Breaking News

കറുത്ത പെണ്‍കുതിരകള്‍ ചരിത്രവും യാഥാര്‍ഥ്യങ്ങളും

കറുത്ത പെണ്‍കുതിരകള്‍ ചരിത്രവും യാഥാര്‍ഥ്യങ്ങളും

ഒരര്‍ത്ഥത്തില്‍ ഈ പോരാട്ടങ്ങളൊന്നും സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയല്ല, മാനവിക മൂല്യങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. സ്ത്രീകളോടുള്ള അനിതീ അവസാനിപ്പിക്കുകയല്ല, ലോകനീതി പുനസ്ഥാപിക്കുകയാണ്-ആയിരിക്കണം ലക്ഷ്യം. നമ്മുടെ രാജ്യത്ത് പെണ്‍ഭ്രൂണഹത്യകള്‍ വര്‍ധിച്ചുവരുന്ന ഒരു കാലഘട്ടത്തില്‍ ലിംഗ സമത്വത്തെക്കുറിച്ചുള്ള വായ്ത്താരികള്‍ക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ നിയമങ്ങള്‍ നടപ്പാക്കുക തന്നെ വേണം. സ്ത്രീകളെ ദുര്‍ഗയും ലക്ഷ്മിയും കാളിയുമായി ആരാധിക്കുന്ന ഒരു സമൂഹത്തില്‍ തന്നെയാണ് അവര്‍ക്ക് മാനഭംഗവും അവഹേളനങ്ങളും സഹിക്കേണ്ടിവരുന്നത്. കൂലിയില്ലാതെ തൊഴിലെടുക്കുന്നവരാണ് നമ്മുടെ വീട്ടമ്മമാര്‍. ചരിത്രം പക്ഷേ നമ്മോടു പറയുന്നത് മറ്റൊരു കഥയാണ്. ഹാരപ്പന്‍ സംസ്‌കാരത്തില്‍ (2800 ബിസി-1750 ബിസി) സ്ത്രീകള്‍ സമൂഹത്തില്‍ ഉന്നതസ്ഥാനം അലങ്കരിച്ചിരുന്നു. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും സമനീതിയും ഉറപ്പുലഭിച്ചിരുന്നു. വേദകാലഘട്ടത്തില്‍ (2000 ബിസി-1000 ബിസി) പുകഴ്‌പെറ്റ റോമിലെയും ഗ്രീസിലെയും വനിതകളേക്കാള്‍ ഇന്ത്യന്‍ സമൂഹം സ്ത്രീകള്‍ക്ക് മാന്യത കല്പിച്ചു നല്കിയിരുന്നു. പുരുഷന്മാര്‍ക്കൊപ്പം അവര്‍ക്കു വിദ്യാഭ്യാസവും കായികപരിശീലനവും നല്കി. കാലാന്തരത്തില്‍ സ്ത്രീകളുടെ നില മോശമായി വന്നു. മുഗള്‍കാലഘട്ടത്തില്‍ പര്‍ദാസമ്പ്രദായവും ബഹുഭാര്യത്വവും ശൈശവവിവാഹവും വ്യാപകമായി. പെണ്‍കുട്ടികളുടെ ജനനം ശുഭസൂചകമല്ലെന്ന് കരുതപ്പെട്ടു; ആണ്‍കുട്ടികളുടേത് ആഘോഷിക്കപ്പെടേണ്ടതും. വിധവാ വിവാഹം അനുവദിക്കപ്പെട്ടിരുന്നില്ല. സതി അനുഷ്ഠിക്കപ്പെടുകയും ചെയ്തു. കുടുംബജീവിതത്തിന്റെ താളം നിലനിര്‍ത്തിയിരുന്ന സ്ത്രീകളെ കുടുംബത്തിന്റെ വിളക്കായി വിശേഷിപ്പിച്ച് നാലുചുമരുകള്‍ക്കുള്ളില്‍ തളച്ചിടുകയായിരുന്നു.
