Breaking News

‘കര്‍മല കേരളം’ കൊളോക്വിയം ആഗസ്റ്റ് 26ന്

‘കര്‍മല കേരളം’ കൊളോക്വിയം ആഗസ്റ്റ് 26ന്

ഫ്‌ളോസ് കര്‍മേലി എക്‌സിബിഷന്‍ ബോണി തോമസ് ക്യുറേറ്റ് ചെയ്യും

എറണാകുളം: ഇന്ത്യയില്‍ കര്‍മലീത്താ മിഷന്റെ 400-ാം വാര്‍ഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ വരാപ്പുഴ അതിരൂപത ഹെരിറ്റേജ് കമ്മീഷന്‍ നിഷ്പാദുക കര്‍മലീത്താ സമൂഹത്തിന്റെ മഞ്ഞുമ്മല്‍ പത്താം പീയൂസ് പ്രോവിന്‍സിന്റെ സഹകരണത്തോടെ ‘ഭാരതത്തില്‍ കര്‍മല സാകല്യത്തിന്റെ 400 വര്‍ഷങ്ങള്‍ (1619-2019): കര്‍മല കേരളവും വരാപ്പുഴ അതിരൂപതയും’ എന്ന കൊളോക്വിയം സംഘടിപ്പിക്കുന്നു. എറണാകുളം സെമിത്തേരിമുക്ക് കാര്‍മല്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ഏകദിന വിചാരസദസ് ഓഗസ്റ്റ് 26ന് രാവിലെ 10 മണിക്ക് കേരള പൊലീസ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഉദ്ഘാടനം ചെയ്യും. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ അധ്യക്ഷത വഹിക്കും.
മലയാളക്കരയില്‍ കര്‍മലീത്തരുടെ ആഗമനം: ചരിത്രഭാഗധേയം മാറ്റിക്കുറിച്ച അനുരഞ്ജന ദൗത്യം എന്ന സെഷനില്‍ ഷെക്കീന ടെലിവിഷന്‍ ഡയറക്ടര്‍ – ന്യൂസ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസും, കര്‍മലീത്തരും കേരള ക്രൈസ്തവരുടെ ആധ്യാത്മിക നവീകരണവും എന്ന സെഷനില്‍ ഒസിഡി മഞ്ഞുമ്മല്‍ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ റവ. ഡോ. അഗസ്റ്റിന്‍ മുള്ളൂരും പ്രബന്ധം അവതരിപ്പിക്കും.
നവോത്ഥാനത്തിന്റെ മുദ്രാങ്കണങ്ങള്‍ എന്ന സെഷനില്‍ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജോണ്‍ പോള്‍ സാമൂഹിക മാറ്റത്തിന്റെ കര്‍ത്തൃത്വ നിദര്‍ശനങ്ങള്‍ എന്ന വിഷയവും, എറണാകുളം സെന്റ് തെരേസാസ് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ട്രീസാ സിഎസ്എസ്റ്റി ജ്ഞാനവ്യവസ്ഥയിലെ സമഗ്ര വിപ്ലവം: സാര്‍വത്രിക വിദ്യാഭ്യാസത്തിന് പള്ളിക്കൂടം ശൃംഖലകള്‍ എന്ന വിഷയം, എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജ് മലയാളം വകുപ്പ് മുന്‍ അധ്യക്ഷന്‍ ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരി മലയാള ഭാഷ, പ്രസാധനം, മാധ്യമശുശ്രൂഷ: മാനവികതയുടെ പൊതുബോധ നിര്‍മിതി എന്ന വിഷയവും അവതരിപ്പിക്കും.
തനതു സംസ്‌കൃതിയില്‍ കര്‍മലീത്താ സ്വത്വസംക്രമണം: തദ്ദേശീയ അര്‍പ്പിത സമൂഹങ്ങളുടെ ആനുകാലിക സാക്ഷ്യം എന്ന വിഷയം എറണാകുളം സെക്യുലര്‍ കാര്‍മല്‍ ഡയറക്ടര്‍ റവ. ഡോ. സഖറിയാസ് കരിയിലക്കുളവും, വരാപ്പുഴ അതിരൂപതയും കര്‍മലീത്താ പൈതൃകവും: ഭാവിയിലേക്കുള്ള ഈടുവയ്പുകള്‍ എന്ന വിഷയം ഫാ. സേവ്യര്‍ പടിയാരംപറമ്പിലും (പുനെ ഗോയ്‌ഥെ ഇന്‍സ്റ്റിറ്റിയൂട്ട്) അവതരിപ്പിക്കും.
കേരളത്തിലെ കര്‍മലീത്താ പാരമ്പര്യത്തിന്റെ ചരിത്ര പൈതൃക മുദ്രകളും കേരളീയരുടെ സാംസ്‌കാരിക, സാമൂഹിക, ആധ്യാത്മിക ജീവിതത്തിന്റെ ഭാഗമായ കര്‍മല പ്രതീകങ്ങളും ഉള്‍പ്പെടുന്ന ഫ്‌ളോസ് കര്‍മേലി എക്‌സിബിഷന്‍ ഇതോടനുബന്ധിച്ച് കാര്‍മല്‍ ഹാളില്‍ ഒരുക്കുന്നുണ്ട്. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിയും മുസിരിസ് ഹെരിറ്റേജ് പ്രോജക്ടുകളുടെ ഉപദേഷ്ടാവും എഴുത്തുകാരനും ഇലസ്‌ട്രേറ്ററുമായ ബോണി തോമസാണ് ഫ്‌ളോസ് കര്‍മേലി ക്യുറേറ്റ് ചെയ്യുന്നത്.
കേരളത്തിലെ ലത്തീന്‍ സഭയുടെയും സമുദായത്തിന്റെയും അനന്യമായ ചരിത്രവും പൈതൃകവും വീണ്ടെടുത്ത് തലമുറകള്‍ക്കു പകര്‍ന്നുനല്‍കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ കൊളോക്വിയവും പ്രദര്‍ശനവുമെന്ന് വരാപ്പുഴ അതിരൂപത ഹെരിറ്റേജ് കമ്മീഷന്‍ ഡയറക്ടര്‍ മോണ്‍. ജോസഫ് പടിയാരംപറമ്പില്‍, സംഘാടക സമിതി വൈസ് ചെയര്‍മാന്‍ റവ. ഡോ. പ്രസാദ് തെരുവത്ത് ഒസിഡി എന്നിവര്‍ പറഞ്ഞു.
മലബാര്‍ വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്‌തോലിക്കാ ജോസഫ് സെബസ്ത്യാനി (1659) മുതല്‍ ആര്‍ച്ച്ബിഷപ് ഏഞ്ചല്‍ മേരി പെരെസ് (1934) വരെ, ഏതാണ്ട് 25 വര്‍ഷത്തെ ചെറിയൊരു ഇടവേള ഒഴിച്ചാല്‍ 250 വര്‍ഷം കര്‍മലീത്താ പ്രേഷിതശ്രേഷ്ഠരാണ് ഇവിടെ കത്തോലിക്കാ സഭയുടെ സാരഥ്യം വഹിച്ചത്. ആധുനിക കാലഘട്ടത്തില്‍, 1996 മുതല്‍ 2009 വരെ, തദ്ദേശീയനായ കര്‍മലീത്ത ആര്‍ച്ച്ബിഷപ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ വരാപ്പുഴ അതിരൂപതയെ നയിച്ചു. കേരള നവോത്ഥാനത്തില്‍ കര്‍മലീത്തരുടെ കര്‍ത്തൃത്വപരമായ ഇടപെടലിന്റെ നേര്‍വ്യാഖ്യാനവും ഉള്‍ക്കാഴ്ചകളും പൊതുസംവാദമണ്ഡലത്തിലേക്കു സമര്‍പ്പിക്കാനാണ് ഈ കൊളോക്വിയം ശ്രമിക്കുന്നതെന്നും സംഘാടകര്‍ വിശദീകരിച്ചു.
ധ്യാനവും കര്‍മകാണ്ഡവും സമന്വയിക്കുന്ന കര്‍മലീത്ത സിദ്ധിയുടെ സാക്ഷാത്കാരമായി കേരളീയ ജീവിതത്തില്‍ ഇഴുകി ചേര്‍ന്ന് നിസ്തുല ശുശ്രൂഷ ചെയ്യുന്ന 10 കര്‍മലീത്ത സമൂഹങ്ങള്‍ക്ക് പ്രണാമം അര്‍പ്പിക്കുകയാണ് ഈ 400-ാം ജൂബിലി കൊളോക്വിയത്തിലൂടെയെന്നും സംഘാടകര്‍ അറിയിച്ചു.


