കര്‍സേവക്പുരത്ത് തുടരുകയാണ് ആ സംരംഭങ്ങള്‍

ആധുനിക രാഷ്ട്രതന്ത്രത്തിന്റെ പ്രധാന സ്ഥാപകരിലൊരാളായി കണക്കാക്കപ്പെടുന്ന ഇറ്റാലിയന്‍ തത്വശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന നിക്കോളോ ഡി ബെര്‍ണാഡോ മാക്കിയവെല്ലിയാണ് ‘ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കും’ എന്ന് ഉപദേശിച്ചത്. മാക്കിയവെല്ലിയുടെ വാക്കുകള്‍ അക്ഷരം പ്രതി നടപ്പാക്കിയവര്‍ നിരവധിയുണ്ട്. ജര്‍മന്‍കാര്‍, സോവിയറ്റുകള്‍, മുല്ലപ്പൂവിപ്ലവത്തില്‍ തകര്‍ന്നു വീണ രാഷ്ട്രനേതാക്കള്‍, ഉത്തരകൊറിയ, ചൈന ആ നിരയങ്ങനെ നീളുകയാണ്. അവര്‍ തങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുവെന്നു പറയുകയും പ്രചരിപ്പിക്കുകയും ഏകാധിപത്യത്തില്‍ അഭിരമിക്കുകയും ചെയ്തു. അധികാരത്തിലേക്കുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയും നിശ്ചയദാര്‍ഢ്യത്തോടെ നടപ്പാക്കുകയും ചെയ്തു. ആള്‍ക്കൂട്ടത്തിന്റെ-ഭൂരിപക്ഷത്തിന്റെ സഹായത്തോടെയാണ് ചോരച്ചാലുകള്‍ കീറി അവരിതു ചെയ്തത്, ചെയ്തുകൊണ്ടിരിക്കുന്നത്. ഭാരതവും അത്തരമൊരു യാത്രയിലാണെന്നു പറഞ്ഞാല്‍ ഇന്നത്തെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ നിഷേധിക്കാന്‍ കഴിയില്ല. അതിന്റെ സൂചനകള്‍ ചുറ്റുമുണ്ട്. ഒന്നാന്തരം ദൃഷ്ടാന്തം 25 വര്‍ഷം മുമ്പ് അയോധ്യയില്‍ സംഭവിച്ചു.
ഏകദേശം നാലുനൂറ്റാണ്ടുകളായി രാജ്യത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ് ബാബ്റിമസ്ജിദ്-രാമജന്മഭൂമി പ്രശ്നം. 25 വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബ്റിമസ്ജിദ് എന്ന മുസ്ലീം പള്ളി തകര്‍ന്നുവീണപ്പോള്‍ രാജ്യത്തിന്റെ മതേതരമനസും ശിഥിലമായെന്നു പലരും വിലപിച്ചു. സ്വാതന്ത്ര്യത്തിനു ശേഷമുണ്ടായ വര്‍ഗീയസംഘര്‍ഷം ഒഴിച്ചാല്‍ ഇന്ത്യയുടെ ആത്മാവിനേറ്റ ആഴത്തിലുള്ള മുറിവ്. ഭരണഘടനയുടെ മതേതര സ്വഭാവത്തെ പിടിച്ചുകുലുക്കിയ കുറ്റകൃത്യം എന്നാണ് സുപ്രീം കോടതി വിചാരണക്കിടെ സംഭവത്തെ വിശേഷിപ്പിച്ചത്.
പള്ളിതകര്ന്നതിനു ശേഷമുണ്ടായ കലാപത്തില്‍ രണ്ടായിരത്തോളം പേര് കൊല്ലപ്പെട്ടു. പതിനായിരം കോടി രൂപയുടെ നാശനഷ്ടങ്ങളാണ് നേരിട്ടുണ്ടായത്. മുംബൈ കലാപത്തിനും മുംബൈ സ്ഫോടനപരമ്പരയ്ക്കും അതുവഴിമരുന്നിട്ടു. ഗുജറാത്ത് പോലുള്ള പരീക്ഷണശാലകളുണ്ടായി, അതുവഴി പ്രധാനമന്ത്രി പദത്തോളം ഉയര്‍ന്ന നേതാക്കളുണ്ടായി. ജനങ്ങള്‍ പരസ്പരം സംശയദൃഷ്ടിയോടെ നോക്കാന്‍ തുടങ്ങി.
