കര്‍ത്താവിന്റെ ജ്ഞാനസ്‌നാനത്തിരുനാള്‍

കര്‍ത്താവിന്റെ ജ്ഞാനസ്‌നാനത്തിരുനാള്‍

R1 Is 55: 1-11

ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്‍ധനന്‍ വന്നു വാങ്ങി ഭക്ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക. ആഹാരത്തിനു വേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു? സംതൃപ്തിക്കുവേണ്ടിയല്ലാതെ എന്തിന് അധ്വാനിക്കുന്നു? എന്റെ വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുക. നന്നായി ഭക്ഷിക്കുകയും വിശിഷ്ടഭോജ്യങ്ങള്‍ ആസ്വദിക്കുകയും ചെയ്യുക. എന്റെ അടുക്കല്‍ വന്ന് എന്റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കും; ഞാന്‍ നിങ്ങളുമായി ശാശ്വതമായ ഒരു ഉടമ്പടി ഉണ്ടാക്കും; ദാവീദിനോടെന്നപോലെ നിങ്ങളോടു ഞാന്‍ സ്ഥിരമായ സ്‌നേഹം കാട്ടും. ഇതാ, ഞാന്‍ അവനെ ജനതകള്‍ക്കു സാക്ഷിയും നേതാവും അധിപനുമാക്കിയിരിക്കുന്നു. നിനക്ക് അജ്ഞാതമായ ജനതകളെ നീ വിളിച്ചുകൂട്ടും; നിന്നെ അറിയാത്ത ജനതകള്‍ നിന്റെ അടുക്കല്‍ ഓടിക്കൂടും. എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവ്, ഇസ്രായേലിന്റെ പരിശുദ്ധന്‍, നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു. കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന് അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍. ദുഷ്ടന്‍ തന്റെ മാര്‍ഗവും അധര്‍മി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ! അവിടുത്തെ കരുണ ലഭിക്കേണ്ടതിന് അവന്‍ കര്‍ത്താവിങ്കലേക്കു തിരിയട്ടെ; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്‍േറതുപോലെയുമല്ല. ആ കാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ. മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങള്‍ മുളപ്പിച്ച് ഫലം നല്‍കി, വിതയ്ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്‌ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും

Is 42: 1-4,6-7

ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍, ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്മാവിനെ അവനു നല്‍കി; അവന്‍ ജനതകള്‍ക്കു നീതി പ്രദാനം ചെയ്യും. അവന്‍ വിലപിക്കുകയോ സ്വരമുയര്‍ത്തുകയോ ഇല്ല; തെരുവീഥിയില്‍ ആ സ്വരം കേള്‍ക്കുകയുമില്ല.ചതഞ്ഞഞാങ്ങണ അവന്‍ മുറിക്കുകയില്ല; മങ്ങിയ തിരി കെടുത്തുകയുമില്ല. അവന്‍ വിശ്വസ്തതയോടെ നീതി പുലര്‍ത്തും. ഭൂമിയില്‍ നീതി സ്ഥാപിക്കുന്നതുവരെ അവന്‍ പരാജയപ്പെടുകയോ അധീരനാവുകയോ ഇല്ല. തീരദേശങ്ങളും അവന്റെ നിയമത്തിനായി കാത്തിരിക്കുന്നു.

ഞാനാണു കര്‍ത്താവ്, ഞാന്‍ നിന്നെ നീതി സ്ഥാപിക്കാന്‍ വിളിച്ചു. ഞാന്‍ നിന്നെ കൈയ്ക്കു പിടിച്ചു നടത്തി സംരക്ഷിച്ചു. അന്ധര്‍ക്കു കാഴ്ച നല്‍കുന്നതിനും തടവുകാരെ കാരാഗൃഹത്തില്‍നിന്നും അന്ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയില്‍നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി ഞാന്‍ നിന്നെ ജനത്തിന് ഉടമ്പടിയും ജനതകള്‍ക്കു പ്രകാശവുമായി നല്‍കിയിരിക്കുന്നു.

