കത്തോലിക്കാസഭയുടെ ആശുപത്രികള്‍ വിട്ടുനല്‍കും- കെസിബിസി

കൊച്ചി: കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ക്കു കെസിബിസി പിന്തുണ അറിയിച്ചു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനോടും ലോക്ക് ഡൗണില്‍ കഴിയുന്നവരില്‍ രോഗബാധയുണ്ടായാല്‍ അതു കണ്ടെത്തി ആവശ്യമായ തുടര്‍നടപടികളെടുക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങളോടും സഹകരിക്കാന്‍ സഭ സന്നദ്ധമാണ്. കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള ആശുപത്രികളുടെ സേവനം ഈ അടിയന്തരസാഹചര്യത്തില്‍, വേണ്ടിവന്നാല്‍ വിട്ടുനല്‍കാനും തയ്യാറാണ്. ഇതു സംബന്ധിച്ച് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണില്‍ സംഭാഷണം നടത്തി.
മുഖ്യമന്ത്രിയും സംസ്ഥാന ആരോഗ്യവകുപ്പും നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കത്തോലിക്കാ സഭയിലെ ദേവാലയങ്ങളില്‍ ആരാധന കര്‍മങ്ങള്‍ക്ക് എല്ലാവിധനിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്നും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളോട് സഭ പൂര്‍ണ്ണമായി സഹകരിക്കുന്നതാണ്.
ഈ മഹാവിപത്തിനെ നേരിടുന്നത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സഭ പ്രാര്‍ഥനാപൂര്‍വ്വം പിന്തുണയ്ക്കുന്നു. സര്‍ക്കാരുമായി സഹകരിച്ച് കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി കെസിബിസി ഹെല്‍ത്ത് കമ്മീഷന്റെയും കേരളസോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെയും സംയുക്തകമ്മറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.