കാല്നൂറ്റാണ്ടുപിന്നിടുമ്പോള് തകര്‍ന്ന പള്ളി പുനഃസ്ഥാപിക്കുന്നതിനല്ല, പകരം പള്ളി നിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം പണിയുകയെന്ന അജണ്ടയ്ക്കാണ് മുന്‍തൂക്കം. പള്ളി തര്‍ക്കമന്ദിരവും പള്ളിനിന്നിരുന്ന സ്ഥലം തര്‍ക്കഭൂമിയുമായി ആദ്യം മാറ്റുകയും പിന്നീട് രാമജന്മഭൂമിയായി പ്രഖ്യാപിക്കുകയും ചെയ്തു. അയോധ്യക്കു തൊട്ടടുത്ത് കര്‍സേവയുടെ സ്മരണക്കായി കര്സേവക്പുരമെന്ന പുതിയൊരിടം രൂപപ്പെട്ടു. അവിടെയാണ് ക്ഷേത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മുസ്ലീം സംഘടനകള്‍ പോലും ഇപ്പോള്‍ പള്ളിപണിയുന്നതിനെ കുറിച്ച് സംസാരിക്കുന്നതേയില്ല. ചോരയില്‍ കുതിര്‍ന്ന ചില പേക്കിനാവുകള്‍ അവര്‍ക്ക് തികട്ടിവരുന്നുണ്ടാകാം. അപ്പോഴും വിജയം സംഘ്പരിവാറിനാണ്. ഇരകളുടെ ഭയത്തെ അവര്ക്കുസമര്ഥമായി ഉപയോഗിക്കാനാകുന്നു. അന്ന് പരിമിതമായ അധികാരകേന്ദ്രങ്ങള്‍ മാത്രമുണ്ടായിരുന്ന ഹൈന്ദവതീവ്രവാദി സംഘങ്ങള്‍ ഇന്ന് രാജ്യത്താകെ വേരുകള്‍ പടര്‍ത്തിയിരിക്കുന്നു. അവരുടെ പിന്തുണയുള്ള ബിജെപിയാണ് രാജ്യവും യുപി ഉള്‍പ്പെടെ ഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത്. പരമോന്നത നീതിപീഠത്തിന്റെ വിധികള്‍ക്കു പോലും കാത്തിരിക്കാതെ അയോധ്യയില്‍ രാമക്ഷേത്രം ഉയര്‍ത്താനാണ് അവര്‍ പദ്ധതിയിടുന്നത്. കാല്‍നൂറ്റാണ്ടുമുമ്പ് സംഘ്പരിവാര്‍ സംഘങ്ങള്‍ക്ക് ശക്തമായ പ്രതിരോധം തീര്‍ത്തിരുന്ന രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങള്‍ ഇന്ന് ഏറെക്കുറെ ശൂന്യമാണ്. അവര്‍ക്കെതിരു നിന്നിരുന്ന സാംസ്കാരിക നായകര്‍ പലരും തോക്കിനും കൊടുവാളിനും ഇരയായി. രാഷ്ടീയകക്ഷികള്‍ ഛിന്നഭിന്നമായി. നേതാക്കള്‍ ജയിലിലായി. ശേഷിച്ചവര്‍ തടികേടാകാതിരിക്കാന്‍ സഖ്യകക്ഷികളായി. ജര്‍മനിയില്‍ ഹിറ്റലറും സോവിയറ്റ് യൂണിയനില്‍ കമ്യൂണിസ്റ്റുപാര്‍ട്ടികളും വിജയകരമായി നടപ്പാക്കിയ തന്ത്രം.
ഭൂരിപക്ഷവര്‍ഗീയതയെ പിണക്കാന്‍ ആര്‍ക്കും വലിയ താല്പര്യമില്ല. രാമക്ഷേത്രം നിര്‍മിക്കണമെന്ന ആവശ്യവുമായി രാജ്യംമുഴുവന്‍ രഥയോട്ടം നടത്തിയ ബിജെപി നേതാവ് എല്‍.കെ അദ്വാനിയെ പിടിച്ചുകെട്ടാന്‍ ഇഛാശക്തിയുള്ള നേതാക്കളും ഭരണാധികാരികളും ഇവിടെയുണ്ടായിരുന്നു. ആ രഥയാത്ര മറ്റുചിലര്‍ വീണ്ടും ആരംഭിക്കുമ്പോള്‍ പ്രതീക്ഷയുള്ള ഒരു നേതാവുപോലും മതേതരവാദികള്ക്കില്ലെന്നത് ഞെട്ടിപ്പിക്കും.