 

R2 I Jn 5: 1-9

യേശുവാണു ക്രിസ്തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്റെ പുത്രനാണ്. പിതാവിനെ സ്‌നേഹിക്കുന്നവന്‍ അവന്റെ പുത്രനെയും സ്‌നേഹിക്കുന്നു. നമ്മള്‍ ദൈവത്തെ സ്‌നേഹിക്കുകയും അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്റെ മക്കളെ സ്‌നേഹിക്കുന്നു എന്നു നാമറിയുന്നു. ദൈവത്തെ സ്‌നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയെന്ന് അര്‍ഥം. അവിടുത്തെ കല്‍പനകള്‍ ഭാരമുള്ളവയല്ല. എന്തെന്നാല്‍, ദൈവത്തില്‍നിന്നു ജനിച്ച ഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിന്‍മേലുള്ള വിജയം ഇതാണ് – നമ്മുടെ വിശ്വാസം. യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്?ജലത്താലും രക്തത്താലും വന്നവന്‍ ഇവനാണ് വ യേശുക്രിസ്തു. ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലുമാണ് അവന്‍ വന്നത്. ആത്മാവാണ് സാക്ഷ്യം നല്‍കുന്നത്. ആത്മാവ് സത്യമാണ്.മൂന്നു സാക്ഷികളാണുള്ളത്-ആത്മാവ്, ജലം, രക്തം-ഇവ മൂന്നും ഒരേ സാക്ഷ്യം നല്‍കുന്നു. മനുഷ്യരുടെ സാക്ഷ്യം നാം സ്വീകരിക്കുന്നെങ്കില്‍, ദൈവത്തിന്റെ സാക്ഷ്യം അതിനെക്കാള്‍ ശ്രേഷ്ഠമാണ്. ഇതാണു തന്റെ പുത്രനെക്കുറിച്ചു ദൈവം നല്‍കിയിരിക്കുന്ന സാക്ഷ്യം.

Acts 10:34-38

പത്രോസ് അവരോടു സംസാരിച്ചുതുടങ്ങി: സത്യമായും ദൈവത്തിനു പക്ഷപാതമില്ലെന്നും അവിടുത്തെ ഭയപ്പെടുകയും നീതിപ്രവര്‍ത്തിക്കുകയുംചെയ്യുന്ന ആരും, ഏതു ജനതയില്‍പ്പെട്ടവനായാലും, അവിടുത്തേക്കു സ്വീകാര്യനാണെന്നും ഞാന്‍ സത്യമായി അറിയുന്നു. സമാധാനത്തിന്റെ സദ്‌വാര്‍ത്ത സകലത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിലൂടെ വിളംബരംചെയ്തുകൊണ്ട് തന്റെ വചനം അവിടുന്ന് ഇസ്രായേല്‍ മക്കള്‍ക്ക് നല്‍കി. യോഹന്നാന്‍ പ്രസംഗിച്ച സ്‌നാനത്തിനുശേഷം ഗലീലിയില്‍ ആരംഭിച്ച്‌യൂദയാ മുഴുവനിലും സംഭവിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ.38 നസറായനായ യേശുവിനെ പരിശുദ്ധാത്മാവിനാലും ശക്തിയാലും ദൈവം എങ്ങനെ അഭിഷേകം ചെയ്തുവെന്നും അവന്‍ എപ്രകാരം നന്‍മ പ്രവര്‍ത്തിച്ചുകൊണ്ടും പിശാചിനാല്‍ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തിക്കൊണ്ടും ചുറ്റിസഞ്ചരിച്ചുവെന്നും നിങ്ങള്‍ക്ക് അറിയാം. ദൈവം അവനോടുകൂടെയുണ്ടായിരുന്നു.

