കരുതലിന്റെ പെരുംകൊള്ള വച്ചുപൊറുപ്പിക്കരുത്‌

കരുതലിന്റെ പെരുംകൊള്ള വച്ചുപൊറുപ്പിക്കരുത്‌
കൊവിഡ് കാലത്തെ അടിയന്തര ജീവരക്ഷാ ഇടപെടലിന്റെ പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കൈക്കണക്കു പോലുമില്ലാതെ കൈയ്യാളിച്ച കോടികളുടെ വെട്ടിപ്പും തട്ടിപ്പും, ആപല്‍ക്കാലത്തെ കരുതലിനു പുകള്‍പെറ്റ പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതാണ്. സ്റ്റോര്‍ പര്‍ച്ചേസ് നടപടിക്രമങ്ങളൊന്നും പാലിക്കാതെ, ക്വട്ടേഷനോ ടെന്‍ഡറോ ഒന്നും നോക്കാതെ ദുരന്തനിവാരണ നിയമവ്യവസ്ഥ മറയാക്കി 1,600 കോടി രൂപയുടെ ആരോഗ്യപരിരക്ഷാ ഉപകരണങ്ങളും മരുന്നുകളും വാങ്ങിക്കൂട്ടിയതിനു പിന്നിലെ ക്രമക്കേടുകളും അഴിമതിയും ഉദ്യോഗസ്ഥതലത്തില്‍ മാത്രം ഒതുങ്ങുന്ന വെട്ടിപ്പിന്റെ കഥയല്ലെന്നും, ഈ രക്ഷാഭോഗത്തിന്റെ വന്‍കൊള്ളയ്ക്ക് ചുക്കാന്‍ പിടിച്ചവര്‍ ഉന്നതതല രാഷ്ട്രീയ ഉപകര്‍ത്താക്കളാണെന്നും വ്യക്തമാക്കുന്നതാണ് പ്രാഥമിക വിവരങ്ങള്‍. ആരോഗ്യ വകുപ്പുതലത്തിലോ ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗത്തിന്റെ പരിധിയിലോ അന്വേഷണം നടത്തി തേച്ചുമാച്ചുകളയാവുന്ന ഒന്നല്ല ദുരന്തക്കെടുതികളില്‍ നിന്നു മുതലെടുക്കുന്ന ബ്രഹ്മാണ്ഡ തട്ടിപ്പുവീരന്മാര്‍ ആസൂത്രണം ചെയ്ത ഈ കുംഭകോണം.
ഇന്ത്യയില്‍ ആദ്യമായി കൊവിഡ് രോഗം സ്ഥിരീകരിച്ച കേരളത്തില്‍, 2020 മാര്‍ച്ച് മുതല്‍ സംസ്ഥാന ഭരണകൂടം മഹാമാരിയുടെ അസാധാരണ സാഹചര്യം നേരിടാന്‍ കൈക്കൊണ്ട നടപടികള്‍ ലോകമാധ്യമങ്ങളുടെ വരെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഒരു മുന്നൊരുക്കവുമില്ലാതെ ദേശീയതലത്തില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ കനത്ത സാമ്പത്തിക പ്രഹരവും പ്രവാസികളുടെ തിരിച്ചുവരവിന്റെ ആഘാതവുമൊക്കെയായി ആശങ്കയുടെയും അനിശ്ചിതത്വത്തിന്റെയും ആദ്യനാളുകളില്‍, പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ മഹാപ്രളയദുരന്തപരമ്പരതന്നെ അതിജീവിച്ച ജനതയുടെ ആത്മവീര്യം ഉണര്‍ത്തി പിണറായി സര്‍ക്കാര്‍ വന്‍സന്നാഹമൊരുക്കിയത് നമുക്കെല്ലാം ആശ്വാസം പകര്‍ന്നുതന്നു. പലപ്പോഴും, ജനാധിപത്യ മര്യാദകളോ രാഷ്ട്രീയ കീഴ്വഴക്കങ്ങളോ ഒന്നും മാനിക്കാതെ, ആര്‍ക്കും ചോദ്യം ചെയ്യാനാവാത്തവണ്ണം സമഗ്രാധിപത്യശൈലിയില്‍ നാട് അടക്കിവാണ പിണറായി ഭരണകൂടത്തിനെതിരേ പ്രതിപക്ഷനേതാവ് ഇടയ്ക്കിടെ ഉയര്‍ത്തിക്കൊണ്ടുവന്ന അഴിമതി ആരോപണങ്ങള്‍ ആരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ ജനം അത്ര ഗൗരവതരമായി കണ്ടില്ല. വാസ്തവത്തില്‍, കേരള രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിയില്ലാത്ത, രാജ്യാന്തരബന്ധമുള്ള വമ്പന്‍ അഴിമതിക്കഥകളുടെ നീണ്ട ഒരു പട്ടികതന്നെ ഉണ്ടായിരുന്നു. എന്നിട്ടും, ജനം കരുതലിന്റെ സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചു, തകര്‍പ്പന്‍ ഭൂരിപക്ഷത്തോടെ തുടര്‍ഭരണത്തിലേറിയ പിണറായി വിജയന്റേത് ചരിത്രനേട്ടം തന്നെയായിരുന്നു.