ഓരോ തിരഞ്ഞെടുപ്പു കാലത്തും ഉത്തരേന്ത്യയില്‍ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം തന്നെ രാമക്ഷേത്രനിര്മാണമായിരുന്നു. ഒരു പൊതുതിരഞ്ഞെടുപ്പും ചില സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കെ രാമക്ഷേത്ര നിര്‍മാണം ഒരിക്കല്‍ കൂടി പ്രധാന ചര്‍ച്ചാവിഷയമായിരിക്കുന്നു. ഇത്തവണ വ്യത്യാസമുള്ളത് സാധാരണക്കാരായ ഹിന്ദുക്കളുടെ വികാരമായി ക്ഷേത്രനിര്‍മാണം മാറിയിരിക്കുന്നു-അല്ലെങ്കില്‍ നിരന്തരമായ പ്രചരണത്തിലൂടെ അത്തരത്തില്‍ അവരെ മാനസികമായി അടിമപ്പെടുത്തിയിരിക്കുന്നു എന്നതാണ്. പള്ളി പൊളിച്ച സ്ഥാനത്ത് രാമവിഗ്രഹം സ്ഥാപിച്ച് അവിടെ ആരാധനകള്‍ നടത്തിവരുന്നുണ്ട്. തത്സ്ഥിതി നിലനിര്‍ത്തണമെന്ന കോടതി ഉത്തരവിനു മുകളിലാണ് ഈ ആരാധനയും അവിടേക്കുള്ള തീര്‍ഥാടനവും. ഇപ്പോള്‍ അവര്‍ ചോദിക്കുന്നത് രാമന് താമസിക്കേണ്ടത് ഈ കുടിലിലാണോയെന്നാണ്. രാമനു വേണ്ടിയുള്ള കൊട്ടാരം അയോധ്യയിലെ തര്‍ക്ക സ്ഥലത്തുനിന്നും ഒരുകിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കര്‍സേവക പുരത്തെ പത്തേക്കര്‍ സ്ഥലത്ത് പുരോഗമിക്കുകയാണ്. സംഘപരിവാര്‍ സംഘടനകളായ രാം ജന്മഭൂമി ട്രസ്റ്റ്, വിശ്വഹിന്ദു പരിഷത്ത,് ബജ്റംഗ്ദള്‍ എന്നിവര്‍ക്കാണ് മേല്‍നോട്ടം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കൊണ്ടുവന്ന മാര്‍ബിളും ശിലകളും ഉപയോഗിച്ചാണ് ക്ഷേത്രത്തിനാവശ്യമായ തുണുകളും ഭിത്തികളും നിര്‍മിക്കുന്നത്. ക്ഷേത്രത്തിന് 212 തൂണുകള്‍ വേണമെന്നാണ് കണക്ക്. ക്ഷേത്രത്തിന്റെ നിലകളില്‍ പാകാനുള്ള തറയോടുകള്‍ തയ്യാറായിക്കഴിഞ്ഞു. തൂണുകളിലെയും റെഡിമെയ്ഡ് ചുമരുകളിലെയും കൊത്തുപണികളും പുരോഗമിക്കുകയാണ്. മുപ്പതിലധികം ശില്പികളാണ് തൂണുകളുടെ കൊത്തുപണികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ശിലാന്യാസത്തോടൊപ്പം 25 ശതമാനത്തോളം നിര്‍മാണവും നടത്തുകയെന്നതാണ് ലക്ഷ്യം. ഭരണഘടനയും, കോടതിവിധികളുമൊന്നും അക്കാര്യത്തെ ബാധിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു.
തര്ക്കഭൂമിക്കുവണ്ടി പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടത്തില്‍ എടുത്തുപറയേണ്ട സുപ്രധാന വിധികളിലൊന്നായിരുന്നു 2011 മേയ് ഒന്‍പതിന് അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിന്റെത.് കക്ഷികളായ സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാം ലല്ല എന്നിവര്‍ക്ക് തര്‍ക്കഭൂമി വീതിക്കാനായിരുന്നു ഉത്തരവ്. രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്റ് ഭൂമി രാമജന്മഭൂമി ക്ഷേത്ര നിര്‍മാണത്തിനും, നിര്‍മോഹി അഖാഡക്കും, സുന്നി വഖഫ് ബോര്‍ഡിനുമാണ് തുല്യമായി വീതിച്ച് നല്‍കിയത്. ഇതിനെതിരെ 14 ഹര്‍ജികളാണ് സുപ്രീം കോടതിയിലെത്തിയത്. ഇതില്‍ വാദം കേള്‍ക്കുന്നത് 2019 ജനുവരിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ കേസ് നീണ്ടു പോകുന്നതായി ആരോപിച്ചാണ് വിവിധ ഹിന്ദു സംഘടനകള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. നിയമം തലനാരിഴ കീറി പരിശോധിക്കുന്നതിനപ്പുറം നിയമപീഠത്തിന് സമൂഹത്തോട് ചില ബാധ്യതകള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു വിധി.
