Breaking News

കടൽക്ഷോഭത്തിന് ഒരു ശാശ്വത പരിഹാരം  

കടൽക്ഷോഭത്തിന് ഒരു ശാശ്വത പരിഹാരം  

ചെല്ലാനം എന്ന ഗ്രാമം

കേരളത്തിലെ എറണാകുളം ജില്ലയിലെ ചെല്ലാനം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ കനത്ത ജനസംഖ്യയുള്ള മത്സ്യബന്ധന ഗ്രാമമാണ് ചെല്ലാനം. 50,000-ത്തിലധികം ആളുകളാണ് ചെല്ലാനം ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നത്. പടിഞ്ഞാറ് അറേബ്യൻ കടലും കിഴക്ക് കേരളത്തിന്റെ കായലും ഉള്ള ഒരു പ്രത്യേകതയിലാണ് ചെല്ലാനം സ്ഥിതിചെയ്യുന്നത്. 16.5 കിലോമീറ്റർ നീളമുള്ളതാണ് ചെല്ലാനം കടൽത്തീരം. ചെല്ലാനത്തിന്റെ പ്രത്യേകസ്ഥിതിവിശേഷം കാരണം പ്രദേശത്തിന്റെ മുഴുവൻ ഭാഗവും തീരദേശ മണ്ണൊലിപ്പിന് ഇരയാകുന്നു. 1986- സംസ്ഥാന സർക്കാർ ഇത് അടയാളപ്പെടുത്തുകയും ചെയ്തിതുണ്ട്. ദുരന്തനിവാരണ നിയമം, 2015 പ്രകാരം, ചെല്ലാനം ഏറ്റവും കൂടുതൽ കടൽക്ഷോഭത്തിനു ഇരയാകുന്ന പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടു. സൗദി, മാനാശ്ശേരി, തുടങ്ങിയവയാണ് ചെല്ലാനത്തിന്റെ അടുത്ത് കിടക്കുന്ന പ്രദേശങ്ങൾ.

കടൽക്ഷോഭം ജനങ്ങളെ ദുരിതത്തിൽ ആക്കുന്നു
കടൽത്തീരത്തെ കനത്ത മഴയും കടൽക്ഷോഭവും ആലുംകൽകമ്പനിപടി, ബസാർ, മറുവക്കാട്, വേളാങ്കണ്ണി നോർത്ത് തുടങ്ങിയ സ്ഥലങ്ങളിൽ അതിരൂക്ഷമാണ്. കൂടാതെ, ചെല്ലാനം വാച്ചക്കൽ കടൽത്തീരം മുതൽ ചെറിയ കടവ്, മാനാശ്ശേരി, കണ്ണമാലി, സൗദി വരെ കടൽ കവിഞ്ഞൊഴുകുകയാണ്. പൂർവ്വികർ പറയുന്നതനുസരിച്ച് വർഷങ്ങൾക്കുമുമ്പ് ചെല്ലാനത്തെ കടൽ നിരവധി മീറ്റർ അകലെയായിരുന്നു. കടൽ കാലാകാലങ്ങളിൽ അതിഭീകരമായി കടന്ന് വന്ന് ഇന്ന് ചെല്ലാനം ഗ്രാമത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആയിരിക്കുന്നു. തെക്ക്പടിഞ്ഞാറൻ മഴ കേരളത്തിലും കൊച്ചിയിലും ശക്തി പ്രാപിക്കുമ്പോൾ, ഭീകരമായ അറേബ്യൻ കടലിൽ നിന്നുള്ള ക്രൂരമായ തിരമാലകൾ തീരദേശഗ്രാമമായ ചെല്ലാനത്തെയും പരിസര തീരപ്രദേശങ്ങളിലുള്ള വീടുകളെ നശിപ്പിക്കുകയും താമസക്കാരെ വീടുകളിൽ നിന്ന് പായിക്കുകയും ചെയ്യുന്നു. കടൽകയറ്റം കാരണം ശൗചാലയങ്ങളും മറ്റ് ഡ്രെയിനേജ്/നീരൊഴുക്ക് സംവിധാനങ്ങളും ഇവിടെ തടസ്സപ്പെടുന്നു; കൂടാതെ തുറന്ന കിണറുകൾ മലിനമാകുന്നു. കിണറ്റിൽ മാലിന്യം നിറയുന്നത് കാരണം നിവാസികൾക്ക് കുടിക്കാൻ പോലും വെള്ളം ഇല്ലാത്ത അവസ്ഥയാണ്. ചെല്ലാനം ഗ്രാമത്തിന്റെ ജനസംഖ്യയുടെ ഭൂരിഭാഗവും വരുന്ന മത്സ്യത്തൊഴിലാളികൾ, മരപ്പണി, മൊസൈക് പണി ചെയ്യുന്ന തൊഴിലാളികൾ, മറ്റു നിർമ്മാണ തൊഴിലാളികൾ, പ്ലംബിംഗ് ജോലി, ഇലെക്ട്രിക്കൽ ജോലി ചെയ്യുന്നവർ, ടെക്സ്ടൈൽ കടയിൽ, സൂപ്പർമാർകെറ്റിൽ, പീലിംഗ് ഷെഡിൽ ജോലി എടുക്കുന്ന തൊഴിലാളികൾ, വരുമാനത്തിനായി വീട്ടുവേല ചെയ്യുന്നവർ, തയ്യൽ ജോലി എടുക്കുന്നവരെ എല്ലാം കടൽകയറ്റം അതിഭീകരമായി ബാധിച്ചിരിക്കുന്നു. ഓരോ തെക്ക്പടിഞ്ഞാറൻ മഴയത്തും വീടുകളും ഉപജീവനവും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കും മറ്റ് നിവാസികൾക്കും ഇത് ഇപ്പോൾ ഒരു സ്ഥിരം ഹൃദയവേദനയുള്ള സംഭവമായി മാറിയിരിക്കുകയാണ്. സ്വന്തം നാട്ടിൽ ജനങ്ങൾ അഭയാർഥികളാകുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്.
മഹാമാരിയിക്കും പേമാരിക്കും ഇടയിൽപെട്ട ഒരു ജനത

കോവിഡ്-19 മഹാമാരി കാരണം ഹോട്ട്സ്പോട്ടും ട്രിപ്പിൾ ലോക്ക്ഡൗണുമായി പ്രഖ്യാപിച്ച ചെല്ലാനം ഗ്രാമപഞ്ചായത്തിൽ ജനജീവിതം കൂടുതൽ ദുരിതപൂർണ്ണമായി. പേമാരിക്കും മഹാമാരിക്കും ഇടയിൽ പെട്ടിരിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. ജനസാന്ദ്രതയുള്ള തീരദേശ ഗ്രാമമായ ചെല്ലാനത്തെ സംസ്ഥാനത്തെ തന്നെ പത്ത് വലിയ ക്ലസ്റ്ററുകളിൽ ഒന്നായി ആരോഗ്യ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചിരിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോൾ പ്രാബല്യത്തിൽ ഉള്ളതിനാൽ, വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന വീടുകളിൽ താമസിക്കുവാൻ ജനങ്ങൾ നിർബന്ധിതരായി. കഴിഞ്ഞ വർഷം തീരം ലംഘിച്ചു കടൽ കടന്നു വന്നപ്പോൾ ആളുകളെ സ്കൂളുകളിലും കമ്മ്യൂണിറ്റി ഹാളുകളിലും സ്ഥാപിച്ച ക്യാമ്പുകളിലേക്ക് മാറ്റി. പക്ഷെ, വർഷം കോവിഡ് കാരണം ഓപ്ഷനുകൾ ലഭ്യമായില്ല. ഇവിടുത്തെ ജനങ്ങളുടെ ജീവിതവും സ്വത്തും ഉപജീവനവും അപകടത്തിലാണ്. വർഷം തിരമാലകൾ തീരത്തെ നിരവധി വീടുകളെ പൂർണ്ണമായും മറ്റുള്ളവയെ ഭാഗികമായും നശിപ്പിച്ചപ്പോൾ ആളുകൾക്ക് എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. വീടുകൾ വെള്ളത്തിൽ മുങ്ങുമ്പോഴും ക്വാറൻറ്റിനിൽ ആയ ആളുകൾക്കു തങ്ങളുടെ വീടുകളിൽ തന്നെ കഴിയേണ്ടി വന്നു.

കോവിഡ് പോസിറ്റീവ് ആയവരിൽ ഭൂരിഭാഗവും ചെല്ലാനം പഞ്ചായത്തിലെ 21 വാർഡുകളിലെ ചില ചുരുങ്ങിയ വാർഡുകളിൽ നിന്നുള്ളവരാണെങ്കിലും, വൈറസ് എവിടെയും ഉണ്ടാകാമെന്ന തോന്നൽ ജനങ്ങൾക്കിടയിൽ ഉണ്ട്. അത് കൊണ്ട് അവരുടെ അടുത്ത ആളുകളെ അവരുടെ വീടുകളിലേക്ക് ക്ഷണിക്കുന്നതിനോ അല്ലെങ്കിൽ ആവശ്യമുള്ള ഒരാളെ സഹായിക്കുന്നതിനോ വിമുഖത വന്നു. മുൻ വർഷങ്ങളിൽ, കടൽക്ഷോഭവും വെള്ളപ്പൊക്കവും സമൂഹത്തെ കൂടുതൽ അടുപ്പിച്ചുവെങ്കിൽ, ഇത്തവണ ആളുകൾ ജാഗ്രത പുലർത്തുകയും പലപ്പോഴും നിസ്സഹായരാകുകയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുമെന്ന് അധികൃതർ വാഗ്ദാനം ചെയ്‌തെങ്കിലും ക്യാമ്പുകളിൽ കോവിഡ്-19 പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടതിനാൽ പലരും ക്യാമ്പുകളിലേക്ക് പോകുവാൻ തയ്യാറായില്ല.

കടൽക്ഷോഭത്തിന്റെ കാരണങ്ങൾ

ചെല്ലാനത്തിന്റെ കടൽക്ഷോഭ പ്രശ്നം നൂറു വർഷം പഴക്കം ഉള്ളതാണ്. ഇത്രയും വർഷങ്ങൾക്കു ശേഷവും ഇവിടുത്തെ നിവാസികളെ സഹായിക്കുവാൻ വേണ്ടി ഒരു വിജയകരമായ ഉപായവും രൂപപ്പെടുത്തിയിട്ടില്ല എന്നതാണ് സത്യം. കഴിഞ്ഞ നൂറുവർഷമായി ജലപ്രവാഹങ്ങളുടെയും വേലിയേറ്റത്തിന്റെയും ഒഴുക്കിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 15 വർഷം മുമ്പ്, ഉയർന്ന വേലിയേറ്റം വീടുകളിൽ നിന്ന് 250 മീറ്റർ മുതൽ 300 മീറ്റർ വരെ അകലെയാണെങ്കിൽ ഇപ്പോൾ ഉയർന്ന വേലിയേറ്റവും വീടുകളും തമ്മിലുള്ള ദൂരം ഭയാനകമായി 50 മീറ്ററായി കുറഞ്ഞിരിക്കുകയാണ്. നിർഭാഗ്യവശാൽ, വർഷം തോറും കടൽത്തീരം അപ്രത്യക്ഷമാകാൻ തുടങ്ങി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഇത് വളരെ പെട്ടെന്നുള്ള രീതിയിലാണ് സംഭവിച്ചിരിക്കുന്നത്.