Gos Mt 3:13-17

യേശുവിന്റെ ജ്ഞാനസ്‌നാനം

യേശു യോഹന്നാനില്‍ നിന്നു സ്‌നാനം സ്വീകരിക്കാന്‍ ഗലീലിയില്‍ നിന്നു ജോര്‍ദാനില്‍ അവന്റെ അടുത്തേക്കുവന്നു. ഞാന്‍ നിന്നില്‍നിന്ന് സ്‌നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ അടുത്തേക്കുവരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാന്‍ അവനെ തടഞ്ഞു. എന്നാല്‍, യേശു പറഞ്ഞു: ഇപ്പോള്‍ ഇതു സമ്മതിക്കുക; അങ്ങനെ സര്‍വനീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്. അവന്‍ സമ്മതിച്ചു. സ്‌നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തില്‍ തന്റെ മേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു. ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വര്‍ഗത്തില്‍നിന്നു കേട്ടു.

 

കര്‍ത്താവിന്റെ ജ്ഞാനസ്‌നാനത്തിരുനാള്‍.അല്പം ആകാംക്ഷയോടെയും സന്തോഷത്തോടെയും കൂടെയാണ് കര്‍ത്താവിന്റെ ജ്ഞാനസ്‌നാനത്തിരുനാള്‍ ആഘോഷിക്കുന്നത്. കാരണം മറ്റൊന്നുമല്ല എന്താണ് ജ്ഞാനസ്‌നാനം എന്തിനാണ് ജ്ഞാനസ്‌നാനം എന്ന ചിന്ത യേശുവിന്റെ ജ്ഞാനസ്‌നാനവുമായി ഒത്തു പോകുന്നുണ്ടോ എന്നതുതന്നെ. വിശുദ്ധീകരണവും പാപമോചനവുമായി ബന്ധപ്പെട്ടാണല്ലോ നാം ജ്ഞാനസ്‌നാനത്തെ കാണുക. പഴയനിയമ കാലഘട്ടം മുതല്‍ക്കെ ജലം കൊണ്ടുള്ള സ്‌നാനം വിശദീകരണത്തിന്റെയും പാപമോചനത്തിന്റെയും അടയാളമായിരുന്നു. എങ്കില്‍ എന്തുകൊണ്ട് ദൈവപുത്രനും പരിശുദ്ധ രില്‍ പരിശുദ്ധനും പാപം ഇല്ലാത്തവനുമായ യേശു യോഹന്നാനില്‍ നിന്ന് സ്‌നാനം സ്വീകരിച്ചു. ഇത് ചോദ്യമായി മനസ്സില്‍ രൂപപ്പെട്ടപ്പോഴെ അത് ചോദ്യമായി സ്‌നാപകയോഹന്നാന്‍ തന്നെ അവതരിപ്പിക്കുന്നുണ്ട്.

‘ഞാന്‍ നിന്നില്‍ നിന്ന് സ്‌നാനമേല്‍ക്കേണ്ടത് ആവശ്യമായിരിക്കെ നീ എന്റെ അടുത്തേക്ക് വരുന്നുവോ? ( മത്തായി 3:14) അതിന് യേശു കൊടുത്ത മറുപടി ഇപ്രകാരമാണ്: എന്തുകൊണ്ടെന്നാല്‍ അങ്ങനെ സര്‍വ്വ നീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്(മത്തായി 3:15) എന്നതാണ്.

