Breaking News

കട്ടമരത്തിനും കേന്ദ്ര രജിസ്‌ട്രേഷന്‍: തീരമേഖലയ്ക്ക് ദുരിതമേറ്റാനെന്ന് ഷിബു ബേബി ജോണ്‍

കട്ടമരത്തിനും കേന്ദ്ര രജിസ്‌ട്രേഷന്‍: തീരമേഖലയ്ക്ക് ദുരിതമേറ്റാനെന്ന് ഷിബു ബേബി ജോണ്‍

കൊല്ലം: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ കട്ടമരത്തിനു പോലും കേന്ദ്ര ഗവണ്‍മെന്റിന്റെ രജിസ്‌ട്രേഷന്‍ വേണമെന്ന നിര്‍ദിഷ്ട ദേശീയ മറൈന്‍ ഫിഷറീസ് നിയന്ത്രണ ബില്ലിലെ വ്യവസ്ഥ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ ചൂണ്ടിക്കാട്ടി. ലത്തീന്‍ കത്തോലിക്കാ സമുദായ ദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ ചേര്‍ന്ന കെആര്‍എല്‍സിസി അല്മായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീവ്രവാദ പ്രവര്‍ത്തനം തടയുന്നതിനുള്ള സുരക്ഷാനിയന്ത്രണങ്ങളുടെ കാര്യം മനസിലാക്കാം. എന്നാല്‍ സംസ്ഥാനത്തിന്റെ സമുദ്രപരിധിയില്‍ വരുന്ന 22 കിലോമീറ്റര്‍ ഭാഗത്ത് മീന്‍പിടിക്കുന്നവര്‍ ഉപയോഗിക്കുന്ന കട്ടമരത്തിനും വള്ളങ്ങള്‍ക്കും സംസ്ഥാന ഗവണ്‍മെന്റിന്റെ ലൈസന്‍സിനു പുറമെ കേന്ദ്ര ഗവണ്‍മെന്റിന്റെ രജിസ്‌ട്രേഷന്‍ കൂടി വേണമെന്ന വ്യവസ്ഥയുടെ യുക്തി മനസിലാകുന്നില്ല.
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പ്രത്യേക ഭവന പദ്ധതിയും വീടുകളുടെ മെയിന്റനന്‍സിനും സാനിറ്റേഷനും വേണ്ടി അനുവദിച്ചിരുന്ന സാമ്പത്തിക സഹായവും ഇടതു മുന്നണി ഗവണ്‍മെന്റ് നിര്‍ത്തലാക്കി. തീരദേശ മേഖലയിലെ സാമൂഹിക പിന്നാക്കാവസ്ഥ മാറ്റുന്നതിനായി മുന്‍ ഗവണ്‍മെന്റ് പ്രത്യേകമായി വിഭാവനം ചെയ്ത ഭവന പദ്ധതി നിര്‍ത്തലാക്കി പകരം എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുന്നുവെന്ന പ്രഖ്യാപനത്തോടെ അവരെയും ലൈഫ് മിഷന്‍ എന്ന പദ്ധതിയില്‍ ചേര്‍ത്തിരിക്കയാണ്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള പ്രത്യേക പരിഗണന ഇതില്‍ എവിടെയാണ്?
ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ദുരന്തം നേരിട്ട് അനുഭവിക്കുന്ന തീരദേശ സമൂഹത്തിന്റെ അസ്തിത്വംതന്നെ അപകടത്തിലായിട്ടും ഭരണാധികാരികള്‍ ഇതിനെക്കുറിച്ച് യാതൊരു ആശങ്കയും പ്രകടിപ്പിച്ചുകാണുന്നില്ല. തീരദേശ മേഖലയില്‍ പുനരധിവാസം അനിവാര്യമാണ്. ഇടവപ്പാതി, തുലാവര്‍ഷം എന്നിങ്ങനെയുള്ള കാലവര്‍ഷത്തിന്റെയും മഴയുടെ ക്രമത്തിന്റെയും താളം തെറ്റി. മുന്‍പൊക്കെ ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ ആഞ്ഞടിച്ചുകൊണ്ടിരുന്ന ചുഴലിക്കാറ്റുകളുടെയും എണ്ണമറ്റ പ്രകൃതിക്ഷോഭങ്ങളുടെയും ദുരന്തങ്ങള്‍ ഓഖി ചുഴലിക്കാറ്റിനു പിന്നാലെ കേരള തീരത്തും അതിരൂക്ഷമായ രീതിയില്‍ അനുഭവപ്പെടുകയാണിപ്പോള്‍. ചുഴലിക്കാറ്റുകളും പ്രളയവും സമാന ദുരിതങ്ങളും ഇനിയുമുണ്ടാകും എന്നതിന്റെ സൂചനകള്‍ വേണ്ടുവോളമുണ്ടെങ്കിലും ഇതിന്റെയൊക്കെ കെടുതികളെ നേരിടുന്ന തീരദേശവാസികളുടെ ദുരിതങ്ങള്‍ക്കുള്ള പ്രതിവിധി കണ്ടെത്തുന്നതിന് ഇനിയും നാം സമ്മര്‍ദം തുടരേണ്ട അവസ്ഥയാണ്.