ഗുരുതരമായ തീരദേശ മണ്ണൊലിപ്പിനും വെള്ളപ്പൊക്കത്തിനും നിരവധി കാരണങ്ങളുണ്ട്കഴിഞ്ഞ 100 വർഷത്തിലേറെയായി നടക്കുന്ന തുറമുഖ വികസനം, ഡ്രെഡ്ജിംഗ്, മണൽ ഖനനം എന്നിവയുൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ അവയിൽ ചിലതാണ്. 1926- കൊച്ചി തുറമുഖത്തിന്റെ അശാസ്ത്രീയമായ നിർമ്മാണത്തിനുശേഷം ചെല്ലാനത്തിലെ കടൽക്ഷോഭം രൂക്ഷമായതായും തുറമുഖത്തിന്റെ അടിയിൽ നിന്ന് മണൽ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ മണ്ണൊലിപ്പ് വർദ്ധിപ്പിച്ചതായും തീരദേശ വിദഗ്ധർ പറയുന്നു. ചെല്ലാനത്തിന് 16 കിലോമീറ്റർ വടക്കായിട്ടാണ് തുറമുഖം. ഇത് മണൽ ചലന പരിസ്ഥിതി വ്യവസ്ഥയെ മാറ്റിമറിക്കുകയും മണ്ണൊലിപ്പിന് കാരണമാവുകയും ചെയ്തു. 2010- ഉദ്ഘാടനം ചെയ്ത ചെല്ലാനം ഹാർബർ ഫോർട്ട്കൊച്ചിക്കും ആലപ്പുഴ ജില്ലയിലെ അർതുങ്കലിനും ഇടയിൽ ഒരു ഫിഷിംഗ് ഹാർബറിന്റെ കുറവ് പരിഹരിച്ചപ്പോഴും ഹാർബറിന്റെ നിർമ്മാണം മണ്ണൊലിപ്പിനെ കൂടുതൽ വഷളാക്കിയതായി തീരദേശ മേഖല സംരക്ഷണ വിദഗ്ധനായ ശ്രീ. .ജെ. വിജയനും തീരദേശവാസികളും അഭിപ്രായപ്പെടുന്നു. പല മാധ്യമവാർത്തകളും ഈ കാരണങ്ങളെ കുറിച്ച് പ്രതിപാദിച്ചതുള്ളതാണ്. മനുഷ്യരുടെ ഇടപെടലിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും സ്വാധീനം വ്യത്യസ്ത തീരങ്ങളിൽ വ്യത്യസ്തമായത് കൊണ്ട് ചെല്ലാനം ഗ്രാമത്തിന്റെ കടൽക്ഷോഭത്തിനും മണ്ണൊലിപ്പിനും കാരണമായ അവസ്ഥകളെ കുറിച്ച് സമഗ്രമായ പഠനങ്ങൾ ആവശ്യം ആണ്.

നാട്ടുകാരുടെ രൂക്ഷ പ്രതിഷേധവും ആവശ്യങ്ങളും

അടിക്കടിയുള്ള ദുരന്തങ്ങൾ നേരിടുന്ന ചെല്ലാനം ഗ്രാമത്തെയും പരിസരപ്രദേശങ്ങളെയും കടൽക്ഷോഭത്തിൽ നിന്ന് എങ്ങനെ മികച്ച രീതിയിൽ സംരക്ഷിക്കാം എന്നുള്ള ചർച്ച തുടങ്ങിയിട്ട് നാളേറെയായി. പാറകൾ കൊണ്ട് നിർമ്മിച്ച 3 മീറ്ററുള്ള ഭിത്തിയുടെ ഉയരം ഗണ്യമായി കുറഞ്ഞുവെന്ന് ഇവിടുത്തെ സ്ഥലവാസികൾ പറയുന്നു. ഭിത്തിയുടെ ചുവട്ടിലുള്ള മണലിൽ തിരമാലകൾ കടിച്ചുകയറുന്നു. തീരദേശ സംരക്ഷണത്തിനായുള്ള അവരുടെ ആവശ്യം പതിറ്റാണ്ടുകൾ പഴക്കമുള്ളതിനാൽ തീരദേശവാസികൾക്കിടയിൽ അക്ഷമയുടെ ഒരു വികാരമുണ്ട്. തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന കടൽക്ഷോഭത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തീരദേശവാസികൾ നിരന്തരമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നു. എല്ലാ വർഷവും, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കടൽ നിർമാണത്തിനായി അധികൃതർ ചില നടപടികൾ കൈക്കൊള്ളും. ഓരോ വർഷവും പ്രതിഷേധം ഉച്ചത്തിലാകുമ്പോൾ, കുറച്ച് മണൽ ബാഗുകൾ തീരത്ത് താൽക്കാലികമായി നിക്ഷേപിക്കുകയോ അല്ലെങ്കിൽ മൂന്ന് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കാത്തതും പൊതുജനങ്ങളുടെ പണം പാഴാക്കുന്നതുമായ മണൽ ബണ്ടുകൾ നിർമ്മിച്ച് അധികൃതർ പ്രതികരിക്കുന്നു. ഇതെല്ലാം ഒരു അടവാണെന്നു ഇവിടുത്തെ താമസക്കാർ മനസിലാക്കുന്നു. കടൽക്ഷോഭത്തിൽ നിന്ന് തീരപ്രദേശത്തെ ശാശ്വതമായി സംരക്ഷിക്കാൻ കഴിയാത്തതിനാൽ മണൽ ബാഗുകൾ തങ്ങളുടെ പ്രശ്നത്തിന് പരിഹാരമല്ലെന്ന് തീരദേശ സ്ഥിരനിവാസികൾ അഭിപ്രായപ്പെടുന്നു.
ഇപ്പോഴത്തെ സ്ഥലം എം 2020-യിൽ കടൽ ഇരച്ചു കയറുന്നതു കണ്ടപ്പോൾ രണ്ടു കോടി രൂപ പാസാക്കി. രണ്ടു കോടി രൂപ കൊണ്ട് കടൽ കയറി വന്നു ജനജീവിതം ദുസ്സഹമാകുന്നത് തടയാൻ സാധിക്കുമോ? സ്ഥായിയായ പ്രതിവിധി നടത്താതെ ഇങ്ങനെ ഉള്ള പ്രഹസനങ്ങൾ ഇവിടുത്തെ ജനങ്ങളെ അധിക്ഷേപിക്കുന്നതിന് തുല്യം അല്ലെ? 2012–2017 വർഷത്തിലേക്കുള്ള 12-ആം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ വേണ്ടി ഇറിഗേഷൻ വകുപ്പ് (എറണാകുളം ഡിവിഷൻ) തയ്യാറാക്കി സമർപ്പിച്ചിട്ടുള്ള 9 കിലോമീറ്റർ സ്ഥലത്തു കടൽ ഭിത്തി ശക്തിപ്പെടുത്തൽ, 6 കിലോമീറ്റർ സ്ഥലത്തു ചാരുഭിത്തി കെട്ടി പൂഴിനിറക്കൽ, ഫോർട്ടുകൊച്ചി മുതൽ ചെല്ലാനം വരെ 60 പുലിമുട്ടുകൾ, എന്നിവ ഉൾപെടുത്തിയ കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ നൽകിയ പദ്ധതി റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയും INS ദ്രോണാചാര്യ മോഡൽ കടലാക്രമണ പ്രതിവിധി കാലോചിതമായ മാറ്റങ്ങൾ വരുത്തിയും ഇറിഗേഷൻ വകുപ്പ് നടപ്പിലാക്കണമെന്നാണ് ചെല്ലാനം നിവാസികളുടെ ആവശ്യം. ആവശ്യങ്ങൾ ഇതു വരെ പൂർത്തീകരിക്കാൻ അധികൃതർക്ക്സാധിച്ചിട്ടില്ല എന്നതിൽ ഇവിടുത്തെ നിവാസികൾ അക്ഷമരാണ്. തിരമാലകളിൽ നിന്ന് ചെല്ലാനം ഗ്രാമത്തെയും പരിസര തീരപ്രദേശങ്ങളെയും രക്ഷപ്പെടുത്താൻ സ്ഥിരമായ ഒരു സംവിധാനം വേണമെന്ന ആവശ്യം നടപ്പിലാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതിൽ ഇവിടുത്തെ ജനങ്ങൾ പ്രകോപിതരാണ്.
പുനരധിവാസ പാക്കേജ്
കടൽക്ഷോഭം കൊണ്ട് ദുരിതം അനുഭവിക്കുന്ന ചെല്ലാനം ഗ്രാമനിവാസികളുടെ ന്യായമായ കലാകാലങ്ങളായിട്ടുള്ള ആവശ്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കാതെ നിൽകുമ്പോൾ ആണ് കരയിൽ നിന്ന് 50 മീറ്ററിൽ കുറവുള്ള ദൂരത്തിൽ താമസിക്കുന്ന ആളുകളെ സ്ഥലം മാറ്റാൻ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ 2018 ജനുവരിയിൽ ഒരു പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. രൗദ്രമായ കടൽ 50 മീറ്ററിനപ്പുറത്തേക്ക് വ്യാപിക്കുകയും 100, 150 മീറ്റർ കടന്ന് വ്യാപിക്കുകയും ചെയ്യുന്നുവെന്ന് സംസ്ഥാന സർക്കാർ മനസ്സിലാക്കേണ്ടതുണ്ട്. പുനരധിവാസ പാക്കേജുകൾ നിർമ്മിക്കുമ്പോൾ 50 മീറ്ററിനപ്പുറത്ത് സ്ഥിതിചെയ്യുന്ന ആളുകളെയും വീടുകളെയും കുറിച്ച് ചിന്തിക്കേണ്ടതുണ്ട്.