ഹൈന്ദവവിശ്വാസമനുസരിച്ച് രാമന്റെ ജന്മസ്ഥലമാണ് രാമജന്മഭൂമി. രാമന്റെ ജന്മസ്ഥലമാണെന്ന അവകാശവാദമുള്ള അനേകം സ്ഥലങ്ങള്‍ ഉത്തരേന്ത്യയിലുണ്ടെന്നത് വേറെകാര്യം. 1528ല്‍ മുഗള്‍ ജനറലായിരുന്ന മീര്‍ ബാഖിയാണ് രാമക്ഷേത്രത്തിന്റെ സ്ഥാനത്ത് ബാബ്റി മസ്ജിദ് സ്ഥാപിച്ചതെന്നാണ് പാരമ്പര്യവിശ്വാസം. ആദ്യമുഗള് ചക്രവര്‍ത്തിയായ ബാബറിന്റെ പേരിലായിരുന്നു മസ്ജിദ് സ്ഥാപിച്ചത്. മസ്ജിദിന്റെ കീഴ്ഭാഗത്ത് പിന്നീട് നടത്തിയ ചില ഉത്ഖനനങ്ങള്‍ അവിടെ ക്ഷേത്രമുണ്ടായിരുന്നതിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്; ഒരു ബുദ്ധമതക്ഷേത്രം ഹൈന്ദവവത്കരിച്ചതാണെന്ന വാദവും നിലനില്ക്കുന്നു. നാലു നൂറ്റാണ്ടോളം ഹൈന്ദവരും മുസ്ലീങ്ങളും ഇവിടെ ഒരുപോലെ ആരാധനകള്‍ നടത്തിപ്പോന്നു. 1822ലാണ് ക്ഷേ്ര്രതംതകര്ത്താണ് പള്ളി പണിതതെന്ന വാദം ആദ്യമായി ഔദ്യോഗികമായി ഉയരുന്നത്. നിര്‍മോഹി അഖാഡ എന്ന സംഘടനയാണ് ഫൈസാബാദ് കോടതിയില്‍ ഈ വാദമുയര്‍ത്തിയത്. തര്ക്കംരൂക്ഷമാകാന് തുടങ്ങിയതോടെ അന്ന് രാജ്യം ഭരിച്ചിരുന്ന ബ്രിട്ടീഷുകാര്‍ പള്ളിക്കു ചുറ്റുമതില്‍ കെട്ടി. പള്ളിക്കകത്ത് മുസ്ലീങ്ങള്‍ക്കും പള്ളിവളപ്പില്‍ ഹിന്ദുക്കള്‍ക്കും പ്രാര്‍ഥിക്കാമെന്ന ഉത്തരവും പുറപ്പെടുവിച്ചു. തീവ്രഹൈന്ദവ വികാരങ്ങള്‍ക്ക് തീകൊളുത്താനേ ഈ സംഭവം ഇടയാക്കിയുള്ളു. 1949 ഡിസംബര്‍ 23ന് പള്ളിക്കുള്ളില്‍ കടന്ന ഹിന്ദുമഹാസഭാംഗങ്ങള് അവിടെ രാമവിഗ്രഹം പ്രതിഷ്ഠിച്ചു. സംഘര്‍ഷം വളരുമെന്ന് മനസിലാക്കിയ കോടതി 1950ല്‍ ബാബ്റിമസ്ജിദ് ഏറ്റെടുത്തു. ഇതൊരു തര്‍ക്കസ്ഥലമായി പ്രഖ്യാപിക്കുകയും മസ്ജിദിന്റെ പടിവാതിലുകള്‍ അടച്ച്മുദ്രവയ്ക്കുകയും ചെയ്തു.
വിവിധ അധികാരകേന്ദ്രങ്ങളിലും കോടതികളിലും കേസുകള്‍ നിലനില്‍ക്കെ വിശ്വഹിന്ദു പരിഷത് 1980ല്‍ തര്‍ക്കസ്ഥലത്ത് ക്ഷേത്രം പണിയാനായി വിപുലമായ പ്രചരണപരിപാടികള്‍ക്കു തുടക്കമിട്ടു. അന്ന് ജനറല്‍ സെക്രട്ടറിയായിരുന്ന അശോക് സിംഗാളായിരുന്നു തീരുമാനത്തിന്റെ സൂത്രധാരന്‍. ജനസംഘത്തില്‍ നിന്നും വേര്പെട്ടെത്തിയ ഭാരതീയ ജനതാപാര്‍ട്ടി തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി രാമക്ഷേത്രം ഉപയോഗിക്കാമെന്ന് കണ്ടെത്തുകയും ചെയ്തതോടെ മതവും രാഷ്ട്രീയവും സഹയാത്രികരായി.
