കര്‍മനിരതരായി കടന്നുപോയ രണ്ടു പേര്‍

കര്‍മനിരതരായി കടന്നുപോയ രണ്ടു പേര്‍

കെ.എസ് മാര്‍ക്കോസ്മാസ്റ്ററെ സ്മരിക്കുമ്പോള്‍
സണ്ണി പൗലോസ്

ബഹുമുഖമായ കഴിവുകളുടെ ആള്‍രൂപമായിരുന്നു ശ്രീ മാര്‍ക്കോസ് മാസ്റ്റര്‍. കണ്ണൂര്‍ രൂപതക്കെന്ന പോലെ കേരള സഭയ്ക്കും ഒരു തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്ന കാര്യത്തില്‍ സംശയമില്ല. ജൂണ്‍ 23നാണ് അദ്ദേഹം നിര്യാതനായത്. സഭയോടൊപ്പം ചേര്‍ന്നുനിന്ന് സഭയ്ക്കും സമൂഹത്തിനും നിസ്തുല സംഭാവനകള്‍ നല്‍കി തന്റെ ജീവിതം സമൂഹത്തിന്റെ സമസ്ത മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. ഹൃദ്യമായ ഇടപെടല്‍ കൊണ്ടും, പ്രചോദനം നിറഞ്ഞ വാക്കുകള്‍ കൊണ്ടും സവിശേഷമായ സംഘടനാപാടവം കൊണ്ടും വിദ്യാഭ്യാസ സഭാ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ മുന്നണിപ്പോരാളിയായി അദ്ദേഹം മാറി.
കണ്ണൂര്‍ രൂപതയിലെ മഹാ മിഷണറി ഫാ. പീറ്റര്‍ കയ്‌റോണിയുടെ പ്രധാന പ്രേഷിത രംഗമായിരുന്ന താവം ഇടവകയിലെ പള്ളിക്കരയില്‍ 1959 ജൂണ്‍ 11ന് അധ്യാപക ദമ്പതികളായ സുമിത്രന്‍ മാസ്റ്ററുടെയും പരേതയായ ആഗ്‌നസ് ടീച്ചറുടെയും മക്കളില്‍ മൂന്നാമത്തെ പുത്രനായി ജനിച്ചു. സഹോദരങ്ങള്‍ മരിയ അസുന്ത, കെ.എസ് ക്രിസ്റ്റഫര്‍, മോളി സ്റ്റീഫന്‍, സെല്‍വിസ്റ്റര്‍, ഷേര്‍ളി ദാസന്‍. പിതാവ് ഹെഡ്മാസ്റ്ററായിരുന്ന പള്ളിക്കര എഡിഎല്‍പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മാട്ടൂല്‍ ലിറ്റില്‍ ഫ്‌ളവര്‍ യുപി സ്‌കൂള്‍, മാടായി ഗവ.ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പഠനം കഴിഞ്ഞ് കോഴിക്കോട് ദേവഗിരി കോളജില്‍ നിന്ന് പ്രിഡിഗ്രി പൂര്‍ത്തിയാക്കി. തലശേരി ബ്രണ്ണന്‍ കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കണ്ണൂര്‍ എസ് എന്‍ കോളജില്‍ നിന്ന് എംഎസ്‌സിയും തലേശരി ടീച്ചര്‍ എഡുക്കേഷന്‍ സെന്ററില്‍ നിന്ന് അധ്യാപന യോഗ്യതയും നേടി. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
ചെറുപ്രായത്തില്‍ തന്നെ അള്‍ത്താര ബാലകനായിരുന്നു. മരിയന്‍ സൊഡാലിറ്റി ആയിരുന്നു ആദ്യ പ്രേഷിതരംഗം. ബാല്യകാലത്ത് തന്നെ ഇടവകയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
മരിയന്‍ സൊഡാലിറ്റി സിഎല്‍സി ആയി പരിവര്‍ത്തനം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജം കൈവരിച്ചു. സിഎല്‍സിയുടെ കാരിസം ആത്മാവില്‍ ഉള്‍ക്കൊണ്ട വ്യക്തിയായിരുന്നു. അവിഭക്ത കോഴിക്കോട് രൂപതയിലെ സിഎല്‍സിയുടെ ആത്മീയാചാര്യനായ ഫാ. ജിയോ പയ്യപ്പിള്ളി പ്രമോട്ടറായിരുന്ന കാലത്താണ് തലേശരി സെന്റ് ജോസഫ്‌സില്‍ അധ്യാപകനായി നിയമനം ലഭിക്കുന്നത്. സ്‌കൂള്‍ മാനേജര്‍ ആയിരുന്ന അച്ഛനുമായുളള ബന്ധം പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൂട്ടി. ആ കാലത്താണ് കോഴിക്കോട് രൂപത സിഎല്‍സിയുടെ സാരഥ്യം ഏറ്റെടുക്കുന്നത്.