പാക്കേജ് പ്രകാരം ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ നൽകുംഅതിൽ 6 ലക്ഷം രൂപ സ്ഥലം വാങ്ങുന്നതിനും 4 ലക്ഷം രൂപ വീട് നിർമ്മിക്കുന്നതിനും. ആരെങ്കിലും പുനരധിവാസ പാക്കേജിന്റെ ഭാഗമാകാൻ തീരുമാനിക്കുകയാണെങ്കിൽ അയാൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഭൂമി സർക്കാർ ആദ്യം പരിശോധിക്കുകയും പിന്നീട് സ്ഥലം വാങ്ങുന്ന ആൾക്കല്ല മറിച്ച്സ്ഥലം വിൽക്കുന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് 6 ലക്ഷം നേരിട്ട് കൈമാറുകയും ചെയ്യും. ബാക്കി തുക ആയ 4 ലക്ഷം ആണ് വീട് പണിയുന്നതിന് കൊടുക്കുന്നത്. ഒരാൾക്ക് എങ്ങനെ ആണ് 4 ലക്ഷത്തിന് ഒരു വീട് പണിയാൻ കഴിയുക. 4 ലക്ഷത്തിന് നല്ല വീട് പണിയാൻ സർക്കാരിനു കഴിയുമോ? 10 ലക്ഷം രൂപയിൽ ഭൂമി വാങ്ങാനും പുതിയ വീട് നിർമ്മിക്കാനും കഴിയില്ലെന്ന് ആർക്കാണ് അറിയാത്തതു; പക്ഷെ സർക്കാരിന് മാത്രം ഇതുവരെ കാര്യങ്ങൾ ഒന്നും മനസിലായിട്ടില്ല, അല്ലെങ്കിൽ മനസിലാക്കുവാൻ കൂട്ടാകുന്നില്ല. കേരള സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതി അനുസരിച്ച് ആളുകൾക്ക് വീടുകൾ നിർമ്മിക്കുന്നതിന് ഇതിനകം 4 ലക്ഷം ലഭിക്കുന്നു. ഇതെല്ലാം കാരണം സർക്കാരിന്റെ പുനരധിവാസ പദ്ധതിയിൽ കുറച്ച് പേർ മാത്രമേ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളൂ. ചെല്ലാനം പ്രദേശത്ത് ഇതുവരെ ഏകദേശം 20 പേർ മാത്രമാണ് പുനരധിവാസ പാക്കേജിൽ താല്പര്യം പ്രകടിപ്പിച്ചത്. പലരും ഓഫർ സ്വീകരിക്കാൻ തയ്യാറല്ല എന്നതാണ് യാഥാർഥ്യം. സർക്കാർ പാക്കേജ് തുക വർദ്ധിപ്പിച്ചാൽ മാത്രമേ തങ്ങൾ ഇതിനെക്കുറിച്ച് ചിന്തിക്കുകയുള്ളൂ, അല്ലെങ്കിൽ മരിക്കുന്നതുവരെ തങ്ങൾ അവിടെ തന്നെ താമസിക്കുമെന്ന് സ്ഥലനിവാസികൾ പറയുന്നു.
ചെല്ലാനവും പരിസരതീരപ്രദേശങ്ങളിൽ താമസിക്കുന്ന ഭൂരിഭാഗം ആളുകളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്. അവരിൽ ഭൂരിഭാഗവും തങ്ങളുടെ കഠിനാധ്വാനത്തിലൂടെയും ഓരോ ചില്ലിക്കാശ് മിച്ചംവച്ചും, വായ്പയെടുത്തും അവരുടെ കൈവശമുള്ള സ്വർണം പണയം വച്ചും വിറ്റുമാണ് വീടുകൾ നിർമ്മിച്ചിട്ടുള്ളത്. അവർക്ക് സ്വന്തമായി ഒരു വീട്, അത് ചെറുതാണെങ്കിലും അവരുടെ ജീവിതത്തിലെ ഒരേയൊരു ആഡംബരം ആണ്. ഇതാണ് സർക്കാർ അവരിൽ നിന്ന് തട്ടിയെടുക്കാൻ ശ്രമിക്കുന്നത്. ചെല്ലാനവും പരിസര തീരപ്രദേശങ്ങളിലെ ജനങ്ങളുടെ വീടുകൾ ചെറുതായിരിക്കാമെങ്കിലും (വളരെ ചുരുങ്ങിയ കേസുകളിൽ വലുതും), കൊച്ചി എന്ന വികസിത നഗരത്തിന്റെ അടുത്ത് കിടക്കുന്ന ചെല്ലാനം പോലുള്ള സ്ഥലത്ത് ഇവരുടെ ഇപ്പോഴത്തെ വീടുകൾ എങ്ങനെ വന്നാലും 10 ലക്ഷത്തിലധികം വിലമതിക്കുന്നു. സർക്കാർ പാവപ്പെട്ട ജനങ്ങളുടെ ഭൂമി തുച്ഛമായ വിലയ്ക്ക് കൈക്കലാക്കാൻ നോക്കുകയാണ്. അത് വഴി ഭൂമാഫിയ സ്ഥലങ്ങൾ മേടിച്ച്റിസോർട്ടുകൾ പണിയുവാൻ തുടങ്ങും. ഇനി പുനരധിവാസ പാക്കേജ് അനുസരിച്ച് ഒരു രഹസ്യകൂട്ടുണ്ട്. പുനരധിവാസ പാക്കേജ് അനുസരിച്ച് 10 ലക്ഷം ലഭിക്കുകയും സ്ഥലം വാങ്ങുകയും വീട് പണിയുകയും ചെയ്യുന്നവർ, 12 വർഷത്തേക്ക് വീട്ടു രേഖകൾ സർക്കാരിനെ ഏൽപ്പിക്കണം. ഇതെല്ലാം കൊണ്ട് ഇതൊരു അന്യായമായ പാക്കേജാണ്, യാതൊരു സംശയവും ഇല്ല.
തലമുറകളായി മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗമായ കടൽക്കരയിൽ നിന്ന് അവരെ മാറ്റി താമസിപ്പിക്കുന്നത് കടൽക്ഷോഭത്തിൽ നിന്നും രക്ഷപ്പെടുത്താനുള്ള ഒരു ഇതരമാര്ഗ്ഗമല്ല. മത്സ്യത്തൊഴിലാളികൾക്ക് തങ്ങളുടെ മത്സ്യബന്ധന വലകളും ബോട്ടുകളും കരയിൽ ഉപേക്ഷിച്ച് വിദൂര സ്ഥലത്ത് പോയി താമസിക്കാൻ സാധിക്കുകയില്ല. അത് പ്രായോഗികമല്ല. കൂടാതെ അവിടെ താമസിക്കുന്ന കല്പണിക്കാർ, മരപ്പണിക്കാർ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, നിർമ്മാണത്തൊഴിലാളികൾ, വീട്ടുജോലിക്കായി പോകുന്നവർ, സൂപ്പർമാർക്കറ്റുകളിൽ ജോലി ചെയ്യുന്നവർ, ടൈലറിംഗ് ഷോപ്പുകളിൽ, പീലിംഗ് ഷെഡുകളിൽ പണിയെടുക്കുന്നവർ, മറ്റ് തൊഴിലാളിവർഗ്ഗങ്ങൾക്കും ദൂരെ സ്ഥലങ്ങളിൽ പുനരധിവാസത്തിന്റെ പേരിൽ പോയി താമസിക്കുമ്പോൾ അത് അവരുടെ ഉപജീവനത്തെ കാര്യമായി ബാധിക്കും എന്നതിൽ യാതൊരു സംശയവും ഇല്ല.
കടലുകൾ കരയിലേക്ക് 50 മീറ്റർ കയറിവരുമ്പോൾ, തീരങ്ങൾ സംരക്ഷിക്കുന്നതിനായി സർക്കാർ ഘടനകൾ നിർമ്മിക്കുന്നില്ലെങ്കിൽ മറ്റൊരു 50 അല്ലെങ്കിൽ 150 മീറ്റർ പോലും നഷ്ടപ്പെടും. ചെല്ലാനത്തെയും പരിസരതീരപ്രദേശങ്ങളിലെയും കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം പുനരധിവാസ പാക്കേജുകൾ നൽകുന്നതിനുപകരം കടൽ ക്ഷോഭവും മണ്ണൊലിപ്പും തടയുന്നതിന് കടൽഭിത്തികളോ മറ്റ് ഘടനകളോ എന്തുകൊണ്ട് സർക്കാരിന് നിർമ്മിക്കാൻ കഴിയുന്നില്ല എന്ന ചോദ്യം ഉദിക്കുന്നു. സ്ഥലങ്ങൾ (മറ്റ് സ്ഥലങ്ങളിലേക്ക് പുനരധിവസിപ്പിച്ചവരുടെ വീടുകൾ ഇരുന്ന സ്ഥലങ്ങൾ) സർക്കാർ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ പോലും കടൽഭിത്തികളോ മറ്റ് ഘടനകളോ തീർച്ചയായും അവിടെ അത്യന്താപേക്ഷിതമാണ്.

ചുരുക്കത്തിൽ പറഞ്ഞാൽ പുനരധിവാസ പാക്കേജ് ഒരു പരിപൂര്‍ണ്ണ പരാജയം ആണ്. ഇത്തരം അപ്രസക്തമായ പാക്കേജുകൾ പ്രഖ്യാപിക്കുന്നതിൽ സമയം പാഴാക്കാതെ അടിയന്തിരമായി കടൽക്ഷോഭത്തിൽ നിന്നും ജനങ്ങൾക്ക് സുരക്ഷിതരായി താമസിക്കാനുള്ള സ്ഥിരമായ പരിഹാരങ്ങൾ നടപ്പിലാക്കുക എന്നതാണ്.

പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

ജനങ്ങളുടെ ആവർത്തിച്ചുള്ള ദുരവസ്ഥ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ജനങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം അവ്യക്തമാണ്. ചെല്ലാനത്തെ കടൽ ക്ഷോഭവും മണ്ണൊലിപ്പ് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. കടൽ ക്ഷോഭവും മണ്ണൊലിപ്പും നിയന്ത്രിക്കുന്നതിനുള്ള വിവിധ പരിഹാര മാർഗ്ഗങ്ങളെക്കുറിച്ച് നമുക്ക് ഒന്ന് നോക്കാം.

1) ജിയോ-ട്യൂബ് പദ്ധതി:
ഓഖി ദുരന്തത്തെ തുടർന്ന് ചെല്ലാനത്തെ ഗ്രാമീണരുടെ പ്രതിഷേധത്തെ ശമിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ 2017-യിൽ ജിയോട്യൂബ് പദ്ധതി കൊണ്ടുവന്നു. ചെല്ലാനം ഗ്രാമത്തിലെ കടൽക്ഷോഭത്തെ നേരിടുവാൻ ജിയോട്യൂബുകൾ ഫലപ്രദമല്ല എന്ന് ഇവിടുത്തെ ജനങ്ങൾ പലരും സർക്കാരിനെ ബോധ്യപെടുത്തിയെങ്കിലും ജിയോട്യൂബ് പദ്ധതി നടപ്പിലാക്കാൻ തന്നെ സർക്കാർ തീരുമാനിച്ചു. വിവിധ എഞ്ചിനീയർമാർ, കളക്ടർമാർ, മനുഷ്യാവകാശ കമ്മീഷനുകൾ, കേന്ദ്ര, സംസ്ഥാന നിരീക്ഷണ സംഘങ്ങൾ സമർപ്പിച്ച റിപ്പോർട്ടുകൾ പ്രകാരം, 1100 മീറ്ററോളം വരുന്ന അഞ്ച് ഇടങ്ങളിൽ ആണ് കടൽഭിത്തികൾ പൂർണ്ണമായും തകർന്നത് എന്ന്. കടൽഭിത്തികൾ തകർന്ന പ്രദേശങ്ങളിൽ ജിയോട്യൂബുകൾ നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ 8.5 കോടി രൂപ അനുവദിച്ചു. ജിയോട്യൂബ് പദ്ധതി ഇനിയും പൂർത്തിയായിട്ടില്ല.

ചെല്ലാനം ജിയോട്യൂബ് പദ്ധതിയുടെ കരാർ സംസ്ഥാന ജലസേചന വകുപ്പ് പലപ്രാവിശ്യം പുതുക്കിയും പലപ്രാവിശ്യം ഉത്ഘാടനം നടത്തുകയും ചെയ്തു. ജോലി ഏറ്റെടുത്ത പ്രാരംഭ കരാറുകാരൻ വലിയ പരാജയമായിരുന്നു. സംസ്ഥാന സർക്കാർ തിരഞ്ഞെടുത്ത കരാറുകാരൻ പദ്ധതിക്ക് യോഗ്യനായിരുന്നില്ല. പദ്ധതിയിൽ അഴിമതി ഉൾപ്പെട്ടിട്ടുണ്ടെന്ന് തെളിവാണ് അർഹതയില്ലാത്ത ഒരു കരാറുകാരന് സർക്കാർ 8.5 കോടി രൂപയുടെ പദ്ധതി നൽകിയത്. ഈ പ്രാരംഭ കരാർ ഏറ്റെടുത്ത കമ്പനി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മറ്റൊരു കമ്പനിയ്‌ക്കു കരാർ മറിച്ചു നൽകി. ഈ ഡൽഹി കമ്പനി കേരളത്തിൽ വെറും രണ്ടു ജീവനക്കാരെ മാത്രം വച്ചാണ് കാര്യങ്ങൾ നടത്തിയിരുന്നത്. ഈ ഡൽഹി കമ്പനി മൂന്നാമത് ഒരാൾക്ക് കരാർ വീണ്ടും മറിച്ചു നൽകി. ഈ മൂന്നാമത് കരാർ ലഭിച്ച വ്യക്ത്തി വീണ്ടും അഞ്ചു പേർക്ക് കരാർ വീതിച്ചു നൽകി. ഈ ജോലികൾ ചെയ്യാൻ കഴിവില്ലാത്ത അഞ്ച് ബിക്ലാസ് കരാറുകാർക്കാണ് കീഴ്ക്കരാര് നൽകിയത്. ജിയോട്യൂബുകൾ നിറയ്ക്കാൻ ഈ അഞ്ച് ബിക്ലാസ് കീഴ്ക്കരാറുകാർ കാര്യക്ഷമമല്ലാത്ത ചെറിയ പമ്പുകളുമായി സൈറ്റിലെത്തി. ജിയോട്യൂബുകൾ വിന്യസിക്കുന്നതിന് അവർ വലിയ കുഴികൾ കുഴിച്ചു. അവർ കുഴികൾ കുഴിച്ച പ്രദേശങ്ങളിലാണ് ഇന്ന് കടൽക്ഷോഭവും മണ്ണൊലിപ്പും ഏറ്റവും കൂടുതൽ ആയി ബാധിച്ചിരിക്കുന്നത്.