ഉത്തര്‍പ്രദേശിലെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുസ്ലീങ്ങളെ പ്രീണിപ്പിക്കുകയാണെന്ന ആരോപണം സംഘ്പരിവാര്‍ വ്യാപകമായി പ്രചരിപ്പിച്ചു. ഷബാനു കേസിലെ കോണ്‍ഗ്രസിന്റെ നിലപാട് ഭൂരിപക്ഷഹൈന്ദവരുടെ അപ്രീതിക്ക് പാര്‍ട്ടി ഇരയാകാന്‍ കാരണമായി. ബിജെപി ഈ അവസരം ഉപയോഗിച്ച് ഹൈന്ദവ താല്പര്യങ്ങള് സംരക്ഷിക്കുന്നത് തങ്ങള്‍ മാത്രമാണെന്ന് വരുത്തിതീര്‍ക്കുകയും കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ നുഴഞ്ഞുകയറുകയും ചെയ്തു. 1986ല്‍ ബാബ്റിമസ്ജിദിന്റെ ഗേറ്റുകള്‍ ആരാധനയ്ക്കായി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. നഷ്ടപ്പെട്ട വോട്ടുബാങ്ക് തിരികെ പിടിക്കാനുള്ള സുവര്‍ണാവസരമാണിതെന്ന് കോണ്‍ഗ്രസിന്റെ ബുദ്ധികേന്ദ്രങ്ങള്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയെ ഉപദേശിക്കുകയും അദ്ദേഹമത് അനുസരിക്കുകയും ചെയ്തു. എന്നിട്ടും 1989ലെ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടു. ഹൈന്ദവവികാരങ്ങളുയര്ത്തി വോട്ടു തേടിയ ബിജെപിയുടെ പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം 2ല്‍ നിന്നും 88 ആയി കുതിച്ചുയര്‍ന്നു. ബോഫോഴ്സ് കേസില്‍ രാജീവ്ഗാന്ധിക്കെതിരെ അഴിമതി ആരോപണമുയര്‍ത്തി കോണ്‍ഗ്രസില്‍ നിന്നും പുറത്തുവന്ന വി.പി സിംഗിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ജനതാദളും മറ്റു പ്രാദേശിക കക്ഷികളും ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കേന്ദ്രത്തില്‍ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിച്ചു. വി.പി സിംഗ് സര്‍ക്കാരിനെ കോണ്‍ഗ്രസ് പിന്തുണക്കില്ലെന്നു വ്യക്തമാക്കിയതോടെ ബിജെപി തന്ത്രപരമായി അവസരം വിനിയോഗിച്ചു. നിരുപാധികമായി അവര്‍ വി.പി സിംഗ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. മോരും മുതിരയും പോലുള്ള പ്രത്യയശാസ്ത്രങ്ങളുള്ള ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും വിചിത്രമായ പിന്തുണയിലാണ് കേന്ദ്രസര്‍ക്കാര്‍ ഭരണം ആരംഭിച്ചത്.
1990ല്‍ ബിജെപി നേതാവ് എല്‍.കെ അദ്വാനി രാമക്ഷേത്ര നിര്‍മാണാവശ്യവുമായി രഥയാത്ര ആരംഭിച്ചു. ഉത്തരേന്ത്യമുഴുവന്‍ പര്യടനം നടത്തി അയോധ്യയില്‍ സമാപിക്കാനിരുന്ന യാത്രയിലുടനീളം വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. രഥയാത്ര അയോധ്യയില്‍ പ്രവേശിക്കുന്നതിനു മുമ്പ് ബീഹാറില്‍ അദ്വാനി അറസ്റ്റ് ചെയ്യപ്പെട്ടു. ബീഹാര്‍ അന്നു ഭരിച്ചിരുന്നത് ജനതാദള്‍ നേതാവായിരുന്ന ലാലു പ്രസാദായിരുന്നു. ന്യൂനപക്ഷവോട്ടുബാങ്കിലായിരുന്നു മൂന്നാം മുന്നണിയുടെ ഉന്നം. അദ്വാനിയെ അറസ്റ്റ് ചെയ്തതിന് മുസ്ലീങ്ങള്‍ ലാലുവിനും ഹിന്ദുക്കള്‍ ബിജെപിക്കും വോട്ടുനല്‍കി. അന്ന് രഥയാത്രക്കൊപ്പമുണ്ടായിരുന്ന കര്‍സേവകര്‍ അയോധ്യയില്‍ പ്രവേശിക്കുകയും മസ്ജിദ് ആക്രമിക്കാന്‍ ശ്രമിക്കുകകയും ചെയ്തു. അര്‍ദ്ധസൈനിക വിഭാഗവുമായുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി കര്‍സേവകര്‍ കൊല്ലപ്പെട്ടു.
1992 ഡിസംബര്‍ 6നാണ് ബാബ്റിമസ്ജിദ് പൊളിച്ചത്. ഒന്നരലക്ഷത്തോളം പേര് വരുന്ന ഒരു സംഘത്തിന്റെ റാലിക്കൊടുവിലായിരുന്നു ആയിരക്കണക്കിന് കര്‍സേവകര്‍ ഇരച്ചുകയറി പുരാതനകെട്ടിടം തകര്‍ത്തത്. റാലിക്കു നേതൃത്വം നല്കിയ എല്‍. കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവര്‍ തൊട്ടടുത്തു തന്നെ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് സംഭവങ്ങള്‍ വീക്ഷിക്കുന്നുണ്ടായിരുന്നു.