പിന്നീട് സഭാപ്രവര്‍ത്തന രംഗത്തും ഔദ്യോഗിക രംഗത്തും സാമൂഹിക സാംസ്‌കാരിക സ്വകീയമായ ശൈലിയിലൂടെ ഔന്നത്യത്തിന്റെ പടവുകള്‍ ചവിട്ടിക്കയറുകയായിരുന്നു അദ്ദേഹം. ഏകദേശം സമര്‍പ്പിത സേവനത്തിന്റെ അഞ്ച് ദശാബ്ദങ്ങള്‍ പിന്നിടുമ്പോള്‍ ദൈവം നല്‍കിയ താലന്തുകളെ പതിന്‍ മടങ്ങായി തിരിച്ചു നല്‍കിയാണ് നമ്മോടൊപ്പം ചിരിക്കുകയും ചിന്തിക്കുകയും ചെയ്ത മാര്‍ക്കോസ് മാസ്റ്റര്‍ ഓട്ടം പൂര്‍ത്തിയാക്കി സ്വപിതാവിന്റെ ഭവനത്തിലേക്ക് മടങ്ങുന്നത്.
അള്‍ത്താര ബാലകനില്‍ നിന്ന് അന്തര്‍ദേശീയ സമൂഹത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കൊടുമുടി വരെ എത്തി ചേര്‍ന്നത് സ്ഥിരപരിശ്രമവും കഠിനാധ്വാനവും കൊണ്ടു മാത്രമായിരുന്നു. അദ്ദേഹത്തെ തേടിയെത്തിയ പദവികള്‍ ഇതടയാളപ്പെടുത്തുന്നു. സിഎല്‍സിയുടെ ദേശീയ യൂത്ത് വൈസ്പ്രസിഡണ്ട് , സീനിയര്‍ വൈസ് പ്രസിഡണ്ട്, ദേശീയ കണ്‍സള്‍ട്ടന്റ്, ബോംബെയില്‍ നടന്ന ഏഷ്യന്‍ രാജ്യങ്ങളിലെ സിഎല്‍സി പ്രതിനിധി സമ്മേളനത്തിലെ ഇന്ത്യന്‍ പ്രതിനിധി, 1990ല്‍ മെക്‌സിക്കോയിലെ ഗൗതലഹാരയില്‍  നടന്ന ലോക സിഎല്‍സി അസംബ്ലിയിലെ മൂന്ന് ഇന്ത്യന്‍ പ്രതിനിധികളില്‍ ഒരാള്‍, കെആര്‍എല്‍സിസി വിദ്യാഭ്യാസ കമ്മീഷന്‍ അംഗം, കത്തോലിക്ക സമൂഹത്തിന്റെ മുഖപത്രമായ ജീവനാദത്തിന്റെ ഉടമസ്ഥാവകാശമുള്ള ലാറ്റിന്‍ കാത്തലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ അവയില്‍ ചിലത് മാത്രമാണ്. നിലവില്‍ കണ്ണൂര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ആയിരുന്നു.
പുതുതലമുറയ്ക്ക് മാതൃകയാക്കാവുന്ന വിസ്മയകരമായ ചില പ്രത്യേകതകള്‍ കൂടി ഈ വ്യക്തിത്വത്തിന് ഉണായിരുന്നു. രൂപതയിലെ മതധ്യാപകര്‍ക്കുളള പരിശീലന പരിപാടികളുടെ നെടുംതൂണായി നില്‍ക്കുമ്പോഴും കഴിഞ്ഞ മൂന്ന് ദശാബ്ദത്തിലധികമായി തന്റെ തലശേരി ഹോളി റോസറി ഇടവകയില്‍ മതാധ്യാപനായി പ്രവര്‍ത്തിക്കുകയായിരുന്നു.