കടൽകലിയെ നിയന്ത്രിക്കാൻ കരയിൽ മാത്രം ഒതുക്കി കടലിലേക്ക് ജിയോട്യൂബുകൾ നിക്ഷേപിക്കുന്നില്ല. കടലിൽ ജിയോട്യൂബ് ബാഗുകൾ നിക്ഷേപിച്ചാൽ മാത്രമേ അതിശക്തിയോടെ വരുന്ന തിരമാലകളെ തടയാൻ ഒരു പരിധി വരെ സാധിക്കുകയുള്ളൂ. ഇതൊന്നും അറിയാത്ത കരാറുകാർക്കാണ് സർക്കാർ കരാറുകൾ നൽകിയത്. യഥാർത്ഥ ഗുണനിലവാരം ഉള്ള ഒരു ജിയോട്യൂബിന് Rs. 2,50,000 ഓളം വരും. പക്ഷെ വില കുറഞ്ഞ Rs. 1,60,000 ഓളം വരുന്ന ജിയോട്യൂബുകളാണ് ചെല്ലാനത്ത് നിക്ഷേപിച്ചത്. കല്ല് വന്ന് ജിയോട്യൂബുകൾക്കു മേൽ വീണാൽ പൊട്ടുന്ന വില കുറവുള്ള ജിയോട്യൂബുകളാണ് കരാറുകാരൻ സ്ഥാപിച്ചത്. ഇതു പോലെ ഗുണനിലവാരമില്ലാത്ത ജിയോട്യൂബുകൾ കേരളത്തിൽ 45 ഇടങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ട്. അവിടെയെല്ലാം ജിയോട്യൂബുകൾ കടൽക്ഷോഭത്തെ തടുക്കാൻ പറ്റാതെ പൊട്ടി പോയി എന്നാണ് പറയുന്നത്. ഓരോ ജിയോട്യൂബും ഗുജറാത്തിലുള്ള ഗവണ്മെന്റ് ഏജൻസി പരിശോധിച്ചു ഗുണനിലവാരം സാക്ഷ്യപ്പെടുതേണ്ടതാണ്. അഴിമതി നടത്തി വ്യാജ ഗുണനിലവാരമുള്ള ജിയോട്യൂബുകൾ ആണ് ചെല്ലാനത്ത് സ്ഥാപിച്ചത്. 25 മീറ്റർ നീളവും 7.5 മീറ്റർ വീതിയും 5.5 മീറ്റർ ഉയരവുമുള്ള ജിയോട്യൂബ് ബാഗുകൾ രണ്ടെണ്ണം ഇട്ടു അതിന്റെ മുകളിൽ ഒരെണ്ണം കൂടി വച്ചാൽ മാത്രമേ ഉയരത്തിലും അതിശക്തിയോടെ വരുന്ന തിരമാലകളെ തടയാൻ സാധിക്കുകയുള്ളൂ. മുകളിൽ വയ്ക്കേണ്ട ജിയോട്യൂബുകൾ കരാറുകാരൻ നിക്ഷേപിച്ചതും ഇല്ല.

ജിയോട്യൂബ് പദ്ധതി അനിയന്ത്രിതമായി വൈകുന്നു എന്ന് ചൂണ്ടിക്കാട്ടി ചെല്ലാനം നിവാസികൾ കോടതിയെ സമീപിച്ചു. കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പരാജയപ്പെട്ട കരാറുകാരനെ നീക്കം ചെയ്യുകയും ഒരു പുതിയ കരാറുകാരനെ നിയമിക്കുകയും ചെയ്തു. രണ്ടാമതായി കരാർ ലഭിച്ച കമ്പനിയുടെ ഡ്രെഡ്ജിങ് യന്ത്രങ്ങൾ കടലിൽ മുങ്ങി പോയി. അങ്ങനെ കരാറുകാരൻ പണി ഉപേക്ഷിച്ചു എന്നാണ് പറയുന്നത്. ഇപ്പോൾ മൂന്നാമത് കരാർ നൽകിയത് വർഷം 2020 മാർച്ചിൽ ആണ്. 2020 മെയ് 20-നകം പണി ആരംഭിക്കുമെന്ന് ചെല്ലാനം സന്ദർശിച്ച വേളയിൽ എറണാകുളത്തിന്റെ ചുമതലയുള്ള സംസ്ഥാന സർക്കാരിലെ മന്ത്രി ശ്രീ. വി എസ് സുനിൽ കുമാർ ഉറപ്പ് നൽകിയിട്ടും യാതൊന്നും നടക്കുന്നില്ല എന്നതാണ് വാസ്തവം. കടലിൽ മാർച്ച് മാസം മുതൽ സെപ്റ്റംബർ വരെ പണി എടുക്കുന്നത് നിരോധിച്ചിട്ടുള്ളത് കൊണ്ടും ലോക്ക്ഡൗണും കടൽക്ഷോഭവും കൊണ്ട് പണി നടക്കുന്നില്ല എന്ന് കരാറുകാരൻ പറയുന്നു.

 

ജിയോട്യൂബ് പദ്ധതി ദീർഘകാലാടിസ്ഥാനത്തിൽ പരാജയപ്പെട്ടേക്കാമെന്ന് വിദഗ്ധരും പരിസ്ഥിതി പ്രവർത്തകരും വാദിക്കുന്നു. ദുരന്തനിവാരണ വിദഗ്ധയും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സെന്റർ മുൻ മേധാവിയുമായ ഡോ. കെ. ജി. താര പറയുന്നത്: “ജിയോട്യൂബുകൾ മുൻകാലങ്ങളിൽ ഫലപ്രദമല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, ജിയോട്യൂബുകൾ നിറയ്ക്കുന്നതിനുള്ള മണൽ സാധാരണയായി തീരത്ത് നിന്ന് ഖനനം ചെയ്താണ് എടുക്കുന്നത്.” ഈ മണൽ എവിടെ നിന്നാണ് ഉത്ഭവിക്കുന്നത്? ഇത് വളരെ നിർണായകമാണ് കാരണം മണൽ മറ്റെവിടെയും ലഭ്യമല്ലാത്തതിനാൽ കടൽത്തീരത്തെ മണൽ ഉപയോഗിക്കേണ്ടതുണ്ട്. ഡോ. താര പറയുന്നത് ജിയോട്യൂബുകൾക്കായി മണൽ ഉപയോഗിക്കുമ്പോൾ അത് കടൽത്തീരങ്ങളെ കൂടുതൽ നശിപ്പിക്കും എന്നാണ്. തിരമാലകൾ ശക്തമല്ലാത്ത ചെറിയ സമുദ്രതീരങ്ങളിൽ മാത്രമാണ് ജിയോട്യൂബുകൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ വിജയിച്ചിട്ടുള്ളത്. “നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് ഗോവയിൽ പരീക്ഷണം നടത്തി; എന്നാൽ ആറുമാസത്തിനുള്ളിൽ ട്യൂബുകൾ തകർന്നു. ട്യൂബുകൾ തകരുമ്പോൾ അതിന്റെ അവശിഷ്ടങ്ങളും കടലിലേക്ക് പോകും” എന്നാണ് ഡോ. താര അഭിപ്രായപ്പെടുന്നത്. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസസ് സ്റ്റഡീസിലെ കോസ്റ്റൽ പ്രോസസിംഗ് ഗ്രൂപ്പ് മുൻ മേധാവി പ്രൊഫ. തോമസിന്റെ അഭിപ്രായത്തിൽ, ജിയോ ട്യൂബ് പദ്ധതി ഒരു താൽക്കാലിക പരിഹാരം മാത്രമാണ്, അല്ലാതെ ശാശ്വത പരിഹാരം അല്ല. ജീവൻ രക്ഷിക്കാൻ അടിയന്തരവും ദീർഘകാലവുമായ നടപടികൾ ആവശ്യമാണെന്ന് പ്രൊഫ. തോമസ് പറയുന്നു.

ചെല്ലാനം ഗ്രാമവാസികൾ സർക്കാരിൽ നിന്ന് ഒരു പൈസ പോലും മേടിക്കാതെ ജിയോ ട്യൂബുകൾ സ്ഥാപിക്കാൻ സ്വന്തം വീട്ടുവളപ്പിൽ നിന്ന് 15 മീറ്റർ നൽകി. 15 മീറ്റർ ഇപ്പോൾ കടൽ കവർന്നു തിന്നിരിക്കുകയാണ്. കടൽ കയ്യേറ്റം അതിവേഗത്തിൽ നടക്കുന്നു. പക്ഷെ ജിയോട്യൂബ് പദ്ധതി എങ്ങും എത്തിയില്ല. ചുരുക്കത്തിൽ പറഞ്ഞാൽ ജിയോട്യൂബ് കടൽക്ഷോഭത്തിനു എതിരെയുള്ള ഒരു ഭംഗുരമായ പ്രതിരോധ നടപടി മാത്രം ആണെന്ന് വിദഗ്ധരും പദ്ധതി നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ നന്നേ പരാജയപ്പെട്ടിരിക്കുന്നു എന്ന് ഭൂരിപക്ഷം ചെല്ലാനം നിവാസികളും കരുതുന്നു.

2) കടൽഭിത്തി:
ഉയരുന്ന സമുദ്രനിരപ്പും സമുദ്രജലവും ചെല്ലാനം ഗ്രാമത്തിന്റെ തീരപ്രദേശങ്ങളിൽ അതിക്രമിച്ച് കടക്കുമ്പോഴെല്ലാം, നമ്മൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത്കടൽഭിത്തികളെ’ കുറിച്ചാണ്. എന്താണ് കടൽഭിത്തി? കടൽഭിത്തി എന്നാൽ കടൽ കടന്നുകയറുന്നത് തടയുന്നതിനോ മണ്ണ് ഒലിച്ചു പോകുന്നത് തടയുന്നതിനോ വേണ്ടി നിർമ്മിച്ച ഒരു ഘടന ആണ്. കടൽഭിത്തികൾ പൊതുവെ നഗരത്തിലെ കടൽത്തീരങ്ങളിൽ വലിയൊരു കോൺക്രീറ്റ് ഘടനയാണ്. വേലിയേറ്റം, രൂക്ഷമായ തിരമാലകൾ, സുനാമി, ഓഖി തുടങ്ങിയ ദുരന്തങ്ങളിൽ നിന്ന് മനുഷ്യന്റെ വാസസ്ഥലം, വസ്തുവകകള്‍, ഉപജീവനം, തുടങ്ങിയവ സംരക്ഷിക്കുക എന്നതാണ് കടൽഭിത്തിയുടെ ലക്ഷ്യം. ചരിത്രപരമായി ഘടന കരയെയും ജലപ്രദേശങ്ങളെയും വേർതിരിക്കുന്നതിന് സഹായിച്ചിരുന്നു. കടൽഭിത്തി വഴി മണ്ണൊലിപ്പ് തടയുക മാത്രമല്ല, കടൽ തീരപ്രദേശങ്ങളിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു.

സമുദ്രനിരപ്പ്, വായുവിന്റെ ചലനം, പ്രഷർ ബെൽറ്റ് രൂപീകരണം, കടലുമായി ബന്ധപ്പെട്ട കൊടുങ്കാറ്റുകൾ, ചുഴലിക്കാറ്റുകൾ, മറ്റ് പ്രകൃതിദുരന്തങ്ങൾ എന്നിവയുടെ ചരിത്രം ഇവയെയെല്ലാം ആശ്രയിച്ച്, കടലിന്റെ ഉയർച്ചയെ നേരിടാൻ വിവിധതരം കടൽഭിത്തികൾക്ക് കഴിയും. ചുറ്റുമുള്ള മണ്ണൊലിപ്പ് പ്രക്രിയകൾ ഉൾപ്പെടെ, സ്ഥലത്തിന്റെ പ്രത്യേക വശങ്ങളെ ആശ്രയിച്ചിരിക്കും സമുദ്രമതിലിന്റെ രൂപകൽപ്പനയും തരവും. പ്രധാനമായും മൂന്ന് തരം കടൽഭിത്തികളുണ്ട്: ലംബമായ (Vertical), വളഞ്ഞ (curved), കുന്നുകൾ (Mount). പ്രത്യേകിച്ചും വിസ്താരമായി തുറന്നു കിടക്കുന്ന സാഹചര്യങ്ങളിലാണ് ലംബ (Vertical) കടൽഭിത്തിക നിർമ്മിക്കുന്നത്. ഇവ തിരമാലയുടെ വീര്യത്തിനെ വ്യതിചലിപ്പിക്കുന്നു. തിരമാലകളെ തകർക്കുന്നതിനും അവയെ കടലിലേക്ക് തിരിച്ചുവിടുന്നതിനും പ്രാപ്തമാക്കുന്നതിനാണ് വളഞ്ഞ (curved) കടൽഭിത്തിക രൂപകൽപ്പന ചെയ്തിരിക്കുന്നത്. വളഞ്ഞ (curved) കടൽഭിത്തിക തിരമാലകളെ കടൽഭിത്തികൾക്ക് മേലിൽ കൂടി മറികടക്കുന്നത് തടയാനും മതിലിന്റെ അടിഭാഗത്തിനു അധിക പരിരക്ഷ നൽകാനും കഴിയും. കുന്നുകൾ (Mount) കടൽഭിത്തികൾ കുറഞ്ഞ ഊർജ്ജ മണ്ണൊലിപ്പ് പ്രക്രിയകൾ നടക്കുന്ന ഇടങ്ങളിൽ ആണ് ഉപയോഗിക്കുന്നത്‌.

