചര്യങ്ങളെക്കുറിച്ചും ആന്റണിയച്ചന്‍ പ്രതിപാദിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇടവകക്കാരോടും സുഹുത്തുക്കളോടും ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി സഹായാഭ്യര്‍ത്ഥന നടത്തി. ഇടവകയിലെത്തി രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ എങ്കിലും സമീപനരീതി കൊണ്ടും പ്രവര്‍ത്തനങ്ങളാലും ശ്രദ്ധേയനായ അദ്ദേഹത്തിന്റെ ഹൃദയസ്പര്‍ശിയായ വാക്കുകള്‍ അത്ഭുതം സൃഷ്ടിച്ചു. ഒന്നോ ഏറിയാല്‍ രണ്ടോ വെന്റിലേറ്ററുകള്‍ വാങ്ങി തന്ന് സഹായിക്കുക എന്നതായിരുന്നു അച്ചന്റെ ലക്ഷ്യമെങ്കിലും അദ്ദേഹത്തിന്റെ പ്രതീക്ഷകളെ കടത്തി വെട്ടുന്നതായിരുന്നു ജനങ്ങളുടെ പ്രതികരണം.

ഇടവകയിലെ ആബാലവൃന്ദം ജനങ്ങളുടെയും സഹകരണമുണ്ടായി എന്നതാണ് യാഥാര്‍ത്ഥ്യം. ഇടവകക്ക് അടുത്തുള്ള പ്രൊട്ടസ്റ്റന്റ് സഭക്കാര്‍ പോലും സഹായവുമായി ഓടിയെത്തി. ഇവയില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ആന്റണിയച്ചന്റെ ഇടവകയില്‍ നിന്ന് ആദ്യ കുര്‍ബ്ബാന സ്വീകരണത്തിനൊരുങ്ങി കൊണ്ടിരുന്ന കുട്ടികളുടെ പ്രതികരണം. നാള മയെര്‍ എന്ന 10 വയസുകാരി തനിക്ക് ഇക്കാര്യത്തില്‍ എന്ത് ചെയ്യാനാകും എന്ന് സ്വയം ആലോചിച്ചു. വായിച്ചു കഴിഞ്ഞ തന്റെ പുസ്തകങ്ങളും കണ്ടു കഴിഞ്ഞ സിഡികളും ഉപകാരപ്രദമാകുന്ന മറ്റു വസ്തുക്കളും വിറ്റ് പണം സമാഹരിക്കാന്‍ അവള്‍ തീരുമാനിച്ചു. തന്റെ ഈ ആശയം സുഹൃത്തുക്കളായ എലിസ മേരി, കാര്‍ള ഫോപ്പെ എന്നിവരുമായി പങ്കു വച്ചു. അവരും സഹകരണം വാഗ്ദാനം ചെയ്തു. കുട്ടികളുടെ മാതാപിതാക്കളും മക്കളുടെ ഈ ആശയത്തിന് പൂര്‍ണ്ണ പിന്തുണയുമായെത്തി.