യഥാര്‍ത്ഥത്തില്‍ യേശുവിന്റെ ജ്ഞാനസ്‌നാനം പാപ ശുദ്ധീകരണമല്ല. പ്രത്യുത, രക്ഷക സ്ഥാനത്തേക്കുള്ള അഭിഷേകമായിരുന്നു. അതായത് തന്റെ ജ്ഞാനസ്‌നാനത്തോടുകൂടി അവിടത്തെ രക്ഷാകര ദൗത്യത്തില്‍ യേശു ആരംഭം കുറിച്ചു. യോഹന്നാനില്‍ നിന്നും അനുതാപത്തിന്റെ സ്‌നാനം സ്വീകരിക്കുവാന്‍ ജോര്‍ദാന്‍ തീരത്തേക്ക് വന്ന യേശു, ലോക പാപങ്ങളെ നീക്കം ചെയ്യുവാന്‍ തക്കവിധം ശക്തനായ ദൈവപുത്രനാണ്. അവിടത്തെ ദൈവപുത്രസ്ഥാനം പിതാവായ ദൈവം തന്നെ ജ്ഞാനസ്‌നാന വേളയില്‍ ലോകത്തിന് വെളിപ്പെടുത്തിതന്നു. അതിന് സാക്ഷ്യം വഹിച്ചു കൊണ്ട് പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ അവിടെ സന്നിഹിതനുമായി. ഇവിടെ സ്വയം പാപിയുടെ വേഷം സ്വീകരിക്കുക മാത്രമല്ല, പാപരഹിതനായി നിന്നുകൊണ്ട് യേശു തന്നെ തന്നെ പാപികളുടെ ഗണത്തില്‍ സ്വയം ഉള്‍ക്കൊള്ളിച്ചു. ഹെബ്രായര്‍ക്കെഴുതിയ ലേഖനത്തില്‍ നാം ഇപ്രകാരം വായിക്കുന്നുണ്ട്.‘നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാകാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍. (ഹെബ്രായര്‍ 4:15). അതെ യേശുവിന് അനുതാപ ത്തിന്റെ സ്‌നാനം ആവശ്യമായിരുന്നില്ല. എങ്കിലും തന്റെ സൃഷ്ടി കൂടിയായിരുന്ന ഒരു മനുഷ്യന്റെ പക്കല്‍നിന്ന് സ്‌നാനം സ്വീകരിച്ചുകൊണ്ട്, നമുക്ക് അനുതാപത്തിന്റെയും വിനയത്തിനും ആവശ്യകത കാണിച്ചുതരികയും പാപികളോടുള്ള അവിടത്തെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

ഇവിടെ സ്‌നാനപ്പെടുത്തിയ സ്‌നാപകയോഹന്നാനെയും സ്‌നാനം സ്വീകരിച്ച യേശുവിനെയും നമ്മള്‍ ചിന്താവിഷയമാക്കുകയാണ്.
സ്വന്തം പാപ ജീവിതത്തെക്കുറിച്ച് അനുതപിച്ചുകൊണ്ട് ഹൃദയശുദ്ധി വരുത്തി പുതുജീവിതം ആരംഭിക്കുവാന്‍ എല്ലാവരെയും ആഹ്വാനം ചെയ്യുന്ന യോഹന്നാന്‍ തന്നെക്കുറിച്ചും ദൈവത്തെക്കുറിച്ചും വരുവാനിരിക്കുന്ന രക്ഷകനെക്കുറിച്ചും ബോധവാനായിരുന്നു. അതിനാലാണ് എന്റെ പിന്നാലെ വരുന്ന ശക്തനായവന്റെ ചെരുപ്പിന്റെ വള്ളി അഴിക്കാന്‍ പോലും താന്‍ യോഗ്യനല്ലെന്ന് അദ്ദേഹം പറഞ്ഞത്. യഥാര്‍ത്ഥ ജ്ഞാനം എന്നത് തന്നെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള ശരിയായ അറിവാണ്. ഇവിടെ ഇതാ ജ്ഞാനിയായ ഒരു മനുഷ്യന്‍ തന്നെ തന്നെ ദാസന്റെ സ്ഥാനത്തേക്ക് താഴ്ത്തുന്നു.തന്റെ ഇല്ലായ്മയെ സ്വയം അംഗീകരിക്കുന്നു. തന്നെക്കാള്‍ വലിയവനെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധ മനോഭാവം എളിമയുടെയും ദൈവാശ്രയ ബോധത്തെയുമാണ് പ്രകടമാക്കുന്നത്. അതിനേക്കാളുപരി മണ്ണിലേക്കിറങ്ങിയ ദൈവപുത്രനാകട്ടെ മനുഷ്യനോളം ചെറുതായി.

മനുഷ്യന്റെ മുന്നിലും ചെറുതായി താഴ്മയോടെ സര്‍വത്തിന്റെയും പൂര്‍ത്തീകരണത്തിന്റെയും സര്‍വരുടെയും രക്ഷയുമായി കടന്നുവരുന്നു കടന്നുവരുന്നു. പാപികളായ മനുഷ്യരോട് താദാത്മ്യം പ്രാപിച്ച് ദൈവീക പദ്ധതിയോട് ചേര്‍ന്ന് നില്‍ക്കുന്നു.

