കരകയറാനും വീണ്ടെടുപ്പിനും സമഗ്ര പരിരക്ഷയ്ക്കുമായി

കരകയറാനും വീണ്ടെടുപ്പിനും സമഗ്ര പരിരക്ഷയ്ക്കുമായി

ആവര്‍ത്തിക്കുന്ന അതിതീവ്രമഴയുടെയും മിന്നല്‍പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും നാള്‍വഴിയും നേര്‍ക്കാഴ്ചയും നമ്മെ ബോധ്യപ്പെടുത്തുന്നത് കേരളത്തിന്റെ കാലാവസ്ഥയും ഭൂപ്രകൃതിയും അടിമുടി മാറുന്നുവെന്നതാണ്. കാലവര്‍ഷത്തിന്റെ കലണ്ടര്‍ മാറുന്നു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ മഴ കോരിച്ചൊരിയേണ്ട നാളുകളില്‍ പരക്കെ വരള്‍ച്ച; ഓഗസ്റ്റ് ആദ്യവാരം മൂന്നുനാള്‍ പെയ്ത മഴ പൊടുന്നനേ കേരളത്തെ ദുരിതക്കെടുതിയിലാഴ്ത്തുന്നു. വയനാട്ടിലും മലപ്പുറത്തും രണ്ടു ഗ്രാമങ്ങള്‍ അപ്രത്യക്ഷമായി. നിലമ്പൂര്‍ വനാന്തരത്തിലെ ചോലനായ്ക്കരുടെ ഊരില്‍ വരെ മണ്ണിടിച്ചിലുണ്ടായി. കാലാവസ്ഥവ്യതിയാനം, ജനസാന്ദ്രതയുടെ സമ്മര്‍ദം, അശാസ്ത്രീയ ഭൂവിനിയോഗം എന്നിവയുടെ സംയുക്ത ആഘാതമാണ് കേരളം ഇന്ന് അനുഭവിക്കുന്നതെന്ന് വിലയിരുത്തുമ്പോള്‍തന്നെ, നൂറ്റാണ്ടിലെ മഹാപ്രളയത്തിനുശേഷവും പ്രകൃതിദുരന്തത്തെ നേരിടാനും ജീവഹാനിയും സ്വത്തിന്റെയും ജീവനോപാധികളുടെയും നാശനഷ്ടങ്ങളും തടയാനുള്ള ശാസ്ത്രീയ സംവിധാനങ്ങളുടെ അഭാവമാണ് തെളിഞ്ഞുകാണുന്നത്. ദുരന്തങ്ങളെ അതിജീവിക്കാനുള്ള പുനര്‍നിര്‍മിതികളെക്കുറിച്ചും നയരൂപീകരണത്തെക്കുറിച്ചുമൊക്കെ നാം കേട്ടതൊക്കെ പാഴ്‌വാക്കായിരുന്നുവെന്നു തോന്നും ഈ ഓഗസ്റ്റിലെ മഴക്കെടുതികളുടെ ആഴത്തിലുഴലുമ്പോള്‍. കാലവര്‍ഷത്തിന്റെ സന്തുലനം നഷ്ടപ്പെടുകയും കാലാവസ്ഥ പ്രവചനാതീതമായ അനിശ്ചിതാവസ്ഥയിലെത്തുകയും ചെയ്തുവെന്നതു നേരാണ്. എന്നാല്‍ ഇത്രമേല്‍ പരിസ്ഥിതിലോലമായൊരു പ്രദേശത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകളില്‍ എത്രത്തോളം വീഴ്ചകള്‍ പറ്റിയെന്ന് വസ്തുനിഷ്ഠമായി അന്വേഷിക്കേണ്ടതുണ്ട്.