കൊല്ലം ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് കൊല്ലം രൂപത നല്‍കിയ സംഭാവനകളെക്കുറിച്ച് ആര്‍ക്കുംതന്നെ യാതൊരു സംശയവും ഉണ്ടാകാനിടയില്ല. ദൈവദാസന്‍ ബിഷപ് ജെറോം ഫെര്‍ണാണ്ടസ് സ്ഥാപിച്ച കര്‍മല റാണി ട്രെയിനിംഗ് കോളജിലെ എംഎഡ് കോഴ്‌സിന് എയ്ഡഡ് സ്റ്റാറ്റസ് നല്‍കാനുള്ള തീരുമാനമെടുത്തത് ഏറെ നിവേദനങ്ങള്‍ക്കൊടുവിലാണ്. എന്നാല്‍ കര്‍മല റാണി കോളജിന് അനുവദിക്കപ്പെട്ട ആ ആനുകൂല്യം റദ്ദാക്കാനാണ് ഈ ഗവണ്‍മെന്റ് തീരുമാനിച്ചത്. മറ്റെല്ലാവര്‍ക്കും അനുവദിച്ചിട്ടും കര്‍മല റാണിയെ മാത്രം അവഗണിച്ചത് കൊല്ലം രൂപതയുടെ ലത്തീന്‍ കത്തോലിക്കരോടുള്ള വിവേചനമാണെന്നു പറഞ്ഞാല്‍ അതു നിഷേധിക്കാനാകുമോ? എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ സമുദായത്തിന്റെ ഭാഗത്തുനിന്ന് ഇതിനെതിരെ ശക്തമായ പ്രതിഷേധമൊന്നുമുണ്ടായില്ല.
ഇന്ത്യയിലെ മുസ്‌ലിംകളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നിയോഗിച്ച സച്ചാര്‍ കമ്മിറ്റിയും സംസ്ഥാന ഗവണ്‍മെന്റി നിയോഗിച്ച പാലൊളി കമ്മിറ്റിയും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പല പ്രത്യേക ക്ഷേമപദ്ധതികളും നടപ്പാക്കാന്‍ കഴിഞ്ഞു. ഇതിന്റെ മാതൃകയില്‍ കേരളത്തിലെ ലത്തീന്‍ സമുദായത്തിന്റെ പിന്നാക്കാവസ്ഥയുടെ നിജസ്ഥിതി മനസിലാക്കുന്നതിന് പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്. തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ഈ സമൂഹത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് ഇത്തരം ആധികാരിക വിലയിരുത്തലുകള്‍ അത്യന്താപേക്ഷിതമാണ്.
ദുരിതവും ദാരിദ്ര്യവും അനുഭവിക്കുന്നവരോട് അനുഭാവം കാണിക്കുന്ന പുരോഗമനപരമായ ഒരു മനസ് കേരളത്തിനുണ്ടായിരുന്നു. ലത്തീന്‍ കത്തോലിക്കരുടെ അംഗബലം 13 ശതമാനം മാത്രമായിരുന്ന ചവറ നിയോജകമണ്ഡലത്തെ 50 വര്‍ഷം പ്രതിനിധീകരിക്കാന്‍ ബേബി ജോണ്‍ എന്ന രാഷ്ട്രീയ നേതാവിനു കഴിഞ്ഞത് ആ മതേതര മനസുകൊണ്ടാണ്. ഇന്ന് സാമുദായിക, മത സ്വാധീനങ്ങള്‍ക്കാണ് മുന്‍തൂക്കം എന്നതാണ് രാഷ്ട്രീയത്തിന്റെ അപചയം. വര്‍ഗീയതയെ വര്‍ഗീയത കൊണ്ടു നേരിടണമെന്നു പറയാനാവില്ല, എന്നാല്‍ സമുദായങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി വിലപേശുമ്പോള്‍ അധികാര പങ്കാളിത്തത്തിനായി ദുര്‍ബല വിഭാഗങ്ങള്‍ ശബ്ദമുയര്‍ത്തേണ്ടിയിരിക്കുന്നു – ഷിബു ബേബി ജോണ്‍ പറഞ്ഞു.
മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കാനുള്ള പൗരത്വ ഭേദഗതി ബില്ലും ആംഗ്ലോ ഇന്ത്യക്കാര്‍ക്ക് പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമുള്ള പ്രാതിനിധ്യം നിര്‍ത്തലാക്കാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ തീരുമാനവും ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ക്കും ഭരണഘടനയ്ക്കുമെതിരാണെന്നും അതിനാല്‍ അതിനെ ഒറ്റക്കെട്ടായി എതിര്‍ക്കേണ്ടതുണ്ടെന്നും എം.കെ. പ്രേമചന്ദ്രന്‍ എംപി ഓര്‍മിപ്പിച്ചു.