ഉന്നതമായ പദവികള്‍ അലങ്കരിക്കുമ്പോഴും കുടുംബ കൂട്ടായ്മയിലും ഇടവകയിലും ഒട്ടും കുറവില്ലാതെ തന്നെ തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നു. വരുംതലമുറയോടുള്ള സ്‌നേഹവും, നമ്മുടെ സമൂഹം വളരണം എന്ന പ്രതീക്ഷ നിറഞ്ഞ ആഗ്രഹവും, യുവജനങ്ങളോടുളള കരുതലും അടുത്തിടപഴകിയ ആര്‍ക്കും വായിച്ചെടുക്കാം. രൂപതയിലെ വിദ്യാഭ്യാസ മുന്നേറ്റ പ്രവര്‍ത്തനങ്ങളോടുളള നിസ്വാര്‍ത്ഥമായ സഹകരണം ഒരിക്കലും വിസ്മരിക്കാന്‍ കഴിയില്ല.
കുടുംബ പ്രേഷിതരംഗത്തെ അവിഭാജ്യ ഘടകമായിരുന്നു മാര്‍ക്കോസ് മാസ്റ്റര്‍. തന്റെ യൗവന കാലഘട്ടത്തില്‍ തന്നെ അവിഭക്ത കോഴിക്കോട് രൂപതയിലെ കുടുംബപ്രേഷിത ശുശ്രൂഷ സമിതിയില്‍ പങ്കാളിയായിരുന്നു. ഇതിന്റെ ആരംഭം മുതല്‍ ഇക്കാലം വരെയും അതില്‍ തുടരുന്നത് ഏറ്റക്കുറച്ചിലില്ലാത്ത ആ വ്യക്തിത്വത്തിന്റെ പ്രാഗല്ഭ്യം ഒന്നു കൊണ്ടു മാത്രമാണ്. കെട്ടുറപ്പുള്ള ഒരു ക്രൈസ്തവ കുടുംബം രൂപപ്പെടുത്താന്‍ കഴിഞ്ഞതിന് സഹായകമായ അദ്ദേഹത്തിന്റെ വാക്കുകളോട് പലരും കടപ്പാട് രേഖപ്പെടുത്തുന്നു.
താനിന്ന് വൈദികവൃത്തിയിലെത്തിച്ചേര്‍ന്നത് ദൈവവിളി ക്യാമ്പിലെ അദ്ദേഹത്തിന്റെ വാക്കുകളുടെ പ്രചോദനമായിരുന്നു എന്ന് ഒരു വൈദികന്‍ സാക്ഷ്യപ്പെടുത്തുന്നു. ആഗോള സിഎല്‍സി സമൂഹത്തിന്റെ ദേശീയ സംസ്ഥാന രൂപത നേതൃത്വം വഹിക്കുന്ന കാലത്ത് അസാധാരണ പാടവത്തോടെയുള്ള അദ്ദേഹത്തിന്റെ ക്ലാസുകള്‍ രൂപതയ്ക്കകത്തും മറ്റു രൂപതകളിലും അനുവാചകരായ മുതിര്‍ന്നവര്‍ക്കും യുവാക്കള്‍ക്കും ഒരു പോലെ ഹൃദ്യവും വിജ്ഞാനപ്രദവുമായിരുന്നു.