ഭാരതം നൂറ്റാണ്ടുകളോളം അടിമത്തം അനുഭവിച്ചിരുന്ന കൊളോണിയല്‍ കാലഘട്ടത്തിലാണ് (1757 എഡി-1947 എഡി) പിന്നീട് സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് അല്പമെങ്കിലും പരിഹാരമുണ്ടായതെന്നത് ചരിത്രത്തിന്റെ വിരോധാഭാസം. ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ സ്ത്രീസ്വാതന്ത്ര്യത്തിന് ഊര്‍ജം നല്കി. 1829ല്‍ സതി നിര്‍ത്തലാക്കി. 1856ല്‍ വിധവാവിവാഹം അനുവദിക്കപ്പെട്ടു. രാജാറാം മോഹന്‍ റായ്, ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, സാവിത്രി ഭായ് ഫുലെ, പണ്ഢിത റാംഭായ്, താരാഭായ് ഷിന്‍ഡെ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ സ്മരണീയമാണ്. സ്വാതന്ത്ര്യസമരകാലത്ത് പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും രാഷ്ട്രീയത്തില്‍ സ്ഥാനം നല്കി ഗാന്ധിയാണ് പുതുയുഗത്തിലെ ലിംഗസമത്വത്തിന് തുടക്കമിട്ടത്. സുഭാഷ് ചന്ദ്രബോസ് തന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ (ഐഎന്‍എ) വനിതകള്‍ക്കു മാത്രമായി ഝാന്‍സി റെജിമെന്റ് രൂപീകരിച്ചു. മലയാളിയായ ക്യാപ്റ്റന്‍ ലക്ഷ്മി റെജിമെന്റില്‍ കേണലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യം ലഭിച്ച് ഭരണഘടന രൂപീകരിച്ചപ്പോള്‍ സ്ത്രീകളുടെ ക്ഷേമത്തിനായി നിരവധി നിയമങ്ങള്‍ അതില്‍ വിഭാവനം ചെയ്തിരുന്നു. ലിംഗസമത്വം അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഇന്നും പുരുഷന്മാര്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നതുമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഓസ്‌കര്‍ പുരസ്‌കാരപ്രഖ്യാപന ചടങ്ങ് ഇന്ത്യക്കാര്‍ക്ക് കാര്യമായി ആസ്വദിക്കാന്‍ കഴിഞ്ഞില്ല. അതിര്‍ത്തിയില്‍ പെരുകിവരുന്ന യുദ്ധവര്‍ത്തമാനങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു എല്ലാവരും. ഓസ്‌കര്‍ പുരസ്‌കാരത്തില്‍ രണ്ടു കാര്യങ്ങള്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു. ആദ്യത്തേത് ഇത്തവണ വനിതകള്‍ ഓസ്‌കറില്‍ ചരിത്രം കുറിച്ച് 15 പുരസ്‌കാരങ്ങള്‍ നേടിയെന്നതാണ.് പുരുഷന്മാര്‍ കയ്യടക്കിവച്ചിരുന്ന പല മേഖലകളിലും പെണ്‍കരുത്ത് കടന്നുകയറി. രണ്ടാമത്തേത് ‘പീരിഡ് എന്‍ഡ് ഓഫ് സെന്റന്‍സ്’ എന്ന ഹ്രസ്വചിത്രമായിരുന്നു. റയ്ക സെതാബ്ജി, മെലീസ ബര്‍ട്ടന്‍ എന്നീ വനിതകള്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. ഉത്തര്‍പ്രദേശിലെ ഹാംപുര്‍ എന്ന ഗ്രാമത്തില്‍ പെണ്‍വിദ്യാഭ്യാസം വളരെ കുറവാണ്. അതിനു കാരണം 23 ശതമാനം പെണ്‍കുട്ടികളും ആര്‍ത്തവം കാരണം പഠനം നിര്‍ത്തുന്നതാണ്. ഹാംപുരിലെ ഒരു കൂട്ടം സ്ത്രീകള്‍ സാമ്പത്തിക സ്വാശ്രയത്വവും ശുചിത്വവും ലക്ഷ്യമിട്ട് ചെലവ് കുറഞ്ഞ സാനിറ്ററി പാഡ് ഉണ്ടാക്കുന്ന യന്ത്രം നിര്‍മിക്കുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഇരുപത്തിയാറ് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ചിത്രം ഓസ്‌കര്‍ ജേതാക്കളെ തെരഞ്ഞെടുക്കുന്നവരെ അമ്പരപ്പിക്കുന്ന പ്രമേയമായിരുന്നു. ഇത്തരം അവസ്ഥകള്‍ ലോകത്ത് നിലനില്‍ക്കുന്നുണ്ടോയെന്നതായിരിക്കില്ല അവരെ ചിന്താക്കഴപ്പത്തിലാക്കിയിരിക്കുക-ഇന്ദിരാഗാന്ധിയെയും, മദര്‍ തെരേസയെയും കല്പനാ ചൗളയെയും ലതാ മങ്കേഷ്‌ക്കറേയും സൈന അഗര്‍വാളിനെയും അരുന്ധതി റോയിയെയും ഇറോം ശര്‍മിളയെയും ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് നേടിയ രേഖയെന്ന മലയാളി പെണ്‍കൊടിയെയും ലോകത്തിന് സംഭാവന ചെയ്ത രാജ്യത്തില്‍ സ്ത്രീകളായതുകൊണ്ട്-ആര്‍ത്തവകാരികളായതുകൊണ്ടു മാത്രം പിന്നാക്കം തള്ളപ്പെടുന്ന അവസ്ഥയെക്കുറിച്ചായിരിക്കും. നമുക്കിത് ഒട്ടുമേ കൗതുകമുണര്‍ത്തുന്നില്ലെന്നത് വേറെ കാര്യം. നാമിതെത്ര കണ്ടിരിക്കുന്നു!.
