കത്തോലിക്കാ തിരുസഭ അംഗീകരിക്കുന്ന അഞ്ചാമത്തെ ദിവ്യകാരുണ്യ അത്ഭുതം

by admin | June 14, 2020 3:26 am

1269 വർഷങ്ങൾ കഴിഞ്ഞിട്ടും ആ തിരുവോസ്തി മാംസമായിരിക്കുന്നു

ഇറ്റലിയിലെ ലാൻസിയാനോയിൽ വിശുദ്ധ ലോഞ്ചിനൂസിൻ്റെ ദൈവാലയത്തിൽ എ.ഡി 750 ലാണ് ഈ ദിവ്യകാരുണ്യ അത്ഭുതം നടന്നത്. ആശ്രമത്തിലെ ഒരു പുരോഹിതൻ എന്നും ദിവ്യബലിയർപ്പിച്ചിരുന്നത് തിരുവോസ്തിയിൽ യഥാർത്ഥത്തിൽ ക്രിസ്തുവിൻ്റെ സാന്നിധ്യം ഉണ്ടോ? എന്ന സംശയത്തോടെയാണ്. ഒരു ദിവസം അദ്ദേഹം ദിവ്യബലി അർപ്പിക്കുമ്പോൾ തിരുവോസ്തി കർത്താവിൻ്റെ തിരുശരീരമായും വീഞ്ഞ് കർത്താവിൻ്റെ രക്തമായും മാറി. ആ സമയം ദൈവാലയത്തിൽ ഉണ്ടായിരുന്ന എല്ലാവരും ഈ അത്ഭുതം കാണുകയുണ്ടായി. ക്രിസ്തുവിൻ്റെ ശരീരവും രക്തവുമായി മാറിയ തിരുവോസ്തിയും വീഞ്ഞും അതേ നിലയിൽ തന്നെ ഇപ്പോഴും തുടരുന്നു.

1574ലും 1970 ലും 1981 ലും ഈ തിരുവോസ്തിയും തിരുരക്തവും വിശദമായ ശാസ്ത്രപഠനങ്ങൾക്ക് വിധേയമാക്കുകയുണ്ടായി. പുറത്തുവന്ന ഗവേഷണഫലങ്ങൾ ശാസ്ത്രലോകത്തെ ഞെട്ടിക്കുന്നവയായിരുന്നു.

മാംസം യഥാർത്ഥ മനുഷ്യ മാംസവും രക്തം യഥാർത്ഥ മനുഷ്യ രക്തവും തന്നെ. മാംസം ഹൃദയമാംസ രക്തപേശികളുടെ തുമാണ് എന്നതായിരുന്നു ആദ്യ കണ്ടെത്തൽ.

രക്തത്തിൽ ക്ലോറൈഡ്, ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം കാൽസ്യം എന്നീ മനുഷ്യരക്തത്തിൽ കാണുന്ന ധാതുക്കളും കാണപ്പെടുന്നു. ക്രൊമാറ്റോഗ്രാഫിക് വിശകലനം ഇത് നിസംശയമായി തെളിയിച്ചു.

ഇമ്മ്യൂണോളജിക്കൽ പഠനം ഇത് മനുഷ്യൻ്റെ രക്തവും മാംസവും ആണെന്ന് നിസംശയം പറയുകയും മാംസവും രക്തവും എ ബി രക്തഗ്രൂപ്പിൽ പെട്ടതാണെന്നും മധ്യപൂർവദേശത്തെ ജനങ്ങളുടെ സവിശേഷതകളുമായി ഇണങ്ങുന്നവയാണെന്നും കണ്ടെത്തി.

രക്തത്തിൽ കാണുന്ന പ്രോട്ടീൻ്റെ അളവ് സാധാരണ മനുഷ്യരക്തത്തിൽ കാണുന്ന നിരക്കിൽ തന്നെയായിരുന്നു.

അമിതമായ ഉപ്പിൻ്റേയോ, കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള വസ്തുക്കളുടെ യോ സാന്നിധ്യം ഈ മാംസത്തിലോ, രക്തത്തിലോ കാണുവാൻ കഴിയാതിരുന്നത് ഈ അത്ഭുതം കബളിപ്പിക്കലാണെന്ന് പ്രചരിപ്പിക്കുന്ന വർക്കുള്ള മറുപടി കൂടിയായി.

അരിസ്റ്റോ ആശുപത്രിയുടെ മേധാവിയും അനാട്ടമി, പാത്തോളജി, കെമിസ്ട്രി, ക്ലിനിക്കൽ മൈക്രോസ്കോപ്പി പ്രൊഫസറുമായ എഡ്വേർഡ് ലിനോ ളിയാണ് ശാസ്ത്രലോകത്തിൻ്റെ ആവശ്യപ്രകാരം ആദ്യ പരീക്ഷണം നടത്തിയത്. പിന്നീട് ചെറുതും വലുതുമായ നിരവധി പരീക്ഷണങ്ങൾ ഈ തിരുശരീരത്തിലും തിരുരക്തത്തിലും നടന്നു. 1973 ൽ ലോകാരോഗ്യ സംഘടനയുടെ ചീഫ് അഡ്വൈസറി ബോർഡ് ഒരു സയൻറിഫിക് കമ്മീഷനെ പ്രൊഫസർ ലിനോളിയുടെ കണ്ടെത്തലുകൾ ഒന്നുകൂടി പരിശോധിക്കുന്നതിന് നിയമിച്ചു. അവർ 15 മാസം കൊണ്ട് അഞ്ഞൂറോളം ടെസ്റ്റുകൾ നടത്തി. ഒടുവിൽ തിരുരക്തത്തിൻ്റെയും മാംസത്തിൻ്റെയും ഭാഗം അഴുകാതെ സൂക്ഷിക്കുന്ന കോശങ്ങളുടെത് പോലെയല്ല എന്നും മാംസത്തിൻ്റെ ഭാഗം ജീവനുള്ള കോശങ്ങളുടെ സ്വഭാവം ഉള്ളതാണെന്നും ജീവനുള്ളവ പ്രതികരിക്കുന്നത് പോലെതന്നെ അവ പരിശോധനകളോട് ഇപ്പോഴും പ്രതികരിക്കുന്നുണ്ട് എന്നും കമ്മീഷൻ ലോകത്തോട് വിളിച്ചു പറഞ്ഞു.
ജീവനുള്ള ഒരു വ്യക്തിയിൽനിന്ന് ഇപ്പോൾ അറുത്തെടുത്ത മാംസം പോലെ ലോകത്തിനു മുൻപിൽ ലാൻസിയാനോയിലെ ദിവ്യകാരുണ്യ അത്ഭുതം ഇന്നും നിലകൊള്ളുന്നു.

പതിനായിരങ്ങളാണ് അനുദിനം ഈ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് മുൻപിൽ കുമ്പിട്ട് ആരാധിക്കുന്നത്…

ആത്മനാ നമുക്കും ലാൻസിയാനോയി ലേക്ക് ഒരു തീർത്ഥാടനം നടത്താം. ആ ദിവ്യകാരുണ്യത്തിനു മുൻപിൽ ആരാധനകൾ അർപ്പിക്കാം.

സെലസ്റ്റിൻ കുരിശിങ്കൽ എഴുതിയ ദിവ്യകാരുണ്യ അത്ഭുതങ്ങൾ എന്ന പുസ്തകത്തിൽ നിന്ന്…

Source URL: https://jeevanaadam.in/%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b8%e0%b4%ad-%e0%b4%85%e0%b4%82%e0%b4%97%e0%b5%80%e0%b4%95/