ഇടവക ഗായകസംഘത്തിന്റെ മുഖ്യ ശില്പിയായ മാര്‍ക്കോസ് മാസ്റ്റര്‍ നല്ല ഗായനും കീബോര്‍ഡ് വായനക്കാരനുമായിരുന്നു. സംഗീത ഉപകരണരംഗത്ത് വലിയ മാറ്റങ്ങള്‍ വന്നിട്ടും മൈനസ് ട്രാക്കുകള്‍ ഉപയോഗിക്കാതെ കീബോര്‍ഡ് ലൈവായി വായിച്ചു കൊണ്ട് ആരാധനക്രമത്തെ ജീവനുള്ളതാക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മെലഡികള്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഗായകനെന്ന നിലയില്‍ മറ്റു സംഗീത സദസുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
അധ്യാപനം എന്ന കലയുടെ മര്‍മ്മം ഗ്രഹിച്ച സമര്‍ത്ഥനായ അധ്യാപകനായിരുന്നു മാര്‍ക്കോസ് മാസ്റ്റര്‍. ഏത് ഗഹനമായ വിഷയവും ലളിതമായും സരസമായും കൈകാര്യം ചെയ്യാനുള്ള അസാമാന്യ പാടവം മറ്റു അധ്യാപകരില്‍ നിന്ന് അദ്ദേഹത്തെ വേറിട്ടവനാക്കി. 1984ല്‍ തലശേരി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ യുപി അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1995 ല്‍ ഹൈസ്‌കൂളിലേക്ക് ബയോളജി അധ്യാപകനായി പ്രമോഷന്‍ നേടി. 2000-ല്‍ ഹയര്‍സെക്കണ്ടറി സുവോളജി അധ്യാപകനായും 2013ല്‍ പ്രിന്‍സിപ്പളായും സ്ഥാനക്കയറ്റം ലഭിച്ചു. 2015ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. വിദ്യാര്‍ഥികളോടും , രക്ഷിതാക്കളോടും, സഹപ്രവര്‍ത്തകരോടും ഒരുപോലെ സൗഹൃദം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.
ഫുട്ബാളും ക്രിക്കറ്റും ഇഷ്ടപ്പെട്ടിരുന്ന മാര്‍ക്കോസ് മാസ്റ്റര്‍ തികഞ്ഞ കായിക പ്രേമിയായിരുന്നു. ഔദ്യോഗികജീവിതത്തിന്റെ അവസാന കാലയളവില്‍ പോലും ജഴ്‌സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങുമ്പോള്‍ കളിക്കളത്തില്‍ ഞങ്ങള്‍ക്ക് തീരാത്ത ആവേശമായി മാറുകയായിരുന്നു. എല്ലാറ്റിലുമുപരി, തന്റെ എല്ലാപ്രവര്‍ത്തനങ്ങളുടെയും തിരക്കുകള്‍ക്കിടയിലും കുടുംബനാഥന്‍ എന്ന വലിയ ഉത്തരവാദിത്തം പൂര്‍ണ്ണമായും നിറവേറ്റിയ വ്യക്തിയായിരുന്നു മാര്‍ക്കോസ് മാസ്റ്റര്‍. സഹധര്‍മ്മിണി പയ്യന്നൂര്‍ സ്വദേശിനിയായ സി.എ പുഷ്പം (റിട്ട. ടീച്ചര്‍, സെന്റ് ജോസഫ്‌സ് എച്ച്എസ്എസ്, തലേശരി ) ആണ്. മക്കള്‍ ഹെന്ന മാര്‍ക്കോസ് (അസി. മാനേജര്‍, കാനറ ബാങ്ക് ) ഹെലന്‍ മാര്‍ക്കോസ് (അധ്യാപിക, സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍, കണ്ണൂര്‍). മരുമകന്‍ ഫെബിന്‍ (സ്റ്റേഷന്‍ മാസ്റ്റര്‍, സതേണ്‍ റെയില്‍വേ കോയമ്പത്തൂര്‍) ഞങ്ങള്‍ സഹപ്രവര്‍ത്തകരുടെ മുമ്പില്‍ വച്ചു പോലും ടീച്ചറെ, ‘പുപ്പേ ‘ എന്നുള്ള വിളി മാത്രം മതി ആ ദാമ്പത്യബന്ധത്തിന്റെ ആഴം വെളിപ്പെടുത്താന്‍. രണ്ടു മക്കളെയും എല്ലാ കാര്യങ്ങളിലും പ്രാപ്തരാക്കുന്നതോടൊപ്പം നല്ല ചങ്ങാതിമാരെപ്പോലെയാണ് കൊണ്ടു നടന്നിരുന്നത്.
ചുരുക്കത്തില്‍ ഒരേ സമയത്ത് കുടുംബത്തിലും, ക്ലാസ് മുറിയിലും, സ്റ്റാഫ് റൂമിലും, ഓഫീസിലും, സ്റ്റേജിലും, കളിസ്ഥലത്തും, തന്റെ അസാമാന്യ പ്രതിഭകൊണ്ട് ഓളങ്ങള്‍ തീര്‍ത്ത വ്യക്തിയായിരുന്നു അദ്ദേഹം. ചെയ്തു തീര്‍ത്ത എന്തിനും ഏതിനും ഒരു പൂര്‍ണ്ണതയും മിഴിവുണ്ടായിരുന്നു. ഇടപെട്ട എല്ലാ മനുഷ്യരിലും തന്റേതായ ഒരിടം തീര്‍ത്താണ് അദ്ദേഹം യാത്രയാവുന്നത്.