2017ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം നേടിയ വടക്കന്‍ അയര്‍ലന്‍ഡ് എഴുത്തുകാരി അന്ന ബേണ്‍സ് കഷ്ടപ്പാടു നിറഞ്ഞ ഒരു ബാല്യകാലം പിന്നിട്ടാണ് പ്രശസ്തിയുടെ വിഹായസിലെത്തുന്നത്. പക്ഷേ അവര്‍ പറയുന്നത് ലോകത്തില്‍ പുരുഷ-സ്ത്രീ വിവേചനമെന്നത് സ്ത്രീകള്‍ സ്വയം സൃഷ്ടിക്കുന്ന അപകര്‍ഷതാബോധമാണെന്നാണ്. അവരുടെ രാജ്യത്തെ സാമൂഹ്യരാഷ്ട്രീയസാഹചര്യങ്ങള്‍ വിലയിരുത്തിയാകും അത്തരമൊരു നിഗമനത്തില്‍ അന്ന ബേണ്‍സ് എത്തിയിട്ടുണ്ടാകുക. 2017ല്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഹോളിവുഡ് സിനിമയായിരുന്നു വണ്ടര്‍ വുമന്‍. നായികയായി അഭിനയിച്ച ഗാല്‍ ഗ ദോട്ട് ചിത്രത്തിലഭിനിയിക്കുമ്പോള്‍ 5 മാസം ഗര്‍ഭിണിയായിരുന്നു. മുഴനീള ആക്ഷന്‍ ചിത്രത്തില്‍ തന്റെ മാനസികവ്യഥകളെല്ലാം മറച്ചുവച്ചാണ് താന്‍ അഭിനയിച്ചതെന്ന് പിന്നീടവര്‍ പറഞ്ഞിട്ടുണ്ട്. അതൊരു ധീരതയാണ്-നിശ്ചയദാര്‍ഢ്യമാണ്.
കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിര്‍മിച്ച യന്ത്രമാണ് സോഫിയ. സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ട്. സൗദി അറേബ്യ സോഫിയക്ക് പൗരത്വം നല്കി. സവിശേഷസിദ്ധികളുള്ള ഒരു റോബോട്ടിനെ നിര്‍മിച്ചപ്പോള്‍ അതിനൊരു സ്ത്രീലിംഗ സവിശേഷത നല്കിയത് ആദരിക്കപ്പെടേണ്ട ചിന്തയായിരുന്നു. സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകള്‍ അടുത്തകാലം വരെ പിന്തുടര്‍ന്നിരുന്ന സൗദി അറേബ്യ സോഫിയക്ക് പൗരത്വം നല്കിയതോടെ എത്രയോ കാതം മുന്നോട്ടുപോയെന്ന് പിന്നീടുള്ള ഭരണപരിഷ്‌കാരങ്ങള്‍ പലതും തെളിയിച്ചതാണല്ലോ. അവരുടെ തെരുവുകളില്‍ പെണ്ണുങ്ങള്‍ വാഹനമോടിക്കുന്നത് ലോകത്തിന് കൗതുകമായിരുന്നല്ലോ. രാജ്യത്തെ പ്രധാനപ്പെട്ട ഉദ്യോഗങ്ങളിലെല്ലാം സ്ത്രീപ്രാതിനിത്യം വര്‍ധിക്കുവാന്‍ പോകുകയാണെന്ന വലിയ വിപ്ലവത്തിന്റെ ആദ്യസൂചനയായിരുന്നു ആ ഗിയര്‍മാറ്റം.
