Breaking News

കടുവയെ കിടുവ പിടിക്കുമ്പോള്‍

കടുവയെ കിടുവ പിടിക്കുമ്പോള്‍

ജനാധിപത്യ പരമാധികാര മതനിരപേക്ഷ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യ ലോകത്തെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയുടെ എഴുപതാം വാര്‍ഷികം കൊണ്ടാടുമ്പോഴാണ് ആ ഭരണഘടനയുടെ ശില്പിയായ ഡോ. ബി.ആര്‍. അംബേദ്കറുടെ മാതൃസംസ്ഥാനമായ മഹാരാഷ്ട്രയില്‍ ജനാധിപത്യധ്വംസനത്തിന്റെ അത്യന്തം സ്‌തോഭജനകമായ അസംബന്ധ രാഷ്ട്രീയ നാടകത്തിന് സുപ്രീം കോടതി ഇടപെടലിന്റെ ഒരു ട്വിസ്റ്റും ആന്റിക്ലൈമാക്‌സും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷം ബഹിഷ്‌കരിച്ച സപ്തതി ആഘോഷവേളയില്‍, ഭരണഘടനയുടെ മഹിമ തങ്ങള്‍ പരിപാലിക്കുന്നത് എവ്വിധമെന്നു കണ്ടിരുന്നെങ്കില്‍ അംബേദ്കര്‍ ആനന്ദതുന്ദിലനായേനെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറയുന്നുണ്ട്. അധികാരത്തിനുവേണ്ടി ഭരണഘടനാ സംവിധാനങ്ങളെയും ജനാധിപത്യ മര്യാദകളെയും വ്യവസ്ഥാപിത കീഴ്‌വഴക്കങ്ങളെയും എങ്ങനെയെല്ലാം അട്ടിമറിക്കാം എന്നു നിരന്തരം നിരങ്കുശം തന്ത്രം മെനയുകയും അതില്‍ ഊറ്റംകൊള്ളുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനക്കാരെ ഇടയ്‌ക്കൊന്നു പിടിച്ചുകെട്ടാനുള്ള ശക്തി ജുഡീഷ്യറിയുടെ പക്കല്‍ അവശേഷിക്കുന്നുവെന്നത് ഭരണഘടനയുടെ മഹത്വത്തിന്റെ ദൃഷ്ടാന്തംതന്നെയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടി മോദി പാര്‍ലമെന്റില്‍ ഭരണഘടനയെ തൊട്ടുവന്ദിച്ച് ഭരണത്തില്‍ തന്റെ രണ്ടാമൂഴം സമാരംഭിച്ച് ആറു മാസത്തിനകം മഹാരാഷ്ട്രയില്‍ ഒക്‌ടോബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതി (മഹാസഖ്യം) എന്ന പേരില്‍ ഒരുമിച്ചുചേര്‍ന്നു മത്സരിച്ച ബിജെപിക്കും ശിവ സേനയ്ക്കും പ്രതീക്ഷിച്ച തകര്‍പ്പന്‍ വിജയം നേടാനായില്ലെങ്കിലും മന്ത്രിസഭ രൂപീകരിക്കാനുള്ള അംഗബലമുണ്ടായിരുന്നു – 288 അംഗ അസംബ്ലിയില്‍ കേവല ഭൂരിപക്ഷത്തിന് 145 സീറ്റു വേണമെന്നിരിക്കെ, ബിജെപിക്ക് 105 എംഎല്‍എമാരും ശിവസേനയ്ക്ക് 56 പേരും. തെരഞ്ഞെടുപ്പു സഖ്യത്തിലെ ധാരണപ്രകാരം അധികാരം 50:50 അനുപാതത്തില്‍ പങ്കുവയ്ക്കുമ്പോള്‍ മുഖ്യമന്ത്രി പദത്തിലും തങ്ങളുടെ ഊഴത്തിനായുള്ള ശിവ സേനയുടെ അവകാശവാദം അംഗീകരിച്ചുകൊടുക്കാന്‍ ബിജെപി തയാറായില്ല. ഹരിയാനയില്‍ ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും എതിര്‍പക്ഷത്തെ ദുഷ്യന്ത് ചൗട്ടാലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഒറ്റദിവസം കൊണ്ട് അധികാരത്തിലേറിയ ബിജെപിയുടെ വിലപേശലൊന്നും മഹാരാഷ്ട്രയിലെ സേനാ കടുവകളുടെ അടുത്ത് വിലപ്പോയില്ല. മുഖ്യമന്ത്രി പദം പങ്കുവച്ചുള്ള ഒരു നീക്കുപോക്കും സാധ്യമല്ല എന്ന ബിജെപിയുടെ ഉറച്ച നിലപാടിനുള്ള തിരിച്ചടിയായി ശിവ സേന ബിജെപിയുമായുള്ള 30 വര്‍ഷത്തെ സഖ്യം ഉപേക്ഷിക്കാനും മടിച്ചില്ല.