സൗഹൃദങ്ങള്‍ക്ക് ഏറെ വില നല്‍കിയ മാര്‍ക്കോസ് മാസ്റ്റര്‍ സുഹൃത്തുക്കളുടെ മനസ്സില്‍ നല്ലൊരു സ്‌നേഹിതനായും, വിദ്യപകര്‍ന്ന് നല്‍കപ്പെട്ട പതിനായിരങ്ങള്‍ക്ക് നല്ലൊരു ഗുരുവായും നിലനില്‍ക്കും. ഔദ്യോഗിക മേഖലകളിലും, വിശ്വാസ പരിശീലന രംഗത്തും, യുവജന ശാക്തീകരണ, സാമുദായിക സാംസ്‌കാരിക സംഘടന പ്രവര്‍ത്തനങ്ങളിലുളള സാന്നിധ്യവും ഇടപെടലുകളും സംഭാവനകളും നിസ്തുലമായി തന്നെ എന്നും നിലനില്‍ക്കും. പ്രിയ മാര്‍ക്കോസ് മാസ്റ്റര്‍, മുഖംമറച്ചും സാമൂഹിക അകലം പാലിച്ചും ശൂന്യമായ പൊതുഇടങ്ങളുള്ള ഈ പുതിയ സാമൂഹികക്രമത്തില്‍ അവസാനമായി ഒന്നു കാണാന്‍ ഓടിയെത്തിയതും, ഞങ്ങളില്‍ പലര്‍ക്കും യാത്രാമൊഴി നേരാന്‍ കഴിയാത്തതില്‍ മനസ് വേദനിക്കുന്നതും അങ്ങ് ഇന്നും ഞങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്നതു കൊണ്ടാണ്.
മാര്‍ക്കോസ് മാസ്റ്ററുടെ സഹപ്രവര്‍ത്തകനായിരുന്ന ലേഖകന്‍ കേരള സിഎല്‍സിയുടെ മുന്‍ സംസ്ഥാന പ്രസിഡണ്ടാണ്.

തളരാതെ പോരാടിയ ഒ.ടി. ഫ്രാന്‍സിസ്

അലക്‌സ് താളൂപ്പാടത്ത്
(കെഎല്‍സിഎ കോട്ടപ്പുറം രൂപതാ പ്രസിഡന്റ്)

നിറഞ്ഞ പുഞ്ചിരി, കര്‍മനിരതന്‍, സാമുദായിക പ്രവര്‍ത്തകന്‍, പൊതുപ്രവര്‍ത്തകന്‍, ജോലിയില്‍ കൃത്യനിഷ്ഠ, നല്ല കുടുംബനാഥന്‍.. ഒരു മാലയില്‍ കോര്‍ത്ത മുത്തുപോലെ നീളുന്നതാണ് ഒ.ടി ഫ്രാന്‍സിസിന്റെ ജീവിതം. ആ മനുഷ്യസ്‌നേഹി ഓര്‍മ്മയായിട്ട് ജൂണ്‍ 27ന് 14 വര്‍ഷം പൂര്‍ത്തിയായി. മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം പറഞ്ഞതുപോലെ ‘നിങ്ങള്‍ക്ക് ഒരു സൂര്യനെപ്പോലെ തിളങ്ങണമെങ്കില്‍ ആദ്യം സൂര്യനെപ്പോലെ കത്തിജ്വലിക്കുക’ എന്നത് തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ വ്യക്തിയാണ് ഒ.ടി. എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന ഒ.ടി. ഫ്രാന്‍സിസ്.
താന്‍ ഇടപെടുന്ന കര്‍മമേഖലയില്‍ സൂര്യനെപ്പോലെ തിളങ്ങാന്‍ പകലന്തിയോളം പണിയെടുക്കും. പൂര്‍ണ്ണമായി സമര്‍പ്പിക്കും. നേട്ടം കണ്ടെത്തുംവരെ വിശ്രമമുണ്ടാവില്ല. അതില്‍ നിന്നുമുണ്ടാവണ മാനവ പുരോഗതിയില്‍ സംത്യപ്തി കാണുക എന്നതാണ് ഒടിയില്‍ നിന്നു പഠിക്കാനുള്ളത്. 1990കളിലാണ് കെഎല്‍സിഎയുടെ കോട്ടപ്പുറം രൂപത ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.