വാഹനങ്ങള്‍ക്കും കാലത്തിനും റിവേഴ്‌സ്ഗിയറുകളുമുണ്ട്. ഇന്ത്യന്‍ നേവിയുടെ മറീന്‍ എന്‍ജിനീയറിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനായിരുന്ന എം.കെ ഗിരി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായ സബിയായി മാറിയപ്പോള്‍ അവര്‍ക്ക് ഉദ്യോഗം തന്നെ നഷ്ടപ്പെട്ടു. എം.കെ. ഗിരി എന്ന ആണ്‍ ശരീരത്തില്‍ നിന്ന് പെണ്ണുടലിലേക്കുള്ള യാത്രയേക്കാള്‍ കഠിനമായിരിക്കും സബിയായുള്ള അവളുടെ ജീവിതം.
പ്രതിരോധ സേനയില്‍ സ്ത്രീകള്‍ക്ക് സേവനം ചെയ്യാന്‍ കഴിയില്ലെന്ന വാദമുയര്‍ത്തിയാണ് സബിയെ പുറത്താക്കുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയമായി സ്ത്രീയായി മാറാന്‍ സബി ശ്രമിക്കുന്നത്. 2016 ഒക്ടോബറില്‍ ശസ്ത്രക്രിയയിലൂടെ എം.കെ. ഗിരി സബിയായി മാറി. 22 ദിവസത്തെ അവധിയെടുത്ത് ഡല്‍ഹിയില്‍ പോയാണ് ശസ്ത്രക്രിയ നടത്തിയത്. പക്ഷേ 15 ദിവസങ്ങള്‍ക്ക് ശേഷം ജോലിക്ക് കയറിയ സബിക്ക് യുറിനറി ഇന്‍ഫക്ഷന്‍ ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സക്കായ് നേവിയിലെ ഡോക്ടറെ സമീപിക്കേണ്ടി വന്നു. തുടര്‍ന്നാണ് എം.കെ. ഗിരി സബിയായ വിവരം ലോകം അറിയുന്നത്.
നേവിയില്‍ ആദ്യമായാണ് ഒരു പുരുഷന്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയമായത്. അതുകൊണ്ട് തന്നെ സബിയെ എന്തു ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലായിരുന്നു. ആറുമാസത്തോളം സബിയെ പുരുഷന്മാരുടെ സൈക്കാട്രിക്ക് വാര്‍ഡില്‍ അടച്ചു. പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയില്‍ സബിയുടെ മാനസിക നിലക്ക് കുഴപ്പമില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി.
ട്രാന്‍സ്ജന്ററുകളെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനായി നടപടികള്‍ എടുക്കണമെന്ന സുപ്രീം കോടതി വിധി അംഗീകരിക്കാതെയാണ് സേന സബിയെ പിരിച്ചുവിട്ടതെന്ന ആക്ഷേപം ശക്തമാണ്. സബിയെ പ്രതിരോധ സേന പിരിച്ചുവിട്ട വര്‍ഷം തന്നെ തമിഴ്‌നാട് പൊലീസില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഹൈക്കോടതി വിധിയുടെ ബലത്തില്‍ ജോലി നേടുകയും ചെയ്തു. ധര്‍മപുരി പൊലീസ് സ്‌റ്റേഷനില്‍ സബ്ഇന്‍സ്‌പെക്ടറായാണ് പ്രീതിക യാഷ്‌നിക്ക് ജോലി ലഭിച്ചത്. മറ്റു ഭിന്ന ലിംഗക്കാരെയും ജോലിക്ക് പരിഗണിക്കണമെന്ന് നിയമപീഠം സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
ലിംഗ അസമത്വത്തിന്റെ നീതികേട് അനുഭവിക്കേണ്ടി വന്നവരുടെ വ്യക്തിപരമായ കാര്യങ്ങളായിരിക്കാം ഇതെല്ലാം. ശബരിമലയില്‍ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകള്‍ക്ക് ദര്‍ശനം നിഷേധിച്ചതിനെതിരെയുള്ള സുപ്രീം കോടതി വിധിയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഇതിനോടു കൂട്ടിവായിക്കേണ്ടതാണ്. ശക്തമായ എതിര്‍പ്പ് മറികടന്ന് ദര്‍ശനം നടത്തിയ രണ്ടു വനിതകള്‍ ഇപ്പോഴും വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും ഭ്രഷ്ട് നേരിടുകയാണ്. അവര്‍ വിശ്വാസികളല്ലെന്നതാണ് എതിര്‍പ്പുകാര്‍ ഉന്നയിക്കുന്ന മുഖ്യവിഷയം. സുപ്രീം കോടതി കേസ് പുനപരിശോധനയ്‌ക്കെടുത്തപ്പോള്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ മുന്നോട്ടുവച്ച പ്രധാനവാദങ്ങളിലൊന്ന് ഈ സ്ത്രീകള്‍ വിശ്വാസികളല്ലെന്നതാണ്. സ്ത്രീകള്‍വിശ്വാസികളായിരുന്നെങ്കില്‍ പ്രവേശനം അനുവദിക്കുമായിരുന്നോ എന്ന മറുചോദ്യം ഏറെ പ്രസക്തം. ചരിത്രം അതിനു മറുപടി പറയും
സ്ത്രീപക്ഷ കലാപങ്ങളുടെ കാലം
ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിനും വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇന്ത്യയില്‍ ഒരു സ്ത്രീവിമോചനസമരം നടന്നത്. സതി അനുഷ്ഠിക്കാനോ ഏതെങ്കിലും ദേവാലയത്തില്‍ പ്രവേശിക്കാനോ ഉള്ള പ്രക്ഷോഭമായിരുന്നില്ല അത്. മാറിടം മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള പ്രക്ഷോഭം. 1822 മുതല്‍ 40 വര്‍ഷക്കാലം ഇടവിടാതെ തുടര്‍ന്നു ഈ പോരാട്ടം. നാടുവാഴിത്ത അധികാരത്തിനെതിരെയുള്ള ആദ്യത്തെ ജനാധിപത്യ പോരാട്ടവുമായിരുന്നു അത്. കേരളമായിരുന്നു പുരുഷാധിപത്യവിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഭാഗ്യം ലഭിച്ച ഭൂമികയെന്ന് നമുക്ക് അഭിമാനത്തോടെ സ്മരിക്കാം.
20-ാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ തൃപ്പൂണിത്തുറ പൂര്‍ണത്രയീശക്ഷേത്ത്രില്‍ കൊച്ചികോവിലകത്തെ തമ്പുരാട്ടി ദര്‍ശനത്തിനായി എത്തിയവേളയില്‍ ബ്ലൗസ് ധരിച്ച നായര്‍ യുവതി സമീപത്തുകൂടെ കടന്നുപോയതിനെചൊല്ലിയുണ്ടായ കോലാഹത്തെപ്പറ്റി കെ.പി. പത്മനാഭമേനോന്‍ ‘ഹിസ്റ്ററി ഓഫ് കേരള’യില്‍ പറയുന്നുണ്ട്. ഭടന്‍മാര്‍ ബലപ്രയോഗത്തിലൂടെ ആ യുവതിയുടെ വസ്ത്രമഴിപ്പിച്ചു. ആറ്റിങ്ങല്‍ റാണിയുടെ മുന്നില്‍ കുപ്പായം ധരിച്ചെത്തിയ നാട്ടുകാരിയുടെ സ്ത്രീയുടെ മുലകള്‍ മുറിച്ചുകളയാന്‍ ഉത്തരവുണ്ടായി. ഈ സംഭവം നടന്നത് 18-ാം നൂറ്റാണ്ടിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലും ഈ അവസ്ഥ തീവ്രമായി തുടര്‍ന്നു. മാറുമറയ്ക്കാന്‍ കലാപം ചെയ്ത ക്രിസ്ത്യാനിയും നാടാരും ചന്നാത്തിയും കല്ലു മാലയും പറിച്ചെറിഞ്ഞ പുലയിയും കേരളത്തില്‍ പുരുഷാധിപത്യ വിരുദ്ധ, സ്ത്രീവിമോചന സമരങ്ങളുടെ തുടക്കം കുറിച്ചവരാണ്. നമ്മളെത്തി നില്‍ക്കുന്ന സ്ത്രീവിമോചന ധാരണകളും ഇന്നത്തെ സ്ത്രീ അവസ്ഥകളും തുടങ്ങുന്നത് സ്ത്രീകളുടെ ഈ കലാപങ്ങളില്‍ നിന്നാണ്. സ്ത്രീകളുടെ മുലയ്ക്ക് കരം നിശ്ചയിച്ച പുരുഷന്റെ അധികാരത്തെയാണ് നങ്ങേലി കുടഞ്ഞെറിഞ്ഞത്. കരം ചുമത്താനെത്തുന്ന ഉദ്യോഗസ്ഥന് മുന്നില്‍ നിലവിളക്ക് കത്തിച്ച വാഴയിലയില്‍ മുലക്കരം വയ്ക്കണമെന്നതാണ് നിയമം. കരം അടക്കാന്‍ നിവൃത്തിയില്ലാത്ത, അല്ലെങ്കില്‍ കൂട്ടാക്കാത്ത നങ്ങേലി സ്വന്തം മുലയറുത്ത് വാഴയില്‍ വച്ച് നീട്ടി. ചേര്‍ത്തലയില്‍ താമസിച്ചിരുന്ന ഈഴവ യുവതിയായിരുന്നു നങ്ങേലി. പ്രായം മുപ്പത്തഞ്ച്. ഒരു വനിത-റാണി ലക്ഷ്മിഭായി-തിരുവിതാംകൂര്‍ ഭരിക്കുന്നമ്പോഴാണ് (1810-15) ഈ ഒറ്റയാള്‍ കലാപം.