മുന്‍ നിയമസഭയുടെ കാലാവധി അവസാനിക്കവെ, ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് ആദ്യം 48 മണിക്കൂര്‍ ഗവര്‍ണര്‍ അനുവദിച്ചു. മറാഠിയെക്കാള്‍ ഹിന്ദി സംസാരിക്കുന്ന, മറാത്താ മുഖ്യമന്ത്രിമാരുടെ പാരമ്പര്യമുള്ള സംസ്ഥാനത്തെ ആദ്യത്തെ ബ്രാഹ്മണ മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസ് തങ്ങള്‍ക്ക് വേണ്ടത്ര ഭൂരിപക്ഷമില്ലെന്നു വ്യക്തമാക്കി പിന്മാറിയപ്പോള്‍, ശിവസേനയ്ക്ക് 24 മണിക്കൂര്‍ സമയപരിധിയാണ് മന്ത്രിസഭയുണ്ടാക്കാനുള്ള യോഗ്യത തെളിയിക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചത്. അവര്‍ കൂടുതല്‍ സമയം ചോദിച്ചപ്പോള്‍ എന്‍സിപിക്കും 24 മണിക്കൂര്‍ അനുവദിച്ചെങ്കിലും, പിറ്റേന്ന് ഉച്ചയായപ്പോഴേക്കും ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ബ്രസീലിലേക്കു പ്രധാനമന്ത്രി മോദി യാത്രതിരിക്കുന്നതിന് ഏതാനും നിമിഷം മുന്‍പ് അടിയന്തരമായി ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ മഹാരാഷ്ട്ര നിയമസഭ മരവിപ്പിച്ചുകൊണ്ട് അവിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗവര്‍ണറുടെ ശുപാര്‍ശ അംഗീകരിക്കുകയും രാഷ്ട്രപതിയുടെ വിജ്ഞാപനത്തിനായി അയച്ചുകൊടുക്കുകയുമാണുണ്ടായത്.
ഇതിനിടെ, ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതിന് അവരെക്കാള്‍ വലിയ തീവ്ര ഹിന്ദുത്വവാദികളായ ശിവ സേനയ്ക്ക് പിന്തുണ നല്‍കുക എന്ന അതിസാഹസിക രാഷ്ട്രീയ നീക്കത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ – ആക്ടിംഗ് പ്രസിഡന്റ് സോണിയ ഗാന്ധിയെ – പ്രേരിപ്പിക്കാന്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് ശരദ് പവാറിനു കഴിഞ്ഞു. ജനവിധിയുടെയും ധാര്‍മികതയുടെയും പ്രത്യയശാസ്ത്രങ്ങളുടെയും ദേശീയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുടെയും വശങ്ങള്‍ പരിഗണിക്കുമ്പോള്‍ അചിന്ത്യവും അസാധ്യവുമെന്നു തോന്നാവുന്ന ഒരു രാഷ്ട്രീയ ബാന്ധവം അങ്ങനെ രൂപംകൊണ്ടു. പൊതുമിനിമം പരിപാടിയില്‍ ധാരണയുണ്ടാക്കി മഹാരാഷ്ട്ര വികസന മുന്നണി (മഹാരാഷ്ട്ര് വികാസ് ആഘാഡി) എന്ന പേരില്‍ ശിവ സേനയുമായി ചേര്‍ന്ന് എന്‍സിപിയും കോണ്‍ഗ്രസും പുതിയ സഖ്യത്തിനു രൂപം നല്‍കി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കുന്നതായി ശരദ് പവാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ദേശീയ മാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളുമെല്ലാം ആ വാര്‍ത്ത മാലോകരെ അറിയിച്ചു. പക്ഷെ, വെള്ളിയാഴ്ച രാത്രി ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലും രാഷ്ട്രപതി ഭവനിലും, മുംബൈയിലെ രാജ്ഭവനിലും അതിനിഗൂഢമായ ചില കരുനീക്കങ്ങള്‍ നടന്നു.
ശനിയാഴ്ച രാവിലെ ഇറങ്ങിയ രാജ്യത്തെ പ്രമുഖ പത്രങ്ങളുടെ പ്രധാന വാര്‍ത്ത ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുന്നു എന്നായിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശൈലിയില്‍ തന്റെ ഏറ്റവും പ്രിയങ്കരമായ മാധ്യമമായ ട്വിറ്ററിലൂടെ ആ പാതിരാ അട്ടിമറിയുടെ ബ്രേക്കിംഗ് ന്യൂസ് ദേശവാസികളെ അറിയിച്ചു: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത ഫഡ്‌നാവിസിനെയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍സിപി നേതാവ് അജിത് പവാറിനെയും അഭിനന്ദിച്ചുകൊണ്ടും സംസ്ഥാനത്ത് സുസ്ഥിര ഭരണത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുമുള്ള സന്ദേശത്തിലൂടെ!