ഉരുള്‍പൊട്ടിയും മണ്ണിടിഞ്ഞുമാണ് ഇക്കുറി ഏറെ ദുരിതമുണ്ടായത്. വയനാട്, നിലമ്പൂര്‍, അട്ടപ്പാടി, നെല്ലിയാമ്പതി, ഇടുക്കി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നു. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ദുരന്തസാധ്യത നിര്‍ണയിച്ച് അപകട മേഖല അടയാളപ്പെടുത്തി നാട്ടുകാരെ അറിയിക്കണമെന്നാണ് ഭൗമശാസ്ത്ര പഠനകേന്ദ്രം നിര്‍ദേശിച്ചിരുന്നത്. തിരിച്ചറിഞ്ഞ അപകട മേഖലയില്‍ നിന്നുപോലും ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനും ആവശ്യമായ മുന്നറിയിപ്പു നല്‍കാനും കഴിയാതെ പോയി. പരിസ്ഥിതി ആഘാതപഠനം നടത്താതെ പാറമടകള്‍ അനുവദിക്കരുതെന്ന പ്രാഥമിക തത്വം പാലിക്കപ്പെടുന്നില്ല. ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മലകളുടെ എതിര്‍വശത്തോ മറുവശത്തോ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. പശ്ചിമഘട്ടത്തില്‍ 5,924 പാറമടകളാണുള്ളത്. പാറമടകളുടെയും ഉരുള്‍പൊട്ടല്‍ സാധ്യതാപ്രദേശങ്ങളുടെയും മാപ്പിങ് പ്രദേശവാസികള്‍ ഉള്‍പ്പെടുന്ന ദൗത്യസംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തി അവയുടെ ആഘാതവ്യാപ്തി നിര്‍ണയിക്കേണ്ടതുണ്ട്. ഭൂമി വിണ്ടുകീറി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും താത്കാലികമായാണ് ഖനനം നിര്‍ത്തിവയ്ക്കുന്നത്.
തണ്ണീര്‍ത്തടങ്ങളും നദികളും വനവും പരിസ്ഥിതിലോലപ്രദേശവുമൊക്കെ കൈയേറുന്നവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ പാരമ്പര്യത്തിന് മാറ്റമൊന്നുമുണ്ടാകുന്നില്ല. ഭൂവിനിയോഗത്തിലെ മാറ്റങ്ങളുടെ കാര്യത്തില്‍ സാമൂഹിക പരിസ്ഥിതി ഓഡിറ്റ് വേണമെന്ന് ജൈവവൈവിധ്യ ബോര്‍ഡ് ഓര്‍മിപ്പിക്കുന്നുണ്ട്. എന്നാല്‍ വികസനത്തിന്റെ രാഷ്ട്രീയത്തിന് തീരമെന്നോ മലയോരമെന്നോ വേര്‍തിരിവൊന്നുമില്ല. പ്രകൃതിക്കും മണ്ണിനും പരിസ്ഥിതിക്കും ഇണങ്ങുന്ന തരത്തില്‍ വേണം ഭൂമിയുടെ ഉപയോഗം. ഭൂമിയുടെ ഘടനയോ സ്വഭാവമോ നോക്കാതെയാണ് വികസനത്തിന്റെ പേരിലുള്ള നിര്‍മിതികളൊക്കെയും. ഭൗമഘടന തകര്‍ത്തുകൊണ്ടുള്ള മനുഷ്യന്റെ ഇടപെടലുകള്‍ മൂലം തണ്ണീര്‍ത്തടങ്ങള്‍ ഇല്ലാതായി. പെരുമഴയെ ഉള്‍ക്കൊള്ളാന്‍ പുഴകള്‍ക്കാകുന്നില്ല, പുഴ കവിഞ്ഞൊഴുകിയെത്തുന്ന വെള്ളത്തിന് പരക്കാനുള്ള നീര്‍ത്തടങ്ങളുമില്ല. മലകളില്‍ നിന്നു നദികളിലേക്കുള്ള നീര്‍ച്ചാലുകളുടെ വഴിമുട്ടി. മലയോരത്തെ നിര്‍മിതികള്‍ മൂലം നീര്‍വഴികളടഞ്ഞ് വെള്ളം പാറയിടുക്കിലേക്കിറങ്ങിയാണ് പലപ്പോഴും ജലസ്‌ഫോടനവും മണ്ണിടിച്ചിലുമുണ്ടാകുന്നത്. പ്രളയാനന്തര പുനരധിവാസ പദ്ധതി നടപ്പാക്കുമ്പോഴെങ്കിലും ഭൂവിനിയോഗത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു.