മഹാമാരിക്കാലത്തെ കരുതലിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി സമ്പാദിച്ച – മുഖ്യമന്ത്രിയെയും മറികടക്കുന്ന റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പില്‍ അതിശയപ്രകടനം നടത്തിയ – ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ മേല്‍നോട്ടത്തില്‍ കേരളത്തിലെ ആരോഗ്യ മേഖല കൊവിഡിനെതിരേ നടത്തിയ മുന്നേറ്റങ്ങളുടെ ലോകോത്തര മാതൃകയുടെ പിന്നാമ്പുറത്ത് അരങ്ങേറിയ വന്‍ അഴിമതി മറിമായത്തിലെ ചെറിയൊരു തിരിപ്പടി തിരട്ട് മാത്രമാണ് ഇപ്പോള്‍ വെളിച്ചത്തുവന്നിരിക്കുന്നത്. ഒരു സാമ്പിള്‍ ഇതാ: ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ബ്യൂറോയുടെ അംഗീകൃത നിരക്കില്‍ 350 രൂപ വില വരുന്നതും, സംസ്ഥാന സര്‍ക്കാര്‍ അവശ്യവസ്തുനിയമപ്രകാരം 273 രൂപ നിരക്കു നിശ്ചയിച്ചതുമായ പി.പി.ഇ കിറ്റ്, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അടിയന്തരമായി വാങ്ങി ശേഖരിക്കുന്നത് 1,550 രൂപ നിരക്കില്‍, ഒരു വ്യാജ കമ്പനിയുടെ പേരില്‍ ഒന്‍പതു കോടി രൂപ രൊക്കം അഡ്വാന്‍സ് നല്കിയാണ്. പി.പി.ഇ കിറ്റുമായി ഒരു ബന്ധവുമില്ലാത്ത മഹാരാഷ്ട്രയിലെ ഒരു സപ്ലൈയറുടെ പേരില്‍ 1.52 കോടി രൂപയുടെ വ്യാജ പര്‍ച്ചേസ് ഓര്‍ഡര്‍ നിര്‍മിച്ചതിനു തെളിവുണ്ട്. ഒരു ഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രം പ്രതിദിനം 6,000 പി.പി.ഇ കിറ്റുകള്‍ വേണ്ടിവന്നിരുന്നു. കോര്‍പറേഷന്റെ കരുതല്‍ ശേഖരത്തില്‍ 3.57 ലക്ഷം പി.പി.ഇ കിറ്റുകളാണ് കൊവിഡിന്റെ ആദ്യതരംഗത്തില്‍ വന്നെത്തിയത്. ഒരു കിറ്റിന് ചുരുങ്ങിയത് 1,000 രൂപ തോതില്‍ എത്ര വലിയ വെട്ടിപ്പാണ് നടന്നത്!
മലേഷ്യയില്‍ നിന്ന് യു.കെയിലേക്കു കയറ്റുമതി ചെയ്ത് അവിടെ തിരസ്‌കരിക്കപ്പെട്ട വൈനല്‍ നൈട്രയല്‍ ഗ്ലൗസ് (കൈയുറ) 12.15 കോടി രൂപയ്ക്ക് ഇവിടെ വന്നെത്തുന്നത് തിരുവനന്തപുരത്ത് പഴം പച്ചക്കറി മൊത്തവ്യാപാരം നടത്തിവന്ന ഒരു കമ്പനിയുടെ വിലാസത്തില്‍ പെട്ടെന്നു തട്ടിക്കൂട്ടിയുണ്ടാക്കിയ വ്യാജ കമ്പനിയുടെ പേരിലാണ്. സ്റ്റെറൈല്‍ ഗ്ലൗസിന് സര്‍ക്കാര്‍ നിരക്ക് 5.75 രൂപയാണെന്നിരിക്കെ 12.15 രൂപ നിരക്കിലാണ് ഇറക്കുമതി ഓര്‍ഡര്‍. വ്യാജ കമ്പനിക്ക് 6.07 കോടി അഡ്വാന്‍സ് നല്കിയാണ് 20 ലക്ഷം ഗ്ലൗസിന്റെ ആദ്യ ഇറക്കുമതി. തൃശൂരില്‍ കൊവിഡ് കാലത്ത് പെട്ടെന്നു പൊട്ടിമുളച്ച ഒരു കമ്പനിയില്‍ നിന്ന് 5.03 കോടി രൂപയുടെ മാസ്‌ക് വാങ്ങുന്നുണ്ട്. ഇതുപോലെ, 10 ലക്ഷം രൂപയുടെ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററും. എന്‍95 മാസ്‌ക്, ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, സ്റ്റെറൈല്‍ ഗ്ലൗസ്, ഏപ്രണ്‍, സര്‍ജിക്കല്‍ ഗൗണ്‍, എക്‌സാമിനേഷന്‍ ഗ്ലൗസ്, ഹാന്‍ഡ് സാനിറ്റൈസര്‍ റബ്, ഓക്‌സിമീറ്റര്‍, തെര്‍മോമീറ്റര്‍, പി.സി.ആര്‍ റീഏജന്റ്‌സ്, ആര്‍.എന്‍.എ എക്‌സ്ട്രാക്ഷന്‍ കിറ്റ്, ബ്ലീച്ചിങ് പൗഡര്‍, സാനിറ്ററി ഉല്‍പന്നങ്ങള്‍ എന്നിവ തൊട്ട്, വെന്റിലേറ്റര്‍, ഓക്‌സിജന്‍ പ്ലാന്റ്, ഫ്രീസര്‍ എന്നിവ വരെ ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെ 224 കമ്പനികളുടെ പേരില്‍ 781 കോടി രൂപയുടെ ഇടപാടു നടത്തിയതില്‍ പലതും വ്യാജ കമ്പനികളുടെ പേരില്‍ കള്ളരേഖകളുണ്ടാക്കിയോ, അറിയപ്പെടുന്ന കമ്പനികളുടെ പേരില്‍ അവര്‍ സപ്ലൈ ചെയ്യാത്ത ഇനങ്ങള്‍ക്കായി വ്യാജ പര്‍ച്ചേസ് ഓര്‍ഡര്‍ പടച്ചുണ്ടാക്കിയോ ആണ്.