വ്യക്തമായ കര്‍മപദ്ധതികളോടെ സമയബന്ധിതമായി രൂപതയിലെ എല്ലാ ഇടവകകളിലും ഓടിനടന്ന് യൂണിറ്റുകള്‍ സ്ഥാപിക്കുകയും സമുദായ ശക്തീകരണത്തിനായി കര്‍മപരിപാടികള്‍ രൂപീകരിക്കുകയും യൂണിറ്റിലെ നേതാക്കള്‍ക്ക് ദിശാബോധം നല്‍കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ഇടവക സന്ദര്‍ശന യാത്രകളിലൂടെ കെട്ടിടനിര്‍മാണ തൊഴിലാളികളും മത്സ്യതൊഴിലാളികളും അസംഘടിതരാണെന്നുള്ള തിരിച്ചറിവില്‍ നിന്ന് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് സംഘടനയുടെ കടമയാണെന്നും ഉറച്ചബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.  സംഘടനാ തലത്തില്‍ ചര്‍ച്ച ചെയ്ത് രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയായ കിഡ്‌സുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതിന്റെ വെളിച്ചത്തില്‍ കോട്ടപ്പുറം രൂപതയില്‍ അസംഘടിത കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്ക് വേണ്ടി കെഎന്‍പിഎസ്എസ് (കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തക സ്വാശ്രയ സംഘം) രൂപം കൊണ്ടു.
ദീര്‍ഘവീക്ഷണത്തോടെ, സമ്പാദ്യശീലം, നേതൃപാടവം, കുടുംബബജറ്റ് രൂപീകരിക്കുന്നതിനുള്ള പരിശീലനം എന്നിവ നടപ്പിലാക്കി. ഇടവക തോറും സംഘടനാ യൂണിറ്റുകള്‍ ശക്തമാക്കി. തൊഴിലാളികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. അതിനായി വിവിധ പദ്ധതികള്‍ രൂപീകരിക്കുകയും അവ നടപ്പാക്കുകയും ചെയ്തു.
ഒ.ടിയുടെ സംഘടനാപാടവവും കര്‍മശേഷിയും തിരിച്ചറിഞ്ഞ സംസ്ഥാന കെഎല്‍സിഎ അദ്ദേഹത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറി തലത്തിലേക്കുയര്‍ത്തി. പ്രൊഫ. ആന്റണി ഐസക്, വി.സി ആന്റണി എന്നിവരോടൊപ്പമുള്ള പ്രവര്‍ത്തനം ഒ.ടി ഫ്രാന്‍സിസിന്റെ പ്രവര്‍ത്തന ശൈലിക്ക് കൂടുതല്‍ കരുത്തുനല്‍കി. കോട്ടപ്പുറം രൂപതയില്‍ വിജയിച്ച കെട്ടിട നിര്‍മ്മാണ തൊഴിലാളികളുടെ സംഘാടനം കേരളത്തിലുടനീളം പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വരാപ്പുഴ അതിരൂപത, കൊച്ചി രൂപത, കണ്ണൂര്‍ രൂപത തുടങ്ങിയ സ്ഥലങ്ങളില്‍ തൊഴിലാളി ശക്തികരണം രൂപപ്പെടുന്നതിന് ഒ.ടിയുടെ പ്രവര്‍ത്തനം സഹായകമായി. ചടുലമായ പ്രവര്‍ത്തനത്തിനിടയിലാണ് 2006 ജൂണ്‍ 27 ന് പെട്ടെന്നുണ്ടായ ഹ്യദയാഘാതം മൂലം അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.
നിറഞ്ഞപുഞ്ചിരിയോടെ സമുദായ ശക്തികരണത്തിന് പ്രവര്‍ത്തിച്ച സര്‍ ഇന്നും പുതിയ തലമുറയുടെ പ്രവര്‍ത്തനങ്ങളിലൂടെ ജീവിക്കുന്നു. സാറിന്റെ നല്ല ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ശിരസു നമിക്കുന്നു.


——


No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*