2004 ഡിസംബർ 26-ന് വിനാശകരമായ സുനാമി ഇന്ത്യയുടെ തെക്ക്കിഴക്കൻ തീരത്ത് പതിക്കുകയും ആയിരങ്ങളെ കൊന്നൊടുക്കുകയും ചെയ്തു. എന്നിരുന്നാലും, പോണ്ടിച്ചേരിയിലെ മുൻ ഫ്രഞ്ച് കൊളോണിയൽ എൻക്ലേവ് രക്ഷപ്പെട്ടു. നഗരം ഒരു ഫ്രഞ്ച് കോളനിയായിരുന്ന കാലഘട്ടത്തിൽ ഒരു വലിയ കടൽഭിത്തി നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്ത ഫ്രഞ്ച് എഞ്ചിനീയർമാരാണ് ഇതിന് പ്രധാനമായും കാരണം. കടൽഭിത്തിയുടെ ചില ഗുണങ്ങൾ ഇത് നൽകുന്നു: 1) മൃദുവായ കടൽത്തീര പോഷണവുമായി താരതമ്യപ്പെടുത്തുമ്പോൾ ദീർഘകാല പരിഹാരം; 2) ജീവൻ നഷ്ടപ്പെടുന്നതും മണ്ണൊലിപ്പ് മൂലമുണ്ടാകുന്ന സ്വത്തുക്കളുടെ നാശനഷ്ടവും ഫലപ്രദമായി കുറയ്ക്കുന്നു; 3) ‘സോഫ്റ്റ്എഞ്ചിനീയറിംഗ് രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന ഊര്ജ്ജ അന്തരീക്ഷത്തിൽ കൂടുതൽ കാലം നിലനിൽക്കാൻ കഴിയും; 4) വിനോദത്തിനും കാഴ്ചകൾക്കും ഉപയോഗപ്രദം; 5) കഠിനവും ശക്തവുമായ തീരദേശ പ്രതിരോധത്തിന് രൂപം നൽകുന്നു.

മറുവശത്ത് കാലാവസ്ഥാ വിദഗ്ധർ പറയുന്നത് കടൽഭിത്തികൾ കടൽ മണ്ണൊലിപ്പിനും കടൽത്തീര ഭൂമി നഷ്ടപ്പെടാതിരിക്കുന്നതിനുള്ള സ്ഥിരമായ പരിഹാരത്തിന്റെ ഭാഗമല്ല എന്നാണ്. കടൽത്തീരത്തെ മണ്ണൊലിപ്പ് തടയുന്നുണ്ടെങ്കിലും അവ മണ്ണൊലിപ്പിന്റെ കാരണങ്ങളെ കൈകാര്യം ചെയ്യുന്നില്ല എന്നാണ് പറയുന്നത്. കടൽഭിത്തികൾ മട്ട്‌/എക്കൽ ഗതാഗത പ്രക്രിയകളിൽ മാറ്റം വരുത്തിയിട്ടുണ്ട് എന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. കടൽഭിത്തി ഒരു സ്ഥാനസ്ഥമായ സവിശേഷതയാണെന്നും ഇത് തീരത്തിന്റെ ചലനാത്മക സ്വഭാവവുമായി പൊരുത്തപ്പെടാതിരിക്കുമെന്നും കരയും കടലും തമ്മിലുള്ള മട്ട്‌/എക്കൽ അടിയിക്കൽ കൈമാറ്റത്തിന് തടസ്സമാകുമെന്നും പരിസ്ഥിതി വിദഗ്ധർ അഭിപ്രായപ്പെടുന്നു. കടൽഭിത്തികൾ മണലിന്റെ സഞ്ചാരത്തെ തടസ്സപ്പെടുത്തുകയും, കടല്‍ക്കര നഷ്ടപ്പെട്ട് പോകുവാൻ ഇടയാക്കുകയും അത് വഴി സമുദ്രതീരം വിനോദസഞ്ചാരികൾക്ക് ഉപയോഗശൂന്യമാവുകയും ചെയ്യും എന്നാണ്. കടൽഭിത്തികൾക്ക് പ്രകൃതിദത്ത തീരപ്രദേശ പ്രക്രിയകളെ തടസ്സപ്പെടുത്താനും വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും പരമാവധി ജലനിരപ്പുകൾക്കിടയിലുള്ള പ്രക്രിയകളെ തടസ്സപ്പെടുത്താനും തണ്ണീർത്തടങ്ങൾ, കടൽത്തീര ആവാസ വ്യവസ്ഥകളെ നശിപ്പിക്കാനും കഴിയും എന്നാണ് കടൽഭിത്തികളെ എതിർക്കുന്ന പരിസ്ഥിതി വിദഗ്ധർ രേഖപ്പെടുത്തുന്നത്.

2012- യുകെ ആസ്ഥാനമായുള്ള ഗാർഡിയൻ ദിനപത്രത്തിന്റെ റിപ്പോർട്ടിൽക്വാറികൾക്കും കടൽ മണ്ണൊലിപ്പിനുമിടയിൽപെട്ട ഭൂമിഎന്നാണ് കേരളത്തെ കുറിച്ച് വിശേഷിപ്പിച്ചത്. 600 കിലോമീറ്ററോളം വരുന്ന തീരപ്രദേശത്തെ മണ്ണൊലിപ്പ് സംസ്ഥാനത്തിന്റെ പ്രധാന പ്രശ്നമായി കണക്കാക്കിയ റിപ്പോർട്ട് മലയോര പ്രദേശങ്ങളിൽ നിന്ന് ഖനനം ചെയ്ത ഗ്രാനൈറ്റുകൾ ഉപയോഗിച്ച് കടൽഭിത്തികൾ നിർമ്മിക്കുന്നതിന്റെ ശാസ്ത്രീയ യുക്തിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തി. കാലാവസ്ഥാ വ്യതിയാനവും കടൽഭിത്തികളുടെ നിർമ്മാണവും കാരണം ഒഡീഷ തീരം കടുത്ത മണ്ണൊലിപ്പ് നേരിടുന്നുണ്ടെന്ന് ആന്ധ്ര സർവകലാശാലയിലെ ജിയോഎഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസർ എമെറിറ്റസ് ഡോ. കകാനി നാഗേശ്വര റാവു പറയുന്നു. 39 കോടി രൂപ ചെലവിൽ കേന്ദ്രപാറ ജില്ലയിലെ കടൽത്തീര ഗ്രാമമായ പെന്തയിൽ 600 മീറ്റർ കടൽഭിത്തി നിർമിക്കുന്നതിനെ റാവു എതിർക്കുന്നു. കടൽഭിത്തി നിർമാണം മൂലം പെന്ത ബീച്ച് ശാശ്വതമായി നഷ്ടപ്പെടുന്നതായി ഡോ. കകാനി നാഗേശ്വര റാവു പറഞ്ഞു. കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി, തമിഴ്നാട് എന്നീ സർക്കാരുകൾ മുമ്പ് കടൽഭിത്തികൾ നിർമിച്ചിരുന്നുവെങ്കിലും സുനാമി സമയത്ത് കടൽ കടക്കുന്നത് തടയുന്നില്ലെന്ന് പ്രൊഫസർ പറഞ്ഞു. കേരളത്തിൽ, ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ് (എഫ്എംഎൽ) എന്ന സർക്കാരിതര സംഘടന (എൻജി), വാലിയതുര കടൽ പാലത്തിന് സമീപമുള്ള തുറമുഖ ഡയറക്ടറേറ്റിനോട് ചേർന്നുള്ള ഇരട്ട പാളികളുള്ള കടൽഭിത്തിയുടെ നിർമ്മാണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഘടന ശങ്കുമുഖം ബീച്ച് വരെ മണ്ണൊലിപ്പ് വർദ്ധിപ്പിക്കുമെന്ന് എൻജി അവകാശപ്പെട്ടു.

കടൽഭിത്തി മറ്റ് പല നിർമാണ ഘടനകളെയും പോലെ തീരപ്രദേശവാസികളും പരിസ്ഥിതി ശാസ്ത്രജ്ഞരും തമ്മിലുള്ള തര്‍ക്ക വിഷയമായി തുടരുന്നു. പക്ഷേ മനുഷ്യന്റെയും പരിസ്ഥിതിയുടെയും ക്ഷേമം കണക്കിലെടുത്ത് കടൽഭിത്തിയുടെ ഘടനകൾ നിർമ്മിക്കുകയാണെങ്കിൽ ഒരു ശാശ്വത പരിഹാരം സാധ്യമാകും.

3) പുലിമുട്ടുകൾ:
കടൽഭിത്തികൾ മത്സ്യത്തൊഴിലാളികൾക്ക് തീരത്തേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തും എന്ന് ചിലർ വിശ്വസിക്കുന്നു. അത് കൊണ്ട് തീരദേശത്തെ മണ്ണൊലിപ്പിനും കടൽക്ഷോഭത്തിനും പരിഹാരമായും പലപ്പോഴും കടൽഭിത്തികൾക്ക് പകരമായും പുലിമുട്ടുകൾ നിർദേശിക്കപ്പെടുന്നു. 2007 മുതൽ കേരള തീരത്ത് ഐഐടി മദ്രാസ് സ്ഥാപിച്ച 25 ഓളം പുലിമുട്ടുകൾ ഇപ്പോഴും തീരദേശങ്ങളെ സംരക്ഷിക്കുന്നു. മറ്റ് നിർമ്മാണ ഘടനകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുലിമുട്ടുകളുടെ പ്രവർത്തനം തൃപ്തികരമാണെന്ന് പ്രോജക്ടിന് നേതൃത്വം നൽകിയ ഐഐടിഎമ്മിലെ ഓഷ്യൻ എഞ്ചിനീയറിംഗ് പ്രൊഫസർ ഡോ. വി. സുന്ദർ വ്യക്തമാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ:കടൽഭിത്തികളിൽ നിന്ന് വ്യത്യസ്തമായി, വാർഷിക മണ്ണൊലിപ്പിയിൽ നഷ്ടപ്പെട്ട കടൽത്തീരങ്ങൾ സംരക്ഷിക്കാൻ പുലിമുട്ടുകൾക്ക് കഴിയും. സ്ഥാപിച്ച 25 പുലിമുട്ടുകളിൽ 12 എണ്ണവും നല്ല നിലയിലാണെന്നും വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും കടല്‍ത്തീരങ്ങൾ വീണ്ടെടുത്തതായും ഐഐടി മദ്രാസ് വ്യക്തമാക്കി. ബാക്കിയുള്ളവ മണ്ണൊലിപ്പ് നിയന്ത്രിക്കുന്ന തലത്തിലേക്ക് ആയി. ഫോർട്ട്കൊച്ചിയിലെ എൻഎസ് ദ്രോണാചാര്യയുടെ രണ്ട് ഏക്കർ വിസ്തൃതിയുള്ളതും സമുദ്രത്തിലേക്ക് 50 മീറ്റർ ദൂരമുള്ളതുമായ പുലിമുട്ടുകൾ ചിലവേറിയതാനെങ്കിലും കടലിന്റെ ക്രോധത്തെ നേരിടാൻ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുലിമുട്ടുകളുടെ ഗുണങ്ങൾ മനസ്സിലാക്കി യുഡിഎഫ് സർക്കാരിലെ ജലവിഭവ മന്ത്രി ശ്രീ. പി. ജെ. ജോസഫ് ഫോർട്ട് കൊച്ചി മുതൽ ആലപ്പുഴ ജില്ലയിലെ അന്ധകാരനാഴി വരെ പുലിമുട്ടുകളുപയോഗിച്ച് കടൽഭിത്തികൾ നിർമാണത്തിനായി 750 കോടി രൂപ വിഹിതം ഏർപ്പെടുത്തുന്നതിനുള്ള നിർദേശം കേന്ദ്രത്തിന് സമർപ്പിച്ചതായി 2012- കേരള നിയമസഭയിൽ പറഞ്ഞിരുന്നു.