അടിയന്തര സാഹചര്യത്തില്‍ പി.പി.ഇ കിറ്റുകള്‍ക്കും രോഗനിര്‍ണ ഉപകരണങ്ങള്‍ക്കും വെന്റിലേറ്ററുകള്‍ക്കും മറ്റുമായി 301 കോടിയും 306 കോടിയുമൊക്കെയാണ് ആദ്യ ഘട്ടങ്ങളില്‍ സാധാരണ നടപടിക്രമങ്ങളൊന്നും പാലിക്കാതെ അലോട്ട് ചെയ്തത്. ഒരു ജനറല്‍ മാനേജറുടെ പേഴ്‌സണല്‍ ലാപ്‌ടോപ്പിലൂടെയാണ് ഓര്‍ഡറുകളെല്ലാം പോയത്. ധനവകുപ്പ് ഫൈനാസ് ഇന്‍സ്‌പെക്ഷന്‍ വിങ് പരിശോധനയ്ക്ക് ഇറങ്ങിയപ്പോഴേക്കും, കോര്‍പറേഷന്റെ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കില്‍ നിന്ന് 3,000 ഡിജിറ്റല്‍ ഇടപാടുകളുടെ ഫയലുകള്‍ മായ്ച്ചുകളഞ്ഞതായി കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ കടലാസു ഫയലുകളില്‍ നിന്ന് അഞ്ഞൂറിലേറെ നിര്‍ണായക രേഖകളും അപ്രത്യക്ഷമായത്രെ. കൊവിഡ് കരുതലിന്റെ മറവില്‍ നടത്തിയ വന്‍കൊള്ളയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ നിഷ്പക്ഷമായ അന്വേഷണത്തിന് ഇനിയും വൈകരുത്.
മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസനിധിയിലേക്ക് 830.74 കോടി രൂപ കിട്ടിയപ്പോള്‍, 2021 സെപ്റ്റംബര്‍ 30 വരെ സിവില്‍ സപ്ലൈസ് വകുപ്പ് സംസ്ഥാനത്ത് 84.90 ലക്ഷം കുടുംബങ്ങള്‍ക്ക് 450 കോടി രൂപയുടെ ഭക്ഷ്യധാന്യ-പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തതിന്റെ കരുതല്‍ രാഷ്ട്രീയം നാം അഭിമാനത്തോടെ കണ്ടതാണ്. പക്ഷേ, ആ കിറ്റുകളിലെ ഒരിനമായ മാസ്‌ക്കിന്റെ കണക്കില്‍ മാത്രം നടന്ന അഴിമതിയുടെ കാര്യവും ഓര്‍ക്കുന്നതു നല്ലതാണ്. സംസ്ഥാന ഖാദി ഗ്രാമോദ്യോഗ് ബോര്‍ഡ് വഴി 12 രൂപ നിരക്കിലാണ് സപ്ലൈകോ മാസ്‌ക്കുകള്‍ വാങ്ങിയത്. 1.72 കോടി രൂപയുടെ ഓര്‍ഡര്‍. രണ്ടു മാസ്‌ക് വീതം 84.90 ലക്ഷം കിറ്റുകളില്‍. യഥാര്‍ഥത്തില്‍, ഖാദി മാസ്‌ക് എന്ന പേരില്‍ ശേഖരിച്ചതിലേറെയും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മേടിച്ച നിലവാരം കുറഞ്ഞ തുണ്ടുതുണിയായിരുന്നു.
കൊവിഡ് രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യത്തില്‍ സംസ്ഥാനത്ത് പലയിടത്തും ആരോഗ്യപരിപാലന സാമഗ്രികള്‍ക്കും വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്കും മോണോക്ലോണല്‍ ആന്റിബോഡി, റെംഡിസിവിര്‍, ഹെപാരിന്‍ തുടങ്ങിയ വിശേഷ മരുന്നുകള്‍ക്കും ഡ്രിപ് നല്കാനുള്ള സലൈന്‍ സൊല്യൂഷനും പാരസിറ്റമോള്‍ ഗുളികയ്ക്കും വരെ ക്ഷാമം നേരിടുകയുണ്ടായി. ഇപ്പോള്‍ അതിതീവ്ര രോഗവ്യാപനത്തിന്റെ മൂന്നാം തരംഗത്തില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്. കൊവിഡ് ബ്രിഗേഡ് പോലുള്ള അടിസ്ഥാന സംവിധാനങ്ങള്‍ ഇല്ലാതാക്കി, പ്രതിരോധ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസിന്റെയും 15-17 പ്രായപരിധിക്കാരുടെ വാക്‌സിനേഷന്റെയും കണക്കുകള്‍ പറഞ്ഞ് കരുതലിന്റെ വ്യാജപ്രതീതി നിലനിര്‍ത്തുന്നത് ആപത്താണ്. കരുതലിന്റെ പേരില്‍ ഇനിയെന്തായാലും പെരുംകൊള്ള വച്ചുപൊറുപ്പിക്കരുത്.