Related Articles

സംഘടനാതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സഭാപഠനം അത്യന്താപേഷിതം -ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍

കൊല്ലം: കത്തോലിക്കാ സഭയെക്കുറിച്ച്‌ ആഴത്തിലുള്ള പഠനം സമുദായ സംഘടനാതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അത്യന്താപേഷിതമാണെന്ന്‌ ബിഷപ്‌ ഡോ. സ്റ്റാന്‍ലി റോമന്‍ വ്യക്തമാക്കി. കെഎല്‍സിഎയുടെ 45-ാമത്‌ ജനറല്‍ കൗണ്‍സില്‍ ജോര്‍ജ്‌ തെക്കയം

ഭക്ഷണമെത്തി; വാനരപ്പടയ്ക്ക് ആശ്വാസം

  കോഴിക്കോട്/ചെങ്ങന്നൂര്‍: ആളൊഴിഞ്ഞ കാവില്‍ വാനരപ്പടയുടെ കളിയൊഴിഞ്ഞിട്ട് ദിവസങ്ങളായി. നിവേദ്യചോറിനുപുറമെ ഭക്തരും സന്ദര്‍ശകരും നല്‍കുന്ന ഭക്ഷണം നിലച്ചതോടെ തലക്കുളത്തൂര്‍ വള്ളിക്കാട്ടുകാവിലെ വാനരപ്പട പട്ടിണിയിലായിരുന്നു. തലക്കുളത്തൂരിലെ കുരങ്ങന്മാര്‍ പട്ടിണിയിലായ

പുത്തന്‍ അനുഭവം

സാധാരണക്കാരന്റെ ജീവിതമെന്നും പൂര്‍ത്തീകരിക്കപ്പെടാത്ത സ്വപ്‌നങ്ങളുടെ ശവപ്പറമ്പായിരിക്കും. വല്ലപ്പോഴുമൊരിക്കല്‍ ആരെങ്കിലുമൊരാള്‍ അത്തരം ശവപ്പറമ്പില്‍ നിന്നും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചാലായി! തന്റെ കൊച്ചുമോഹങ്ങള്‍ യാഥാര്‍ഥ്യമാക്കാനാകാതെ വീര്‍പ്പുമുട്ടുന്ന ലോനപ്പനെന്ന സാധാരണക്കാരന്റെ കഥ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*