നമ്മുടെ കര്‍ത്താവിന്റെ ജ്ഞാനസ്‌നാന തിരുനാള്‍ ആഘോഷിക്കുമ്പോള്‍ നമ്മുടെ പ്രസാദവര ജീവിതത്തെക്കുറിച്ച് ചിന്തിക്കുവാനുള്ള ഒരു അവസരമായി നാം കാണണം. ക്രിസ്തുവില്‍ ആരംഭിച്ച നമ്മുടെ ക്രിസ്തീയ ജീവിതം നമ്മുടെ രക്ഷയ്ക്കും അയല്‍ക്കാരന്റെ രക്ഷയ്ക്കും എങ്ങനെ പ്രവര്‍ത്തിപ്പിക്കുന്നു എന്നത് ഒരു ചോദ്യമാണ്.

ജ്ഞാനസ്‌നാനം എന്ന കൂദാശയിലൂടെ ദൈവത്തിന്റെ മക്കളും സ്വര്‍ഗ്ഗ രാജ്യത്തിന് അവകാശികളും പരിശുദ്ധാത്മാവിന്റെ ആലയവും ആയിത്തീര്‍ന്ന നാം യഥാര്‍ത്ഥത്തില്‍ ഇതേ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് ജീവിക്കുന്നവരാണോ. നമുക്ക് ലഭിച്ച രക്ഷ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്ന അതിനെക്കുറിച്ച് ചിന്തിക്കുന്നവരാണോ നാം. പൗലോസ് അപ്പോസ്തലന്‍ ഗലാത്തിയര്‍ക്കെഴുതിയ ലേഖനത്തില്‍ നിന്ന് കടമെടുത്ത് ചോദിച്ചുകൊള്ളട്ടെ ആത്മാവില്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ ശരീരത്തില്‍ അവസാനിപ്പിക്കുവാന്‍ മാത്രം ഭോഷന്മാരാണോ നിങ്ങള്‍( ഗാലത്തിയ 3:3).

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുകRelated Articles

ആത്മീയസാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ രൂപതകള്‍ മാതൃക -കര്‍ദിനാള്‍ ഡോ. റെയ്‌നര്‍ മരിയ വോള്‍ക്കി

എറണാകുളം/നെയ്യാറ്റിന്‍കര: ആത്മീയ പ്രവര്‍ത്തനങ്ങളിലും അതില്‍നിന്നും ഉള്‍ക്കൊള്ളുന്ന പ്രേരണയാല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും വരാപ്പുഴ അതിരൂപതയും നെയ്യാറ്റിന്‍കര രൂപതയും മാതൃകയാണെന്ന് കൊളോണ്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. റെയ്‌നര്‍ മരിയ വോള്‍ക്കി. കര്‍ദിനാള്‍

വൈപ്പിന്‍ ഫൊറോന അല്മായ നേതൃസംഗമം നടത്തി

എറണാകുളം: ലത്തീന്‍ കത്തോലിക്കരുടെ ശക്തി വിളിച്ചോതി അവകാശ പ്രഖ്യാപന റാലിയുമായി വൈപ്പിന്‍ ഫൊറോന ലത്തീന്‍ അല്മായ നേതൃസംഗമം. മാര്‍ച്ച് 10ന് വൈകിട്ട് ആരംഭിച്ച റാലി ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്‍

വിമാനത്താവളത്തില്‍ വരവേല്‍പ്പ്: അല്‍ മുഷ്‌റിഫ് മന്ദിരത്തിലെ കൂടിക്കാഴ്ചകൾ

പാപ്പായെ സ്വീകരിക്കാന്‍ അബുദാബിയുടെ കിരീടാവകാശിയായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പാരമ്പര്യ വേഷങ്ങളണിഞ്ഞ്, പൂച്ചെണ്ടേന്തിയ രണ്ടു കുട്ടികളും രാഷ്ട്രത്തിന്റെയും സഭയുടെയും പ്രതിനിധികളും വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*