ആ കുട്ടി സംഘം ഇടവക പള്ളിക്കടുത്തുള്ള റോഡരികില്‍ ഇരുന്ന് ഉീിമശേീി ളീൃ കിറശമ എന്ന ബോര്‍ഡ് തൂക്കി സാധനങ്ങള്‍ വില്ക്കാന്‍ തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു കുട്ടികളുടെ ഈ വഴിയോര കച്ചവടം. ഇതിനിടയില്‍ പെയ്ത മഴയും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായില്ല.. 50 ഓ 100 ഓ യൂറോ ലഭിക്കും എന്നാണ് കുട്ടികള്‍ കണക്കു കൂട്ടിയത്. എന്നാല്‍ ആദ്യദിനം തന്നെ 500 യൂറോയോളം ലഭിച്ചു. ഒരു സാധനത്തിനും കുട്ടികള്‍ വിലയിട്ടിരുന്നില്ല. ഇഷ്ടപ്പെട്ടത് എടുത്ത് ഇഷ്ടമുള്ള തുക നല്കുക എന്ന രീതിയായിരുന്നു സ്വീകരിച്ചത്. രണ്ടാം ദിനമായപ്പോള്‍ കാര്‍ളയുടെ ജ്യേഷ്ഠസഹോദരന്‍ ഹെന്‍ റിയും കുട്ടികളുടെ മൂവര്‍ സംഘത്തോടൊപ്പം ചേര്‍ന്നു. സാവാധാനം അവര്‍ റോഡിലിറങ്ങി ഇന്ത്യയെ സഹായിക്കുക എന്ന പ്ലകാര്‍ഡ് ഉയര്‍ത്തി. വാഹനങ്ങള്‍ റോഡില്‍ നിറുത്താന്‍ തുടങ്ങിയപ്പോള്‍ ആരോ പൊലീസില്‍ പരാതി നല്കി. കുട്ടികളാകട്ടെ ഇങ്ങനെയൊരു കാര്യം നടക്കുന്നത് നിയമാനുസൃതമായി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുമില്ല. പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി. കുട്ടികളില്‍ നിന്ന് കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ പൊലീസ് അവര്‍ക്കു നേരെ നടപടി സ്വീകരിച്ചില്ലെന്നു മാത്രമല്ല അവരുടെ സംഭാവനകൂടി കൊടുത്ത് കുട്ടികളെ അഭിനന്ദിച്ചതിനു ശേഷമാണ് മടങ്ങിയത്. അങ്ങനെ കുട്ടികൂട്ടം രണ്ട് ദിവസം കൊണ്ട് വെന്റിലേറ്റര്‍ വാങ്ങുന്നതിനായി സമാഹരിച്ചത് 1400 യൂറോ ആയിരുന്നു. ജര്‍മ്മന്‍ പത്രങ്ങളില്‍ ഇത് വാര്‍ത്തയുമായി. ഏകദേശം ഒരു ലക്ഷത്തി ഇരുപത്തി മൂവായിരത്തോളം രൂപ. ആദ്യകുര്‍ബാന സ്വീകരണത്തിന് ഈശോക്ക് നല്കുന്ന സമ്മാനമായി അവര്‍ അത് വികാരി ഫാ. ആന്റണി കല്ലറക്കലിന് കൈമാറുകയും ചെയ്തു.

ഏഴുവയസുള്ള മറ്റൊരു കുട്ടി രണ്ട് യൂറോ കൊണ്ടുവന്നു തന്നതിന് 7000 യൂറോയുടെ മഹത്വമുണ്ടായിരുന്നു എന്ന് ആന്റണിയച്ചന്‍ പറയുന്നു. 80 വയസിനടുത്ത് പ്രായുള്ള അവിവാഹിതകളായ, ധനികരല്ലാത്ത രണ്ട് സഹോദരിമാര്‍ ഇനി മുന്നോട്ട് പോകാന്‍ അധികം പണം വേണ്ട എന്ന് പറഞ്ഞ് ജീവിക്കാനുള്ള വകയില്‍ നിന്ന് ഒരു വെന്റിലേറ്ററിനുള്ള തുക തന്നെ ആന്റണിയച്ചന് അയച്ചു കൊടുത്തു. അതുപോലെ കരകൗശല വസ്തുക്കളും മറ്റും ഉണ്ടാക്കി വിറ്റ് കാരുണ്യ പ്രവര്‍ത്തികള്‍ ചെയ്യുന്ന ഇടവകയിലെ പ്രായമേറിയ ഇരുപതു പേര്‍ അടങ്ങുന്ന സ്ത്രീകളുടെ സംഘം ഇക്കാര്യത്തിനായി പതിനായിരം യൂറോയാണ് സംഭാവനയായി നല്കിയത്.

രണ്ട് വെന്റിലേറ്ററുകള്‍ വാങ്ങുവാനുള്ള പണം സ്വരൂപിക്കാനായിരുന്നു ആന്റണിയച്ചന്റെ ഉദ്യമമെങ്കിലും ഓക്‌സിജന്‍ ജനറേറ്റര്‍ കൂടി വാങ്ങി നല്‍കാന്‍ കഴിയുന്ന വിധത്തില്‍ ലിങ്കണിലെ ജനം ഔദാര്യപൂര്‍വം സഹകരിച്ചു.