മുട്ടിനുമുകളില്‍ അരയ്ക്കു ചുറ്റും മാത്രം വസ്ത്രം ധരിച്ചു അവര്‍ണ്ണസ്ത്രീകള്‍ നടക്കണമെന്നതാണ് അന്നത്തെ സവര്‍ണ്ണ പുരുഷനും അവന്റെ അധികാരവും നിഷ്‌കര്‍ഷിച്ചിരുന്നത്. അതായത് മുട്ടിന് താഴെ കഷ്ടിച്ചെത്തുന്ന അരവസ്ത്രം. സവര്‍ണ നായര്‍ സ്ത്രീകള്‍ ധരിച്ചിരുന്ന മേല്‍മുണ്ട് അന്ന് കീഴ്ജാതിയില്‍പെട്ട സ്ത്രീകള്‍ക്ക് അനുവദിച്ചിരുന്നില്ല.
സവര്‍ണരായ അന്തര്‍ജനങ്ങള്‍ക്ക് വീടിനുള്ളില്‍ മാറിടം മറയ്ക്കാനുള്ള അവകാശമുണ്ടായിരുന്നില്ല. പക്ഷേ, ഇല്ലംവിട്ടു വെളിയില്‍ പോകുന്ന സന്ദര്‍ഭത്തില്‍ ദേഹം മുണ്ടുകൊണ്ടു മൂടുകയും മുഖംമറയ്ക്കാന്‍ ഓലക്കുട പിടിക്കുകയും ചെയ്യണം. നായര്‍ ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്കും ബ്രാഹ്മണസ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കാമായിരുന്നു. എന്നാല്‍ നമ്പൂതിരിമാര്‍ക്കും നാടുവാഴികള്‍ക്കും മുന്നില്‍ മാറുമറയ്ക്കാന്‍ അനുവാദമില്ല.
ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനം തിരുവിതാംകൂറില്‍ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ചു. ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തില്‍ പെട്ട സ്ത്രീകള്‍ 1800 കളുടെ തുടക്കത്തില്‍ മേല്‍വസ്ത്രമണിയാന്‍ തുടങ്ങി. ഗ്രാമങ്ങളിലെ അവര്‍ണരും ഇത് പിന്തുടര്‍ന്നു. സ്ത്രീകളുടെ അടിസ്ഥാനഅവകാശത്തിനു വേണ്ടി നിലകൊണ്ട ആദ്യമതം ക്രിസ്തുമതം തന്നെ. ചില സ്ത്രീകള്‍ ഈ വസ്ത്രത്തിനു പുറമേ തോള്‍ശീലയും ഉപയോഗിച്ചു. ഇത് സവര്‍ണവിഭാഗത്തെ പ്രകോപിപ്പിച്ചു. അവര്‍ സ്ത്രീകളെയും അവര്‍ണ വിഭാഗത്തെയും അടിച്ചമര്‍ത്താന്‍ തുടങ്ങി. തിരുവിതാംകൂറിന്റെ റസിഡന്റും ദിവാനുമായിരുന്ന മണ്‍റോ തിരുവനന്തപുരത്തിന്റെയും നെയ്യാറ്റിന്‍കരയുടെയും നാടുവാഴികള്‍ക്ക് 988 ധനു 19ന് ‘മറ്റു രാജ്യങ്ങളിലെ സ്ത്രീകളെപ്പോലെ തിരുവിതാംകൂറിലെ ക്രിസ്തുമതം സ്വീകരിച്ച സ്ത്രീകള്‍ക്കും മാറുമറയ്ക്കാന്‍’ ഉത്തരവ് നല്‍കി. ഈ ഉത്തരവ് അവഗണിച്ചുകൊണ്ട് സവര്‍ണര്‍ മാറുമറച്ച സ്ത്രീകള്‍ക്കെതിരേ അക്രമം അഴിച്ചുവിട്ടു. നാടാര്‍ സമൂഹം ശക്തമായ ചെറുത്തുനില്‍പ്പു നടത്തി. പലസ്ഥലങ്ങളിലും അക്രമങ്ങള്‍ നടന്നു. സ്ത്രീകളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി.