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക


Related Articles

ജലന്തർ ബിഷപ്പുമായി ബന്ധപ്പെട്ട ആരോപണണങ്ങളിൽ എത്രയും വേഗം നടപടി സ്വീകരിക്കണം

ജലന്തർ രൂപത ബിഷപ് ഫ്രാങ്കോ മൂളക്കലുമായി ബന്ധപ്പെട്ട ലൈംഗീക ആരോപണക്കേസിൽ സത്യാവസ്ഥ എത്രയും വേഗം പുറത്ത് കൊണ്ടുവരണമെന്ന് കെസിവൈഎം കൊച്ചി രൂപത ആവശ്യപ്പെട്ടു. ബിഷപിനെതിരെ നിയമ നടപടിയെടുക്കാൻ

മൗനം കുറ്റകരമാണ്

പ്രക്ഷുബ്ധമാണ് രാജ്യം. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന പൗരത്വനിയമ ഭേദഗതിക്കെതിരെ അലയടിക്കുന്ന യുവജന, ബഹുജന മുന്നേറ്റങ്ങളെ ഭരണകൂടത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഭീഷണിയിലൂടെയും അമിതാധികാരപ്രയോഗത്തിലൂടെയും അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ രാജ്യത്തെ

കെ. സി. വൈ. എം. വനിതാ കൺവെൻഷൻ ജ്വാല 2021

ഇടുക്കി : യുവതികൾക്ക് സ്വയം പരിവർത്തനത്തിന്റെ ചുവട് വെപ്പിന് ഊർജമേകുക എന്ന ലക്ഷ്യത്തോടെ കെ. സി. വൈ. എം. വനിതാ കൺവെൻഷൻ ജ്വാല 2021 ഇടുക്കി രൂപതയുടെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*