ഉറങ്ങിക്കിടന്നിരുന്ന രാഷ്ട്രപതിയെ വിളിച്ചുണര്‍ത്തിയതുപോലെ, മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ടുള്ള വിജ്ഞാപനത്തില്‍ ഒപ്പിടുവിച്ച് പുലര്‍ച്ചെ 5.47ന് കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി ഡിജിറ്റല്‍ കൈയൊപ്പുചാര്‍ത്തി ആ ഉത്തരവ് ഇറക്കിയത് രാത്രി സംസ്ഥാന ഗവര്‍ണറുടെ റിപ്പോര്‍ട്ട് പരിഗണിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ചേര്‍ന്നിട്ടൊന്നുമല്ല. ഭരണഘടനയുടെ 356-ാം വകുപ്പിലെ രണ്ടാം ഖണ്ഡികപ്രകാരം ദേശീയ അടിയന്തരാവസ്ഥയില്‍ പ്രധാനമന്ത്രിക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു നടപടി. രാവിലെ 7.50ന് രാജ്ഭവനില്‍ ഔദ്യോഗിക മാധ്യമങ്ങളെയോ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയോ രാഷ്ട്രീയ നേതാക്കളെയോ മറ്റു ജനപ്രതിനിധികളെയോ പൗരപ്രമുഖരെയോ ആരെയും അറിയിക്കാതെ ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയുടെ മുന്‍പാകെ ഫഡ്‌നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തു. ആരും സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത സംഭവത്തിനു പിന്നിലെ കേന്ദ്രത്തിലെ പരമാധികാര ദ്വയത്തിന്റെ ചാണക്യതന്ത്രത്തെ വാഴ്ത്തുന്നതിന് ദേശീയ മാധ്യമങ്ങള്‍ മാസ്റ്റര്‍ സ്‌ട്രോക്ക്, സര്‍ജിക്കല്‍ സ്‌ട്രൈക്ക് തുടങ്ങിയ മഹാമാസ്മരിക പ്രയോഗങ്ങള്‍ കണ്ടെടുക്കുമ്പോള്‍, സ്വന്തം കുടുംബത്തില്‍ നിന്നുള്ള കൊടുംചതിയുടെ ആഘാതത്തില്‍ സ്തംഭിച്ചുനിന്ന ശരദ് പവാറും കൂട്ടരും ഗവര്‍ണറുടെ ഭരണഘടനാവിരുദ്ധ നടപടിക്കെതിരെയും ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരെയും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കര്‍ണാടകത്തില്‍ 2018ലെ തെരഞ്ഞെടുപ്പിനുശേഷം ഭൂരിപക്ഷമില്ലാതിരുന്ന ബിജെപിയുടെ ബി.എസ്. യെദ്യൂരപ്പയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതിനു സമാനമായ സാഹചര്യത്തില്‍ കോടതി അടിയന്തരമായി ഇടപെടും എന്ന പ്രത്യാശയിലായിരുന്നു ആ നീക്കം. ശനിയാഴ്ച രാത്രി സുപ്രീം കോടതി രജിസ്ട്രിയില്‍ ഹര്‍ജി സ്വീകരിച്ചുവെങ്കിലും ഞായറാഴ്ചയാണ് ജസ്റ്റിസുമാരായ എന്‍.വി. രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ച് പ്രാഥമിക വാദം കേട്ടത്. 24 മണിക്കൂറിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഫഡ്‌നാവിസിനു നിര്‍ദേശം നല്‍കിയില്ലെങ്കില്‍ ബിജെപി രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ തങ്ങളുടെ പക്ഷത്തുനിന്ന് കൂടുതല്‍ എംഎല്‍എമാരെ കടത്തിക്കൊണ്ടുപോകും എന്ന എന്‍സിപി-കോണ്‍ഗ്രസ് കക്ഷികളുടെ ആശങ്കയുടെ അടിയന്തര സ്വഭാവം ബോധ്യമാകാന്‍ രണ്ടു ദിവസം കൂടി വേണ്ടിവന്നെങ്കിലും ചൊവ്വാഴ്ച കോടതിയുടെ ഇടക്കാല ഉത്തരവ് ബിജെപിയുടെ പദ്ധതിയാകെ തകര്‍ത്തു.
