കരിമണലിലെ കണ്ണീര്‍ച്ചാലുകളില്‍ കടല്‍കയറുമ്പോള്‍

കരിമണലിലെ കണ്ണീര്‍ച്ചാലുകളില്‍ കടല്‍കയറുമ്പോള്‍

ധാതുമണല്‍ ഖനനം മൂലം കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന തീരദേശ ഗ്രാമം ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന പരിദേവനം കേട്ട് ഉള്ളുലഞ്ഞവരെയും പ്രത്യക്ഷത്തില്‍ യാതൊരു രാഷ്ട്രീയ പിന്തുണയുമില്ലാതെ 75 ദിവസത്തിലേറെയായി ഖനനത്തിനെതിരെ നിരാഹാര സമരം നടത്തിവരുന്ന നാട്ടുകാരെയും അപഹസിക്കാനും അവരില്‍ ദുഷ്ടലാക്ക് ആരോപിക്കാനും സംസ്ഥാന വ്യവസായമന്ത്രിയും ഭരണപക്ഷത്തെ ചില നേതാക്കളും അമിതാവേശം കാണിച്ചുവെങ്കിലും പ്രശ്‌നത്തിന്റെ ഗൗരവം കണ്ടറിഞ്ഞ് മുഖ്യമന്ത്രി അടിയന്തരമായി ഉന്നതതല യോഗം വിളിച്ചുകൂട്ടാന്‍ തയാറായി എന്നത് നല്ലൊരു സൂചനയാണ്. തങ്ങളുടെ തീരഭൂമിയും വാസസ്ഥലവും തൊഴിലും അസ്തിത്വംതന്നെയും നഷ്ടപ്പെടുന്നു എന്നു മുറവിളികൂട്ടുന്നവരെ ഒരു ദാക്ഷിണ്യവുമില്ലാതെ കരിമണല്‍ കള്ളക്കടത്തുകാരെന്നും നിക്ഷിപ്ത താല്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരെന്നും മറ്റും വിളിച്ച് ആക്ഷേപിക്കുന്നത് രാഷ്ട്രീയ മാന്യതയ്‌ക്കോ സാമാന്യ മര്യാദയ്‌ക്കോ ചേര്‍ന്നതല്ല.
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മണ്ണിന്റെ ഉടമകളാണ് കടലെടുത്തുപോകുന്ന ഗ്രാമത്തിന്റെയും തങ്ങളുടെ ജീവിതത്തിന്റെയും ദുര്‍ഗതിയെക്കുറിച്ച് കേഴുന്നത്. നീണ്ടകര മുതല്‍ കായംകുളം വരെ 22 കിലോമീറ്റര്‍ വരുന്ന കടലോരത്തെ ഘനധാതു അടങ്ങിയ മണല്‍ ഇല്‍മെനൈറ്റ്, റൂട്ടൈല്‍, മോണസൈറ്റ്, സിര്‍കോണ്‍, റെയര്‍ എര്‍ത്‌സ്, സിലിമനൈറ്റ്, ലെവ്‌കോക്‌സീന്‍, സിര്‍ഫ്‌ളോര്‍ തുടങ്ങിയ ധാതുമൂലകങ്ങളുടെ ഗുണമേന്മയിലും സാന്ദ്രതയിലും ലോകത്തെ അതിസമ്പന്ന ശേഖരമായാണ് അറിയപ്പെടുന്നത്. പെയിന്റ്, ഇനാമല്‍, റയോണ്‍, ടൈറ്റാനിയം ഡയോക്‌സൈഡ്, പിഗ്‌മെന്റ്, സെറാമിക്‌സ്, ടെലിവിഷന്‍ ട്യൂബ്, ഒപ്റ്റിക്കല്‍ ലെന്‍സ്, ശസ്ത്രക്രിയാ ഉപകരണങ്ങള്‍, വെല്‍ഡിംഗ് റോഡ് കോട്ടിംഗ്, ഇലക്ട്രിക് ആര്‍ക് ലാംപ്, ഫര്‍ണസ് ലൈനിങ്, ഗ്ലാസ് പോളിഷിങ് എന്നിവ തൊട്ട് ജെറ്റ് എന്‍ജിന്‍, ടൈറ്റാനിയം മെറ്റല്‍, ആണവനിലയങ്ങള്‍ക്ക് ആവശ്യമായ യുറേനിയം, തോറിയം തുടങ്ങി ഊര്‍ജ വ്യവസായ മേഖലയിലെ അതിപ്രധാന ഘടകങ്ങളുടെ വരെ അസംസ്‌കൃതവസ്തുവാണ് ചവറയിലെ ക്യു ഗ്രേഡ് ധാതുമണല്‍. കേന്ദ്ര ആറ്റമിക് എനര്‍ജി മന്ത്രാലയത്തിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് (ഐആര്‍ഇ), സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് (കെഎംഎംഎല്‍) എന്നിവയ്ക്ക് ഖനനം നടത്താനായി തീരമേഖലയില്‍ നാലു ബ്ലോക്കുകള്‍ വീതം ഭാഗിച്ചുനല്‍കിയിരിക്കയാണ്.