പ്രകൃതിയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിന് കാലാവസ്ഥ സാക്ഷരത അനിവാര്യമാണ്. കാലവര്‍ഷത്തിന്റെ പരിണാമം പഠിക്കാന്‍ ഇനിയെങ്കിലും കൃത്യമായ സംവിധാനമുണ്ടാകണം. ഓരോ പ്രദേശത്തും ചുരുങ്ങിയ കാലയളവില്‍ പെയ്യുന്ന മഴയുടെ അളവു രേഖപ്പെടുത്തുന്നതിന് നിലവിലുള്ള മാപിനികള്‍ക്കു പുറമേ 55 സ്റ്റേഷനുകള്‍ വേണമെന്ന് കാലാവസ്ഥ വകുപ്പ് കണക്കാക്കിയിട്ടുണ്ട്. അതിതീവ്ര മഴ അളക്കാന്‍ കാലാവസ്ഥ വകുപ്പിന്റെ കീഴിലുള്ള 15 സ്റ്റേഷനുകളില്‍ പ്രവര്‍ത്തനക്ഷമമായത് ആറെണ്ണമാണ്. ചാര്‍ട്ടിനെ ആധാരമാക്കി ചുരുങ്ങിയ സമയത്തെ മഴ അളക്കുന്ന 30 ഓട്ടോമാറ്റിക് റെയിന്‍ഗേജുകളില്‍ പ്രവര്‍ത്തിക്കുന്നത് 12 എണ്ണം. മഴ മാപിനികളുടെ കുറവ് നികത്തിയില്ലെങ്കില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും ഉള്‍പ്പെടെ കാലാവസ്ഥപഠനത്തിലെ അനിശ്ചിതത്വം കൂടുതല്‍ സങ്കീര്‍ണമാവുകയേയുള്ളൂ.
പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി റിസ്‌ക് ഫിനാന്‍സിംഗിന്റെ മികച്ച രാജ്യാന്തര മാതൃക കേരളത്തിനു പിന്തുടരാവുന്നതാണ്. ദുരന്തത്തോട് എത്രത്തോളം ക്രിയാത്മകമായി പ്രതികരിക്കുന്നു എന്നതുപോലെ, എത്രമാത്രം കാര്യക്ഷമമായി കരുതിയിരിക്കുന്നു എന്നതും പ്രധാനമാണ്. പ്രകൃതിദുരന്തത്തിന്റെ കെടുതിയും നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമുള്ള ഫണ്ടിംഗും തമ്മിലുള്ള വിടവ് (സംരക്ഷണ കമ്മി) നികത്തുന്നതിനുള്ള മികച്ച ഉപാധി അപായസാധ്യതയുടെ ചേതം ഇന്‍ഷുറന്‍സ് വിപണിയിലേക്കു കൈമാറുകയാണ്. 2018 ഓഗസ്റ്റിലെ പ്രളയക്കെടുതി വിലയിരുത്തിയ യുഎന്‍ ഏജന്‍സി കഴിഞ്ഞ ഒക്ടോബറില്‍ 31,000 കോടി രൂപയാണ് കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് നിശ്ചയിച്ചത്. ദുരന്തനിവാരണത്തിന് കേരളവും കേന്ദ്രവും ചേര്‍ന്ന് വകകൊള്ളിക്കുന്ന വാര്‍ഷിക ഫണ്ട് 214 കോടി രൂപ മാത്രമാണ്. പുനര്‍നിര്‍മാണത്തിനായി രണ്ടു ഘട്ടമായി കേരളം 5616 കോടി രൂപയും പ്രത്യേക പാക്കേജായി 5000 കോടി രൂപയും ആവശ്യപ്പെട്ടുവെങ്കിലു കേന്ദ്രം അനുവദിച്ചത് 2904 കോടി രൂപ മാത്രം. കഴിഞ്ഞ പ്രളയവുമായി ബന്ധപ്പെട്ട വാണിജ്യ, സ്വകാര്യ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ 2,500 കോടി രൂപ വരുമെന്നാണ് അനുമാനം. ഇതനുസരിച്ച് പ്രൊട്ടക്ഷന്‍ ഗ്യാപ് 25,000 കോടി രൂപയാണ്. ഈ കമ്മി സംസ്ഥാന സര്‍ക്കാര്‍ നികത്തണം. ജിഎസ്ടി കൗണ്‍സില്‍ കേരളത്തിന് അനുവദിച്ച പ്രളയ സെസില്‍ നിന്നുള്ള വിഹിതവും പരിമിതമാണ്.