ബുധനാഴ്ച അഞ്ചുമണിക്കകം നിയമസഭയില്‍ പ്രോട്ടം സ്പീക്കറുടെ അധ്യക്ഷതയില്‍ തുറന്ന വോട്ടെടുപ്പിലൂടെ ഫഡ്‌നാവിസ് മന്ത്രിസഭ ഭൂരിപക്ഷം തെളിയിക്കണമെന്നും നടപടികള്‍ അപ്പാടെ സംപ്രേഷണം ചെയ്യണമെന്നുമായിരുന്നു ഉത്തരവ്. അഞ്ചു സ്വതന്ത്രരും പ്രഹര്‍ ജനശക്തി പാര്‍ട്ടിയുടെയും എസ്പിയുടെയും രണ്ടുവീതം അംഗങ്ങളുമടക്കം തങ്ങളുടെ പക്ഷത്തുള്ള 162 എംഎല്‍എമാരെ ഒന്നടങ്കം മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്റെ ലോബിയില്‍ അണിനിരത്തി പരസ്യമായി ഉദ്ധവ് താക്കറെയ്ക്കു കൂറുപ്രഖ്യാപിച്ച മഹാ വികാസ് ആഘാഡിയുടെ പരേഡിന്റെ പശ്ചാത്തലത്തില്‍ എന്‍സിപി നിയമസഭാകക്ഷി നേതാവായിരുന്ന അജിത് പവാറിനോടൊപ്പം ഒരൊറ്റ എന്‍സിപി എംഎല്‍എയുമില്ലെന്നു ബോധ്യമായിട്ടും അമിത് ഷായുടെ പുതിയ തന്ത്രം കാണാനിരിക്കുന്നതേയുള്ളൂ എന്ന മട്ടില്‍ ഫഡ്‌നാവിസും കൂട്ടരും വലിയ ആത്മവിശ്വാസത്തിലായിരുന്നു. കള്ളപ്പണക്കേസ്, 25,000 കോടി രൂപയുടെ മഹാരാഷ്ട്ര സഹകരണ ബാങ്ക് കുംഭകോണം, ജലവിഭവകുപ്പ് മന്ത്രിയായിരുന്ന കാലത്തെ 70,000 കോടി രൂപയുടെ അഴിമതിക്കേസുകള്‍ എന്നിവയുടെ പേരില്‍ അജിത് പവാറിനെ ജയിലിലടയ്ക്കുമെന്നു പ്രഖ്യാപിച്ചിരുന്ന ഫഡ്‌നാവിസ് 54 എന്‍സിപി എംഎല്‍
എമാരുടെ കൈയൊപ്പുള്ള കടലാസു കണ്ടാണ് ശരദ് പവാറിന്റെ അനന്തര
വനെ തന്റെ ഉപമുഖ്യമന്ത്രിയാക്കിയത്. അജിത് പവാറിന്റെ വിപ്പിന്റെ ബലത്തില്‍ നിയമസഭയില്‍ രഹസ്യവോട്ടെടുപ്പിലൂടെ അദ്ഭുതം സംഭവിക്കുമെന്ന കണക്കുകൂട്ടല്‍ അപ്പാടെ അട്ടിമറിക്കുന്നതായിരുന്നു കോടതി ഉത്തരവ്. അങ്ങനെ 80 മണിക്കൂര്‍ മാത്രം നീണ്ട ഫഡ്‌നവിസിന്റെ രണ്ടാമൂഴത്തിനു തല്‍ക്കാലം തിരശീല വീണു.
മഹാരാഷ്ട്രയില്‍ 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ശിവ സേനയുടെ മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുന്നത് എന്‍സിപി, കോണ്‍ഗ്രസ് എന്നീ ദേശീയ മതനിരപേക്ഷ കക്ഷികളുടെ പിന്തുണയോടെയാണെന്നത് വലിയൊരു വൈരുധ്യമാണ്. ബാല്‍താക്കറെയുടെ കുടുംബത്തില്‍ നിന്ന് ആദ്യമായാണ് പാര്‍ട്ടി നേതാവ് അധികാരത്തിലെത്തുന്നത്. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യയാണ് ആദ്യമായി ആ കുടുംബത്തില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കൂടുതല്‍ ഉദ്വേഗജനകങ്ങളായ രാഷ്ട്രീയ അങ്കങ്ങള്‍ ഇനിയും അവിടെ കാണാനിരിക്കുന്നതേയുള്ളൂ. അതേസമയം, ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം സാധ്യമാണെന്ന സന്ദേശമാണ് മഹാരാഷ്ട്ര രാജ്യത്തിനു നല്‍കുന്നത്. തല്‍ക്കാലം, ഝാര്‍ഖണ്ഡില്‍ 81 അംഗ അസംബ്ലി തെരഞ്ഞെടുപ്പിന് സുധേഷ് മഹ്‌ത്തോയുടെ അഖില ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍, ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി എന്നീ സഖ്യകക്ഷികളെ അകറ്റിനിര്‍ത്തി കോണ്‍ഗ്രസ്, ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച, രാഷ്ട്രീയ ജനതാ ദള്‍ സഖ്യത്തോട് ഒറ്റയ്ക്കു പോരാടുന്ന ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ ഇതു ധാരാളമാണ്.