ക്രിസ്തുമതത്തില്‍ ചേര്‍ന്ന നാടാര്‍ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് 1821 ല്‍ വീണ്ടും ഉത്തരവ് വന്നു. 1822 മേയില്‍ ഇരണിയല്‍, കല്‍ക്കുള തുടങ്ങിയ സ്ഥലങ്ങളില്‍ മാറുമറച്ച സ്ത്രീകളെ വ്യാപകമായി ചന്തയിലും പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലുമായി സവര്‍ണര്‍ ആക്രമിക്കുകയും അവരുടെ മേല്‍ക്കുപ്പായങ്ങള്‍ വലിച്ചു കീറുകയും ചെയ്തു. 1823ല്‍ പത്മനാഭപുരം കോടതിയില്‍ നിന്നും ക്രിസ്ത്യന്‍ ചാന്നാര്‍ സ്ത്രീകള്‍ക്ക് മേല്‍മുണ്ട് ധരിക്കാമെന്ന വിധിയുണ്ടായെങ്കിലും സവര്‍ണരുടെ ആക്രമണം തുടര്‍ന്നുകൊണ്ടിരുന്നു.
സമരം വര്‍ഷങ്ങള്‍ നീണ്ടു. 1859 ജനുവരി 4 ന് നായര്‍ ജാതിക്കാര്‍ ആയുധങ്ങളുമായി നാഗര്‍കോവിലിലെ ഒരുഗ്രാമം ആക്രമിച്ച് നാടാര്‍ സ്ത്രീകളുടെ വസ്ത്രം വലിച്ചുകീറുകയും മര്‍ദിക്കുകയും ചെയ്തു. ജനുവരി 11 ന് നെയ്യാറ്റിന്‍കരയിലെ ആറാലുംമൂട് ചന്തയിലേക്കുള്ള വഴിയില്‍ രണ്ട് നാടാര്‍ സ്ത്രീകളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അപമാനിച്ചു. തുടര്‍ന്ന് ഈ സ്ത്രീകളെ തറനായകന്റെ (ഗ്രാമമുഖ്യന്‍) മുന്നില്‍ ഹാജരാക്കി. എന്നാല്‍ തറനായകന്‍ ആ സ്ത്രീകളുടെ കുപ്പായം വലിച്ചുകീറുകയും അത് മരത്തില്‍കെട്ടി തൂക്കുകയും ചെയ്തു. 1859ല്‍ മദിരാശി ഗവര്‍ണ്ണര്‍ അവര്‍ണജാതിയിലെ സ്ത്രീകള്‍ക്കു മാറുമറയ്ക്കാനുള്ള അവകാശം അനുവദിച്ചു. അതനുസരിച്ചുള്ള വിളംബരം തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് 1859 ജൂലൈ 26 ന് വന്നു. നാടാര്‍ സ്ത്രീകളുടെ കാര്യത്തില്‍ മാറ്റമുണ്ടായെങ്കിലും നമ്പൂതിരി, നായര്‍ സ്ത്രീകളുടെ അവസ്ഥ പഴയതുപോലെ തുടര്‍ന്നു. ഈഴവ സമുദായത്തിനും മറ്റും മാറുമറയ്ക്കാനുള്ള അവകാശം 1865 ലാണ് അനുവദിക്കപ്പെടുന്നത്.
1915 ലാണ് കൊല്ലം പെരിനാട് കലാപം അരങ്ങേറുന്നത്. സ്ത്രീകളുടെ (സ്ത്രീപക്ഷവാദികളായ പുരുഷന്‍മാരുടെയും) പ്രതിഷേധമാണ് പെരിനാട് കലാപമായി പടരുന്നത്. 1915 ഒക്ടോബര്‍ 24ന് പെരിനാട് സ്ത്രീകള്‍ ഒത്തുചേര്‍ന്നു. അയ്യന്‍കാളിക്കായിരുന്നു ഇതിന്റെ നേതൃത്വം. സമ്മേളനത്തിനുനേരെ സവര്‍ണര്‍ അക്രമം അഴിച്ചുവിട്ടു. സ്ത്രീകളുടെ മുലക്കച്ചകള്‍ വലിച്ചുകീറി. ചെറുത്തുനിന്നവരുടെ മുല അറുത്തുകളഞ്ഞാണ് സവര്‍ണ്ണര്‍ ഇതിനോട് പ്രതികരിച്ചത്. തിരിച്ചടിക്കാന്‍ സ്ത്രീകളും അവര്‍ണരും തയ്യാറായി. അടിച്ചമര്‍ത്തല്‍ ശക്തമായപ്പോള്‍ അവര്‍ണര്‍ നാടുവിട്ട് പലായനം ചെയ്തു. 1915 ഡിസംബര്‍ 19ന് കൊല്ലത്ത് വീണ്ടും അവര്‍ണ സ്ത്രീകള്‍ സംഘടിച്ചു. സമ്മേളനത്തില്‍വച്ച് ആയിരക്കണക്കിനു സ്ത്രീകള്‍ അവര്‍ അണിഞ്ഞിരുന്ന കല്ലു മാലയും പൊട്ടിച്ചുകളഞ്ഞു. ഒപ്പം മേല്‍വസ്ത്രം ധരിക്കുന്നതിനുള്ള സ്വാതന്ത്യ്രപ്രഖ്യാപനം നടത്തുകയുംചെയ്തു. തുടര്‍ന്നാണ് മാറുമറയ്ക്കാനുള്ള അവകാശം അവര്‍ണജാതി സ്ത്രീകള്‍ നേടുന്നത്.