എന്നിരുന്നാലും, പുലിമുട്ടുകൾ മാത്രം നിർമ്മിക്കുന്നത് വിജയകരമല്ലെന്ന് ചില വിദഗ്ധർ പറയുന്നു. പുലിമുട്ടുകളെ എതിർക്കുന്നവർ പറയുന്നത് അവ മോശമായി രൂപകൽപ്പന ചെയ്താൽ നീണ്ട തീരത്തെ മണൽ ഗതാഗതത്തെ തടസ്സപ്പെടുത്തുകയും മണ്ണൊലിപ്പിന് കാരണമാവുകയും ചെയ്യും എന്നാണ്. പുലിമുട്ടുകൾ തീരത്തെ സംരക്ഷിക്കുന്നതിനായി നിർമ്മിച്ചതാണെങ്കിലും അത് കടൽത്തീരങ്ങളെ നശിപ്പിക്കുന്നു, കരയെ സംരക്ഷിക്കാൻ കടൽത്തീരങ്ങളില്ലാതെ, ഓരോ മഴക്കാലത്തും കടൽ കൂടുതൽ കരയെ കവർന്നെടുക്കുകയും ചെയ്യും എന്ന് വിദഗ്ധർ ചൂണ്ടികാട്ടുന്നു. അതിനാൽ, കടൽക്ഷോഭത്തിനെതിരെ പോരാടുന്നതിനായി പുലിമുട്ടുകൾ അല്ലെങ്കിൽ മറ്റു ഏതു ഘടനകൾ നിർമ്മിക്കുകയാണെങ്കിലും അത് ശരിയായ രൂപകൽപ്പനയോടും അതീവ ജാഗ്രതയോടും കൂടി ചെയ്യേണ്ടത് പ്രധാനമാണ്.

4) ടെട്രാപോഡുകൾ:
കടൽഭിത്തികളെയും ബ്രേക്ക്‌വാട്ടറുകളെയും പോലുള്ള തീരദേശ ഘടനകളെ ശക്‌തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഫലപ്രദായ മാർഗ്ഗമാണ് ടെട്രപോഡുകൾ. ദീർഘകാലാടിസ്ഥാനത്തിൽ വീടുകളിൽ വെള്ളം കയറുന്നത് തടയുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും ടെട്രപോഡുകൾ ഇന്ന് പ്രാബ്യലത്തിൽ ഉണ്ട്. കടൽക്ഷോഭത്തെയും തീരദേശത്തെ മണ്ണൊലിപ്പിനെയും പ്രതിരോധിക്കാൻ കഴിയുന്നനാല് കാലുകളുള്ളകോൺക്രീറ്റ് ഘടനകളാണ് ടെട്രപോഡുകൾ. ടെട്രപോഡ്സിന്റെ ഇന്റർലോക്കിംഗ് രൂപകൽപ്പന കടൽകയറി മണ്ണ്ഒഴുകിപോകുന്നത് തടയാൻ പാറകൾ കൂട്ടിയിടുന്നതിന്റെ നവീകരിച്ച പതിപ്പാണെന്ന് കണ്ടാൽ തോന്നും. സാധാരണ പാറകൾ, കടലിൽ നിന്നും തീരത്തേക്ക് വെള്ളം അടിച്ചു വരുമ്പോൾ മണ്ണിനെ ഒഴുക്കി കളയുന്നു. എന്നാൽ ടെട്രപോഡിന്റെ ഭാരം, പസിൽപീസ് രൂപകല്പന എന്നിവ തീരത്തു മണ്ണിനെ പിടിച്ചു നിർത്താനും തീരം കടന്നു കടൽ കയറി വരുന്നത് തടയാൻ സാധിക്കും എന്നാണ് വൈദഗ്ദ്ധ്യമുള്ളവർ അഭിപ്രായപ്പെടുന്നത്. ടെട്രപോഡിന്റെ ഘടന തിരമാലകൾ ശക്തമായിട്ടു വന്നു തീരത്തെ അടിക്കുന്നതിനു പകരം തിരമാലകളെ ചിതറിക്കുന്നു.

ടെട്രാപോഡുകളുടെ ദൃശ്യരൂപം.
യുഎസുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ പരുക്കൻ കടലുകളുള്ളതും വളരെ ഉയർന്ന കാഠിന്യവും പ്രകൃതിദുരന്തത്തിന്റെ ആവൃത്തിയും ഉള്ള ജപ്പാനെപ്പോലുള്ള ഒരു രാജ്യത്തിനു 2011-ലെ സുനാമിയിൽ അതിഗുരുതരമായി പ്രഹരം ഏൽക്കേണ്ടി വന്നു. 2011-യിലെ സുനാമിക്ക് ശേഷം ജപ്പാനിലെ ഏറ്റവും ദുർബലമായ തീരങ്ങളിൽ ടെട്രപോഡുകൾ വലിയ തോതിൽ സ്ഥാപിക്കുവാൻ തുടങ്ങി. 1940-കളുടെ അവസാനത്തിൽ ഫ്രാൻസിൽ ജന്മം കൊണ്ട ടെട്രപോഡുകൾ ജപ്പാനിൽ ഇന്ന് സ്ഥിരതാമസം ആക്കിയിരിക്കുന്നു. ഇന്ന്, ജപ്പാനിൽ ഭൂമി കടലിനോട് ചേരുന്നിടത്ത് എല്ലാം നിര്മ്മിതികൾക്ക് സർവ്വവ്യാപിയുണ്ട്. ടെട്രപോഡ് പരീക്ഷണത്തിൽ നിന്ന് യുഎസ്എയും തെക്കേ അമേരിക്കയും വിജയം നുണഞ്ഞു. ദക്ഷിണ കൊറിയയിൽ തരംഗദൈർഘ്യം മൂലം ഉണ്ടാകുന്ന മണ്ണൊലിപ്പിൽ നിന്ന് കടൽതീരത്തെ സംരക്ഷിക്കുവാൻ വേണ്ടി ടെട്രപോഡുകൾ വ്യാപകമായി ഉപയോഗിക്കുന്നു. ഇന്ത്യയിൽ തീരദേശത്തെ മണ്ണൊലിപ്പും സമുദ്രജല കടന്നുകയറ്റവും തടയുന്നതിനായി 14,000 ടെട്രപോഡുകൾ ചെന്നൈയിലെ തിരുവോത്രിയൂർ കുപ്പത്തിന്റെ തീരത്ത് സ്ഥാപിച്ചിട്ടുണ്ട്. മുംബൈയിലെ മറൈൻ ഡ്രൈവിലെ പോലെ കർണാടകയിലെ മംഗലാപുരത്തെ തന്നിർബവി ബീച്ചിലും ടെട്രപോഡുകൾ അടുക്കി വച്ചിട്ടുണ്ട്. ഇതുവരെ കടലിന്റെ ആക്രമണത്തെ നേരിടാനുള്ള ലക്ഷ്യത്തിൽ അവർ വിജയിച്ചിട്ടുണ്ട്.

ചെല്ലാനം ഗ്രാമതീരപ്രദേശത്തും കടൽക്ഷോഭത്തെ നേരിടുവാൻ വേണ്ടി ടെട്രാപോഡുകൾ സ്ഥാപിക്കാൻ സാധിക്കും. കടൽക്ഷോഭത്തെ നേരിടുവാൻ ഏതു ഘടന സ്വീകരിച്ചാലും അത് ടെട്രാപോഡുകൾ ആയാലും, കടൽഭിത്തിപുലിമുട്ട് ആയാലും, കൃത്യമായ രീതിയിൽ ഗുണനിലവാരമുള്ള സാമഗ്രികൾ ഉപയോഗിച്ച് പണി അറിയുന്ന കരാറുക്കാരെ കൊണ്ട് സമയബന്ധിതമായി പണി ചെയ്യിപ്പിക്കണം.

5) കടൽത്തീരപോഷണം
കടൽത്തീരപോഷണം എന്ന സംവിധാനം ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും വര്ദ്ധിതമായി പ്രയോഗിച്ചുവരുന്നു. കടലിൽ നിന്ന് മണൽ കുഴിച്ച് മണ്ണൊലിപ്പിന് വിധേയമായ കടല്‍ക്കരയിൽ നിക്ഷേപിക്കുക എന്നതാണ് കടൽത്തീരപോഷണത്തിന്റെ അടിസ്ഥാന തത്വം. ഡ്രെഡ്ജിംഗ് വഴി എക്കൽ/മട്ട് നഷ്ടം അനുഭവിക്കുന്ന ഒരു കടല്‍ക്കരയിലെ എക്കൽ/മട്ടിന്റെ അളവ് കൃത്രിമമായി വർദ്ധിപ്പിച്ചുകൊണ്ട് വിശാലമായ ഒരു കടൽത്തീരം സൃഷ്ടിക്കുകയാണ് ലക്ഷ്യം. പൂനെയിലെ സിഡബ്ല്യു & പിആർഎസ് പൈലറ്റ് പദ്ധതികളിലൊന്നായി കടൽത്തീരപോഷണം ശുപാർശ ചെയ്തിട്ടുണ്ട്. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ (.ഡി.ബി) സഹായത്തോടെയുള്ള ഉല്ലാൽ (കർണാടക), മിര്യ ബേ (മഹാരാഷ്ട്ര) എന്നിവിടങ്ങളിലും ഇത് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് ചെലവേറിയ പ്രവര്ത്തനമാണ്, വർഷക്കാലത്ത് മുഴുവൻ ഇത് തുടരേണ്ടതുണ്ട്.

മഴക്കാലവും ദുസ്സഹവും ദുർഘടവുമായ സമുദ്രാവസ്ഥയും ഒരുമിച്ചു വരുന്നത് കൊണ്ട്, രീതി എല്ലാ സമയത്തും എല്ലാ സാഹചര്യങ്ങളിലും വിജയിക്കണമെന്നില്ല. എന്നിരുന്നാലും, മഴക്കാലം കഴിഞ്ഞാലുടൻ കടൽത്തീരങ്ങളുടെ ഹ്രസ്വ ദൈർഘ്യം നികത്തുന്നതിന് വേണ്ടി ഇത് ഒരു ഇടക്കാല നടപടിയായി ഉപയോഗിക്കാം. അത് വഴി അടുത്ത വര്ഷകാലത്തിന്റെ തുടക്കത്തിൽ മണൽ വസ്തുക്കൾ നന്നായി സംഭരിച്ച കടൽത്തീരങ്ങൾ ഒരു ത്യാഗപൂർണ്ണമായ നിറയ്‌ക്കലായി പ്രവർത്തിക്കുകയും യഥാർത്ഥ ആകാരം തടസമില്ലാതെ നിലനിർത്താൻ സാധിക്കുകയും ചെയ്യും. ഓരോ മഴക്കാലത്തിന്റെയും അവസാനം ആവർത്തിക്കേണ്ട വാർഷിക പ്രവര്‍ത്തനമാണിത്. ഇത്തരമൊരു പ്രവർത്തനരീതി ആകർഷകമാക്കുന്നതിന് നിറയ്‌ക്കുന്ന ചെലവ് കുറയ്ക്കണം. ഇതിന്റെ വിജയം പ്രാദേശിക ഘടകങ്ങളെയും ഉപയോഗിച്ച ഉപകരണങ്ങളെയും ആശ്രയിച്ചിരിക്കും. തീരദേശത്തെ മണ്ണൊലിപ്പ് സംരക്ഷണത്തിന്റെ സാങ്കേതികവിദ്യ കടല്‍ഭിത്തി, പുലിമുട്ട് എന്നിവ പോലുള്ള ഘടനാപരമായ നടപടികളുമായി സംയോജിച്ച് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിച്ച് വരുന്നു.