അയോധ്യയിലെ വര്‍ഗീയ കലാപവും ബാബ്റിമസ്ജിദ് തകര്‍ത്ത സംഭവവും അന്വേഷിക്കാന്‍ പി.വി നരസിംഹറാവു സര്‍ക്കാര്‍ മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് മന്മോഹന് സിംഗ് ലിബര്‍ഹാന്റെ നേതൃത്വത്തില്‍ ഒരു കമ്മീഷനെ നിയമിച്ചു. കലാപമുണ്ടായി 10 ദിവസത്തിനകം തന്നെ-1992 ഡിസംബര്‍ 16ന് രൂപവത്കരിക്കപ്പെട്ട കമ്മീഷനാണ് ലിബര്‍ഹാന്‍. നിശ്ചിതസമയം കഴിഞ്ഞ് 17 വര്‍ഷം വേണ്ടിവന്നു കമ്മീഷന് റിപ്പോര്‍ട്ട്സമര്‍പ്പിക്കാന്‍. 399 സിറ്റിംഗുകളാണ് കമ്മീഷന് നടത്തിയത്. 2009 ജൂണ്‍ 30നാണ് 1000ത്തില്‍ അധികം പേജുകള്‍ വരുന്ന റിപ്പോര്‍ട്ട് പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന് സമര്‍പ്പിച്ചത്. മസ്ജിദ് തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയില്‍ ബിജെപിയിലെയും സംഘ്പരിവാര്‍ സംഘടനകളിലെയും നേതാക്കള്‍ക്കുള്ള പങ്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കപ്പെട്ടിരുന്നു. അദ്വാനി ഉള്‍പ്പെടെ 68 മുതിര്‍ന്ന നേതാക്കളെ റിപ്പോര്‍ട്ട് പേരെടുത്ത് പരാമര്‍ശിക്കുന്നു. അവര്‍ വിചാരിച്ചിരുന്നെങ്കില്‍ മസ്ജിദ് തകര്‍ക്കുന്നത് ഒഴിവാക്കാമായിരുന്നു എന്നു റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്തു പറയുന്നുണ്ട്. ബിജെപി നേതൃത്വം ആര്‍എസ്എസിന്റെ കയ്യിലെ ഉപകരണമായിരുന്നു. ആര്‍എസ്എസ് നിര്‍മിച്ചെടുത്ത പദ്ധതിയുടെ രാഷ്ട്രീയവിജയം ഇവര്‍ സ്വന്തമാക്കി. ജനങ്ങളുടെ വിശ്വാസത്തെയാണ് ഈ നേതാക്കള്‍ ലംഘിച്ചത്. മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും രാഷ്ട്രീയാധികാരത്തിനുവേണ്ടി മതത്തെ ഉപയോഗിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കമീഷന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഉന്മത്തരായ ഹിന്ദു ആശയവാദികള്‍ക്ക് പൊതുജനത്തിന്റെ ഉള്ളില്‍ ഭയമുളവാക്കാനുള്ള അവസരം സൃഷ്ടിച്ചുകൊടുത്തതില്‍ ഉന്നതരായ മുസ്ലിം രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് കമ്മീഷന് വിലയിരുത്തി. ഇന്ത്യാവിരുദ്ധരെന്നോ ദേശീയവിരുദ്ധരെന്നോ വിളിക്കപ്പെടുന്നതില്‍ ഭയമുള്ളതുകൊണ്ടായിരിക്കും ചരിത്രത്തെ സംഘപരിവാറിന്റെ നേതൃത്വം യഥേഷ്ടം അമ്മാനമാടിയപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മുസ്ലിം നേതാക്കള്‍ ഫലപ്രദമായി ഒന്നും ചെയ്യാതിരുന്നതെന്ന് ലിബര്‍ഹാന്‍ കമ്മീഷണ് കുറ്റപ്പെടുത്തി. കര്‍സേവയുടെ ഭാഗമായി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി നിശ്ചയിച്ചതുപ്രകാരമായിരുന്നു. അത് സ്വാഭാവികമായി സംഭവിച്ചതല്ല. നടപ്പാക്കിയതിന്റെ കൃത്യതയും ഇതിനായി സമാഹരിച്ച പണം കൈകാര്യം ചെയ്ത രീതിയും ഇതാണ് സൂചിപ്പിക്കുന്നതെന്നും കമ്മീഷന് വ്യക്തമാക്കി.
ഇന്റലിജന്‍സ് ബ്യൂറോയിലെ(ഐബി)ജോയിന്റ് ഡയറക്ടരായി വിരമിച്ച മലോയ് കൃഷ്ണ ധര് 2005 മാര്‍ച്ചില്‍ പുറത്തിറക്കിയ പുസ്തകത്തില്‍ ബാബ്റിമസ്ജിദ് തകര്‍ക്കാന്‍ 10 മാസങ്ങള്‍ക്കു മുമ്പു തന്നെ ഗൂഢാലോചന നടന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും ബിജെപിയുടെയും ബജ്റംഗ്ദളിന്റെയും നേതാക്കള്‍ ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഇവരുടെ ചര്‍ച്ചകളുടെ ഓഡിയോടേപ്പ് തന്റെ മേധാവിക്കു കൈമാറിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹറാവുവിനോടും ആഭ്യന്തരമന്ത്രിയായിരുന്ന എസ്.ബി ചവാനോടും ഐബി മേധാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നുതന്നെയാണ് അദ്ദേഹം വിശ്വസിക്കുന്നത്. 2014ല്‍ കോബ്രാപോസ്റ്റെന്ന പോര്‍ട്ടല്‍ നടത്തിയ സ്റ്റിംഗ്ഓപ്പറേഷനില് ഈ കാര്യങ്ങള്‍ ശരിയാണെന്നും തെളിഞ്ഞു. ഗൂഢാലോചനയില്‍ ഒരു സഖ്യകക്ഷികൂടി ഉണ്ടായിരുന്നു -ശിവസേന.