വട്ടക്കായലിനും പണിക്കര്‍കടവ് പാലത്തിനുമിടയില്‍ ആലപ്പാട്, പന്മന, അയണിവേലികുളങ്ങര എന്നിവിടങ്ങളിലായി 180 ഹെക്ടര്‍ പ്രദേശത്തെ ഖനനത്തില്‍ നിന്ന് 7,60,000 ടണ്‍ വാര്‍ഷിക ഉത്പാദനത്തിനുള്ള പദ്ധതിയുടെ ഭാഗമായി ആലപ്പാട് വില്ലേജിലെ നാലാം ബ്ലോക്കിലാണ് ഐആര്‍ഇ ഇപ്പോള്‍ സീ വാഷ്, ഇന്‍ലാന്‍ഡ് ഡ്രെജിങ് എന്നിങ്ങനെ രണ്ടു രീതിയില്‍ കരിമണല്‍ ശേഖരിക്കുന്നത്. കടലിനും കോട്ടപ്പുറം-കൊല്ലം ദേശീയ ജലപാതയുടെ ഭാഗമായ തിരുവനന്തപുരം-ചേര്‍ത്തല കനാലിനും മധ്യേ നേര്‍ത്ത വരമ്പുപോലെ കിടക്കുന്ന ആലപ്പാട് വെള്ളനാതുരുത്ത്, പണ്ടാരതുരുത്ത് ഭാഗത്ത് ഖനനം മൂലം ആപല്‍ക്കരമായ തോതില്‍ തീരശോഷണമുണ്ടായെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്. 1955ലെ ലിത്തോ മാപ്പ് പ്രകാരം 89.5 ചതുരശ്ര കിലോമീറ്ററായിരുന്ന പ്രദേശം ഇപ്പോള്‍ കേവലം 7.6 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയെന്നും ഇരുപതിനായിരം ഏക്കര്‍ ഭൂമി കടലെടുത്തുപോയെന്നും സേവ് ആലപ്പാട് ഫോറം പ്രവര്‍ത്തകര്‍ പറയുന്നു. ചിലയിടങ്ങളില്‍ കടലിനും ടിഎസ് കനാലിനുമിടയിലെ വരമ്പിന് 50 മീറ്റര്‍ മാത്രമാണു വീതി. കടല്‍ ഇരച്ചുവന്നാല്‍ അതിന്റെ പ്രത്യാഘാതം കുട്ടനാട്ടിലും ഓണാട്ടുകരയിലും അഷ്ടമുടിയിലും വരെയുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു.
കിലോമീറ്ററോളം മണല്‍ക്കൂനകളും മണല്‍തിട്ടകളുമുണ്ടായിരുന്ന ആലപ്പാട് വില്ലേജില്‍ അവശേഷിക്കുന്ന കുടുംബങ്ങളില്‍ ഏറെയും അഞ്ചും ആറും തവണ കടലെടുത്തുപോയ വീടുകളുടെ കഥയാണ് പറയുന്നത്. കടലാഴങ്ങളില്‍ ആണ്ടുപോയ ഭൂമിയുടെ പ്രമാണങ്ങളുമായി കഴിയുന്നവരും നിരവധി. കരിമണലിനു പ്രസിദ്ധമായ തമിഴ്‌നാട്ടിലെ മണവാളകുറിച്ചിയിലും കേരളത്തിലെ ആലപ്പാട്ടും 2004ലെ സുനാമിയില്‍ ഏറ്റവും കൂടുതല്‍ ജീവഹാനിയും നാശനഷ്ടവുമുണ്ടായി എന്നത് യാദൃഛികമാണോ? ആലപ്പാടിന് നഷ്ടമായത് 140 മനുഷ്യജീവനാണ്.
ആവശ്യമായ പരിസ്ഥിതി പഠനങ്ങള്‍ക്കും തീരമേഖലാ നിയന്ത്രണ ചട്ടങ്ങള്‍ക്കും പരിസ്ഥിതി മലിനീകരണ നിയന്ത്രണങ്ങള്‍ക്കും വിധേയമായും ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്, ആറ്റമിക് മിനറല്‍ ഡയറക്ടറേറ്റ് എന്നിവയുടെ അനുമതിയോടെയുമാണ് ആലപ്പാട് ഖനനം നടത്തുന്നതെന്ന് ഐആര്‍ഇ വിശദീകരിക്കുന്നു. അന്‍പതു വര്‍ഷത്തിലേറെയായി 16 കിലോമീറ്റര്‍ കടല്‍ഭിത്തികൊണ്ട് തീരം സംരക്ഷിക്കുന്നുണ്ട്. കേവലം 500 മീറ്റര്‍ ഭാഗം മാത്രം തുറന്നിട്ടാണ് ബീച്ച് വാഷിംഗ് രീതിയില്‍ മണല്‍ ശേഖരിക്കുന്നത്. കടലാക്രമണ ഭീഷണി നേരിടാനായി 10 കോടി രൂപ ചെലവില്‍ നാലു പുലിമുട്ടുകള്‍ നിര്‍മിക്കുന്നുണ്ട്. കരയോഗവും പഞ്ചായത്തും ഗുണഭോക്താക്കളുടെ പ്രതിനിധികളുമെല്ലാം ഉള്‍പ്പെടുന്ന ജനകീയ സംവിധാനത്തിലാണ് നാട്ടുകാരില്‍ നിന്ന് ഖനനപാട്ടത്തിന് കരാറുണ്ടാക്കി ഭൂമി ഏറ്റെടുത്തിട്ടുള്ളത്. മണല്‍ ഡ്രെജ് ചെയ്‌തെടുത്ത പ്രദേശത്ത് ധാതുമൂലകങ്ങള്‍ വേര്‍തിരിച്ച് അവശേഷിക്കുന്ന മണല്‍ കൊണ്ടുവന്ന് നികത്തി ഉടമകള്‍ക്ക് ഭൂമി തിരിച്ചുനല്‍കുമെന്നാണ് വ്യവസ്ഥ. ധാതുമണലിലെ അണുപ്രസരണ സാധ്യത ഇല്ലാതാകുന്നതോടെ നാട്ടുകാരുടെ ആരോഗ്യസുസ്ഥിതി ഉറപ്പാക്കാനും കഴിയും എന്നും ഐആര്‍ഇ വിശദീകരിക്കുന്നു.
എന്നാല്‍ കെഎംഎംഎല്‍ ഖനനത്തിന് ഏറ്റെടുത്ത പന്മന പഞ്ചായത്തിലെ പൊന്മനയിലെ ദുരന്തചിത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ആലപ്പാട്ടുകാര്‍ ഐആര്‍ഇ നടത്തിയ അശാസ്ത്രീയ ഖനനമാണ് തങ്ങളുടെ കരയിലും വ്യാപകമായ പരിസ്ഥിതിനാശം സൃഷ്ടിക്കുന്നതെന്ന് എടുത്തുകാട്ടുന്നു. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയ സംസ്ഥാന നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ച ശിപാര്‍ശകളൊന്നും സര്‍ക്കാരും ഐആര്‍ഇയും നടപ്പാക്കിയില്ല എന്നും അവര്‍ പറയുന്നു. ഖനനത്തിന് ഭൂമി വിട്ടുകൊടുത്ത നാട്ടുകാരില്‍ ചിലര്‍ക്ക് ഐആര്‍ഇ ജോലി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗ്രാമത്തിലെ ഭൂരിപക്ഷം വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് പണിയില്ല. ഖനനത്തിന്റെ പാരിസ്ഥിതിക ആഘാതം കമ്പവലക്കാരെ മാത്രമല്ല, താട, പരവ, തെരണ്ടി, കൂരി, കരിക്കാടി ചെമ്മീന്‍ എന്നിവയുടെ ലഭ്യതയെയും ഈ മേഖലയിലെ ചാകരയെയും സാരമായി ബാധിച്ചിട്ടുണ്ട്.
ധാതുമണല്‍ ഉത്പന്നങ്ങളുടെ വിതരണം പൊതുമേഖലയില്‍ മാത്രമായി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ വ്യവസായ ലോബികള്‍ക്കായി കരിമണല്‍ കടത്തുന്ന ശൃംഖലകള്‍ ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം കള്ളക്കടത്ത് തടയേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ആലപ്പാട്ട് ഖനനം നിര്‍ത്തിവയ്ക്കുന്നത് പൊതുമേഖലാ വ്യവസായശാലകള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കും എന്നതിനാല്‍ നാട്ടുകാരുടെ ആശങ്കകള്‍ ദൂരീകരിച്ച് തീരത്തിന്റെയും പരിസ്ഥിതിയുടെയും ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിനും ജീവസന്ധാരണത്തിനുമുള്ള സുസ്ഥിര വികസന മാതൃക ഉറപ്പുവരുത്താനും സര്‍ക്കാരിനു കഴിയണം.