6) കണ്ടൽക്കാടുകൾ:
ലോകത്തിലെ ഏറ്റവും മൂല്യവത്തായ ആവാസവ്യവസ്ഥകളിൽ ഒന്നാണ് കണ്ടൽക്കാടുകൾ. പ്രകൃതിദുരന്തങ്ങളായ കൊടുങ്കാറ്റ്, സുനാമി, തീരദേശത്തെ മണ്ണൊലിപ്പ് എന്നിവയിൽ നിന്ന് തീരങ്ങളെ സംരക്ഷിക്കുന്നതിൽ കണ്ടൽക്കാടുകളുടെ പങ്ക് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തീരപ്രദേശങ്ങളിലെ സസ്യജാലങ്ങളുടെ സാന്നിധ്യം എക്കൽ/മട്ടിന്റെ ഏകീകരണത്തിനും, ചരിവുകളുടെ ദൃഢത മെച്ചപ്പെടുത്തുന്നതിനും, കടൽത്തീരത്തേക്ക് നീങ്ങുന്ന തരംഗ ഊര്ജ്ജത്തിന്റെ വ്യാപനത്തെ ചിതറിക്കുന്നതിനും ഫലപ്രദമാണെന്ന് ആഗോളതലത്തിൽ നടത്തിയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തിരമാലകളുടെ ഉയരം മൂന്നിലൊന്നായി കുറയ്ക്കുന്നത്തിന് കണ്ടൽക്കാടുകൾ ഉപയോഗപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയാണെങ്കിലും, കണ്ടൽക്കാടുകൾ നൽകുന്ന സംരക്ഷണത്തിന്റെ തോത് വാദപ്രതിവാദ വിഷയമായി തുടരുന്നു.

നഷ്ടപ്പെട്ട കണ്ടൽക്കാടുകൾ പുനഃസ്ഥാപിക്കുന്നത് വഴി ഭാവിയിലെ അപകടസാധ്യത കുറയ്ക്കുമെന്ന വിശ്വാസത്തിൽ 2004-ലെ കിഴക്കൻ ഏഷ്യൻ സുനാമിക്കുശേഷം നിരവധി കണ്ടൽകാട് പുനരുദ്ധാരണ പദ്ധതികൾക്ക് തുടക്കമിട്ടു. എന്നാൽ പദ്ധതികളെല്ലാം ശരിയായി ആവിഷ്കരിച്ചിട്ടില്ലെന്നും തെറ്റായ സുരക്ഷാബോധം സൃഷ്ടിക്കുന്നതിലൂടെ കൂടുതൽ അപകടസാധ്യതകൾ സൃഷ്ടിക്കുമെന്നും ചിലർ ആശങ്ക പ്രകടിപ്പിച്ചു. എസ്റ്റ്യുറിൻ അവസ്ഥയിൽ (കുറഞ്ഞ ഊര്ജ്ജ പരിസ്ഥിതിയിൽ) കണ്ടൽക്കാടുകൾ കൂടുതൽ വിജയിക്കുമെന്നും, പക്ഷേ തുറന്ന തീരത്ത് (ഉയർന്ന ഊര്ജ്ജ പരിസ്ഥിതിയിൽ) വിജയിക്കില്ല എന്നും ഉണ്ട്. ചില പാരിസ്ഥിതിക സാഹചര്യങ്ങൾ പ്രത്യേക ഇടങ്ങളിലെ ജീവിവർഗങ്ങളുടെ വളർച്ചയെ അനുകൂലിക്കുന്നില്ല എന്നും പറയപ്പെടുന്നു. കൂടാതെ കണ്ടൽക്കാടുകൾ എങ്ങനെ ശരിയായി നടാം എന്നതിനെക്കുറിച്ചും അജ്ഞതയുണ്ട്. കണ്ടൽക്കാടുകൾ എല്ലായ്പ്പോഴും ഒറ്റയ്ക്ക് പരിഹാരം നൽകില്ല. കടൽക്ഷോഭത്തിൽ നിന്നും ആവശ്യമുള്ള പരിരക്ഷ നേടുന്നതിന് കണ്ടൽക്കാടുകൾ മറ്റ് അപായ ലഘൂകരണ നടപടികളുമായ കടൽഭിത്തികൾ, പുലിമുട്ടുകൾ, ടെട്രാപോഡുകൾ, തുടങ്ങിയവയുമായി സംയോജിപ്പിക്കേണ്ടതുണ്ട്.

7) മണൽക്കൂനകളുടെ പുനരുദ്ധാരണം/പുനഃസ്ഥാപനം:
തീരദേശ ഭൂപ്രകൃതിയുടെ സവിശേഷമായ വിഭാഗമാണ് മണൽക്കൂനകൾ. കാരണം അവ രൂപപ്പെടുന്നത് കാറ്റിന്റെ നേരിട്ടുള്ള പ്രവർത്തനത്തിലൂടെയാണ്, അല്ലാതെ തിരമാലകൾ കൊണ്ടല്ല. ഉയർന്ന വേലിയേറ്റത്തിന്റെ കര പരിധിക്ക് മുകളിലുള്ള മണലിന്റെ/എക്കലുകളുടെ ഒരു കലവറയാണ് മണൽക്കൂനകൾ. ഏറ്റവും അവികസിതവും മണൽ നിറഞ്ഞതുമായ തീരപ്രദേശങ്ങളിൽ മണൽക്കൂനകൾ സ്വാഭാവികമായും രൂപപ്പെടുന്നു. കടലും കരയും തമ്മിലുള്ള ഒരു തടസ്സം പോലെയാണ് അവ പ്രവർത്തിക്കുന്നത്. തീരദേശത്തെ മണ്ണൊലിപ്പിനും വെള്ളപ്പൊക്കത്തിനും എതിരെ ഫലപ്രദമായ പ്രതിരോധമാണ് അവ. ഒരു കൊടുങ്കാറ്റിൽ തിരമാലകൾ മണ്ണിനെ/എക്കലുകളെ ഇല്ലാതാകുമ്പോൾ അവയെ തിരികെ കൊണ്ടുവന്ന് മൺകൂനയിലേക്ക് അടുക്കി വയ്ക്കുന്നതിലൂടെ കാറ്റ് തിരമാലകളുടെ പ്രവർത്തനത്തെ പ്രതിരോധിക്കുന്നു. സസ്യജാലങ്ങൾ മൺകൂനയുടെ ജീവന് നിർണായക ഘടകമാണ്. കാരണം സസ്യജാലങ്ങളുടെ വേരുകളാണ് മണൽക്കൂനകളുടെ എക്കലുകളെ പരസ്പരം ബന്ധിപ്പിക്കുന്നത്. തീരമേഖല സംരക്ഷണത്തിനായുള്ള നൂതനമായ പരിഹാരമാണ് കൃത്രിമ മണൽക്കൂന നിർമ്മാണം. കുഴിച്ചെടുത്ത ഉറവിടങ്ങളിൽ നിന്നുള്ള എക്കൽ/മട്ട് സ്ഥാപിക്കുകയും പിന്നീട് ഇവ മൺകൂനയായി മാറ്റുകയും ചെയ്യുന്നു. മണലിന്റെ ലഭ്യത അനുസരിച്ച് കടൽത്തീരപോഷണത്തിന് സമാന്തരമായി കൃത്രിമ മൺ നിർമാണം നടത്തപ്പെടുന്നു. കടൽത്തീരപോഷണമായാലും മണൽക്കൂനകളുടെ പുനരുദ്ധാരണം ആയാലും ഇവയെല്ലാം ഘടനാപരമായ രീതികളോട് സംയോജിപ്പിച്ചു ചെയ്യണം. ഒറ്റയ്ക്ക് ചെയ്താൽ ഇതിനു വിജയസാധ്യത കുറവായിരിക്കും.
ഉപസംഹാരം
വികസിത മെട്രോ നഗരമായ കൊച്ചിയുടെ അടുത്താണ് ചെല്ലാനം ഗ്രാമം സ്ഥിതി ചെയ്യുന്നത്. എങ്കിലും പതിറ്റാണ്ടുകളായി സർക്കാർ അധികൃതർ ഈ പ്രദേശത്തെ അവഗണിക്കുകയാണ് എന്ന് ഇവിടുത്തെ ജനങ്ങൾ വിശ്വസിക്കുന്നു. ചെല്ലാനത്ത് ഒരു നല്ല സ്കൂളോ, കോളേജോ, എന്തിനു പറയുന്നു ഒരു ഹോസ്പിറ്റലോ ആംബുലൻസ് പോലും ഇല്ല എന്ന് ജനങ്ങൾ പറയുന്നു. കള്ള്‌ ഷോപ്പുകൾ‌ പ്രവർ‌ത്തിക്കുന്നത്‌ തടയുക, നല്ല റോഡുകൾക്ക് വേണ്ടി, കുടിവെള്ളത്തിന് വേണ്ടി അങ്ങനെ ചെല്ലാനം ഗ്രാമനിവാസികൾ അവരുടെ അവകാശങ്ങൾക്കു വേണ്ടി എല്ലായ്‌പ്പോഴും പോരാടേണ്ടി വന്നിതുണ്ട്. കടൽ കലിയിൽ നിന്നും തങ്ങളെ രക്ഷിക്കണം എന്നുള്ള സംരക്ഷണത്തിനായുള്ള പോരാട്ടം വർഷങ്ങൾക്കുമുമ്പ് ആരംഭിച്ചിട്ടും ഇതു വരെ ഇതിനുള്ള ശാശ്വത പരിഹാരം ലഭിച്ചിട്ടില്ല എന്ന് പറഞ്ഞു ഒരു ജനത നെഞ്ച് പൊട്ടി വിലപിക്കുകയാണ്.
കടൽഭിത്തികൾ, പുലിമുട്ടുകൾ, ജിയോട്യൂബുകൾ, ടെട്രാപോഡുകൾ മുതലായ ഘടനാപരമായ പദ്ധതികളുടെ രൂപത്തിൽ കടൽക്ഷോഭവും മണ്ണൊലിപ്പിനെയും നേരിടാൻ ലോകം മുഴുവനും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഘടനാപരമായ പദ്ധതികളുടെ അനുയോജ്യതയും പ്രതികൂല ഫലങ്ങളും ചർച്ചാവിഷയമാണ്. കടൽക്ഷോഭവും കടൽത്തീരത്തെ മണ്ണൊലിപ്പ് പ്രശ്നവും കൈകാര്യം ചെയ്യുമ്പോൾ കടൽത്തീരപോഷണം, കണ്ടൽവനങ്ങൾ, മൺകൂനകളുടെ പുനരുദ്ധാരണം മുതലായ അഘടനാപരമായ രീതികൾ കടൽഭിത്തികൾ, പുലിമുട്ടുകൾ, ടെട്രാപോഡുകൾ, ജിയോട്യൂബുകൾ തുടങ്ങിയ ഘടനാപരമായ നടപടികളുമായി സംയോജിപ്പിക്കണം എന്ന് പല വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഘടനാപരമായതും അഘടനാപരമായതുമായ സംവിധാനങ്ങളുടെ സംയോജനം അടുത്തിടെ കൂടുതൽ പ്രചാരത്തിലായി, കാരണം സംവിധാനങ്ങൾ ഒറ്റയ്ക്ക് ഉപയോഗിക്കുമ്പോൾ അവയ്ക്ക് ബലഹീനതകളുള്ളത് കൊണ്ട്. ഘടനാപരവും അഘടനാപരവുമായ പരിഹാരങ്ങൾ പ്രയോഗിക്കുമ്പോൾ, തിരമാലകളെ നിയന്ത്രിക്കുന്നത്, ലിറ്ററൽ എക്കൽ ഗതാഗതം എന്നിവ പോലുള്ളവയുടെ അടിസ്ഥാന തത്വങ്ങൾ നന്നായി മനസ്സിലാക്കണം, അല്ലാത്തപക്ഷം അവ പരാജയപ്പെടും. അനുചിതമായ രൂപകൽപ്പന, നിർമ്മാണം, പരിപാലനം എന്നിവ കാരണം പല പദ്ധതികളും പരാജയപ്പെടുകയും പാരിസ്ഥിതികസാമൂഹികസാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തിട്ടുണ്ട്. ചെല്ലാനത്തിനും പരിസര തീരദേശ പ്രദേശങ്ങൾക്കും ഇനി ഒരു അല്പായുസ്സുള്ള പരിഹാരങ്ങൾ ആവശ്യം ഇല്ല. ഘടനാപരമായതും അഘടനാപരമായതുമായ രീതികൾ ഏതായാലും, അത് ഒരു ശാശ്വത പരിഹാരം ആയിരിക്കണം, അല്ലാതെ താത്കാലികമായി ചെയ്യുന്ന ഒരു നടപടി ആയി മാറരുത്. അക്ഷമരായ ഇവിടുത്തെ ജനത്തിനോട് ഇനിയും ദ്രോഹം ചെയ്യരുത്.