ദുരന്തക്കെടുതിയുടെ നഷ്ടപരിഹാര ബാധ്യത ഇന്‍ഷുറര്‍ക്കോ റീഇന്‍ഷുറര്‍ക്കോ കൈമാറിയാല്‍ മഴയുടെ തോതും വരള്‍ച്ചയുടെ തീവ്രതയും അനുസരിച്ച് അടിയന്തര നഷ്ടപരിഹാരത്തുക നിര്‍ണയിച്ച് ദുരിതബാധിതര്‍ക്ക് ഉടന്‍ സഹായം നല്‍കാന്‍ കഴിയും. ഭക്ഷണം, വസ്ത്രം, മരുന്ന്, താത്കാലിക അഭയം എന്നിവയ്ക്കായി ഫണ്ടിനു കാത്തിരിക്കേണ്ടിവരില്ല. അമേരിക്കയിലെ നാഷണല്‍ ഫഌഡ് ഇന്‍ഷുറന്‍സ് പ്രോഗ്രാം, ഭൂകമ്പം, മഴ എന്നിവയ്ക്കായി കരീബിയനിലെ 16 രാജ്യങ്ങള്‍ക്കായി നിലവിലുള്ള ഇന്‍ഷുറന്‍സ് ഫണ്ട്, റിസര്‍വ് ഫണ്ടിംഗ്, റീഇന്‍ഷുറന്‍സ്, ദുരന്ത ബോണ്ട് എന്നിവ അടങ്ങുന്ന മെക്‌സിക്കോയിലെ ഫോണ്ടെന്‍ എന്ന സമഗ്ര ദുരന്ത ഫിനാന്‍സിംഗ്, ചൈനയിലെ ഗുവാങ്‌ഡോംഗ്, ഹെയ്‌ലോങ്ജിയാംഗ് പ്രവിശ്യാ ഗവണ്‍മെന്റുകള്‍ പ്രകൃതിദുരന്തങ്ങള്‍ ധനകാര്യ ബജറ്റിലെ വിവിധ വകുപ്പുകളിലുണ്ടാക്കുന്ന ആഘാതം തടയുന്നതിന് എടുക്കുന്ന ഇന്‍ഷുറന്‍സ് തുടങ്ങിയവ ഇതിന് മാതൃകകളാണ്.
ദുരന്താഘാത ലഘൂകരണത്തിനുള്ള ഇത്തരം ഇന്‍ഷുറന്‍സ് പരിരക്ഷ ഗവണ്‍മെന്റിന്റെ ക്രെഡിറ്റ് റേറ്റിങ് മെച്ചപ്പെടുത്താന്‍ സഹായകമാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവും പുതിയ കണക്കുപ്രകാരം ലഭിച്ചത് 4,403.19 കോടി രൂപയാണ്. ചെലവാക്കിയത് 2276.37 കോടി, നീക്കിയിരിപ്പ് 1396.77 കോടി. ദുരിതാശ്വാസ നിധിയിലെ പണം പുനര്‍നിര്‍മാണ പദ്ധതിക്കും പുനരധിവാസത്തിനുമായി ചെലവഴിക്കുമ്പോള്‍ അത് പ്രാദേശിക വിപണിയെ ഉത്തേജിപ്പിക്കും, സമ്പദ്ഘടനയെ ചലനാത്മകമാക്കും. ദുരിതാശ്വാസ നിധിയുടെ കാര്യത്തില്‍ ധനകാര്യ മാനേജ്‌മെന്റ് മികവ് അനിവാര്യമത്രേ. കഴിഞ്ഞ പ്രളയത്തിനു ശേഷം നവകേരളനിര്‍മിതിക്കായി സംസ്ഥാന ബജറ്റില്‍ 25 പദ്ധതികള്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു. ആ പദ്ധതികളുടെ സ്ഥിതി എന്തെന്ന് ഇന്നത്തെ സാഹചര്യത്തില്‍ ചോദിക്കാതിരിക്കുകയാകും ഭേദം.