അയോധ്യയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് ലഭിക്കുന്നത് ജൂലൈ മാസത്തിലാണ്. നരസിംഹറാവു തന്റെ ആഭ്യന്തരസെക്രട്ടറി മാധവ് ഗോഡ്ബോലെയുമായി നിരന്തര കൂടിക്കാഴ്ചകള്‍ നടത്തി. യുപിയില്‍ കേന്ദ്രഭരണം നടപ്പിലാക്കുവാന്‍ പോകുകയാണെന്ന ശ്രുതി പരന്നു. സംഭവവികാസങ്ങളില്‍ കോടതികളും ഉത്കണ്ഠ പ്രകടിപ്പിച്ചു. ബിജെപി നേതാവും യുപി മുഖ്യമന്ത്രിയുമായ കല്യാണ്‍സിംഗിനോട് സുപ്രീം കോടതി അയോധ്യയിലെ സ്ഥിതിഗതികളെക്കുറിച്ചും ബാബ്റി മസ്ജിദിന്റെ സുരക്ഷയെക്കുറിച്ചും ആരാഞ്ഞു. മസ്ജിദ് സംരക്ഷിക്കുക തന്നെ ചെയ്യുമെന്ന് കല്യാണ്‍സിംഗ് സുപ്രീം കോടതിക്ക് ഉറപ്പു നല്കി. പല തവണ നടന്ന കര്സേവയ്ക്കൊടുവിലാണ് ബാബ്റിമസ്ജിദ് തകര്‍ത്തത്. അത്രയും കാലം നോക്കിയിരുന്ന് മസ്ജിദിന്റെ തകര്‍ച്ച നരസിംഹറാവു വരുത്തിവച്ചതാണെന്ന് പ്രതിപക്ഷം വിമര്‍ശമുയര്‍ത്തി. എന്നാല്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ റാവുവിനെ കുറ്റപ്പെടുത്തിയിരുന്നില്ല. നല്കിയ ഉറപ്പ് പാലിക്കാത്തതിന് കല്യാണ്‍സിംഗിനെ ഏതെങ്കിലും കോടതി ശിക്ഷിച്ചോ എന്നറിയില്ല. ലക്ഷ്യമാണ് പ്രധാനമെന്ന് കല്യാണ്‍സിംഗിനെ ആരും പഠിപ്പിക്കേണ്ടതായിട്ടില്ലല്ലോ.
മുംബൈയ്ക്കു പുറമെ സൂരത്, അഹമ്മദാബാദ്, കാണ്‍പൂര്‍, ഡല്‍ഹി, ഭോപ്പാല്‍ തുടങ്ങി നിരവധിസ്ഥലങ്ങളില് വര്‍ഗീയലഹള കത്തിപ്പടര്‍ന്നു. കൊള്ളയും കൊള്ളിവയ്പും കൂട്ടക്കൊലകളും അരങ്ങേറി. 1992 ഡിസംബര്‍, 1993 ജനുവരി മാസങ്ങളില്‍ മുംബൈയിലുണ്ടായ കലാപത്തില്‍ മാത്രം 900ത്തോളം പേര് കൊല്ലപ്പെട്ടു. ശിവസേനയായിരുന്നു ഈ കലാപത്തില്‍ മുഖ്യപങ്കുവഹിച്ചത്. ദക്ഷിണേന്ത്യക്കാരെ മുംബൈയില്‍ നിന്നു പുറത്താക്കാനും ശിവസേന ഈ കലാപത്തെ തന്ത്രപൂര്‍വം ഉപയോഗിച്ചു. 1993ല്‍ മുംബൈയിലുണ്ടായ ബോംബ്സ്ഫോടന പരമ്പരയ്ക്ക് കാരണമായത് ബാബ്റിമസ്ജിദ് തകര്ത്തസംഭവമായിരുന്നു. മുസ്ലീം യുവജനങ്ങള്‍ ഇന്ത്യന്‍ മുജാഹിദീന്‍പോലുള്ള തീവ്രവാദി പ്രസ്ഥാനങ്ങളിലേക്ക് വ്യാപകമായി ആകര്ഷിക്കപ്പെട്ടതും മസ്ജിദ് സംഭവത്തിന്റെ നീറുന്ന ശേഷിപ്പാണ്.
അയല്‍രാജ്യവും സഹോദരസ്ഥാനീയരുമായ പാക്കിസ്ഥാനില്‍ ഡിസംബര്‍ 7 മുതല്‍ മറുപടി കലാപം ആരംഭിച്ചു. 30ഓളം ഹൈന്ദവക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു. ഹിന്ദുക്കളുടെ ഭവനങ്ങളും കടകളും തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തു. നൂറുകണക്കിനു പേര് കൊല്ലപ്പെട്ടു. ലാഹോറിലെ എയര്‍ഇന്ത്യാ ഓഫീസും ആക്രമിച്ചു. ഇന്ത്യക്കെതിരായ ജിഹാദ് ആരംഭിച്ചതായി അവിടത്തെ യുവജനങ്ങള്‍ പ്രഖ്യാപിക്കുകയും നാളിതുവരെ വാക്കില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. ബംഗ്ലാദേശിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മധ്യപൂര്‍വദേശത്തെ രാജ്യങ്ങള്‍ സംഭവത്തെ ശക്തമായി അപലപിച്ചു.