Tags assigned to this article:
maharashtra

Related Articles

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി നാളെ (13ന്) ഇടക്കൊച്ചി ആല്‍ഫ പാസ്റ്ററല്‍ സെന്ററില്‍ ആരംഭിക്കും

കൊച്ചി : കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ 32-ാംമത് ജനറല്‍ അസംബ്ലി ജൂലായ് 13,14,15 തീയതികളിലായി ഇടക്കൊച്ചി ആല്‍ഫാ പാസ്റ്ററല്‍ സെന്ററില്‍ നടക്കും. വിദ്യഭ്യാസ മേഖലയിലുള്ള

ജനഹൃദയങ്ങളെ തൊട്ടറിയുന്ന ഇടയന്‍

കടല്‍ത്തിരകളെ തൊട്ടുനില്‍ക്കുന്ന ഓലമേഞ്ഞ വീട്ടില്‍ വളര്‍ന്ന കുട്ടിക്കാലത്തെക്കുറിച്ച്, ജീവിതഭാരങ്ങള്‍ക്കു നടുവില്‍ കണ്ണുമടച്ചു പ്രാര്‍ഥിക്കുന്ന അമ്മ പകര്‍ന്നുനല്‍കിയ ദൈവാനുഭവത്തെക്കുറിച്ച്, കടലെടുത്ത ജീവിതങ്ങളെയും തുറകളിലെ ഒടുങ്ങാത്ത വിലാപങ്ങളെയുംകുറിച്ച് ഹൃദയവ്യഥയോടെ എന്നും

ലൂര്‍ദ് ആശുപത്രിയില്‍ വനിതാ ദിനം ആചരിച്ചു

എറണാകുളം: വനിതാ ദിനത്തോടനുബന്ധിച്ച് ലൂര്‍ദ് ആശുപത്രി കൊച്ചി ക്വീന്‍സ് വേയില്‍ ലൂര്‍ദ് വനിത ജീവനക്കാര്‍ക്കായി മിനി റണ്‍ നടത്തി. സിനിമ സീരിയല്‍ താരം വീണ നായര്‍ ഫളാഗ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*