കഴിഞ്ഞ പ്രളയകാലത്തെ കെടുതികളെക്കാള്‍ വലിയ ദുരന്തം ഇക്കുറി വടക്കന്‍ കേരളത്തിലെ ചില മേഖലകളിലുണ്ടായിട്ടുണ്ട്. ഈ അടിയന്തരഘട്ടത്തില്‍ കേരളത്തിന് കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് ലഭിക്കേണ്ട സാമ്പത്തിക സഹായത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ഒട്ടും സ്വീകാര്യമല്ല എന്നിരിക്കെ കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭിക്കാനുള്ള കുടിശികയുടെ കാര്യത്തിലും സാങ്കേതിക തടസമുണ്ട്. ദേശീയ ദുരിതാശ്വാസ നിധിയുടെയും കേന്ദ്ര സഹായധനത്തിന്റെയും കാര്യത്തില്‍ നിര്‍ണായക പങ്കു വഹിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി കര്‍ണാടകത്തില്‍ വരെ ദുരിതക്കെടുതികള്‍ കാണാനെത്തിയെങ്കിലും കേരളത്തിലേക്കു വരാന്‍ എന്തുകൊണ്ടോ അദ്ദേഹത്തിനു കഴിഞ്ഞില്ല. കഴിഞ്ഞ പ്രളയകാലത്ത് കാട്ടിയ ചില്ലറ പരിഗണനയെങ്കിലും ഇക്കുറി കേന്ദ്രത്തിന്റെ ഏതെങ്കിലും പഠനസംഘത്തില്‍ നിന്നുണ്ടാകും എന്നു പ്രത്യാശിക്കാം. എന്തായാലും അതിജീവനത്തിന് നാം സ്വന്തം വഴികള്‍ കണ്ടെത്തിയേ തീരൂ.


Related Articles

പ്രളയത്തിന് ഒടുവിലെ മഴവില്ല്

കൊച്ചി: ഒരു ഫോണ്‍ കോള്‍ ആയിരുന്നു തുടക്കം. 16-ാം തീയതി വൈകീട്ട് വിദേശത്തുള്ള കൂട്ടുകാരന്‍ ഫിറോസ് തന്റെ പ്രായമായ ഭാര്യാപിതാവിനെയും മാതാവിനെയും ആലുവയില്‍ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരാന്‍

ഗജ ചുഴലിക്കാറ്റ് തീരം തൊട്ടു

ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊട്ടു. നാഗപട്ടണത്തിനും വേദരണ്യത്തിനും ഇടയ്ക്കുള്ള തീരപ്രദേശത്താണ് ഗജ 120 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ചത്. 4 പേർ ഇതുവരെ മരണമടഞ്ഞിട്ടുണ്ട് വൈദ്യുതാഘാതമേറ്റാണ് രണ്ടുപേർ

സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ തുറക്കും: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ തുറക്കാന്‍ ഉന്നതതല യോഗത്തില്‍ ധാരണയായി. എസ്എസ്എല്‍സി, പ്ലസ്ടു ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂളുകളിലെത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് ഭാഗികമായി സ്‌ക്കൂളുകള്‍ക്ക് പ്രവര്‍ത്തിച്ചു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*