എങ്ങനെ നല്ല ഭാര്യയാകണമെന്ന് പെണ്‍കുട്ടികളെ പഠിപ്പിച്ചു കൊടുക്കാന്‍ നൂറ്റാണ്ടുകളായി പരിശ്രമിക്കുന്ന സമൂഹം എന്തുകൊണ്ട് നല്ല ഭര്‍ത്താക്കന്മാരെ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്ന് അഭിനേത്രിയായ ജയപ്രദ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ചോദിച്ചിരുന്നു.
സൂചികകള്‍:
1. ജീവിത സമരം, സി.കേശവന്‍
2 അയ്യങ്കാളി: ടി.എച്ച്.പി. ചെന്താരശ്ശേരി
3. നാടുണര്‍ത്തിയ നാടാന്‍ പോരാട്ടങ്ങള്‍,
പ്രൊഫ. ജെ. ഡാര്‍വിന്‍
4. .വൈകുണ്ഠ സ്വാമിയും സാമൂഹിക നവോത്ഥാനവും, ജോയി ബാലന്‍ പ്ലാളാത്താങ്കര
5. നാരായണഗുരു, പി.കെ.ബാലകൃഷ്ണന്‍


Related Articles

മരുഭൂമിയിലെ ശബ്ദം: ആഗമനകാലം രണ്ടാം ഞായർ

ആഗമനകാലം രണ്ടാം ഞായർ വിചിന്തനം:- മരുഭൂമിയിലെ ശബ്ദം (ലൂക്കാ 3:1-6) തീർത്തും രാജോചിതമായിട്ടാണ് ലൂക്കായുടെ സുവിശേഷം യേശുവിന്റെ പരസ്യജീവിതത്തെ കുറിച്ചുള്ള വിവരണമാരംഭിക്കുന്നത്. ആ കാലഘട്ടത്തിലെ രാജാക്കന്മാരുടെയും പുരോഹിതരുടെയും

കുമ്പളങ്ങി ആസ്പദമായ ഡോക്യുമെന്ററിക്ക് അന്താരാഷ്ട്ര ബഹുമതി

കൊച്ചി: അഫ്ഗാന്‍ വിദ്യാര്‍ത്ഥിനിയുടെ ഡോക്കുമെന്ററിക്ക് അന്താരാഷ്ട്ര അവാര്‍ഡ്. കാബൂളില്‍ നടന്ന വനിതകള്‍ക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ചലചിത്ര മേളയിലാണ് അംഗീകാരം. നാഷണല്‍ കാറ്റഗറിയില്‍ മികച്ച എഡിറ്റിങ്ങിനുള്ള പുരസ്‌കാരമാണ് ഡോക്യുമെന്ററിക്ക്

ഫ്രാന്‍സിസ് പാപ്പാ റഷ്യന്‍ സ്ഥാനപതികാര്യാലയത്തില്‍

വത്തിക്കാന്‍ സിറ്റി: യുക്രെയ്‌നില്‍ റഷ്യ നടത്തുന്ന സൈനികാക്രമണത്തില്‍ തന്റെ ഉത്കണ്ഠ രേഖപ്പെടുത്താനായി, പരമ്പരാഗത നയതന്ത്ര പെരുമാറ്റചട്ടങ്ങള്‍ നോക്കാതെ ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനിലേക്കുള്ള റഷ്യന്‍ സ്ഥാനപതിമന്ദിരത്തില്‍ നേരിട്ടു ചെന്നു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

Your e-mail address will not be published.
Required fields are marked*