ഇന്ത്യയുടെ ഭരണഘടനയ്ക്കു രൂപം നല്‍കിയ കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയില്‍തന്നെ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള രണ്ട് അംഗങ്ങളുണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും ന്യൂനപക്ഷ സമൂഹങ്ങളിലൊന്നായ ആംഗ്ലോ ഇന്ത്യക്കാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കിയ നാമനിര്‍ദേശ പ്രാതിനിധ്യ വ്യവസ്ഥ തുടരേണ്ടത് അനിവാര്യമാണ്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ ഇതു സംബന്ധിച്ച നമ്മുടെ ആശങ്ക അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും നിരന്തരം നേരിടുകയും ഏറ്റവും കൂടുതല്‍ ക്ലേശങ്ങളും ദുരിതങ്ങളും അനുഭവിക്കുകയും ചെയ്യുന്ന തീരദേശമേഖലയെ ആശ്രയിച്ചു ജീവിക്കുന്ന ജനവിഭാഗത്തിന്റെ ജീവല്‍പ്രശ്‌നങ്ങള്‍ ഭരണകൂടുത്തിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കെആര്‍എല്‍സിസി സംഘടിപ്പിക്കുന്ന സമുദായ ദിന സമ്മേളനത്തിനു കഴിയണം. സാമൂഹിക നീതിയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ, കാലിക പ്രസക്തിയുള്ള പ്രശ്‌നങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. കടലാക്രമണം ഉള്‍പ്പെടെ കടലോര മേഖലയുടെ പ്രശ്‌നങ്ങള്‍ ഗൗരവതരമായി പരിഗണിക്കേണ്ടതാണ്.
പള്ളിക്കൊപ്പം പള്ളിക്കൂടം എന്ന നയപ്രഖ്യാപനത്തിലൂടെ ഒന്നര നൂറ്റാണ്ടിനു മുന്‍പ് കേരളത്തില്‍ സാമൂഹിക നവോത്ഥാനത്തിനു നേതൃത്വം നല്‍കിയ ക്രൈസ്തവ സഭയുടെ ചരിത്രപരമായ സംഭാവനകളെ ചവറ്റുകൊട്ടയില്‍ തള്ളി, ജാതിയുടെയും മതത്തിന്റെയും പേരില്‍ വര്‍ഗീയ വിഷം ചീറ്റുന്നവര്‍ അഭിനവ നവോത്ഥാന നായകരായി സ്വയം പ്രതിഷ്ഠിക്കുന്നതിന്റെ വൈരുധ്യം നാം തിരിച്ചറിയണം. ദശാബ്ദങ്ങള്‍ക്കു മുന്‍പ് കൊല്ലം രൂപത തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കള്‍ ലത്തീന്‍ സമൂഹം മാത്രമാല്ല, ഇവിടത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും സാമൂഹിക പുരോഗതിക്ക് വഴിതുറന്നത് വിദ്യാഭ്യാസത്തിലൂടെയുള്ള ഈ നവോത്ഥാന പ്രക്രിയയാണ്. ഫാത്തിമാ മാതാ നാഷണല്‍ കോളജ് എന്ന മഹത്തായ സാമൂഹികപ്രസ്ഥാനത്തിലൂടെയാണ് താനും ഉന്നത വിദ്യാഭ്യാസം നേടിയതെന്ന് പ്രേമചന്ദ്രന്‍ അനുസ്മരിച്ചു.
വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ആതുരശുശ്രൂഷ തുടങ്ങി സമസ്ത മേഖലകളിലും കൈയൊപ്പു ചാര്‍ത്തിയ ലത്തീന്‍ കത്തോലിക്കാ സമൂഹം സമുദായവത്കരണ പ്രക്രിയയില്‍ ഇടക്കാലത്ത് അപചയം നേരിട്ടത് എന്തുകൊണ്ടാണെന്ന് ആഴത്തില്‍ പഠിക്കേണ്ടതുണ്ടെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച ചവറ ബേബി ജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജ് അസോസിയേറ്റ് പ്രഫസര്‍ ഡോ. ബിജു ടെറന്‍സ് ഓര്‍മിപ്പിച്ചു. സമുദായബോധത്തോടെ സംഘടിച്ചാലേ രാഷ്ട്രീയ അധികാരത്തില്‍ പങ്കാളിത്തം നേടാനാകൂ. മറ്റു പല വിഭാഗങ്ങളും 19-ാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും സമുദായവത്കരണത്തിലൂടെ ശക്തിയാര്‍ജിച്ച് രാഷ്ട്രീയത്തില്‍ വലിയ വിലപേശല്‍ശക്തികളായി രൂപാന്തരപ്പെട്ടത് നമ്മള്‍ കണ്ടതാണ്.
ലത്തീന്‍ കത്തോലിക്കാ സമുദായം ഒരു വിശ്വാസസമൂഹമായി മാത്രം നിലകൊള്ളുന്നതാണ് പ്രധാന പ്രശ്‌നം. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പരിഹാരം കാണുന്നതില്‍ വീഴ്ച വരുത്തുന്നു. ഈ പോരായ്മ നികത്തി മുന്നോട്ടുപോകണം. ലത്തീന്‍ സമുദായത്തില്‍ നിന്ന് യുവതീയുവാക്കള്‍ രാഷ്ട്രീയത്തില്‍ കടന്നുവരുന്നത് അടുത്ത കുറെ നാളുകളായി കുറഞ്ഞുവരികയാണ്. നിയമനിര്‍മാണസഭയിലും നീതിന്യായ മണ്ഡലത്തിലും ഭരണനിര്‍വഹണ മേഖലയിലുമൊക്കെ സമുദായ പ്രാതിനിധ്യം കൂടുതല്‍ ഉറപ്പാക്കണമെന്നും ഡോ. ബിജു പറഞ്ഞു.
പ്രതികരിക്കാന്‍ ശക്തിയില്ലാത്ത സമുദായത്തിന് നീതി ലഭിക്കുകയില്ലെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച കെഎല്‍സിഎ പ്രസിഡന്റ് ആന്റണി നൊറോണ പറഞ്ഞു. ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും നോക്കിനില്‍ക്കെ, നിമിഷങ്ങള്‍ കൊണ്ട് എടുത്തുമാറ്റപ്പെടുകയാണ്. സംസ്ഥാനത്ത് സാധാരണ തൊഴിലന്വേഷകര്‍ക്ക് തുണയായിരുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴിയുള്ള നിയമനങ്ങള്‍ കുടുംബശ്രീക്കും മറ്റും കൈമാറാനുള്ള നീക്കം നടന്നു. നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമുദായ ശാക്തീകരണം കൂടിയേ തീരൂ. സാഹോദര്യത്തോടെ, ഐക്യത്തോടെ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത പുതുക്കലാണ് സമുദായ ദിനത്തിലൂടെ നാം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഹണി ബഞ്ചമിന്‍, സിഎസ്എസ് വൈസ് ചെയര്‍മാന്‍ സുജിത്ത് ഇലഞ്ഞിമറ്റം, ഡിസിഎംഎസ് ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ്, കെഎല്‍എം ജനറല്‍ സെക്രട്ടറി കെ.ജെ. തോമസ്, കെഎല്‍സിഎ സെക്രട്ടറി എം.സി. ലോറന്‍സ്, കൊല്ലം രൂപതാ അല്മായ കമ്മീഷന്‍ സെക്രട്ടറി പ്രൊഫ. എസ്. വര്‍ഗീസ്, അല്മായ കമ്മീഷന്‍ അംഗം ഷൈജ ടീച്ചര്‍, ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍, ഷെവലിയര്‍ എബ്രഹാം അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
കെആര്‍എല്‍സിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി ഫാ. ഷാജ്കുമാര്‍ മോഡറേറ്ററായിരുന്നു. തുടര്‍ന്ന് അര്‍പ്പിച്ച ദിവ്യബലിക്ക് ബിഷപ് ഡോ.ജയിംസ് ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.


