കര്‍ഷകപ്രക്ഷോഭം ചോരയില്‍ മുങ്ങുമ്പോള്‍

by admin | October 8, 2021 4:59 am

ജെക്കോബി

കൊവിഡ് മഹാമാരിയുടെ മൂര്‍ധന്യതീവ്രതയിലും അതിശൈത്യത്തിലും കൊടുംചൂടിലും തളരാതെ പത്തുമാസത്തിലേറെയായി രാജ്യതലസ്ഥാന അതിര്‍ത്തിയില്‍ ട്രാക്റ്ററുകള്‍ നിരത്തി തമ്പടിച്ച് സമാധാനപരമായി സമരം ചെയ്തുവരുന്ന കര്‍ഷകരെ കഴിയുന്നത്ര അവഗണിച്ചും തമസ്‌കരിച്ചും, പിന്നെ അക്രമകാരികളെന്നും രാജ്യദ്രോഹികളെന്നും മുദ്രകുത്തിയും, തന്ത്രപൂര്‍വം സുപ്രീം കോടതിയില്‍ കരുക്കള്‍ നീക്കിയും പ്രതിരോധം തീര്‍ത്തുവന്ന ബിജെപി ഭരണകൂടം ഉത്തര്‍പ്രദേശിലെ സിഖ് കര്‍ഷക കുടിയേറ്റ മേഖലയായ ലഖീംപുര്‍ ഖീരിയിലെ ചോരക്കളിക്ക് കനത്ത വിലനല്‍കേണ്ടിവരും. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും സ്ഥലത്തെ ബിജെപി എംപിയുമായ അജയ്കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയും കൂട്ടരും ഇക്കഴിഞ്ഞ ഞായറാഴ്ച ലഖീംപുര്‍ ഖീരിയിലെ തികോനിയ ഗ്രാമത്തിലെ വഴിയോരത്ത് കരിങ്കൊടി കാട്ടിയ കര്‍ഷകര്‍ക്കിടയിലേക്ക് എസ്.യു.വി വാഹനം ഇരപ്പിച്ചുകയറ്റിയതിനെ തുടര്‍ന്ന് സിഖ് വംശജരായ നാലു കര്‍ഷകര്‍ അടക്കം ഒന്‍പതുപേരാണ് കൊല്ലപ്പെട്ടത്. മോദി സര്‍ക്കാരിനെതിരെ സമരം നടത്തുന്ന കര്‍ഷകരെ ഒരു പാഠം പഠിപ്പിക്കാന്‍ തനിക്ക് രണ്ടു മിനിറ്റുമതിയെന്ന് ഏതാനും ദിവസം മുമ്പ് കേന്ദ്ര ആഭ്യന്തര സഹമന്തിയായ മിശ്ര ഭീഷണിമുഴക്കിയതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറിയ അതിഭയങ്കരമായ കൊലവിളിയും മനുഷ്യക്കുരുതിയും രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കു വഴിതുറന്നിരിക്കയാണ്.

മിശ്രയുടെ ജന്മസ്ഥലമായ ബന്‍ബീര്‍പുറിലെ ഗുസ്തിമേളയില്‍ കേന്ദ്രമന്ത്രിയെ അനുമോദിക്കാന്‍ യുപി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യ ഹെലിപാഡില്‍ വന്നിറങ്ങുമ്പോള്‍ കരിങ്കൊടി കാട്ടാന്‍ തിങ്ങിക്കൂടിയിരുന്നവര്‍ക്കിടയിലേക്കാണ് കേന്ദ്രമന്ത്രിയുടേത് ഉള്‍പ്പെടെ മൂന്ന് എസ്.യു.വി വാഹനങ്ങളുടെ വ്യൂഹം പാഞ്ഞുകയറിയത്. നിയന്ത്രണം വിട്ടുമറിഞ്ഞ കാറിനടിയില്‍പെട്ടവര്‍ക്കു പുറമെ ഒരാള്‍ വെടിയേറ്റാണ് മരിച്ചതെന്നും പറയുന്നു. ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കാര്‍ ഡ്രൈവറും ബിജെപി പ്രവര്‍ത്തകരായ മൂന്നുപേരും കൊല്ലപ്പെട്ടു. ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകനും സംഭവസ്ഥലത്തു മരിച്ചു. കാറിലുണ്ടായിരുന്ന മന്ത്രിപുത്രനെ പൊലീസ് രക്ഷിച്ചുകടത്തിയെന്ന് ദൃക്‌സാക്ഷികള്‍ മൊഴിനല്‍കുമ്പോള്‍, മകന്‍ സ്ഥലത്തില്ലായിരുന്നുവെന്നാണ് അജയ്കുമാര്‍ മിശ്ര വാദിക്കുന്നത്. ആശിഷ് മിശ്രയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതിനു പുറമെ, കൊല്ലപ്പെട്ട കര്‍ഷകരുടെ ആശ്രിതര്‍ക്ക് 45 ലക്ഷം രൂപ വീതവും സര്‍ക്കാര്‍ ജോലിയും പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയും, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനരോഷം ശമിപ്പിക്കാന്‍ ശ്രമിച്ചു.

ലഖീംപുറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും അക്രമത്തിന് ഇരകളായവരെ സന്ദര്‍ശിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്രവര്‍ത്തകരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ദേശീയ മാധ്യമങ്ങളെ വിലക്കുകയും ഇന്റര്‍നെറ്റ് വിഛേദിക്കുകയും ചെയ്ത് അടിയന്തരാവസ്ഥയുടെ പ്രതീതി സൃഷ്ടിച്ച യോഗിയുടെ ബിജെപി ഭരണകൂടം പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നീയുടെ വിമാനം ഇറങ്ങാന്‍ സമ്മതിച്ചില്ല; റായ്പുറില്‍ നിന്നെത്തിയ ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ലഖ്‌നൗ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കിയില്ല. ഇതിനിടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ”ആസാദി കാ അമൃത് മഹോത്സവ്” പരിപാടിയില്‍ പങ്കെടുക്കാന്‍ ലഖ്‌നൗവില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഖീംപുരില്‍ കൊല്ലപ്പെട്ട ”രാഷ്ട്രത്തിന്റെ അന്നദാതാക്കളെക്കുറിച്ച്” ഒന്നും ഉരിയാടിയതുപോലുമില്ല.

2020 സെപ്റ്റംബര്‍ 17ന് ലോക്‌സഭയും 20ന് രാജ്യസഭയും കാര്യമായ ചര്‍ച്ചയൊന്നും കൂടാതെ ശബ്ദവോട്ടോടെ പാസാക്കി സെപ്റ്റംബര്‍ 27ന് രാഷ്ട്രപതി അംഗീകരിച്ച മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രധാനമായും പഞ്ചാബിലും ഹരിയാനയിലും നിന്നുള്ള കര്‍ഷകരാണ് കക്ഷിരാഷ്ട്രീയത്തിന് അതീതമായി നാല്പതോളം കര്‍ഷകസംഘടനകള്‍ ഉള്‍പ്പെടുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും മറ്റും ആഭിമുഖ്യത്തില്‍ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ സിംഘു, ടികരി എന്നിവ അടക്കം അഞ്ചിടങ്ങളിലായി ദേശീയപാത കേന്ദ്രീകരിച്ച് കഴിഞ്ഞ നവംബര്‍ മുതല്‍ ഉപരോധം നടത്തിവരുന്നതെങ്കിലും, നിയമം പ്രാബല്യത്തില്‍ വന്നതിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടത്തിയ ഭാരത് ബന്ദില്‍ കേരളവും മറ്റു പല സംസ്ഥാങ്ങളും സ്തംഭിക്കുകയുണ്ടായി. ആധുനിക ഇന്ത്യ കണ്ട ഏറ്റവും നീണ്ട കര്‍ഷകപ്രക്ഷോഭമാണിത്. കൊടുംശൈത്യത്തിലും കഠിനവേനലിലും കൊവിഡിന്റെ തീവ്രതരംഗത്തിലും തുടര്‍ന്ന സമരത്തിനിടെ 610 കര്‍ഷകരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കിസാന്‍ മോര്‍ച്ച പറയുന്നത്.

അടുത്ത ഫെബ്രുവരി-മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഉത്തര്‍പ്രദേശില്‍ കര്‍ഷകസമരത്തിന്റെ പ്രത്യാഘാതം എന്താകുമെന്നതിന്റെ സൂചനയായിരുന്നു കഴിഞ്ഞ മാസം മുസഫര്‍നഗറില്‍ ചേര്‍ന്ന കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്ത അഞ്ചുലക്ഷം കര്‍ഷകരുടെ ഐക്യദാര്‍ഢ്യപ്രഖ്യാപനം. ഏഷ്യയിലെ ഏറ്റവും വലിയ മൂന്ന് പഞ്ചസാര മില്ലുകളുള്ള ലഖീംപുര്‍ ഖീരിയിലെ കരിമ്പുകൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ സഹകരണമില്ലുകളില്‍ നിന്ന് ഉള്‍പ്പെടെ കിട്ടാനുള്ള 999 കോടി രൂപയുടെ കുടിശിക തുകയുടെ പേരിലും മറ്റുമുള്ള പ്രാദേശിക പ്രശ്‌നങ്ങള്‍ക്കു പുറമെയാണ് ലഖീംപുറിലെ കൂട്ടക്കുരുതി. യുപിയിലെയും മറ്റ് അഞ്ച് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജാതിസമവാക്യങ്ങളുടെ സന്തുലനമെന്ന മട്ടില്‍ 28 പിന്നാക്ക വിഭാഗക്കാരെ ഉള്‍പ്പെടുത്തി കഴിഞ്ഞ ജൂലൈയില്‍ കേന്ദ്രത്തില്‍ മോദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോള്‍ യുപിയില്‍ നിന്ന് പട്ടികയില്‍ ഇടംകിട്ടിയ ഏക ബ്രാഹ്മണനാണ് ആഭ്യന്തര സഹമന്ത്രിയായ മിശ്ര. ലഖീംപുറിലെ കിരാതമായ അതിക്രമത്തിന് മിശ്രയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കുകയും കൊലക്കുറ്റത്തിന് മിശ്രയുടെ പുത്രനെ ഉടന്‍ അറസ്റ്റുചെയ്യുകയും വേണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.