പദ്ധതികൾ നടപ്പിലാക്കുമ്പോൾ അവ വിജയിക്കുന്നതിനു വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:
1) അഴിമതി ഇല്ലാതെ സർക്കാർ കൃത്യമായി ടെൻഡർ വിളിച്ച്, യോഗ്യത നേടിയ അനുഭവജ്ഞാനമുള്ള കരാറുകാർക്ക് മാത്രമേ പദ്ധതികൾ നല്കാൻ പാടുള്ളൂ. 2)ഗുണനിലവാരമുള്ള സാമഗ്രികൾ ഉപയോഗിച്ച് വേണം കരാറുകാർ പണി പൂർത്തീകരിക്കുവാൻ. അതിനു ന്യായമായ എസ്റ്റിമേറ്റ് ഉണ്ടാക്കണം.
3) കരാറുകാർക്കിടയിലുള്ള കിടമത്സരം മൂലം എസ്റ്റിമേറ്റ് (കണക്കാക്കൽ) തുകയേക്കാൾ കുറഞ്ഞ അനുപാതത്തിൽ കരാർ ഏറ്റെടുക്കുന്ന സ്ഥിതിവിശേഷത്തിനു അവസാനംറുകാരന് സാഹചര്യങ്ങൾ ഉണ്ടാകണം.
5) ഗുണനിലവാരമുള്ള വസ്തുക്കള്ആണ് പണിക്കു കരാറുകാരൻ ഉപയോഗിക്കുന്നത് എന്ന് ഉറപ്പിക്കുന്നതിനായി കൃത്യവരണം.
4) ന്യായമായ ലാഭത്തോടു കൂടെ ഉദ്യോഗതലത്തിൽ നീതിയുക്തമല്ലാത്ത സമ്മർദ്ദങ്ങളും വൈഷമ്യങ്ങളും സൃഷ്ടിക്കാതെ പണി പൂർത്തീകരിക്കുവാൻ കരാമായ പരിശോധനയും സാക്ഷ്യപ്പെടുത്തലും ആവശ്യമാണ്.
6) കടൽഭിത്തിപുലിമുട്ട് പോലുള്ളവയുടെ നിർമ്മാണത്തിൽ ന്യായമായ വില കല്ല് മേടിക്കാൻ നൽകാത്തതാണ് കല്ലിന്റെ ദൗർലഭ്യത്തിന്റെ പ്രധാന കാരണം. കല്ലുകൾക്ക് ന്യായമായ വില നൽകുമെന്ന് ആഗസ്ത് മാസം 2019-യിൽ എം എൽ മാരുടെ യോഗത്തിൽ മുഖ്യമന്ത്രി ശ്രി. പിണറായി വിജയൻ പറഞ്ഞെങ്കിലും അത് ഇതു വരെ നടപ്പിലായിട്ടില്ല.
7) കടൽഭിത്തി, പുലിമുട്ട്, ടെട്രാപോഡ്, തുടങ്ങിയവുടെ നിർമ്മാണത്തിന് സാമഗ്രികൾ കൊണ്ടുപോകുന്നതിന് സൗകര്യമുള്ള റോഡുകളുടെയും വഴികളുടെയും ദൗര്ബ്ബല്യം പരിഹരിക്കുന്നതിന് റെയിൽട്രോളി മാര്ഗ്ഗം നടപ്പിലാക്കുന്നത് ഉചിതമാണ്. ചെല്ലാനത്തെ വിജയൻ കനാലിൽ വന്ന വലിയ കല്ലുകൾ റെയിൽട്രോളി മാര്ഗ്ഗത്തിലൂടെയാണ് കടൽപ്പുറത്തേക്ക് എത്തിച്ചത്. റെയിൽ ഇട്ട ശേഷം ട്രോളിയിൽ വച്ചാണ് അന്ന് കല്ലുകൾ കടൽപ്പുറത്ത് കൊണ്ട് വന്നത്. താത്കാലികമായ റെയിൽട്രോളി മാര്ഗ്ഗം ആധുനിക ലോകത്ത് വിജയകരമായി നടപ്പിലാക്കുന്നതിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. ഇതെല്ലാം ബജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോൾ അതിൽ ഉൾപ്പെടുത്തണം.
8) പദ്ധതിക്ക്കരാറുകാരെ ലഭിക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ കരാറുകാർ അകാരണമായി പദ്ധതി വൈകിപ്പിക്കുന്നെങ്കിൽ അല്ലെങ്കിൽ അവരുടെ പിഴവ് മൂലം പദ്ധതിയിൽ പാളിച്ച വരുന്നെങ്കിൽ Kerala State Construction Corporation (കേരള സംസ്ഥാന നിർമ്മാണ കോർപ്പറേഷൻ) കടൽഭിത്തി, പുലിമുട്ട് തുടങ്ങിയവുടെ നിർമ്മാണം ഏറ്റെടുക്കണം.
9) പദ്ധതി പൂർത്തീകരിച്ചതിനു ശേഷം വാർഷിക പരിപാലന കോൺട്രാക്ട് വയ്ക്കണം. അത് വഴി എല്ലാ വർഷവും കടൽഭിത്തി, പുലിമുട്ട്, ടെട്രാപോഡ്, കടൽത്തീരപോഷണം തുടങ്ങിയവയ്ക്കു കൃത്യമായ പരിപാലനം ലഭിക്കും. നമ്മുടെ നാട്ടിലെ മിക്ക പദ്ധതികളും പൂർത്തിയായതിനു ശേഷം അത് നിലനിൽക്കാതെ പോകുന്നത് കൃത്യമായ പരിപാലനം ഇല്ലാത്തതു കൊണ്ടാണ്.

ഏത് വികസനം നടത്തുമ്പോഴും പ്രകൃതിയെ മറന്നു കൊണ്ട് നടത്താൻ പാടില്ല. അത് മനുഷ്യന്റെ നിലനില്പിനു് തന്നെ ആണ് ഭീഷണി. പ്രകൃതിയെ ബാധിക്കുന്ന വികസനങ്ങൾ നടത്തുമ്പോൾ മനുഷ്യജീവനാണ് അപകടത്തിൽപ്പെടുന്നത്. ഇതു മനസിലാക്കുവാൻ വേണ്ടി സർക്കാരുകൾ തയ്യാറാകണം. പക്ഷെ ഇപ്പോഴും സർക്കാരുകൾ ഇതിന് മുതിരുന്നില്ല എന്നതാണ് സത്യം. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് കേന്ദ്ര സർക്കാർ ഇപ്പോൾ ഇറക്കിയിരിക്കുന്ന പരിസ്ഥിതി ആഘാത നിര്ണ്ണയ രൂപരേഖ (Environment Impact Assessment Draft), 2020 എന്നത്. പരിസ്ഥിതി ആഘാത നിര്ണ്ണയ രൂപരേഖ, 2020 പ്രകാരം ഏതു വികസന പദ്ധതി നടത്തുന്നതിനും പരിസ്ഥിതി ആഘാത പഠനത്തിന്റെ ആവശ്യം ഇല്ല എന്നാണ്. ഇതിന് എതിരെ ജനങ്ങൾ പ്രതിഷേധിക്കണം. നമ്മുടെ ഭാവി തലമുറയ്ക്ക് വേണ്ടി നമ്മൾ ശബ്ദം ഉയർത്തിയേ മതിയാകൂ. ചെല്ലാനം ഗ്രാമത്തിൽ കടൽക്ഷോഭത്തിന് എതിരെ നിർമ്മിക്കണം എന്ന് നമ്മൾ പറയുന്ന ഏത് ഘടനയും പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ആകണം. കാരണം പ്രകൃതി നിലനിന്നാലേ മനുഷ്യരായ നമ്മൾക്കും നിലനില്പുള്ളൂ.

2018- കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ചെല്ലാനം, കണ്ടകടവ്, മാനാശ്ശേരി, ചെറിയകടവ്, സൗദി, തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളി സഹോദരങ്ങളാണ് കേരളത്തിലെ ജനങ്ങളെ രക്ഷിച്ചത്. കേരളത്തിലെ ജനങ്ങൾക്ക് നന്ദി അറിയിക്കാനും തീരപ്രദേശത്തെ ജനങ്ങളുടെ പതിറ്റാണ്ടുകളായ നീതിപൂർവകമായ പോരാട്ടത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമുള്ള സമയമാണിത് എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ചെല്ലാനം തീരപ്രദേശത്തെ ഞങ്ങളുടെ മാതാപിതാക്കന്മാരുടെയും, സഹോദരിസഹോദരന്മാരുടെയും അവരുടെ ഭാവിതലമുറയുടെയും ജീവനും സ്വത്തും സംരക്ഷിക്കപെടുന്നതിന് ഉദ്ദേശശുദ്ധിയോട് കൂടി ഇനിയെങ്കിലും കാര്യങ്ങൾ ചെയ്തേ മതിയാകൂ. തീരഗ്രാമത്തിന്റെ നൊമ്പരമായ പ്രശ്നം പരിഹരിക്കാൻ വേണ്ടി എല്ലാ രാഷ്ട്രീയസാമൂഹ്യ സംഘടനകളുടെ പിന്തുണയോടെ ജനകീയ പങ്കാളിത്തം ഉറപ്പാകേണ്ടതാണ്. നമ്മുടെ ആവശ്യം നിറവേറുന്നത് വരെ നമ്മുക്ക് ഒറ്റകെട്ടായി പിന്മാറാതെ പോരാടാം.

 

 

 

 

 

Article Written By
സ്വപ്ന പാട്രോണിസ്, എം. എ, എം. ഫിൽ
നാഷണൽ സെക്രട്ടറി, ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റി (AICC)

നാഷണൽ സെക്രട്ടറി, ബൗദ്ധിക വിഭാഗം, ഓൾ ഇന്ത്യ കോൺഗ്രസ്‌ കമ്മിറ്റി (AICC)

ജനറൽ സെക്രട്ടറി, എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി (DCC)

പ്രസിഡന്റ്‌, സൊസൈറ്റി ഫോർ സോഷ്യൽ വിഷൻ (NGO)


Related Articles

മീശ എന്നെ ഓര്‍മിപ്പിക്കുന്നത്

മീശ നോവല്‍ കയ്യില്‍ പിടിച്ചാണ് ഞാന്‍ മമ്മിയ്ക്കു കൂട്ടിരിക്കാന്‍ ആശുപത്രിയിലെത്തിയത്. പുസ്തകം എന്താണെന്ന് മമ്മി എന്നോട് ആംഗ്യത്തില്‍ ചോദിച്ചു. പുസ്തകം ഞാന്‍ കാണിച്ചുകൊടുത്തു. ആശുപത്രിയില്‍ നിന്ന് വീ്ട്ടില്‍വന്നിട്ട്

ദൈവഹിതം ജീവിതതത്വമാക്കി മടക്കം എന്റെ പിതാവേ സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകന്നുപോകട്ടെ. എങ്കിലും എന്റെ ഹിതമല്ല, അവിടുത്തെ ഹിതം നിറവേറട്ടെ.” ഈ വചനം അതിന്റെ പൂര്‍ണതയില്‍

ദുരന്തമുഖത്ത് ഉറങ്ങാതെ കാര്‍മല്‍ഗിരി

2018 എന്ന വര്‍ഷം കാര്‍മല്‍ഗിരി ചരിത്രത്തില്‍ ഒരു വലിയ ദുരന്തത്തിന്റെ പേരിലായിരിക്കും അറിയപ്പെടുക. അടുത്ത തലമുറയ്ക്ക് പറഞ്ഞുകൊടുക്കാന്‍ ഇനി നമുക്ക് പുതിയൊരു അതിജീവനത്തിന്റെ കഥയുണ്ട്. ജലംകൊണ്ട് മുറിപ്പെട്ടവരുടെ,

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*