Tags assigned to this article:
allappadeditorialillegal miningjacoby

Related Articles

കുട്ടനാട് മേഖലയിലെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

കുട്ടനാട് മേഖലയിലെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു.  ജില്ലാ തല ബാങ്കേഴ്‌സ് സമിതിയെ ധനവകുപ്പ് വിളിച്ചുചേര്‍ത്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന്

എമിസാറ്റ് വിക്ഷേപിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: പ്രതിരോധം ശക്തമാക്കി ഇന്ത്യ. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) എമിസാറ്റ് എന്ന ഇലക്ട്രോണിക് ഇന്റലിജന്‍സ് ഉപഗ്രഹം മാര്‍ച്ച് മാസം വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്.

സ്ത്രീ മുന്നേറ്റം പൂർണതയിലേക്കുള്ള പ്രയാണത്തിൽ

സ്ത്രീ മുന്നേറ്റം കേരളത്തിൽ പൂർണത കൈവരിച്ചെന്ന് പറയാറായിട്ടില്ലെന്നും പൂർണതയിലേക്കുള്ള പ്രയാണം പ്രതീക്ഷ നൽകുന്നതാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വനിതകൾ സ്വാതന്ത്രരാകണമെങ്കിൽ വിദ്യാഭ്യാസം നേടണമെന്നും അപ്പോൾ മാത്രമാണ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*