സൗഹൃദ സംഭാഷണത്തില്‍ ഫാ. ആന്റണി കല്ലറക്കല്‍ ഇടവകയില്‍ നടത്തുന്ന സംരംഭത്തെ കുറിച്ച് മനസിലാക്കി കോട്ടപ്പുറം രൂപതാംഗമായ ഫാ. നോബി അച്ചാരുപറമ്പില്‍ ഇക്കാര്യം താന്‍ സേവനം ചെയ്യുന്ന പാരിഷ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തി. വളരെ അനുഭാവപൂര്‍ണ്ണമായ പ്രതികരണമായിരുന്നു അതിന് ലഭിച്ചത്. അങ്ങനെയാണ് അദ്ദേഹം താന്‍ സേവനം ചെയ്യുന്ന ഓസ്ട്രിയയിലെ ഫെല്‍ഡ്കിര്‍ഹ് രൂപതയിലെ മൈനിങ്കന്‍ സെന്റ് ആഗത്ത, ബ്രേഡറീസ് സെന്റ് എവുസേബിയൂസ് പള്ളികളില്‍ ഞായറാഴ്ച ദിവ്യബലിക്കിടക്ക് കേരളത്തിലെ കൊവിഡ് സ്ഥിതിയെക്കുറിച്ചും ഡോണ്‍ ബോസ്‌കോ ആശുപതിയെക്കുറിച്ചും വെന്റിലേറ്റര്‍ ചലഞ്ചിനെ സംബന്ധിച്ചും പ്രതിപാദിക്കുന്നത്. വളരെ പ്രോത്സാഹനജനകമായ പ്രതികരണമാണ് രണ്ട് ഇടവകകളിലെയും ജനങ്ങളില്‍ നിന്നു അച്ചന് ലഭിച്ചത്. ഒരു വെന്റിലേറ്റര്‍ വാങ്ങാന്‍ ആവശ്യമായതിനേക്കാള്‍ കൂടുതല്‍ തുക നല്‍കിയാണ് ഇടവക ജനങ്ങള്‍ ഇടയന്റെ വാക്കുകള്‍ക്ക് ജീവന്‍ നല്ലിയത്.

ഫാ. ആന്റണി കല്ലറക്കലിനെയും ഫാ. നോബി അച്ചാരുപറമ്പിലിനെയും കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി അഭിനന്ദിക്കുകയും രൂപതയുടെ നന്ദി അറിയിക്കുകയും ചെയ്തു. ബിഷപ് ജനറേറ്റര്‍ ആശീര്‍വദിച്ച് സ്വിച്ച് ഓണ്‍ കര്‍മം നടത്തി. ഫാ. റോക്കി റോബി കളത്തില്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഷാബു കുന്നത്തൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. ക്ലോഡിന്‍ ബിവേര, ഫാ.ഷിബിന്‍ കൂളിയത്ത്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പൗലോസ് മത്തായി, നഴ്‌സിങ്ങ് സൂപ്രണ്ട് സിസ്റ്റര്‍ സ്‌നേഹ ലോറന്‍സ് എന്നിവര്‍ സന്നിഹിതരായിരുന്നു. മിനിറ്റില്‍ 80 ലിറ്റര്‍ നിരക്കില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉദ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് അമേരിക്കന്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

 

 


Related Articles

ജ്ഞാനസ്‌നാനത്തിരുനാള്‍

ഈശോയുടെ ജ്ഞാനത്തിരുനാളിന് സ്‌നാപകയോഹന്നാനെ വരാനിരിക്കുന്ന ക്രിസ്തുവായി ജനം തെറ്റിദ്ധരിച്ചു തുടങ്ങുമ്പോള്‍ എന്നെക്കാള്‍ ശക്തനായ ഒരുവന്‍ വരുന്നു അവന്റെ ചെരുപ്പിന്റെ കെട്ടഴിക്കാന്‍ ഞാന്‍ യോഗ്യനല്ല. എന്നു പറയുന്നതും ഈശോ

വ്രതമനുഷ്ഠിക്കുന്ന മുസ്ലീം സഹോദരങ്ങള്‍ക്ക് സ്‌നേഹവും സമാധാനവും ആശംസിച്ച് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

കൊച്ചി: റംസാന്‍ മാസത്തിലെ നോമ്പ് അനുഷ്ഠിക്കുന്ന മുസ്ലിം സഹോദരങ്ങള്‍ക്ക് കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി സ്‌നേഹവും സമാധാനവും ആശംസിച്ചു. കൊവിഡ് കാലത്തെ വ്രതാനുഷ്ഠാനം കൂടുതല്‍ ക്ലേശപൂര്‍ണ്ണമായതുകൊണ്ടാണ്

ഫോര്‍ട്ടുകൊച്ചി-ചെല്ലാനം തീരസംരക്ഷണ ജനകീയരേഖ

കേരള റീജ്യന്‍ ലാറ്റിന്‍  കാത്തലിക് കൗണ്‍സിലിന്റെ  കീഴിലുള്ള കോസ്റ്റല്‍ ഏരിയ  ഡെവലപ്മെന്റ് ഏജന്‍സി  ഫോര്‍ ലിബറേഷന്‍ (കടല്‍)  കൊച്ചി, ആലപ്പുഴ രൂപതകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍  പൊതുചര്‍ച്ചയ്ക്കായിഅവതരിപ്പിച്ചത്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*