കാര്‍ഷികവിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) നിയമം, വില ഉറപ്പാക്കുന്നതിനും
കാര്‍ഷിക സേവനങ്ങള്‍ക്കുമായുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍, അവശ്യവസ്തു നിയ
മത്തിലെ ഭേദഗതി എന്നീ വിവാദ നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിക്കുന്നതായി കേന്ദ്ര ഗവണ്‍മെന്റ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പ്രശ്‌നത്തില്‍ ഇടപെട്ട കോടതി നിയോഗിച്ച വിദഗ്ധരുടെ സമിതി കഴിഞ്ഞ മാര്‍ച്ചില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇനിയും പുറത്തുവന്നിട്ടില്ല. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ തെരുവില്‍ പ്രക്ഷോഭം തുടരുന്നത് സ്വീകാര്യമല്ലെന്നാണ് കോടതിയുടെ നിലപാട്. ഗതാഗത തടസം സൃഷ്ടിച്ചും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലും അവകാശപോരാട്ടം നടത്തുന്നത് നീതീകരിക്കാനാവില്ലെന്നു കഴിഞ്ഞദിവസവും സുപ്രീം കോടതി മുന്നറിയിപ്പുനല്‍കി. പ്രതിഷേധിക്കാനുള്ള അവകാശം അത്രയ്ക്ക് പരമവും അപരിമിതവുമാണോ എന്ന നിയമപ്രശ്‌നത്തില്‍ പരമോന്നത കോടതി തീര്‍പ്പുണ്ടാക്കുമത്രെ.

എല്ലാ ജനാധിപത്യത്തിന്റെയും അമ്മയാണ് ഇന്ത്യ എന്ന് ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര പൊതുസഭയില്‍ പ്രസംഗിച്ച പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍ കേട്ട് ലോകം കോരിത്തരിച്ചിട്ടുണ്ടാകും. ജനാധിപത്യരീതിയില്‍ ഡല്‍ഹിയിലേക്കു മാര്‍ച്ചുനടത്താന്‍ ശ്രമിച്ച കര്‍ഷകരെ തടയാന്‍ ദേശീയപാതയില്‍ വലിയ കിടങ്ങുകള്‍ തീര്‍ത്തും, കോണ്‍ക്രീറ്റ് ബ്ലോക്കുകളും മുള്‍വേലികളും ട്രാക്റ്ററുകളുടെ ടയര്‍ പഞ്ചറാക്കാനുള്ള വലിയ ആണിപ്പലകകളും നിരത്തിയും, ജലപീരങ്കികളും കണ്ണീര്‍വാതകവും പുകബോംബുകളും ഡ്രോണുകളും പ്രയോഗിച്ചും, വഴിനീളെ വെള്ളവും വൈദ്യുതിയും ഇന്റര്‍നെറ്റ് സര്‍വീസും നിഷേധിച്ചും, പൊലീസ് സേനയെയും അര്‍ധസൈനിക ബറ്റാലിയനുകളെയും വ്യാപകമായി വിന്യസിച്ചും ഒരുക്കിയ പ്രതിരോധമൊക്കെ തകര്‍ന്നടിയുമെന്നായപ്പോള്‍ രാജ്യദ്രോഹത്തിന്റെയും ഖലിസ്ഥാന്‍വാദത്തിന്റെയും മുദ്രകുത്തിയുള്ള ഒടുക്കത്തെ വിദ്വേഷപ്രചാരണമാണ് കേന്ദ്രത്തിലെ ഭരണകക്ഷി അഴിച്ചുവിട്ടത്. ഭരണകൂട ഭീകരതയിലൂടെ അടിച്ചൊതുക്കാനാവാത്തതാണ് മണ്ണില്‍ പണിയെടുക്കുന്ന പച്ചമനുഷ്യരുടെ പോരാട്ടവീര്യമെന്ന് നമ്മുടെ ദേശീയ ചപ്പടാച്ചി കാപട്യ പ്രചാരണവീരന്മാര്‍ക്ക് ഇനിയും മനസ്സിലാകാത്തതെന്താണ്?

Click to join Jeevanaadam Whatsapp Group

ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Source URL: https://jeevanaadam.in/%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-%e0%b4%9a%e0%b5%8b%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d/