Related Articles

നന്മയും സേഹവും പകര്‍ന്നു നല്‍കുന്ന മാലാഖമാരായി വളരുക – ബിഷപ് ഡോ. അലക്‌സ് വടക്കുംതല

കണ്ണൂര്‍: ഹൃദയത്തില്‍ വെണ്മയുള്ളവരായി, വെളിച്ചം പകര്‍ന്നു കൊടുക്കുന്ന നിഷ്‌ക്കളങ്കരായി, സമൂഹത്തിന് നന്മയും സ്‌നേഹവും പകര്‍ന്നു നല്‍കുന്ന മാലാഖമാരായി വളരുവാന്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല കുട്ടികളെ ആഹ്വാനം

പ്രളയം തകർത്ത ഭവനങ്ങളിലേക്ക് അനുഗ്രഹമായി കുമ്പളങ്ങി സേക്രഡ് ഹാർട്ട് ഇടവകയിലെ തിരുഹൃദയ ചിത്രങ്ങൾ ഇന്നു കൈമാറും

മഹാപ്രളയം തകർത്ത കുടുംബങ്ങളിൽ പ്രതിഷ്ഠിച്ചു പ്രാർത്ഥിക്കുന്നതിനായി കുമ്പളങ്ങി സേക്രട്ഡ് ഹാർട്ട് ഇടവക നിർമ്മിച്ചു നൽകുന്ന 1000 തിരുഹൃദയ ചിത്രങ്ങൾ ഇന്ന് (30/9/2018 ഞായർ ) കൈമാറും. വരാപ്പുഴ,

‘ആഡം’ എക്സ്റ്റന്‍ഷന്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെ ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പില്‍ മെമ്മോറിയല്‍ (ആഡം) എക്സ്റ്റന്‍ഷന്‍ ബ്ലോക്ക് കേരളവ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*