മസ്ജിദിന്റെ തകര്‍ച്ചയ്ക്കുശേഷം ബംഗ്ലാദേശില്‍ ഹൈന്ദവര്‍ അനുഭവിക്കേണ്ടിവന്ന യാതനകള്‍ വിവരിച്ച് ബംഗ്ലാേേദശി എഴുത്തുകാരി തസ്ലീമ നസ്രിന് എഴുതിയ ലജ്ജ എന്ന നോവല്‍ ഏറെ വിവാദമാകുകയും എഴുത്തുകാരിക്കെതിരെ ഫത്വാ പുറപ്പെടുവിക്കുകയും ചെയ്തു.
അവര്‍ ജന്മനാട്ടില് നിന്നും നിഷ്കാസിതയായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അലഞ്ഞുതിരിയുന്നു. അതൊന്നും പുതിയ ഒരു ആള്ക്കൂട്ടകലാപം ഒരുക്കുന്നതില്‍ നിന്നും സംഘ്പരിവാറിനെ വിമുഖരാക്കുന്നില്ല.
പ്രാര്‍ഥിക്കാന്‍ ഒരിടം വേണോ? ബാബ്റി മസ്ജിദ് കേസ് പരിഗണിക്കവെ സുപ്രീം കോടതിയുടെ ഒരു ബെഞ്ച് ചോദിച്ചതാണിത്. പ്രാര്‍ഥിക്കാന്‍ മുസ്ലീങ്ങള്‍ക്ക് ഒരിടം ആവശ്യമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അങ്ങനെയെങ്കില്‍ ഹിന്ദുക്കള്‍ക്ക് ഒരു പ്രാര്‍ഥനാലയം ആവശ്യമുണ്ടോ, ക്രിസ്ത്യാനിക്കും പാഴ്സിക്കും മറ്റനേകം ജാതികള്‍ക്കും ആവശ്യമുണ്ടോ എന്നാരും മറുചോദ്യം ഉന്നയിച്ചില്ല. ചില ചോദ്യങ്ങള്‍ ചില സാഹചര്യങ്ങളില്‍ കേട്ടില്ലെന്നു നടിക്കുന്നതായിരിക്കും ഉത്തമം-കോടതിയുടേതായാലും സര്‍ക്കാരിന്റേതായാലും. ബാബ്റിമസ്ജിദ് നിലനിന്നിരുന്നിടത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാണ് സംഘ്പരിവാറുകാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. 2018 ഡിസംബറില്‍ രാമക്ഷേത്രത്തിന്റെ നിര്മാണമാരംഭിക്കുമെന്ന കാര്യത്തിലും അവര്‍ക്ക് തര്‍ക്കമില്ല; കോടതി എന്തുതീരുമാനിച്ചാലും.
നിയമനിര്‍മാണം ഒരു ആശുപത്രിക്കുവേണ്ടിയോ സ്കൂളിനു വേണ്ടിയോ ആയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നവര്‍ ഇപ്പോഴും വിഢികളുടെ സ്വര്‍ഗത്തിലാണെന്നു പറയാം.
Related
Related Articles
ഭരണഘടനയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് പുതിയ നിയമങ്ങളെന്ന് ബിഷപ് ഡോ. ജോസഫ് കരിയില്‍
കൊച്ചി: രാജ്യത്തെ പുതിയ നിയമങ്ങള്‍ ഭരണഘടനയുടെ കടയ്ക്കല്‍ തന്നെ കത്തിവയ്ക്കുന്നവയാണെന്ന് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ പറഞ്ഞു.
പറയാനുണ്ട് ചിലത്
അഡ്വ. ഫ്രാന്‍സി ജോണിന്റെ 32 ലേഖനങ്ങളുടെ സമാഹാരമാണ് @പറയാനുണ്ട് ചിലത്.’ ഗ്രന്ഥശീര്‍ഷകം സൂചിപ്പിക്കുന്നതുപോലെ രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളെക്കുറിച്ച് ഗ്രന്ഥകാരന് പറയാനുള്ള, പ്രസക്തവും സുചിന്തിതവുമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളുമാണ്
പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നു
എയ്ഡഡ് അധ്യാപക നിയമനങ്ങൾ അംഗീകരിക്കുന്നതിന് വേണ്ടി കെസിബിസി വിദ്യാഭ്യാസ സമിതിയും ടീച്ചേഴ്സ് ഗിൽഡ് ന്റെയും ആഭിമുഖ്യത്തിൽ നടന്നുവരുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